Sunday, October 18, 2020

"മെരിച്ചു"പോയ അമ്മാവനു ക്രിസ്തുമസ് ആശംസകൾ

പണ്ടൊരു പത്രത്തിൽ ഒരു ചേട്ടന്റെ വിവാഹ വാർഷിക ആശംസ കണ്ടു.  ആ   വഹയിൽ കൊടുത്ത പടത്തിനു അടിയിൽ മക്കളുടെ പേരും അവർക്കു ഫുൾ എ പ്ലസ് കിട്ടിയ ചരിത്രവും ചേർത്തിരുന്നു.  വെട്ടിക്കൊണ്ടിരിക്കുന്ന 50 റബ്ബർ ഉള്ളതും 3 ആടും ഒരു പട്ടിയും ഒരു സ്കൂട്ടറും ഉള്ളതുപറയാൻ വിട്ടുപോയതാണ്. തള്ളി മറിക്കാൻ നമ്മളെ കഴിഞ്ഞേ മറ്റാരുമുള്ളൂ.  99.99  വയസുള്ള ഞങ്ങളുടെ അമ്മച്ചിക്കു പിറന്നാൾ ആശംസകൾ.... മരിച്ചുപോയ അമ്മാവനു ഓണാശംസകൾ....ആദ്യാക്ഷരം കുറിക്കുന്ന ഞങ്ങളുടെ ടിന്റുമോന് ആശംസകൾ.....നാടുവിട്ടുപോയ അളിയന് പുതുവത്സരാശംസകൾ ..... ചില മലയാള പത്രങ്ങൾ ഈ തള്ളലിനെ ബിസിനസ് ആക്കി മാറ്റിയിട്ടുണ്ട്.ച്ചാൽ എന്തെങ്കിലും വിശേഷ ദിവസം വരുമ്പോൾ ഞങളുടെ പത്രത്തിലൂടെ നിങ്ങൾക്കു തള്ളിക്കൊടുക്കാൻ അവസരം എന്ന അർത്ഥത്തിൽ പരസ്യം ചെയ്യും. നമ്മൾ നേരത്തെ ബുക്കു ചെയ്യണം പോലും. അതായത് എന്റെ വഹ ഒരു തള്ളൽ ബുക്ക്ഡ്..! വാക്കുകൾ കൂടുന്നതിനു അനുസരിച്ചു ചില്ലറയും കൂടും ഇങ്ങനെ പോകും തള്ളൽ ബിസിനസ്. പേരും പടോം എവിടെങ്കിലും ഒന്നു വന്നിട്ടു, കോരിത്തരിക്കാൻ മുട്ടിനിൽക്കുന്ന അസുഖമുള്ളവർക്ക് ഈ ചില്ലറ ഒരു വിഷയമാണോ...?




പ്രത്യേകിച്ച് ഈ സമയങ്ങളിൽ ആരെ കണ്ടാലും പരിഭവം മാത്രമേ കേൾക്കാനുള്ളൂ.. ച്ചാൽ ,കൊറോണ ആണ് ...പൈസ ഒന്നുമില്ല ദാരിദ്ര്യമാണ്. എല്ലാ മേഖലകളും പൂട്ടിപ്പോകും...എന്നൊക്കെയാണ് സംസാരം. പക്ഷേ മേൽപ്പറഞ്ഞതുപോലെ ഒരു അവസരം വീണുകിട്ടിയാൽ ഇവർ (എല്ലാരുമല്ല കെട്ടോ....ആത്മാർത്ഥതയുള്ളവരുമുണ്ട് )  മുന്നിലുണ്ടാകും...ഇനി വേറൊരു കാര്യം.. കൊറോണ വന്നു പിടിച്ചിട്ടു ആർക്കും കായില്ല എന്നു പറഞ്ഞു സ്ഥാപിക്കാറുണ്ട് വേറൊരു കൂട്ടർ. ഇനി റോട്ടിലിറങ്ങി ഒന്നു കണ്ണു മിഴിച്ചു നോക്കിയാട്ടെ....ഫോർ രജിസ്‌ട്രേഷൻ പേപ്പറും ഒട്ടിച്ചുവെച്ചു ഏതൊക്കെ വണ്ടികളാണ് പോകുന്നത്....ആരുടെ കയ്യിലും പൈസായുമില്ല.നമ്മുടെ വിഷയം ഇതല്ല, പറഞ്ഞുവന്ന വഴിയിൽ,  ഒരു ഗുമ്മിനു  പറഞ്ഞതാണ്. 


ഇനി കാര്യത്തിലേക്കു കടക്കാം സംഗതി ലേശം പഴയതാണ്. ഓൾഡ് ഈസ് ഗോൾഡ് എന്നാണല്ലോ. സംഭവത്തിനു ഇന്നും നല്ല ഓട്ടമുണ്ട്.  2020 ലെ SSLC  റിസൾട്ട് വന്നു. എന്നത്തേയും പോലെ കുറച്ചു പേര് തോറ്റു വേറെകുറേ പേര് ജയിച്ചു. ജയിച്ചവർ ഉപരിപഠനത്തിനു പോകുന്നു തോറ്റവർ സപ്ലി എഴുതാൻ ഓങ്ങി നിൽക്കുന്നു. സംഗതി അവിടെ വെച്ചു അവസാനിക്കേണ്ടതാണ്.എന്നാൽ ഇന്നു സോഷ്യൽ മീഡിയ വഴിയുള്ള പ്രകടനങ്ങൾ കാരണം സംഗതികൾ അവിടം കൊണ്ടു തീരുന്നില്ല. റിസൾട്ട് വരുന്ന ദിവസങ്ങളിൽ ഫേസ്ബുക്കൊന്നും തുറക്കാനേ പാടില്ല. കാരണം......

"ഫുൾ എ പ്ലസ് വാങ്ങിയ എന്റെ മഹാൻ".....ഒപ്പം വിജ്രംഭിച്ചു നിൽക്കുന്ന ഒരു പയ്യന്റെ പടവും....! ഫുൾ എ പ്ലസ് വാങ്ങിയ എന്റെ മോൾക്ക് ആശംസകൾ.....കഷ്ടപ്പെട്ട് ഉറക്കിളച്ചു പഠിച്ചു മാർക്കു വാങ്ങിയ പിള്ളേരെ നമ്മൾ അഭിനന്ദിക്കണം....പറ്റുമെങ്കിൽ അവരുടെ തോളിൽ തട്ടി ആശംസിക്കണം....എന്നാൽ പൊങ്ങച്ചത്തിന്റെ കളറും ചേർത്തു എന്റെ മകളെ/ മകനെ പ്രദർശിപ്പിച്ചു വെറുപ്പിക്കുന്നത് എന്തൊരു അക്രമമാണ്. എന്റെ ചെറുക്കന്റെ,പെണ്ണിന്റെ എ പ്ലസ് പത്തുപേരെ അറിയിച്ചില്ലെങ്കിൽ ഒരു സമാധാനവുമില്ല. പിന്നെ കവലകളിൽ ഫ്ളക്സ് ആയി. വാട്സപ്പ് സ്റ്റാറ്റസ് ആയി. പലരുടെ ഉള്ളിലും ഊറിയുറഞ്ഞു കിടക്കുന്ന പൊങ്ങച്ച വിത്തുകളെ മുളപ്പിക്കാൻ കണ്ടുപിടിച്ച മാർഗ്ഗങ്ങളിലൊന്നാകാം ഈ വെറുപ്പിക്കലുകളും ഫ്ളക്സ് വെക്കലും. ആത്മാർത്ഥതയില്ലാത്ത വെറും പൊങ്ങച്ചമാണ്‌ ഇതിലൂടെ പുറത്തുവരുന്നത്.അതിനു എ പ്ലസ് ഒരു മറയായെന്നു മാത്രം.


ഇനി വേറൊരു കാര്യം പറഞ്ഞാൽ, കൊട്ടിഘോഷിച്ചു എ പ്ലസ് പോസ്റ്റ് ചെയ്ത ഈ കുട്ടികളിൽ എത്രപേർ തുടർന്നുള്ള പഠനത്തിൽ അതേ നിലവാരം പുലർത്തുന്നുണ്ട്..? ചിലരുടെ പ്രകടനങ്ങൾ കണ്ടാൽ,  ജീവിതത്തിന്റെ അവസാന പോയിന്റാണ് SSLC എന്നും അതിന്റെ അവതാര പൂർത്തീകരണമാണ്  എ പ്ലസ് എന്നും തോന്നിപ്പോകും. പത്താം ക്ലാസ്സും എ പ്ലസ്സുകളും ഇത്ര വലിയ കാര്യമായൊന്നും എടുക്കേണ്ട യാതൊരു ആവശ്യവുമില്ല. 

പത്തിരുപത്തഞ്ചു വർഷം മുമ്പു ഒന്നാം ചാൻസിൽ തന്നെ പത്തു പാസ്സാവുക എന്നു വെച്ചാൽ വലിയ സംഭവമായിരുന്നു. അന്നു അതു മതിയായിരുന്നു. അതിൽ തന്നെ റാങ്കോ ഡിസ്റ്റിങ്ഷനോ ക്ലാസ്സോ കിട്ടിയാൽ യെവൻ പിന്നെ പുലിയാരുന്നു...! ഇന്നത്തെ കാലത്തു വിദ്യാഭ്യാസ രംഗം ഹൈ ടെക് ആയിരിക്കുകയാണ്. പത്തിലെ ഫുൾ എ പ്ലസ് പതിനൊന്നാം ക്ലാസ്സിൽ ഇഷ്ടപ്പെട്ട ഗ്രൂപ്പ് തെരഞ്ഞെടുക്കാൻ പ്രയോജനപ്പെടും. പിന്നെ അതിനു വലിയ പ്രാധാന്യമൊന്നുമില്ല. ബിരുദ ബിരുദാനന്തര തൊഴിൽ അധിഷ്ഠിത പഠനങ്ങളിലൊന്നും ഈ എ പ്ലസ് ഒരു ഘടകമേയല്ല. പിന്നെ വെറുതെ പറഞ്ഞുകൊണ്ടിരിക്കാം പത്തിൽ എനിക്ക് ഫുൾ എ പ്ലസ് ഉണ്ടാർന്നു......!ഉപ്പൂപ്പാക്ക് ഒരാന ഉണ്ടാർന്ന് എന്ന് പറഞ്ഞതുപോലെ. 


ഒരിക്കലും ഈ കുട്ടികളല്ല, മാതാപിതാക്കളും അടുപ്പക്കാരുമൊക്കെയാണ്  ഈ എ പ്ലസ് പൊക്കിക്കാണിക്കുന്നത്. ചില കാര്യങ്ങളിൽ ഈ മാതാപിതാക്കൾക്കു കുട്ടികളുടെ അത്രയും പോലും മാനസിക വളർച്ച ഇല്ലല്ലോ എന്നു തോന്നിപ്പോകും. SSLC എ പ്ലസ് നോക്കിയല്ല ഒരാളുടെ ജീവിത ലക്ഷ്യവും വിജയവുമൊന്നും തീരുമാനിക്കപ്പെടേണ്ടത്. ഫുൾ എ പ്ലസ് കാർ എവിടെ വരെ ആ സ്റ്റാൻഡ് നിലനിർത്തുന്നുണ്ട്...?അവരുടെ ജീവിതം പിന്നെ മുഴുവൻ വിജയമാണോ..? ഇവർ അവസാനം എവിടെ ചെന്നെത്തുന്നു...ഇവരിൽ പിന്നീട് ആരെങ്കിലും  പരാജയപ്പെടുന്നുണ്ടോ...? ഇതൊക്കെ ചിന്തിക്കേണ്ട കാര്യങ്ങളാണ്.പലപ്പോഴും ഫുള്ളുകാരല്ല സപ്ലിക്കാരാണ് സമൂഹത്തിനു പ്രയോജനമുള്ളവരായി മാറുന്നത്.


ഞങ്ങളുടെ കാലത്തു ഗ്രേഡ് ഒന്നും ഇല്ലായിരുന്നു. മാർക്ക്, അതൊന്നു മാത്രമായിരുന്നു മാനദണ്ഡം. 210 മാർക്കു വേണം കടന്നുകൂടാൻ. അന്നൊക്കെ റാങ്ക് ആയിരുന്നു വലിയ സംഭവം. ആദ്യത്തെ മൂന്നു റാങ്കുകാരുടെ പടമൊക്കെ പത്രത്തിൽ വരും. നമ്മൾ  SSLC എഴുതിയ വർഷം ഒരു "ആശ"ക്കു ആയിരുന്നു ഒന്നാം റാങ്ക്. പിന്നീട്‌ അവരെക്കുറിച്ചൊന്നും യാതൊരു വിവരവുമില്ല. ഈ റാങ്കും ഫുള്ളും ഒക്കെ നേടിയവർ മികച്ചവരാണ്. പഠിക്കാൻ മിടുക്കരാണ്.പക്ഷേ ഇവരെല്ലാം അവസാനം ചെന്നു, ഒരു ഡോക്ടർ ഒരു എഞ്ചിനീയർ....മറ്റൊന്നും കിട്ടിയില്ലെങ്കിൽ ഒരു ബിഎസ്‌സി നഴ്‌സ്......!തീർന്നു.....അതിനപ്പുറം ഒന്നുമില്ല. റാങ്ക് പോയിട്ട് നാലു SSLC മാർക്ക്  ഒന്നിച്ചിട്ടു കൂട്ടിയാൽപ്പോലും ‌210 കിട്ടാത്തവരൊക്കെ സ്വപ്ന തുല്യമായി ഉയരുകയും വിജയിക്കുകയും സമൂഹത്തിനു പ്രയോജനമുള്ളവരായി തീരുകയും ചെയ്തിട്ടുണ്ട്.ഉന്നത വിജയം അതിൽത്തന്നെ നന്മയും തിന്മയുമല്ല.


ഏതാനും വർഷം മുമ്പു ഒരു പത്താം ക്‌ളാസ് റിസൾട്ടിന് ശേഷം, ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഒത്തിരി ശ്രദ്ധ നേടി. കോഴിക്കോട് കളക്റ്ററുടെ പോസ്റ്റായിരുന്നു. വിജയിച്ചവരുടെയും എ പ്ലസ് കാരുടെയും ആഘോഷ തിമിർപ്പിൽ അവഗണിക്കപ്പെട്ടുപോകുന്ന പരാജിതരുടെ ദുഃഖത്തെക്കുറിച്ചായിരുന്നു അത്. ജനങ്ങൾ അതേറ്റെടുത്തു. അതേ, പരാജയപ്പെട്ടവർക്കും കൂടി അവകാശപ്പെട്ടതാണ് ഈ ലോകം. അല്ലേലും ഈ പത്താം ക്ലാസ് എന്നൊക്കെ പറയുന്നത് ഒരു ജംഗ്ഷൻ മാത്രമല്ലേ. റെയിൽവേ യുടെ ഷൊർണ്ണൂർ ജംഗ്ഷൻ പോലെ. അവിടെ നിന്നും കണ്ണൂർ വഴി മംഗലാപുരത്തിനു പോകാം. കൊങ്കൺ വഴി മുംബൈക്കു പോകാം. ചുരം കയറിയാൽ ചെന്നൈക്കൊ കോയമ്പത്തൂരിനോ ആന്ധ്രക്കോ പോകാം. യാത്ര ഇനിയും കിടക്കുകയാണ്. തിരുവനന്തപുരത്തുനിന്നും ഒരുത്തൻ ട്രെയിൻ കയറി ഷൊർണ്ണൂർ വന്നിറങ്ങിയിട്ടു, ഞാൻ ഇന്ത്യ മുഴുവനും യാത്രചെയ്തു കണ്ടെന്നു പറയുന്നതുപോലെയാണ്, ഈ എ പ്ലസ് ആഘോഷങ്ങളൊക്കെ കാണുമ്പോൾ തോന്നുന്നത്.


ഇവിടെ യേശുദാസിനു മാത്രം പാടിയാൽ മതിയോ എന്നു ചോദിക്കുന്നതുപോലെ, എ പ്ലസ് കാർക്കുമാത്രം ജീവിച്ചാൽ മതിയോ. മുന്നോട്ട് പഠിച്ചു വരുമ്പോൾ, നമ്മുടെ ജനന തീയതിയും അഡ്രസ്സും തെളിയിക്കാനുള്ള ഒരു പേപ്പർ മാത്രമായി ഈ SSLC മാർക്ക് ഷീറ്റ് മാറും. അവിടെ ആരും ആരുടെയും എ പ്ലസിന്റെ കണക്ക് ചോദിക്കാറില്ല. ഫുൾ കിട്ടിയെന്നു പറഞ്ഞു ആരും ഇവരെ ഇന്ത്യൻ അംബാസിഡർ ആയി നിയമിക്കാറുമില്ല. പിന്നെ മാതാപിതാക്കളുടെ ദുരഭിമാനവും, തങ്ങൾക്കു സാധിക്കാത്തത് കുട്ടികളിൽ സാധിച്ചെടുക്കുന്നതിന്റെ ഒരിതുമൊക്കെയാണ് പൊങ്ങത്തരത്തിന്റെ പിന്നിലെ ഗുട്ടൻസ്.


നമ്മുടെ കാലത്തു ക്ലാസ് മാർക്ക് വാങ്ങി വിജയിച്ച പലരും ഇന്നു പെയിന്റിംഗ് പണിക്കും കമ്പിപ്പണിക്കും പോകുന്നുണ്ട്. അതുകൊണ്ടു ഇതെല്ലാം വളരെ സ്റ്റാൻഡേർഡ് കുറഞ്ഞ പണിയാണ് എന്നല്ല പറഞ്ഞത്. എല്ലാറ്റിനും അതിന്റെതായ മാന്യതയുണ്ട്. വേറൊരാൾ ഫുൾ ടൈം വെള്ളമടിച്ചു നടക്കുന്നുണ്ട്. ഇവരൊക്കെ വലിയ പഠിപ്പിസ്റ്റുകൾ ആയിരുന്നു. എന്നാൽ ജീവിത സാഹചര്യം അവരെ അങ്ങനെയാക്കി എന്നു കരുതാനാണ് എനിക്കിഷ്ടം. ഒരുപക്ഷേ വലിയ സ്വപ്നങ്ങളൊക്കെ വേണ്ടെന്നു വെച്ചതായിരിക്കാമവർ. വീട്ടിലെ പട്ടിണികൊണ്ടു പണിക്കിറങ്ങിയതാവാനും ചാൻസുണ്ട്. എന്നാൽ മറുവശത്തു, തോറ്റവരും പിന്നെ സപ്ലി എഴുതിയവരുമൊക്കെ വലിയ നിലകളിലേക്ക് ഉയർന്നിട്ടുമുണ്ട്. 

ബി.കോം കാരൻ പണിയില്ലാതെ കലുങ്കിലിരിക്കുന്നതും രണ്ടുവട്ടം SSLC പൊട്ടിയവൻ ITI പഠിച്ചു വിദേശത്തു സെറ്റിലായതും നമ്മൾ കണ്ടിട്ടുണ്ട്. ബിരുദധാരിക്ക് പണികിട്ടാത്തത് അവൻ മോശക്കാരനും വിദേശത്തുപോയവൻ ഏതോ കേമനും ആണെന്നു ആരും വിചാരിക്കേണ്ട. നമ്മൾ പറഞ്ഞുവന്നത് ചെറിയ ക്ലാസ്സുകളിലെ വലിയ വിജയങ്ങളൊന്നും പിന്നീട് പൂർണ്ണമായി നമ്മൾക്ക് സഹായമാകുന്നില്ല എന്നു സ്ഥാപിക്കാനാണ്.അതുകൊണ്ടു പത്താം ക്ലാസ്സുകാരേ...മാക്സിമം ഫുൾ എ പ്ലസ്സിനു ശ്രമിക്കുക, ഇനി അങ്ങനെ ശരിയായില്ലെങ്കിൽ..ആകാശമൊന്നും ഇടിഞ്ഞു വീഴത്തില്ല എന്നും മനസ്സിൽ വെച്ചേക്കുക.     


അല്ലെങ്കിൽ തന്നെ പിന്നീട് ഉയർന്നുവന്നിട്ടുള്ള എല്ലാവര്ക്കും പറയാനുണ്ടാകും ഒരു തോൽവിയുടെ കഥ...തോൽപ്പിക്കപ്പെട്ട കഥ....തോൽവി ഇതുവരെ അറിയാത്തവരും ഉണ്ടാകും - ഒരു വടക്കൻ വീരഗാഥയിലെ "ട്യൂഷനുള്ള" ചന്തുവിനെപ്പോലെയുള്ളവരാണ് അവരൊക്കെ. അതുകൊണ്ടു അടിവരയിട്ടു പറയുകയാണ്...ഈ ഫുൾ എ പ്ലസ് കിട്ടുന്നതൊന്നും ഒരു സംഭവമേയല്ല. കളികാണാൻ ഇരിക്കുന്നതേയുള്ളു .ഫേസ്ബുക്കിൽ കിടന്നു വല്യ വായിൽ തള്ളിയിട്ടൊന്നും ഒരു കാര്യവുമില്ല.....നിങ്ങളെ ലൈക്കുന്നവർക്കൊന്നും  അത്രവലിയ ലൈക്കൊന്നും നിങ്ങളോടു ഉണ്ടെന്നും കരുതണ്ട. ലൈക്ക് സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ....എന്നുവെച്ചാൽ ചുമ്മാ ലൈക്ക്  മേടിക്കാൻ പിന്നേം പിന്നേം ഓരോന്നു ഇങ്ങനെ അവതരിക്കുമെന്ന്....!അത് എ പ്ലസ് ആകാം ജനിച്ചോസം ആകാം.



വാൽക്കഷ്ണം 




സത്യമായും ഈ പുള്ളിയെ എല്ലാരും ഒന്നു മൈൻഡ് ചെയ്തേക്കണേ. ആപത്തിൽപ്പെട്ട അയ്യായിരം പേരുടെ കൂടെ നിന്നിട്ടുള്ള അപൂർവം ജനുസിൽപ്പെട്ട ഒരു ഐറ്റമാണ്.  ഇല്ലെങ്കിൽ പുള്ളീടെ കയ്യിൽനിന്നും നമ്മൾ അൺഫ്രണ്ട്‌ സ്ലിപ് മേടിച്ചിരിക്കണം.


ഐറ്റം നമ്പർ ടു 
കൂടിയ ഇനമാണ്....


വാൽക്കഷ്ണം നമ്പർ 2 


അരിയും  മണ്ണെണ്ണയും മേടിക്കണം, അയിന്  ഇന്നലെ റേഷൻ കടവരെ പോയി. നീലക്കാർഡുയർത്തി നെഞ്ചുവിരിച്ചു വിരൽ നീട്ടി. കടക്കാരൻ മുരളിച്ചേട്ടൻ പറഞ്ഞു.."ഇനി കുറെ നാളെത്തേക്കിന് ആർക്കും റേഷൻ ഇല്ല" കാരണം അന്വേഷിച്ചപ്പോൾ പുള്ളി പറഞ്ഞു...."യേശുദാസിന്റെ മകൻ വിജയ് ഇനി മലയാളം പാട്ടു പാടത്തില്ലെന്നു തീരുമാനിച്ചെന്ന്"ഒഴിഞ്ഞ മണ്ണെണ്ണ പാട്ടയുമായി നമ്മൾ തിരികെ വീട്ടിലേക്ക് തൊഴിച്ചു നടന്നു.   

   

Friday, October 02, 2020

മദാമ്മ വധം ആട്ടക്കഥ - ഒരു മേജർ സെറ്റ് കഥകളി

അന്നൊരിക്കൽ നമ്മൾക്കു ഫേസ്ബുക്കിൽ 5000 സൂർത്തുക്കൾ ഉണ്ടായിരുന്നു.  ആരു റിക്വസ്റ്റ് അയച്ചാലും നമ്മൾ ഇവരെ സ്കാൻ ചെയ്തിട്ടേ കമ്മറ്റിയിലേക്ക് എടുത്തിരുന്നുള്ളു, അതാണ് പതിവ്. അങ്ങനെ വല്യ കലിപ്പില്ലാതെ ജീവിച്ചു വരവേ നമ്മൾക്കൊരു ഫ്രണ്ട് അപേക്ഷ കിട്ടി. നമ്മളതു ഫയലിൽ സ്വീകരിച്ചു. ഒരു വിദേശി കന്യാസ്ത്രീയാണ്‌.നമ്മൾ ഇവരുടെ പ്രൊഫൈൽ ചികഞ്ഞുനോക്കി. സന്തോഷം. പോരാത്തതിനു പോപ്പിന്റെ കൂടെ നിൽക്കുന്ന പടമൊക്കെയുണ്ട് അപ്പോൾ ആ ഭാഗം ക്ലിയർ. നമ്മുടെ കുറെ കക്ഷികളും മ്യുച്ചൽ ഫ്രണ്ട്സായി ഉണ്ട്.പിന്നെന്താ കുഴപ്പം. കേറിയങ്ങു അസെപ്റ്റിക്കളഞ്ഞു.സന്ധ്യയായി ഉഷസ്സുമായി ഒന്നാം ദിവസം. ദിവസങ്ങളും ആഴ്ചകളും പിന്നേം പോയിക്കൊണ്ടിരുന്നു      

വേറെ പണിയൊന്നുമില്ലാതെ മെനക്കെട്ടിരുന്നു  മെസെഞ്ചർ  നോക്കുന്ന ശീലമില്ല.  പിന്നെ വെറുതെ ഒന്നു നോക്കിയപ്പോ ദേ വരുന്നു മ്മടെ മദാമ്മ ഓൺ മെസ്സഞ്ചർ.  
Hello brother, I am Rev.Sr.Sarah Anderson from USA.  കാലിഫോർണിയയിൽ ഒരു കോളേജ്‌ അദ്ധ്യാപിക ആയി വർക്ക് ചെയ്യുന്നു എന്നാണു പരിചയപ്പെടുത്തിയത്. പ്രായമുള്ളവരെ  ബഹുമാനിക്കുന്നത് നമ്മുടെഒരു ബലഹീനത ആയതുകൊണ്ട് നമ്മൾ മെസ്സഞ്ചറിൽ തന്നെ അവർക്കു ഉത്തരം കൊടുത്തു. പ്രായത്തിന്റെ പക്വതയുള്ള നല്ല  സംസാരം, നല്ലഭാഷ. മതപരമായകാര്യങ്ങളിൽ ഇടപെടുന്നതുകൊണ്ടാകാം... ആകർഷകമായ വിനയവും സ്നേഹവും. How are you.....? മദാമ്മ വിടാൻ ഭാവമില്ല. ഞാൻപറഞ്ഞു"ഫൈൻ".......And you...? മറുപടി പറഞ്ഞിട്ട് അവരെന്നോടു പറഞ്ഞു Peace be with you.  ഓ...ഞാൻ പറഞ്ഞു. രാവിലെ തന്നെ വെറുംവയറ്റിൽ ഒരാൾ നിങ്ങൾക്കു സമാധാനംഉണ്ടായിരിക്കട്ടെ എന്നുപറഞ്ഞപ്പോൾ സമാധാനം കൊണ്ട് നമ്മൾ ദ്രിതംഗ പുളകിതനായി. 

പിന്നെ ഓരോ ദിവസവും മദാമ്മേടെ ഗുഡ്മോർണിംഗ് ഗുഡ് ആഫ്റ്റർനൂൺ ഗുഡ് നൈറ്റ് ഒക്കെ സമയാസമയങ്ങളിൽ വന്നുകൊണ്ടിരുന്നു. പോപ്പിന്റെ അടുത്ത ആളല്ലേ ഭയങ്കര ഭക്തി. ഏത് സമയവും വേദ വചനങ്ങളാണ്.  മദാമ്മ നമ്മളുടെ ഡീറ്റെയിൽസ് ഒക്കെ ചോദിച്ചു, ജോലിയും കൂലിയുമൊക്കെ നമ്മൾ പറഞ്ഞു. അങ്ങനെ അത്യാവശ്യം നമ്മളും പ്രതികരിച്ചുകൊണ്ടിരുന്നു. ഒരുദിവസം മദാമ്മ പറയുവാണ്  "ഹലോ ബ്രദർ.വിരോധമില്ലെങ്കിൽ താങ്കളുടെ വാട്സ്ആപ് നമ്പർ ഒന്നു അയച്ചുതരുമോ"...?എന്റെ ഗ്രൂപ്പിൽ താങ്കളെ ചേർക്കാനാണ്. ഒരു ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയെങ്കിലും നമ്മൾ നമ്പർ കൊടുത്തു. വേറെ ചെലവൊന്നും ഇല്ലല്ലോ യേത്....? ഗൂഗിൾ ട്രാൻസ്‌ലേഷൻ ഉണ്ടല്ലോ നമ്മുടെ ബ്ലോഗിന്റെ ഒരു ലിങ്കും ഞാൻ അയച്ചുകൊടുത്തു. എന്താണെന്നറിയില്ല ഗുഡ് എന്നൊരു കമെന്റും കിട്ടി.(എന്നാ മനസ്സിലായിട്ടാണോ ആവോ)       


വീണ്ടും മെസ്സേജുകളും ആശംസകളും തുടർന്നു കൊണ്ടിരുന്നു. മറ്റൊരുദിവസം മദാമ്മ പറയുവാ എന്റെ ഫുൾ അഡ്രസ്സ് വേണമെന്ന്. ഞാൻ മനസ്സിൽ കരുതിയ കാര്യങ്ങൾ തന്നെ സംഭവിച്ചു. ഞാൻ അഡ്രസ്സ് കൊടുത്തു. ഇത് എവിടെ വരെ പോകുമെന്ന് അറിയണമല്ലോ. അടുത്ത ദിവസം മദാമ്മ വാട്സാപ്പിൽ വന്നു. ഹലോ ബ്രദർ...നിങ്ങളോടുള്ള സ്നേഹം കൊണ്ട് ഞാൻ കുറച്ചു സമ്മാനങ്ങൾ അയക്കുന്നുണ്ട്.വിരോധമില്ലെങ്കിൽ അത് സ്വീകരിക്കണം.ഞാൻ ഞെട്ടി.അയ്യോ ഇത്രയും സ്നേഹമുള്ള മദാമ്മയോ.....? വീണ്ടും വേദ വചനങ്ങളും ആശംസകളും,പ്രാർത്ഥനകളും.       

പിറ്റേ ദിവസം മെസ്സേജ് വന്നു.എനിക്ക് അയച്ചിരിക്കുന്ന സമ്മാനങ്ങളുടെ നീണ്ടൊരു ലിസ്റ്റാണ്. ഓരോന്നായി പറയാം.

ബൈബിൾ 

ആപ്പിൾ ഐഫോൺ 

ആപ്പിൾ ലാപ്ടോപ്പ് 

വാച്ചുകൾ

സ്വർണ്ണ ആഭരണങ്ങൾ

പെർഫ്യൂം

അനുഗ്രഹ തൈലം(from jerusalem)     



അതു മാത്രമോ   50,00000 US ഡോളറും അയച്ചിട്ടുണ്ട്. അതായത് ഇന്നത്തെ റേറ്റ് അനുസരിച്ചു 36 കോടി 77 ലക്ഷം രൂഫാ .... !!ഹെന്റെ ഹമ്മച്ചിയേ......  പിന്നൊരു കാര്യംകൂടി മദാമ്മ  പറഞ്ഞു. ഈ അയച്ച ചില്ലറ മുയുമനും എനിക്ക്മിണുങ്ങാനുള്ളതല്ല. അതിൽ ഒരു 20 ശതമാനം, അതായത്   7കോടി  35 ലക്ഷം രൂപാ ഏതെങ്കിലും ഓർഫനേജിന് കൊടുക്കണം. ബാക്കി വരുന്ന വെറും 29 കോടി 42 ലക്ഷം രൂഫാ മാത്രമേ  എനിക്ക് എടുക്കാൻ പറ്റുകയുള്ളു.

കുറച്ചു കഴിഞ്ഞു വീണ്ടും മറ്റൊരു മെസ്സേജ്. സഹോദരനോടുള്ള സ്‌നേഹംകൊണ്ടു ഞാൻ തികച്ചും സൗജന്യമായാണ് ഈ സമ്മാനങ്ങൾ അയച്ചിരിക്കുന്നത്. എല്ലാ ഡെലിവറി ഫീസുകളും CEC INTERNATIONAL  EXPRESS COURIER COMPANY  യിലേക്ക് ഞാൻ മുൻ‌കൂർ കൊടുത്തിട്ടുണ്ട്. സാധനം ഇന്ത്യയിൽ എത്തിയാലുടൻ ഡെലിവറി ബോയ് നിങ്ങളെ വിളിക്കുന്നതായിരിക്കും. ഒരുമാതിരി പ്രത്യേക സ്നേഹമാണല്ലോ ഈ മദാമ്മക്കു..? ഞാൻ വീണ്ടും നന്ദിയും ഓക്കെയുമൊക്കെ കൊടുത്തു. നല്ലൊരു ഇര കൊത്തിയിട്ടുണ്ടെന്നു മദാമ്മയും, ഇവർക്കിട്ടു ഒരു പണി കൊടുക്കണമെന്നു  ഞാനും കണക്കുകൂട്ടി. മദാമ്മ ഗുഡ് നൈറ്റ് പറഞ്ഞു.

സന്ധ്യയായി ഉഷസ്സുമായി, മദാമ്മ ഓൺലൈനിൽ വന്നു. പിന്നല്ല ഞാനും ചെന്നു. ഇന്നു  ഡെലിവറി ബോയ് നിങ്ങളെ വിളിക്കും. ഓ....  ഞാൻ സമ്മതം മൂളി. കുറച്ചു നേരത്തിനു ശേഷം വണ്ടിയുമായി പുറത്തേക്കു ഇറങ്ങിയപ്പോൾ ഒരു ഫോൺ. ഒരു സ്ത്രീയാണ് വിളിക്കുന്നത്. ഇതു മിസ്റ്റർ ജെനോഷ് കെ ജോൺ അല്ലേ....? അതേല്ലോ..നമ്മൾ മൊഴിഞ്ഞു. അവർ ഹിന്ദിയിലാണ് സംസാരിക്കുന്നത്. ഇംഗ്ളീഷിൽ സംസാരിക്കാമോ....? ഞാൻ ചോദിച്ചു. പിന്നെ ഇംഗ്ളീഷിലായി സംസാരം.ഹിന്ദി കലർന്ന ഇംഗ്ലീഷ്...കസ്റ്റംസിന്റെ ഡൽഹി ഓഫീസിൽനിന്നാണ് ഞാൻ വിളിക്കുന്നത്. നിങ്ങൾക്കു ഒരു പാർസൽ വന്നിട്ടുണ്ട്. അതിന്റെ കസ്റ്റംസ് ക്ലിയറൻസിനായി ഒരു 29500 രൂപ നിങ്ങൾ അടക്കണമല്ലോ സർ.... മേഡം ഇപ്പോൾ ഞാൻ തിരക്കിലാണ് ഫ്രീ ആകുമ്പോൾ തിരിച്ചുവിളിച്ചോളാം എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു. നമ്മൾ വലിയ തിരക്കുള്ള പുള്ളിയാണ് എന്നവർക്കു തോന്നണം അയിനാണ്. ഇങ്ങനെ ഒരു കോൾ വരുമെന്നും പിന്നെ കാര്യങ്ങൾ എങ്ങനെ നീക്കണമെന്നും ഞാനും തീരുമാനിച്ചിരുന്നു. മദാമ്മ ചവിട്ടിയത് വിഷമുള്ളതിന്റെ പുറത്തു തന്നെ ആയിരുന്നു.   

ഞാനുടനെ  മദാമ്മക്ക് മെസ്സേജ് ചെയ്തു. 29500 ആവശ്യപ്പെട്ടു ഒരാൾ എന്നെ വിളിച്ചെന്നും. ഡെലിവറി ഫീ എല്ലാം നിങ്ങൾ മുൻ‌കൂർ കൊടുത്തിട്ടുണ്ടല്ലോ..? പിന്നെ ഈ ഫീസ് എന്തിനാണെന്നും ചോദിച്ചു. മദാമ്മ പതിയെ ഉടായിപ്പു തുടങ്ങി. "ബ്രദർ  എന്നെ ഇന്ത്യയിൽനിന്നും ഒരു കസ്റ്റംസ് ഒഫീഷ്യൽ ഇപ്പോൾ വിളിച്ചിരുന്നു. അവർ പറഞ്ഞത് ഡെലിവറി ഫീസ് അല്ല കസ്റ്റംസ് ക്ലിയറൻസ് ഫീസ് ആണ്...." അങ്ങനെയൊരു ഫീസ് ഉണ്ടാകുമെന്നു നിങ്ങൾക്കു അറിയില്ലായിരുന്നോ...? ഞാൻ വിട്ടില്ല.  അതിവിദഗ്‌ദ്ധമായി അവർ ആ ചോദ്യത്തിൽനിന്നും ഒഴിഞ്ഞുമാറി. ഒരു മിനിറ്റു കഴിഞ്ഞില്ല, വീണ്ടും "ഡൽഹി കസ്റ്റംസി"ന്റെ വിളിവന്നു. ഇപ്പോൾ സംസാരിക്കുന്നത് വേറൊരു സ്ത്രീയാണെന്ന് മനസ്സിലായി. സംസാരത്തിനു പക്കാ വിദേശി സ്റ്റൈൽ (എനിക്ക് സംശയം ഉണ്ടാകാൻ പാടില്ലല്ലോ). ഫീസ് അടക്കാൻ താല്പര്യമാണോ....അവരുടെ ചോദ്യം..അതെ.... നമ്മൾ ഉത്തരം പാസ്സാക്കി....എങ്കിൽ ഞാൻ അക്കൗണ്ട് ഡീറ്റെയിൽസ് അയച്ചുതരാം.ഫോൺ കട്ടായി.

ട്രൂ കോളറിൽനിന്നും ഈ "കസ്റ്റംസി" ന്റെ ഒറിജിനൽ പേര് എന്താണെന്നും, ഫേസ്ബുക്കിലെ മദാമ്മ ഒറിജിനൽ മദാമ്മ അല്ലെന്നും ഒരു ഇറ്റാലിയൻ കന്യാസ്ത്രീയുടെ പടം പ്രൊഫൈൽ പിക്ചർ ആക്കി ഏതോ പിതാവില്ലാത്ത മോന്റെ മോൻ ഉണ്ടാക്കിയ ഫേക്ക് ഐഡി ആണെന്നും, അമേരിക്കയിൽ നിന്നും വരുന്ന  ഒരു പാർസലിന്റെ കസ്റ്റംസ് ഫീസ് എത്രയാണെന്നും ,അത് എവിടെ എങ്ങനെയാണു അടക്കേണ്ടതെന്നും   ഇതിനോടകം  ഞാൻ മനസ്സിലാക്കിയിരുന്നു. നമ്മുടെ കസ്റ്റംസിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് ഗൂഗിളിൽ ലഭ്യമാണല്ലോ 

പറഞ്ഞതുപോലെ ഡൽഹിയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിലെ ഒരു അക്കൗണ്ട് നമ്പറും പേരും എനിക്ക് സന്ദേശമായെത്തി.ഞാൻ ഇവരോട് ചോദിച്ചു കസ്റ്റംസ് ഫീസ് അടക്കുന്നത് പേർസണൽ അക്കൗണ്ടിലാണോ....? അതോ ഡിപ്പാർട്മെന്റിന്റെ അക്കൗണ്ടിലാണോ? അതിനു ഉത്തരമില്ല. ഇതിനിടയിൽ മദാമ്മേടെ സന്ദേശം വേറെ, എത്രയും വേഗം തന്നെ കസ്റ്റംസ് ക്ലിയറൻസ് ഫീസ് അടച്ചിട്ടു ആ ബാങ്ക് സ്ലിപ് അയച്ചുകൊടുക്കണമെന്നായി അവർ. ചുമ്മാതിരുന്ന എനിക്കു പൈസാ അയച്ചുതരാൻ ഇനി ഇവർ എന്റെ അമ്മാവന്റെ അമ്മായിയെങ്ങാനും ആണോ...? ശ്ശെടാ ഇനി ശരിക്കുമുള്ള ഈ ഞാൻ അമേരിക്കയിൽ എങ്ങാനുമാണോ ജനിച്ചത്. ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.  

ഇതിനിടയിൽ ഞാൻ മദാമ്മക്ക് ഒരു കൊളുത്തിട്ടുകൊടുത്തു. മാഡം...നിങ്ങൾ എനിക്കയച്ച സമ്മാനങ്ങൾ ഒന്നും തിരിച്ചെടുക്കരുത്. എനിക്കത് വേണം ഞാനതിങ് എടുക്കുവാ.....എന്ന മാതിരി. മദാമ്മ അതിൽ വീണു. അവർ കിടന്നു കേഴാൻ തുടങ്ങി. എന്നെ നിങ്ങൾക്കു വിശ്വസിക്കാം... ബ്രദർ ഞാനാണു നിങ്ങള്ക്ക് പാർസൽ അയച്ചിരിക്കുന്നത്. 29500 രൂപ അടച്ചു നിങ്ങൾ അതു മേടിക്കണം. (കോടിക്കണക്കിനു രൂപയും  പ്ലസ് ലക്ഷങ്ങളുടെ ഗിഫ്റ്റ് ഐറ്റംസും എനിക്ക് അയച്ചവർക്കു 29500 രൂപാ കസ്റ്റംസ് ഫീസ് ചേർത്തു കൊടുക്കാൻ ഇല്ലത്രേ ) ചോദിക്കുന്നതിന്റെ മറുപടിയല്ല ഇവർ പറയുന്നത്. എന്റെ ചോദ്യം വീണ്ടും ഞാൻ ആവർത്തിച്ചു എന്നിട്ടു പറഞ്ഞു നിങ്ങൾ  കസ്റ്റംസ് അധികൃതരോട് പറയുക, ഡിപ്പാർട്മെന്റൽ അക്കൗണ്ട് ഡീറ്റെയിൽസ് തരാൻ....എന്നിട്ടു ഞാൻ ഫീസ് അടച്ചോളാം..!                                                         

ശുഭം 

സിൽമാ നടൻ മോഹൻലാൽ ലൂസിഫറിൽ പറഞ്ഞ ആ വിശ്വ വിഖ്യാതമായ ഡയലോഗ് പറയുന്നതിനു മുമ്പേ " മദാമ്മ" ഫേസ്ബുക്കിൽ നിന്നും എന്നെ അൺഫ്രണ്ട് ചെയ്തു വാട്സാപ്പിൽനിന്നും  ബ്ലോക്കും ചെയ്തു.

ഇത്രയും വലിച്ചു  നീട്ടി  പറഞ്ഞതിന്റെ കാരണം, ഇങ്ങനെ വരുന്ന ഉഡായിപ്പുകൾ പഠിച്ച തട്ടിപ്പുകാരായിരിക്കും.ഇവരോട് വേണ്ട വിധത്തിൽ പെരുമാറിയാൽ വിട്ടുപൊക്കോളും.നിഷ്കു അയാൾ കയ്യിലെ ചില്ലറ വേറെ പിള്ളേര് കൊണ്ടുപോകും.  സാറാ ആൻഡേഴ്സൺ - ഫേസ്ബുക്കിൽ സെർച്ച് ചെയ്താൽ ഇവരുടെ അക്കൗണ്ട് ഇപ്പോഴും കാണാം. ഒരുതവണ പരിപാടി പാളിയാൽ പിന്നീട് ആ വഴി വരില്ല. എന്റെ ഇപ്പോളത്തെ സംശയം നമ്മുടെ കുറെ സൂർത്തുക്കൾ നിലവിൽ ഇവരുടെ ലിസ്റ്റിലുണ്ട്. അവർക്കിട്ടും പണി കിട്ടിയോ .......?

ഒരു കാര്യം ഇതിനിടക്ക് കേറി പറയുവാണ്.പണ്ടൊരിക്കൽ ഫേസ്ബുക്കിൽ, ഒരു ഹോളിവുഡ് നടൻ മില്യൺ ഡോളറുകൾ കൊടുക്കുന്ന ഒരു ഫെയ്ക് പോസ്റ്റ് ഉണ്ടായിരുന്നു. പുള്ളീടെ പോസ്റ്റിനു താഴെ ആമേൻ എന്നു ടൈപ്പ് ചെയ്യണം പോലും. കുറെ വേൾഡ് ഉണ്ണാക്കൻമ്മാർ കേറി ആമേൻ എഴുതി. വേറെ കുറെ മര വാഴകൾ  എഴുതിയത് ഇങ്ങനെയാണ്."AMEN  - FOR MY MINISTRY" അച്ചോടാ...കൈനനയാതെ ചില്ലറ കിട്ടുമെന്നു വിചാരിച്ചു പുള്ളീടെ മിനിസ്ട്രി യെ കൂട്ടു പിടിച്ചിരിക്കുവാണ്. ച്ചാൽ ആ പൈസാ വെച്ചു ഞാൻ "ഫയങ്കര" മിനിസ്ട്രി ചെയ്യുമെന്ന്. അങ്ങനെയും ഉണ്ടു കുറെ പൊന്നുമക്കൾ.

സുമാർ ഒരു വർഷം മുമ്പു, ഇങ്ങനെയുള്ള ഉഡായിപ്പുകളെ തെരഞ്ഞുപിടിച്ചു നമ്മളൊരു ബ്ലോഗ് ചെയ്തിരുന്നു. ആ ബ്ലോഗ് വായിച്ചാൽ കാര്യം മനസ്സിലാകും  (മലയാളികളെ പറ്റിക്കാൻ എന്തെളുപ്പം......)സോഷ്യൽ മീഡിയ ഉള്ളിടത്തോളം കാലം ഇനിയും വരും ഇതുപോലെ പല മദാമ്മമാരും സായിപ്പൻമ്മാരും. അതിനെല്ലാം കേറി തലവെച്ചു പൈസാ കളയാൻ മണകുണാഞ്ചൻമ്മാരുടെയും കുണാഞ്ചിമാരുടെയും  ജീവിതം ഇനിയും ബാക്കി.

Link for my previous blog


FOLLOW ME ON....

https://www.instagram.com/janoshkjohn/


വാൽക്കഷ്ണം

മ്മടെ ഒരു സിൽമാ നടന്  സ്റ്റണ്ട് നടത്തുന്നതിനിടയിൽ പരിക്കുപറ്റി. ഇയാൾ ഒരാഴ്ച ആശുപത്രിയിൽ കിടന്നു. ഇങ്ങനെ നേരിട്ട് ഒരിടി  കിട്ടിയിരുന്നെങ്കിൽ നമ്മുടെ എത്രയോ സിൽമക്കാരുടെ ആണ്ടുബലി കഴിഞ്ഞേനേം...    







"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...