Saturday, May 21, 2022

അതെന്നാ കന്യാകുമാരീല് പോയാല്

പണ്ട് മ്മടെ സ്വന്തമായിരുന്നു.....ഇപ്പൊ തലൈവർ സ്റ്റാലിന്റെ കയ്യിലാണ്. ന്നാപ്പിന്നെ അങ്ങോട്ടൊന്നു പാളിയാലോ....? ടിക്കറ്റ് ബുക്ക് ചെയ്യണം.നേരെ UK ക്ക് വിട്ടു. യുണൈറ്റഡ് കോട്ടയം, കൊറോണയും പിടിച്ചു വല്ലവന്റെയും കക്ഷത്തിൽ തലയും കാലും ഇറക്കിയുള്ള യാത്രയൊക്കെ നഹീന്നു പറഞ്ഞാൽ നഹീ. അയിനാണ് റിസേർവ് ചെയ്യാമെന്നു വെച്ചത്. രാവിലെ തന്നെ ചൂട്ടും കത്തിച്ചു ചെന്നതാണ്. കൗണ്ടറിൽ ജില്ലാ സമ്മേളനത്തിനുള്ള ആളുണ്ട്. നമ്മൾ നൈസായി അടുത്തുകണ്ട ബെഞ്ചിൽ ഒതുങ്ങി. അപ്പോഴുണ്ട് ഒരു അന്യ സംസ്ഥാനം - വേഷം ജീൻസ് ആൻഡ് ഫുൾകൈയ്യൻ ഷർട്ട്, കാലിൽ പാരഗൺ സ്ലിപ്പർ. ഒരു കയ്യിൽ പലക പോലുള്ള ഫോണും മറുകയ്യിൽ പവിഴം അരിയുടെ പച്ച സഞ്ചിയും. ചെവിയിൽ ഇയർഫോണും - നമ്മുടെ അടുത്തുവന്നു ദേവനാഗരി ലിപിയിലൊരു താങ്ങ്. സിവനേ ഇതേതു ജില്ല...? ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല. എങ്കിലും നമ്മൾ വിട്ടില്ല..അഞ്ചാം ക്ലാസ്സിൽ ഹിന്ദി പഠിപ്പിച്ച ഇന്ദിര ടീച്ചറിനെ മനസ്സിൽ ധ്യാനിച്ച്  ഒരലക്ക് അങ്ങോട്ട് അലക്കി...ഭായ് ആപ്കോ ക്യാ ചാഹിയെ....?ഭായിയുടെ കണ്ണുകൾ വിടർന്നു എന്നിട്ടു ഹിന്ദിയിൽ ചിരിച്ചുകൊണ്ടു ആവശ്യമറിയിച്ചു. എന്തായാലും  ഭായിയുടെ ആവശ്യം നമ്മൾക്കു ഹിന്ദിയിൽ മനസ്സിലായി. റിസർവേഷൻ ഫോം പൂരിപ്പിക്കാൻ അറിയില്ലത്രേ..!!മുഷ്‌കിലാണെന്ന്... ഇസ്‌ലിയെ ഞാൻ സഹായിക്കണം...!



മടിച്ചുനിന്നില്ല  നമ്മൾ ചാടിവീണു ഫോമും ആധാർ കാർഡും വാങ്ങി. ഞെളിഞ്ഞിരുന്ന് പിന്നെയൊരു ഊർജ്ജിത - യുദ്ധകാല അടിസ്ഥാന സേവനമായിരുന്നു അവിടെ അരങ്ങേറിയത്. കാർന്നോൻമാരുടെ നേരുകൊണ്ടാണോ എന്നറിയില്ല എന്റെ ഹിന്ദി അവർക്കും അവരുടെ ഹിന്ദി എനിക്കും മനസ്സിലായി. മിനിറ്റുകൾ കഴിഞ്ഞില്ല, ബംഗാൾ തീരത്തു ചക്രവാത ച്ചുഴി  രൂപപ്പെട്ടു എന്നുപറഞ്ഞതുപോലെ  എന്റെമുന്നിൽ ചെറിയൊരു ആൾക്കൂട്ടം രൂപപ്പെട്ടു. ഭായിമാരാണ്...ഫോം പൂരിപ്പിക്കൽ ബഹുത് ബഡാ മുഷ്കിൽ ഹേ... പൂരിപ്പിക്കുന്നതിൽ എനിക്കു യാതൊരു മുഷ്ക്കും ഇല്ലെന്നു പറഞ്ഞു ഓരോ ഫോമും നമ്മൾ കൈകാര്യം ചെയ്തു. ചില പുള്ളികൾക്കു ട്രെയിൻ ചെന്നൈയിൽ നിന്നാണ്. അവർക്കു കണക്ഷൻ ഒപ്പിച്ചു കൊടുത്തു. അപ്പോഴേക്കും തിരക്കു കുറഞ്ഞു. എനിക്കും ടിക്കറ്റ് കിട്ടി. കന്യാകുമാരി തക് ജാനേവാലി ഗാഡി നമ്പർ 16381. ഉയർന്ന നിലയിൽ യാത്ര ചെയ്യണമെന്നു നിർബന്ധമുള്ളതിനാൽ അപ്പർ ബെർത്ത് തന്നെ നമ്മൾ ചോദിച്ചുവാങ്ങി,185 രൂഭാ. രാവിലെ 5.30 നു കോട്ടയം വിട്ടാൽ 12.30 നു കന്യാകുമാരിയിലെത്തുന്ന,പൂനയിൽ നിന്നും വരുന്ന  ജയന്തി ജനതയാണ് വണ്ടി.



അങ്ങനെ യാത്രാ ദിവസമെത്തി. ബ്രൂട്ടീഷനൊക്കെ ചെയ്തു രാവിലെതന്നെ നമ്മൾ സ്റ്റേഷനിലെത്തി. പത്തു മിനിറ്റ് താമസിച്ചാണ് വണ്ടി വന്നതെങ്കിലും കയറി. കൂടും കുടുക്കയും കൊളുത്തിൽ തൂക്കി. പള്ളിയുറക്കത്തിനായി  അപ്പർ ബെർത്തിൽകയറി. തിരുവനന്തപുരം സെൻട്രൽ നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്നുകേട്ടാണ് നമ്മൾ ഞെട്ടിപ്പിടഞ്ഞു എണീറ്റത്. പിന്നെ  ഉറങ്ങിയതേയില്ല. അവിടെനിന്നുള്ള യാത്ര തീരെ വേഗത കുറവായിരുന്നു. പണ്ടാരാണ്ടു പറഞ്ഞതുപോലെ നെരക്കി നെരക്കി  ഒരു പോക്കായിരുന്നു.  ബോഗികളിൽ ആളും കുറഞ്ഞു. പരിപാടി കഴിഞ്ഞ സ്റ്റേജിൽ മൈക്ക് സെറ്റുകാരൻ ഇരിക്കുന്നതുപോലെ എന്റെ കമ്പാർട്മെന്റിൽ ഞാൻമാത്രമായി.



കേപ്പ് കോമറിൻ എന്നറിയപ്പെട്ട കന്യാകുമാരിയാണ് നമ്മുടെ ഡെസ്റ്റിനേഷൻ.1956 ഇൽ ഭാഷാ അടിസ്ഥാനത്തിൽ പിരിഞ്ഞു പോകുന്നതിനുമുമ്പ് കന്യാകുമാരിയും അതിന്റെ ജില്ലാ ആസ്ഥാനവുമായ നാഗർകോവിലും നമ്മുടെ തിരു - കൊച്ചിയുടെ ഭാഗമായിരുന്നു. അതൊക്കെ ഒരുകാലം. നാഞ്ചിനാട് എന്നായിരുന്നു പഴയ പേര്. കന്യാകുമാരിയുടെ തീരത്തുള്ള കുമരിയമ്മൻ ക്ഷേത്രത്തിൽ നിന്നാണു കന്യാകുമാരിയെന്ന പേരുവന്നത്.ഹിന്ദു മതത്തിനു മുമ്പുള്ള ഒരു ദ്രാവിഡ ദേവതയായിരുന്നത്രെ കുമരി. അതിനെക്കുറിച്ചുള്ള പല കഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. നമ്മൾക്കു വേണ്ടത് കന്യാകുമാരിയെന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ഇന്നും ദ്രാവിഡ സംസ്കാരം സംരക്ഷിച്ചുപോരുന്ന ഒരു സംസ്ഥാനമാണ് തമിഴ്നാട്.



ഒത്തിരി പ്രത്യേകതകളുണ്ട് കന്യാകുമാരിക്ക്‌.  വെറുതെ തിരയെണ്ണാനും ശംഖുമാല വാങ്ങാനും ഐസ് മിണുങ്ങാനും പോയാൽ ഇതൊന്നും മനസ്സിലാകണമെന്നില്ല. അതിനൊരു സെൻസും സെൻസിബിലിറ്റിയുമൊക്കെ ആവശ്യമാണ്. മൂന്ന് കടലുകൾ സംഗമിക്കുന്ന സ്ഥലമാണിത്. ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാ സമുദ്രവും അറബിക്കടലും ഇവിടെ ഒന്നിച്ചു ചേരുന്നു. ച്ചാൽ ത്രിവേണീ സംഗമം. കൂടാതെ സഹ്യപർവ്വതനിരയും (പശ്ചിമഘട്ടം)ബംഗാൾ ഉൾക്കടലിനും ഡക്കാൻ പീഠഭൂമിക്കു സമാന്തരമായി നിൽക്കുന്ന പൂർവ്വ ഘട്ടവും ഇവിടെയാണ് അവസാനിക്കുന്നത്.മറ്റു കടൽത്തീരം പോലെയല്ല ഇവിടെ,ഒറ്റനോട്ടത്തിൽത്തന്നെ നമ്മൾക്കതു പിടികിട്ടും.പച്ചയും നീലയും ഇടകലർന്നുള്ള ഒരു കോമ്പിനേഷനാണ് ഇവിടുത്തെ പ്രത്യേകത.



ഇപ്പോൾ നമ്മുടെ വണ്ടി കളിയിക്കാവിളയും പിന്നിട്ടു തമിഴ്‌നാട്ടിലേക്ക് കയറിയിരിക്കുന്നു. ഇരണിയേൽ കഴിഞ്ഞാൽ പിന്നെ സീനറികളുടെ എട്ടുകളിയാണ്. പാലക്കാട് കോയമ്പത്തൂർ യാത്രയുടെ അതെ ഫീൽ.ശ്രീ നാരായണഗുരുവും ചട്ടമ്പി സ്വാമിയും മറ്റും ധ്യാനം ചെയ്ത മരുത്വാമല അങ്ങു ദൂരെ കാണാം. തിരുവനന്തപുരത്തുനിന്നും റോഡുമാർഗം പോയാൽ മരുത്വാമലയിലും പദ്മനാഭപുരം കൊട്ടാരത്തിലും എത്താൻ കഴിയും. ട്രെയിനിന്റെ ബ്രേക്ക് നമ്മുടെ കയ്യിൽ ആയിരുന്നെങ്കിൽ ഇവിടെല്ലാം നമ്മൾ ചവിട്ടിയേനെ.









നാഗർകോവിൽ - കന്യാകുമാരി 20 കിലോമീറ്ററാണ് ദൂരം. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തേക്കാണ് നമ്മൾ യാത്രചെയ്യുന്നത്. ഇന്ത്യയുടെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ. ഇവിടെ തീവണ്ടി പാത അവസാനിക്കുന്നു. അതിനപ്പുറത്തേക്ക് ട്രെയിനോ പാളമോ ഒന്നുമില്ല. സാധാരണ റെയിൽവേ സ്റ്റേഷനുകൾ പാതക്ക് സമാന്തരമായാണ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ നേരെ മറിച്ചാണ്. ട്രെയിൻ അവസാനം സ്റ്റേഷന്റെ മുന്നിലേക്ക് വന്നുനിൽക്കുന്ന രീതിയിൽ,പാളത്തിനു കുറുകെയാണ് ഇവിടുത്തെ റെയിൽവേ സ്റ്റേഷൻ നിർമ്മാണം. ഇതിനപ്പുറത്തേക്കു ട്രെയിനോ പാളമോ ഒന്നുമില്ലെന്ന പ്രതീതി സൃഷ്ടിക്കാൻ ഇതിനു കഴിഞ്ഞിട്ടുണ്ട്. ആ ഐഡിയ നോമിന് ബോധിച്ചു. കെട്ടിടം കണ്ടാൽ നമ്മുടെ നിയമസഭയുടെ അനിയനാണെന്ന് പറയും.




12.30 നു തന്നെ വണ്ടി കന്യാകുമാരി സ്റ്റേഷൻ എത്തി. നാഗർകോവിലിനെ വെച്ചുനോക്കുമ്പോൾ ഇത് ചെറിയ സ്റ്റേഷനാണ്. സൗകര്യങ്ങളും പരിമിതം. മൂന്നു പ്ലാറ്റ്‌ഫോമുകൾ ഉള്ളതിൽ ഒന്നിനും പൂർണ്ണമായി മേൽക്കൂര നിർമ്മിച്ചിട്ടില്ല, ഫാനുമില്ല. അതുവെച്ചു നോക്കുമ്പോൾ കേരളത്തിലെ സ്റ്റേഷനുകൾ വളരെ നിലവാരമുള്ളതാണ്. ഇന്ത്യയുടെ അവസാന സ്റ്റേഷൻ എന്ന പരിഗണന നൽകി ഇവിടുത്തെ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്റ്റേഷനുകൾക്ക്, യാത്രക്കാരുടെ എണ്ണമനുസരിച്ചു പല കാറ്റഗറിയായി തിരിക്കാറുണ്ട് എന്നാണറിവ്. വടക്കേ ഇന്ത്യയിൽ നിന്നുമുള്ള കുറെ സഞ്ചാരികൾ,കന്യാകുമാരി എന്ന ബോർഡിന് അടുത്തുനിന്നു ഫോട്ടോ എടുക്കുന്നു. ഇന്ത്യയുടെ ലാസ്റ്റ് സ്റ്റേഷൻ എന്ന് പറഞ്ഞു സെൽഫികളും വിഡിയോകളും എടുക്കുന്നു.



ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരമോടുന്ന രണ്ടു വണ്ടികൾ ഇവിടെനിന്നാണു തുടങ്ങുന്നത്. ദിബ്രുഗഡ് വിവേക് (4283 KM ) ജമ്മുതാവി ഹിമസാഗർ (3789 KM )

സ്റ്റേഷനു പുറത്തിറങ്ങിയ നമ്മളെ  അണ്ണൻമ്മാരും അണ്ണികളും  വിചിത്ര ജീവിയെപ്പോലെ നോക്കി. കാരണം നമ്മൾ മാസ്ക് വെച്ചിട്ടുണ്ടാരുന്നു. അവിടാർക്കും മാസ്കുമില്ല മാങ്ങാതൊലിയുമില്ല.



സാർ ആട്ടോ വേണമാ....ഓട്ടോ അണ്ണൻമ്മാരാണ്....നൂറ്റമ്പതു രൂപ മതി...ബീച്ചിൽ വിടാം....നൂറുരൂപ മതി  നല്ല ഹോട്ടൽ കാണിച്ചുതരാം,ബീച്ചിലും വിടാം.അമ്പതു രൂപ മതി നല്ല റൂം കാണിച്ചുതരാം...മുപ്പതുരൂപ മതി ബീച്ചിൽവിടാം....പലർക്കും പല ഓഫറാണ്.വേണമാ സാർ....??    വേണ്ടേയ്....കണ്ണിൽ ചോരയില്ലാതെ നമ്മൾ പറഞ്ഞു. എന്നിട്ടു കാൽനട പ്രചരണ ജാഥയായി നമ്മൾ ബീച്ചിലേക്ക് തിരിച്ചു.



 ഉപ്പു സത്യാഗ്രഹം നടത്താൻ ഗാന്ധിജി ഓട്ടോയിലല്ല പോയത്....നടന്നാണ്.. മഹാൻമാരൊക്കെ നടന്നേ പോകൂ. നോട്ട് ദ പോയിന്റ്. വണ്ടിക്കൂലി കൂടുതലായതുകൊണ്ടു യേശു ക്രിസ്തുപോലും കടലിൽക്കൂടി നടന്നു പോയിട്ടുണ്ട്. പിന്നെയാ അണ്ണന്റെ ആട്ടോ....? സ്റ്റേഷന്റെ മുന്നിലേക്കിറങ്ങി നടന്നാൽ മെയിൻ റോഡിലെത്തും. ഇടത്തേക്ക് തിരിഞ്ഞാൽ തിരുനൽവേലി പോകാം. വലത്തേക്ക് തിരിഞ്ഞു പതിനഞ്ചു മിനിറ്റ് നടന്നാൽ ബീച്ചിലെത്താം.



പോകുന്ന വഴിയിൽ നല്ല മെനയുള്ള ഒരു ഹോട്ടൽ കണ്ടു. അവിടെ കയറി ശാപ്പാടിന് ഓർഡർ ചെയ്തു. അവിടുത്തെ ചേട്ടനും മാസ്ക് വെച്ച നമ്മളെ ഫീലിംഗ് പുച്ഛം...കേരളാവിൽ കൊറോണയാണോ എന്നൊരു അളിഞ്ഞ ചോദ്യവും. നമ്മൾ വെറുതെ ചിരിച്ചതേയുള്ളു, മാസ്ക് കാരണം അത് പുള്ളി കണ്ടതുമില്ല. ഒരു നോർത്ത് ഈസ്റ് ചേച്ചി വളരെ കഷ്ടപ്പെട്ട് തമിഴ്നാട് ശാപ്പാട് കഴിക്കുന്ന ദയനീയ കാഴ്ച നമ്മൾ കണ്ടു. പിന്നീട് നമ്മൾ ഈ ബ്ലോഗ് എഴുതുന്ന സമയത്താണ് ഒരു ഫ്ലാഷ് ന്യൂസ് കണ്ടത്. തമിഴ് നാട്ടിൽ മാസ്ക് നിർബന്ധമാക്കി-പിഴ അഞ്ഞൂറ് രൂഭാ. ഇവരുടെ കുന്തളിപ്പ്  കണ്ടപ്പോഴേ നമ്മൾക്ക് തോന്നിയതാണ് പണിവരുന്നുണ്ടെന്ന്.



ഹോട്ടൽ,ലോഡ്ജ്,റൂമുകൾ എല്ലാം ധാരാളമുണ്ട്. എങ്കിലും ഓൺലൈൻ അഡ്വാൻസ്ഡ് ബുക്കിംഗ് ആണ് നല്ലത്. അലച്ചിൽ ഒഴിവാക്കാം. ഭാഷ ഒരു തടസ്സമല്ല. മലയാളം എല്ലാവര്ക്കും മനസ്സിലാകും..നടന്നു ബീച്ചിലെത്തി. രെക്ക്തം തിളയ്ക്കുന്ന ചൂട്. കൊറോണ വന്നുപോയതിൽപ്പിന്നെ നമ്മൾക്കാണേൽ അത് വളരെ കുറവുമാണ്. ഓജസ്സും തേജസ്സും ബോണസും അലവൻസും ഒക്കെ നേടിയെടുക്കണോന്നും വെച്ചാണ്.....!!

ഐസ്‌കാരും പോലീസ്‌കാരും,ടാറ്റു കുത്തിക്കൊടുക്കുന്നവരും, വെറുതെ നടന്നു കൈനീട്ടുന്നവരും, ഫോട്ടോ എടുത്തു കൊടുക്കുന്നവരും, മാങ്ങാ മുറിച്ചു മുളകുപൊടിയിട്ടു കൊടുക്കുന്നവരും, അതുനോക്കി വെറുതെ വെള്ളമിറക്കുന്നവരും, തുണിക്കടയിലേക്ക് നമ്മളെ വേണമെങ്കിൽ തോളത്തു എടുത്തുകൊണ്ടു പോകാൻ  തയ്യാറായി നിൽക്കുന്ന സെയിൽസ് മാനും സെയിൽസ് മോളും, കാറ്റ് കൊള്ളുന്നവരും, കാറ്റ് കാണുന്നവരും, തിരയെണ്ണുന്നവരും,വെറുതെ ഓളം വെക്കുന്നവരും, തിരയടിച്ചു തല പാറയിലിടിച്ചിട്ടും  നാണമില്ലാതെ പിന്നെയും വെള്ളത്തിൽ കിടക്കുന്നവരും, ഭക്തി പൂർവ്വം നടക്കുന്നവരും,ചുമ്മാ കത്തിവെച്ചു നടക്കുന്നവരും, യുവ മിഥുനങ്ങളും യുവ  കർക്കിടകങ്ങളും, കടലുനോക്കി എലി പുന്നെല്ലു കണ്ടതുപോലെ ചിരിക്കുന്നവരും, ഇൻസ്റ്റാഗ്രാമിനുവേണ്ടി ഇൻസ്റ്റന്റായി ഡാൻസ് കളിക്കുന്നവരും, ഒരു പണിയുമില്ലാതെ വെറുതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവരും.....കടലക്കാരും... 



അങ്ങനെ ആകെപ്പാടെ ഒരു തിരക്കാണ്. ഇതിൽ തമിഴനുണ്ട്,ആന്ധ്രക്കാരനുണ്ട്,മലയാളിയുണ്ട്,ഹിന്ദിക്കാരനുണ്ട്. പോരാത്തതിനു സായിപ്പും മദാമ്മയുമുണ്ട്. അതുപോരെ അളിയാ..?പക്ഷേ നമ്മൾ നേരെ പോയത് തിരുവള്ളുവർ പ്രതിമ കാണാനാണ്.

തിരുവള്ളുവർ 

അപാര ജ്ഞാനിയായ തമിഴ് കവിയും ദാർശനികനുമായിരുന്നു തിരുവള്ളുവർ. കേരളത്തിലെ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവരാണ് ഈ വള്ളുവരെന്ന് ഒരു വാദമുണ്ട്. ഇദ്ദേഹത്തിന്റെ തമിഴിലുള്ള  തത്വ ചിന്താ ശാസ്ത്ര കൃതിയാണ് തിരുക്കുറൾ. കുറൾ എന്നാൽ ഈരടികൾ. 133 അദ്ധ്യായങ്ങളിലായി 1330 ഈരടികൾ ഈ കാവ്യത്തിലുണ്ട്. തമിഴ്‌നാടും കേരളവും ഒന്നിച്ചു കിടന്ന സംഘകാലത്താണ് ഇത് രചിക്കപ്പെട്ടത്.




തിരുവള്ളുവർ പ്രതിമയ്ക്കും അടിസ്ഥാനത്തിനും കൂടി  40.5 മീറ്റർ ഉയരമുണ്ട്. പ്രതിമയ്ക്കുമാത്രം 29 മീറ്റർ ഉയരം.Dr.വി ഗണപതിയാണു പ്രധാന ശിൽപ്പി.

നന്ദി മറക്കുക നന്നല്ല,

നന്നല്ലവ അന്നേ മറക്കുക നന്നേ...  

തിരുക്കുറലിലെ പ്രശസ്തമായ ഈരടിയാണിത്. 

ഗാന്ധി മണ്ഡപം

മഹാത്മാ ഗാന്ധിയുടെ ചിതാ ഭസ്മം കടലിൽ ഒഴുക്കുന്നതിനുമുമ്പായി പൊതു ദർശനത്തിനു വെച്ച സ്ഥലത്തു പിന്നീട് നിർമ്മിച്ചതാണ് ഈ മണ്ഡപം. ക്ഷേത്ര മാതൃകയിൽ നിർമ്മിച്ച ഇതിനുള്ളിലേക്കു ഒക്ടോബർ രണ്ടാം തീയതി സൂര്യന്റെ ആദ്യ കിരണങ്ങൾ പതിക്കുമെന്ന പ്രത്യേകതയുമുണ്ട്.



വിവേകാനന്ദപ്പാറ 

കന്യാകുമാരി തീരത്തെ വാവതുറൈ മുനമ്പിൽനിന്നും 500 മീറ്ററോളം അകലെയായി കടലിൽ സ്ഥിതിചെയ്യുന്ന രണ്ടുപാറകളിൽ ഒന്നാണിത്. സ്വാമി വിവേകാനന്ദൻ കടൽ നീന്തിക്കടന്നു 1892 ഡിസംബർ 23, 24, 25 തീയതികളിൽ ഇവിടെ ധ്യാനം നടത്തിയതായി പറയപ്പെടുന്നു. മലയാളിയായ മന്നത്തു പദ്മനാഭൻ പ്രസിഡന്റായ വിവേകാനന്ദ സ്മാരക സമിതിയാണ് ഈ സ്മാരകം സ്ഥാപിച്ചത്. 1970 ഇൽ അന്നത്തെ രാഷ്‌ട്രപതി ശ്രീ.വി വി ഗിരി ഇത് രാഷ്ട്രത്തിനു സമർപ്പിച്ചു. മുനമ്പിൽ നിന്നും പാറയിലേക്കു ബോട്ട് സർവീസ് ലഭ്യമാണ്.



ഏകദേശം ഇത്രയും കണ്ടുകഴിഞ്ഞപ്പോൾ സമയം 1.45 ആയി. സൂര്യ ഉദയവും അസ്തമയവും കാണാനാണ് ആളുകൾ കൂടുതലും കന്യാകുമാരിയിൽ എത്തുന്നത്. വിവേകാനന്ദപ്പാറ സന്ദർശനത്തിനും, അതോടൊപ്പം തീരത്തുള്ള കാഞ്ചി കാമകോടി പീഠത്തിൽ ദർശനത്തിനു വരുന്നവരുമുണ്ട്. കന്യാകുമാരി ജില്ലയുടെ ടൂറിസം സൈറ്റ് ഇതാണ്,  https://kanniyakumari.nic.in/tourist-information/ഇവിടെ  നോക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. കടൽത്തീരം മാത്രമല്ല അതി വിശാലമായൊരു ടൂറിസ്റ്റ് ഇടംകൂടിയാണ്  ഇവിടമെന്നു മനസ്സിലാകും.  

2.10 PM നു ഹിമസാഗർ എക്സ്പ്രസ്സ്പുറപ്പെടും. വെള്ളിയാഴ്ചകളിലാണ് ഈ സൗകര്യം. വ്യാഴം ആണെങ്കിൽ 5.30 PM  നു വിവേക് എക്സ്പ്രസ്സ് ഉണ്ടാകും. അതല്ലെങ്കിൽ വേറെ ഓപ്ഷൻസ് ഉണ്ട്. എല്ലാദിവസവും 3.10 PM നു കൊല്ലം വഴി പോകുന്ന പുനലൂർ എക്സ്പ്രസ്സ് ഉണ്ട്. അതിൽ കയറി തിരുവന്തപുരം ഇറങ്ങിയാൽ ഏത് കോത്താഴത്തേക്കും പോകാം. 



നടപ്പ് ആരോഗ്യത്തിനു നല്ലതായതിനാൽ തിരിച്ചു വലിച്ചു തൊഴിച്ചു തൊഴിച്ചു നമ്മൾ  സ്റ്റേഷനിലെത്തി. അതിന്റെ യുക്കിതി എന്തെന്നാൽ, അമ്പതു ഉറുപ്പിക മുടക്കി ഓട്ടോയിൽ വരാൻ വയ്യാഞ്ഞിട്ടല്ല, പുതിയ സ്ഥലമല്ലേ എല്ലാം കണ്ടും കേട്ടും അറിഞ്ഞുമിരിക്കാം....അയിനാണ്. നല്ല പച്ചപ്പും കുളിർമയുമുള്ള ചില സ്ഥലങ്ങളിൽ ചില പൊങ്ങൻമ്മാരും പൊങ്ങികളും കറുത്ത കൂളിംഗ് ഗ്ലാസ് വെച്ചു പ്രകൃതി ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്. നഗ്‌ന നേത്രങ്ങൾ കൊണ്ടു കാണേണ്ടത് അങ്ങനെ തന്നെ കാണണം. നടന്നു കാണണോ...? അങ്ങനെ കാണണം അതാണ് നമ്മുടെ ലൈൻ.  

കൃത്യം 2.10 PM നു വണ്ടിയെടുത്തു. നമ്മൾ പഴയതുപോലെ ഉയർന്ന നിലയിലേക്ക്,ച്ചാൽ അപ്പർ ബെർത്തിലേക്ക്. 7.30 PM  ആയപ്പോൾ വണ്ടി കോട്ടയം പിടിച്ചു. ഈ ഹിമസാഗർ ട്രെയിനുമായി നമ്മൾക്കൊരു അടുപ്പവുമുണ്ട്. 18 - 19 വർഷങ്ങൾക്കു മുമ്പ്‌ ആദ്യമായി നമ്മൾ ഒറ്റയ്ക്ക് കേരളം വിട്ട് പഞ്ചാബിലേക്ക്  യാത്ര ചെയ്ത വണ്ടിയാണിത്. കാലിൽ ചെറിയൊരു മുറിവ് ഉണ്ടായിരുന്നതിനാൽ  എന്റെ ലഗേജ് എല്ലാം എടുത്തു ജലന്ധർ കൺറ്റോൺമെന്റ് സ്റ്റേഷനിൽ ഇറക്കി  സഹായിച്ച സഹയാത്രികരായ മിലിട്ടറിക്കാരെ,പ്രത്യേകിച്ച് കന്യാകുമാരിക്കാരനായ ഒരു സൈനികനെ ഇന്നും  ഓർക്കുന്നു. എല്ലാവരും ജമ്മുവിൽ ഇന്ത്യൻ അതിർത്തി കാക്കുന്നവരായിരുന്നു.

കോട്ടയത്തുനിന്നും കന്യാകുമാരിയിലേക്കുള്ള ട്രെയിനുകളുടെ വിവരം.

5.35 AM -കന്യാകുമാരി എക്സ്പ്രസ്സ് (16381) daily

9.20 AM - കന്യാകുമാരി എക്സ്പ്രസ്സ് (16526) daily

4.10 PM വിവേക് എക്സ്പ്രസ്സ് (15906 ) ചൊവ്വ 

5.00 PM ഹിമസാഗർ എക്സ്പ്രസ്സ് (16318)വ്യാഴം 

കോട്ടയത്തുനിന്നും നാഗർകോവിലിലേക്ക് 

12.20 AM നാഗർകോവിൽ വീക്കിലി എക്സ്പ്രസ്സ് (16335) ഞായർ 

4.30 PM ഗുരുദേവ് SF എക്സ്പ്രസ്സ് ( 12660 ) വെള്ളി

    

https://www.instagram.com/janoshkjohn

http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...