Tuesday, April 04, 2023

കുട്ടിക്കാനത്തുനിന്നും ഏലപ്പാറ വരെ നല്ലൊരിതാണ്!!!

വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് നാട്ടില്‍ തെണ്ടി നടക്കുന്നതു എന്തിനാണെന്നു പണ്ടാരാണ്ടു പറഞ്ഞതുപോലെ,നമ്മുടെ പരിസരത്തു തന്നെ വെടിയും പൊകയും സ്ഥലങ്ങള്‍ കിടക്കുമ്പോള്‍ എന്തിനാണു സേര്‍ ഈ സ്വിറ്റ്സര്‍ലന്‍ഡിനൊക്കെ  വണ്ടി കയറുന്നത്. വെറുതേ കാശിക്കും കൈലാസത്തിനും പോകാതെ ആദ്യം പരിസരത്തൊക്കെ കറങ്ങണം. പിന്നീട് അന്‍റാര്‍ട്ടികയിലോ സൈബീരിയയിലോ പൊക്കോന്നേ. ആരു തടയാനാണ്.





നമ്മള്‍ പറഞ്ഞുവരുന്നതു, ഇടുക്കി ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലത്തേപ്പറ്റിയാണ്. നമ്മുടെ അടുത്ത സ്ഥലം തന്നെ...കുട്ടിക്കാനം...!
പലതവണ അതുവഴി തെക്കുവടക്ക് പോയിട്ടുണ്ടെന്നല്ലാതെ എക്സ്പ്ളോര്‍ ഒന്നും ചെയ്യാനുള്ള സാഹചര്യമുണ്ടായിട്ടില്ല.ഇന്നു രണ്ടിലൊന്ന് അറിഞ്ഞിട്ടേയുള്ളു... 


സമുദ്രനിരപ്പില്‍ നിന്നും 3600 അടിഉയരമുള്ള കുട്ടിക്കാനത്തു നിന്നും ഇടത്തേക്കുള്ള വഴിയിലൂടെ പോയാല്‍ഏലപ്പാറയിലും കട്ടപ്പനയിലും എത്താം. വലത്തു  പോയാല്‍ പീരുമേട്  വണ്ടിപ്പെരിയാര്‍ തേക്കടി കുമളി. തല്ക്കാലം അങ്ങോട്ടു പോകുന്നില്ല. പിന്നെ  നമ്മള്‍ എന്തുചെയ്യുന്നു..? നേരെ ഇടത്തേക്കു വെച്ചുപിടിക്കുന്നു. രണ്ടോ മൂന്നോ കിലോ മീറ്റര്‍ ചെല്ലുമ്പോള്‍ നമ്മുടെ ഡെസ്റ്റിനേഷനാകും. 


                 പണ്ട് ഈ  സ്ഥലങ്ങളൊക്കെ ചങ്ങനാശ്ശേരി രാജാവിന്‍െറ കൈവശമായിരുന്നു. 1756 ൽ നടന്ന സംഭവമാണ്.....ഒരു ദിവസം പള്ളി  കാപ്പികുടിയൊക്കെ കഴിഞ്ഞിരുന്ന തിരുവിതാംകൂര്‍ രാജാവിനൊരു പൂതി. വാട്സ്ആപ് ഗ്രൂപ്പിൽ ചുമ്മാ ഒരു വോയിസ് മെസ്സേജ് ഇട്ടാലോ    "എനിക്ക്ചങ്ങനാശേരി രാജാവുമായൊരു ജുദ്ധം നടത്തണം". പുള്ളി മെസ്സേജ് ഇട്ടു. ഓൺലൈനിൽ വന്ന  ചങ്ങനാശേരി രാജാവിന്‍െറ കണ്‍ട്രോള്‍ തെറ്റി. ഞാന്‍ കരമടയ്ക്കുന്ന വസ്തുവിന്‍െറ അതിരേലെങ്ങാനും കേറിയാല്‍ ഏതവനായാലും കൊള്ളാം  മുട്ടുകാല് തല്ലിയൊടിക്കും,പറഞ്ഞില്ലെന്നു വേണ്ട.... പുള്ളി   തിരിച്ചു വോയ്‌സിട്ടു, ഒന്നുപറഞ്ഞു രണ്ടുപറഞ്ഞു,ചുരുക്കിപറഞ്ഞാല്‍ പൊരിഞ്ഞ പോരാട്ടം തന്നെ പിന്നീടു നടന്നു. വളരെ മികച്ച ഒരു  ജുദ്ധമായിരുന്നു. അവസാനം,EMI പോലും അടഞ്ഞു തീരാത്ത ഉടവാള്‍ വെച്ചു ചങ്ങനാശേരി രാജാവ് കീഴടങ്ങി.!!!!!


അങ്ങനെ ചങ്ങനാശേരി രാജാവിനെ പരാജയപ്പെടുത്തി തിരുവിതാംകൂര്‍ രാജാവ് കൈവശമാക്കിയ സ്ഥലങ്ങളാണ്, മുണ്ടക്കയം  പീരുമേട് കുട്ടിക്കാനം ഇവയൊക്കെ. അങ്ങനെയാണ് അമ്മച്ചിക്കൊട്ടാരമൊക്കെ അവിടെ വരുന്നത്. നോട്ട് ദ പോയിന്‍റ്. പിന്നീടിതു തിരുവിതാംകൂര്‍ രാജവംശത്തിന്‍െറ വേനല്‍ക്കാല വസതികളായി മാറി.

പള്ളിക്കുന്ന് കവലയില്‍ വണ്ടി നിന്നു.ഇടതു വശത്തുള്ള കവാടത്തിലൂടെ അകത്തേയ്ക്ക്.


സെയ്ന്‍റ് ജോര്‍ജ് CSI  ദേവാലയം.

19ാം നൂറ്റാണ്ടിന്‍െറ തുടക്കം മുതല്‍ കേരളത്തിലെത്തിയ മിഷനറിമാരിലൂടെയാണ് സംസ്ഥാനത്തിന്‍െറ സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ മാറ്റമുണ്ടായത്.CMS,LMS,ബാസല്‍മിഷന്‍ തുടങ്ങിയ സംഘടനകളെ വിസ്മരിച്ചു കേരള ചരിത്രം എഴുതാനാവില്ല. അതില്‍ കോട്ടയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ബേക്കര്‍ കുടുംബത്തെ മറക്കാനാവില്ല. അതില്‍ പ്രമുഖരായിരുന്നു ഹെന്‍റി ബേക്കര്‍  സീനിയറും 
(HENRY BAKER) അദ്ദേഹത്തിന്‍െറ ഭാര്യ അമേലിയ ഡൊറോത്തി ബേക്കറും.1817ല്‍ കോട്ടയം CMS കോളജും 1819 ല്‍ ബേക്കര്‍ ഗേള്‍സ്സ്കൂളും സ്ഥാപിച്ചത് ഇവരാണ്. പാമ്പാടി അടിമ ചന്തയില്‍ നിന്നും 12 അണയ്ക്കു പെണ്‍കുട്ടികളെ വാങ്ങിയാണു ആദ്യകാലത്തു ബേക്കര്‍ സീനിയര്‍ സ്കൂളില്‍ കുട്ടികളെ ചേര്‍ത്തിരുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം അന്നു 10 വയസ്സ്‌.


ഹെന്‍റി ബേക്കര്‍ സീനിയറും ഭാര്യയും  മക്കളും  വിദ്യാഭ്യാസ മേഖലയില്‍ വ്യാപൃതരായപ്പോള്‍ മറ്റൊരു മകനായ ഹെന്‍റി ബേക്കര്‍ ജൂനിയര്‍,മുണ്ടക്കയം,പീരുമേട്,മേലുകാവ് ഭാഗങ്ങളിലേക്കു വന്നു. ഈ ഭാഗങ്ങളില്‍ കാപ്പി,ഏലം കൃഷികള്‍ തുടങ്ങിയത് ഈ കാലത്തായിരുന്നു. നാഷണല്‍ ജോഗ്രഫിക്കല്‍ മാഗസിന്‍െറ കറസ്പോണ്ടന്‍റു കൂടിയായിരുന്നു ബേക്കര്‍ ജൂനിയര്‍. കൂടാതെ ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയുമായും ഇദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍െറ ഭാര്യ ഫ്രാന്‍സസ് എ. കിച്ചിന്‍ എന്ന വനിത 1844 ല്‍ കോട്ടയത്തു പള്ളം എന്ന സ്ഥലത്തു പെണ്‍കുട്ടികള്‍ക്കു വേണ്ടി ഒരു സ്കൂള്‍ സ്ഥാപിച്ചിരുന്നു. അതാണു ഇന്നു കാണുന്ന ''ബുക്കാനന്‍ സ്കൂള്‍''


അങ്ങനെ പീരുമേട് ഭാഗത്തുവന്ന ബേക്കര്‍ ജൂനിയര്‍,തിരുവിതാംകൂര്‍ ഭരണാധികാരികളിൽ  നിന്നും സ്വീകരിച്ച 15 ഏക്കര്‍ 62 സെന്‍റ് സ്ഥലത്തു 1869 ല്‍ പണികഴിപ്പിച്ച ദേവാലയമാണ് സെയ്ന്‍റ് ജോര്‍ജ് പള്ളിക്കുന്ന്. ആദ്യം അഴുത സെയ്ന്‍റ് ജോര്‍ജ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1869 ഫെബ്രുവരി 10 നു ആയിരുന്നു ദേവാലയ സമർപ്പണം.1993 ൽ dededication ചെയ്തു. 


മുന്‍വശത്തെ പാര്‍ക്കിംഗില്‍ വണ്ടിയൊതുക്കി.
ഏകദേശം അന്‍പതിലധികം വരുന്ന സൈപ്രസ് മരങ്ങളുടെ തണലേറ്റുകിടക്കുന്ന വഴിയിലൂടെ ദേവാലയത്തിലേക്കു നടന്നു. ശാന്തസുന്ദരമായ അന്തരീക്ഷം...സൈപ്രസ് മരങ്ങളില്‍ കാറ്റടിച്ച് ഉണ്ടാകുന്ന നേര്‍ത്ത മര്‍മ്മരങ്ങള്‍ പോലും വ്യക്തം. എത്ര കഥകള്‍ പറയാനുണ്ടാകും ഈ മരങ്ങള്‍ക്ക്. മിഷനറിവര്യന്‍മ്മാരുടെ പാദസ്പര്‍ശമേറ്റ മണല്‍ത്തരികളില്‍  നമ്മള്‍ ചവിട്ടി നിന്ന് 154  വര്‍ഷങ്ങള്‍ക്കപ്പുറത്തേക്കു പോയി.


കുരിശിന്‍െറ ആകൃതിയിലാണു പള്ളിയുടെ നിര്‍മ്മാണം. കല്ല്,തേക്ക്,  ഈട്ടി കുമ്മായം ഗ്ളാസ് തുടങ്ങിയവയാണു നിര്‍മ്മാണ സാമഗ്രികള്‍. പള്ളിയുടെ ഓടുകള്‍ 1865 ല്‍ ബാസല്‍ മിഷന്‍കാര്‍ നിര്‍മ്മിച്ചതായിരുന്നു. ഹൈറേഞ്ച് മേഖലയിലെ കൊടും ശൈത്യം അതിജീവിക്കാനാകാം രണ്ടടി വീതിയില്‍ പള്ളിയുടെ ഭിത്തികള്‍ നിര്‍മ്മിച്ചത്. പലവട്ടം പുതുക്കിപ്പണിതിട്ടുണ്ടെങ്കിലും പള്ളിയുടെ  തനതായ  രൂപത്തിനോ ഭാവത്തിനോ നിര്‍മ്മാണ ശൈലിക്കോ ഒരു മാറ്റവും വരുത്തിയിട്ടില്ല.154 വര്‍ഷങ്ങള്‍ക്കുമുമ്പ് 800 രൂപ ചെലവഴിച്ചാണു ബേക്കര്‍ ജൂനിയര്‍ ഈ ദേവാലയം പണി കഴിപ്പിച്ചത്.


തോട്ടം മേഖലയില്‍ ജോലിയെടുക്കുന്ന ബ്രിട്ടീഷുകാര്‍ക്കു മാത്രമായാണു പള്ളി നിര്‍മ്മിച്ചത്. എന്നാല്‍ തോട്ടം പണിയ്ക്കായി ശ്രീലങ്കയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന തൊഴിലാളികള്‍ക്കു വേണ്ടിയും പില്‍ക്കാലത്തു പള്ളി തുറക്കപ്പെട്ടു. ആദ്യ സര്‍വ്വീസ് ബ്രിട്ടീഷുകാര്‍ക്കും പിന്നീട് തൊഴിലാളികള്‍ക്കും എന്നതായിരുന്നു ക്രമം.


തോട്ടം സ്ഥാപിക്കല്‍ മാത്രമായിരുന്നില്ല ബേക്കര്‍ ജൂനിയറിന്‍െറ കര്‍മ്മമേഖല,  ഈ ഭാഗങ്ങളില്‍ ജീവിച്ചിരുന്ന  മലയരയര്‍ എന്ന ജനവിഭാഗത്തിനു വിദ്യാഭ്യാസം കൊടുക്കുക എന്ന ദൗത്യവും കൂടെയുണ്ടായിരുന്നു. ഇവരേക്കുറിച്ചു ആധികാരികമായി പുറംലോകത്തിനു വിവരം നല്‍കിയതും ജൂനിയറായിരുന്നു. നടപ്പാത മാത്രമായിരുന്ന സഞ്ചാര സൗകര്യത്തെ, ഒരു കാളവണ്ടിക്കു എങ്കിലും പോകുന്ന രീതിയില്‍ നിര്‍മ്മിച്ചു തരണമെന്നു ദിവാനോടു  സംസാരിച്ചതിന്‍െറ ഫലമാണ്  കോട്ടയം മുതല്‍ കുമളിവരെയുള്ള കെ.കെ റോഡ്...!!


പുരാതന ഗോഥിക് ശൈലിയിലാണ് ഇതിന്‍െറ നിര്‍മ്മാണം. ഉയരവും ഒതുക്കവും ഉള്ള കൂര്‍ത്ത കമാനങ്ങളും മണിഗോപുരങ്ങളും നിറമുള്ള കണ്ണാടി ചില്ലുകളും ഉള്‍പ്പെടുത്തിയുള്ള  വാസ്തു  ശൈലിയാണ് ഗോഥിക്. ഫ്രാന്‍സില്‍ ഗോത്ത് എന്ന ജനവിഭാഗമാണ് ഈ ശൈലിക്കു തുടക്കമിട്ടത്. റോമനെസ്ക് എന്ന  രീതിയില്‍ നിന്നാണ് ഗോഥിക് മാതൃകയുടെ വരവ്.


പള്ളിയുടെ ഉള്ളിലുള്ള തടിയുരുപ്പടികള്‍ എല്ലാം കൊളോണിയല്‍ രീതിയില്‍ പണികഴിപ്പിച്ചതാണ്. മദ്ബഹായും അള്‍ത്താരയുമെല്ലാം നമ്മളെ നൂറ്റാണ്ടുകള്‍ പുറകോട്ടു കൊണ്ടുപോകും. ഭിത്തികളില്‍  മാര്‍ബിളിലും ചെമ്പു തകിടിലുമുള്ള  കുറച്ചു ഫലകങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്.അതില്‍  ജീവിത രേഖകളും ഓര്‍മ്മക്കുറിപ്പുകളും നന്ദിവാചകങ്ങളും പ്രശംസാ വചനങ്ങളും നമ്മള്‍ക്കു വായിച്ചെടുക്കാം. എല്ലാ ഫലകങ്ങളും ലണ്ടനില്‍ നിന്നും കൊണ്ടുവന്നിട്ടുള്ളതാണ്.




154 വര്‍ഷം പഴക്കമുള്ള ഒരു ഓര്‍ഗണും, 1874 ലെ ഒരു ബൈബിളും  ഇവിടെ അമൂല്യനിധിയായി സൂക്ഷിച്ചിരിക്കുന്നു. കൂടാതെ മാമോദീസാ,വിവാഹ,സംസ്ക്കാര രജിസ്റ്ററും കാണാന്‍ കഴിയും.അതില്‍ PEER MADE (പീരുമേട്)എന്നു വടിവൊത്ത കയ്യക്ഷരത്തില്‍ എഴുതിയിട്ടുണ്ട്. സര്‍ക്കാര്‍ രേഖപ്രകാരം ഈ പള്ളി ഇപ്പോള്‍    ഇടുക്കി ജില്ലയില്‍ പീരുമേട് പഞ്ചായത്ത്  16ാം വാര്‍ഡിലെ 256 ാം നമ്പര്‍ കെട്ടിടമാണ്.





ഭക്തിയുടെ   കാണാക്കയങ്ങളിലേയ്ക്കു നമ്മളെ കൈപിടിക്കുന്ന ശാന്തതയും  കുളിര്‍മ്മയും  ഇതിനുള്ളില്‍ ശരിക്കും   അനുഭവിക്കാം. നൂറുകണക്കിനു ഇംഗ്ളീഷ് ഗാനങ്ങളും ബൈബിള്‍ വചനങ്ങളും തട്ടി പ്രതിധ്വനിച്ച ഈ ചുമരുകള്‍ക്കു ജീവനുള്ളതുപോലെ. എത്ര തലമുറകള്‍ക്കു ഭക്തിയുടെ തണലൊരുക്കിയ മേല്‍ക്കൂരകള്‍. എത്ര മിഷണറിവര്യന്‍മ്മാര്‍ക്കു വിശ്രമമൊരുക്കിയ ചാരുബെഞ്ചുകള്‍. എത്ര ക്വയര്‍ സംഗീതങ്ങള്‍ കേട്ട മദ്ബഹാ. ഇവിടെ മാമോദീസാ ഏറ്റവര്‍, ഇവിടെ ഒന്നായവര്‍, ഇവിടെ ജീവിച്ചവര്‍, ഇവിടെ മരിച്ചവര്‍, ഇവിടെ ശുശ്രൂഷ ചെയ്തവര്‍.... അവരുടെയെല്ലാം ഓര്‍മ്മകള്‍ക്കു മുന്നിലും ദീര്‍ഘവീക്ഷണത്തിനു മുന്നിലും നമ്മള്‍ ശിരസ്സുനമിച്ചു.





പള്ളിയുടെ വാതില്‍ കടന്നു അകത്തേക്കു പ്രവേശിക്കുമ്പോള്‍, ഹെന്‍റി ബേക്കര്‍ ഔവര്‍ മിഷനറി എന്നെഴുതിയ ഫോട്ടോ കാണാം. അടുത്തായി,അവിടെ സേവനം ചെയ്ത ശുശ്രൂഷകരുടെ വിവരങ്ങളും എഴുതി സൂക്ഷിച്ചിട്ടുണ്ട്. ബേക്കര്‍ ജൂനിയര്‍ മുതല്‍ ബ്ളാക്ക് ഷോ വരെയുള്ള 13 ബ്രിട്ടീഷുകാരും,നല്ലതമ്പി മുതല്‍ ഉമ്മന്‍ ഒ ഉമ്മന്‍ വരെയുള്ള 22 ഇന്‍ഡ്യക്കാരും. ഇപ്പോള്‍ ഇന്‍ഡ്യക്കാര്‍ മാത്രമാണ് സേവനം ചെയ്യുന്നത്. അതിനാല്‍ ആ ലിസ്റ്റ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. തുടര്‍ന്നു സന്ദര്‍ശക ഡയറിയില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനു ശേഷം നമ്മള്‍ പുറത്തേയ്ക്കിറങ്ങി.




പള്ളിപോലെ തന്നെ 
പ്രശസ്തമാണ്   ഇവിടുത്തെ സെമിത്തേരിയും.  പള്ളിയുടെ ഇടതുവശത്തു ബ്രിട്ടീഷുകാരെയും വലത്തുവശത്തു ഇന്‍ഡ്യക്കാരെയും സംസ്ക്കരിച്ചിരിക്കുന്നു. ബ്രിട്ടീഷ് സൈഡില്‍   ആകെ 36 കല്ലറകള്‍, അതില്‍ 37 പേരെ അടക്കം ചെയ്തിരിക്കുന്നു. ഒരു കല്ലറയില്‍ രണ്ടു കുട്ടികളെ ഒന്നിച്ചാണു സംസ്ക്കരിച്ചിരിക്കുന്നത്. 1869 ല്‍  പള്ളി സമര്‍പ്പണത്തിനു ശേഷം 8 ാം വര്‍ഷം_ 1877 മെയ് 16 നു ലൂസിയ ജി.മാര്‍ട്രക്കിനെയാണു ബ്രിട്ടീഷ് സെമിത്തേരിയില്‍ ആദ്യം സംസ്ക്കരിക്കുന്നത്.
 




പള്ളിയുടെ കിഴക്കേ ചെരിവിലൂടെ നടക്കുമ്പോള്‍,  ലണ്ടനില്‍ നിന്നും കൊണ്ടുവന്ന മാര്‍ബിളില്‍ കൊത്തിയ ഒരു  പ്രതിമയോടുകൂടിയ  കല്ലറ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.2 വയസ്സുണ്ടായിരുന്ന ബ്രിജറ്റ് മേരിയാണ് അവിടെ ശാന്തമായുറങ്ങുന്നത്. 1932 ൽ ജനിച്ച ഈ കുട്ടി 1934 ൽ, തന്റെ രണ്ടാം ജന്മദിനത്തിലാണു  മരണപ്പെട്ടത്. ഇന്നു  ഉണ്ടായിരുന്നെങ്കിൽ 91 വയസ്സ് കാണുമായിരുന്നു. 










ബ്രിട്ടീഷ് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നവരില്‍ ഏക ഇന്‍ഡ്യക്കാരനാണ്,തമിഴ്നാട്ടിലെ നീലഗിരി കുനൂര്‍ സ്വദേശി നല്ലതമ്പി എന്ന വൈദികന്‍. ഇന്‍ഡ്യക്കാര്‍ക്കു കൂടി ആരാധന നടത്താന്‍ പള്ളി അനുവദിച്ചപ്പോള്‍ ആ ആവശ്യത്തിലേക്കു നിയമിതനായ വ്യക്തിയായിരുന്നു Rev.നല്ലതമ്പി. 13 വര്‍ഷം ഈ പള്ളിയുടെ ശുശ്രൂഷകനായിരുന്ന  അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ ഏറെ സ്നേഹിച്ചിരുന്നതിന്‍െറ ഫലമായാണ് അവരോടൊപ്പം ഇദ്ദേഹത്തിനും അന്ത്യവിശ്രമം ഒരുക്കിയത്.




ജോണ്‍ ഡാനിയേല്‍ മണ്‍റോ എന്ന JD മണ്‍റോ

മൂന്നാറിലെ കാനന്‍ ദേവന്‍ തേയിലത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിലും കുട്ടിക്കാനത്തുനിന്നും ഏലപ്പാറ വഴി ചീന്തലാറിനു വഴി നിർമ്മിക്കാനും 
മുഖ്യപങ്കു വഹിച്ച വ്യക്തിയാണു JD മണ്‍റോ.ബേക്കര്‍ ജൂനിയറിന്‍െറ മകള്‍ ഹെൻറിറ്റയേയാണ്  ഇദ്ദേഹം വിവാഹം ചെയ്തത്. പീരുമേട് ഭാഗങ്ങളില്‍ ഇദ്ദേഹത്തിനു തോട്ടങ്ങളുണ്ടായിരുന്നു. ഡൗണി എന്ന വെളുത്ത  പെണ്‍ കുതിരയായിരുന്നു മണ്‍റോയുടെ വാഹനമൃഗം. ഇതിനെ തിരുവന്തപുരത്തുനിന്നോ ആലപ്പുഴനിന്നോ വാങ്ങിയതാവാമെന്നു കരുതുന്നു. പിന്നീട്   ഈ കുതിരയുടെ പുറത്തായി മണ്‍റോയുടെ യാത്രകളെല്ലാം. അങ്ങനെ കുട്ടിക്കാനം പീരുമേട് ഭാഗങ്ങള്‍  ഡൗണിയുടെ കുളമ്പടി ശബ്ദത്താല്‍ പ്രകമ്പനം കൊണ്ടു. വെളുത്ത കുതിരപ്പുറത്തു വരുന്ന സായ്പ്പിനെ തൊഴിലാളികള്‍ക്കും ഇഷ്ടമായിരുന്നു.





ഒരിക്കല്‍ മണ്‍റോ, ഡൗണിയുടെ പുറത്ത് യാത്രചെയ്തുവരവേ, കുട്ടിക്കാനത്തിനടുത്തുള്ള  മത്തായിക്കൊക്ക  ഭാഗത്തുവെച്ചു ഒരു അപകടത്തില്‍പ്പെട്ടു. ഡൗണിക്കും പരിക്കുപറ്റി. അതിനേത്തുടര്‍ന്നു മണ്‍റോ ശരീരം തളര്‍ന്നു കിടപ്പിലായി.
മരണാസന്നനായ മണ്‍റോ തന്‍െറ അന്ത്യാഭിലാഷം പ്രിയപ്പെട്ടവരോടു പറഞ്ഞ് ഉറപ്പുവാങ്ങി. അതിപ്രകാരമായിരുന്നു...എന്നെ അടക്കുന്ന കല്ലറയുടെ നേരെ എതിര്‍വശത്തായി എന്‍െറ പ്രിയപ്പെട്ട കുതിര ഡൗണിയെയും അടക്കണം. അങ്ങനെ പള്ളിയുടെ കിഴക്കുഭാഗത്തായി മണ്‍റോയും ഡൗണിയും അഭിമുഖമായി അന്ത്യവിശ്രമം കൊള്ളുന്നു. യൂറോപ്യന്‍മ്മാര്‍ക്കു തങ്ങളുടെ വളര്‍ത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന്‍െറ പ്രതീകമായി ആ കല്ലറകള്‍  മൗനസംവാദം നടത്തുന്നു.  ഒപ്പം ഡൗണിയും മണ്‍റോയും ഇന്നും ജീവിക്കുകയും ചെയ്യുന്നു. ലോകത്തിലെ ആദ്യ സംഭവമാണിത്. ഒരു പള്ളിയിലും മൃഗങ്ങളെ സംസ്ക്കരിക്കുന്ന പതിവില്ലാത്തതാണ്. അന്നത്തെ യൂറോപ്യന്‍ സമൂഹത്തില്‍ മണ്‍റോയ്ക്കുണ്ടായിരുന്ന സ്ഥാനം എന്താണെന്നു ഇതിലൂടെ നമ്മള്‍ക്കു ഊഹിക്കാം. 





എങ്കിലും ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. എത്ര പ്രഗത്ഭന്‍ ആയിരുന്നിട്ടും, അവിടെ വിശ്രമംകൊള്ളുന്ന എല്ലാവരിലും ഒരുവനായി മാത്രമാണ് മണ്‍റോയുടെ സ്ഥാനവും. അധിക വിശേഷണങ്ങളൊന്നും എഴുതിച്ചേര്‍ക്കാത്ത ഒരു സാധാരണ കല്ലറ. മരണം എല്ലാവരെയും തുല്യരാക്കുന്നു എന്നുകൂടി ഇതു നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.
 മണ്‍റോ, ഒരു മലയാളിയും അദ്ദേഹം മരിച്ചതു ഈ കാലഘട്ടത്തിലുമായിരുന്നെങ്കില്‍ ആ കല്ലറയില്‍ ഇങ്ങനെ എഴുതി മറിച്ചേനെ.....
''ഈ പള്ളിപണിയിച്ച ബേക്കര്‍ ജൂനിയറുടെ മരുമകൻറെ  കല്ലറയാണിത്. ഇദ്ദേഹമാണ് മൂന്നാര്‍ കാനന്‍ ദേവന്‍ തേയിലത്തോട്ടങ്ങളുടെ മുഖ്യശില്പി....ഇദ്ദേഹത്തിന്റെ  വെള്ളക്കുതിരയുടെ കല്ലറയാണു നേരെ മുന്നില്‍ കാണുന്നത്...''






ഈ പള്ളിയെ ലോക പ്രശസ്തമാക്കിയതും  ഡൗണിയുടെ കല്ലറയാണ്.  ലോകത്തില്‍  കുതിരയെ അടക്കിയ ഏക പള്ളിയും ഇതാണ്.
37 ബ്രിട്ടീഷുകാരും ഒരു കുതിരയും സൈപ്രസ് മരങ്ങളുടെ തണലിലും തണുപ്പിലും ശാന്തമായി  ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.





ജീവിച്ചു തുടങ്ങുന്നതിനു മുമ്പേ വിടവാങ്ങിയവര്‍....
സ്വപ്നങ്ങള്‍ ശേഷിപ്പിച്ചുകൊണ്ടു കടന്നുപോയവര്‍...
ജീവിതം നന്നായി ആസ്വദിച്ചവര്‍.....
ഒരിക്കല്‍ ഈ പള്ളിയുടെ ചെരിവില്‍ നടന്നവര്‍.. 
ഈ പുല്‍ത്തകിടിയില്‍ വിശ്രമിച്ചവര്‍.. 
ഇവിടുത്തെ അന്തരീക്ഷത്തില്‍ ആശ്വാസം കണ്ടെത്തിയവര്‍...
സ്വന്ത ദേശത്തേക്കു പോകാതെ ഈ മണ്ണില്‍ തന്നെ അലിഞ്ഞു ചേരണമെന്നു ആഗ്രഹിച്ചവര്‍....
അടുത്ത തലമുറയ്ക്കു വേണ്ടി മരങ്ങളെ നട്ടു പരിപാലിച്ചവര്‍.....
ജോണ്‍ മണ്‍റോ ആരാധനയില്‍ പങ്കെടുക്കുന്ന സമയം ഡൗണി വിശ്രമിച്ചത് ഒരുപക്ഷേ ഈ ചെരുവുകളില്‍ ഒന്നിലായിരിക്കും.  അങ്ങനെയങ്ങനെ നിരവധി കഥകള്‍ നിശബ്ദമായി പറയുന്ന മൃതന്‍മ്മാര്‍ ഉറങ്ങുന്ന ഈ മണ്ണില്‍ വരാന്‍ കഴിഞ്ഞതുപോലും ഒരു ഭാഗ്യമാണ്.





ഇതിനെല്ലാം മൂകസാക്ഷികളായി കുറെ സൈപ്രസ് മരങ്ങളും. അനേക പ്രാവശ്യം ഇലപൊഴിച്ചും  ഉണങ്ങിയും തളിര്‍ത്തും നൂറ്റാണ്ടുകള്‍ക്കു സാക്ഷിയായി നില്‍ക്കുന്ന അവയ്ക്കും പറയാനുണ്ടാകും ഒരായിരം കഥകള്‍. സൈപ്രസ്മരങ്ങൾക്കു 600 വർഷങ്ങൾ ആയുസ്സുണ്ടെന്നു പറയുന്നു.  

ഈ ബ്രിട്ടീഷ് സെമിത്തേരി അതിന്റെ  തനിമയില്‍  പരിപാലിക്കാന്‍ ഇന്നും ബ്രിട്ടന്റെ  സഹായം ലഭിക്കുന്നുണ്ട്.

വലതു ഭാഗത്താണു തദ്ദേശിയരെ അടക്കുന്നത്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയാണ് ഈ പള്ളിയും സെമിത്തേരികളും. ജോസഫ് എന്ന സിനിമയില്‍,ജോസഫിനെയും കുടുംബത്തെയും സംസ്കരിക്കുന്നതായി കാണിക്കുന്നതും,ദ പ്രീസ്റ്റ് എന്ന പടത്തില്‍ മഞ്ചു വാര്യരെ സംസ്ക്കരിക്കുന്നതായി കാണിക്കുന്നതും ഈ വലതുവശത്തെ ഇന്‍ഡ്യന്‍ സെമിത്തേരിയിലാണ്. ചില തമിഴ് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.














        ഇവിടെ  സേവനം ചെയ്യുന്ന അച്ചനും പള്ളിയുടെ ഭാരവാഹികളും  വിശ്വാസികളും ഈസ്റ്റ് കേരള   CSI ഡയോസീസും മറ്റെല്ലാവരും ഒരുപാടു അഭിനന്ദനങ്ങൾക്കു അർഹരാണ്. കാരണം, ഈ ചരിത്ര ദേവാലയത്തിന്റെ പഴമയും പരിശുദ്ധിയും അർഹിക്കുന്ന നിലയിൽ ഇവർ കാത്തുസൂക്ഷിക്കുന്നുണ്ട്. എല്ലാവർക്കും സന്ദർശിക്കാനും പള്ളിയിൽ പ്രാർത്ഥിക്കാനും ഇവിടെ അവസരമുണ്ട്.മതപരമോ സാമൂഹ്യമോ ആയ യാതൊരു വിലക്കുകളുമില്ലാതെ ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും കയറിചെല്ലാവുന്ന ഒരിടം. ക്രിസ്തീയ ദേവാലയങ്ങളുടെ എടുത്തുപറയാവുന്ന ഒരു പ്രത്യേകതയാണിത്.    

ബേക്കര്‍ കുടുംബത്തെക്കുറിച്ചു കുറച്ചുകൂടി.

ബേക്കര്‍ ജൂനിയറിന്റെ  സഹോദരന്‍ ആല്‍ഫ്രഡ് ജോര്‍ജ് 1847 ല്‍  തിരുവിതാംകൂര്‍ രാജാവില്‍ നിന്നും 500 ഏക്കര്‍ സ്ഥലം വാങ്ങി.അതില്‍ 150 ഏക്കര്‍ തെങ്ങുംതോപ്പാക്കി മാറ്റി.ബാക്കി സ്ഥലത്തു നെല്‍കൃഷിയും തുടങ്ങി.10 ഏക്കര്‍ സ്ഥലം വെറുതേയിട്ടു.അതാണു ഇന്നു കാണുന്ന കുമരകം പക്ഷിസങ്കേതം..!!സ്വാതന്ത്രത്തിനു ശേഷം 1960 ല്‍ അവസാന ബേക്കര്‍ കുടുംബാംഗവും UK യിലെ എസക്സിലേക്കു മടങ്ങിപ്പോയി.കുമരകത്ത് അവര്‍ താമസിച്ചിരുന്ന ബംഗ്ളാവും അനുബന്ധ സ്ഥലങ്ങളും 1977ല്‍ സര്‍ക്കാരിനു വില്‍പ്പന നടത്തി.ആ ബംഗ്ളാവാണു ഇന്നത്തെ താജ് കുമരകം.

സമയം 12 മണി.തിരിച്ചു അടുത്ത സ്ഥഥലത്തേക്കു പോകണം,ഉപ്പുതറ.
ചരിത്രമുറങ്ങുന്ന പള്ളിക്കുന്ന് പള്ളിയില്‍ നിന്നും നമ്മള്‍ വിടവാങ്ങി.
ഇനിയും ഒരിക്കല്‍ക്കൂടി ഈ തണലില്‍ വന്നിരിയ്ക്കണമെന്ന ആഗ്രഹത്തോടെ,.....




വണ്ടിനേരെ ഏലപ്പാറയ്ക്കു ന്യൂട്രലടിച്ചു....പോകുന്ന വഴിയിലെ സീനറികൾ..എന്റെ മോനെ....
ഏലപ്പാറ വാഗമൺ റൂട്ട്, മുകളിൽനിന്നും കാണുന്ന ഏലപ്പാറ പട്ടണത്തിന്റെ വ്യൂ...തേയില തോട്ടങ്ങൾ...ഇതൊക്കെ നേരിൽ കാണേണ്ടതു തന്നെയാണ്. മലയോര ഹൈവേയുടെ നിർമ്മാണം ഏലപ്പാറക്കു കുറച്ചൊന്നുമല്ല സൗന്ദര്യം കൊടുത്തിരിക്കുന്നത്...!



  
ഏലപ്പാറ ടൗണ്‍ തീരുന്ന ഭാഗത്തുള്ള മോസ്ക്കിന്റെ  അവിടെനിന്നും ഇടതുവശത്തേക്കുള്ള വഴിയിലേക്കു കയറി.ഉപ്പുതറയ്ക്കുള്ള റോഡാണ്. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെ നമ്മുടെ 'യമഹാ ആല്‍ഫാ ലംബോര്‍ഗിനി' ഒഴുകിനീങ്ങി. മുടിഞ്ഞ ചൂടാണ്. കൈത്തണ്ട കരുവാളിച്ചു തുടങ്ങി. എങ്കിലും നമ്മള്‍ ആക്സിലറേറ്ററിനു വട്ടം പിടിച്ചു.




ചെമ്മണ്ണും കൊച്ചുകരുന്തരുവിയും ചീന്തലാറും കാറ്റാടിക്കവലയും പിന്നിട്ട് വണ്ടി മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു. കുറെ ഇറക്കം ഇറങ്ങിച്ചെന്നപ്പോള്‍  ഇടതുവശത്ത് താഴെയായി ഒരു വലിയ മൂന്നുനിലക്കെട്ടിടം കാണാന്‍ കഴിഞ്ഞു. കുറേക്കൂടി റോഡ് ഇറങ്ങിച്ചെന്നപ്പോള്‍ കെട്ടിടത്തിന്‍െറ സ്ഥാനം വലതുവശമായി. സംഭവം  പ്രേതാലയം പോലെ, മനുഷ്യരെ പേടിപ്പിക്കാന്‍ അങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുകയാണ്. പീരുമേട് ടീ ഫാക്ടറി എന്നൊരു പേരും കണ്ടു.  ആയിരക്കണക്കിനു തൊഴിലാളികള്‍ പണിയെടുത്ത ഫാക്ടറിയാണ്. തേയിലയുടെ വിലയിടിഞ്ഞപ്പോള്‍ തൊഴിലാളികള്‍ ഇല്ലാതെ പ്രവര്‍ത്തനം നിലച്ചതാകാം. ചില മെഷീനറികള്‍ ഇപ്പോഴും അതിനുള്ളിലിരിക്കുന്നതു പുറത്തുനിന്നും കാണാം.




വീണ്ടും കയറ്റമാണ്.കുറെ കയറിച്ചെന്നപ്പോള്‍ നമ്മള്‍ ആ ബോര്‍ഡ് കണ്ടുപിടിച്ചു.സെയ്ന്‍റ് ആൻഡ്രൂസ് CSI.
മെയിന്‍ റോഡില്‍നിന്നും നമ്മള്‍ ഇടത്തേയ്ക്കു കയറി. ചുറ്റും തേയിലക്കാട്. ആ തോട്ടത്തിന്‍െറ തുടക്കത്തില്‍ തന്നെ പണികഴിഞ്ഞു വിശ്രമിക്കുന്ന കുറെ ചേച്ചിമാരെ കണ്ടു. വണ്ടിനിര്‍ത്തി...





ചേച്ച്യേയ്...മ്മടെ മറ്റേ പള്ളിയല്ലേ ഇത്....? 
അതെ....അവര്‍ മറുപടി തന്നു....
പിന്ന്യേ...അവിടെ ആരെങ്കിലും കാണുമോ...?നമ്മള്‍ക്കു പിന്നെയും സംശയം...
ആരുമില്ല.....
അവിടെ കേറാന്‍ പറ്റുമോ...?
പിന്നില്ലേ,ആ ചെറിയ ഗേറ്റ് തുറന്നു കേറിക്കോ...?
അങ്ങനെ തേയിലച്ചേച്ചിയുടെ പെര്‍മിഷനുമായി നമ്മള്‍ പള്ളിയുടെ സമീപത്തു വണ്ടി നിര്‍ത്തി,സൈഡിലെ ചെറിയ ഗേറ്റിലൂടെ  പള്ളിമുറ്റത്തേക്കു  തള്ളിക്കേറി. 

ഡ്രാക്കുളപ്പള്ളി

'ലൂസിഫര്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ പ്രസിദ്ധമായ പള്ളി. ഉപ്പുതറ രണ്ടാം ഡിവിഷനിലുള്ള ലോണ്‍ട്രി പള്ളി. ഈ പള്ളിയും അടുത്തു നില്‍ക്കുന്ന ഉണങ്ങിയ മരവും  നിഗൂഢമായ നിശബ്ദ  തയുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. 1952 ഫെബ്രുവരി 15 നു  ജെ എം വിൽക്കി  സ്ഥാപിച്ചതാണു ഈ പള്ളി. തോട്ടം തൊഴിലാളികള്‍ക്കു,സഭാവ്യത്യാസം കൂടാതെ ആരാധനാ സൗകര്യത്തിനും അവര്‍ക്കുള്ള റേഷന്‍ വിതരണത്തിനും ഈ പള്ളി ഉപയോഗപ്പെടുത്തിയിരുന്നു. ക്രമേണ തോട്ടം മേഖല ക്ഷീണാവസ്ഥ നേരിട്ടതും, അടുത്തായി മറ്റു പള്ളികള്‍ സ്ഥാപിക്കപ്പെട്ടതും ഈ പള്ളിയുടെ തകര്‍ച്ചയ്ക്കും ജീര്‍ണ്ണാവസ്ഥയ്ക്കും കാരണമായി.ക്രമേണ പള്ളി അടയ്ക്കപ്പെട്ടു.ആരും അവിടേക്കു പോകാതായി.





മേല്‍ക്കൂരകള്‍ തകര്‍ച്ചയുടെ വക്കിലെത്തി. പഴയ രീതിയില്‍ കരിങ്കല്ലുകൊണ്ടു പണിത ചുമരുകളുടെ നിറം മങ്ങി, പായല്‍ പടര്‍ന്നു കയറി. കറുത്ത നിറത്തില്‍ കല്ലുകള്‍ മുന്നോട്ടു തള്ളിനിന്നു. ദദായത് എന്‍ജിന്‍ ഔട്ട് കംപ്ളീറ്റ്ലി. അടുത്തായി ഇലപൊഴിഞ്ഞു പാതി ഉണങ്ങിയ മരവും കൂടിയായപ്പോള്‍ ഒരു നേരിയ ഭയം ജനിപ്പിക്കുന്ന അന്തരീക്ഷവുമായി. അങ്ങനെയാണ് ഇവിടം ഡ്രാക്കുള പള്ളിയാകുന്നത്. അല്ലാതെ ഒരു ഭുതപ്രേതബാധയോ സാത്താന്‍ സേവയോ നിഗൂഢതകളോ ഉഡായിപ്പുകളോ ഡ്രാക്കുളയുടെ ഓഫീസോ ഒന്നും ഇവിടെയില്ല. സന്ധ്യമയങ്ങുന്നതോടെ വിജനമായ  തേയിലത്തോട്ടത്തിന്‍െറ നടുക്കുള്ള ഈ കാഴ്ച്ച ഏതവനേയും ഒന്നു കിടുക്കും.അത്രതന്നെ....!!




ഈ പള്ളിയേക്കുറിച്ചുള്ള ചില യൂറ്റ്യൂബ് വീഡിയോകളില്‍ ഓരോരുത്തര്‍ തള്ളി മറിക്കുന്നതു വളരെ മൃഗീയവും പൈശാചികവും ഭീകരവുമായാണ്. അവിടെ ചെല്ലുന്നവരെ പിടിച്ചു മൂക്കിലൂടെ വലിച്ചുകയറ്റാന്‍ ആരോ പാത്തും പതുങ്ങിയും അവിടെ നിലയുറപ്പിച്ചിരിക്കുന്നു...എന്ന മാതിരി ഊള ഡയലോഗുകളാണ്.  അതും ഒരുമാതിരി മണിച്ചിത്രത്താഴ് മോഡല്‍ വീണയും വായിച്ച്.....പൂവര്‍ ഗയ്സ്....!!




അങ്ങനെ തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്ന ഈ പള്ളിയും പരിസരവും കണ്ട് ഇഷ്ടപ്പെട്ടാണു ലൂസിഫറിന്‍െറ അണിയറക്കാര്‍ ഇവിടം ഷൂട്ടിനായി തെരഞ്ഞെടുത്തത്. ഷോട്ടിന്‍െറ പൂര്‍ണ്ണതയ്ക്കായി മുന്നില്‍ വലിയൊരു കുരിശിന്‍െറയും ഒരു കല്ലറയുടെയും സെറ്റുമിട്ടു. ഷൂട്ടിംഗിനുശേഷം ഏകദേശം 8 ലക്ഷം രൂപമുടക്കി പള്ളി പുതുക്കിപ്പണിയുകയും ചെയ്തു. അതാണു ഇന്നു നമ്മള്‍ കാണുന്ന സെയ്ന്‍റ് ആൻഡ്രൂസ് CSI പള്ളി. ഇതാണു സംഭവം.






കൊണ്ടുവന്ന വെള്ളം മുഴുവന്‍ തീര്‍ന്നു. വാങ്ങാന്‍ കടകളുമില്ല. സമയം1.30 ആയിരിക്കുന്നു. നേരെ പള്ളിയില്‍ നിന്നിറങ്ങി. നേരത്തെ കണ്ട തേയിലച്ചേച്ചിമാര്‍  ചെറിയ തണലിലിരുന്നു ഉച്ചഭക്ഷണം കഴിക്കുന്നു. എന്നിട്ടും ഞങ്ങള്‍ ചോദിച്ചു...
''കഴിക്കുവാരിക്കുമല്ലേ...''???
അതാണു മലയാളി.!!!!!!
മ്ഹ്....അവര്‍ മൂളി....
ഈ കളിയാണ്......


 


വഴിയിലിറങ്ങി ഇടത്തേയ്ക്കു തിരിഞ്ഞു.ഉപ്പുതറയ്ക്കുള്ള റോഡാണ്.
മുന്നോട്ടു വിട്ടു, കുടിവെള്ളം വേണം അയ്നാണ്. ഇറക്കമിറങ്ങിച്ചെന്നു..തവാരണ എന്നാണു സ്ഥലപ്പേര്. അടുത്തു കണ്ട കടയില്‍ കയറി. രാജമ്മച്ചേച്ചിയുടെ കടയാണ്.  ഒരു ലീറ്റര്‍ വെള്ളം  വാങ്ങി. പിന്നെ പരിചയപ്പെടലായി, സ്ഥലത്തേക്കുറിച്ചുള്ള വിവരണമായി. 42 വര്‍ഷം തേയിലത്തോട്ടത്തില്‍ പണിയെടുത്ത ആളാണത്രേ. ഇപ്പോള്‍ തോട്ടം പ്രവര്‍ത്തിക്കുന്നില്ല.''ചില നിയമക്കുരുക്കുകളും കേസുകളുമൊക്കെയായി തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. ആനുകൂല്യങ്ങള്‍ ഇപ്പോഴും നിയമക്കുരുക്കിലാണ്.'' ചേച്ചി പറഞ്ഞുനിര്‍ത്തി. എല്ലാം ശരിയാകുമെന്നും നല്ല ദിവസങ്ങള്‍ വരുമെന്നും നമ്മള്‍ ധൈര്യപ്പെടുത്തി.

തൊട്ട് അടുത്താണു ഉപ്പുതറ ടൗണ്‍. 
ബൈ  ദുബായ് നമ്മള്‍ വന്നവഴി തന്നെ തിരികെ ഏലപ്പാറയ്ക്ക്. 
വന്ന വഴി മറക്കരുതെന്ന് കാര്‍ന്നോന്‍മ്മാര്‍ പറഞ്ഞിട്ടില്ലേ.....
ഏലപ്പാറ വഴി   കുട്ടിക്കാനം അവിടെനിന്നും നേരിട്ട് മുണ്ടക്കയം കാഞ്ഞിരപ്പളളി പൊൻകുന്നം കൊടുങ്ങൂർ കാനം കറുകച്ചാൽ വഴി  ബക്കിങ്ഹാം കൊട്ടാരം.......സോ സിമ്പിൾ 

ചില തിരുത്തലുകള്‍......

'ലൂസിഫര്‍' പള്ളിയിലേക്ക് വരാന്‍ വലിയ പാടാണ്.
 
വഴി കണ്ടുപിടിക്കാന്‍ പറ്റില്ല...
വേറെ വഴിയിലേക്കൊക്കെ എത്തപ്പെടും...
ഇങ്ങനെ ആവശ്യമില്ലാത്ത കുറെ സങ്കീര്‍ണ്ണതകള്‍ പറഞ്ഞു ചില യൂറ്റ്യൂബ് ചാനലുകള്‍ അനാവശ്യ ദുരൂഹത പടര്‍ത്തി വെച്ചിട്ടുണ്ട്. എല്ലാവരുമല്ല, ചിലര്‍. 
ഗൂഗിൾ മാപ്പ് ചതിച്ചു ഗയ്സ്..
നമ്മൾ വഴിതെറ്റി ഗയ്സ്....
എങ്ങോട്ടു പോകും ഗയ്സ്...
നമ്മൾക്ക് ആരെയും പരിചയമില്ല ഗയ്സ്...
ഗയ്സ്...ഗയ്സ്...
ചുമ്മാ സീൻ ഉണ്ടാക്കുവാണ് ഈ പൂവർ ഗയ്സ് എല്ലാം.... 
അങ്ങോട്ടു എത്തുന്ന വഴിയാണ് പലരും ഗയ്സ്...ഗയ്സ്...പറഞ്ഞു വള്ളിയാക്കുന്നത്.
ഒരു പ്രശ്നവുമില്ല.
കണ്ടുപിടിക്കാനും പ്രയാസമില്ല.  
ഇനി വഴി തെറ്റിയാലെന്താ വായിലല്ലേ നാക്ക് കിടക്കുന്നത് എടുത്തങ്ങു വീശണം.

ഇതാണാ  വഴി

കട്ടപ്പനയില്‍ നിന്നു വരുന്നവര്‍,പരപ്പ് വഴി ഉപ്പുതറയിലെത്തി തവാരണവഴി പശുപ്പാറ റൂട്ടില്‍ വരുമ്പോള്‍, തവാരണ കഴിഞ്ഞു പുതുക്കടയും പിന്നിട്ടു  ഒന്നാം ഡിവിഷനില്‍ വലതുഭാഗത്ത് പ്രവര്‍ത്തന രഹിതമായ ഒരു തേയില ഫാക്ടറി കാണാം.വീണ്ടും അല്പംകൂടി മുന്നോട്ടു വരുമ്പോള്‍ വാതിലില്‍ തമിഴ് എഴുതിയിരിക്കുന്ന ഒരു കൊച്ചു അമ്പലം ഉണ്ട് . അതു കഴിഞ്ഞുള്ള വളവില്‍ വലത്തുഭാഗത്തായി പള്ളിയുടെ ബോര്‍ഡ് കാണാം.മെയ്ന്‍ റോഡില്‍ നിന്നും വലതുഭാഗത്തേക്കു ഏകദേശം നൂറുമീറ്റര്‍ കയറിയാല്‍ പള്ളിയിലേക്ക് എത്താം.ഇതുവഴി ബസ് സര്‍വ്വീസുണ്ട്.

ഏലപ്പാറ നിന്നും വരുന്നവര്‍

പശുപ്പാറ റൂട്ടില്‍ ചെമ്മണ്ണ്,കൊച്ചുകരുന്തരുവി,ചീന്തലാര്‍,കാറ്റാടിക്കവല കഴിഞ്ഞു വരുമ്പോള്‍ പ്രവര്‍ത്തനം നിലച്ച തേയില ഫാക്ടറി കാണാം.വീണ്ടും മുന്നോട്ടു കയറ്റം കയറി വരുമ്പോള്‍ ഒരു വളവും ഇടത്തേയ്ക്കു ഒരു മണ്‍വഴിയും കാണാം.അതാണു പള്ളിയിലേക്കുള്ള പാത.ഏലപ്പാറയില്‍നിന്നും ഏകദേശം 13_14 കിലോമീറ്റര്‍ ദൂരം.പള്ളിയുടെ ബോർഡ് വെച്ചിരിക്കുന്ന ഭാഗത്തു പണ്ടൊരു തട്ടുകട ഉണ്ടായിരുന്നു. പല വീഡിയോകളിലും ഈ തട്ടുകട കാണാം.അതു നോക്കിയാണു പലരും ഇന്നും ആ വഴി വരുന്നത്.പക്ഷേ ഇപ്പോൾ അത് അവിടെ നിലവിലില്ല. അതോണ്ട് നോക്കീം കണ്ടും വന്നാൽ നിങ്ങൾക്കു കൊള്ളാം. 


ബ്ലോഗ് തീർന്നിരിക്കുന്നു.....
ഇനി നിങ്ങളുടെ ചാൻസാണ്....
കിടിലൻ......
പൊളി.......
തകർപ്പൻ.....
മാരകം..... 
അന്യായം......
തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ആഘോഷ പൂരിതമാക്കണം.......
കമന്റുകൾ നിറയട്ടെ....
ധൃതങ്ക പുളകിതമാകട്ടെ അന്തരംഗം.....  


For More Information, Kidly Click Below


Friday, March 24, 2023

ബാ മധുരക്കു പൂവാം

പണ്ടൊരൂസം നോം കോട്ടയത്തു നിന്നും ബസില്‍  നാട്ടിലേക്കു എഴുന്നള്ളി വരികയാണ്. ബസില്‍ നല്ല പാട്ടൊക്കെയുണ്ട്. തമിഴും മലയാളവും അങ്ങനെ മാറിമാറി വരികയാണ്.അപ്പോഴുണ്ട് ഒരു പാട്ട്...''മധുരയ്ക്കു പോകാതെടീ..'' അതെന്നാ മധുരയ്ക്കു പോയാല്...? ബസിന്റെ  കമ്പിയില്‍ തൂങ്ങിയാടി  നമ്മള്‍ ആഞ്ഞു ചിന്തിച്ചു.എന്നാലൊന്നു പോയിട്ടുതന്നെ. അങ്ങനെയാണ്    സൂര്‍ത്തുക്കളേ  ചരിത്ര പ്രസിദ്ധമായ നമ്മുടെ മധുര യാത്ര തീരുമാനിക്കപ്പെടുന്നത്. 


കോട്ടയത്തു നിന്നും നേരിട്ട് മധുരയ്ക്കു വണ്ടിയുണ്ട്.നമ്പർ 16343 അമൃത എക്സ്പ്രസ്സ്. റണ്‍സ് ഡെയ്‌ലി ആണ്,എന്നുവെച്ചാല്‍ എന്നുമുള്ള ട്രയിന്‍. രാത്രി 8.30 ന് തിരുവന്തപുരം സെന്‍ട്രലില്‍ നിന്നും തുടങ്ങും.കോട്ടയത്തു 11.20 എത്തും. പിറ്റെദിവസം തന്നെ ടിക്കറ്റ് ബുക്കുചെയ്തു.സ്ലീപ്പര്‍ 270 രൂഭാ..അല്പം കൂടി ജാഡയ്ക്കാണെങ്കില്‍ 730 രൂഭാ...ഏസിയാണ്. കൈവിട്ട കളിയാണെങ്കില്‍ 1735 ഉറുപ്പിക,ഫസ്റ്റ് ഏസിയാണ്.നമ്മളുടെ റേഷന്‍കാര്‍ഡ് നീലയായതിനാലും ചുമ്മാ ''തണുക്കാന്‍''നമ്മള്‍ക്കു സൗകര്യമില്ലാത്തതിനാലും 270 രൂഭാ ടിക്കറ്റിലാണ് പിടുത്തമിട്ടത്. S5 സീറ്റ് നമ്പര്‍ 38, ഉയര്‍ന്ന നിലയിലാണ് യാത്ര.. ച്ചാല്‍ ഒറങ്ങാന്‍  അപ്പര്‍ ബര്‍ത്ത് കിട്ടി. പണ്ടു അബ്ദുള്‍ കലാം സാര്‍ പറഞ്ഞിട്ടുണ്ട്,ഉയര്‍ന്ന നിലയില്‍ സ്വപ്നം കാണണമെന്ന്.അയ്നാണ് നമ്മള്‍ അപ്പര്‍ ബര്‍ത്ത് പറഞ്ഞു മേടിച്ചത്....!!  


10.30 PM ആയപ്പോള്‍ മുതല്‍ നമ്മള്‍ കോട്ടയത്തു റെയില്‍വേയില്‍ കളം പിടിച്ചതാണ്. പിന്നെ തെക്കുവടക്ക്  കുറെ വട്ടവും നീളവും നടന്നു.അങ്ങനെ താളവും ചവിട്ടി നില്‍ക്കവേ, 11.20 വരേണ്ട ഐറ്റം  11.45 കഴിഞ്ഞപ്പോള്‍ എത്തിയിരിക്കുന്നു...എന്താല്ലേ...?ഒന്നും നോക്കിയില്ല  മ്മടെ S5 ബോഗിയില്‍ തള്ളിക്കേറി,പിന്നെ  ഉറങ്ങിക്കിടക്കുന്നവരുടെ മുഖത്തു ലൈറ്റടിച്ചു നോക്കി  സീറ്റ് കണ്ടുപിടിച്ചു. അതാ,അങ്ങോട്ടു നോക്കൂ.. ആ സീറ്റിലൊരു പുള്ളി കിടന്നുറങ്ങുന്നു. ആരവിടെ....? ആരാണവൻ എണീക്കൂ....കണ്ടം വഴി ഓടൂ....നമ്മള്‍ ആഞ്ഞു അലറി. ആ ചേട്ടന്‍ എഴുന്നേറ്റു ജീവനുംകൊണ്ടു പാഞ്ഞു. നമ്മള്‍ അവിടെ അധികാരം സ്ഥാപിച്ചു. സ്ഥാവരജംഗമ വസ്തുക്കളെല്ലാം കൊളുത്തില്‍ തൂക്കിയിട്ടു. 12 മണിയായപ്പോള്‍ അമൃത കോട്ടയം വിട്ടു.


''മധുരൈ വരൈ സെല്ലും വണ്ടി'' എന്ന അനൗണ്‍സ്മെന്‍റ്  കേട്ടാണ് നമ്മള്‍ ഞെട്ടിയെഴുന്നേറ്റത്.
സിവനേ ഇതേത് ജില്ല....? നോക്കിയപ്പോഴുണ്ട് വണ്ടി കേരളം വിട്ട് തമിഴ്നാട്ടിലെ ഉദുമല്‍പേട്ടയില്‍ എത്തിച്ചേര്‍ന്നിരിയ്ക്കുന്നു....പാലക്കാട് നിന്നും പൊള്ളാച്ചി വഴിയാണ് യാത്ര.കോട്ടയത്തുനിന്നും 456 കിലോമീറ്റർ ദൂരം.ഏകദേശം 11 മണിക്കൂർ.ഈ വണ്ടി ഷൊർണ്ണൂർ നിർത്തുന്നില്ല.പുലർച്ചെ 5 മണിയോടടുത്തു വണ്ടി കേരളം വിട്ടു മീനാക്ഷിപുരം എത്തും.പിന്നീട് പൊള്ളാച്ചി  യും ഉദുമൽപ്പേട്ട യും പിന്നിട്ടു പളനിയിൽ എത്തിച്ചേരുമ്പോൾ വണ്ടി കാലി.      


ക്യാബിനിൽ  ആരുമില്ല, പരിപാടി കഴിഞ്ഞ സ്റ്റേജില്‍ മൈക്ക് സെറ്റുകാരന്‍ ഇരിക്കുന്നതുപോലെ ഞാന്‍ മാത്രമായി. ആകെയുള്ളതു പളനിയില്‍ കുറെ സമയം വണ്ടി നിര്‍ത്തിയിട്ടു. മുഴുവന്‍ തീര്‍ത്ഥാടകരാണ്.കൂട്ടം കൂട്ടമായി തീർത്ഥാടക സംഘങ്ങൾ വരുന്നു പോകുന്നു... വീട്ടുമുറ്റത്തുകൂടെ നടക്കുന്നതുപോലെ  ചിലർ ട്രാക്കിലൂടെ തേരാപ്പാരാ വെളിവുകെട്ടു നടക്കുന്നു. മറ്റുചിലർ വട്ടം കൂടിയിരുന്ന് ഇന്റർനാഷണൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. 


വണ്ടി പിന്നെയും കാലിയായി.ഇവിടെ ഒരുകാര്യം ഓർക്കണം സൂർത്തുക്കളേ...എപ്പോ നോക്കിയാലും ഈ ട്രെയിനിൽ ടിക്കറ് വെയ്റ്റിംഗ് ആണ്.പക്ഷേ ഒരു നായ് കുറുക്കൻ പോലും വണ്ടിയിൽ വന്നു കേറുന്നുമില്ല,വണ്ടി കാലിയാണു താനും.അങ്ങനെ ചിന്തിച്ചു കിളിപോയി നിൽക്കവേ,  നെല്‍വയലുകള്‍ക്കിടയിലൂടെ നമ്മുടെ വണ്ടി മധുരയ്ക്കു ഓട്ടം തുടങ്ങിയിരുന്നു.


വണ്ടി ദിണ്ടിഗല്‍ എത്തിയിരിക്കുന്നു. ഇപ്പൊ  ഏതാണ്ട് ഞാനും ഗാർഡും ലോക്കോ പൈലറ്റും മാത്രമായെന്നു തോന്നി. പണ്ടൊരു പ്രോഗ്രാമിനു സേലത്തിനു പോയ വഹയിൽ   ഈ വഴി വന്നതാണ്. അതു റോഡുമാര്‍ഗ്ഗമായിരുന്നു. രാവിലെ 10 മണിയായപ്പോള്‍ നമ്മള്‍ മധുര ജംഗ്ഷന്‍ (MDU)സ്റ്റേഷനിലെത്തി.



സാമാന്യം വലിയ സ്റ്റേഷന്‍.
ഇവിടെ നിന്നും ചെന്നൈ,നാഗര്‍കോവില്‍,കന്യാകുമാരി, ചെങ്കോട്ട, 
കച്ചേഗുഡ,
രാമേശ്വരം,തിരുനല്‍വേലി,ഡല്‍ഹി,മുംബൈ.എന്നിവിടങ്ങളിലേയ്ക്കു  വണ്ടികള്‍ ലഭ്യമാണ്. ഏതാണ്ടു 112 ട്രയിനുകള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്.1956 ല്‍ രൂപീകരിച്ചതാണു മധുര റെയില്‍വേ ഡിവിഷന്‍.


കൊല്ലം ജില്ലയിലെ 
കിളിക്കൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ അടക്കം,തമിഴ് നാട്ടിലെ 12 ജില്ലകള്‍  ചേരുന്നതാണു മധുര റെയില്‍വേ  ഡിവിഷന്‍.
ഇന്‍ഡ്യയിലെ ഏറ്റവുംവലിയൊരു ഡിവിഷന്‍ ആയിരുന്ന ഈ ഭാഗം
1979ല്‍  വിഭജിച്ചാണു തിരുവന്തപുരം റെയില്‍വേ ഡിവിഷന്‍ രൂപീകരിച്ചത്.


പുറത്തിറങ്ങി നേരെ മുന്നോട്ടു നടന്നു.ഓട്ടോക്കാർ വിളിച്ചു . നമ്മളുണ്ടോ മൈൻഡ് ചെയ്യുന്നു...? കാരണം എന്തെങ്കിലും കഴിച്ചിട്ടുവേണം യാത്ര തുടരാൻ. ഇന്നലെ രാത്രിയിൽ കഴിച്ചതാണ്.ദേഹമാസകലം മിശ്മിശാന്നു വെറക്കുന്നുണ്ട്.കണ്ണും കാണുന്നില്ല. കേറിയ ഹോട്ടലിലെ സപ്ളയര്‍ അണ്ണനെ കേറിമുട്ടി.അവിടെ നിന്നും എങ്ങോട്ട് എങ്ങനെ പോകണമെന്നും ഓട്ടോ വിളിച്ചാല്‍ എത്ര കാശ് കൊടുക്കണമെന്നും തിരക്കി. നടന്നു പോകാനുള്ള ദൂരമെ ഉള്ളെന്നും ,അങ്ങോട്ട് പോകുന്നത്  ഓട്ടോ വിളിച്ചായിരിക്കണം എന്നും തിരിച്ചു നടന്നു വരണമെന്നും അദ്ദേഹം കുറഞ്ഞ സമയം കൊണ്ടു ക്ളാസെടുത്തു. അങ്ങനെ തന്നെ നമ്മള്‍ ഓട്ടോ വിളിച്ചു മധുരൈ മീനാക്ഷി ക്ഷേത്രം ലക്ഷ്യമാക്കി യാത്രതുടങ്ങി.

മധുരൈ

വൈഗാ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു തമിഴ് പട്ടണമാണ് മധുരൈ. ഉറങ്ങാത്ത നഗരം എന്ന അര്‍ത്ഥത്തില്‍ തൂങ്കാപട്ടണം എന്നും ഇവിടം അറിയപ്പെടുന്നു. ഏകദേശം 2500 വര്‍ഷത്തെ പഴക്കമാണ് ഈ പട്ടണത്തിനുള്ളത്. ഇങ്ങനെ ഉന്നത സാംസ്ക്കാരിക പൈതൃകം പേറുന്നതിനാല്‍ കിഴക്കിൻറെ ഏഥന്‍സ് എന്നും മധുരൈ അറിയപ്പെടുന്നു.

ഇന്‍ഡോനേഷ്യ,ചൈന,റോം  തുടങ്ങിയ രാജ്യങ്ങളുമായി മധുരയ്ക്കു വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നു. മുത്തുകള്‍,സുഗന്ധവ്യഞ്ജനങ്ങള്‍,വിലയുള്ള കല്ലുകള്‍ തുടങ്ങിയവ ഇവിടെ നിന്നും കയറ്റുമതി നടത്തിയിരുന്നു.
അത്യന്തം അപകടകാരിയായ ജെല്ലിക്കെട്ടെന്ന സാഹസിക വിനോദത്തിന്‍െറ നാടാണു മധുരൈ.
ഗോഡ്സേ എന്ന ഭീകരവാദിയുടെ വെടിയേറ്റു മരിച്ച ഗാന്ധിയുടെ രക്തം പുരണ്ടതുണി ഇവിടെയുള്ള മ്യൂസിയത്തില്‍ നമ്മള്‍ക്കു കാണാന്‍ സാധിക്കും. അങ്ങനെ അനവധി പ്രത്യേകതകള്‍ നിറഞ്ഞ നഗരമാണ് മധുരൈ. തിരുമലൈ നായ്ക്കന്‍ കൊട്ടാരം, എക്കോ പാര്‍ക്ക്, തെപ്പക്കുളം,തിരുപ്പുരം കുണ്ട്രം, അഴഗര്‍ കോവില്‍ തുടങ്ങിയ അതില്‍ ചിലതാണ്.
 
മധുരയോടു ബന്ധപ്പെട്ട പ്രമുഖർ

എം.എസ് സുബ്ബലക്ഷ്മി,
ടി.എന്‍ ശേഷഗോപാല്‍,
സുന്ദര്‍ പിച്ചൈ,
ഇളയരാജ,
ഭാരതിരാജ,
മണിരത്നം,
വിജയ് സേതുപതി,
മണി അയ്യര്‍,
ടി.ശ്രീനിവാസന്‍,
രാജശ്രീ  ബിര്‍ള,
വിജയകാന്ത്,
വടിവേലു,
നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവരൊക്കെ,ജന്മംകൊണ്ടോ കര്‍മ്മംകൊണ്ടോ മധുരയോടു ബന്ധപ്പെട്ടവരാണ്.
 

എങ്കിലും മധുരൈ മീനാക്ഷി ക്ഷേത്രത്തോടു ചുറ്റിപ്പറ്റിയാണ് മധുരയുടെ ചരിത്രവും സംസ്ക്കാരവും ഭൂമിശാസ്ത്രവും കിടക്കുന്നത്.

ക്ഷേത്രത്തിന്‍െറ പടിഞ്ഞാറു ഗോപുരത്തിന്റെ ഏകദേശം അടുത്തായി നമ്മുടെ ഓട്ടോ നിന്നു. കേരളത്തില്‍ നിന്നും വരികയാണെന്നും, ബ്ളോഗറാണെന്നും പരിചയപ്പെടുത്തിയപ്പോള്‍ പുള്ളീടെ സ്നേഹം അതികലശ്ശലായി. വണ്ടിയുടെ ഫോട്ടോ എടുക്കണമെന്നും എഴുതുമ്പോള്‍ ചേര്‍ക്കണമെന്നും പറഞ്ഞു.നമ്മള്‍ ഉറപ്പും കൊടുത്തു. നമ്മൾ സന്തോഷ് ജോർജ് കുളങ്ങരയുടെ കുഞ്ഞമ്മേടെ മകനാണെന്നു  പറഞ്ഞതു പുള്ളി കേട്ടില്ലെന്നു തോന്നുന്നു. വണ്ടിയിറങ്ങി നേരെ തിരക്കിലേക്ക്.




മധുരൈ മീനാക്ഷി ക്ഷേത്രം

വൈഗാ നദിയുടെ തെക്കേ ചെരുവില്‍ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്ത ക്ഷേത്രമാണിത്. ശിവനേക്കാള്‍ പാര്‍വ്വതിക്കു (മീനാക്ഷി)    മുന്‍ഗണന കൊടുക്കുന്ന അപൂര്‍വ്വം ഇടങ്ങളിലൊന്ന്. ഇവിടുത്തെ 14 ഗോപുരങ്ങള്‍ അതിപ്രശസ്തങ്ങളാണ്. അതില്‍ ഏറ്റവും വലുത് 170 അടി ഉയരമുള്ള തെക്കേ ഗോപുരമാണ്. 

ഈ  ക്ഷേത്രത്തെക്കുറിച്ചു ഒട്ടേറെ കഥകളും ഐതിഹ്യങ്ങളും  നിലവിലുണ്ട്,നമ്മൾ സാധാരണ അതൊന്നും പ്രമോട്ട് ചെയ്യാറില്ല. ചെല്ലുന്ന സ്ഥലത്തിന്റെ ടൂറിസ്റ്റ് പ്രാധാന്യം,ചരിത്രം,സാമൂഹിക ജീവിതം,അല്ലെങ്കിൽ അവിടുത്തെ പ്രത്യേക സാഹചര്യം  ഇതൊക്കെയാണ് നമ്മളുടെ വിഷയങ്ങൾ. 




ഇനി  ക്ഷേത്രത്തിലേക്ക് മടങ്ങിവരാം...ഗോപുരങ്ങളാണ് ഇവിടുത്തെ ഏറ്റവും  വലിയൊരു ആകർഷണം. മധുര രാജാവായിരുന്ന മഹാവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്‍ കിഴക്കുവശത്തു പണികഴിപ്പിച്ച ഗോപുരമാണ് ഏറ്റവും പഴക്കമുള്ളത്. ഗോപുരങ്ങൾ എന്നും അദ്ദേഹത്തിനൊരു വീക്നെസ്സായിരുന്നു..!!!!  പലതട്ടുകളായാണ് ഗോപുരത്തിന്‍െറ പണി.
ഏകദേശം 33,000 _ത്തോളം ശില്പങ്ങളാണ് ഈ ക്ഷേത്രഗോപുരങ്ങളെ  അലങ്കരിക്കുന്നത്. പണ്ടു തുണിക്കച്ചവടത്തിനു വരുന്ന അണ്ണാച്ചിയുടെ കായസഞ്ചിയിലാണ് ആദ്യം മധുരൈ മീനാക്ഷി ക്ഷേത്രം കണ്ടിട്ടുള്ളത്. ആ സംഭവം നമ്മൾ നേരിട്ടുകാണുകയാണ്.തമിഴ് നാട്ടിലെ ഒരു പ്രത്യേകത എന്തെന്നാൽ, ബോർഡുകളിൽ ഇവർ തമിഴ് ഭാഷയാണു കൂടുതൽ  ഉപയോഗിക്കുന്നത്. അതുകൊണ്ടു എന്താണു സംഭവമെന്നു  കത്താൻ സമയമെടുക്കും.തങ്ങളുടെ മാതൃഭാഷ ഉപയോഗിക്കുന്നതിൽ ഇവർക്കു മറ്റാരേക്കാളും ഒരു വൈകാരികത ഉണ്ടെന്നു തോന്നുന്നു.അതാണു ഹിന്ദി ഭാഷാ വിരുദ്ധ സമരത്തിൽ ഇവർ ആകെ എടങ്ങേറായിരുന്നത്.അത് എന്തെങ്കിലുമാകട്ടെ....!!      


പ്രതിദിനം 15000 ലധികം ആളുകള്‍ ഇവിടെ എത്തുന്നുണ്ടെന്നാണു കണക്ക്. വെള്ളിയാഴ്ച്ചകളില്‍ അത് 25000 കടക്കും.പാണ്ഡ്യരാജാവായിരുന്ന കുലശേഖര പാണ്ഡ്യന്‍െറ കാലത്താണ് ഇതിന്‍െറ ഭൂരിഭാഗം നിര്‍മ്മാണവും നടന്നത്.
ദ്രാവിഡ ശില്പ,വാസ്തുവിദ്യയുടെ ടോപ് ലെവലാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ചിത്തിരൈ തിരുവിഴ എന്ന പേരിലുള്ള ഉത്സവം നടക്കുന്നത്.

ആയിരം കാല്‍ മണ്ഡപം

കിഴക്കേ ഗോപുരത്തിന്‍െറ എതിര്‍വശത്തായി കാണുന്ന ദീര്‍ഘചതുരാകൃതിയുള്ള നിര്‍മ്മാണമാണ് ആയിരം കാല്‍ മണ്ഡപം. കൊത്തുപണികള്‍ ചെയ്ത വലിയ കല്‍ത്തൂണുകളും അവയുടെ വിന്യാസവും അതിശയം ജനിപ്പിക്കുന്നതാണ്. 985കാലുകളിലാണ്  ഇതിന്‍െറ  നിര്‍മ്മിതി.ക്ഷേത്രത്തിനു കൊടുക്കുന്ന പ്രാധാന്യം ഈ ഭാഗത്തു കാണാനില്ല.വശങ്ങളിലൊക്കെ കച്ചവടക്കാർ നാശമാക്കിയിരിക്കുന്നു.കുറച്ചുകൂടി ജാഗ്രത  പുലർത്തുന്നത്നല്ലതാണു.   


ക്ഷേത്രത്തിനു ചുറ്റും തണല്‍മരങ്ങളും പന്തലുകളുമുള്ളതിനാല്‍ അധികം ചൂട് ഏല്‍ക്കാതെ പുറമേ നടന്നു കാണാന്‍ കഴിയും.നമ്മളുടെ ഡ്രസ്സ് ത്രീ ഫോർത്ത്‌ ആയിരുന്നതിനാൽ അകത്തേക്കു കയറ്റിവിട്ടില്ല.സന്ദർശകരെ നിയന്ത്രിക്കുന്നത് പോലീസ് മാമൻമ്മാരാണ്.14 ഏക്കറിലായി പരന്നുകിടക്കുന്ന മീനാക്ഷി ക്ഷേത്രം കണ്ടുതീര്‍ക്കാന്‍ ഒരു ദിവസം കൊണ്ടു കഴിയുമോ എന്നു സംശയമാണ്.നമ്മള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ഓടിച്ചതിനാല്‍ ഏകദേശം എല്ലാം കണ്ടെന്നു വരുത്തി.തിരിച്ചു റെയില്‍വേയിലേക്കു നടന്നു.


തിരക്കുപിടിച്ച മധുരൈ പട്ടണത്തിലൂടെ നമ്മള്‍ കാലുകള്‍ അകലെക്കുത്തി ആഞ്ഞു തൊഴിച്ചു. ആര്‍ക്കും മാസ്ക്കുമില്ല ഹെല്‍മറ്റുമില്ല. സൂചിക്കുഴ വഴി ഒട്ടകം മാത്രമല്ല, ഓട്ടോയും കേറുമെന്നു നേരിട്ടു കണ്ടു. ഇടത്തെന്നോ വലത്തെന്നോ ഇല്ല എവിടെ വിടവ് കാണുന്നോ അതുവഴി വണ്ടി കൊണ്ടുപോകുന്ന അതിമാരക സിസ്റ്റം. വഴിയരുകിലെ കടക്കാര്‍ വേണമെങ്കില്‍ നമ്മളെ പൊക്കിയെടുത്തു കടയില്‍ കയറ്റിക്കളയും. അതിനായി രണ്ടും കല്പിച്ചു നില്‍ക്കുന്ന അണ്ണന്‍മ്മാരോടു ഒന്നും ''വേണ്ടൈ''എന്നു ഒരു കരുണയുമില്ലാതെ നമ്മള്‍ മൊഴിഞ്ഞു. കാരണമുണ്ട്, തിരിച്ചുള്ള വണ്ടി 4.10 pm ന് ആണ്. അതിനു മുമ്പ് റെയില്‍വേയിലെത്തണം.
ഏകദേശം 40 മിനിറ്റായപ്പോള്‍ നമ്മള്‍ സ്റ്റേഷനിലെത്തി. നല്ല തിരക്കുതന്നെ.നമ്മുടെ അമൃത ട്രെയിന്‍ കിടക്കുന്ന ഫ്ളാറ്റുഫോം കണ്ടുപിടിച്ചു. കോച്ചിന്‍െറ അടുത്തെത്തി താളംചവിട്ടി നിന്നു. കേറിയില്ല, നമ്മുടെ കോച്ച് തീവെയിലത്താണു കിടപ്പ്. പുറപ്പെടുന്നതിന്‍െറ മുമ്പ് കയറിക്കൂടി സീറ്റുപിടിച്ചു. ഇനി ഒരു പത്തുമണിക്കൂറിന്‍െറ യാത്രയാണ്. വെളുപ്പിനെ 1.40 ആകുമ്പോള്‍ കോട്ടയത്തു എത്തും.


തിരിച്ചും റിസര്‍വ്വേഷനുണ്ടാര്‍ന്നു....നമ്മളോടാ കളി..ഇനിയും വരണമെന്നുണ്ട്.പക്ഷേ രക്തം തിളയ്ക്കുന്ന ചൂടാണ്...ചൂടില്ലാത്ത സമയത്തു നമ്മള്‍ക്കു ട്രെയ്നുമില്ല. ഒരു ട്രെയ്നില്‍ വരുക, അതിനുതന്നെ തിരിച്ചും പോകുക, അതാണു നമ്മള്‍. തിരിച്ചുള്ള യാത്രയ്ക്കും വലിയ തിരക്കില്ല. നമ്മുടെ ക്യാബിനില്‍ ആകെ മൂന്നുപേര്‍. അതില്‍ ഞാനാണേല്‍ ഉയര്‍ന്ന നിലയിലും, ദദായത് നമ്പര്‍ 35 അപ്പര്‍ ബെര്‍ത്ത്. അതാ അണ്ണന്‍ വിസിലടിക്കുന്നു...വണ്ടി ഹോണടിക്കുന്നു.. അവിടെക്കഴിഞ്ഞാല്‍  പോയേക്കാമെന്ന് ലോക്കോപൈലറ്റ് അണ്ണനും. വണ്ടി പയ്യെ ചലിച്ചു തുടങ്ങി....ഒരു വരവ് കൂടി വരേണ്ടി വരും...നമ്മള്‍ മനസ്സില്‍ പറഞ്ഞു.

ഇവിടെ അമർത്തിയാൽ തമിഴ്നാട് സർക്കാരിന്റ മധുര ടൂറിസം സൈറ്റിലേക്ക് പോകാൻ കഴിയും 



"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...