Tuesday, November 12, 2019

കോട്ടയത്തുനിന്നും കാഞ്ഞിരം വഴി കിഴക്കിന്റെ വെനീസിലേക്ക്..

കലികാലത്തു ഓരോരോ ബോധോദയങ്ങൾ ഉണ്ടാകുമെന്നു കാർന്നോൻമാർ പറഞ്ഞതു വെറുതെയല്ല. ആരുടെയോ ഒരു  ഫേസ്ബുക്ക് പോസ്റ്റാണ്, കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക്ബോട്ടിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. പഴയതുപോലെ ഒത്തിരി പോളിറ്റ് ബ്യുറോ ഒന്നും ചേരേണ്ടി വന്നില്ല . ഒറ്റ രാത്രികൊണ്ടു ബില്ല് പാസ്സായി യാത്ര ഫിക്സ് ചെയ്തു. രാവിലെ യാത്രക്കു റെഡി ആയി. ഒരു ധൈര്യത്തിനു ചേട്ടന്റെ 'മഹാൻ' കിച്ചുവിനെയും കൂട്ടി......!!
യാത്രക്ക് ട്രെഷറി നിയന്ത്രണം ഉണ്ടായിരുന്നു....എന്നു വെച്ചാൽ എടുത്തു വീശാൻ കാശ് കുറവായിരുന്നെന്നു സാരം ..... അങ്ങനെ കോട്ടയത്തുനിന്നും
 'കാഞ്ഞിരം' വഴി കിഴക്കിന്റെ വെനീസിലേക്ക്..













 രാവിലെ 11.30 നു കോടിമതയിൽ നിന്നും തുടങ്ങുന്ന സർക്കാർ ബോട്ടായിരുന്നു ഞങ്ങളുടെ  ഇടത്തരം 'ടൈറ്റാനിക്'.....!!പാഞ്ഞുകെട്ടി ചെന്നപ്പോഴേക്കും ബോട്ട് സ്റ്റാർട്ട് ചെയ്തു നിർത്തിയിരിക്കുന്നു....ഞങ്ങളുടെ "ലംബോർഗിനി" ബോട്ട്ജെട്ടിയിൽ ഒതുക്കി പാർക്കു ചെയ്തു.ഓടിച്ചെന്നു കയറി..അല്ല ,സ്റ്റേഷൻ ജീവനക്കാരൻ ചേട്ടൻ ഞങ്ങളെ ഓടിച്ചു ബോട്ടിൽ കയറ്റിയെന്നും പറയാം....ച്ചാൽ...സമയം ഒത്തിരി അങ്ങെടു പോയെന്നു വെച്ചോളൂ....ഞങ്ങൾ കയറിയതും വണ്ടി വിട്ടു. കൊടൂർ ആറിന്റെ വിരിമാറിലൂടെ കേരള സർക്കാരിന്റെ A 58 എന്ന ഇടത്തരം 'ടൈറ്റാനിക്' യാത്ര തുടങ്ങി....

യാത്രക്കാർ ചുരുക്കം, 20-25 പേർ മാത്രം. ഒരാൾക്കു 18 രൂഭാ....ഞങ്ങൾ രണ്ടു ഫുള്ളുകൾക്കും  ഒരു ഹാഫ് കിച്ചുവിനും കൂടി 45  രൂഭാ...... ആഹാ അന്തസ്സ്....!!
ബസിൽ പോയാൽ ഇതിന്റെ പലമടങ്ങു പൈസ വീശേണ്ടി വരും എന്നുള്ള കാര്യം ഞാൻ ഇതിനിടക്ക്‌ ഊന്നി ഊന്നി പറയുകയാണ് നാട്ടുകാരേ......!!!!
രണ്ടര മണിക്കൂർ പരിസര മലിനീകരണ മുക്തമായൊരു സമാധാന ജല യാത്ര.
ആയിരങ്ങളും പതിനായിരങ്ങളും വീശി ഓരോരുത്തർ ജാഡ കാണിക്കുമ്പോൾ ഇതാ വെറും 18 രൂപയ്ക്കു മാന്യമായ യാത്ര.കുട്ടനാട്ടിലെ പച്ചയായ മനുഷ്യ ജീവിതം കണ്ടും,പച്ച പിടിച്ചു വരുന്ന മനുഷ്യരെ  കണ്ടും അങ്ങനെ ആകെയൊരു   പച്ച  യാത്ര....കോട്ടയത്തുനിന്നും ചങ്ങനാശേരി വഴിയും,കുമരകം വഴിയും ആലപ്പുഴയ്ക്ക് പോകാം. പക്ഷേ, ഈ  സുഖം കിട്ടുമോ എന്നു സംശയം...?
മ്മടെ പഴേ  രാജാവിന്റെ കാലം മുതലുള്ള റൂട്ടാണ് ഇത്. 2012-ൽ  ഒന്നു നിർത്തിയെങ്കിലും പൂർവ്വാധികം ശക്തിയോടെ വീണ്ടും വന്നിരിക്കുകയാണ്.
കൊടൂരാർ കാഴ്ചകൾ കണ്ടു വേമ്പനാട് ഭംഗി ആസ്വദിച്ചു പുന്നമടയിലൂടെ 
ആലപ്പുഴയിൽ എത്തുമ്പോൾ കായൽ കാഴ്ചകളുടെ വലിയൊരു ലോകം നമ്മൾ പിന്നിട്ടിരിക്കും....തീർച്ചയാണ്....ന്നാ പിന്നെ പോകാമല്ലേ....
















കോടിമത, വേളൂർ, കാഞ്ഞിരം, കാരാപ്പുഴ, പാറച്ചാൽ, 15-ൽ കടവ്, വെട്ടിക്കാട് 
കൃഷ്ണൻകുട്ടിമൂല, മേലേടം, പട്ടാശ്ശേരി, ചിത്തിരക്കായൽ, മംഗലശ്ശേരി,
പൂക്കൊച്ചി, ചെറുകാലികായൽ, പുഞ്ചിരി, നെഹ്‌റു ട്രോഫി, പള്ളാത്തുശ്ശേരി 
കമലന്റെമൂല, മാർത്താണ്ഡംകവല, ചെറുകായൽ, കുപ്പപ്പുറം.....ഇങ്ങനെ പോകുന്നു സ്റ്റോപ്പുകൾ. എല്ലാം ഒരുപോലെ ഇരിക്കുമെങ്കിലും ഡ്രൈവർ ചേട്ടൻ കറക്റ്റായി സ്റ്റോപ്പുകളിൽ നിർത്തുകയും കയറ്റിറക്കു നടത്തുകയും ചെയ്യുന്നുണ്ട്. ഡ്രൈവർ അടക്കം 5 ജീവനക്കാരുണ്ട്. എല്ലാവരും വളരെ മാന്യമായി പണിയെടുക്കുകയും ചെയ്യുന്നുണ്ട്.
















സ്റ്റോപ്പിൽ  ഒരാൾ നിന്നാലും ബോട്ട് അടുപ്പിച്ചു അവരെയും കയറ്റിയേ ഇവർ യാത്ര ചെയ്യുകയുള്ളു. ഞാൻ നമ്മുടെ ബസ്സുകളെ ഒന്നോർത്തു നോക്കി....കവലയിൽ നിന്ന് കൈകാണിച്ചിട്ടും നിർത്താതെ പോയതും നമ്മൾ നാൽക്കവലയിൽ നിന്ന് ശശി ആയതുമെല്ലാം....ആ കാര്യത്തിൽ ഇവർ വളരെ നീറ്റാണ്.അപ്പോൾ നമ്മുടെ കോട്ടയത്തു ബസും ട്രെയിനും ബോട്ടും ഉണ്ട്..ഇനി എന്നാണാവോ മറ്റേ എരുമേലി-ചെറുവള്ളി-ശബരി എയർപോർട്ട് ഒന്നു വരുന്നത്..? ഇനി അടുത്ത ഇലക്ഷന് വീണ്ടും തുറക്കുമായിരിക്കും...ഭഗവാൻ ജാൻതേ ഹോ....!! ച്ചാൽ....ദൈവത്തിനു അറിയാമെന്ന്...












ലാസ്കർ ചേട്ടൻമ്മാർ വളരെ തന്മയത്വത്തോടെ ബോട്ട്, ജെട്ടിയിൽ വലിച്ചടുപ്പിക്കുന്നതും തിരികെ ആക്കുന്നതുമെല്ലാം ഞങ്ങൾ മിഴിച്ചുനോക്കി..
അവർ ഞങ്ങളെയും......നെടുമുടിയിൽ നിന്ന് നമ്മൾ ആലപ്പുഴയ്ക്ക്   പോയിട്ടുണ്ട്...ഫോർട്ട് കൊച്ചിയിൽ നിന്നും മട്ടാഞ്ചേരിക്ക് പോയിട്ടുണ്ട്..പോർട്ട് ബ്ളയറിൽ നിന്ന് ബാംബൂ ഫ്ലാറ്റ് ദ്വീപിലേക്ക് പോയിട്ടുണ്ട് അവർക്കറിയാമോ കോട്ടയത്തുനിന്നും ആദ്യമായി നേരിട്ട് ആലപ്പുഴയ്ക്ക് ബോട്ടിൽ പോകുന്നവന്റെ ത്രില്ല്....യേത്....??!!


















യാത്രയുടെ തുടക്കത്തിൽ  ഞങ്ങൾ ചില "പാലംവലികൾ"  കണ്ടു.  ച്ചാൽ ബോട്ട് 
വരുമ്പോൾ ആറിനു കുറുകെയുള്ള പാലം വടം കൊണ്ടു വലിച്ചു പൊക്കി നിർത്തുന്ന ഏർപ്പാടാണ് ഇത്. പാലം വലിക്കുക എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, ഇവിടെ ഞങ്ങൾ നേരിട്ടുകണ്ടു.അങ്ങനെ 4-5 പാലം വലി കഴിഞ്ഞപ്പോൾ ഞങ്ങളുടെ ടൈറ്റാനിക് വേമ്പനാട് കായലിന്റെ വിരിമാറിലേക്കിറങ്ങി. ഹോ....പണ്ടു  കെ.എസ്  ജോർജ് പാടിയതുപോലെ "തലയ്ക്കു മീതെ ശൂന്യാകാശം"......താഴെ വെള്ളമാണെന്നു മാത്രം.....!!














കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടിലൂടെയാണ് ഈ യാത്ര.
അച്ചൻകോവിൽ, മണിമല, മീനച്ചിൽ, കൊടൂർ, മൂവാറ്റുപുഴ, പമ്പ, പെരിയാർ എന്നീ നദികളും നിരവധി കനാലുകളും ഒന്നിച്ചു ചേരുന്നതാണ് വിശാല അർത്ഥത്തിൽ വേമ്പനാട് കായൽ. പരമാവധി നീളം 95 കിലോമീറ്ററും വീതി 14 
കിലോമീറ്ററും ആഴം 39 അടിയുമാണ്....!പിന്നെ നമ്മൾക്കു ഇഷ്ടപ്പെടാത്ത കുറെ കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ട്. അതായത്,കുറെ നാണംകെട്ട യാത്രക്കാർ (നമ്മുടെ ബോട്ടിലെ അല്ല കെട്ടോ) കുപ്പിയും പ്ലാസ്റ്റിക്കുമെല്ലാം വെള്ളത്തിലേക്ക് വലിച്ചെറിയുന്നു....ഒരാളുടെ സംസ്കാരമാണല്ലോ പ്രവർത്തിയിലൂടെ കാണിക്കുന്നത്.പിന്നെ കുറെ വ്യവസായ മാലിന്യവും ആശുപത്രി മാലിന്യവും ഇവിടെ നൈസായി തട്ടുന്നുണ്ട്.അങ്ങനെയാകാം ജല ജീവികളുടെ സന്തുലനാവസ്ഥ തകരുന്നത്. (അൽപ്പം അക്വാകൾച്ചർ  ആകാമെന്നു വെച്ചു)
ധാർമ്മിക രോഷംകൊണ്ടു പറഞ്ഞു പോയതാണ്.ഓക്കേ നമുക്കു തിരിച്ചുവരാം......ബൈ ദ ബൈ നമ്മൾ പറഞ്ഞു വന്നത് ഇവിടുത്തെ മനോഹര കാഴച്ചകളെക്കുറിച്ചാണ്. ഒന്നു കണ്ടാൽ പിന്നെ മറക്കാത്ത കാഴ്ചകൾ.













വിജനമായ കായൽ തുരുത്തുകൾ..നോക്കെത്താ ദൂരത്തോളം നെൽപ്പാടങ്ങൾ....
മണ്ടയുള്ളതും ഇല്ലാത്തതുമായ തെങ്ങുകൾ...പലതരം കായൽ പക്ഷികൾ...അങ്ങു ദൂരെ മാറി കുറെ പക്ഷികൾ ഓൺലൈനിൽ വിശ്രമിക്കുന്നു...ച്ചാൽ...ലൈൻ കമ്പിയിൽ ഇരിക്കുന്നു....!ജല നിരപ്പിൽനിന്നും 
താഴെ നിൽക്കുന്ന പാടങ്ങൾ.....!!ചെളി കുത്തി മടകെട്ടുന്നവർ....പഴയ നിർമ്മിതിയുള്ള പള്ളികൾ...അമ്പലങ്ങൾ...മോസ്കുകൾ...സ്കൂളുകൾ....പിന്നെ, കൈലി മുണ്ടും ഉടുത്തു പോകുന്നവന്റെ മുന്നിലൂടെ പാന്റുമിട്ട് പോകുന്ന ജാഡയോടെ കുറെ HOUSE ബോട്ടുകളും ഞങ്ങളെ തൊട്ടുരുമ്മി കടന്നു പൊയ്ക്കൊണ്ടിരുന്നു. അവർ ഞങ്ങളെയും ഞങ്ങളുടെ ടൈറ്റാനിക്കിനെയും വിരണ്ടു നോക്കി...ചിലർ ഫോട്ടം പിടിച്ചു. ചിക്കിലി ഉള്ളവൻ വലിയ ക്യാമറ
വെച്ച് തലങ്ങും വിലങ്ങും ഓടിനടന്നു...! പാവപ്പെട്ട  ഓപ്പോ f 1 എടുത്തു ഞങ്ങളും ചെറിയൊരു വീശ്‌ വീശി. നല്ല കുറെ കാഴ്ചകൾ പടമാക്കി.















ഈ കായൽ കൊണ്ടു മാത്രം ജീവിക്കുന്നവർ ഒത്തിരിയാണ്. വലിയ house ബോട്ടുകളുടെ മറപറ്റി ഓടുന്ന അനേകം കൊതുമ്പു വള്ളങ്ങൾ  
ജീവൻ നിലനിർത്താൻ വേണ്ടി തുഴയുകയാണ്..മീൻ പിടിക്കുന്നവരും..ചൂണ്ട ഇടുന്നവരും കക്കാ വാരുന്നവരുമൊക്കെ ഈ കൊതുമ്പു വള്ളത്തിൽ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.തുഴഞ്ഞു പോകുന്നവരുടെ കണ്ണുകൾ നിശബ്‌ദമായി 
തേങ്ങുന്നുണ്ടോ...?? കൊച്ചുവള്ളത്തിൽ  ലോട്ടറി വിൽക്കുന്നവരെയും കണ്ടു.
പ്രകൃതിയുടെ ഭംഗി കണ്ടു വരുന്നവരുടെ ഫ്രെയിമിലേക്ക് ഇങ്ങനെ ചില ദൃശ്യങ്ങളും കടന്നുവരാം.അതൊക്കെ പുതിയ തിരിച്ചറിവായിരിക്കും.
പ്രളയം മുക്കിക്കളഞ്ഞ ജീവിതത്തെ വീണ്ടും നിറം പിടിപ്പിക്കുവാനുള്ള ഇവരുടെ ഒരു പരക്കംപാച്ചിൽ..













വലിയ ടൂറിസത്തിലൊന്നും ഇവർ കണ്ണു വെക്കുന്നില്ല.... 
അന്നത്തേക്കുള്ള ആഹാരത്തിനു വേണ്ടിയാണ്  ഈ തുഴച്ചിൽ...!അങ്ങനെ വെള്ളത്തിലും ആഹാരത്തിനുള്ള വഴി തേടുന്നവരെ ഇവിടെ കാണാം. അടുത്തു പോകുന്ന house ബോട്ടുകളെയും കടന്നു നമ്മുടെ കണ്ണുകൾ ദൂരേക്ക് പായിക്കണം എന്നുമാത്രം. അതെ ഈ കായൽ ഇവരുടെയും കൂടെയാണ്.





ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്നു പറഞ്ഞതുപോലെ  സഹയാത്രികരുടെ ഇടപാടുകൾ കണ്ടപ്പോൾ ഞങ്ങൾക്കു പിടികിട്ടി 
ഇവരും ആദ്യമായി വരികയാണെന്ന്. പ്രളയം കഴിഞ്ഞു പുതിയ തൂണുകളിൽ 
ഉയർത്തി നിർമ്മിച്ചിരിക്കുന്ന വീടുകൾ കണ്ടപ്പോൾ ചിലരുടെ സംസാരം ജലനിരപ്പിനെ കുറിച്ചായിരുന്നു. കായൽ കയ്യേറ്റം കണ്ടപ്പോൾ ചിലരിലെ  ഗാന്ധിയും ലെനിനും ഒക്കെ പുറത്തുചാടി. ഷാപ്പ് എന്നു കണ്ടതും ചിലർക്കു 
ജീവൻ വെച്ചു..ആ കറുപ്പും വെളുപ്പുമായ  ബോർഡിലേക്ക് വീണ്ടും വീണ്ടും ചിലർ നോക്കിക്കൊണ്ടിരുന്നു..!നെഹ്‌റു ട്രോഫി വള്ളംകളിയുടെ തുടക്ക സ്ഥലം കണ്ടപ്പോൾ ചിലരൊക്കെ ബോട്ടിലിരുന്നു തിത്തിത്താരാ പാടിയോന്നു ഒരു സംശയം..!? ഞാൻ പണ്ടു റേഡിയോയിൽ കേട്ട വള്ളംകളി കമെന്ററി ഓർത്തു.."പുന്നമടയുടെ വിരിമാറിൽ  പുളകച്ചാർത്തു അണിയിച്ചു ജവഹർ തായങ്കരി....അല്ല ആനാരി ചുണ്ടൻ .....ഞാൻ മുന്നിൽ..ഞാൻ മുന്നിൽ ..എന്നു വിളിച്ചു പറഞ്ഞുകൊണ്ടു  ഇതാ ഒരു ഫോട്ടോ ഫിനിഷിനായി കുതിച്ചുപാഞ്ഞു വരികയാണ്......"  ഇതൊന്നും അറിയാതെ ടൈറ്റാനിക് യാത്ര തുടരുകയായിരുന്നു.





കായൽ ഭംഗിയും കായൽ ഗ്രാമ ഭംഗിയും പിന്നിട്ടു ബോട്ട് നഗരത്തിന്റെ തിരക്കിലേക്ക് കയറുകയായി.വലിയ ഹോട്ടലുകളും ഫ്ലാറ്റുകളും കണ്ടു തുടങ്ങി.ഷിക്കാര വള്ളങ്ങളും ധാരാളം. വിദേശ മങ്കമാരെയും മങ്കൻമ്മാരെയും 
കണ്ടു.ചിലർ റോഡിലൂടെ സൈക്കിളിൽ പോകുന്നു,ചിലർ നടന്നും.
സമയം 1.45. ആലപ്പുഴ K S R T C ഡിപ്പോയുടെ അടുത്തുള്ള ജെട്ടിയിൽ നമ്മുടെ യാത്രയുടെ ഒന്നാം ഇന്നിംഗ്സ് കഴിഞ്ഞു. ഞങ്ങൾ ഇറങ്ങി,  ബോട്ട് തിരിച്ചു അടുത്ത യാത്രക്കും ഞങ്ങൾ ആലപ്പുഴ ബീച്ചിലേക്കും പോകാൻ റെഡിയായി.
ഞങ്ങൾ വന്ന ബോട്ടിലെ ലാസ്കർ ചേട്ടൻ ഒരു കഴുക്കോലുമായി ചാടിക്കയറുന്നതു കണ്ടു. ബോട്ട് തിരിക്കാനുള്ള പരിപാടിയാണ്.ചേട്ടൻ ബോട്ട് കുത്തിതിരിച്ചു...ഓരോരോ കുത്തിത്തിരിപ്പുകളേ....!!




























തിരിച്ചുള്ള യാത്ര 5.15 ന്. ഒരു ജില്ലാ സമ്മേളനത്തിനുള്ള ആളുണ്ട് കയറാൻ.
ബോട്ട് വന്നതും കിട്ടിയ വിടവിലൂടെ കയ്യൂക്കുള്ളവർ കയറി സീറ്റ് പിടിച്ചു.
ബാക്കിയുള്ളവർ വ്രണിത ഹൃദയരായി കിട്ടിയ തൂണിലും തുരുമ്പിലും പിടിച്ചു നിന്നു.എനിക്ക് പിടിക്കാൻ മുകളിൽ ഒരു കമ്പി കിട്ടി. മുകളിൽ നല്ല പിടിപാടുള്ളതുകൊണ്ടു ഞാൻ അനങ്ങാതെ  അങ്ങനെ ഒരു മണിക്കൂർ നിന്നു.
പിന്നെ സീറ്റ് തരപ്പെട്ടു. ഈ ബോട്ട് സൂപ്പർ ഫാസ്റ്റ് ആയിരുന്നു. വീണ്ടും പിന്നിട്ട വഴികളിലൂടെ ഒരു മടക്ക യാത്ര. നഗരം വിട്ടു ബോട്ട് ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയിലേക്ക് പൂണ്ടിറങ്ങി.




























അന്തിച്ചന്തത്തിൽ കുളിച്ചു നിൽക്കുന്ന വേമ്പനാട് കാണുന്നത് ഒരു അനുഭവം തന്നെയാണ്.ചേക്കേറാൻ പോകുന്ന പക്ഷിക്കൂട്ടങ്ങളുടെ ശബ്ദം..... വീണ്ടും ഓപ്പോ എടുത്തു വീശി.അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങളും അടുക്കടുക്കായി അതിരിടുന്ന ഓളങ്ങളും പശ്ചാത്തലമൊരുക്കുന്ന കായൽപ്പരപ്പിൽ അവിശ്വസനീയമായ 
ദൃശ്യങ്ങളാണ് ഒരു ഛായാഗ്രാഹകനു സമ്മാനിക്കുന്നത്. സൂര്യൻ മടങ്ങുകയാണ് അങ്ങ് പടിഞ്ഞാറ്....കിഴക്കുനിന്നും ഒരു കാറ്റ് ഞങ്ങളെ തഴുകിക്കൊണ്ടു കടന്നുപോയി ..!
റേഷൻ കടകൾ അടച്ചു തുടങ്ങിയിരിക്കുന്നു...!!
വഴിവിളക്കുകൾ മിഴിതുറന്നു...!
വീടുകളിൽ നിന്നുള്ള വെളിച്ചം കണ്ടുതുടങ്ങി...!






















യാത്രക്കാർ കുറഞ്ഞു കുറഞ്ഞു പൂരം കഴിഞ്ഞ സ്വരാജ്  റൗണ്ടാന പോലെയായി. അവിടെയും ഇവിടെയും കുറെ ആളുകൾ മാത്രം....ബോട്ട് ഇറങ്ങുന്ന വീട്ടുകാരെയും കാത്തുനിൽക്കുന്ന ചില നായ്ക്കളെയും കണ്ടു.
സമയം എട്ടര കഴിഞ്ഞിരിക്കുന്നു.ബോട്ട് കോടിമതയിലേക്ക്....
ഇറങ്ങാൻ ഏതാനും പേർ മാത്രം...ജീവനക്കാരും ഇറങ്ങിയെന്നു തോന്നുന്നു.
ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു അരങ്ങിൽ ഇപ്പോൾ മൈക്ക്കാരൻ മാത്രം എന്നു പറഞ്ഞതുപോലെ, ബോട്ടിലിപ്പോൾ ഡ്രൈവർ മാത്രം....!!ബോട്ടിറങ്ങി തിരിഞ്ഞു നടക്കുമ്പോൾ പുറകിലേക്കു ഒന്നൂടെ നോക്കി....ആത്മഗതം പറഞ്ഞു.....വീണ്ടും വരണം...
ഓരത്തു ഒതുക്കി വെച്ചിരുന്ന ഞങ്ങളുടെ "ലംബോർഗിനി"യുമായി നേരെ വീട്ടിലേക്ക്......!!


വാൽക്കഷ്ണം

തച്ചങ്കരി ബെൽജിയൻ മാലിനോയ്സ് എന്ന ഇനത്തിൽപ്പെട്ട നായ്ക്കളെ പോലീസ് സേനയിലേക്ക് മേടിച്ചിരിക്കുന്നു. ഭീകരൻ ബാഗ്ദാദിയെ ഓടിച്ചിട്ടു കടിച്ച ഇനമാണ്...

ഇതിനെ വെറും പട്ടി എന്നു വിളിക്കാമോ,
അതോ പട്ടി സാർ എന്നു വിളിക്കണോ ആവോ....?

തള്ളേ, നിൽ....പോകാൻ വരട്ടെ....
മ്മടെ യാത്രകളുടെ ഫോട്ടംസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്....
സംഭവത്തിന്റെ ലിങ്കുകളും മറ്റും താഴെ കൊടുത്തിരിക്കുന്നു.


https://www.instagram.com/janoshkjohn/


"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...