Thursday, May 23, 2019

മലയാളികളെ പറ്റിക്കാൻ എന്തെളുപ്പം.

മലയാളികൾ പുലികളാണ് .വെറും പുലിയല്ല പുപ്പുലികൾ!!!! .മലയാളികൾ ചെന്നെത്താത്തതും കൈവെക്കാത്തതുമായ മേഖലകൾ കുറവ്. സ്നേഹിക്കാനും കരുതാനും, എന്തിനധികം പറയുന്നു മുഴുത്ത കൗണ്ടർ പാര പണിയാനും മലയാളികളെ കഴിഞ്ഞിട്ടേ ഉള്ളു . പണ്ട് യൂറിഗഗാറിൻ ചേട്ടൻ ചന്ദ്രനിൽ ചെന്നപ്പോൾ ഗംഗാധരൻ ചേട്ടന്റെ തട്ടുകടയിൽനിന്നും കട്ടന്കാപ്പി കുടിച്ചതിന്റെ രേഖകൾ ഇന്നും നാസയിൽ ഉണ്ടെന്നു പറയപ്പെടുന്നു...... അതുമാത്രമോ, അന്റാർട്ടിക്കയിൽ കോൾഡ്സ്റ്റോറേജ്‌ നടത്തുന്ന ബാബുഅളിയൻ-അതെ ഒന്നും പറയാനില്ല ..



പക്ഷേ ......ഈ  പുലികൾ ചിലപ്പോളൊക്കെ കഴുതപ്പുലിയാകുന്ന അതിഭീകര കാഴ്ചകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു.

എന്താണെന്നറിയത്തില്ല,
ഓരോ ദിവസത്തെയും പത്രം നോക്കുമ്പോൾ അതിൽ എവിടെയെങ്കിലും ഒരു വാർത്ത കാണും "കബളിപ്പിക്കപ്പെട്ടു" . വായിച്ചു വരുമ്പോൾ മനസിലാകും ഏതോ ഒരു ചേട്ടനെ മറ്റൊരു അളിയൻ പറ്റിച്ചു. തലവെച്ചു കൊടുത്തത് സാക്ഷാൽ മലയാളി ചേട്ടനായിരിക്കും "എന്നെവന്നു പറ്റിച്ചിട്ടു പോകൂ പ്ളീസ് എന്ന് ചങ്കുപൊട്ടി കേഴുകയാണ് മലയാളി ചേട്ടൻമ്മാരും ചേട്ടത്തികളും.



മലയാളികളുടെ പങ്കില്ല എങ്കിലും പണ്ട് ആന്ധ്രക്കാരൻ രാമലിംഗരാജു സത്യം കംപ്യൂട്ടേഴ്സ്ന്റെ പേരിൽനടത്തിയ നൈസ് തട്ടിപ്പ് നമ്മളിൽ ചിലരൊക്കെ ഓർക്കുന്നുണ്ടാകും കണക്കിലെ കളികളായിരുന്നു അത് ..രാജുച്ചാനൊക്കെ ഇപ്പൊ എവിടാണോ ആർക്കറിയാം ?പിന്നെ അവതരിച്ച തട്ടിപ്പാണ് "ആടുമാഞ്ചിയം".......ആടിനെ കിട്ടും മാഞ്ചിയം തടി കിട്ടും എന്നൊക്കെപ്പറഞ്ഞാണ് ചേട്ടായിമാർ വന്നത് . ഒത്തിരി മലയാളി ദ്രവ്യാഗ്രഹികൾ തലവെച്ചതും തലപോയതുമായ ഓഫറായിരുന്നു അത്. അവസാനം ആടുകിടന്നിടത്തു പൂടപോലും ഇല്ലായിരുന്നു , മാഞ്ചിയം കിട്ടിയതുമില്ല, മൂഞ്ചിയത് മിച്ചം..ധനനഷ്ടം... മാനഹാനി... ദേഹക്ഷതം മാത്രം  ഉണ്ടായില്ല ഭാഗ്യം ....!!!

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് പോസ്റ്റൽ കാർഡിൽ ഒരു സംഭവം പ്രചരിച്ചിരുന്നു . ഇതാണ് സംഗതി, ഈ കാർഡിൽ എഴുതിയിരിക്കുന്ന വിഷയം പകർത്തി പത്തു പേർക്ക് അയച്ചുകൊടുത്താൽ നിങ്ങളെത്തേടി ഒരു അനുഗ്രഹം വരും . ഒരു മുന്നറിയിപ്പുമുണ്ട് , എന്തെന്നാൽ,ഈ കാർഡ് ഒരു പാവപ്പെട്ടവന് കിട്ടി അവൻ അത് പത്തുപേർക്ക് അയച്ചുകൊടുത്തു . അയാൾക്ക്‌ നല്ലൊരു ജോലികിട്ടി . ഈ കാർഡ് മറ്റൊരു പണക്കാരന് കിട്ടി അയാളത് തള്ളിക്കളഞ്ഞു. ഒരു ആക്സിഡന്റ് അവനു പറ്റി ...ഹോ....എന്തൊരു ദൈവാനുഗ്രഹം ...ഈ പോസ്റ്റൽ കാർഡിന്റെയൊക്കെ ഒരു ശക്തി അപാരം തന്നെ. പണ്ട് പോസ്റ്റൽ ആയി ഡൈബം  അനുഗ്രഹിച്ചിരുന്നു , ഇപ്പോൾ അതൊക്കെ അപ്ഡേറ്റ് ചെയ്തു ഓൺലൈൻ അനുഗ്രഹം ആയിട്ടുണ്ട്. വിൻഡോസ് 10 കിടന്നു കളിക്കുമ്പോൾ ആരെങ്കിലും xp യിൽ തുടരുമോ...അല്ല പിന്നെ.  

അപ്പോൾ നെറ്റ് കണക്ഷൻ ഇല്ലാത്തവർക്ക് അയ്യോ കഷ്ടം
നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന കുറെ നൈസ് തട്ടിപ്പുകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്താം...ഇങ്ങനെയുള്ള വള്ളിക്കെട്ടുകൾ വരുമ്പോൾ യുക്തിയും ബുദ്ധിയും ഒരുപോലെ പ്രവർത്തിപ്പിക്കുന്ന ജീനിയസ് മലയാളികളും ഉണ്ടെന്നുള്ള കാര്യം മറക്കുന്നില്ല ട്ടോ. വേളാങ്കണ്ണി പിരിവുമായി വീട്ടിൽവന്ന തമിഴ് ചേച്ചിയെ ചോദ്യംചോദിച്ചു കുടുക്കി അവസാനം ചേച്ചി മോഷണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണെന്നു തെളിയിച്ച പുലി മലയാളി അച്ചായൻമ്മാരും ഇവിടെ ഇല്ലാതില്ല.

ആർക്കും കയറി മേയാവുന്ന സോഷ്യൽമീഡിയ ആണ് ആധുനിക തട്ടിപ്പുവീരൻമ്മാരുടെയും വീരമതികളുടെയും പ്ലാറ്റുഫോം . ചിലത് വെറും തമാശക്ക് വേണ്ടി  ചെയ്യുമ്പോൾ മറ്റു ചിലത് കാശും മാനവും പോകുന്നവിധത്തിലുള്ളതായിരിക്കും .

ആദ്യമായി വാട്സപ്പ് ഉപയോഗിക്കുന്നവർ കിട്ടുന്നതെന്തും ഷെയർ ചെയ്തുകളയും, അതിലൊന്നാണ് ആദ്യത്തെ ഐറ്റം ."ഇന്നുരാത്രി 12 .30 മുതൽ രാവിലെ 3 വരെ ഫോൺ ഓണാക്കരുത് അതിഭീകരമായ കോസ്മിക് രശ്മികൾ ഭൂമിയിലേക്ക് വരികയാണ് .സിങ്കപ്പൂർ ടീവി പുറത്തുവിട്ട വിവരമാണിത്-(സിങ്കപ്പൂർ ടീവി  ഇത് സംപ്രേഷണം ചെയ്തപ്പോൾ നമ്മൾക്ക് കറന്റ് കട്ട് ആയിരുന്നു )അവസാനം ഒരു തള്ളലും -സംശയമുള്ളവർ നാസ എന്ന് ടൈപ്പ് ചെയ്യുക.ഇതൊക്കെ ആദ്യമായി കാണുന്നവർ ഒരു സാമൂഹിക ഉപകാരമല്ലേ എന്ന് വെച്ച് , അളിയനും പെങ്ങൾക്കും കുഞ്ഞമ്മയുടെ മകനും ഫോർവേഡ് ചെയ്യുന്നു . അങ്ങനെ ഇത് നമ്മുടെ ഫോണിലും കിട്ടുന്നു .എന്ത് ചെയ്യണമെന്ന് അറിയാത്തവൻ എന്തും കയറി ചെയ്യുമെന്ന് പറയുന്നത് എത്ര ശെരി.

സാബുവും അജ്ഞാത ജീവിയും
 
അടുത്ത ഐറ്റം ഒരു ഓഡിയോക്ലിപ് ആണ് "പ്രിയപ്പെട്ടവരേ ,എന്റെപേര് സാബു .കോന്നിയിലെ വനമേഖലയിൽ ഒരു അജ്ഞാത ജീവി ഇറങ്ങിയിട്ടുണ്ട് . സ്ത്രീകൾ രാത്രി 7 നു ശേഷം പുറത്തിറങ്ങരുത് (സാബുവിന്റെ സംസാരം കേട്ടാൽ തോന്നും സ്ത്രീകൾ രാത്രി 11 മണിവരെ കവലയിലിരുന്നു നാട്ടുവർത്തമാനം പറയുകയാണെന്ന് ) ഒപ്പം വിചിത്ര രൂപമുള്ള കുറെ ജീവികളുടെയും. ഏതെങ്കിലും ആശുപത്രി ക്യാഷുവാലിറ്റി യിൽനിന്നും സംഘടിപ്പിച്ച മുറിവേറ്റ ഒരു ചേച്ചിയുടെ വിവിധ ഫോട്ടോകളും ഒപ്പം ഉണ്ടാകും കിട്ടിയവരെല്ലാം ഷെയർ ചെയ്തു തകർത്തു . ഇനി നമ്മുടെ അമ്മാച്ചനെയെങ്ങാനും ജീവി കടിച്ചാലോ.....!!?? സത്യം എന്താണ് ? ഒരു വിദേശ വനിത-നമ്മുടെ ഭാഷയിൽ -മദാമ്മ - നിർമിച്ച പാവകളാണ് കോന്നിയിൽ ഇറങ്ങിയ ഭീകരജീവിയായി നമ്മുടെ സാബു അവതരിപ്പിച്ചത്. കാര്യം അറിഞ്ഞപ്പോൾ എല്ലാവരും പിന്നെ സാബൂന്റെ പൂർവ്വികരെ സ്മരിക്കുകയായിരുന്നു. 


ഡാം പൊട്ടിക്കുന്ന ശശി

കഴിഞ്ഞ പ്രളയകാലത്തു പ്രചരിച്ച മറ്റൊരു ഓഡിയോക്ലിപ് ആണ് അടുത്തത്.
ഒരുത്തൻ വലിയവായിൽ അലറുകയാണ്‌ "മുല്ലപ്പെരിയാർ ഡാം  പൊട്ടി ". പ്രധാന മന്ത്രിയുടെ ഓഫീസിൽ വർക്കുചെയ്യുന്ന ഇവന്റെ കൂട്ടുകാരനാണ് ഈ വിവരം പറഞ്ഞുതന്നത്. കൊച്ചി തൃശൂർ കോട്ടയം ജില്ലകളിൽ നദികളുടെ അടുത്ത് താമസിക്കുന്നവർ ഇപ്പൊ ഓടിക്കോണം ..വെള്ളം പാഞ്ഞു വരുകയാണ് പാവം മലയാളി..കുറച്ചുപേർ അത് വിശ്വസിച്ചു നെഞ്ചത്തടിച്ചു ...കുറച്ചുപേർ അതിലും വേഗം ഷെയർ ചെയ്തു . അവസാനം ഡാം പൊട്ടിച്ചവനെ പോലീസ്‌കാർ തൊടുപുഴയിൽനിന്നും പൊക്കി . നല്ല പൊട്ടീര് കൊടുത്തുകാണും ഇനിയവൻ വേറൊരു ഡാം പൊട്ടിക്കരുതല്ലോ.

അടുത്ത  നമ്പർ ,ഒരു കുട്ടിയുടെ  ഫോട്ടോയോടു കൂടെയാണ് . "ഈ കുട്ടിയെ ഇന്ന് കളഞ്ഞു കിട്ടിയതാണ് . കുന്നംകുളം പോലീസ് സ്റ്റേഷനിൽ കുട്ടിയുണ്ട് . അച്ഛൻ ആകാശ് എന്നും 'അമ്മ ലീന എന്നും പറയുന്നു"" മാക്സിമം ഷെയർ . അതും നമ്മൾ ഷെയർ ചെയ്തു . (ഒരു ഉപകാരമാണല്ലോ ) ഒരു 10 -15 കുട്ടികൾ പലപ്രായത്തിലുള്ളത് ഇങ്ങനെ സോഷ്യൽ മീഡിയയിൽ വന്നു . എല്ലാം അച്ഛൻ ആകാശ് 'അമ്മ ലീന....അല്ല അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ ഈ ആകാശിനും ലീനക്കും സത്യത്തിൽ എത്ര പിള്ളേരാ  .....!!????

കുട്ടികളെ വെച്ചുള്ള വേറൊരു വേർഷൻ "ഈ കുട്ടി സേഫ്റ്റിപിൻ വിഴുങ്ങി (നമ്മുടെ ലോക്കൽ ഭാഷയിൽ "സെറ്റിപ്പൻ മിഴുങ്ങി ") ഓപ്പറേഷന് 5 ലക്ഷം രൂപ വേണം നിങ്ങളുടെ ഒരു ഷെയർ നു ഫേസ്ബുക് 2 രൂപകൊടുക്കും . ഒരുകുട്ടിയുടെ ജീവനല്ലേ, കിട്ടിയവരൊക്കെ ഷെയർ ചെയ്തു. സത്യം എന്താണെന്നോ. സോഷ്യൽ മീഡിയ ആർക്കും പൈസാ കൊടുക്കുന്നില്ല .ഒരു ഷെയർ നു 2 രൂപാ കൊടുക്കും എന്നൊക്കെപ്പറയുന്നത് ശുദ്ധ തട്ടിപ്പാണ്. പക്ഷേ നാളെ ഇങ്ങനെ വേറൊന്നു വന്നാലും നമ്മൾ കണ്ണടച്ച് ഷെയർ ചെയ്യും. അതാണ് മലയാളിയുടെ വിവരക്കേട്  സോഷ്യൽ മീഡിയയിൽ ഒരു കൂട്ടായ്മ ഉണ്ടാക്കി അതിലൂടെ മറ്റൊരാളെ സാമ്പത്തികമായി സഹായിച്ചാൽ ഓക്കേ . ഫേസ്ബുക് പൈസാ കൊടുക്കും എന്നൊക്കെ കേൾക്കുമ്പോളാണ് ഒരുഇത്. അങ്ങനെ പൈസാ കൊടുക്കുന്ന മൈക്രോ ഫിനാൻസ്‌ സുക്കറണ്ണൻ തുടങ്ങിയിട്ടില്ല. 

ഇതാവരുന്നു ഒരു ഇന്റർനാഷണൽ തട്ടിപ്പ് ...അമേരിക്കൻ നടനും പ്രൊഡ്യൂസറും പഴയൊരു ഗുസ്തിക്കാരനുമായ ഡ്വെയ്ൻ ജോൺസന്റെ പേരിലാണ് ഇത്.  ഇദ്ദേഹം തെരഞ്ഞെടുക്കുന്ന കുറെ ഭാഗ്യവാന്മാർക്കു മില്യൺ ഡോളറുകൾ സമ്മാനം കിട്ടും. അതിനുവേണ്ടി ചെയ്യേണ്ടത് ഇത്രമാത്രം. പുള്ളീടെ പോസ്റ്റ് ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക WIN എന്ന് കമന്റ് ചെയ്യുക . എനിക്കുംകിട്ടി ഈ പോസ്റ്റ് . WIN എന്ന് എഴുതിയിരിക്കുന്ന ആളുകളെ കണ്ടപ്പോൾ  ഞെട്ടിത്തരിച്ചുപോയി . വളരെ വിവരവും വിദ്യാഭ്യാസവുമുള്ള എന്റെ കുറെ സുഹൃത്തുക്കൾ .........!!! അതും നമ്മുടെ സ്വന്തം ഫീൽഡിൽ വർക്ക് ചെയ്യുന്നവർ .......!!!! ഓസിൽ ഡോളർകിട്ടാൻ WIN എഴുതിവെച്ചിരിക്കുന്നു എങ്ങനെ പറയാതിരിക്കും സർ .....!! അന്നെനിക്കൊരുകാര്യം പിടികിട്ടി വിവരവും ബോധവും രണ്ടും രണ്ടാണെന്ന് . സംഗതി പക്കാ തട്ടിപ്പായിരുന്നു .പക്ഷേ പതിനായിരക്കണക്കിന് ഷെയർ ആണ് പോയത്.


                                              വീണ്ടും ഇതിന്റെ വേറൊരു വേർഷൻ കൂടിയിറങ്ങി . അൽപ്പം ഭക്തിയുടെ മേമ്പൊടിയൊക്കെ ചേർത്ത്... ഈ പ്രാവശ്യം WIN വേണ്ടായിരുന്നു പകരം ആമേൻ എന്ന് ടൈപ്പ് ചെയ്യണം എന്നായിരുന്നു ഓർഡർ ഭക്തിയുടെ മേമ്പൊടിചേർത്താൽ ഏതു തട്ടിപ്പുകൾക്കും  വൻഓട്ടമായിരിക്കുമല്ലോ..  അൽപ്പ സ്വൽപ്പം അന്ധവിശ്വാസം കൂടിയുണ്ടെങ്കിൽ സൂപ്പർ. ഒത്തിരിപേർ ഷെയർ ചെയ്തു. പോയാൽ ഒരു ആമേൻ, കിട്ടിയാലോ മില്യൺ  ഡോളറല്ലേ ആരാ വീഴാത്തത്..??

ആമേൻ ടൈപ്പ് ചെയ്ത ഒരു കായംകുളംകാരൻ   ഭക്തന് ഞാൻ കമന്റ് ചെയ്തു. "സഹോദരാ ഇത് ഫേക്ക് ആണ് " ഉടൻവന്നു മറുപടി . "ഇത് തന്നെപ്പോലെ ഉള്ളവർക്കല്ല , വിശ്വസിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് " ഞാൻ വിട്ടില്ല വീണ്ടും കമന്റ് ചെയ്തു . "ഇത് തട്ടിപ്പു മാഫിയ യുടെ കെണിയാണ് "  ഇതാ മറുപടി വന്നിരിക്കുന്നു . "ഞാൻ ചെയ്യുന്നതിൽ തനിക്കെന്താടോ ഇത്ര വിഷമം..? എനിക്ക് ഒരുകാര്യം മനസിലായി .ചവിട്ടിയത് മൂർഖന്റെ പുറത്തായിരുന്നു എന്ന്. എന്നാലും വിട്ടില്ല , ആ സമയത്തു മനോരമയിൽ ഒരു പരമ്പര ഉണ്ടായിരുന്നു വൈറൽ എല്ലാം റിയൽ അല്ല എന്ന പേരിൽ .അതിൽ ഡ്വെയ്ൻ ജോൺസന്റെ കാര്യം പറയുന്ന ഭാഗം ഫോട്ടോ എടുത്തു ഭക്തന് കമന്റ് ചെയ്തു . ഭക്തൻ ചൂടായി  "താൻ ആദ്യംപോയി വിശ്വാസം എന്താണെന്നു  പഠിക്ക് .. ഇവിടെ ഞാൻ വിശ്വസിച്ചാണ് ആമേൻ എന്ന് ടൈപ്പ് ചെയ്തത്..താൻ  തന്റെ പണി നോക്ക്" ഞാൻ പണിനിർത്തി . ഭക്തി മൂത്തു വട്ടുപിടിച്ച മല വാണങ്ങളോട് എന്ത് പറഞ്ഞാൽ മനസിലാകും.?  വിശ്വാസം അതല്ലേ എല്ലാം.!                                                                                                                                                                           

                                                                                     ഡ്വെയ്ൻ ജോൺസൻ എന്ന ഫേസ്ബുക് അക്കൗണ്ട് പോലും ഫേക്ക് ആയിരുന്നു. ഇദ്ദേഹത്തിന്റെ യഥാർത്ഥ അക്കൗണ്ട്, ഡ്വെയ്ൻ ദി  റോക്ക് ജോൺസൻ(dwayne the rock johnson )  എന്നപേരിലാണ്. win ഉം amen ഉം ടൈപ്പ് ചെയ്ത് ഡോളർ കാത്തിരിക്കുന്ന മരഊളകളും  മര വാഴകളും മരക്കഴുതകളും മല വാണങ്ങളും ഭക്തശിരോമണികളും ഇവിടെ ഉള്ളിടത്തോളം കാലം ഇങ്ങനെയുള്ള പുതിയ പുതിയ തട്ടിപ്പുകൾ വന്നുകൊണ്ടിരിക്കും..! അവസാനം ജോൺസൻ തന്നെ ഈ തട്ടിപ്പിനെതിരെ വീഡിയോ ഇട്ട് പ്രതികരിക്കേണ്ടി വന്നു.


സാമാന്യ ബുദ്ധിയുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണ്കറൻസി നോട്ടുകൾ പ്ലെയിൻ കവറിൽ ഇട്ടു പോസ്റ്റലായി അയക്കാൻ പാടില്ല എന്നത്. ഇവിടെ ജോൺസൻ പൈസ കൊടുക്കുന്നത് പോസ്റ്റലായും വീട്ടിൽ നേരിട്ടുവന്നുമാണ്....കൊറിയറായും പൈസ കൊണ്ട് വരുന്ന പടമൊക്കെയുണ്ട് എങ്ങനെയും പത്തു പൈസ ഉണ്ടാക്കുക എന്ന അതിമോഹമാണ് മോനേ ഇതൊക്കെ....പൈസ ഉണ്ടാക്കാൻ  മോനേ തൊഴിലുറപ്പിന്പോകൂ. മേസ്തിരിക്ക് സിമെന്റ് കൂട്ടിക്കൊടുത്താൽ പോലും കിട്ടും 750 രൂഭാ.....വേണ്ട, വെറുതെയിരിക്കുന്ന ഓന്തിനെ ഓടിച്ചു കയ്യാലപ്പൊത്തിൽ കയറ്റിയാൽ കിട്ടും 1000 രൂഭാ .. WIN  എന്നെഴുതി ദേഹം അനങ്ങാതെ പണക്കാരനാകാൻ നോക്കുവാ അല്ലേ .എന്തായാലും അന്നുമുതൽ ഞാൻ ലോക കോടീശ്വരന്മാരുടെ പട്ടിക അപ്ഡേറ്റ് ചെയ്യുന്നത് നോക്കുന്നുണ്ട് .ഏതെങ്കിലും കായംകുളംകാരൻ ഉണ്ടോന്നറിയാൻ.!

കഴിഞ്ഞ ദിവസം എന്റെയൊരു സുഹൃത്തിന് ഒരു മെസ്സേജ് -താങ്കളുടെ ഫോൺനമ്പർ ഞങ്ങളുടെ ലക്കി നറുക്കെടുപ്പിൽ (facebook lottery ) ഒന്നാം സ്ഥാനം നേടിയിരിക്കുന്നു .2 കോടി രൂപയാണ് സമ്മാനമായി കിട്ടാൻ പോകുന്നത്.  ക്ലെയിം ചെയ്യുന്നതിനായി നിങ്ങളുടെ മെയിൽ ഐഡി കൊടുക്കുക . മെയിൽ ഐഡി കൊടുത്തു ....ദാ വരുന്നു അടുത്തത് , നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസും, പാൻ നമ്പറും  പ്രോസസിങ് ചാർജ് ആയി 40000 രൂപയും ഉടൻ അയക്കുക..എന്റെ സുഹൃത്ത് വിവരമുള്ള ആളായിരുന്നു താൻ ഇങ്ങനെ മെസ്സേജ് ചെയ്തു, "സർ എനിക്ക് അടിച്ചെന്ന് പറയുന്ന 2 കോടി രൂപയിൽനിന്നും 40000 രൂപാ എടുത്തിട്ട് ബാക്കി 19960000 എന്റെ അക്കൗണ്ടിൽ ഇട്ടാൽ മതിയാകും "ക്ലോസ്സ് -പിന്നെ ഒരു മെസ്സേജുപോലും ഇന്നേവരെ വന്നിട്ടില്ല. നമ്മുടെ കായംകുളം ഭക്തൻ ആയിരുന്നെങ്കിൽ 40500  രൂപാ അയച്ചുകൊടുത്തേനെ..! ഫേസ്ബുക് മൊതലാളി സുക്കറണ്ണൻ ലോട്ടറി കാര്യത്തെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ല...പിന്നെയാ അവന്റെയൊരു..!!

അടുത്ത വ്യാജൻ ഇങ്ങനെ - സേലത്തുള്ള................എഞ്ചിനീറിംഗ്‌കോളേജിൽ പഠിക്കുന്ന സബിൻ  എന്ന വിദ്യാർത്ഥി കണ്ടുപിടിച്ചതാണ് ഇത്. ഈ മെസ്സേജ് 10 ഗ്രൂപ്കളിൽ ഷെയർ ചെയ്യുക എന്നിട്ടു നിങ്ങളുടെ ഫോണിന്റെ ചാർജ് നോക്കുക അത് ഫുൾ ആയിരിക്കും .ഞാൻ അത്ഭുതപ്പെട്ടുപോയി . ഇത് സത്യം സത്യം സത്യം ഫുൾ ആകാത്തവർ താഴെയുള്ള നമ്പറിൽ വിളിക്കുക .സാറേ ..മെസ്സേജ് ഷെയർ ചെയ്താൽ ബാറ്ററി ഫുൾ ആകുമെങ്കിൽ പിന്നെന്തിനു മൊബൈലിനു ചാർജർ......?

തീർന്നില്ല , ലൂസിഫർ 100 കോടി ക്ലബ്ബിൽ കയറിയതിന് മോഹൻലാൽ നിങ്ങള്ക്ക് നൽകും 500 രൂപാ talktime , 400 ജിബി ഡാറ്റാ യും ....ഞാൻ അത്ഭുതപ്പെട്ടുപോയി....നിങ്ങൾ ചെയ്യേണ്ടത് എന്തെന്നാൽ ഈ മെസ്സേജ് 10 ഗ്രൂപ്കളിൽ ഷെയർ ചെയ്യുക.എന്നിട്ടു നിങ്ങളുടെ ബാലൻസ് നോക്കുക. സിനിമാ താരങ്ങൾക്കു നെറ്റോഫർ കൊടുക്കാൻ പറ്റുമായിരുന്നെങ്കിൽ  3G ,4G 2G സ്‌പെക്ടര്ത്തിനു കേന്ദ്ര ഗവണ്മെന്റ് ലേലം വിളിക്കുന്നത് നേരമ്പോക്കിനാണോ സാർ ...?? നേരത്തെ കായംകുളം കൊച്ചുണ്ണി 100 കോടി ക്ലബ്ബിൽ കയറിയതിനു നിവിൻപോളിയും ഓഫർ കൊടുത്തെന്നു തോന്നുന്നു ....!!!വിവരമില്ലാത്ത ടീമുകൾ ഇതെല്ലാം കൊണ്ടുപിടിച്ചു ഷെയർ ചെയ്യും. 

മലയാളിയുടെ അടുത്ത് ഇതെല്ലാം നടക്കും...സാമാന്യ യുക്തി പോലും പ്രയോഗിക്കാതെ നമ്മൾ ഇതെല്ലം ചാടിക്കേറി ഷെയർ ഉം ചെയ്യും.ഏക്ക്പൂക്ക് അറിയാത്തവനും ഇതെല്ലം സത്യമാണെന്നു കരുതി അങ്ങ് പ്രചരിപ്പിക്കുവാ. ഇന്റെർസ്കൂൾസ് എന്ന പേരിൽ ഒരു വാട്സ്ആപ് ഗ്രൂപ്പ് ഇറങ്ങിയിട്ടുണ്ട് ഇത് IS ന്റെയാണ് ..ഇതിന്റെ ലിങ്ക് വന്നാൽ അക്‌സെപ്റ് ചെയ്യരുത് . ഒരിക്കൽ ആഡ് ആയാൽ  LEFT ആകാൻ കഴിയില്ല ...മാക്സിമം ഷെയർ ....പോപ്‌കോൺ കാർണിവൽ എന്നപേരിൽ ഒരുലിങ്ക് വന്നാൽ ചെക്ക് ചെയ്യരുത് . അത് മുഴുവൻ വൈറസ് ആണ് ....ഓർഗാനിക് വെളിച്ചെണ്ണ കുടിച്ചാൽ ക്യാന്സറിനെ തടയാം, ഒരു ആഗ്രഹം സമർപ്പിച്ചു  ഈ ഫോട്ടോ ഷെയർ ചെയ്യൂ ....നിങ്ങളുടെ ആഗ്രഹം സഫലമാകും .....ഈ ഫോട്ടോയിൽ കാണുന്ന ചേട്ടന് ജന്മനാ ഹൃദയമില്ല ...(മനഃസാക്ഷിയില്ലാത്തവൻ ).ഹൃദയം ഫിറ്റുചെയ്യാൻ ഏഴുകോടി രൂപവേണം.. ഹൃദയം ഇല്ലാത്ത ചേട്ടന് ഹൃദയം ഫിറ്റുചെയ്യാൻ തലച്ചോറില്ലാത്ത കുറേപ്പേർ പോസ്റ്റ് ഷെയർ ചെയ്യും.


വേറൊരു കൂട്ടരുണ്ട് അഞ്ചും ആറും വർഷങ്ങളായി കറങ്ങിനടക്കുന്ന മെസ്സേജുകൾ വീണ്ടും കുത്തിപ്പൊക്കി വിടുന്നവർ. എനിക്ക് സൂപ്പർ ബുദ്ധിയാണ് എന്ന മട്ടിൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സ്റ്റാർ ആകാനുള്ള തത്രപ്പാടാണ് ഇതിനുപിന്നിലെ ചേതോവികാരം . വ്യാജ വാർത്ത ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് ഇവർ അറിഞ്ഞ ഭാവമേയില്ല. 2018 ഡിസംബർ 31 ന് അതിഭീകരമായ ഒരു സുനാമി ഉണ്ടാകുമെന്നും ഇന്ത്യയുടെ ഷേപ്പ് പോലും മാറിപ്പോകും എന്നൊക്കെപറഞ്ഞു ആളെപേടിപ്പിക്കാൻ  ഒരു ലെറ്റര്പാഡ് വ്യാജൻ ഇറങ്ങിയിരുന്നു ..അതിന്റെ സത്യാവസ്ഥ ഇതുവരെ ആർക്കും അറിയില്ല.

ഫേസ്ബുക് അഡിക്ഷൻ ആയി അമിതാവേശം കാണിച്ചവരുടെ ജീവിതം,നായ നക്കിയതിനു തുല്യമായ വാർത്തകൾ നമ്മൾകണ്ടു  വരുകയാണ് ."ഫേസ്ബുക് വഴി പരിചയപ്പെട്ട-മിസ്ഡ് കോൾ  വഴി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു .....ഒരു വർഷമായി പീഡിപ്പിച്ചുവരികയായിരുന്നു"...... പിന്നെ എപ്പോളാണ്  പരാതി കൊടുക്കണമെന്ന് തോന്നിയത് ..??? വാഗ്ദാനക്കാരൻ നാടുവിട്ടപ്പോൾ ,കോൾ എടുക്കാതായപ്പോൾ ,സിം മാറ്റിയപ്പോൾ ....!!!ഇതിനു ജീവിതം നായ നക്കി എന്നുതന്നെ പറയാം ..ഗുഡ്‌മോർണിങ് മുതൽ ഗുഡ് നൈറ്റ് വരെ ഫേസ്ബുക്കിൽ മേയുന്നവരുടെ  തല മരവിച്ചുപോയാൽ അത്ഭുതമൊന്നുമില്ല . സുബോധത്തിന്റെ IC പോയാൽ ഇതല്ല ഇതിലപ്പുറവും സംഭവിക്കാം.

കഴിഞ്ഞ ദിവസം കോട്ടയത്തെ കോത്തലയിൽ ഒരു ചേട്ടന് വ്യാജൻമ്മാരുടെ പണികിട്ടി .13000 രൂപയുടെ മൊബൈൽ 4000 രൂപയ്ക്കു കൊടുക്കുന്നു എന്ന്  പറഞ്ഞ പരസ്യത്തിലെനമ്പറിൽ മിസ്ഡ്‌കോൾകൊടുത്തു. ചേട്ടൻ രൂപ കരുതിവെച്ചു ,സാധനം പോസ്റ്റലായി വന്നു .കാശ് കൊടുത്തു പാക്കറ്റ് വാങ്ങി പൊട്ടിച്ചുനോക്കിയ ചേട്ടൻ ഞെട്ടൽ രേഖപ്പെടുത്തി .തകിടിന്റെ കുറെ രൂപങ്ങളും ..ഒരു ആമയുടെ പ്രതിമയും ....നൈസ് തട്ടിപ്പ്.. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഇറക്കി പാവങ്ങളെ കബളിപ്പിച്ചു കാര്യം സാധിക്കുന്ന ക്രിമിനൽസ് ജനകീയമായ ഓൺലൈൻ ഷോപ്പിംഗ് സൗകര്യങ്ങൾ നമുക്കുചുറ്റുമുണ്ട് ആമസോൺ, ബജാവോ ഫ്ലിപ്കാർട് , മിൻത്ര സ്നാപ്ഡീൽ etc .....  ഇവയൊക്കെ നമുക്ക് വിശ്വസിച്ചു കൈകാര്യം ചെയ്യാവുന്ന ഓൺലൈൻ ബിസിനസ് സംരംഭങ്ങൾ  ആകുന്നു . ഇവയൊന്നുംനോക്കാതെ പരസ്യത്തിലെ വ്യാജ നമ്പറിൽ മിസ്ഡ്‌കോൾ കൊടുക്കുന്നവർക്ക് കിട്ടുന്ന  പണിയാണ് ഇതൊക്കെ.......


പണ്ടുകാലത്തു റേഡിയോ ബുക്ക് ചെയ്തവർക്ക് ചുടുകട്ട പോസ്റ്റലായി കിട്ടിയ കാര്യം കേട്ടിട്ടുണ്ട് . ഇന്ന് വ്യാജൻമാർ കുറേകൂടിപ്രവർത്തനം വിപുലമാക്കിയിട്ടുണ്ട് .നമ്മളോർക്കും തട്ടിപ്പിന് ഇരയാകുന്നത് വലിയ വിവരമൊന്നും ഇല്ലാത്തവരായിരിക്കുമെന്നു . എന്നാൽ, അദ്ധ്യാപകർ ബാങ്ക് ജോലിക്കാർ സർക്കാർജോലിക്കാർ ഡോക്ടർമാർ  എന്ന് വേണ്ട സമൂഹത്തിലെ ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുപോലും വ്യാജൻമ്മാരുടെ ലീലാവിലാസങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് . 

പിന്നെ നമ്മൾ മലയാളികൾക്ക് പ്രത്യേകമായുള്ള ഒരു സ്വഭാവമുണ്ട് . എത്ര അനുഭവങ്ങൾ ഉണ്ടായാലും ഒന്നും പഠിക്കില്ല . പിന്നെയും തലവെച്ചുകൊടുക്കും .തലവെച്ചു തലവെച്ചു തല തലയിണപ്പരുവം  ആയാലും ദുരഭിമാനം പറഞ്ഞു വീണ്ടും കളത്തിൽ ചാടും .നാലാളുടെ മുന്നിൽ എങ്ങനെയൊക്കെ പൊങ്ങച്ചം കാണിക്കാമെന്ന് എല്ലാവരും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു . ജീവിതം മുഴുവനും ആഘോഷമാക്കുന്ന ഒരുതരം മാനിയ . മരണവീടുകളിൽ നിന്നുള്ള സെൽഫികൾ ,(ഇതിനു അപാര തൊലിക്കട്ടി വേണം ) എ പ്ലസ് കിട്ടിയ കാര്യം നാലുപേരെ അറിയിക്കാനുള്ള ഫ്ളക്സ് കെട്ടലൊക്കെ ഒരു 15 വര്ഷം മുമ്പുവരെയൊന്നും ഇവിടെ നടപ്പിലില്ലാത്ത കാര്യമായിരുന്നു . എന്നാൽ അതെല്ലാം ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. ലൈവ് വീഡിയോയുടെ കാര്യം   പറയുകയും വേണ്ട .സോഷ്യൽമീഡിയയിൽ ഇന്ന് എന്തെങ്കിലും വെളിവുകേട്‌ പറയുക ,നാളെ അത് തിരുത്തിക്കൊണ്ടു വേറൊരു ലൈവ് വീഡിയോയുമായി വരുക ഇതൊക്കെ ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുന്നു.എങ്ങനെയെങ്കിലും ഫേമസ് ആകാനുള്ള ശ്രമമാണ്. 

അക്ഷയതൃതീയ
 
ഇനി അൽപ്പം പുരാണം പറയാം. ശ്രെദ്ധിച്ചു കേട്ടോണം. 
വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് (ചാന്ദ്രദിനം ) അക്ഷയതൃതീയ . ഈ ദിവസം ചെയ്യുന്ന സൽക്കർമങ്ങളുടെ ഫലം ക്ഷയിക്കുകയില്ല എന്ന് പുരാതന വിശ്വാസം. വിഷ്ണുധർമ സൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യ പരാമർശം . മത്സ്യപുരാണത്തിലും (chap65)  നാരദീയപുരാണത്തിലും (chap 1)ഭവിഷ്യോത്തരത്തിലും (chap 30) അക്ഷയതൃതീയപരാമർശ വിഷയമാണ് . അന്നേദിവസം എല്ലാ ക്ഷേത്രങ്ങളിലും വിശേഷാൽപൂജ നടക്കാറുണ്ട്. നമ്മുടെ വിഷയം ഇതൊന്നുമല്ല .അക്ഷയതൃതീയ എന്ന ദിവസത്തെ സ്വർണ്ണം വാങ്ങലുമായി കൂട്ടിമുട്ടിച്ചു ഇന്ന് സമൂഹത്തിൽ -പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ വലിയ  മുതലെടുപ്പ് നടക്കുന്നുണ്ട് . മനുക്ഷ്യന്റെ ഭക്തി എന്ന വികാരത്തെ എങ്ങനെ, യാതൊരു സംശയവുമില്ലാതെ  മുതലെടുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അക്ഷയതൃതീയയിലുള്ള സ്വർണക്കച്ചവടം .

ഒരു 17 വർഷത്തിന് പുറകിൽ ഇങ്ങനെയൊരു ആചാരം നിലവിലില്ലായിരുന്നു ഇതിനെക്കുറിച്ച് ശ്രീ. ജോയ് ആലുക്കാസ് പറയുന്നത് കേൾക്കൂ "2002 ൽ world gold council ന്റെ റീജണൽ മാനേജർ ആയിരുന്ന ശിവറാം എന്നയാളിന്റെ തലയിൽ ഉദിച്ച ബുദ്ധിയാണ് ഇത്" അക്ഷയതൃതീയ ദിവസം അൽപ്പമെങ്കിലും സ്വർണം വാങ്ങണമെന്നൊരു അന്ധവിശ്വാസം മലയാളികളുടെ മനസ്സിൽ വേരുറച്ചുപോയിരിക്കുകയാണ് .അക്ഷയതൃതീയഎന്ന ദിവസത്തിന്റെ പ്രത്യേകത മനസിലാക്കി അതിനെ സ്വർണക്കച്ചവടത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന ടാർജെറ്റിൽ ശിവറാം വിജയിച്ചു ....തോറ്റുപോയത് അന്ധവിശ്വാസികളായ മലയാളികളുടെ ബുദ്ധിയും ...!!!??? മാധ്യമങ്ങൾ കൊടുക്കുന്ന പ്രചാരവും കൂടിയാകുമ്പോൾ അക്ഷയതൃതീയ ദിവസം സ്വർണം വാങ്ങാൻ ജനം കടക്ക് മുന്നിൽ തടിച്ചുകൂടുന്നു ..ജോയ് ആലുക്കാസിന്റെ വാക്കുകളിൽ പറഞ്ഞാൽ " മുൻകൂട്ടി ബുക്കിങ് വരെയുണ്ട് " എന്തിനേയും അന്ധവിശ്വാസത്തിനിന്റെ കണ്ണിൽകൂടികാണുന്നവരെ മുതലാക്കാൻ ഇതിലും നല്ലൊരു ദിവസമില്ലെന്നു ഇവർകരുതുന്നു . "ഇന്ത്യയിലെ മഹത്തായ അന്ധവിശ്വാസ വ്യവസായം " എന്ന് ഇതിനെ "വേണമെങ്കിൽ" വിളിക്കാമെന്ന് ജോയ് ആലുക്കാസ് തന്നെ അവസാനം സമ്മതിക്കുന്നു (The  great indian superstitious  industry )


സത്യം എന്താണ് .....?? സ്വർണം എന്നും നല്ലൊരു മൂലധനമാണ്, കരുതൽധനമാണ് എന്നാൽ ഒരു പ്രത്യേക ദിവസം ഇത് വാങ്ങിയാൽ യാതൊരു മെച്ചവുമില്ല .ഏതു ദിവസം വേണമെങ്കിലും സ്വർണം വാങ്ങാം . ഒരുകാര്യം മാത്രം നോക്കിയാൽമതി "പോക്കറ്റിന്റെ കനം" . അക്ഷയതൃതീയയും സ്വർണവുമായി യാതൊരു ബന്ധവുമില്ല . അക്ഷയതൃതീയയിൽ ചെയ്യുന്ന കാര്യങ്ങളുടെ ഫലം നീണ്ടുനിൽക്കുന്നു എന്ന പഴുതിൽക്കൂടെയാണ് സകലമാന ജൂവലറിക്കാരും മലയാളികളുടെ പോക്കറ്റിൽ കയ്യിടുന്നത് . കൈയിടുന്നു എന്ന്  പറയാൻ കഴിയില്ല .മലയാളി അങ്ങോട്ടുചെന്നു "ദാ എന്റെ പോക്കറ്റ്.. നിങ്ങള്ക്ക് ആവശ്യമുള്ളത് എടുത്തോളൂ എന്ന് പറയുന്നതല്ലേ  ...? അക്ഷയതൃതീയയുടെ തലേ ദിവസമോ പിറ്റേ ദിവസമോ സ്വർണം വാങ്ങിയതുകൊണ്ടു ഒന്നും സംഭവിക്കില്ല എന്ന് വിവരമുള്ളവർക്കറിയാം . നമുക്ക്   ഒരുനേട്ടവും ഉണ്ടാകില്ല....... നേട്ടമുള്ളതു ജൂവല്ലറിക്കാരന് മാത്രമാണ് . ഒരു സീസണിലെ മൊത്തം വരവിനേക്കാൾ ഈ ഒറ്റ ദിവസംകൊണ്ടു ജൂവലറിക്കാരന്റെ മേശനിറയുന്നു . കോട്ടയം നാഗമ്പടം ബസ്സ്റ്റാൻഡിൽ പ്രാക്ടീസ് ചെയ്യുന്ന കൈനോട്ടക്കാരൻ പുതിയ ടച്ച് ഫോൺ വാങ്ങിയത് മലയാളി അച്ചായനെ കുപ്പിയിലിറക്കിയിട്ടാണെന്നു ഒരു വാർത്ത പ്രചരിക്കുന്നുണ്ട്.

പുര കത്തുമ്പോൾ വാഴവെട്ടുന്നവർ 

ഏതാനും   ആഴ്ചകളായി  നമ്മുടെ നാട് നിപ്പ വൈറസ് ഭീതിയിലാരുന്നു . ചിലരൊക്കെ സംശയാസ്പദമായി ആശുപത്രികളിൽ നിരീക്ഷണത്തിലായിരുന്നു . ഭാഗ്യം, ആർക്കും വൈറസ് ബാധയില്ലെന്നു തെളിഞ്ഞു . നമ്മുടെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും  ആരോഗ്യ മന്ത്രി ശ്രീമതി. ശൈലജ ടീച്ചറും സർക്കാർതലത്തിൽ പ്രഖ്യാപനം നടത്തി . "നിപ്പ വൈറസ് -ഭീതി വേണ്ട ,ജാഗ്രത മതിയെന്ന് " നമ്മുടെ പ്രധാനമന്ത്രി ശ്രീ മോഡിജി സംസ്ഥാനത്തിന് എല്ലാ സഹായ വാഗ്ദാനവും നൽകിയിട്ടുണ്ട് .പക്ഷെ ഇതുകൊണ്ടൊന്നും സോഷ്യൽമീഡിയ അടങ്ങുന്ന ലക്ഷണമില്ല . ജാഗ്രതവേണ്ട ,ഭീതിമതി എന്നാണവരുടെ ലൈൻ . പ്രചരിക്കുന്ന മെസ്സേജ് ഇങ്ങനെ .  ഇപ്പോൾ കിട്ടിയ വാർത്ത  "............."മെഡിക്കൽ കോളേജിലെ 4  രോഗികൾക്ക് നിപ്പ സ്ഥിതീകരിച്ചു ..കോഴികളിൽ നിന്നാണ് വൈറസ് പകരുന്നത് .കോഴിയിറച്ചി ആരും തിന്നുപോകരുത് . എന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അനന്ത ബസു .
സത്യം ഇതാണ് . ഇതുവരെയുള്ള എല്ലാ ടെസ്റ്റുകളിലും ഫലം നെഗറ്റീവ് ആണ്. ച്ചാൽ ....ആർക്കും വൈറസ് ബാധയില്ല .പിന്നെ ആർക്കാണ് ബാധ .....?വേറെപണിയൊന്നും ഇല്ലാതെ ഫോണിൽ തോണ്ടിയിരിക്കുന്ന വാട്സ്ആപ് ജീവികൾക്ക് .വവ്വാലുകളെ നിരീക്ഷിച്ചു വരുന്നു ,ച്ചാൽ ....കോഴികൾക്ക് ഇതിൽ യാതൊരു പങ്കുമില്ല . പിന്നെ നമ്മുടെ വൈറോളജി   ഡിറക്ടറിന്റെ പേര് ATANU BASU എന്നാണ് (അല്ലാതെ അനന്തു ബസു ഒന്നുമല്ല )പുരകത്തുമ്പോൾ വാഴവെട്ടി ശീലിച്ച ഏതോ പൊന്നുമോനാണ് ഈ മെസ്സേജ് ബാധയുടെ പിന്നിൽ .

ഫ്രൂട്ടിയിലും കാഡ്‌ബറിയിലും HIV രക്തം കലർത്തിയ തൊഴിലാളി....!!!

ഡൽഹി പോലീസ് പുറത്തുവിട്ട വിവരം "ഫ്രൂട്ടി ഉല്പന്നങ്ങളിലും കാഡ്‌ബറിയിലും HIV രക്തം കലർന്നിട്ടുണ്ട്  . കമ്പനിയിലെ ഒരു HIV ബാധിത തൊഴിലാളിയാണ് ഇങ്ങനെ ചെയ്‌തത്‌..."  വാർത്തക്ക് ഒരു ഗുമ്മ് കിട്ടാൻ NDTV യെയും ബിബിസി യെയും കൂട്ടുപിടിച്ചിട്ടുണ്ട് .(ഭാഗ്യം "നാസ" യുടെ കാര്യം പറഞ്ഞിട്ടില്ല ) നല്ല പ്രവർത്തനം കാരണം പിരിച്ചുവിടപ്പെട്ട  ആരോ കമ്പനിക്കിട്ടു 16 ന്റെ പണികൊടുത്തതാകാം ... . !!സോഡാ നാരങ്ങാവെള്ളം കിട്ടുന്ന കടയിൽപ്പോലും  CC ക്യാമറ യുള്ള ഈകാലത്തു ,എയ്ഡ്സ് രക്തം കലർത്തുക , ഫ്രൂട്ടി -കാഡ്‌ബറി പോലുള്ള വൻ  ബ്രാൻഡുകളിൽ എയ്ഡ്സ് രോഗി ജോലി ചെയ്യുക ,  ആ വാർത്ത ഒരു ന്യൂസ് ചാനലിലും വരാതിരിക്കുക ....ഡെൽഹിപോലീസ് ഇന്നലെ (ഏത് ഇന്നലെ ) പുറത്തുവിട്ടതേയുള്ളു ഈ വാർത്ത ഹോ ....അകെ മൊത്തം റ്റോട്ടൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് .....!!!!!

എയ്ഡ്സ് രക്തം കലർത്തുന്നതിനേക്കാൾ ഭീകരമായിപ്പോയി ഇതെല്ലാം ഷെയർ ചെയ്യുന്നത് . എനിക്കും കിട്ടി പലഗ്രൂപ്കളിൽനിന്നും ഈ രക്തം ....ചിലരെ ഉപദേശിച്ചു...ചിലരെ പ്രാഥമിക ശുശ്രുഷ നൽകി വിട്ടയച്ചു.

    ചുവന്നശരി  വന്നാൽ പോലീസ്‌കാർ പിടിക്കും

ഇതാവരുന്നു  വാട്സാപ്പിന്റെ പുതിയ പരിഷ്‌കാരം ...നമ്മൾ അയക്കുന്ന മെസ്സേജിന് ഒരു ചുവന്ന  ശരി (red tick)വീണാൽ നമ്മളുടെ മെസ്സേജ് ഗവണ്മെന്റ് ഏജൻസി വായിക്കുന്നു ..വൈകാതെ പോലീസ്‌കാർ വണ്ടിയുമായിവന്നു നമ്മളെ ആനയിച്ചു കൊണ്ടുപോകുന്നു. ഇതാണ് സംഭവം ......

നമ്മൾ ഒരു മെസ്സേജ് അയക്കുമ്പോൾ ഒരു ടിക്ക് വീണാൽ മെസ്സേജ് സെൻറ് എന്നും രണ്ടു ടിക്ക് വീണാൽ മെസ്സേജ് ഡെലിവെർഡ് എന്നും നീല നിറത്തിൽ രണ്ടു ടിക്ക് വീണാൽ മെസ്സേജ് മറുപുറത്തുള്ള ആൾ വായിച്ചു എന്നുമാണ് അർത്ഥം . ഇവിടെ തട്ടിപ്പു വീരൻമ്മാർ ടിക്കുകൾ വെറുതെ വാരിവിതറിയിരിക്കുന്നു .....!!!!! അവസാനം ഒരു ചുവന്ന ടിക്ക് കൂടെ പോലീസ്  പിടിക്കും പോലും.
മാത്രമോ നമ്മുടെ ചീള് മെസ്സേജ് എല്ലാം ഗവണ്മെന്റ് ഏജൻസി വായിക്കുകയും ചെയ്യും.
ഇന്നും ആരുടെയൊക്കെയോ വാട്സാപ്കളിൽ ഈ മെസ്സേജ് വന്നു കാണും.....നമ്മൾ ഷെയറിച്ചും കാണും  ഇങ്ങനെ ഗതി കിട്ടാതെ ഒത്തിരി അനാഥ പ്രേത മെസ്സേജുകൾ കറങ്ങി നടക്കുന്നുണ്ട് ........!!!
ആരൊക്കെയോ പടച്ചുവിടുന്ന മണ്ടത്തരങ്ങൾ, ചീള് കേസുകൾ , നമ്മൾ കൊണ്ടുപിടിച്ചു് ഷെയറോട് ഷെയറെൽ ......


ഇങ്ങനെ നൂറുകണക്കിന്  വ്യാജ വള്ളിക്കെട്ടുകളിൽ തലവെച്ചു
കൊടുക്കുന്ന,കൊടുത്തുകൊണ്ടിരിക്കുന്ന മലയാളി ചേട്ടൻമ്മാരുടെയും ചേച്ചിമാരുടെയും കഥന കഥകൾ വന്നുകൊണ്ടിരിക്കുന്നു . അറിയാത്തപിള്ള ചൊറിയുമ്പോൾ അറിയും എന്ന് പറയാറുണ്ട് എന്നാൽ ഇവിടെ ചൊറിഞ്ഞിട്ടും  അറിയുന്നില്ല . ചൊറിഞ്ഞുകൊണ്ടുതന്നെ അടുത്ത ഇടപാടിന് കൈകൊടുക്കുന്നു . ആരെക്കൊന്നാലും വേണ്ടില്ല എന്റെകാര്യം നടക്കണമെന്നും ,എനിക്ക് മാക്സിമം ലാഭം കിട്ടണമെന്നും വെച്ച് സാമദ്രോഹികൾ പാഞ്ഞുനടക്കുമ്പോൾ സ്വന്തം ബുദ്ധിയും യുക്തിയും അടിയറവു വെക്കാത്ത ഒരു തലമുറ ഇവിടെ ഉണ്ടായില്ലെങ്കിൽ മലയാളിയും മലയാളത്തിന്റെ മഹത്വവുമൊക്കെ ചരിത്രത്തിൽ മാത്രം അവശേഷിക്കും . സ്മരണ വേണം .........!!!!!!!! സെൻസ് വേണം .....!!!!

നിർത്താൻ സമയമായി ....
വീണ്ടും മറ്റൊരു വിഷയവുമായി കാണുംവരെ എനിക്കൊന്നു നിർത്തണം .....
ഞാനൊന്നു നിർത്തുവാ ......





"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...