Saturday, September 07, 2019

ഈ സൗജന്യം ഇനി അടുത്ത ഓണത്തിനു മാത്രം

ഈ ബസ്സിലിരിക്കുന്ന ചേട്ടൻമ്മാരേ ചേച്ചിമാരേ ..... അനവധി നിരവധി വർഷ
ങ്ങളായി ഈ ബസ്റ്റാന്റിൽ വിൽപ്പന നടത്തിവരുന്ന ആളാണ് ഞാൻ. ഇന്നു 
ഞാൻ നിങ്ങളെ പുതിയൊരു ഉൽപ്പന്നം പരിചയപ്പെടുത്തുകയാണു. അറബി 
പാൽക്കായം. അങ്ങു ഹിമാലയത്തിലുള്ള നവാച്ചാൽ എന്ന മരത്തിൽനിന്നും 
എടുക്കുന്ന ദിവ്യ ഔഷധമാണ് പാൽക്കായം . ഇത് ഉണ്ടാകുന്നതല്ല, ഉണ്ടാകുന്ന
താണു. നിങ്ങളെ അലട്ടുന്ന ഏത് ആരോഗ്യ പ്രശ്നവുമായിക്കൊട്ടെ  ഇതൊന്ന് 
സേവിച്ചാൽ മാത്രം മതി. ചെറിയ ബോട്ടിൽ പത്തുരൂപ ഇടത്തരം ബോട്ടിൽ 
അറുപതു രൂപ ഫാമിലി ബോട്ടിൽ 120 രൂപ.... ബസ്സിലെ ചേട്ടൻ കത്തി കയറുകയാണ്.





എനിക്കു നാട്ടിലെ സകലമാന ഡോക്ടർമാരോടും ആശുപത്രിക്കാരോടും പുച്ഛം തോന്നി. .. എന്താണെന്നോ..?  ഇതുപോലെ കഴിവുള്ള "ഡോക്ടർമാർ" ബസ്‌സ്റ്റാന്റുകളിൽ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ ആശുപത്രിക്കാരൊക്കെ എന്നാ പരസ്യമാ ചെയ്യുന്നത്... അത് ഓർത്തിട്ടു എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. പിന്നെയാണ് മനസിലായത് ഇതൊക്കെ 
പരസ്യത്തിന്റെ ഏറ്റവും ദയനീയവും മൃഗീയവും പൈശാശികവുമായ വേർഷൻ ആണെന്നു. അവിടെവെച്ചു ഞാനൊരു തിയറിക്കു രൂപം കൊടുത്തു 
"സാധനം എത്ര ഡ്യൂപ്ലിക്കേറ്റ് ആണോ അത്രയും വാചകമടിയും  കൂടും".... ഇതാണ്  തിയറി.


ഉപഭോഗ സംസ്കാരത്തിന്റെ അടിമയാണു ഇന്നത്തെ മനുഷ്യൻ. ഉപയോഗം 
ഇല്ലാത്തതും ഉള്ളതുമെല്ലാം വാങ്ങിക്കൂട്ടുവാൻ മനുഷ്യൻ നിർബന്ധിതനായി 
മാറുന്നു. നമ്മുടെ ഈ അവസ്ഥയെ നല്ലൊരു ബിസിനസ് അവസരമായി കാണുന്ന ചെറുതും വലുതുമായ കമ്പനികൾ ഓരോ പരീക്ഷണങ്ങളുമായി 
നമ്മളെ ഉന്നം വെക്കുന്നു. അതിന്റെ ഫലമാണു നമ്മൾ ഇന്നു കാണുന്ന പരസ്യ 
പ്രളയം. സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതും ഏതു വിധേനയും 
സാധനം ചെലവാക്കാൻ നിർമ്മിക്കുന്ന ഊള പരസ്യങ്ങൾ. ഇതെല്ലാം കണ്ടു നമ്മൾ ഇല്ലാത്ത പൈസായും ഉണ്ടാക്കി ഓടുകയാണ്"സ്റ്റോക്ക് "തീരുന്നതിനു മുമ്പ് സാധനം വാങ്ങിക്കാൻ.  എന്തൊക്കെ പരസ്യങ്ങളാണ് പടച്ചോനേ....

പത്തു രൂപായുടെ ബിസ്ക്കറ്റ് പിടിച്ചു കൊണ്ട് അമിതാബ് ബച്ചൻ....(പാവം )
മൂന്നു രൂപയുടെ പെൻസിലും പിടിച്ചു യുവരാജ് സിങ്...(അയ്യോ പാവം )
മായം കലർത്തലിനു കേസ് വരെ വന്ന സാമ്പാർ പൊടിയുമായി കാവ്യാ മാധവൻ... എന്നു വേണ്ട പ്രശസ്തരെ മുന്നിൽ നിർത്തി ജനങ്ങളുടെ കണ്ണിൽ പൊടിവാരിയിട്ടു ഉൽപ്പനം വിറ്റഴിക്കാനുള്ള ഓരോരോ ഉഡായിപ്പുകൾ....
പെപ്സി കുടിക്കുന്നു സിക്സർ അടിക്കുന്നു  ഇന്ത്യ ജയിക്കുന്നു...
സ്റ്റേഡിയത്തിൽ മൂക്കും തല്ലി വീഴുന്നു, മൂവ് തേക്കുന്നു...എണീറ്റ് ചെന്ന് ചറപറാ റൺസ് അടിക്കുന്നു ഇന്ത്യ ജയിക്കുന്നു...തേങ്ങാ മുകളിലേക്ക് എറിയുന്നു..ചെന്നു കൊണ്ടത് റൂഫിംഗ് ഷീറ്റിൽ, തേങ്ങാ രണ്ടായി മുറിഞ്ഞു 
പാചകക്കാരന്റെ കയ്യിൽ വന്നു വീഴുന്നു...ഫെയർ ആൻഡ് ലൗലി തേച്ചിട്ടു 
മത്സരത്തിന് പോകുന്നു,ഒന്നാം സ്ഥാനം കിട്ടുന്നു.  ഒരു ലോഷൻ ക്ലോസെറ്റിൽ ഒഴിക്കുന്നു,അണുക്കൾ നിലവിളിച്ചുകൊണ്ട് ഇറങ്ങി ഓടുന്നു.  ഒരു  പൌഡർ തേച്ചിട്ടു റോഡിലൂടെ നടക്കുന്നു,വഴിയേപോയ പെണ്ണുങ്ങളെല്ലാം ഒരുത്തന്റെ പുറകെ കൂടുന്നു. 

ഒരു ചേച്ചി ഓഫീസിൽ ഇരുന്നു ചോറ് കഴിക്കുന്നു. കറി ഒന്നുമില്ല, കാരണം ഈ അരിയുടെ ചോറ് കറിയില്ലാതെയും കഴിക്കാം... KFC കഴിക്കുന്നു, വലിയൊരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടുന്നു. ഒരു പ്രത്യേക പേസ്റ്റ് കൊണ്ടു പല്ലു തേക്കുന്നു....ശേഷം ഇവൻ വാ തുറന്നപ്പോൾ ഇന്നലെ പിണങ്ങിപ്പോയ പെങ്കൊച്ചു തിരിച്ചുവരുന്നു. എന്റമ്മോ സഹിക്കാൻ പറ്റുന്നില്ല ഇമ്മാതിരി തള്ള് പരസ്യങ്ങൾ കണ്ടിട്ട്. യാഥാർത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത കുറെ കോപ്രായങ്ങൾ.


ഇനി വേറൊരു തള്ള്...ഇത് കീടാണുക്കളോടു പൊരുതുന്നു...(ആയിക്കോട്ടെ )
ഇനി വേറൊന്നു...ഇത് 99.99 % രോഗാണുക്കളെയും നശിപ്പിക്കും...(ബാക്കി ആർക്കു വെച്ചേക്കുവാ) കീടാണുക്കളോടു പൊരുതുന്നതേയുള്ളു.....അതിനെ 
ഇല്ലാതാക്കുന്നില്ല. പരസ്യങ്ങളുടെ സൈക്കോളജിക്കൽ മൂവിൽ നമ്മൾ ഇതൊന്നും ശ്രദ്ധിക്കാൻ മിനക്കെടുന്നില്ല. മെഡിക്കലും കോസ്‌മെറ്റിക്‌സും
പറയുന്ന പരസ്യങ്ങളിൽ "ഡോക്ടർ വേഷധാരി"കളാണ് കൂടുതലും.
ശരിക്കും ഇവർ ഡോക്ടർമാരാണോ....?ഏയ്....!!അഭിനയത്തിന് പൈസാ
വാങ്ങുന്ന മോഡലുകൾ മാത്രമാണ് ഇവർ.  

ഇങ്ങനെയുള്ളവർ അഭിനയിക്കുന്ന
പരസ്യങ്ങളിലാണ് ഇങ്ങനെ വെച്ച് താങ്ങുന്നത് "ഡോക്ടർമാർ ശുപാർശ
ചെയ്യുന്നത്" എന്ന്. നിങ്ങളുടെ പേസ്റ്റിൽ ഉപ്പുണ്ടോ...?എന്ന് ചോദിച്ച ഡോക്ടർ ഡോക്ടർ അല്ലെന്നു ഇനിയെങ്കിലും മനസ്സിലാക്കിയാൽ നല്ലത് !!നമ്മുടെ 
നടൻമാരായ മമ്മൂട്ടിയും മോഹൻലാലുമൊക്കെ എത്ര ചിത്രങ്ങളിൽ ഡോക്ടർ
മ്മാരായി അഭിനയിച്ചു. അത് അഭിനയം മാത്രം. പരസ്യ ഡോക്ടർമാരും
അങ്ങനെതന്നെ.പക്ഷേ അത് നമ്മളെ തെറ്റിദ്ധരിപ്പിക്കുവാൻ ആണെന്ന് മാത്രം.
പരസ്യം കേട്ടിട്ടു നമ്മൾ ഉപ്പുള്ള പേസ്റ്റും തപ്പി നടക്കുന്നു.


കോടികൾ മറിയുന്ന മേഖലയാണു പരസ്യം.
അതിലൂടെ കുറെപ്പേർക്കു ജോലി ലഭിക്കുന്നുണ്ട്. അതു സത്യമാണ്. പക്ഷേ
അമിതമായ അതിശയോക്തി കലർത്തി,ഉല്പന്നങ്ങളെ മഹത്വവൽക്കരിച്ചു
അവതരിപ്പിക്കുന്നതും ഞങ്ങളുടെ സാധനമാണ് ഏറ്റവും നല്ലതെന്നും പറയുന്ന
ഇടപാടിനെയാണ്  നമ്മൾ ഇവിടെ കൈകാര്യം ചെയ്യുന്നത്. അതിനോടാണ് നമ്മൾക്ക് കലിപ്പ്. ഞങ്ങളുടെ സാധനം ഒറിജിനൽ മറ്റവന്റെ വ്യാജം..ഇതല്ലേ പരസ്യക്കമ്പനികൾ ചെയ്യുന്നത്.? കണ്ടിട്ടില്ലേ....മേൽക്കൂരയുടെ പുറത്തു ഒരു
സുമോ ഗുസ്തിക്കാരൻ കേറിനിൽക്കുന്ന പരസ്യം...ഒരു തേങ്ങാ വീണാൽ ചളുങ്ങുന്ന ടിൻ ഷീറ്റിന്റെ പരസ്യമാണ്....

16 ആയി മടക്കിയ ഒരു പടുത ഒരുത്തൻ വലിച്ചു കീറാൻ തുടങ്ങുന്നു.....വേറൊരു പരസ്യമാണ്. ഈ പടുത (ഏതു പടുതായും )നിവർത്തി വെച്ചു വലിച്ചാൽ 64 ആയി കീറും അതുവേറെ കാര്യം. ചെറുതായിമടക്കിയ പടുത, മനുഷ്യനല്ല ആന പിടിച്ചാൽ പോലും കീറിപ്പോകില്ല. പിന്നെ നമ്മളെ പറ്റിക്കാൻ, സാധനം  ചെലവാക്കാൻ ഒക്കെ ഇങ്ങനെ അതിശയോക്തി കാണിക്കുന്നതല്ലേ....?? 

പഴയ പരസ്യമാണ്. ഒരു പ്രത്യേക പെട്രോൾ അടിക്കുന്നു, സ്കൂട്ടർ  ഇതാ ചന്ദ്രനിലേക്ക് കുതിക്കുന്നു....ബഹിരാകാശ സഞ്ചാരിയുടെ വേഷത്തിലാണ് 2 
ചേട്ടൻമ്മാർ വരുന്നത. സത്യത്തിൽ ഇപ്പോൾ പെട്രോൾ അടിച്ചാൽ ചന്ദ്രനിൽ 
എന്നല്ല അടുത്ത ചന്ദ്രൻ ചേട്ടന്റെ വീട്ടിൽ എത്താൻ പോലും തികയില്ല. അതുകൊണ്ടു നമ്മൾ പമ്പിൽ ചെല്ലുമ്പോൾ വളരെ താഴ്മയായി പറയും."ചേട്ടാ 
സാദാ" മതിയെന്ന്.ചന്ദ്രനിൽ പോകാനുള്ള ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഇപ്പോൾ 
സമയമില്ല..പിന്നല്ലാതെ...


നിങ്ങളുടെ ഉല്പ്പന്നം എത്ര ചീഞ്ഞതുമാകട്ടെ, ഞങ്ങളുടെ പരസ്യത്തിലൂടെ അതു ചെലവാക്കിത്തരാം..
പരസ്യ കമ്പനിക്കാരുടെ ലൈൻ. മിക്സി വാങ്ങിയാൽ തവി ഫ്രീ. തവി വാങ്ങിയാൽ തവ ഫ്രീ. ചുരിദാർ വാങ്ങിയാൽ ഷർട്ട് ഫ്രീ. ചുമ്മാ കിട്ടിയാൽ 
ചുണ്ണാമ്പും തിന്നാൻ മനസ്സുള്ള കുറെ ആളുകൾ കടം വാങ്ങിയും ബ്ലേഡ് എടുത്തും  പാഞ്ഞുകയറുന്നു.  എന്തിന് ഫ്രീ കിട്ടും അതിന്. സത്യം എന്താണ്?
ഒരു മൊട്ടുസൂചി പോലും ആരും ആർക്കും വെറുതെ കൊടുക്കുന്നില്ല. ഇനി 
കൊടുക്കുന്നുണ്ടെങ്കിലോ ? അതിന്റെ പൈസാ വേറെ വകുപ്പിൽ ഈടാക്കും.
ചില ബാങ്കുകളുടെ ലോൺ പരസ്യം കാണുന്നില്ലേ..? പത്തു മിനിറ്റിനുള്ളിൽ 
ലോൺ...മറ്റു ചാർജ്ജുകൾ ഒന്നുമില്ല. താഴെ ചെറിയ അക്ഷരത്തിൽ ഇങ്ങനെയൊരു മുന്നറിയിപ്പും. 1200 രൂഭാ.....സർവീസ് ചാർജ് ഈടാക്കും....
ഈ കോളേജിൽ ഫീസില്ല ഡൊനേഷൻ ഇല്ല, പിന്നെ 25000 രൂപയുടെ ഒരു നേർച്ച 
ഉണ്ടായിരിക്കുന്നതാണ് എന്ന് പറയുന്നതുപോലെ.


കണ്ടുമറന്ന ഒരു പരസ്യം (അതോ പരസ്യ തട്ടിപ്പോ) നിങ്ങളുടെ കുട്ടിക്കു കോംപ്ലാൻ കൊടുക്കൂ...കുട്ടി സ്‌ട്രോങ്ങർ ടോലെർ,ഷാർപെർ ആയി വളരുന്നു.  ഇനി നേരെ കോംപ്ലാന്റെ വെബ്സൈറ്റ് ഒന്ന് നോക്കാം. അവിടെ പറയുന്നു. "കോംപ്ലാൻ ഉൽപ്പന്നങ്ങളിൽ വിറ്റാമിൻ b5,b6, b 12, c, d ഇരുമ്പ് എന്നിവയ്ക്കുള്ള റഫറൻസ് intake ഇൻറെ  ⥸15 % അടങ്ങിയിരിക്കുന്നു. വൈവിദ്ധ്യമാർന്നതും സമതുലിതവുമായ ഭക്ഷണവും 
ആരോഗ്യകരമായ ജീവിത ശൈലിയും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്."
അതായത് കോംപ്ലാൻ കുടിച്ചതു കൊണ്ടുമാത്രം ആരും ടോളരും ഷാർപ്പറും സ്‌ട്രോങ്‌റും ആകുന്നില്ല എന്ന്....!!!

ഒരു കുട്ടിയുടെ വളർച്ച അവന്റെ പാരമ്പര്യ 
ഘടകങ്ങൾ അനുസരിച്ചാണ് ഇരിക്കുന്നത്. പൊക്കം കൂടുതലും പൊക്കം കുറവും എല്ലാം ജനിതക പ്രത്യേകത അനുസരിച്ചാണ് ഉള്ളത്. പൊക്കം കുറവുള്ള മാതാപിതാക്കൾക്ക് പൊക്കം കുറഞ്ഞ കുട്ടിയും,പൊക്കമുള്ള മാതാപിതാക്കൾക്ക് പൊക്കമുള്ള കുട്ടികളും ജനിക്കുന്നത് ജനിതക വ്യതിയാനം അടിസ്ഥാനമാക്കിയാണ്. പണ്ട് നമ്മൾ സ്കൂളിൽ പഠിച്ചിട്ടില്ലേ   ഗ്രിഗർ മെൻഡലിന്റെ ജനിതക ശാസ്ത്രം എന്നൊക്കെ ?   ഇതിനെയാണ് പൊക്കം കൂടും നീളം കൂടും ബുദ്ധി കൂടും എന്നൊക്കെ കോംപ്ലാൻ പരസ്യത്തിൽ പറയുന്നത്.

പാലിൽ ഉള്ള പ്രോടീൻസ്‌ മാത്രമേ കോംപ്ലാനിൽ ഉള്ളു എന്നാണ് വിവരമുള്ളവർ പറയുന്നത്. അതായത് നമുക്ക് കിട്ടുന്ന കോംപ്ലാൻ എന്നുപറയുന്ന സാധനത്തിൽ അധികവും പാൽപ്പൊടിയാണെന്നു ചുരുക്കം.
ലോകത്തു ഒരിടത്തും ഒരു കുട്ടിയും കോംപ്ലാൻ കുടിച്ചു അതിമാനുഷൻ ആയിട്ടില്ല. അല്ല,ആയിട്ടുണ്ടെങ്കിൽ തന്നെ അതൊക്കെ വാർത്ത ആകേണ്ടതല്ലേ..? ഇതൊക്കെ പരസ്യ കമ്പനിക്കാരുടെ വ്യാജ അവകാശ വാദങ്ങൾ മാത്രമാണ്. ഇത്രയും പറഞ്ഞുകൊണ്ട് ഈ ഭാഗം വിടുന്നു....!!!


ചില കുപ്പികളുടെ ഡിസൈൻ കണ്ടിട്ടില്ലേ...പുറമേ നല്ല വലുപ്പം, എന്നാൽ അകത്തു ഒട്ടും സ്ഥലം കാണില്ല. ലെയ്‌സിന്റെ കവർ പുറത്തുനിന്നും നോക്കിയാൽ അകം മുഴുവൻ നിറഞ്ഞു നിൽക്കും പക്ഷേ 50 % കാറ്റു മാത്രമാണ്.
കാറ്റു വിറ്റു പൈസാ മേടിക്കുന്നവരാണ് ലെയ്സും കുർകുറെയും . .കപ്പയും ചക്കയും കഞ്ഞിയും കഴിച്ചിരുന്ന നമ്മളെ KFC യുടെയും ഷവർമ്മയുടെയും പിന്നാലെ കൊണ്ടുവരുവാനും അതിന്റെ ആരാധകരാക്കുവാനും ഈ പരസ്യകമ്പനികൾ തന്നെയാണ് മുൻകൈ എടുക്കുന്നത് . ഫലമോ,ഇറച്ചിക്കോഴി
പോലെയുള്ള കുറെ ശരീരങ്ങൾ ഇവിടെ വളർന്നുവരികയുംചെയ്യുന്നു.

ടേബിൾ മേറ്റ്  എന്നൊരു മേശക്ക് പണ്ട് നല്ല മാർക്കറ്റിംഗ് ആയിരുന്നു മിസ്ഡ് കാൾ മതി. കമ്പനി തിരിച്ചുവിളിച്ചു സാധനം നമ്മുടെ തലയിൽ വെച്ചുതരും അതായിരുന്നു രീതി. മൂവായിരം രൂപക്കായിരുന്നു വിൽപ്പന. സാധനം ഓൺലൈനിൽ കിട്ടിയവർ ഈ കമ്പനിക്കാരുടെ ഒരു മൂന്നു തലമുറക്കുള്ള തെറിവിളിച്ചു..എല്ലാം കൂടി നോക്കിയാൽ അഞ്ഞൂറ് രൂപയ്ക്കുള്ള സാധനം പോലുമില്ല. കൊടുത്തതോ മൂവായിരം രൂഭാ.....പരസ്യത്തിൽ വീണുപോയി...
ഒരു ബലഹീന നിമിഷത്തിൽ മിസ്ഡ് കോളും കൊടുത്തു....


നിങ്ങളുടെ പഴയ മിക്സി കൊണ്ടുവരൂ......
പുതിയത് കൊണ്ടുപോകൂ....MRP യിൽ 1000 രൂപ കുറവോടെ...ഇത് കാണേണ്ട താമസം നമ്മുടെ ചേച്ചിമാർ പഴയ മിക്സിയും പൊക്കിപ്പിടിച്ചു വരവായി...
വമ്പിച്ച ആദായം നോക്കിയാണ് ഇവർ ചെല്ലുന്നത്...പക്ഷേ ആദായം മൊത്തം
കടക്കാരനാണ് എന്നുമാത്രം. അതിന്റെ പിന്നാമ്പുറത്തേക്കൊന്നു നോക്കാം..
മിക്സിക്കു 3500 രൂപ MRP  അടിച്ചിരിക്കും. അതിൽനിന്നും ആയിരം രൂപ കുറച്ചിട്ടു 2500 തരാമെന്നാണല്ലോ പരസ്യം. കടക്കാരന് ബൾക്ക് സ്റ്റോക്ക് ആയി
കിട്ടുന്ന മിക്സിക്കു യഥാർത്ഥത്തിൽ 2000 രൂപയേ കാണു. നമ്മളോടുള്ള
സ്നേഹത്തിന്റെ പേരിൽ 2500 ന് തരുന്നതാണ്..! അപ്പോൾ കടക്കാരന് ഒരു
മിക്സിയിൽ എത്ര ലാഭം...??? 500  ഉറുപ്പിക. തീർന്നില്ല, നമ്മളുടെ പഴയ മിക്സി
ഇവർ അവസാനം ആക്രി കൊടുക്കും.അതിലും കിട്ടും വേറെ ലാഭം....!!
തലയിൽ കയറിയോ ഡിസ്‌കൗണ്ട് മേളയുടെ രഹസ്യം...? 

കാര്യം മനസ്സിലാകാൻ വേണ്ടിയാണു ചെറിയ റേറ്റിന്റെ മിക്സിയുടെ കാര്യം പറഞ്ഞത്. ഇവിടെ
വലിയ റേറ്റിന്റെ-പതിനായിരക്കണക്കിന്റെ-ഡിസ്‌കൗണ്ട് മേളയിലും ഇതേ
സിസ്റ്റം ആണ് കളിക്കുന്നത്. എക്സ്ചേഞ്ച് മേള എന്നൊക്കെ പറഞ്ഞാൽ
ഇതാണെന്നു നമ്മൾ ആദ്യം മനസ്സിലാക്കണം. വലിയ റേറ്റിന്റെ ഇടപാടുകളിൽ കടക്കാരന് തടയുന്ന ലാഭം എത്ര എന്നു നമ്മൾക്ക് ഊഹിക്കാമല്ലോ...?? ഇതാണ് (കടക്കാരന്റെ ) അഥവാ  ബ്രാൻഡിന്റെ  ആദായ മേള. പരസ്യങ്ങളുടെ അടിയിൽ ചെറിയ അക്ഷരത്തിൽ ഇങ്ങനെ അടിച്ചിരിക്കും "നിബന്ധനകൾ ബാധകം" "വ്യവസ്ഥകൾ ബാധകം""conditions apply"


മൊബൈൽ കമ്പനികളും നൈസ് ആയി  തട്ടിപ്പു നടത്തുന്നുണ്ട്. അവരുടെ ഭാഷ
തന്നെ നോക്കൂ. 100 രൂപയ്ക്കു റീചാർജ് ചെയ്യൂ എന്നല്ല, നൂറു രൂപയുടെ
ആനുകൂല്യം ആസ്വദിക്കൂ എന്നാണ് പറയുന്നത്. 99,199,499,999 ഇങ്ങനെയുള്ള
റീചാർജുകളാണല്ലൊ കൂടുതലും. നെറ്റിന്റെ സ്പീഡ് കുറച്ചും, പൈസ പെർ
സെക്കന്റ് ആക്കിയും ഏതൊക്കെ രീതിയിലാണോ ഇവരുടെ വക തട്ടിപ്പുകൾ.
ഇങ്ങനെ ആനുകൂല്യം ആസ്വദിച്ച് നമ്മൾ ഒരു വിധമായി...!!കടക്കാരന് പോലും നിശ്ചയമില്ല ഏതൊക്കെ ഓഫർ നിലവിലുണ്ടെന്നും ഇല്ലെന്നും...!!



പല്ലിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന  ആവരണമുണ്ടെന്നും പറഞ്ഞു കോൾഗേറ്റിന്റെ  ഒരു പഴയ പരസ്യമുണ്ടായിരുന്നു. അതും പറഞ്ഞത് ഒരു ഡോക്ടർ വേഷക്കാരൻ. ഇങ്ങനെ പൊതിയാൻ ഒരു ആവരണമില്ലെന്നാണ് സത്യം. പേസ്റ്റ് കമ്പനികൾ തമ്മിലുള്ള മത്സരം മൂത്തു കൊടുത്ത പരസ്യമാകാം .
അലൂമിനിയം ഹൈഡ്രോക്‌സൈഡ്, കാൽസ്യം കാര്ബോനൈറ്റ്,ഫ്ലൂറൈഡ്
അഴുക്കു കളയുന്ന ശേഷി കൂട്ടാനുള്ള ഒരു ഡിറ്റർജന്റ്,സിങ്ക് ക്ലോറൈഡ്.....കാൽസ്യം ഫോസ്‌ഫയ്റ്റ്, രുചി നൽകാനായി പെപ്പർ മിന്റ്, പൊടിഞ്ഞു പോകാതിരിക്കാൻ,ഗ്ലിസറോൾ,സോർബിറ്റോൾ
ഇതൊക്കെയാണ് ഒരു പേസ്റ്റിൽ ഉള്ളത്. പിന്നെ ബ്രാൻഡുകൾ തമ്മിൽ കുറെ വ്യത്യാസങ്ങളും  ഉണ്ടാകും .  

ദന്ത ഡോക്ടർമാർ ഒരു കമ്പനിയുമായി ചേർന്ന് ഒരു പ്രത്യേക ഇനം പേസ്റ്റ് ഉണ്ടാക്കിയിരിക്കുന്നു എന്നൊക്കെയാണ്
പരസ്യത്തിൽ തട്ടി വിടുന്നത്. പല്ലിന്റെ ഇനാമൽ പോയവർക്ക് പ്രത്യേക പേസ്റ്റ് നിലവിലുണ്ട്, അതിനു വില കൂടുതലുമാണ്. അതിന്റെ കാര്യമല്ല നമ്മൾ പറയുന്നത്.  ഇതൊക്കെ നമ്മുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന പരിപാടിയാണ്. കൂടുതൽ ഉപയോഗിച്ചാൽ പല്ലിന്റെ ആരോഗ്യകരമായ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്  ഈ പേസ്റ്റുകൾ എന്നാണ് വിദഗ്ദ്ധർ  പറയുന്നത്. വെറും ഉപ്പും കരിയും,ഉമിക്കരിയും,വേപ്പിന്റെ തണ്ടും കൊണ്ട് പല്ലു തേച്ചിരുന്ന നമ്മുടെ കാർന്നോൻമാർക്കു പല്ലുവേദന എന്നത് ഒരു വിദൂര അസുഖമായിരുന്നു. അന്ന് ഇത്രയും ഡെന്റൽ ക്ലിനിക്കുകളും ആശുപത്രികളും
ഇല്ലായിരുന്നു. ഇന്ന് ക്ലിനിക്കുകൾ കൂടി,രോഗികളും ഇരട്ടിയായി...ഒരു 15 വർഷത്തിന് അപ്പുറം ഏതെങ്കിലും ആശുപത്രിയുടെ പരസ്യം ഉണ്ടായിരുന്നോ?
ഇന്നോ ലാഭംമാത്രംനോക്കി കൊടുക്കുന്നചികിത്സാപരസ്യങ്ങൾ.......!!!


 ഹൃദയം,പല്ല്,കണ്ണ്, സ്കാനിംഗ്  എന്നുവേണ്ട സർവ്വതുംറോഡ് വക്കിൽ പരസ്യം വെച്ചിരിക്കുന്നു. സേവനമാണത്രെ സേവനം...ആതുരസേവനവും
സ്കൂളുകളുമൊക്കെ പരസ്യം ചെയ്യുമ്പോൾ ഓർക്കുക,അതെല്ലാം വ്യവസായം-ലാഭം-നോക്കിയുള്ള കച്ചവടം എന്നുതന്നെ വിളിക്കാം....കോട്ടയത്തുനിന്നും തിരുവല്ലയിലേക്കു യാത്ര ചെയ്താൽ പല
ഹോസ്പിറ്റലിന്റെ പേരിലുള്ള ബോർഡുകളും അതിൽ കിലോമീറ്ററും എഴുതി വെച്ചിരിക്കുകയാണ്.  അതു കാണുമ്പോൾ  ഓർമ്മ വരുന്നത്  തോക്കുമായി മുയൽ വരുന്ന വഴിയിൽ മറഞ്ഞിരിക്കുന്ന വേട്ടക്കാരന്റെ ചിത്രമാണ്. ഓരോരോ കെണികളുമായി ഓരോരുത്തർ
പതുങ്ങിയിരിക്കുന്നു...അത് ആശുപത്രി ആകാം,ഹോട്ടൽ ആകാം,സ്കൂൾ ആകാം..എല്ലാം ബിസിനെസ്സ്...എനിക്ക് ലാഭം മാത്രം..അതിനൊരു ആശ്രയമാണ്
പരസ്യം...
അടുത്ത ഐറ്റമാണ് ഓട്സ്. ഇത് എന്തോ വലിയ
സാധനമാണെന്നു ഒരു ധാരണ ഉണ്ട്. ഓട്സ് കഴിക്കുക എന്ന് വെച്ചാൽ എന്തോ ജാഡ സംഭവമാണെന്ന് ചിലർ കരുതുന്നു.  ഇതിനെക്കുറിച്ച് നമ്മൾക്ക് വലിയ
പിടിപാടില്ല. ആ പിടിപാടില്ലായ്മ്മയാണ് നമ്മളുടെ വീക്നെസ്സും....


തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ഒരു
ധാന്യമാണ് ഓട്സ്(avena  sativa) ഇന്ത്യയിൽ UP യിലും പഞ്ചാബിലും കൂടുതലായി കൃഷി ചെയ്യുന്നു. പ്രധാനമായും കാലിത്തീറ്റക്ക് വേണ്ടിയാണു
കൃഷി ചെയ്യുന്നതെങ്കിലും ധാന്യത്തിനു വേണ്ടിയും ഉപയോഗിക്കുന്നു.
കുതിരകൾക്കും കന്നുകാലികൾക്കും ഉത്തമ ആഹാരം. വടക്കേ ഇന്ത്യയിൽ
കൃഷിചെയ്യുന്ന നല്ല ഇനം ഓട്സ് കെന്റ് എന്നറിയപ്പെടുന്നുകടുപ്പമുള്ള
വൈക്കോലും വലുപ്പം കൂടിയ ധാന്യവുമുള്ള ഈ ഓസ്‌ട്രേലിയൻ ഇനം  112
ദിവസം കൊണ്ടു കാതിരിടുന്നു. ധാന്യം മില്ലിൽ കുത്തിയെടുത്തു പ്രഭാത ആഹാരത്തിനു ഉപയോഗിക്കുന്നു.  ഇതിൽ വിറ്റാമിൻ b1,b2, e എന്നിവ അടങ്ങിയിരിക്കുന്നു.


നമ്മുടെ കുത്തരിയുടെ അതേ സംഭവം തന്നെ.
ഗോതമ്പിലും മറ്റും അടങ്ങിയിരിക്കുന്ന തവിടും നാരുകളും മാത്രമേ ഓട്സിലുമുള്ളു. പാശ്ചാത്യ രാജ്യങ്ങളിൽ ഹൃദയ രോഗങ്ങളും അർബുദങ്ങളും പിടിമുറുക്കിയപ്പോൾ  പഴങ്ങളും പച്ചക്കറികളും പ്രിസർവേറ്റീവ്സ് ചേർത്ത ടിൻ ഭക്ഷണം വെറുത്തു തുടങ്ങി. അങ്ങനെ സ്വഭാവിക ഭക്ഷണങ്ങൾ കളം നിറഞ്ഞു. വ്യാവസായിക പ്രക്രിയകൾക്കു വിധേയമാകാത്ത ആഹാര രീതി അവിടെ ക്ലെച്ചു പിടിച്ചു. അങ്ങനെയാണ് ഓട്സ് അവിടെ കളം പിടിച്ചത്.


കുത്തരിയിലുള്ള നാരുകൾ തന്നെയാണ് ഇതിലും ഉള്ളത്. നാരുകൾ കൂടുതൽ കിട്ടാൻ ഇലക്കറികൾ കഴിച്ചാൽ മതിയാകും. നമ്മുടെ പരമ്പരാഗത രീതിയിലുള്ള ആഹാരം ഏത് ഓഡ്സ്നേക്കാളും മുന്നിലാണ്. പക്ഷേ പരസ്യങ്ങളുടെ തേർവാഴ്ച കാരണം ഓട്സ് നമ്മുടെ ഇടയിലും പ്രചുര പ്രചാരം നേടിയിരിക്കുന്നു. ചില ബ്രാൻഡ് ഓട്സ് കഴിച്ചാൽ കൊളെസ്ട്രോൾ രക്തസമ്മർദ്ദം ഒക്കെ കുറയുമെന്നും പറയുന്നു. ഓട്സ് നമുക്ക് അത്രക്കും പരിചയമില്ലാത്ത സാധനം ആയതിനാൽ പരസ്യം പറയുന്നത് നമ്മൾ കണ്ണടച്ച് വിശ്വസിക്കുന്നു. മൾട്ടി നാഷണൽ കമ്പനിയുടെ കവർ ഡിസൈനുമായി
നമ്മളെത്തേടി ഓട്സ് വിപണിയിലെത്തുന്നു.  ജാഡ മൂത്ത കുറെ ആൾക്കാർ
അതെല്ലാം വാങ്ങി തട്ടുന്നു..ഒന്നും വേണ്ട നമ്മുടെ അരിയും ഗോതമ്പും മാത്രം കഴിച്ചാലും ഇതേ ഗുണം തന്നെ കിട്ടും എന്നും നമ്മൾ മനസ്സിലാക്കണം.


പരസ്യങ്ങൾ ഉണ്ടാക്കുന്ന ഒരുതരം ആകാംക്ഷയുടെ പുറത്താണ് നമ്മൾ ഒരു പ്രത്യേക സാധനത്തിന്റെ പുറകെ പോകുന്നത്. കൊച്ചിയിലുള്ള ഒരു ട്രാവൽ
ടൂർ ഓപ്പറേറ്റർ ലക്ഷക്കണക്കിന് രൂപ പറ്റിച്ചു. ഒരു ലക്ഷമായിട്ടും മൂന്നു
ലക്ഷമായിട്ടുമൊക്കെ  അളിയൻ മാന്യമായി തട്ടിപ്പു നടത്തുകയായിരുന്നു.
ഇസ്രയേലും യൂറോപ്യൻ രാജ്യങ്ങളും ഇപ്പോ കാണിച്ചുതരാം എന്നായിരുന്നു
ചേട്ടന്റെ പരസ്യം. തിന്നിട്ടു എല്ലിനിടയിൽ കേറിയ പാവപ്പെട്ട കുറെ പണക്കാർ ചേട്ടന്റെ പരസ്യ വലയിൽ വീണു.  ഇപ്പോൾ കേസ് 5 എണ്ണമാണ്. അതിരപ്പള്ളിയും വാഴച്ചാലുമൊക്കെ ഇട്ടിട്ടു ഇസ്രായേൽ പിടിക്കാൻ പോയാൽ ഇങ്ങനെയിരിക്കും.  അതിരപ്പള്ളിയിൽ സോഡാ നാരങ്ങാ വിൽക്കുന്ന  വാസു ചേട്ടന്റെ ശാപമാണ്.. ഇപ്പോ ടൂർ ഓപ്പറേറ്ററെ പിടിക്കാൻ പോലീസ് മാമൻ വേറൊരു ഓപ്പറേഷൻ പ്ലാൻ ചെയ്യുകയാണ്.


ഒരു സർവ്വേ അനുസരിച്ചു സ്ത്രീകളും
കുട്ടികളുമാണ് പരസ്യങ്ങളുടെ തട്ടിപ്പിൽ വീണു പോകുന്നത്. ഒരു തുണിക്കടയിൽ ചെന്നാൽ അവിടെ കൂടുതലും ചേച്ചിമാരാണ്..ചേട്ടൻമ്മാർ കുറവ്. അഥവാ ഉണ്ടെങ്കിലും അവരെല്ലാം ചേച്ചിയുടെ ബാഗും പിടിച്ചു ഏതെങ്കിലും ഭിത്തിയിൽ ചാരിനിൽപ്പുണ്ടാകും.  ഇതാണ് കുമാരനാശാൻ പണ്ടു പറഞ്ഞ ദുരവസ്ഥ...!!!വായിച്ചിട്ടില്ലേ...!!??വണ്ണം കുറക്കുന്ന യന്ത്രമുണ്ട്
വേറെ പണിയൊന്നുമില്ലാതെ തിന്നു കൂട്ടിയ കുറേപ്പേർ ഇത് വാങ്ങുന്നുമുണ്ട്.
രാവിലെ സ്വന്ത വീടിന്റെ മുറ്റത്തോ മറ്റോ കുറെ പ്രാവശ്യം ഓടിയാൽ തീരുന്ന പ്രശ്നമേയുള്ളു. വണ്ണം കുറക്കുന്ന കുറെ പരസ്യങ്ങളെ കഴിഞ്ഞ ദിവസം നിരോധിച്ചതായി കണ്ടു. നന്നായി മേലനങ്ങുമ്പോൾ വിയർക്കും,അങ്ങനെ കുറെ മേദസ്സ് പോയിക്കിട്ടും. നന്നായി വണ്ണം കുറയുകയും ചെയ്യും.പക്ഷേ ആദ്യം വിയർക്കണമെന്നു മാത്രം...


2018 മുതൽ 2023 വരെ ഇന്ത്യയുടെ വിദേശത്തെയും സ്വദേശത്തെയും ക്രിക്കറ്റ് മത്സരങ്ങൾ പ്രക്ഷേപണം ചെയ്യാനുള്ള അവകാശം
സോണി,ജിയോ തുടങ്ങിയ കുത്തകകളെ പിന്തള്ളി സ്റ്റാർ ഇന്ത്യ സ്വന്തമാക്കി.
കാശ് എത്രയാണെന്നോ..? 6138.1 കോടി രൂഭായ്. ഇത്രയും വലിയ തുക കൊടുത്തു സംപ്രേഷണാവകാശം ഇവർ നേടിയെങ്കിൽ, അതിലേറെ തുക ഇവർക്കു പരസ്യത്തിലൂടെ കിട്ടുകയില്ലേ..?  ഇത് ഒരു ചാനലിന്റെ മാത്രം കാര്യം. ഇന്നു രാജ്യത്തുള്ള എല്ലാ ചാനൽ,പത്രമാധ്യമം,ഡിജിറ്റൽ മീഡിയ
എന്നിവയിലൊക്കെക്കൂടി വന്നുമറിയുന്ന പരസ്യ വരുമാനം എത്ര വരും..?
സമൂഹത്തിൽ പരസ്യം നേടുന്ന സ്വാധീനത്തിലേക്കാണ് ഈ വരുമാന വർധന
വിരൽ ചൂണ്ടുന്നത്.! 

മാർക്കറ്റിംഗ് തന്ത്രങ്ങളിൽ പരസ്യങ്ങൾക്കു നിർണ്ണായകമായ സ്ഥാനമാണ് ഉള്ളത്. നിമിഷ നേരത്തെ പരസ്യത്തിനുവേണ്ടി
പൊന്നുംവിലയാണ്   കമ്പനികൾ കൊടുക്കുന്നത്.  അങ്ങനെ സ്‌ക്രീനിൽ കാണിക്കാൻ വേണ്ടിമാത്രം ലക്ഷങ്ങളുടെ തുകകളാണ് മറിയുന്നത്.  ഇതിന്റെ
പൈസയും കമ്പനി ഉപഭോക്താവിൽനിന്നും ഈടാക്കും. ഉൽപ്പാദന ചെലവിന്റെ പലമടങ്ങാണു പല നിർമ്മാതാക്കളും നമ്മളിൽനിന്നും ഈടാക്കുന്നത്. പരസ്യ വരുമാനം മാത്രം കൊണ്ടാണ് ഇത്രയധികം മാധ്യമങ്ങൾ
ഇവിടെ ഉയർന്നു വരുന്നത്. പരസ്യ വരുമാനം മോഹിച്ചുകൊണ്ടു മാത്രം.


പരസ്യങ്ങളാണ് മിക്ക വ്യാപാര സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും വിജയരഹസ്യം. അതിന്റെ മറുവശം ചിന്തിക്കുക. വൻകിട മാധ്യമങ്ങൾക്കു വൻ പരസ്യങ്ങൾ കൊടുക്കുന്ന കമ്പനികളിലോ,ഉല്പന്നങ്ങളിലോ എന്തെങ്കിലും മനുഷ്യാവകാശ ലംഘനമോ കൃത്രിമമോ മായമോ നടന്നാൽ അത് ഒരിക്കലും പുറത്തു വരില്ല. ഈ നക്കൽ ശീലിച്ച മാധ്യമങ്ങൾ അതെല്ലാം മുക്കും.  കേരളത്തിൽ തന്നെ, മായം ചേർത്തതിന് പല കമ്പനികളുടെയും കറിപ്പൊടികൾ കേസ് നേരിട്ടത് നമ്മൾ പലരും അറിഞ്ഞു കാണില്ല.  കളർ ചേർത്തും,കല്ലുപൊടി ചേർത്തും എത്ര കറി പൗഡർ കമ്പനികൾ ഈ കൊച്ചുകേരളത്തിൽ ഉണ്ടെന്നോ. അതിൽ ഒരു കറിപ്പൊടി കമ്പനിക്ക് തന്നെ 48 ലധികം കേസുകൾ നിലവിലുണ്ട്....!!ഒരിക്കലും അതൊന്നും പുറത്തുവരുകയില്ല. മാധ്യമങ്ങളുടെ ഒരുമാതിരി പിതൃശൂന്യ സേവനമാണിത്.
"ലോകത്തിലെ ഏത് അസുഖ"ത്തിനും മരുന്നു കൊടുക്കുന്ന  തനി ഭാരത കമ്പനിയുടെ ഒരു ഉയർന്ന മേധാവി കഴിഞ്ഞ ദിവസം നെഞ്ചു വേദനയെ തുടർന്നു "ആശുപത്രി"യിലായി. എന്തേ നെഞ്ചു വേദനയുടെ മരുന്നു തീർന്നുപോയോ..?
അപ്പോൾ ഇവരുടെ പരസ്യത്തിലെ തട്ടിപ്പു വിവരമുള്ളവർക്കു മനസ്സിലാക്കാൻ പറ്റും.


കപ്പ കിലോയ്ക്ക് 20 രൂപ എന്നിരിക്കട്ടെ. ഇത് ഉണക്കി പൊടിച്ചു കുറെ മിശ്രിതങ്ങളും ചേർത്ത് ബ്രാൻഡായി"ഉത്തമ ശിശുആഹാര"മായി വിപണിയിൽ എത്തുന്നു. വില 500-600. ഇന്നത്തെ ഭാഷയിൽ "മൂല്യവർദ്ധിത" ഉല്പന്നങ്ങൾ. വിലയിൽ മാത്രമേ വർദ്ധന ഉള്ളു.ഗുണത്തിലോഇല്ല. അതായത് കപ്പ എന്നും കപ്പ തന്നെ. തേങ്ങാ എടുത്തിട്ടു ചിരട്ട വലിച്ചെറിയും. അതു മുഖം മിനുക്കി തവി ആയി ആമസോണിൽ വരുമ്പോൾനമ്മൾ വാങ്ങും അഞ്ഞൂറും അറുനൂറും കൊടുത്തു. അതാണ് ബ്രാൻഡിംഗ്ചെയ്യപ്പെടലിന്റെയും പരസ്യങ്ങളുടെയും സ്വാധീനം. നമ്മളെ പരമാവധിഉപഭോഗ ആസക്തി ഉള്ളവരാക്കുക എന്നതാണ് ആഗോള മുതലാളിത്തവ്യവസ്ഥയുടെ ലൈൻ. ഒരു രൂപയുടെ ഷാമ്പുവും കോടികൾ വിലമതിപ്പുള്ളകാറുകളും പരസ്യങ്ങളുടെ നിറപ്പകിട്ടിലാണ് വിറ്റഴിയുന്നത്. 

യഥാർത്ഥ സൗന്ദര്യം വരണമെങ്കിൽ ഒരു പ്രത്യേക ബ്രാൻഡിന്റെ സോപ്പ് തേക്കണമെന്നും കുട്ടികളിലെ ഉന്മേഷത്തിന്റെ ഉറവിടം ബോൺവിറ്റയും ഹോർലിക്‌സുംആണെന്നും നമ്മൾ ചിന്തിച്ചു വെച്ചിരിക്കുകയാണ്. തീരെ കൊച്ചുകുട്ടികൾക്കു ജോൺസൻ &ജോൺസൻ ഉല്പന്നങ്ങൾ മാത്രമേ കൊടുക്കാവൂ എന്നാണ്നമ്മൾ കരുതുന്നത്. എന്നാ ഈ ജോൺസൻ ഒക്കെ ഉണ്ടായത്...?നമ്മൾ ടീവി യിൽ പരസ്യം കണ്ടുതുടങ്ങിയപ്പോൾ മുതൽ അല്ലേ?   അതിനുമുമ്പ് ഇവിടെ കുട്ടികൾആരും ജനിച്ചിട്ടില്ലായിരുന്നോ...? നവജാത ശിശുക്കളുടെ കാര്യം പറഞ്ഞാൽ അമ്മമാരേ ക്യാൻവാസ് ചെയ്യാമെന്നു കമ്പനി മനസ്സിലാക്കി. അതാണ് ഈ ജോൺസൻ & ജോൺസന്റെ കടന്നുകയറ്റം ഉണ്ടായത്. BSI (bureau of Indian standard act) പ്രകാരം ISI മുദ്രയുള്ള ഉല്പ്പന്നങ്ങളുടെ നിലവാരക്കുറവ് ബോധ്യമായാൽതടവും പിഴയും ഉൾപ്പെടെ ശിക്ഷയുണ്ട്. തെറ്റിദ്ധാരണ പരത്തുന്നതും ജനത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്നതുമായ പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്കു 50 ലക്ഷം പിഴയും മൂന്നു വർഷത്തെ വിലക്കുംശിക്ഷ നൽകുന്ന നിയമം കേന്ദ്രം പാസ്സാക്കിയിട്ടുമുണ്ട്.


കഴിഞ്ഞ നാളിൽ വയനാട്ടിലും മലപ്പുറത്തും ഉണ്ടായ ദുരന്തത്തിൽ കേരളത്തിലെ എല്ലാ പത്രങ്ങളും ഫ്രണ്ട് പേജിൽ വാർത്ത കൊടുത്തു. എന്നാൽ ഒത്തിരി പാരമ്പര്യം പറയുന്ന ഒരു പത്രത്തിന്റെ ഹെഡിങ് ഇങ്ങനെയായിരുന്നു "വമ്പിച്ച ആദായം".....
ഒരു ഫുൾ പേജ് മുഴുവനും ബിഗ് ബസാറിന്റെ പരസ്യമായിരുന്നു.. ലാഭക്കൊതി മൂത്തിരിക്കുന്നവർക്കു എന്ത് ഉരുൾപൊട്ടൽ..? എന്ത് പേമാരി..?
ഫുൾ പേജ് പരസ്യം തരാൻ ആളുകൾ ഉള്ളപ്പോൾ പേമാരിയൊക്കെ ഇവർക്ക്
ചീള് കേസ്. സാധാരണ കൃഷിക്കാരാണ് ഈ ആദായത്തിന്റെ ആൾക്കാർ. കഴിഞ്ഞ വർഷം ഉണ്ടായതിലും കൂടുതൽ വിളവ് ഉണ്ടായെന്നും അതിലൂടെ കുറെ ലാഭം കിട്ടിയെന്നുമാണ് ഇവർ ഉദ്ദേശിക്കുന്നത്. അപ്പോൾ വലിയ കടക്കാരന്"ആദായം"എന്നുവെച്ചാൽ,കുറേക്കൂടിപരസ്യക്കെണിഈവർഷംവെച്ചിട്ടുണ്ടെന്നുംഅതിൽപലരുംവീണുഎനിക്ക്ആദായംകിട്ടുമെന്നുമാണ്അർത്ഥം.തെരിയുമാ? അങ്ങനെ കടക്കാരന്റെ ആദായത്തിന്റെ ഗുട്ടൻസ്പിടികിട്ടിയോ?


 ഒരു ഓണം കൂടി അടുത്തു വരുന്നു. ഡിസ്‌കൗണ്ടും സമ്മാനപ്പെരുമഴയുമായി കച്ചവടക്കാർ വലവിരിച്ചു കഴിഞ്ഞു (2019 സെപ്റ്റംബർ 11  നു ഓണം )
ഇനി നമ്മൾ ചെന്ന് കയറികൊടുക്കേണ്ട താമസമേയുള്ളു. ഒരു കാര്യം കൂടി .
കച്ചവടക്കാരൻ ജീവിക്കാനാണ് ആ തൊഴിൽ ചെയ്യുന്നത്. ന്യായമായും അവർക്കു കിട്ടേണ്ട ലാഭം കിട്ടുകതന്നെ വേണം. അവർക്കും കുടുംബം ഉണ്ട് ആവശ്യങ്ങൾ ഉണ്ട്  അതിനാരും എതിര് പറഞ്ഞിട്ടു കാര്യമില്ല.   ഈ സ്ഥാപനങ്ങൾ വഴി ജീവിത മാർഗം കിട്ടുന്ന ആയിരക്കണക്കിന് മനുഷ്യരുണ്ട്. പക്ഷേ എതിർക്കപ്പെടേണ്ട കാര്യങ്ങൾ ചിലതുവരുമ്പോൾ എതിർക്കുക തന്നെ വേണം. കബളിപ്പിക്കുന്ന പരസ്യവും വെച്ചു ഇല്ലാത്ത വിലക്കുറവും കാണിച്ചു തട്ടിപ്പു നടത്തുന്നതു ശരിയായ നടപടിയല്ല.

 എക്സ്ചേഞ്ച് മേള പോലെയുള്ള തട്ടിപ്പുകൾ ഇപ്പോൾ ജനങ്ങൾക്ക്‌ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. നേരെ വാ നേരെ പോ രീതിയിൽ കച്ചവടം ചെയ്യൂ നിങ്ങൾക്കും നിങ്ങളുടെ സംരംഭത്തിനും  എന്നും ഒരു സ്ഥാനമുണ്ടായിരിക്കും. പിന്നെ സ്ഥാപനത്തിൽ വരുന്ന ആളിനെ കേവലം കസ്റ്റമർ ആയി കാണാതെ മനുഷ്യനായി കാണാൻ പഠിക്കുക. നിങ്ങളുടെ പരസ്യത്തിന്റെ വെട്ടം കണ്ടു ഈയാംപാറ്റ പോലെ വരുന്ന മനുഷ്യരുടെ ചിറകുകൾ കരിഞ്ഞു വീഴാൻ ഇടയാകാതിരിക്കട്ടെ....!!


ഒരിക്കലും പരസ്യത്തിന്റെ മേനി കണ്ടു സാധനം വാങ്ങാൻ പോകരുത്. റിലയൻസിന്റെ ട്രെൻഡിൽ കയറി 2000 രൂപയുടെ തുണി വാങ്ങിയാലും ആ തുണിയെല്ലാം ഇട്ടുതരാൻ അവർ  5 രൂപ എക്സ്ട്രാ മേടിക്കും ..എന്തിനാണെന്നോ അവരുടെ പരസ്യം എഴുതിയ കവർ ന്. ട്രെൻഡ് ആണെങ്കിലും ശീമാട്ടി ആണെങ്കിലും എക്സ്ട്രാ പൈസ കൊടുത്തു കവർ വാങ്ങേണ്ട യാതൊരു ആവശ്യവുമില്ല. അതു മാത്രമാണോ,അവരുടെ ബ്രാൻഡ് പേരും പിടിച്ചു നമ്മൾ അവരുടെ അംബാസിഡർ ആകുകയാണ് ചെയ്യുന്നത്. അതിനു ന്യായമായും ഇങ്ങോട്ടല്ലേ പൈസാ തരേണ്ടത്....!!?? അല്ല പിന്നെ...!!?? 

തുണി, ഹോം എക്വിപ്മെന്റ്സ്, ഇലക്ട്രോണിക്സ്, മൊബൈൽ
ഫർണിച്ചർ മേഖലകളിലാണ് പരസ്യങ്ങളുടെ തള്ളിക്കയറ്റം കാണുന്നത്..
വരൂ ഞങ്ങൾ നിങ്ങൾക്കു കുറച്ചു തരാം എന്നു പറയുന്ന എല്ലാ പരസ്യവും തട്ടിപ്പാണ്. GST ഒക്കെ വന്നു നടുവൊടിഞ്ഞ വിപണി എന്താണു നിങ്ങൾക്കു
സൗജന്യം തരുമെന്ന് പറയുന്നത്..? ഒരിക്കൽ കൂടി പറയട്ടെ ആരും ആർക്കും ഒരു സൗജന്യവും ഇവിടെ കൊടുക്കുന്നില്ല, പ്രത്യേകിച്ച് ഒരു ഉത്സവ സീസണിൽ..!


മറ്റേതൊരു മനുഷ്യരെക്കാളും ഒരുമാതിരി അളിഞ്ഞ ജാഡയും  പൊങ്ങച്ചവും
നമ്മൾക്ക് കൂടുതലാണ്. എവിടൊക്കെ പൊങ്ങച്ചം കാണിക്കാമോ അവിടെല്ലാം
നമ്മൾ തള്ളിക്കയറും.  ആഹാരമായി കഴിക്കേണ്ട സാധനങ്ങൾ നമ്മൾ
വഴിവക്കിൽ നിന്നും വാങ്ങും. കാലിൽ ഇടേണ്ട ചെരുപ്പ് നമ്മൾ ഏസീ ഷോറൂമുകളിൽനിന്നും വാങ്ങും. വലിയ മാളുകളിൽ ആയിരത്തിന് ആയിരത്തി പത്തുരൂപയും കൊടുക്കും, വഴിവക്കിലിരിക്കുന്ന  കപ്പ കച്ചവടക്കാരനോട് മൂന്നു രൂപയ്ക്കു അലമ്പുണ്ടാക്കുകയും ചെയ്യും...
ഇതാണ് ചിലർപഠിച്ചിരിക്കുന്ന  സംസ്കാരം. പറഞ്ഞിട്ടു കാര്യമില്ല മോനേ ...കേട്ടിട്ടില്ലേ ദരിദ്രവാസി എന്നും ദരിദ്രവാസി എന്ന്...!

കുറെ പൈസ ഉണ്ടായിട്ടൊന്നും വലിയ കാര്യമൊന്നുമില്ല. മനുഷ്യത്വപരമായി ഇടപെടാൻ ആദ്യം പഠിക്കണം.
കൂട്ടിവെക്കുന്ന പൈസ ഒന്നും നമ്മൾക്കു യാതൊരു സുരക്ഷിതത്വവും നൽകുന്നില്ല എന്നതിന്റെ പ്രക്ത്യക്ഷ ഉദാഹരണമല്ലേ സമീപകാല ദുരന്തങ്ങൾ.
പറഞ്ഞുവന്ന ഒഴുക്കിൽ ഒഴുകി വന്നതാണ്. അല്ലാതെ വിഷയം മാറിപ്പോയതല്ല.
വഴിവക്കിൽ പച്ചക്കറിയും തേങ്ങയും ഉണക്ക മീനും കരിക്കും ഒക്കെ വിൽക്കുന്നവർക്ക് വലിയ പരസ്യമൊന്നും ഇല്ല. നിങ്ങൾക്ക് ഏതാണ്ട്‌ മുഴുത്തത് ഉണ്ടെന്നുവെച്ചു അവിടെ ഒരുമാതിരി തറ വിലപേശൽ നടത്തരുത്..!
അവരും ജീവിച്ചുപോകട്ടെ.


ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുകയാണ്.നോട്ടു നിരോധനവും GST യും മനുഷ്യനെ ചെറുതായൊന്നുമല്ല വലച്ചത്. ചെറുകിടക്കാർ മിക്കതും പണി നിർത്തി  ആയുധം വെച്ചു കീഴടങ്ങി. പൊതുമേഖലയും കയ്യാലപ്പുറത്തെ തേങ്ങാപോലെ ഇരിക്കുന്നു. ഏതു സമയത്തും എന്തും സംഭവിക്കാം...!പിടിച്ചു നിൽക്കുവാൻ ത്രാണിയില്ലാത്ത
തളർന്ന അവസ്ഥയാണു ഇന്നത്തെ ഇന്ത്യയുടെ പരിച്ഛേദം. ഇന്ത്യ കുതിക്കുകയാണ്,മുകളിൽ നിന്നും താഴേക്കാണെന്നു മാത്രം. !ഇതിനിടയിൽ ആണ് കടക്കാർ നമുക്ക് സൗജന്യം തരുമെന്നു പരസ്യം വരുന്നത്. ഇവരെന്ത്
തേങ്ങയാണ് ഈ പറയുന്നത് .......?????


സിനിമ പരസ്യങ്ങൾപ്പോലും ചെലവാക്കിയ കോടികൾ കാണിച്ചാണ് പരസ്യം നടത്തുന്നത്. കേട്ടിട്ടില്ലേ ബിഗ്‌ബജറ്റ് പടം എന്നൊക്കെ..അല്ലാതെ മറ്റൊന്നും പറഞ്ഞു ആളുകളെ കൂട്ടാൻ പറ്റാതായിരിക്കുന്നു..100 കോടിക്ക് ഇവൻ എന്താണ് കാട്ടിക്കൂട്ടിയിരിക്കുന്നതെന്നു കാണാനാണ് നാട്ടുകാർ വരുന്നത്. ആദ്യത്തെ നൂറുപേരിൽനിന്നും നറുക്കിട്ടെടുത്ത ഒരു ഭാഗ്യവാന് മോഹൻലാലിൻറെ കൂടെ കഞ്ഞി കുടിക്കാം...മമ്മൂട്ടിയുടെ കൂടെ കാപ്പി കുടിക്കാം ...ഇജ്ജാതി പരസ്യങ്ങളാണ് ഇപ്പോൾ. പരസ്യത്തിനൊരു കാന്തിക മണ്ഡലമുണ്ട്,അതിലേക്കാണ് ആളുകളെ വലിച്ചടുപ്പിക്കുന്നത്.


"പത്രങ്ങളിൽ അച്ചടിച്ചു വരുന്നതെല്ലാം സത്യമാണെന്നൊരു ധാരണ ജനങ്ങൾക്ക്‌ ഉണ്ടെങ്കിൽ അത് തെറ്റാണു"  പറയുന്നത്  56 വർഷം കാർട്ടൂണിലൂടെ    നമ്മോടു സംവദിച്ച ടോംസ്. മുപ്പതിലധികം വർഷം താനൊരു പത്രപ്രവർത്തകനായിരുന്നു. തൻറെ ആത്മകഥയായ "എന്റെ ബോബനും മോളി"യിലും പത്രപരസ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രമുണ്ട്.
ഒരു പത്രത്തിന്റെ 30% മാത്രമേ പരസ്യത്തിനു ഉപയോഗിക്കാവു എന്നാണ് വെയ്പ്പ്.  എന്നാലും യാതൊരു പരസ്യവുമില്ലാതെ പുറത്തിറങ്ങുന്ന ഒരു പത്രത്തിനെക്കുറിച്ചു നമുക്കു ചിന്തിക്കാൻ കൂടിവയ്യ. പക്ഷേ വാർത്ത കുറച്ചും പരസ്യം കൂട്ടിയുമുള്ള ഇടപാടിനെ ന്യായീകരിക്കുവാനും കഴിയില്ല.
ഈ കൂട്ടിയിടുന്ന പരസ്യങ്ങൾ തട്ടിപ്പിനും കൂടിയുള്ളതാകുമ്പോൾ...?? ആര്
ഉത്തരവാദിത്തം ഏറ്റെടുക്കും.? പത്രക്കാർ നേരത്തെ തന്നെ കൈ കഴുകിയിരിക്കും...!പിന്നെ സാധാ ജനങ്ങൾ എന്നും കഴുതകളാണല്ലോ ...!!



ഇന്നലെ കണ്ട  പരസ്യം, ഒരു  ഹാൻഡ് വാഷിന്റെയാണ്..."ഡോക്ടർമാർ
ഏറ്റവുമധികം വിശ്വസിക്കുന്നത്" എന്നാണു കൊടുത്തിരിക്കുന്നത്. അതിനും കൂട്ടുപിടിച്ചിരിക്കുന്നത് ഡോക്ടർമാരെയാണ്. കാരണം ആന തിടമ്പേറ്റി വരുമ്പോളാണല്ലോ കാണാൻ ഒരു ഗുമ്മ്.....അല്ലാതെ ആട് തിടമ്പേറ്റാറില്ലല്ലോ..?
 യേത്....!! അടുത്തത്,  "ഈ  സൗജന്യം ഇനി അടുത്ത ഓണത്തിനു മാത്രം"
അതായത്, ഇങ്ങേരുടെ അടുത്ത് തലവെക്കാൻ ഇനി ഒരു വർഷം കാത്തിരിക്കണമത്രേ...അതുകൊണ്ടു ഇപ്പഴേ വന്നു വെച്ചോളാൻ...യേത്...??
പിന്നൊരു ശാശ്വത സത്യമുണ്ട് എവിടെ ഡിസ്‌കൗണ്ട് ഉണ്ടോ അവിടെ മലയാളി ഉണ്ടായിരിക്കും.....ലൈഫ്ബോയ് എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട് എന്ന പഴയ പരസ്യം പോലെ..


ഓടിച്ചിട്ടു ലോൺ കൊടുക്കുക, പണയം വെക്കേണ്ട ആവശ്യമുണ്ടോ ചേട്ടാ എന്നു ഫോണിലൂടെ വിളിച്ചു ചോദിക്കുക,ഞങ്ങളാണ് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്നതെന്നു നോട്ടീസ് അടിച്ചു പ്രകടനം നടത്തുക, മിസ്ഡ് കാൾ കൊടുക്കുക കമ്പനി തിരിച്ചു വിളിക്കുക....ഇതെല്ലാം പരസ്യത്തിൻന്റെ ഓരോരോ രൂപങ്ങളാണ്..ബന്ദ് മാറി ഹർത്താൽ വന്നതുപോലെ..സംഗതി ഒന്നുതന്നെ...ഉപഭോക്താവിനെ ഏതു വിധേനയും സ്വാധീനിച്ചു തങ്ങളുടെ ബിസിനസ് വിപുലപ്പെടുത്തുക...!!അതിൽ വീണുകൊടുക്കാൻ കുറെ മനുഷ്യരും..!!


ഇത്രയൊക്കെ ആയ സ്ഥിതിക്ക്  നിർത്തുവാ...പറ്റിപ്പോയ അമളികളെപ്പറ്റി ഓർക്കാനും,പുതിയ അമളികൾ പറ്റാതിരിക്കാനും ഇത് സഹായിക്കും.
പുതിയ വിവരങ്ങൾ കിട്ടുമ്പോൾ കൂട്ടിച്ചേർത്തുകൊണ്ടിരിക്കും.....
തല്ക്കാലം വിട..വീണ്ടും കാണണം.....!

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...