Tuesday, July 07, 2020

കണ്ടം വിറ്റു കാളയെ വാങ്ങരുത് ഉണ്ണ്യേ

ഒരു കഥ പറയാം......
പണ്ടുപണ്ട് പിന്നേം പണ്ട്, ശരിക്ക് പറഞ്ഞാൽ  AD 834 ഇൽ  ഒരു കോളനിയിൽ താമസിച്ചിരുന്ന ഒരു പാവപ്പെട്ട  ചേട്ടന്റെ  പൂച്ചയ്ക്ക്, അയൽവാസിയും കാശുകാരനുമായ വേറൊരു ചേട്ടന്റെ വീട്ടിലെ പൂച്ചയുമായി സ്നേഹമായി.
ഒരു ദിവസം പാവപ്പെട്ട പൂച്ച മറ്റേ പൂച്ചയെ കാണാൻ പാത്തും പതുങ്ങിയും ചെന്നു. പെട്ടന്നതു സംഭവിച്ചു,  കാശുകാരൻ ചേട്ടൻ  പുള്ളിയുടെ ഘടാഘടിയൻമ്മാരായ  "കടിയൻ" പട്ടികളെ അഴിച്ചുവിട്ടു. പട്ടികൾ ഈ പൂച്ചയെ തലങ്ങും വിലങ്ങും ഓടിച്ചു. കിട്ടിയ ജീവനും കയ്യിൽപിടിച്ചു പൂച്ച അടുത്തുകണ്ട  കണ്ടം വഴി ഓടി.  അങ്ങനെ കണ്ടം വഴി ഓടിയ ഈ പൂച്ചയുടെ പിൻ  തലമുറകളെയാണ് ഈ കണ്ടംപൂച്ച കണ്ടംപൂച്ച എന്നു അറിയപ്പെടുന്നത്. അണ്ടർസ്റ്റാൻഡ്...? കണ്ടം പൂച്ചയാണ് പിന്നീട് കണ്ടൻ പൂച്ചയായത്......! അതൊക്കെ ഒരുകാലം....!!




അപ്പോൾ കണ്ടമാണ് നമ്മുടെ ചിന്താവിഷയം. ചിലയിടത്തു പാടം എന്നൊക്കെ പറയും. കേട്ടിട്ടില്ലേ....? "പാടം പൂത്തകാലം." എന്ന സിൽമാപ്പാട്ടു....?  എല്ലാവരും കണ്ടം നികത്തി വീടുവെച്ചു. വീടിനു ചുറ്റും തറയോടും പാകി, മതിലും കെട്ടി ഗേറ്റും വെച്ചു ഒരു ബോർഡും തൂക്കി. പട്ടി കടിക്കും...അതെ പത്തു പുത്തൻ വന്നപ്പോൾ യെവൻ കടിക്കാനും തുടങ്ങിയെന്ന്. ഗൾഫ് പണം വന്നപ്പോൾ കൃഷിയിടം വേണ്ടെന്നായി. ഇവരൊക്കെ മുറ്റത്തു കുറെ ചീരയെങ്കിലും നട്ടുവളർത്തിയിരുന്നെങ്കിൽ ലോക് ഡൗൺ കാലത്തു ഉപകാരപ്പെടുമായിരുന്നു . വീടിനു ചുറ്റും തറയോടു പാകി ഉറപ്പിച്ച സുഗുണൻമ്മാർ വേനലിൽ കൂട്ട നിലവിളിയാണ്..?  കിണറ്റിൽ വെള്ളമില്ല പോലും....! മണ്ണുണ്ടങ്കിലല്ലേ വെള്ളം ഭൂമിയിൽ ഇറങ്ങൂ...? ഇതൊന്നും അറിയാൻ വയ്യാഞ്ഞിട്ടല്ല. മ്മള് വെല്യ പുള്ളിയാണെന്നു നാലുപേരെ അറിയിക്കാനുള്ള തത്രപ്പാടിൽ സാമാന്യ ബോധം പോലും പലർക്കും ഇല്ലാണ്ടായിരിക്കണൂ.....!  മണ്ണുണ്ടങ്കിലേ എന്തെങ്കിലും അകത്തേക്കു പോകൂ എന്നൊക്കെ ചിലർക്കു ബോധം വന്നതിന്റെ വെളിച്ചത്തിൽ    പാടവും കണ്ടവുമൊക്കെ  തിരിച്ചുവരവിന്റെ പാതയിലാണ്ഇപ്പോൾ.

വീണ്ടും നമ്മൾ കണ്ടത്തിലേക്കു തന്നെ വരികയാണ്. നോമിന്റെ കുട്ടിക്കാലത്തു അക്ഷരം പഠിക്കാൻ ചമ്പക്കര ക്ഷേത്രത്തിന്റെ അടുത്തുള്ള കുഞ്ഞാശാന്റെ ആശാൻ കളരിയിൽ പോകുന്ന കാര്യം ഓർക്കുന്നു. കളരിയിലെ പയറ്റിന്  ശേഷം, കളരിയോടു ചേർന്നു കിടക്കുന്ന കണ്ടത്തിൽ പോകുന്ന കലാപരിപാടിയും നോമിനുണ്ടായിരുന്നു. (ഒരു മിനിറ്റ്, കളരിയിൽ നിന്നും നോം എല്ലാ അടവുകളും പഠിച്ചൂട്ടോ.....! അവസാന അടവായ, ചെരുപ്പും കയ്യിൽ പിടിച്ചു മുണ്ടും മടക്കിക്കുത്തി ഓട്ടം വരെ) ആ കണ്ടം  നിറയെ നെല്ലായിരുന്നു. വീതികുറഞ്ഞ വരമ്പും ചാലുകളിലെ വെള്ളവും പരൽമീനുകളും എല്ലാം ഇന്നും ഓർമകളിലെ കുട്ടിക്കാലം.... തിരിച്ചു അമ്മേടെ കൂടെ വീട്ടിലേക്കു നടക്കുമ്പോൾ  അപ്പാവു ചേട്ടന്റെ രണ്ടു ആനകൾ,  കരുണാകരൻ ചേട്ടന്റെ കാളവണ്ടിയും കാളയും..... അങ്ങനെ മുഴുവൻ കാഴ്ചകളായിരുന്നു. കൃഷിയായിരുന്നു അന്നത്തെ മനുഷ്യരുടെ മെയിൻ. ആ കാലമൊക്കെ വിസ്‌മൃതിയിൽ മറഞ്ഞു. ഇപ്പോളും ആവഴി പോകുമ്പോൾ വെറുതെ ഒന്നു നോക്കും..കളരിയൊന്നും ഇപ്പോളില്ല...എങ്കിലും....!
മ്മടെ സ്വന്തം കൂർക്ക 





മുകളിൽ പറഞ്ഞ കണ്ടം ഇപ്പോളുമുണ്ട്. എന്നാൽ ഏരിയ കുറഞ്ഞു, നെൽകൃഷി നിർത്തി. ഇപ്പോൾ കപ്പയും വാഴയും മാത്രം നട്ടിരിക്കുന്നു. പഴയ തോട് ഇപ്പോളും ഒഴുകുന്നുണ്ട്, പഴയ ആരവമൊന്നും ഇല്ലാതെ. വീടുകൾ ഒത്തിരി വന്നപ്പോൾ സ്ഥലത്തിന്റെ ഷെയ്പ്പ് പോലും മാറിപ്പോയിരിക്കുന്നു. കൃഷിയൊന്നും ചെയ്യാൻ പണ്ടത്തെപ്പോലെ ആളുകൾ തയ്യാറാകുന്നില്ലായിരിക്കാം. നമ്മുടെ കേരളത്തിന്റെ സംസ്കാരം തന്നെ കൃഷിയാണ്.അല്ലാതെ എണ്ണപ്പനയും ക്രൂഡോയിലുമല്ല.കൃഷി കലണ്ടർ പോലും നമ്മൾ പരിപാലിച്ചിരുന്നു.കൃഷി ഉൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാനുമായി തുടങ്ങിയ ഒരു ചന്തപോലും ഇവിടെ ചമ്പക്കരയിൽ ഉണ്ടായിരുന്നു. കാലാന്തരത്തിൽ അതൊക്കെ നിന്നുപോയി.
ക്ലെച്ചു പിടിച്ചു വരുന്ന കുമ്പളം 

കൊറോണയുടെ തുടക്ക സമയത്താണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്  എല്ലാവരും കൃഷിയിലേക്കു തിരിയണമെന്നു. അതിനു കാരണങ്ങൾ പലതാണ്. അതിർത്തികൾ അടഞ്ഞാൽ ചരക്കു നീക്കം നിലക്കും. പഴം പച്ചക്കറികൾ കിട്ടാതാകും. വിലക്കയറ്റവും പട്ടിണിയും ഉണ്ടാകും. എല്ലാവരും അവരവരുടെ വീട്ടുവളപ്പിൽ എന്തെങ്കിലുമൊക്കെ കൃഷി ചെയ്യണമെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ നമ്മളും തീരുമാനിച്ചു കൃഷി ചെയ്യാൻ. ഒത്തിരി സ്ഥലമൊന്നും നമ്മൾക്കില്ല. പിന്നൊന്നും നോക്കിയില്ല രണ്ടും കൽപ്പിച്ചു മുണ്ടും മടക്കിക്കുത്തി ഒരൊറ്റ ഇറക്കമായിരുന്നു. പിന്നെ മ്മടെ അമ്മേടെ ആധി പത്യത്തിലുള്ള കുറച്ചു സ്ഥലം  വേറെ കിടക്കുന്നുണ്ട്, ഇത് കഴിഞ്ഞിട്ടു  അങ്ങോട്ട് പോകണോന്നും വെച്ചാണ്.....!



രെക്ക്തം  ഉണ്ടാകാൻ ചുവപ്പു ചീര 
ഈ കൃഷിപ്പണിക്ക് എന്തെങ്കിലും പരിചയം.....? ഏയ്....! നമ്മുടെ പിതാമഹൻ കുഞ്ഞുകൊച്ചെന്ന  മർക്കോസ് നല്ലൊരു കൃഷിക്കാരനായിരുന്നു.  ചുമ്മാ വാരിയെറിഞ്ഞാലും കിളിർക്കുന്ന കൈപ്പുണ്യമുള്ള മനുഷ്യൻ. അതിന്റെ എന്തെങ്കിലും ഒരിത് എനിക്കും കിട്ടിയിട്ടുണ്ടോ എന്നറിയണമല്ലോ. അങ്ങനെയാണ് സൂർത്തെ നമ്മൾ ഈ പണിക്ക് എറങ്ങിയത്. ആദ്യം കപ്പയിലായിരുന്നു പരീക്ഷണം. അയൽവാസിയും ബന്ധുവുമായ ജോയിച്ചാൻ  കപ്പത്തടി സംഭാവന ചെയ്തു.  ശ്രീരാമനാണെന്നാണ് പറഞ്ഞത്. ഈ രാമായണം നമ്മൾക്കു അത്ര പരിചയം ഇല്ലാത്തതിനാൽ കിട്ടിയത് അങ്ങു കുഴിച്ചു വെച്ചു. അതിപ്പോ ഹനുമാൻ ആണെങ്കിലും നമ്മൾ നടും. കപ്പ നട്ടത് മുടിഞ്ഞ വെയിലത്തായിരുന്നു. രക്തം തിളയ്ക്കുന്ന ചൂട്. ഒന്നാമതേ നമ്മൾക്കു രക്തം വളരെ കുറവാണു താനും. കപ്പ മൂട്ടിൽ വെള്ളം ഒഴിക്കേണ്ടി വരെ വന്നു.
പിന്നെയാണ് അറിഞ്ഞത് കപ്പക്ക് 30 ഡിഗ്രി ചൂടൊക്കെ പുല്ലാണെന്നു....!
ദിതാണ് മ്മള്  പറഞ്ഞ ശ്രീരാമൻ 








കൃഷിയിലൊക്കെ നല്ല വിവരമുള്ള ബന്ധുക്കളായിരുന്നു നമ്മുടെ ആശ്രയം. വലിയ കൃഷിക്കാരനായ നമ്മുടെ അപ്പച്ചീടെ പുള്ളിക്കാരൻ, ച്ചാൽ  ബേബിപ്പാപ്പിയാണു പച്ചക്കറി വിത്തുകൾ തന്നത്. നല്ല കിടിലൻ വിത്തുകൾ.
പിന്നെ ചേമ്പ്, പച്ചമുളക്, കാന്താരി, കാച്ചിൽ, പയർ, കുമ്പളം, മത്തൻ നാലുതരം ചീരകൾ, വാഴ, ചേന, കൂർക്ക, കോവൽ, വെണ്ട, വഴുതന, ഇഞ്ചി മഞ്ഞൾ...എല്ലാം വാരിവിതറി. നിലവിൽ വളർന്നു നിൽക്കുന്ന കപ്പളത്തിനു (ഓമയ്ക്ക) വളമിട്ടു ഉഷാറാക്കി. ചാക്കിൽ മണ്ണു നിറച്ചുള്ള പണി ഓളുടെ വകയായിരുന്നു.  മറ്റൊരു അയൽവാസിയായ രാഘവൻ ചേട്ടൻ തന്ന മുരിങ്ങ കമ്പുകളും  കുഴിച്ചുവെച്ചു.  എന്താണെന്നറിയില്ല അതെല്ലാം ക്ലെച്ചു പിടിച്ചു. ഇലകൾ വീശി....കൈഗുണം....കൈഗുണം.....!!!!!!
ഇഞ്ചി ഇഞ്ചി ഇഞ്ചിയേയ് 

ആദ്യത്തെ വളപ്രയോഗം കപ്പക്കിട്ടു തന്നെ കൊടുത്തു കപ്പവളം. പിന്നെ പൊട്ടാഷ്ആയി, ഫാക്റ്റംഫോസായി, എല്ലുപൊടിയായി, വേപ്പിൻ പിണ്ണാക്കായി, കൊട്ടപ്പള്ളിയിൽ സിബിച്ചേട്ടന്റെ സ്വന്തം ഫാക്ടറിയിൽ നിന്നും ചാണകപ്പൊടിയായി....അങ്ങനെ വളപ്രയോഗത്തിന്റെ എട്ടുകളിയായിരുന്നു. പിന്നെ നമ്മുടെ വകയായി കടലപ്പിണ്ണാക്കും ചാണകവും കൊണ്ടു ഒരു നാടൻ വള പ്രയോഗവും നടത്തി.
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി 






ഇപ്പോൾ കൃഷി തുടങ്ങിയിട്ടു നാലഞ്ചു മാസമായി. ചീരയും പയറും കാന്താരിയും മുരിങ്ങ ഇലയും വിളവെടുത്തു. കപ്പയില ചുരുണ്ടു വന്നതിനു സൾഫറിന്റെ sulfex എന്നൊരു പൗഡർ വാങ്ങി വെള്ളത്തിൽ കലക്കി തളിച്ചു.  നമ്മുടെ കൃഷിയിൽ പെടാത്ത കുറെ ഐറ്റങ്ങളും വീട്ടിൽ നിൽക്കുന്നുണ്ട്. കാപ്പി, ആത്ത, നാരകം തൈ, റംബുട്ടാൻ, ഓറഞ്ച് തൈ, കുറെ കുരുമുളക് കൊടികൾ.......കാപ്പിയിൽനിന്നും കുരുമുളകിൽനിന്നും നമ്മുടെ ആവശ്യത്തിന് കിട്ടും. നമ്മൾ പറഞ്ഞു വന്നത് നോമിന്റെ സ്വന്തം  എസ്റ്റേറ്റിൽ നിന്നും കാപ്പികുടിക്കാൻ കാപ്പിക്കുരുവൊക്കെ കിട്ടുന്നുണ്ടെന്നു.....എന്താല്ലേ...?!?!?
മുരിങ്ങ തൈ 

"പൂങ്കോഴിതൻ പുഷ്ക്കല കണ്ഠനാദം കേട്ടുണർന്നു കൃഷീ വലന്മ്മാർ..." എന്നൊക്കെ സ്കൂളിൽ പഠിച്ചിട്ടുണ്ട്. നോമിന് ഒരു വെള്ള പൂവനുണ്ടായിരുന്നു. പുഷ്ക്കല കണ്ഠനാദവുമായിരുന്നു. പക്ഷേ, മുളകു ചെടിയുടെ ഇല കൊത്താൻ തുടങ്ങിയപ്പോൾ കണ്ഠനാദം നമ്മൾ വേണ്ടെന്നു വെച്ചു ആളിനെ അപ്പച്ചീടെ മകനു കൊടുത്തു. ഇനിയൊരു താറാവാണ് ഉള്ളത്. അഴിച്ചു വിട്ടാൽ നാശം കാണിക്കുന്നതിനാൽ റിമാന്റിൽ വെച്ചിരിക്കുന്നു. ഏതാനും മണിക്കൂർ പരോൾ അനുവദിക്കുന്നു. എസ്റ്റേറ്റിൽ അയൽക്കാരുടെ കോഴി കേറുന്നുണ്ടോ എന്നുനോക്കാൻ ഒരു സെക്യൂരിറ്റിയേയും വെച്ചു. സന്നദ്ധ സേവനമാണ്. സാലറിയും പി എഫും ഒന്നും വേണ്ട. ഫുഡ് ആൻഡ് അക്കോമഡേഷൻ ഫ്രീ. അയർക്കുന്നത്ത് നിന്നും വാങ്ങിയതാണ്. പേര് ടിപ്പു, പ്രായം 5 വയസ്സു.
വാഴകൾ പത്തിരുപത് വെച്ചിട്ടുണ്ട്.പടിഞ്ഞാറും തെക്കുമുള്ള നിയന്ത്രണ രേഖയിലാണ് അവ സ്ഥിതി ചെയ്യുന്നത്.ഒരെണ്ണം കുലച്ചിട്ടുണ്ട്.അങ്ങനെ എല്ലാം ഇച്ചിരി ഇച്ചിരി വെച്ചിട്ടുണ്ട്.ജാടക്ക്‌ പറയുമ്പോൾ സമ്മിശ്ര കൃഷി.
ഏതായാലും ഒരു കാര്യം മനസ്സിലായി. ഒത്തിരി സ്ഥലം ഉണ്ടെന്നുള്ളതല്ല, ഉള്ള സ്ഥലത്തു എന്തെങ്കിലും നടാനുള്ള മനസ്സാണ് വേണ്ടത്.  ഇനി സ്ഥലം ഇല്ലാത്തവർക്കു ഗ്രോ ബാഗ് കൃഷിയും നടത്താമല്ലോ. പാണ്ടിക്കാരന്റെ വിഷമടിച്ച പഴം വാങ്ങി അണ്ണാക്കിലേക്ക് വെക്കാനേ നമ്മൾ പഠിച്ചിട്ടുള്ളൂ. എന്നിട്ടു മാറിയിരുന്നു, അവനു വെള്ളം കൊടുക്കരുതെന്നു പറയുകയും ചെയ്യും. ഇതാണ് ശരാശരി മലയാളി.
കാച്ചിൽ 

അംഗൻവാടിയിൽ പോകുന്ന കുട്ടിക്കും സർക്കാർ ജോലി കിട്ടാനുള്ള തയ്യാറെടുപ്പുകളാണ് ചെയ്യുന്നത്. അതായത് മെയ്യനങ്ങാതെയുള്ള പണിയും എടുത്താൽ പൊങ്ങാത്ത സാലറിയും മുന്നിൽ കണ്ടുള്ള ഒരുമാതിരി എടപാട്. ലോകം മുഴുവനും IAS IPS കാർ മാത്രം ആയാലുള്ള അവസ്ഥ എന്താണ്.? വായിൽക്കൂടി എന്തെങ്കിലും അകത്തേക്കു
പോകേണ്ടായോ...?
മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല 

മണ്ണിൽ പണിയുന്നവൻ എന്തോ കുറഞ്ഞവനാണെന്നുള്ള ഒരിത്...!? വല്ലവനും പാടത്തും പറമ്പിലും കിടന്നു വിയർത്തു പണിയുന്നതിന് ഫലമാണ് നമ്മൾ വാരി തട്ടുന്നതെന്നു ഇനിയെങ്കിലും പുതിയ തലമുറകളെ പഠിപ്പിക്കണം. അവരെ കൃഷി ചെയ്യാൻ പഠിപ്പിക്കണം അല്ലെങ്കിൽ "കുട്ടനാടൻ പുഞ്ചയിലെ" എന്നു കൊയ്ത്തു പാട്ടു പാടിയ പാടങ്ങളിൽ ബംഗാളി "തുജേ ദേഖാ തോ യേ  ജാനാ സനം" എന്നു പാടിക്കൊണ്ട് കണ്ടം പൂട്ടും.....!!!!!നമ്മുടെ പിള്ളേർ അവൻമ്മാരെയും വെച്ചു സെൽഫി എടുത്തു ആശ്വസിക്കും.
വാഴ, കാന്താരി, ചേമ്പ്, കപ്പളം, കപ്പ, വെണ്ട 

ഓരോ വീട്ടുകാരും ഓരോ അടുക്കളത്തോട്ടം എങ്കിലും വെച്ചാൽ തീരാനുള്ളതേയുള്ളു നമ്മുടെ പഴം പച്ചക്കറി ക്ഷാമം. നമ്മൾക്കു ഇന്നു ഓണം ഉണ്ണണമെങ്കിൽ അണ്ണാച്ചി കനിയേണ്ട അവസ്ഥയല്ലേ. കാരണം നമ്മുടെ അഹങ്കാരം തന്നെയാണ്. കൃഷി ചെയ്യാനാളില്ല. എല്ലാവരും ഡോക്ടറും എൻജിനീയറും കലക്ടറും ബിഎസ്സി നേഴ്സും  ആകാൻ പഠിക്കുകയല്ലേ. എങ്ങനെയെങ്കിലും ഒരു ഡോക്ടർ ആകുക എന്നതാണ് നമ്മുടെ അവതാര ലക്ഷ്യം എന്നു തോന്നും ചില ഇടപാടുകൾ കണ്ടാൽ. (അതുകൊണ്ടു ആരും ഒന്നും പഠിക്കരുത് എല്ലാവരും പോയി മണ്ണിൽ പണിയെടുത്തു ജീവിക്കണം എന്നൊന്നും ഇതിനു അർത്ഥമില്ല ,അതിനു അരാജകത്വം എന്ന് പറയും)  കൂടുതൽ ഒന്നും പറയുന്നില്ല. എന്നിട്ടു ഇവൻമ്മാരെല്ലാം വന്നു, പാണ്ടിക്കാരൻ തന്ന വാഴയിലയിൽ അവൻറെ കൃഷി ഉല്പന്നങ്ങൾ കേരളത്തിന്റെ ഓണം സെലിബ്രേഷൻ എന്നും പറഞ്ഞു വായിലേക്ക് തട്ടുന്നു. ഇനി ഇവനൊക്കെ ഉടുക്കുന്ന തുണിയോ.....അതു വരുന്നതും അങ്ങ് തിരുപ്പൂരിൽ നിന്ന്. പിന്നെ കൈ കഴുകുന്ന വെള്ളം മാത്രം നമ്മടെ.!! കാർന്നോൻമാരുടെ നേരുംകൊണ്ടു 44 നദികളെങ്കിലും നമുക്കുണ്ട്. അല്ലെങ്കിൽ അതും സ്വാഹ....!
ചേനയും ചേമ്പും 









കൃഷി ഓഫീസുകളും ആപ്പീസർമാരും ഇവിടെ വേണ്ടുവോളമുണ്ട്. എന്നിട്ടും പാണ്ടി അണ്ണാച്ചി വഴി അടച്ചാൽ നമ്മൾ പട്ടിണി....? ചിന്തിച്ചിട്ടുണ്ടോ ഇതിനെക്കുറിച്ച്..? മാറിമാറി വരുന്ന സർക്കാരുകളും കൃഷി വകുപ്പും ഇവിടെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നിട്ടും എന്തേ ഇതിന്റെ പ്രയോജനം നമ്മുടെ ജനങ്ങൾക്കു കിട്ടുന്നില്ല ...? ഫയൽ വിട്ടു വയലിൽ ഇറങ്ങിയാലെ അരി ഉണ്ടാകൂ. കേരളത്തിന് സ്വന്തമായി നെല്ലറ ഉണ്ടായിട്ടും ആന്ധ്രക്കാരനും പഞ്ചാബിയും അരി തന്നാലേ നമ്മൾക്കു കഞ്ഞിവെള്ളം കുടിക്കാൻ പറ്റൂ.
കോവൽ 


ആരെയും കുറ്റപ്പെടുത്താനല്ല. എന്തുകൊണ്ട് നമ്മൾക്കു സ്വയംപര്യാപ്തമായിക്കൂടാ...? ആദ്യം പറഞ്ഞതുപോലെ മനോഭാവമാണ് പ്രധാനം. കൃഷി മേഖലയുടെ പ്രാധാന്യവും അതിന്റെ മഹത്വവും തിരിച്ചറിയുന്ന ആളുകൾ വന്നാലേ കാര്യം ശരിയാകൂ. നമ്മുടെ ഇപ്പോഴത്തെ കൃഷി മന്ത്രി ശ്രീ സുനിൽ കുമാർ കുറെ പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് . രാഷ്ട്രീയമൊന്നും നോക്കാതെ നമ്മളെല്ലാവരും ഒന്നിച്ചുനിന്നു സഹകരിച്ചാൽ ഇതൊരു നല്ല തുടക്കമാകും. കോൺഗ്രസ്സ് കാരനും കമ്മ്യൂണിസ്റ്റ്കാരനും ബീജേപ്പീകാരനും ഇനി ഒരു പാർട്ടിയും ഇല്ലാത്തവനും അരി എന്നൊരു സാധനം വേണമല്ലോ..? അതുകൊണ്ടു നമ്മൾക്ക് ഒരുമിക്കാം കേരളം സ്വയം പര്യാപ്തമാകട്ടെ.നമ്മുടെ വർദ്ധിച്ച ആവശ്യമാണ് അന്യ നാട്ടുകാരൻ അവന്റെ ബിസിനസ് വിപുലീകരണത്തിനു ഉപയോഗപ്പെടുത്തുന്നത്.യാതൊരു എത്തിൿസും ഇല്ലാത്ത തനി കച്ചവടം മാത്രം ചെയ്യുമ്പോൾ മാനുഷിക പരിഗണന പോലും ആർക്കും കിട്ടാറില്ല. അവിടെ ലാഭം മാത്രമാണ് ലക്ഷ്യം.അവിടെ വിഷം ചേർക്കുന്നതിനും അവരുടേതായ ന്യായം കാണും.

ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ മാത്രമെ വിജയം ഉണ്ടാകൂ. ജോലി സമയത്തു ഫുൾ മൊബൈലിൽ കളിക്കുന്ന ഒരു കൃഷി ഓഫീസറിനെ ഞാൻ കണ്ടിട്ടുണ്ട്. ജനത്തിന്റെ നികുതിപ്പണം തിന്നാൻ ഇങ്ങനെ ഒരു വർഗ്ഗത്തിന്റെ ആവശ്യം നമുക്കുണ്ടോ..?  എന്നാ വലിയ പുള്ളിയാണെങ്കിലും  പിടിച്ചു പൊക്കി അത്യാവശ്യം നാലഞ്ചു തേമ്പെങ്കിലും കൊടുക്കണം. ഇങ്ങനെ ഉള്ളവരാണ് ഡിപ്പാർട്മെന്റ്‌കളുടെ ശാപങ്ങൾ.
വാഴയുടെ അപ്പുറമാണ് നിയന്ത്രണ രേഖ...ച്ചാൽ മ്മടെ അതിര് 








ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർ ചെയ്യട്ടെ . അല്ലാത്തവർ വീട്ടിലിരിക്കട്ടെ. ഇതിനൊരു മറുവശം കൂടിയുണ്ട്. കുറെ നല്ല കൃഷി ഓഫീസർമ്മാർ വളരെ ഉത്സാഹത്തോടെ സേവനം ചെയ്യുകയും , നാട്ടിലിറങ്ങി മണ്ണിൽ പണിയെടുക്കുകയും ചെയ്യുന്നുണ്ട് .തുടക്കക്കാർക്ക് കൈത്താങ്ങായി നിൽക്കുകയും സഹായം കൊടുക്കുകയും ചെയ്യുന്നുണ്ട് .മൂന്നുനാലു കൃഷി ഓഫീസർമ്മാർ ചേർന്ന് കൃഷി തുടങ്ങിയ കാര്യം പത്രത്തിൽ  .വായിച്ചതോർക്കുന്നു
വള്ളിപ്പയർ 






സർക്കാർ സഹായങ്ങൾ അർഹതപ്പെട്ടവരിൽ എത്തണം. ചെറുകിടക്കാരെ പൊക്കിയെടുക്കണം. ഇടനില ചൂഷണം ഒഴിവാക്കണം. ക്രിയാത്മകമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. കാലഹരണപ്പെട്ടവ ഒഴിവാക്കണം. ചെറുപ്പക്കാരെ കൃഷിപ്പണിയിലേക്ക് ആകർഷിക്കണം. എങ്കിലേ നമ്മൾ രക്ഷ പെടുകയുള്ളു. മറിച്ചു മറുനാടന്റെ വിഷവും തിന്നു ഉള്ള പണമെല്ലാം കണ്ട ആശുപത്രിക്കാരനും കൊടുത്തു മുടിയാനാണ് തീരുമാനമെങ്കിൽ ഇങ്ങനെ തന്നെ അങ്ങുപോയാൽ മതിയാകും.
വള്ളിച്ചീര 

നമ്മുടെ അമിത ഉപഭോഗം കാരണം അന്യ നാട്ടുകാരൻ  വിഷം കലർത്തിയും മായം ചേർത്തും സാധനം ഇങ്ങോട്ടു കയറ്റി അയക്കുന്നു. നമ്മളോ, ഫോർമാലിൻ ഒക്കെ ചേർത്ത മീനൊക്കെ കഴിച്ചു നാക്കിന്റെ രുചിപോലും പോയ അവസ്ഥയിലും ആകുന്നു.  വിഷമടിച്ച പച്ചക്കറിയും പഴവും തിന്നു തിന്നു ഇനി ഒരുമാതിരിപ്പെട്ട കീടനാശിനിയൊന്നും കുടിച്ചാൽ നമ്മൾ ചത്തെന്നും വരില്ല. അതിർത്തികൾ അടച്ചപ്പോൾ, ഗുഡ്സ് വരാതായപ്പോൾ നമ്മളിൽ ചിലരെങ്കിലും ചിന്തിച്ചുകാണും മറുനാട്ടുകാരെ  നമ്മൾ എന്തുമാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നെന്നു..? പക്ഷേ  ആശാവഹമായ ചില നീക്കങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മൾ ഉൾപ്പടെ ചിലരെങ്കിലും സ്വന്തമായി കൃഷിചെയ്യാൻ തുടങ്ങി. നല്ല സൂചനയാണത്. നമ്മൾ വളം വാങ്ങാൻ ഔട്‍ലെറ്റിൽ ചെന്നപ്പോൾ അവിടെക്കണ്ട തിരക്ക് നല്ലൊരു സൂചനയാണ് . കൊറോണ നാളെ മാറും- അല്ല കൊറോണയുടെ കൂടെ ജീവിക്കാൻ നമ്മൾ പഠിക്കും...രണ്ടായാലും നമ്മൾ കുറച്ചു ഉത്സാഹിച്ചാൽ ഇവിടെ പച്ചപ്പിനെ പിടിച്ചുനിർത്താൻ കഴിയും.
 ആകെ പത്തെഴുപത് മൂട് ചേമ്പുണ്ട് 


അപ്പോൾ ഉള്ള സ്ഥലം വെറുതെ ഇടരുത് എന്തെങ്കിലും നടണം. മുളകായിക്കോട്ടെ ചീരയായിക്കോട്ടെ - മായമില്ലാത്ത ആഹാര സാധനം നമ്മൾക്ക് വിശ്വസിച്ചു കഴിക്കാമല്ലോ. കൊറോണക്ക് മുമ്പ് ഒരു തുമ്മൽ വന്നാലും നേരെ വെച്ചടിക്കും ആശൂത്രീൽ....! മൂക്കൊലിപ്പുമായി ചെന്നവൻ മേജർ ഓപ്പറേഷൻ കഴിഞ്ഞു ICU വിലും കിടന്നിട്ടു പുറത്തു വരും. പത്തുനാപ്പതു ദിവസം അടച്ചുപൂട്ടി അകത്തിരുന്നപ്പോൾ ഒരുത്തനും ഒരു അസുഖവും ഇല്ലായിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒരു രോഗിയും അഡ്മിറ്റായില്ല. മെഡിക്കൽ സ്റ്റോറിലും ആളുകുറഞ്ഞു. അല്ലാത്ത സമയങ്ങളിൽ ഈ മെഡിക്കൽ സ്റ്റോറൊക്കെ "മേടിക്കൽ" സ്റ്റോർ ആയിരുന്നല്ലോ.
കുപ്പി പാട്ട ചാക്ക് എല്ലാം കൃഷിക്കെടുത്തു 


അപ്പോൾ എവിടെയാണ് പ്രശ്നം...? വായനക്കാർ ചിന്തിക്കട്ടെ....! അല്ലാതെ എല്ലാം നമ്മളെക്കൊണ്ട് പറയിപ്പിക്കാതെ.....!????!!????  ഇനി ആശുപത്രി-കീടനാശിനി-മരുന്നുകമ്പനി മാഫിയ എങ്ങാനും ഇവിടെ സജീവമാകുകയാണോ.?  മറുനാടന്റെ വിഷം തിന്നാൻ ഇവിടെ ആളില്ലാതാകുമ്പോൾ കാര്യങ്ങൾ മാറിമറിയും. അയൽക്കൂട്ടങ്ങൾ സജീവമായപ്പോൾ പാണ്ടി ബ്ലേഡുകാരന്റെ വരവ് നിലച്ചതുപോലെ.
പിന്നെ നാടിനു ഒരു പ്രയോജനവുമില്ലാത്ത താരങ്ങളെ അല്ല മണ്ണിൽ പൊന്നു വിളയിക്കുന്ന മനുഷ്യരെയാണ്  ആദരിക്കേണ്ടത്....ഫിലിം അവാർഡ് ഒന്നു മുടങ്ങിയാൽ ആകാശം ഇടിഞ്ഞൊന്നും വീഴില്ല. കാരണം മഹത്വം മനസ്സിലാകാതെ പോകുന്നൊരു കൂട്ടരാണ് കൃഷിപ്പണിക്കാർ . ഇനി അങ്ങനെ ഉണ്ടാകാതിരിക്കട്ടെ . എല്ലാവരും ഉൽപ്പാദകരാകട്ടെ.... സഹകരണ സംഘങ്ങൾ ഉണ്ടാകട്ടെ....ഇടനിലക്കാരെ ഒഴിവാക്കി കൃഷിക്കാർക്കും പണിക്കാർക്കും പൂർണ്ണ പ്രയോജനം ലഭിക്കട്ടെ.....രാഷ്ട്രീയം നോക്കാതെ സർക്കാരുകൾക്ക് പൂർണ്ണ പിന്തുണ കൊടുത്തു കൃഷി വിജയിപ്പിക്കാം. കാരണം അന്നത്തിനു രാഷ്ട്രീയമില്ല.നമ്മൾക്കു നന്നായി രാഷ്ട്രീയം പറയാനറിയാം. പഠിച്ചതും പൊളിറ്റിക്കൽ സയൻസ് ആണ്. പക്ഷേ, ഇവിടെ ജന നൻമയും നാടിൻറെ വികസനവും ഐശ്വര്യവുമാണ് നമ്മുടെ ലക്ഷ്യം. അതിപ്പോ പിണറായി ആണേലും ചാണ്ടിച്ചൻ ആണേലും, വേണ്ട കുമ്മനം ആണേലും ഈ കാര്യത്തിൽ  നമ്മൾ രാഷ്ട്രീയം നോക്കാതെ പറയും സർക്കാരിനു പിന്തുണ കൊടുക്കാൻ.
പ്ലാസ്റ്റിക് കവറുകളിലും തൈകൾ പാകി മുളപ്പിച്ചു 




അങ്ങനെ നമ്മൾ പറഞ്ഞു വന്നത് നോം ഒരു ചെറുകിട ഇടത്തരം നാമമാത്ര കർഷകൻ കം പണിക്കാരൻ ആയ കാര്യമാണ്. ദേഹം അനങ്ങി പണിതാൽ രണ്ടുണ്ട് ഗുണം. നല്ല വ്യായാമവും കിട്ടും പിന്നെ ഞ്ഞം ഞ്ഞം വെക്കാനുള്ള വഹയും കിട്ടും. നമ്മൾ ഏതാണ്ടൊക്കെ നട്ടുവെച്ചിട്ടു നാട്ടുകാരോട് വിളിച്ചു പറഞ്ഞു വെല്യ പുള്ളി ചമയുകയാണെന്നൊന്നും തെറ്റിദ്ധരിക്കരുത് ബ്ലീസ്‌....!
ചതിക്കരുത് ബ്ലീസ്‌...! ഗൾഫ് രാജ്യങ്ങളിൽ മാന്യമായി ജോലിയെടുത്തിരുന്ന ചിലരെങ്കിലും ഇപ്പോൾ നാട്ടിൽ കൃഷിയുമായി സജീവമാണ്. മീൻ വളർത്തുന്നവരുണ്ട്. കുമ്പളം കൃഷിചെയ്യുന്നവരുണ്ട്. പച്ചക്കറിയുടെ മേഖലയിലാണ് പലരും കൈ വെച്ചിരിക്കുന്നത്.എന്തായാലും സംഗതി കൊള്ളാം.






ആദ്യത്തെ സ്റ്റാർട്ടിങ് ട്രബിൾ ഒക്കെ മാറി. അടുത്ത വർഷം കുറച്ചുകൂടി പ്രായോഗിക അറിവും വെച്ചുകൊണ്ടു പണിക്കിറങ്ങാനുള്ള   തന്റേടം നമ്മൾക്കു കിട്ടി. ഇപ്പോൾ നമ്മളെപ്പോലുള്ള തുടക്കക്കാർക്ക് നമ്മുടേതായ രീതിയിലുള്ള നിർദേശങ്ങൾ  കൊടുക്കാനും കഴിയും. ക്രിയേറ്റിവിറ്റി.... ക്രിയേറ്റിവിറ്റി. അതായത് ഉത്തമാ, കണ്ടം വിറ്റു കാളയെ വാങ്ങരുത്.. കണ്ടം ഉണ്ടെങ്കിലേ കാളയെക്കൊണ്ട് ആവശ്യം വരൂ. പിന്നെ അയൽവാസിയുടെ പറമ്പിലെ പുല്ലു കണ്ടിട്ടു ഇങ്ങള്  കാളയെ വാങ്ങുകയും ചെയ്യരുത്. പറഞ്ഞില്ലെന്നു വേണ്ട . പിന്നെ നമ്മൾ ടൺ കണക്കിന് കപ്പ പറിച്ചു വിൽക്കുന്ന നേരത്തു  നീ വാ മോനെ, വന്നു ഒന്നോ രണ്ടോ കിലോ കപ്പയും വാങ്ങി പോ....!!! പോകുന്ന വഴിയിൽ രണ്ടു കാന്താരി മുളകും കൂടി പറിച്ചോ.....കപ്പക്ക് നല്ലതാ.!!!!  തൈരും കൂട്ടി മിണുങ്ങാം......!


വാൽക്കഷ്ണം

ആരോ എവിടെയോ പറയുന്നതു കേട്ടു.മീൻ വളർത്തലിന് സർക്കാർ 6000 രൂപ സബ്സിഡി കൊടുക്കുന്നുണ്ടെന്നു.
കേട്ട പാതി നമ്മുടെ സഹൃദയൻ പഴയ ഫ്രിജ് മറിച്ചിട്ടു മീൻ വളർത്തൽ തുടങ്ങിയിരിക്കുന്നു.
അപ്പോ, ലോണെടുത്തു  വലിയ പടുതാക്കുളത്തിലും മറ്റും ആഫ്രിക്കൻ മുഷിയും കാരിയും വാളയുമൊക്കെ വളർത്തുന്നവർ ആരായി ?!?!?!    



മ്മക്ക് സ്വന്തമായിട്ട് ഇൻസ്റ്റഗ്രാമും മറ്റുമുണ്ട്.ലിങ്കുകളും മറ്റും താഴെ.....


https://www.instagram.com/janoshkjohn


"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...