Monday, August 02, 2021

നമ്മുടെ അക്കൗണ്ടിലേക്ക് പൈസാ വന്നുകൊണ്ടേയിരിക്കും, മച്ചാനേ അതുപോരെ അളിയാ..?

തിരക്കിട്ടു പോകുമ്പോഴായിരുന്നു ആ ഫോൺവിളി....അടുത്ത ബന്ധുവാണ്. കോൾ എടുത്തില്ലെങ്കിൽ പിന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള വ്യാഖ്യാനങ്ങളും ഭാവനകളും പറഞ്ഞു വെറുപ്പിക്കുന്ന ടീമാണ്. ഒരു ജുദ്ധം ഒഴിവാക്കണം  അതിനു ഒറ്റ ബെല്ലിൽ തന്നെ കോൾ അറ്റൻഡ് ചെയ്തു. ഡാ...നീയിപ്പോൾ എവിടെയാണ്...?  നമ്മുടെ യമഹയുടെ ഇരുചക്ര "മെഴ്സിഡസ് ബെൻസ്" സൈഡിലേക്ക് ഒതുക്കിയിട്ടു നമ്മൾ മൊഴിഞ്ഞു  പെങ്ങളെയും അളിയനെയും കാണാനുള്ള പോക്കാണ്...അതെയോ....? ഓ.....!!പിന്നേ..ഞാനൊരു സന്തോഷ വാർത്ത പറയാൻ വിളിച്ചതാണ്.. ബന്ധു വിടാൻ ഭാവമില്ല. ഞാനിപ്പോൾ വണ്ടി ഓടിക്കുകയാണ് ഒരു അര മണിക്കൂർ കഴിഞ്ഞു വിളിക്കാമോ....വോക്കേ




ഞാൻ ഡ്രൈവ് തുടർന്നു.ഇനിയെങ്ങാനും ഇവർക്കു ലോട്ടറി അടിച്ചോ..? എങ്കിൽ ഒരു പത്തു ലക്ഷം ചോദിച്ചാലോ..? നമ്മുടെ സ്വസ്ഥത നശിച്ചു. കൃത്യം അരമണിക്കൂർ കഴിഞ്ഞപ്പോൾ ഇതാ വീണ്ടും വിളിക്കുന്നു. "ഡാ ഞാൻ പറയാൻ വന്നത്."  ഞാൻ ചെവി വട്ടം പിടിച്ചു. "വടക്കേ ഇന്ത്യയിൽ  മൂന്നു കമ്പനിയുള്ള ഒരാൾ കേരളത്തിലുള്ള സാധാരണക്കാരെ (നമ്മുടെ റേഷൻ കാർഡ് നീലയാണെന്നു പറഞ്ഞുകൊള്ളട്ടെ)  സഹായിക്കുന്ന ഒരു പരിപാടി തുടങ്ങിയിട്ടുണ്ട്"...ഓ...എന്നിട്ട്....ഞാൻ തള്ളിക്കൊടുത്തു. ബന്ധു തുടർന്നു.1650 രൂപ കൊടുത്തു നമ്മൾ ഇതിൽ ചേരണം....ആ പൈസയുടെ പ്രൊഡക്ടുകൾ നമ്മൾക്ക് കിട്ടും....നഷ്ടമൊന്നും ഇല്ല....  ഭയങ്കര ഓൺലൈൻ ക്ലാസ്സുകളൊക്കെയാണ്....ഇതൊരു ടീം വർക്കാണ്..പല ഗ്രൂപ്പുകളാണ്...സിൽവർ ഗോൾഡ് , ഡയമണ്ട് ..അങ്ങനെ പോകും...


ഡയറക്ട് മാർക്കറ്റിംഗ് പണി ചെയ്യുന്ന പെങ്കൊച്ചിനെപ്പോലെ, നിന്നേം കൊല്ലും ഞാനും ചാകും എന്ന മാതിരി നമ്മുടെ ബന്ധു നിന്നു പരവേശം കൊള്ളുകയാണ്. ഞാൻ ഇടയ്ക്കു കയറി, "പിന്നെ ഈ പരിപാടീടെ പേരെന്താണ്...? "പേര് ഞാൻ ഓർക്കുന്നില്ല..." ഒരു നാണവുമില്ലാതെ മറുപടിയും കിട്ടി.ഡാ...എന്റെ കൂടെ നീ ചേരണം...നിന്നെ ഞാനിങ്ങു എടുക്കുവാ....ഞാൻ നാലുപേരെ ചേർക്കണം...അവർ ഓരോരുത്തരും വേറെ നാലുപേരെ ചേർക്കണം...അപ്പോൾ നമ്മൾ ഒരു ലീഡർ ആയി.പിന്നെ നമ്മൾ ഒന്നും ചെയ്യണ്ട.നമ്മുടെ അക്കൗണ്ടിലേക്ക് പൈസ വന്നുകൊണ്ടേയിരിക്കും...


നമ്മൾക്ക് ഏകദേശം സംഗതിയുടെ ഇരിപ്പുവശം പിടികിട്ടി. "ഈ കമ്പനിക്ക് റിസേർവ് ബാങ്കിന്റെ അംഗീകാരമുണ്ടോ..."? ചുമ്മാ ഒരു ചോദ്യം എറിഞ്ഞു.  "അതെനിക്കറിയില്ല എന്നെ ചേർത്തത് അന്നമ്മാമ്മയാണ്.അതിനു മുകളിൽ തങ്കമ്മാമ്മയുണ്ട്". "ഞാനൊരു കാര്യം ചെയ്യാം,കോട്ടയം ജില്ലയുടെ ലീഡർ പൊന്നമ്മാമ്മയുടെ നമ്പർ തരാം..നീ നേരിട്ട് വിളിക്കണം....അമ്മാമ്മ സൂപ്പറാണ്...കാര്യങ്ങൾ നന്നായി പറഞ്ഞുതരും....!  എന്തുചെയ്യാനാണ് പൊന്നമ്മേടെ നമ്പർ തരാമെന്നു പറഞ്ഞിട്ടു ഇപ്പോൾ വർഷം ഒന്നായി.!!

ദുരന്തം നമ്പർ രണ്ട് 

നിങ്ങൾ ഒരു ആറായിരം രൂപ കൊടുത്തു ചേരണം. അതിനുള്ള പ്രൊഡക്ടുകൾ നമ്മൾക്കു കിട്ടും.എന്തൊക്കെയാണാവോ ആ പ്രൊഡക്ടുകൾ...? ഞങ്ങൾ കണ്ടു.. എണ്ണൂറ് രൂപയുടെ ഷാംപൂ, ആനയ്ക്ക് ഇടാൻ പരുവത്തിലുള്ള ഒരു ടീഷർട്ട്, ഷുഗറിന്റെ ഒരു ബോട്ടിൽ മരുന്ന്(ഷുഗർ ഇല്ലെങ്കിലും നമ്മൾക്കിത് തരും..എങ്ങാനും ഷുഗർ പിടിച്ചാലോ...ഹോ...കമ്പനിയുടെ ഒരു സ്നേഹമേ) ഹെയർ ഓയിൽ,  ബോഡി വാഷ്, മസ്സാജിങ് ക്രീം. അങ്ങനെ 6000 രൂപയുടെ സാധനങ്ങൾ നമ്മൾക്കു കിട്ടും.നമ്മൾ ചെയ്യേണ്ടത് നമ്മുടെ  ഇടത്തും വലത്തുമായി ഓരോ അംഗങ്ങളെ ചേർക്കണം.പിന്നെ  നമ്മളായിട്ടു ഒന്നും ചെയ്യേണ്ടതില്ല.നമ്മൾ ചേർത്തവർ ആരാണോ പിന്നെ അവരുടെ ഊഴമാണ്. നമ്മുടെ അക്കൗണ്ടിലേക്കു പൈസ വന്നുകൊണ്ടേയിരിക്കും.

തേക്കൽ  നമ്പർ മൂന്ന്  

നമ്മൾ 900 രൂപ കൊടുത്തു ചേരണം. അടുത്ത നാലുപേരെ ചേർക്കുന്ന ഘട്ടമാണ് ഇനി. നമ്മൾ ഇവരെ ചേർത്ത് കഴിയുമ്പോൾ നമ്മുടെ മുടക്കുമുതലായ 900 രൂപ തിരിച്ചുകിട്ടും. ഇനി നമ്മൾ ചേർത്ത ഓരോരുത്തരും വീണ്ടും ആളുകളെ ചേർത്തു തുടങ്ങുമ്പോൾ നമ്മൾക്കു അക്കൗണ്ടിൽ പൈസ വന്നുകൊണ്ടേയിരിക്കും. അത് ഡോളർ കണക്കിനാണ് വരുന്നത്. അതായത്, ഒരാൾ ചേരുമ്പോൾ നമ്മൾക്ക് 40 ഡോളർ കിട്ടും. അതിൽ 20 ഡോളർ നമ്മൾക്കും 20 ഡോളർ കമ്പനിക്കും.അതായത് ഒരുമാതിരി നക്കിത്തരം. 


തീർന്നില്ല ഒരെണ്ണം കൂടെയുണ്ടേ..ഇത് സർവത്ര ഓൺലൈൻ മയമാണ്. ആദ്യം 11250 രൂപ കൊടുത്തു കമ്പനിയിൽ ചേരണം. വെബ്‌കാർഡ് ബിസ്സിനെസ്സ് ആണത്രേ. എന്താണെന്നു ചോദിക്കരുത്. കമ്പനി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല. ലോഞ്ച് ചെയ്യുമ്പോൾ കൂടുതൽ പറയാം. പക്ഷേ യൂട്യുബിലും മറ്റും വിശദീകരണ വിഡിയോകൾ ധാരാളമുണ്ട്. നമ്മൾ ഈ വെബ്‌കാർഡുകൾ വാങ്ങി മറിച്ചു വിൽക്കണം. നമ്മൾക്ക് കമ്പനി തരുന്ന വിലയിൽനിന്നും കൂട്ടി നമ്മുടെ ലാഭവും കിട്ടുന്ന വിധത്തിലായിരിക്കണം ഇടപാട്. വിറ്റില്ല എങ്കിലും കുഴപ്പമില്ല. പല പ്ലാനുകൾ നിലവിലുണ്ട്. അതിൽ ഒന്ന് കണ്ടു നോക്കൂ..."This is an income without doing anything." എന്നാണ് ഇവരുടെ ഒരു പരസ്യ ഭാഗത്തിൽ  പറയുന്നത്. വെബ്‌കാർഡ് ബിസ്സിനെസ്സ് ചെയ്യുന്നതുകൂടാതെ കമ്പനിയുടെ ലാഭവിഹിതം ഏകദേശം മൂന്നു ലക്ഷം രൂപ വരെ നമ്മൾക്ക് കിട്ടാം...കിട്ടും എന്നല്ല, കിട്ടാം...ഇനി കിട്ടിയില്ലെങ്കിലും കമ്പനിയുടെ നെഞ്ചത്തു ആരും കയറരുത്. അതാണ് ഈ   മുൻ‌കൂർ ജാമ്യം. നമ്മൾ ആരെയും ചേർക്കേണ്ട ആവശ്യമില്ല, കമ്പനിയെക്കുറിച്ചു ഇൻട്രൊഡ്യൂസ് ചെയ്താൽ മതി. വെറൈറ്റി ഐറ്റം ആയതുകൊണ്ട് ഇവരുടെ യൂട്യൂബ് വീഡിയോ ഒന്നുകണ്ടു നോക്കി. കമ്പനിയുടെ നടത്തിപ്പുകാരുടെ പിതൃക്കളെ പലരും സ്മരിക്കുന്നത് കാണാൻ കഴിഞ്ഞു.

ഒരു ദിവസം പ്രോഗ്രാം കഴിഞ്ഞു ജെറ്റ്‌പോലെ നമ്മൾ വരുകയാണ്. കവലയിലെ ഒരു ഓട്ടോ ചേട്ടൻ കൈകാണിച്ചു. വണ്ടി സൈഡിലേക്ക് ഒതുക്കാൻ പറഞ്ഞു. നമ്മൾ പരമാവധി ഒതുക്കി. അടുത്തുവന്നപാടെ ചേട്ടൻ കാര്യം അവതരിപ്പിച്ചു. ഇപ്പൊ നല്ല വെള്ള അരിയുടെ വില എന്താണ്..? കടയിൽ പോകാനായിരിക്കും എന്നു കരുതി ജയ,സുരേഖ, അഞ്ചാന ഇങ്ങനെ കുറെ വെള്ളരിയുടെ വിലയൊക്കെ നമ്മൾ പറഞ്ഞു. പിന്നെ ചേട്ടൻ പോയത് അരിമില്ലിലേക്കും ചരക്കു കൂലിയിലേക്കും ആന്ധ്രയിലെ നെൽപ്പാടങ്ങളിലേക്കുമായിരുന്നു. അവസാനമാണ് കാര്യം പറഞ്ഞത്. ഇടനിലക്കാരില്ലാതെ നല്ല വെള്ള അരി, ആട്ട, എണ്ണ ഇതൊക്കെ നമ്മുടെ വീട്ടിൽ കൊണ്ടുതരുന്ന ഒരു കമ്പനിയുണ്ട്. ഒന്നാം ക്ലാസ് സാധനമാണ്. ഇടനിലക്കാരില്ലാത്തതിനാൽ വിലയോ തുച്ഛം ഗുണമോ  മെച്ചം...!നമ്മൾ ആദ്യം കമ്പനിയിൽ ചേരണം. അവർക്കാണ് ഈ സാധനങ്ങൾ കിട്ടുന്നത്. നമ്മൾ ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു ഒരുതരത്തിൽ അവിടുന്ന് മുങ്ങി. പിന്നെയാണ് നാട്ടിൽ കൊറോണ വന്നതും പണികിട്ടിയതും. പിന്നെ നമ്മൾ ഇതൊക്കെ മറന്നു. ഈ ബ്ലോഗ് എഴുതിവന്നപ്പോളാണ് ഓർത്തത്. ഒരു സമാധാനം ഇതിനുള്ളത് എന്തെന്നാൽ അക്കൗണ്ടിലേക്ക് പൈസാ വന്നുകൊണ്ടേയിരിക്കുന്ന പരിപാടി ഇവിടെയില്ല എന്നതാണ്. 


ഇനി നമ്മുടെ കാര്യത്തിലേക്കു വരാം. നമ്മൾക്കൊരു ഉപകാരം ആയിക്കോട്ടെ എന്നുകരുതിയാകും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ മേൽപ്പറഞ്ഞ കാര്യങ്ങൾ നമ്മളെ പരിചയപ്പെടുത്തുന്നത്. നമ്മൾ കാശില്ലാതെ തെണ്ടിത്തിരിയണ്ടല്ലോ...? അക്കൗണ്ടിൽ നിറയെ പൈസ വന്നോളുമല്ലോ എന്നൊക്കെയാകാം അവർ വിചാരിച്ചത്, അപ്പോൾത്തന്നെ അവരുടെ ഭാഗവും തരക്കേടില്ലാതെ പോകുകയും ചെയ്യും. പക്ഷെ ഇവിടെ വലിയൊരു പ്രശ്നമുണ്ട്. മുടിഞ്ഞ ലാഭവിഹിതം, പണി ചെയ്യാതെ വരുമാനം, ബോണസ് ഇവയൊക്കെ ദൈവം തമ്പ്രാൻ തരുമെന്ന് പറഞ്ഞാലും പൂർണ്ണമായി വിശ്വസിക്കരുത്. കാരണം നിന്റെ  കയ്യിലിരിക്കുന്ന പൈസ എന്റെ പോക്കറ്റിൽ എങ്ങനെ വീഴ്ത്താം എന്ന് ഗവേഷണം ചെയ്യുന്ന ഒരുപാട് തട്ടിപ്പു സൈറ്റുകളും പ്രസ്ഥാനങ്ങളുമുണ്ട്. കയ്യിലിരിക്കുന്ന ചില്ലറയും പോയി മൂഞ്ചിയ ആത്മാക്കൾ ഒത്തിരിയുണ്ട് അതുകൊണ്ടാണു പറയുന്നതു. 


നമ്മുടെ രാജ്യത്ത് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI )എന്നൊരു സ്ഥാപനമുണ്ട്. ഓൺലൈൻ പണമിടപാടുകൾ, ഓൺലൈൻ നിക്ഷേപം സ്വീകരിക്കൽ  എന്നുവേണ്ട സകല സാമ്പത്തിക ഇടപാടുകളെയും കുറിച്ച് ഇവർ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എവിടൊക്കെ നിക്ഷേപിക്കാം എവിടൊക്കെ നിക്ഷേപിക്കരുത് ,അംഗീകാരമുള്ള ഫിനാൻഷ്യൽ കമ്പനികൾ ഏതൊക്കെ...ഇങ്ങനെ നൂറുകണക്കിന് വിവരങ്ങൾ RBI പ്രസിദ്ധീകരിച്ചിട്ടുണ്ട്.   അതിന്റെ സൈറ്റ് ലിങ്ക് സഹിതം താഴെ പോസ്റ്റ് ചെയ്തിരിക്കുന്നു.  മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നത് നല്ലതാണു, എന്നാലത് അവരുടെയും നമ്മളുടെയും സ്വസ്ഥതക്കു പാരവെച്ചുകൊണ്ടായിരിക്കരുത്. കുടുങ്ങിയാൽ ധന നഷ്ടം, ദേഹക്ഷതം  മാനഹാനി  (അങ്ങനെ ഒന്നുണ്ടെങ്കിൽ)  ഇതൊക്കെ സഹിക്കേണ്ടിവരും.


RBI യുടെ സൈറ്റിൽനിന്നും അടർത്തിയെടുത്ത ഏതാനും വരികൾ ഞാനിവിടെ ഉദ്ധരിക്കട്ടെ.. 

 9. Which are the NBFCs specifically authorized by RBI to accept deposits?

At times, some companies are temporarily prohibited from accepting public deposits. The Reserve Bank publishes the list of NBFCs temporarily prohibited also on its website. The Reserve Bank keeps both these lists updated. Members of the public are advised to check both these lists before placing deposits with NBFCs.

അവസാനത്തെ വരി കണ്ടോ, കയ്യിലിരിക്കുന്ന കായ് വല്ലവന്റെയും വായിൽ കൊണ്ടു വെക്കുന്നതിനുമുമ്പ് ഇവന്മ്മാർ ഉടായിപ്പാണോ എന്നറിയാൻ RBI യുടെ ലിസ്റ്റ് നോക്കണമെന്ന്.


നമ്മൾക്കു ആവശ്യമില്ലാത്ത കുറെ സാധനങ്ങൾ അടിച്ചേൽപ്പിക്കുന്ന പരിപാടിയാണ് ഇവിടെ മെയിൻ. അല്ലാതെ രണ്ടുരൂപയുടെ ക്ലിനിക് പ്ലസും 501 ബാർസോപ്പും തേക്കുന്ന നമ്മൾക്കെന്തിനാണ് എണ്ണൂറ് രൂഭയുടെ ഷാമ്പൂ..? ഷുഗറില്ലാത്ത നമ്മൾക്കെന്തോ കാണിക്കാനാണ് ആയിരം ഉറുപ്പികയുടെ ഷുഗർ മരുന്ന്...? ആനയ്ക്ക് പാകത്തിലുള്ള ടീഷർട്ട് നമ്മൾക്കിടാനാണോ അതോ ബെഡ്ഷീറ്റിനാണോ..? എവിടെയോ ചെലവാക്കാതെ കിടന്ന കുറെ പ്രൊഡക്ടുകൾ വിറ്റഴിക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്. അത് ശരിക്കും മനസ്സിലാകാത്ത മണകൊണാഞ്ചൻസ് ആയിരിക്കും  ഇവരുടെ വലയിൽ വീഴുന്നത്.പിന്നെ കൈ നനയാതെ,വിയർക്കാതെ അക്കൗണ്ടിൽ പൈസ വന്നാലെന്താ പുളിക്കുമോ..?

പല കമ്പനികളും, ലോഞ്ച് ചെയ്യാൻ പോകുകയാണ്, അല്ലെങ്കിൽ ചെയ്തതേയുള്ളു എന്നൊക്കെയാണ് പരസ്യത്തിൽ തട്ടി വിടുന്നത്. ഇതിനോടകം പലർക്കും പൈസ വന്നെന്നും, അങ്ങ് ഏറ്റുമാനൂരുള്ള ഒരു പെങ്കൊച്ചിനു ഒരു  ലക്ഷം രൂപ വരെ കിട്ടിയെന്നും താങ്ങും. ഈ പെങ്കൊച്ചിന്റെ ഡീറ്റെയിൽസ് ഒന്നും ചോദിക്കരുത് ബ്ലീസ്‌. ഒരു ഗുമ്മിനുവേണ്ടി തള്ളുന്നതാണ്. അങ്ങനെയൊരാളില്ല എന്നതാണ് സത്യം. വിശ്വാസം അതാണല്ലോ എല്ലാം. സത്യത്തിൽ കമ്പനിക്കു ഒരു ടാർജെറ്റ് ഉണ്ടാകും അത് തികയുമ്പോൾ അവർ നൈസായി മുങ്ങും. കോയമ്പത്തൂർ യൂണിവേഴ്സലും കേരളത്തിലെ പോപ്പുലർ ഫൈനാൻസും,ആപ്പിൾ ട്രീയും പോലുള്ള ഫിനാൻഷ്യൽ കമ്പനികൾ ജന വിശ്വാസമെടുത്തിട്ടു മുങ്ങിയവരാണ്. അങ്ങനെയുള്ളവരെയല്ല നമ്മളിവിടെ വിചാരണ ചെയ്യുന്നത്.


എങ്കിലും,നമ്മുടെ അക്കൗണ്ടിലേക്ക് പൈസ വന്നുകൊണ്ടിരിക്കും എന്നൊക്കെ പറയുമ്പോൾ ന്യായമായും ബുദ്ധിയൊന്നു വർക്ക് ചെയ്യേണ്ടതല്ലേ..ഉള്ളിൽ ബോധമുണ്ടാരുന്നു പുറമെ പറഞ്ഞില്ലെന്നേയുള്ളു. ആരും ആർക്കും ഫ്രീയായി ഒന്നും കൊടുക്കുന്നില്ല. ഇതൊരു നിത്യ സത്യമാണ്. തുണിക്കടയിൽ ചെന്നപ്പോൾ അവിടെ AC ഉണ്ടായിരുന്നു. കുടിക്കാൻ ബ്രൂ കാപ്പിയും കിട്ടി. തുണി ഇട്ടുതന്നതോ..നയൻതാരയുടെ  പടമുള്ള ഒരു കിടിലൻ കവറിലും. എന്താ ഇങ്ങടെ കുഞ്ഞമ്മേടെ വകയിലുള്ള കടയായിട്ടാണോ അങ്ങനെ ചെയ്തെ..? കുളിരുകോരിയ AC ക്കും മൂഞ്ചിയ കാപ്പിക്കും കവറിനുമെല്ലാം ഉൾപ്പടെയുള്ള വിലയാണ് നിങ്ങൾ അവിടെ വിരിഞ്ഞു നിന്ന് അടച്ചത്...അറിയാമോ..? അതുകൊണ്ടാണ് നമ്മൾ പറഞ്ഞത് ഫ്രീയായി ആരും ഒന്നും തരുന്നില്ലെന്നു.


ഇതുവരെ ലോകത്തിൽ ആരും അവതരിപ്പിച്ചിട്ടില്ലാത്ത സംഭവമാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. ഇതുവരെ ആരും കൊടുക്കാത്ത ഉയർന്ന ലാഭവിഹിതം ഞങ്ങൾ കൊടുക്കും. അതുപോരാഞ്ഞാൽ ബോണസ് വേറെയും. ഇങ്ങനെ അവകാശ വാദം  പറയുന്നുണ്ടെങ്കിൽ  ഉറപ്പിച്ചോളു ഇത് നൂറു ശതമാനം ഉഡായിപ്പാണെന്ന്. ലോകം മുഴുവൻ അംഗീകരിച്ച നിക്ഷേപ പദ്ധതിയാണ് മ്യൂച്ചൽ ഫണ്ടുകൾ. അവർപോലും വിപണിയുടെ നഷ്ട സാധ്യതകളെക്കുറിച്ചും ചാഞ്ചാട്ടത്തെക്കുറിച്ചും മുന്നറിയിപ്പ് തരുന്നുണ്ട്. അപ്പോഴാണ് അവന്റെ കുഞ്ഞമ്മേടെ ഒരു  ഒടംകൊല്ലി കമ്പനിയുടെ കൊണകൊണാ വർത്തമാനം. ഓർക്കുക, വൻകിട ബാങ്കുകൾ, നിക്ഷേപ പദ്ധതികൾ,  മ്യൂച്ചൽ ഫണ്ടുകൾ, LIC പോലുള്ള പ്രസ്ഥാനങ്ങൾ ഇവരെല്ലാംതന്നെ റിസ്ക് ഫാക്ടറിനെക്കുറിച്ചു വ്യക്തമായി പറഞ്ഞിരിക്കും. അതാണ് അവരുടെ ജന വിശ്വാസതക്കും അടിസ്ഥാനം. ഒരു സിമ്പിൾ കാര്യംപറയാം . ഒരു ബാങ്ക് അവിടുത്തെ സ്ഥിര നിക്ഷേപത്തിനു കൊടുക്കുന്ന പലിശ എത്രയാണു...? ഫിക്സഡ് ഡെപ്പോസിറ് എത്രയോ അതിനു ആനുപാതികമായിട്ടായിരിക്കും അതിന്റെ കിടപ്പ്.അല്ലാതെ പതിനായിരം രൂപ നിങ്ങൾ നിക്ഷേപിക്കൂ...മാസാമാസം ഞങ്ങൾ ഇരുപത്തയ്യായിരം രൂപ പലിശ തരാം എന്നൊന്നും അവർ പറയില്ല. സെൻസിബിലിറ്റി വേണം മോനെ....അതാണ് നമ്മുടെയൊരു സാർ പറഞ്ഞത് അന്താരാഷ്ട്ര മാർക്കറ്റിൽ കൂടുന്നതിന്റെ ഒരു അംശമേ  ഇവിടെ കൂടുന്നുള്ളൂ,അപ്പോൾ തന്നെ മുഴുവൻ കൂടുന്നുമില്ല എന്ന്.മനസ്സിലായോ...?    


ആറായിരം രൂപ കൊടുത്തു ചേരുന്ന കമ്പനിയുടെ തട്ടിപ്പു നോക്കുക.18000 രൂപ അവരുടെ അക്കൗണ്ടിൽ കിട്ടുന്നു. യഥാർത്ഥത്തിൽ ആവശ്യമില്ലാത്ത കുറെ പ്രൊഡക്ടുകൾ ഒന്നുമറിയാതെ വിറ്റു പോകുന്നു. ആറായിരം രൂപയുടെ പ്രൊഡക്ടുകളാണ് കൊടുക്കുന്നതെന്നു പറയുന്നു. ഇത് MRP ആണ്, യഥാർത്ഥത്തിൽ ആറായിരത്തിന്റെ നേർ പകുതിപോലും അതിനു വിലയുണ്ടായിരിക്കുകയില്ല. അതിലൊരംശം ഒന്നാമത്തെ ആളുടെ അക്കൗണ്ടിൽ ഇട്ടുകൊടുക്കുക. പിന്നീട് മറ്റുരണ്ടുപേർ നെറ്റ്‌വർക്ക് തുടർന്നാലും ഇല്ലെങ്കിലും കമ്പനിയുടെ ടാർജെറ്റ് കിട്ടിക്കഴിഞ്ഞു, പ്രൊഡക്റ്റും ചെലവായിക്കഴിഞ്ഞു. ഒന്നാമത്തെയാൾ അക്കൗണ്ടിൽ പൈസ വന്നു കുമിഞ്ഞുകൂടുന്നതും സ്വപ്നം കണ്ടിരിക്കുകയും ചെയ്യുന്നു. ഈ നെറ്റ്‌വർക്ക് തുടർന്ന് പോകുന്ന സാഹചര്യമാണ് ഉള്ളതെങ്കിൽ, നോക്കൂ എന്ത് കൊള്ളയാണ് ഇവർ സാദാ ജനങ്ങളെ മുന്നിൽനിർത്തി ചെയ്യുന്നത്. ഇതിന്റെ തട്ടിപ്പ് മനസ്സിലാകാത്തവർ ഇപ്പോഴും തലവെക്കുന്ന തിരക്കിലാണ്. പൈസാ കിട്ടുമല്ലോ എന്നോർത്തു ചേരുന്ന പാവങ്ങളും ഇതിലുൾപ്പെടും. കൈനനയാതെ വരുമാനം കിട്ടുമല്ലോ എന്നോർത്തു ചേരുന്ന അതിബുദ്ധിമാൻമ്മാരുമുണ്ട്. ഇങ്ങനെ ചെയിൻ പരിപാടി നടത്തി, കരുതിയപോലെ പണം കിട്ടിയ എത്രപേരുണ്ട്....? കിട്ടും എന്നുള്ള വാഗ്ദാനം മാത്രമേയുള്ളോ...?


നമ്മുടെ ചെറുപ്പത്തിൽ ഇങ്ങനെയൊരു ചെയിൻ പരിപാടിയെക്കുറിച്ചു കേട്ടിട്ടുണ്ട്. നമ്മൾ കായ് കൊടുത്തു ചേരണം,പിന്നെ  അടുത്ത നാലുപേരെ ചേർക്കണം. ആക്ഷൻ ഷൂ,പാത്രങ്ങൾ,സെയിന്റ് ജോർജ് കുടകൾ, ഒക്കെയാണ് സമ്മാനങ്ങൾ.ഏറ്റവുംകൂടുതൽ ആളുകളെ ചേർത്തത് ഏത് ചേട്ടന്റെ നെറ്റ്‌വർക്ക് ആണോ പുള്ളിക്ക് ഹെർക്കുലീസ് സൈക്കിൾ സമ്മാനം. ഇതിനെക്കുറിച്ച് ക്യാൻവാസിനുവരുന്ന പുള്ളീടെ വർണ്ണനയും ഭാവനയും  കേൾക്കേണ്ടതാണ്...മഹാകവിയായ കുമാരനാശാൻ വരെ   ഓടും...കോട്ടയത്തുള്ള ഒരാൾക്ക് സൈക്കിൾ വരെ കിട്ടി..ലാസ്‌റ് അടവാണ് ഇത്. ആ ചേട്ടന്റെ ഡീറ്റെയിൽസ് ഒന്നു പറയാമോ...?അതറിയില്ല....പിന്നെ എന്തോചെയ്യാനാ ഇയാൾ തള്ളിക്കൊണ്ട് വന്നത്...?ഫേസ്ബുക്കും വാട്സാപ്പും ഒന്നുമില്ലാത്ത കാലത്തു വാചകം മാത്രമായിരുന്നു പിടിവള്ളി.


തമിഴ്നാട്ടിൽ കുറെ സ്ഥലം വാങ്ങി ആയുർവേദ മരുന്നു കൃഷി ചെയ്യുന്ന പരിപാടിയും ഉണ്ട്. നമ്മൾ ചേരണം...അതാണല്ലോ മെയിൻ. ഇവന്മ്മാരുടെ മരുന്നു ഫ്രീ ആയിട്ടുകിട്ടും. കാശുകൊടുത്തു ബൾക്ക് ആയും വാങ്ങാൻ പറ്റും. നമ്മൾ ചേരുന്നതിലൂടെ ഇതിന്റെയൊരു കൊണാണ്ടർ ആയി മാറിയതിനാൽ കൊണാണ്ടർസ് ഒൺലി മരുന്നും കിട്ടും. വാങ്ങി  സമയമുള്ളപ്പോൾ കേറിയും ഇറങ്ങിയും  കുടിക്കാം. ഓജസ്സും തേജസ്സും ബോണസും അലവൻസും അടിവെച്ചടിവെച്ചു കയറും . ആമവാതം പിള്ളവാതം കോച്ചും കൊളുത്തും പിന്നെ, ചൊറി ചിരങ്ങു കരപ്പൻ കൈകാൽ മരപ്പ്‌ പെരുപ്പ്, കാൻസർ എന്നുവേണ്ട  ഇനി ഭൂമിയിൽ ഉണ്ടാകാനിടയുള്ള എല്ലാവിധ അസുഖങ്ങൾക്കും ഒന്നിടവിട്ട് സേവിക്കാൻ നല്ലതാണു ഇവരുടെ മരുന്ന്....എന്താണെന്നറിയില്ല ഇപ്പോൾ കേൾക്കുന്നില്ല. അല്ലെങ്കിൽത്തന്നെ ആയുർവേദ മരുന്ന് തമിഴ്നാട്ടിലെ മണ്ണിൽ കിളിർത്തുവരാൻ ഭയങ്കര പാടാണ്.എന്നാ വെയിലാണെന്നേ.... എനിക്ക് പണ്ടേ അറിയാമായിരുന്നു..!!


മൂന്നുപേരെ നാലുപേരെ രണ്ടുപേരെ ചേർക്കണമെന്നു പറഞ്ഞുവരുന്നു ഇടപാടുകൾ മുക്കാലും തട്ടിപ്പായിരിക്കും.യാതൊരു ധാർമ്മികതയും ഇക്കൂട്ടർക്ക് ബാധകമല്ല.  ഏതോകടലാസ്സ്  കമ്പനിയായിരിക്കും. കാര്യമറിയാത്ത പാവങ്ങൾ ചെന്നു തലയിടും. പിന്നെ ഇവർ നെട്ടോട്ടമാണ്, ആളെ ചേർക്കണം..!? രണ്ടു ചോദ്യങ്ങൾ ഇരുത്തി ചോദിച്ചാൽ ഇവർക്ക് ഉത്തരം കാണില്ല. ഇങ്ങനെ ആളെ പറ്റിക്കുന്ന നൂറുകണക്കിനു ഓൺലൈൻ കമ്പനികളാണു നിലവിലുള്ളത്. തട്ടിപ്പു കമ്പനികൾ അവരുടെ ടാർജെറ്റ് തികയുന്ന മുറയ്ക്ക് നൈസായി മുങ്ങും. ഇവിടെ ആളെപ്പിടിച്ചു നടന്നവർ ശശി. അവസാന ഗഡു വരെ അക്കൗണ്ടിൽ വന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാത്ത ഇവരുടെയൊക്കെ  പുറകെ തലവെക്കുന്നവരെയും സമ്മതിക്കണം. "കോട്ടയത്തുള്ള ഒരു പെണ്ണും" "കൊല്ലത്തുള്ള ഒരു ചെറുക്കനും" അല്ലാതെ ശരിയായ ഐഡൻറിറ്റി കാണിക്കാതെ അവർക്കു പൈസ കിട്ടി, ഇവർക്ക് പൈസ കിട്ടി എന്നൊക്കെ പറയുമ്പോൾ ആരും ഇതിന്റെയൊന്നും വിശ്വസ്യതയെക്കുറിച്ചൊന്നും ചിന്തിക്കുന്നേയില്ല. ഗവൺമെന്റ് അംഗീകാരമില്ലാത്ത ഒരു ഓൺലൈൻ സാമ്പത്തിക ഇടപാടും സുതാര്യമല്ല. മാനവും പോയി ഉള്ള ചില്ലറയും പോയിക്കഴിയുമ്പോഴാണ് പലർക്കും നേരം വെളുക്കുന്നത്. അപ്പോൾ നമ്മളെ ചേർത്തവരും കാണില്ല ഓൺലൈൻ ക്ലാസ് എടുത്തവരും കാണില്ല. ഒരു മോന്റെ മോനും കാണില്ല എല്ലാവരും പാലം വലിച്ചിരിക്കും.


പിന്നെ എത്ര കേട്ടാലും അനുഭവിച്ചാലും മനസ്സിലാകാത്ത കുറച്ചു ദുരന്ത  വാണങ്ങളുണ്ട് അവർക്കിതൊന്നും ബാധകമല്ല. നിങ്ങൾ ഒരു ലക്ഷം രൂപ നിക്ഷേപിക്കൂ ആറാം മാസം അഞ്ചു ലക്ഷം രൂപ തിരിച്ചുതരുമെന്നു ആരെങ്കിലും വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചാൽ മതി,പിറ്റേ ദിവസം ഈ പോങ്ങൻമ്മാർ പൈസായും കൊണ്ടു വരവായി. ചില  മരമൂരികളാകട്ടെ ബന്ധുക്കളെ ക്യാൻവാസ് ചെയ്യാൻ തള്ളിക്കൊണ്ട് ചെല്ലും. ഇതിന്റെ സത്യാവസ്ഥ ആദ്യം അറിയുകയല്ല, മറിച്ചു ഇവരുടെ കുഞ്ഞമ്മയും കൊച്ചപ്പനുമൊക്കെ  ഇതിൽ ചേർന്നിട്ടുണ്ടെന്നും നിങ്ങളും ചേർന്നേ പറ്റൂ എന്നൊക്കെയാണ് ഇവരുടെ ലൈൻ.  ഉഡായിപ്പുവഴി ചില്ലറ ഉണ്ടാക്കാനുള്ള കുറുക്കുവഴി തേടുന്നവൻമ്മാർക്കും ഉള്ള ചിക്കിലി ഇരട്ടിയാക്കാൻ പാടുപെടുന്നവർക്കും ഇങ്ങനെയുള്ള വള്ളിക്കെട്ടുകൾ വലിയ സംഭവമായി തോന്നും.

വാർത്ത കാണുകയോ പത്രം വായിക്കുകയോ ചെയ്യാത്ത പുള്ളികൾ മാത്രമല്ല അൽപ്പം വിവരം ഉണ്ടെന്നു നമ്മൾ കരുതുന്ന ആളുകൾ വരെ ഇമ്മാതിരി തട്ടിപ്പിൽ ചെന്നു ചാടുന്നുണ്ട്.ഇവർ ചാടിയതും പോരാഞ്ഞിട്ടു മറ്റുള്ളവരെയും ചാടിക്കാനായി പാഞ്ഞു നടക്കുകയും ചെയ്യുന്നു.അതാണു മാരകം.


സമയവും സാഹചര്യവുമൊക്കെ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലൊക്കെ ഒന്നു തലയിടുന്നത് എന്തുകൊണ്ടും നല്ലതാണു.അപ്പൊ ഈ ബ്ലോഗിൽ ഇത്രയും പോരെ അളിയാ.......!!

RBI യുടെ ഒഫീഷ്യൽ വെബ്സൈറ്റ്             

https://www.rbi.org.in/   

RBI യോടു ചോദിച്ച ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും 

https://www.rbi.org.in/Scripts/FAQView.aspx?Id=92

നിക്ഷേപം സ്വീകരിക്കാൻ അംഗീകാരമുള്ള  കമ്പനികളുടെ ലിസ്റ്റ് 

https://rbi.org.in/scripts/NBFC_Pub_lic.aspx

വ്യാജ കമ്പനികളെക്കുറിച്ചു 

ps://www.rbi.org.in/Scripts/NotificationUser.aspx?Id=10622&Mode=0


കരളലിയിക്കുന്ന രോദനം

ഇനിയുമൊരു ലോക്ക് ഡൗണോ..... ഞങ്ങൾ പട്ടിണിയിലാണ്. കഞ്ഞി കുടിച്ചിട്ട് ആഴ്ചകളായി. ഞങ്ങളുടെ കുട്ടികൾക്ക് പാൽ വാങ്ങാൻ പോലും നിവൃത്തിയില്ല.ഇനി ആത്മഹത്യ മാത്രമാണ് പരിഹാരം. സർക്കാർ ഇത്ര ക്രൂരത കാണിക്കരുത്. 

 സോഷ്യൽ മീഡിയയെ കണ്ണീരണിയിപ്പിച്ച ഒരു പോസ്റ്റാണിത്.....പോസ്റ്റ് ഷെയറോട് ഷെയർ. കുറച്ചുപേർ  മോദിയെയും പിണറായിയേയും ആവശ്യത്തിനു ചീത്തവിളിച്ചു.ഇതുങ്ങളുടെ കൂട്ടക്കരച്ചിൽ കേട്ടവർ  സംസ്ഥാനങ്ങളുടെ പൂട്ട് തുറക്കണമെന്നു  ന്യായമായി ചിന്തിച്ചു. അങ്ങനെയൊരു ദിവസം ബീവറേജിന്റെ പൂട്ട് തുറന്നു.....പട്ടിണികിടന്നു നരകിച്ച  "............" മക്കൾ ഓടിക്കൂടി വാങ്ങിക്കൂട്ടി കുടിച്ചു തീർത്തത് 67 കോടിയുടെ മൊതലായിരുന്നു. ഇനി അടുത്ത ലോക്ക് ഡൗണിനു പോസ്റ്റ് ചെയ്യാൻ പട്ടിണി പോസ്റ്റും എഴുതി കാത്തിരിക്കുകയാണ് ഈ വാണങ്ങൾ. എന്തൊരു പ്രഹസനമാണ് സജീ...? 

       

വാൽക്കഷ്ണം

സ്ത്രീധനത്തെ ചൊല്ലിയുള്ള, ഒരു ശുനക പുത്രന്റെ  പീഡനത്തെ തുടർന്നു കൊല്ലത്തു വിസ്മയ എന്നൊരു സഹോദരി ജീവനൊടുക്കി......ആദരാഞ്ജലികൾ...

ഫേസ്ബുക്ക് നിറയെ സ്ത്രീധന വിരോധികളാണ്..കണക്കുപറഞ്ഞു മേടിച്ചു കാര്യം കണ്ടിട്ട്  ഫേസ്ബുക്കിൽ വേഷം കെട്ടാൻ വന്നേക്കുന്നു സങ്കരയിനം നായ്ക്കൾ. മേടിച്ച സ്ത്രീധനം പെണ്ണിന്റെ വീട്ടുകാർക്കു തിരിച്ചുകൊടുക്കാൻ നട്ടെല്ലുള്ള എത്ര അവൻമാരുണ്ട്...? ഒന്നു കാണട്ടെ...!!!എന്നിട്ടു വന്നു ആദർശം പറഞ്ഞോളൂ. അല്ലെങ്കിൽ നിന്റെയൊന്നും ആദർശം നമ്മൾക്കു മുടിയാണ്.

http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john

https://www.instagram.com/janoshkjohn


   

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...