Sunday, October 18, 2020

"മെരിച്ചു"പോയ അമ്മാവനു ക്രിസ്തുമസ് ആശംസകൾ

പണ്ടൊരു പത്രത്തിൽ ഒരു ചേട്ടന്റെ വിവാഹ വാർഷിക ആശംസ കണ്ടു.  ആ   വഹയിൽ കൊടുത്ത പടത്തിനു അടിയിൽ മക്കളുടെ പേരും അവർക്കു ഫുൾ എ പ്ലസ് കിട്ടിയ ചരിത്രവും ചേർത്തിരുന്നു.  വെട്ടിക്കൊണ്ടിരിക്കുന്ന 50 റബ്ബർ ഉള്ളതും 3 ആടും ഒരു പട്ടിയും ഒരു സ്കൂട്ടറും ഉള്ളതുപറയാൻ വിട്ടുപോയതാണ്. തള്ളി മറിക്കാൻ നമ്മളെ കഴിഞ്ഞേ മറ്റാരുമുള്ളൂ.  99.99  വയസുള്ള ഞങ്ങളുടെ അമ്മച്ചിക്കു പിറന്നാൾ ആശംസകൾ.... മരിച്ചുപോയ അമ്മാവനു ഓണാശംസകൾ....ആദ്യാക്ഷരം കുറിക്കുന്ന ഞങ്ങളുടെ ടിന്റുമോന് ആശംസകൾ.....നാടുവിട്ടുപോയ അളിയന് പുതുവത്സരാശംസകൾ ..... ചില മലയാള പത്രങ്ങൾ ഈ തള്ളലിനെ ബിസിനസ് ആക്കി മാറ്റിയിട്ടുണ്ട്.ച്ചാൽ എന്തെങ്കിലും വിശേഷ ദിവസം വരുമ്പോൾ ഞങളുടെ പത്രത്തിലൂടെ നിങ്ങൾക്കു തള്ളിക്കൊടുക്കാൻ അവസരം എന്ന അർത്ഥത്തിൽ പരസ്യം ചെയ്യും. നമ്മൾ നേരത്തെ ബുക്കു ചെയ്യണം പോലും. അതായത് എന്റെ വഹ ഒരു തള്ളൽ ബുക്ക്ഡ്..! വാക്കുകൾ കൂടുന്നതിനു അനുസരിച്ചു ചില്ലറയും കൂടും ഇങ്ങനെ പോകും തള്ളൽ ബിസിനസ്. പേരും പടോം എവിടെങ്കിലും ഒന്നു വന്നിട്ടു, കോരിത്തരിക്കാൻ മുട്ടിനിൽക്കുന്ന അസുഖമുള്ളവർക്ക് ഈ ചില്ലറ ഒരു വിഷയമാണോ...?




പ്രത്യേകിച്ച് ഈ സമയങ്ങളിൽ ആരെ കണ്ടാലും പരിഭവം മാത്രമേ കേൾക്കാനുള്ളൂ.. ച്ചാൽ ,കൊറോണ ആണ് ...പൈസ ഒന്നുമില്ല ദാരിദ്ര്യമാണ്. എല്ലാ മേഖലകളും പൂട്ടിപ്പോകും...എന്നൊക്കെയാണ് സംസാരം. പക്ഷേ മേൽപ്പറഞ്ഞതുപോലെ ഒരു അവസരം വീണുകിട്ടിയാൽ ഇവർ (എല്ലാരുമല്ല കെട്ടോ....ആത്മാർത്ഥതയുള്ളവരുമുണ്ട് )  മുന്നിലുണ്ടാകും...ഇനി വേറൊരു കാര്യം.. കൊറോണ വന്നു പിടിച്ചിട്ടു ആർക്കും കായില്ല എന്നു പറഞ്ഞു സ്ഥാപിക്കാറുണ്ട് വേറൊരു കൂട്ടർ. ഇനി റോട്ടിലിറങ്ങി ഒന്നു കണ്ണു മിഴിച്ചു നോക്കിയാട്ടെ....ഫോർ രജിസ്‌ട്രേഷൻ പേപ്പറും ഒട്ടിച്ചുവെച്ചു ഏതൊക്കെ വണ്ടികളാണ് പോകുന്നത്....ആരുടെ കയ്യിലും പൈസായുമില്ല.നമ്മുടെ വിഷയം ഇതല്ല, പറഞ്ഞുവന്ന വഴിയിൽ,  ഒരു ഗുമ്മിനു  പറഞ്ഞതാണ്. 


ഇനി കാര്യത്തിലേക്കു കടക്കാം സംഗതി ലേശം പഴയതാണ്. ഓൾഡ് ഈസ് ഗോൾഡ് എന്നാണല്ലോ. സംഭവത്തിനു ഇന്നും നല്ല ഓട്ടമുണ്ട്.  2020 ലെ SSLC  റിസൾട്ട് വന്നു. എന്നത്തേയും പോലെ കുറച്ചു പേര് തോറ്റു വേറെകുറേ പേര് ജയിച്ചു. ജയിച്ചവർ ഉപരിപഠനത്തിനു പോകുന്നു തോറ്റവർ സപ്ലി എഴുതാൻ ഓങ്ങി നിൽക്കുന്നു. സംഗതി അവിടെ വെച്ചു അവസാനിക്കേണ്ടതാണ്.എന്നാൽ ഇന്നു സോഷ്യൽ മീഡിയ വഴിയുള്ള പ്രകടനങ്ങൾ കാരണം സംഗതികൾ അവിടം കൊണ്ടു തീരുന്നില്ല. റിസൾട്ട് വരുന്ന ദിവസങ്ങളിൽ ഫേസ്ബുക്കൊന്നും തുറക്കാനേ പാടില്ല. കാരണം......

"ഫുൾ എ പ്ലസ് വാങ്ങിയ എന്റെ മഹാൻ".....ഒപ്പം വിജ്രംഭിച്ചു നിൽക്കുന്ന ഒരു പയ്യന്റെ പടവും....! ഫുൾ എ പ്ലസ് വാങ്ങിയ എന്റെ മോൾക്ക് ആശംസകൾ.....കഷ്ടപ്പെട്ട് ഉറക്കിളച്ചു പഠിച്ചു മാർക്കു വാങ്ങിയ പിള്ളേരെ നമ്മൾ അഭിനന്ദിക്കണം....പറ്റുമെങ്കിൽ അവരുടെ തോളിൽ തട്ടി ആശംസിക്കണം....എന്നാൽ പൊങ്ങച്ചത്തിന്റെ കളറും ചേർത്തു എന്റെ മകളെ/ മകനെ പ്രദർശിപ്പിച്ചു വെറുപ്പിക്കുന്നത് എന്തൊരു അക്രമമാണ്. എന്റെ ചെറുക്കന്റെ,പെണ്ണിന്റെ എ പ്ലസ് പത്തുപേരെ അറിയിച്ചില്ലെങ്കിൽ ഒരു സമാധാനവുമില്ല. പിന്നെ കവലകളിൽ ഫ്ളക്സ് ആയി. വാട്സപ്പ് സ്റ്റാറ്റസ് ആയി. പലരുടെ ഉള്ളിലും ഊറിയുറഞ്ഞു കിടക്കുന്ന പൊങ്ങച്ച വിത്തുകളെ മുളപ്പിക്കാൻ കണ്ടുപിടിച്ച മാർഗ്ഗങ്ങളിലൊന്നാകാം ഈ വെറുപ്പിക്കലുകളും ഫ്ളക്സ് വെക്കലും. ആത്മാർത്ഥതയില്ലാത്ത വെറും പൊങ്ങച്ചമാണ്‌ ഇതിലൂടെ പുറത്തുവരുന്നത്.അതിനു എ പ്ലസ് ഒരു മറയായെന്നു മാത്രം.


ഇനി വേറൊരു കാര്യം പറഞ്ഞാൽ, കൊട്ടിഘോഷിച്ചു എ പ്ലസ് പോസ്റ്റ് ചെയ്ത ഈ കുട്ടികളിൽ എത്രപേർ തുടർന്നുള്ള പഠനത്തിൽ അതേ നിലവാരം പുലർത്തുന്നുണ്ട്..? ചിലരുടെ പ്രകടനങ്ങൾ കണ്ടാൽ,  ജീവിതത്തിന്റെ അവസാന പോയിന്റാണ് SSLC എന്നും അതിന്റെ അവതാര പൂർത്തീകരണമാണ്  എ പ്ലസ് എന്നും തോന്നിപ്പോകും. പത്താം ക്ലാസ്സും എ പ്ലസ്സുകളും ഇത്ര വലിയ കാര്യമായൊന്നും എടുക്കേണ്ട യാതൊരു ആവശ്യവുമില്ല. 

പത്തിരുപത്തഞ്ചു വർഷം മുമ്പു ഒന്നാം ചാൻസിൽ തന്നെ പത്തു പാസ്സാവുക എന്നു വെച്ചാൽ വലിയ സംഭവമായിരുന്നു. അന്നു അതു മതിയായിരുന്നു. അതിൽ തന്നെ റാങ്കോ ഡിസ്റ്റിങ്ഷനോ ക്ലാസ്സോ കിട്ടിയാൽ യെവൻ പിന്നെ പുലിയാരുന്നു...! ഇന്നത്തെ കാലത്തു വിദ്യാഭ്യാസ രംഗം ഹൈ ടെക് ആയിരിക്കുകയാണ്. പത്തിലെ ഫുൾ എ പ്ലസ് പതിനൊന്നാം ക്ലാസ്സിൽ ഇഷ്ടപ്പെട്ട ഗ്രൂപ്പ് തെരഞ്ഞെടുക്കാൻ പ്രയോജനപ്പെടും. പിന്നെ അതിനു വലിയ പ്രാധാന്യമൊന്നുമില്ല. ബിരുദ ബിരുദാനന്തര തൊഴിൽ അധിഷ്ഠിത പഠനങ്ങളിലൊന്നും ഈ എ പ്ലസ് ഒരു ഘടകമേയല്ല. പിന്നെ വെറുതെ പറഞ്ഞുകൊണ്ടിരിക്കാം പത്തിൽ എനിക്ക് ഫുൾ എ പ്ലസ് ഉണ്ടാർന്നു......!ഉപ്പൂപ്പാക്ക് ഒരാന ഉണ്ടാർന്ന് എന്ന് പറഞ്ഞതുപോലെ. 


ഒരിക്കലും ഈ കുട്ടികളല്ല, മാതാപിതാക്കളും അടുപ്പക്കാരുമൊക്കെയാണ്  ഈ എ പ്ലസ് പൊക്കിക്കാണിക്കുന്നത്. ചില കാര്യങ്ങളിൽ ഈ മാതാപിതാക്കൾക്കു കുട്ടികളുടെ അത്രയും പോലും മാനസിക വളർച്ച ഇല്ലല്ലോ എന്നു തോന്നിപ്പോകും. SSLC എ പ്ലസ് നോക്കിയല്ല ഒരാളുടെ ജീവിത ലക്ഷ്യവും വിജയവുമൊന്നും തീരുമാനിക്കപ്പെടേണ്ടത്. ഫുൾ എ പ്ലസ് കാർ എവിടെ വരെ ആ സ്റ്റാൻഡ് നിലനിർത്തുന്നുണ്ട്...?അവരുടെ ജീവിതം പിന്നെ മുഴുവൻ വിജയമാണോ..? ഇവർ അവസാനം എവിടെ ചെന്നെത്തുന്നു...ഇവരിൽ പിന്നീട് ആരെങ്കിലും  പരാജയപ്പെടുന്നുണ്ടോ...? ഇതൊക്കെ ചിന്തിക്കേണ്ട കാര്യങ്ങളാണ്.പലപ്പോഴും ഫുള്ളുകാരല്ല സപ്ലിക്കാരാണ് സമൂഹത്തിനു പ്രയോജനമുള്ളവരായി മാറുന്നത്.


ഞങ്ങളുടെ കാലത്തു ഗ്രേഡ് ഒന്നും ഇല്ലായിരുന്നു. മാർക്ക്, അതൊന്നു മാത്രമായിരുന്നു മാനദണ്ഡം. 210 മാർക്കു വേണം കടന്നുകൂടാൻ. അന്നൊക്കെ റാങ്ക് ആയിരുന്നു വലിയ സംഭവം. ആദ്യത്തെ മൂന്നു റാങ്കുകാരുടെ പടമൊക്കെ പത്രത്തിൽ വരും. നമ്മൾ  SSLC എഴുതിയ വർഷം ഒരു "ആശ"ക്കു ആയിരുന്നു ഒന്നാം റാങ്ക്. പിന്നീട്‌ അവരെക്കുറിച്ചൊന്നും യാതൊരു വിവരവുമില്ല. ഈ റാങ്കും ഫുള്ളും ഒക്കെ നേടിയവർ മികച്ചവരാണ്. പഠിക്കാൻ മിടുക്കരാണ്.പക്ഷേ ഇവരെല്ലാം അവസാനം ചെന്നു, ഒരു ഡോക്ടർ ഒരു എഞ്ചിനീയർ....മറ്റൊന്നും കിട്ടിയില്ലെങ്കിൽ ഒരു ബിഎസ്‌സി നഴ്‌സ്......!തീർന്നു.....അതിനപ്പുറം ഒന്നുമില്ല. റാങ്ക് പോയിട്ട് നാലു SSLC മാർക്ക്  ഒന്നിച്ചിട്ടു കൂട്ടിയാൽപ്പോലും ‌210 കിട്ടാത്തവരൊക്കെ സ്വപ്ന തുല്യമായി ഉയരുകയും വിജയിക്കുകയും സമൂഹത്തിനു പ്രയോജനമുള്ളവരായി തീരുകയും ചെയ്തിട്ടുണ്ട്.ഉന്നത വിജയം അതിൽത്തന്നെ നന്മയും തിന്മയുമല്ല.


ഏതാനും വർഷം മുമ്പു ഒരു പത്താം ക്‌ളാസ് റിസൾട്ടിന് ശേഷം, ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഒത്തിരി ശ്രദ്ധ നേടി. കോഴിക്കോട് കളക്റ്ററുടെ പോസ്റ്റായിരുന്നു. വിജയിച്ചവരുടെയും എ പ്ലസ് കാരുടെയും ആഘോഷ തിമിർപ്പിൽ അവഗണിക്കപ്പെട്ടുപോകുന്ന പരാജിതരുടെ ദുഃഖത്തെക്കുറിച്ചായിരുന്നു അത്. ജനങ്ങൾ അതേറ്റെടുത്തു. അതേ, പരാജയപ്പെട്ടവർക്കും കൂടി അവകാശപ്പെട്ടതാണ് ഈ ലോകം. അല്ലേലും ഈ പത്താം ക്ലാസ് എന്നൊക്കെ പറയുന്നത് ഒരു ജംഗ്ഷൻ മാത്രമല്ലേ. റെയിൽവേ യുടെ ഷൊർണ്ണൂർ ജംഗ്ഷൻ പോലെ. അവിടെ നിന്നും കണ്ണൂർ വഴി മംഗലാപുരത്തിനു പോകാം. കൊങ്കൺ വഴി മുംബൈക്കു പോകാം. ചുരം കയറിയാൽ ചെന്നൈക്കൊ കോയമ്പത്തൂരിനോ ആന്ധ്രക്കോ പോകാം. യാത്ര ഇനിയും കിടക്കുകയാണ്. തിരുവനന്തപുരത്തുനിന്നും ഒരുത്തൻ ട്രെയിൻ കയറി ഷൊർണ്ണൂർ വന്നിറങ്ങിയിട്ടു, ഞാൻ ഇന്ത്യ മുഴുവനും യാത്രചെയ്തു കണ്ടെന്നു പറയുന്നതുപോലെയാണ്, ഈ എ പ്ലസ് ആഘോഷങ്ങളൊക്കെ കാണുമ്പോൾ തോന്നുന്നത്.


ഇവിടെ യേശുദാസിനു മാത്രം പാടിയാൽ മതിയോ എന്നു ചോദിക്കുന്നതുപോലെ, എ പ്ലസ് കാർക്കുമാത്രം ജീവിച്ചാൽ മതിയോ. മുന്നോട്ട് പഠിച്ചു വരുമ്പോൾ, നമ്മുടെ ജനന തീയതിയും അഡ്രസ്സും തെളിയിക്കാനുള്ള ഒരു പേപ്പർ മാത്രമായി ഈ SSLC മാർക്ക് ഷീറ്റ് മാറും. അവിടെ ആരും ആരുടെയും എ പ്ലസിന്റെ കണക്ക് ചോദിക്കാറില്ല. ഫുൾ കിട്ടിയെന്നു പറഞ്ഞു ആരും ഇവരെ ഇന്ത്യൻ അംബാസിഡർ ആയി നിയമിക്കാറുമില്ല. പിന്നെ മാതാപിതാക്കളുടെ ദുരഭിമാനവും, തങ്ങൾക്കു സാധിക്കാത്തത് കുട്ടികളിൽ സാധിച്ചെടുക്കുന്നതിന്റെ ഒരിതുമൊക്കെയാണ് പൊങ്ങത്തരത്തിന്റെ പിന്നിലെ ഗുട്ടൻസ്.


നമ്മുടെ കാലത്തു ക്ലാസ് മാർക്ക് വാങ്ങി വിജയിച്ച പലരും ഇന്നു പെയിന്റിംഗ് പണിക്കും കമ്പിപ്പണിക്കും പോകുന്നുണ്ട്. അതുകൊണ്ടു ഇതെല്ലാം വളരെ സ്റ്റാൻഡേർഡ് കുറഞ്ഞ പണിയാണ് എന്നല്ല പറഞ്ഞത്. എല്ലാറ്റിനും അതിന്റെതായ മാന്യതയുണ്ട്. വേറൊരാൾ ഫുൾ ടൈം വെള്ളമടിച്ചു നടക്കുന്നുണ്ട്. ഇവരൊക്കെ വലിയ പഠിപ്പിസ്റ്റുകൾ ആയിരുന്നു. എന്നാൽ ജീവിത സാഹചര്യം അവരെ അങ്ങനെയാക്കി എന്നു കരുതാനാണ് എനിക്കിഷ്ടം. ഒരുപക്ഷേ വലിയ സ്വപ്നങ്ങളൊക്കെ വേണ്ടെന്നു വെച്ചതായിരിക്കാമവർ. വീട്ടിലെ പട്ടിണികൊണ്ടു പണിക്കിറങ്ങിയതാവാനും ചാൻസുണ്ട്. എന്നാൽ മറുവശത്തു, തോറ്റവരും പിന്നെ സപ്ലി എഴുതിയവരുമൊക്കെ വലിയ നിലകളിലേക്ക് ഉയർന്നിട്ടുമുണ്ട്. 

ബി.കോം കാരൻ പണിയില്ലാതെ കലുങ്കിലിരിക്കുന്നതും രണ്ടുവട്ടം SSLC പൊട്ടിയവൻ ITI പഠിച്ചു വിദേശത്തു സെറ്റിലായതും നമ്മൾ കണ്ടിട്ടുണ്ട്. ബിരുദധാരിക്ക് പണികിട്ടാത്തത് അവൻ മോശക്കാരനും വിദേശത്തുപോയവൻ ഏതോ കേമനും ആണെന്നു ആരും വിചാരിക്കേണ്ട. നമ്മൾ പറഞ്ഞുവന്നത് ചെറിയ ക്ലാസ്സുകളിലെ വലിയ വിജയങ്ങളൊന്നും പിന്നീട് പൂർണ്ണമായി നമ്മൾക്ക് സഹായമാകുന്നില്ല എന്നു സ്ഥാപിക്കാനാണ്.അതുകൊണ്ടു പത്താം ക്ലാസ്സുകാരേ...മാക്സിമം ഫുൾ എ പ്ലസ്സിനു ശ്രമിക്കുക, ഇനി അങ്ങനെ ശരിയായില്ലെങ്കിൽ..ആകാശമൊന്നും ഇടിഞ്ഞു വീഴത്തില്ല എന്നും മനസ്സിൽ വെച്ചേക്കുക.     


അല്ലെങ്കിൽ തന്നെ പിന്നീട് ഉയർന്നുവന്നിട്ടുള്ള എല്ലാവര്ക്കും പറയാനുണ്ടാകും ഒരു തോൽവിയുടെ കഥ...തോൽപ്പിക്കപ്പെട്ട കഥ....തോൽവി ഇതുവരെ അറിയാത്തവരും ഉണ്ടാകും - ഒരു വടക്കൻ വീരഗാഥയിലെ "ട്യൂഷനുള്ള" ചന്തുവിനെപ്പോലെയുള്ളവരാണ് അവരൊക്കെ. അതുകൊണ്ടു അടിവരയിട്ടു പറയുകയാണ്...ഈ ഫുൾ എ പ്ലസ് കിട്ടുന്നതൊന്നും ഒരു സംഭവമേയല്ല. കളികാണാൻ ഇരിക്കുന്നതേയുള്ളു .ഫേസ്ബുക്കിൽ കിടന്നു വല്യ വായിൽ തള്ളിയിട്ടൊന്നും ഒരു കാര്യവുമില്ല.....നിങ്ങളെ ലൈക്കുന്നവർക്കൊന്നും  അത്രവലിയ ലൈക്കൊന്നും നിങ്ങളോടു ഉണ്ടെന്നും കരുതണ്ട. ലൈക്ക് സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ....എന്നുവെച്ചാൽ ചുമ്മാ ലൈക്ക്  മേടിക്കാൻ പിന്നേം പിന്നേം ഓരോന്നു ഇങ്ങനെ അവതരിക്കുമെന്ന്....!അത് എ പ്ലസ് ആകാം ജനിച്ചോസം ആകാം.



വാൽക്കഷ്ണം 




സത്യമായും ഈ പുള്ളിയെ എല്ലാരും ഒന്നു മൈൻഡ് ചെയ്തേക്കണേ. ആപത്തിൽപ്പെട്ട അയ്യായിരം പേരുടെ കൂടെ നിന്നിട്ടുള്ള അപൂർവം ജനുസിൽപ്പെട്ട ഒരു ഐറ്റമാണ്.  ഇല്ലെങ്കിൽ പുള്ളീടെ കയ്യിൽനിന്നും നമ്മൾ അൺഫ്രണ്ട്‌ സ്ലിപ് മേടിച്ചിരിക്കണം.


ഐറ്റം നമ്പർ ടു 
കൂടിയ ഇനമാണ്....


വാൽക്കഷ്ണം നമ്പർ 2 


അരിയും  മണ്ണെണ്ണയും മേടിക്കണം, അയിന്  ഇന്നലെ റേഷൻ കടവരെ പോയി. നീലക്കാർഡുയർത്തി നെഞ്ചുവിരിച്ചു വിരൽ നീട്ടി. കടക്കാരൻ മുരളിച്ചേട്ടൻ പറഞ്ഞു.."ഇനി കുറെ നാളെത്തേക്കിന് ആർക്കും റേഷൻ ഇല്ല" കാരണം അന്വേഷിച്ചപ്പോൾ പുള്ളി പറഞ്ഞു...."യേശുദാസിന്റെ മകൻ വിജയ് ഇനി മലയാളം പാട്ടു പാടത്തില്ലെന്നു തീരുമാനിച്ചെന്ന്"ഒഴിഞ്ഞ മണ്ണെണ്ണ പാട്ടയുമായി നമ്മൾ തിരികെ വീട്ടിലേക്ക് തൊഴിച്ചു നടന്നു.   

   

Friday, October 02, 2020

മദാമ്മ വധം ആട്ടക്കഥ - ഒരു മേജർ സെറ്റ് കഥകളി

അന്നൊരിക്കൽ നമ്മൾക്കു ഫേസ്ബുക്കിൽ 5000 സൂർത്തുക്കൾ ഉണ്ടായിരുന്നു.  ആരു റിക്വസ്റ്റ് അയച്ചാലും നമ്മൾ ഇവരെ സ്കാൻ ചെയ്തിട്ടേ കമ്മറ്റിയിലേക്ക് എടുത്തിരുന്നുള്ളു, അതാണ് പതിവ്. അങ്ങനെ വല്യ കലിപ്പില്ലാതെ ജീവിച്ചു വരവേ നമ്മൾക്കൊരു ഫ്രണ്ട് അപേക്ഷ കിട്ടി. നമ്മളതു ഫയലിൽ സ്വീകരിച്ചു. ഒരു വിദേശി കന്യാസ്ത്രീയാണ്‌.നമ്മൾ ഇവരുടെ പ്രൊഫൈൽ ചികഞ്ഞുനോക്കി. സന്തോഷം. പോരാത്തതിനു പോപ്പിന്റെ കൂടെ നിൽക്കുന്ന പടമൊക്കെയുണ്ട് അപ്പോൾ ആ ഭാഗം ക്ലിയർ. നമ്മുടെ കുറെ കക്ഷികളും മ്യുച്ചൽ ഫ്രണ്ട്സായി ഉണ്ട്.പിന്നെന്താ കുഴപ്പം. കേറിയങ്ങു അസെപ്റ്റിക്കളഞ്ഞു.സന്ധ്യയായി ഉഷസ്സുമായി ഒന്നാം ദിവസം. ദിവസങ്ങളും ആഴ്ചകളും പിന്നേം പോയിക്കൊണ്ടിരുന്നു      

വേറെ പണിയൊന്നുമില്ലാതെ മെനക്കെട്ടിരുന്നു  മെസെഞ്ചർ  നോക്കുന്ന ശീലമില്ല.  പിന്നെ വെറുതെ ഒന്നു നോക്കിയപ്പോ ദേ വരുന്നു മ്മടെ മദാമ്മ ഓൺ മെസ്സഞ്ചർ.  
Hello brother, I am Rev.Sr.Sarah Anderson from USA.  കാലിഫോർണിയയിൽ ഒരു കോളേജ്‌ അദ്ധ്യാപിക ആയി വർക്ക് ചെയ്യുന്നു എന്നാണു പരിചയപ്പെടുത്തിയത്. പ്രായമുള്ളവരെ  ബഹുമാനിക്കുന്നത് നമ്മുടെഒരു ബലഹീനത ആയതുകൊണ്ട് നമ്മൾ മെസ്സഞ്ചറിൽ തന്നെ അവർക്കു ഉത്തരം കൊടുത്തു. പ്രായത്തിന്റെ പക്വതയുള്ള നല്ല  സംസാരം, നല്ലഭാഷ. മതപരമായകാര്യങ്ങളിൽ ഇടപെടുന്നതുകൊണ്ടാകാം... ആകർഷകമായ വിനയവും സ്നേഹവും. How are you.....? മദാമ്മ വിടാൻ ഭാവമില്ല. ഞാൻപറഞ്ഞു"ഫൈൻ".......And you...? മറുപടി പറഞ്ഞിട്ട് അവരെന്നോടു പറഞ്ഞു Peace be with you.  ഓ...ഞാൻ പറഞ്ഞു. രാവിലെ തന്നെ വെറുംവയറ്റിൽ ഒരാൾ നിങ്ങൾക്കു സമാധാനംഉണ്ടായിരിക്കട്ടെ എന്നുപറഞ്ഞപ്പോൾ സമാധാനം കൊണ്ട് നമ്മൾ ദ്രിതംഗ പുളകിതനായി. 

പിന്നെ ഓരോ ദിവസവും മദാമ്മേടെ ഗുഡ്മോർണിംഗ് ഗുഡ് ആഫ്റ്റർനൂൺ ഗുഡ് നൈറ്റ് ഒക്കെ സമയാസമയങ്ങളിൽ വന്നുകൊണ്ടിരുന്നു. പോപ്പിന്റെ അടുത്ത ആളല്ലേ ഭയങ്കര ഭക്തി. ഏത് സമയവും വേദ വചനങ്ങളാണ്.  മദാമ്മ നമ്മളുടെ ഡീറ്റെയിൽസ് ഒക്കെ ചോദിച്ചു, ജോലിയും കൂലിയുമൊക്കെ നമ്മൾ പറഞ്ഞു. അങ്ങനെ അത്യാവശ്യം നമ്മളും പ്രതികരിച്ചുകൊണ്ടിരുന്നു. ഒരുദിവസം മദാമ്മ പറയുവാണ്  "ഹലോ ബ്രദർ.വിരോധമില്ലെങ്കിൽ താങ്കളുടെ വാട്സ്ആപ് നമ്പർ ഒന്നു അയച്ചുതരുമോ"...?എന്റെ ഗ്രൂപ്പിൽ താങ്കളെ ചേർക്കാനാണ്. ഒരു ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയെങ്കിലും നമ്മൾ നമ്പർ കൊടുത്തു. വേറെ ചെലവൊന്നും ഇല്ലല്ലോ യേത്....? ഗൂഗിൾ ട്രാൻസ്‌ലേഷൻ ഉണ്ടല്ലോ നമ്മുടെ ബ്ലോഗിന്റെ ഒരു ലിങ്കും ഞാൻ അയച്ചുകൊടുത്തു. എന്താണെന്നറിയില്ല ഗുഡ് എന്നൊരു കമെന്റും കിട്ടി.(എന്നാ മനസ്സിലായിട്ടാണോ ആവോ)       


വീണ്ടും മെസ്സേജുകളും ആശംസകളും തുടർന്നു കൊണ്ടിരുന്നു. മറ്റൊരുദിവസം മദാമ്മ പറയുവാ എന്റെ ഫുൾ അഡ്രസ്സ് വേണമെന്ന്. ഞാൻ മനസ്സിൽ കരുതിയ കാര്യങ്ങൾ തന്നെ സംഭവിച്ചു. ഞാൻ അഡ്രസ്സ് കൊടുത്തു. ഇത് എവിടെ വരെ പോകുമെന്ന് അറിയണമല്ലോ. അടുത്ത ദിവസം മദാമ്മ വാട്സാപ്പിൽ വന്നു. ഹലോ ബ്രദർ...നിങ്ങളോടുള്ള സ്നേഹം കൊണ്ട് ഞാൻ കുറച്ചു സമ്മാനങ്ങൾ അയക്കുന്നുണ്ട്.വിരോധമില്ലെങ്കിൽ അത് സ്വീകരിക്കണം.ഞാൻ ഞെട്ടി.അയ്യോ ഇത്രയും സ്നേഹമുള്ള മദാമ്മയോ.....? വീണ്ടും വേദ വചനങ്ങളും ആശംസകളും,പ്രാർത്ഥനകളും.       

പിറ്റേ ദിവസം മെസ്സേജ് വന്നു.എനിക്ക് അയച്ചിരിക്കുന്ന സമ്മാനങ്ങളുടെ നീണ്ടൊരു ലിസ്റ്റാണ്. ഓരോന്നായി പറയാം.

ബൈബിൾ 

ആപ്പിൾ ഐഫോൺ 

ആപ്പിൾ ലാപ്ടോപ്പ് 

വാച്ചുകൾ

സ്വർണ്ണ ആഭരണങ്ങൾ

പെർഫ്യൂം

അനുഗ്രഹ തൈലം(from jerusalem)     



അതു മാത്രമോ   50,00000 US ഡോളറും അയച്ചിട്ടുണ്ട്. അതായത് ഇന്നത്തെ റേറ്റ് അനുസരിച്ചു 36 കോടി 77 ലക്ഷം രൂഫാ .... !!ഹെന്റെ ഹമ്മച്ചിയേ......  പിന്നൊരു കാര്യംകൂടി മദാമ്മ  പറഞ്ഞു. ഈ അയച്ച ചില്ലറ മുയുമനും എനിക്ക്മിണുങ്ങാനുള്ളതല്ല. അതിൽ ഒരു 20 ശതമാനം, അതായത്   7കോടി  35 ലക്ഷം രൂപാ ഏതെങ്കിലും ഓർഫനേജിന് കൊടുക്കണം. ബാക്കി വരുന്ന വെറും 29 കോടി 42 ലക്ഷം രൂഫാ മാത്രമേ  എനിക്ക് എടുക്കാൻ പറ്റുകയുള്ളു.

കുറച്ചു കഴിഞ്ഞു വീണ്ടും മറ്റൊരു മെസ്സേജ്. സഹോദരനോടുള്ള സ്‌നേഹംകൊണ്ടു ഞാൻ തികച്ചും സൗജന്യമായാണ് ഈ സമ്മാനങ്ങൾ അയച്ചിരിക്കുന്നത്. എല്ലാ ഡെലിവറി ഫീസുകളും CEC INTERNATIONAL  EXPRESS COURIER COMPANY  യിലേക്ക് ഞാൻ മുൻ‌കൂർ കൊടുത്തിട്ടുണ്ട്. സാധനം ഇന്ത്യയിൽ എത്തിയാലുടൻ ഡെലിവറി ബോയ് നിങ്ങളെ വിളിക്കുന്നതായിരിക്കും. ഒരുമാതിരി പ്രത്യേക സ്നേഹമാണല്ലോ ഈ മദാമ്മക്കു..? ഞാൻ വീണ്ടും നന്ദിയും ഓക്കെയുമൊക്കെ കൊടുത്തു. നല്ലൊരു ഇര കൊത്തിയിട്ടുണ്ടെന്നു മദാമ്മയും, ഇവർക്കിട്ടു ഒരു പണി കൊടുക്കണമെന്നു  ഞാനും കണക്കുകൂട്ടി. മദാമ്മ ഗുഡ് നൈറ്റ് പറഞ്ഞു.

സന്ധ്യയായി ഉഷസ്സുമായി, മദാമ്മ ഓൺലൈനിൽ വന്നു. പിന്നല്ല ഞാനും ചെന്നു. ഇന്നു  ഡെലിവറി ബോയ് നിങ്ങളെ വിളിക്കും. ഓ....  ഞാൻ സമ്മതം മൂളി. കുറച്ചു നേരത്തിനു ശേഷം വണ്ടിയുമായി പുറത്തേക്കു ഇറങ്ങിയപ്പോൾ ഒരു ഫോൺ. ഒരു സ്ത്രീയാണ് വിളിക്കുന്നത്. ഇതു മിസ്റ്റർ ജെനോഷ് കെ ജോൺ അല്ലേ....? അതേല്ലോ..നമ്മൾ മൊഴിഞ്ഞു. അവർ ഹിന്ദിയിലാണ് സംസാരിക്കുന്നത്. ഇംഗ്ളീഷിൽ സംസാരിക്കാമോ....? ഞാൻ ചോദിച്ചു. പിന്നെ ഇംഗ്ളീഷിലായി സംസാരം.ഹിന്ദി കലർന്ന ഇംഗ്ലീഷ്...കസ്റ്റംസിന്റെ ഡൽഹി ഓഫീസിൽനിന്നാണ് ഞാൻ വിളിക്കുന്നത്. നിങ്ങൾക്കു ഒരു പാർസൽ വന്നിട്ടുണ്ട്. അതിന്റെ കസ്റ്റംസ് ക്ലിയറൻസിനായി ഒരു 29500 രൂപ നിങ്ങൾ അടക്കണമല്ലോ സർ.... മേഡം ഇപ്പോൾ ഞാൻ തിരക്കിലാണ് ഫ്രീ ആകുമ്പോൾ തിരിച്ചുവിളിച്ചോളാം എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു. നമ്മൾ വലിയ തിരക്കുള്ള പുള്ളിയാണ് എന്നവർക്കു തോന്നണം അയിനാണ്. ഇങ്ങനെ ഒരു കോൾ വരുമെന്നും പിന്നെ കാര്യങ്ങൾ എങ്ങനെ നീക്കണമെന്നും ഞാനും തീരുമാനിച്ചിരുന്നു. മദാമ്മ ചവിട്ടിയത് വിഷമുള്ളതിന്റെ പുറത്തു തന്നെ ആയിരുന്നു.   

ഞാനുടനെ  മദാമ്മക്ക് മെസ്സേജ് ചെയ്തു. 29500 ആവശ്യപ്പെട്ടു ഒരാൾ എന്നെ വിളിച്ചെന്നും. ഡെലിവറി ഫീ എല്ലാം നിങ്ങൾ മുൻ‌കൂർ കൊടുത്തിട്ടുണ്ടല്ലോ..? പിന്നെ ഈ ഫീസ് എന്തിനാണെന്നും ചോദിച്ചു. മദാമ്മ പതിയെ ഉടായിപ്പു തുടങ്ങി. "ബ്രദർ  എന്നെ ഇന്ത്യയിൽനിന്നും ഒരു കസ്റ്റംസ് ഒഫീഷ്യൽ ഇപ്പോൾ വിളിച്ചിരുന്നു. അവർ പറഞ്ഞത് ഡെലിവറി ഫീസ് അല്ല കസ്റ്റംസ് ക്ലിയറൻസ് ഫീസ് ആണ്...." അങ്ങനെയൊരു ഫീസ് ഉണ്ടാകുമെന്നു നിങ്ങൾക്കു അറിയില്ലായിരുന്നോ...? ഞാൻ വിട്ടില്ല.  അതിവിദഗ്‌ദ്ധമായി അവർ ആ ചോദ്യത്തിൽനിന്നും ഒഴിഞ്ഞുമാറി. ഒരു മിനിറ്റു കഴിഞ്ഞില്ല, വീണ്ടും "ഡൽഹി കസ്റ്റംസി"ന്റെ വിളിവന്നു. ഇപ്പോൾ സംസാരിക്കുന്നത് വേറൊരു സ്ത്രീയാണെന്ന് മനസ്സിലായി. സംസാരത്തിനു പക്കാ വിദേശി സ്റ്റൈൽ (എനിക്ക് സംശയം ഉണ്ടാകാൻ പാടില്ലല്ലോ). ഫീസ് അടക്കാൻ താല്പര്യമാണോ....അവരുടെ ചോദ്യം..അതെ.... നമ്മൾ ഉത്തരം പാസ്സാക്കി....എങ്കിൽ ഞാൻ അക്കൗണ്ട് ഡീറ്റെയിൽസ് അയച്ചുതരാം.ഫോൺ കട്ടായി.

ട്രൂ കോളറിൽനിന്നും ഈ "കസ്റ്റംസി" ന്റെ ഒറിജിനൽ പേര് എന്താണെന്നും, ഫേസ്ബുക്കിലെ മദാമ്മ ഒറിജിനൽ മദാമ്മ അല്ലെന്നും ഒരു ഇറ്റാലിയൻ കന്യാസ്ത്രീയുടെ പടം പ്രൊഫൈൽ പിക്ചർ ആക്കി ഏതോ പിതാവില്ലാത്ത മോന്റെ മോൻ ഉണ്ടാക്കിയ ഫേക്ക് ഐഡി ആണെന്നും, അമേരിക്കയിൽ നിന്നും വരുന്ന  ഒരു പാർസലിന്റെ കസ്റ്റംസ് ഫീസ് എത്രയാണെന്നും ,അത് എവിടെ എങ്ങനെയാണു അടക്കേണ്ടതെന്നും   ഇതിനോടകം  ഞാൻ മനസ്സിലാക്കിയിരുന്നു. നമ്മുടെ കസ്റ്റംസിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റ് ഗൂഗിളിൽ ലഭ്യമാണല്ലോ 

പറഞ്ഞതുപോലെ ഡൽഹിയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിലെ ഒരു അക്കൗണ്ട് നമ്പറും പേരും എനിക്ക് സന്ദേശമായെത്തി.ഞാൻ ഇവരോട് ചോദിച്ചു കസ്റ്റംസ് ഫീസ് അടക്കുന്നത് പേർസണൽ അക്കൗണ്ടിലാണോ....? അതോ ഡിപ്പാർട്മെന്റിന്റെ അക്കൗണ്ടിലാണോ? അതിനു ഉത്തരമില്ല. ഇതിനിടയിൽ മദാമ്മേടെ സന്ദേശം വേറെ, എത്രയും വേഗം തന്നെ കസ്റ്റംസ് ക്ലിയറൻസ് ഫീസ് അടച്ചിട്ടു ആ ബാങ്ക് സ്ലിപ് അയച്ചുകൊടുക്കണമെന്നായി അവർ. ചുമ്മാതിരുന്ന എനിക്കു പൈസാ അയച്ചുതരാൻ ഇനി ഇവർ എന്റെ അമ്മാവന്റെ അമ്മായിയെങ്ങാനും ആണോ...? ശ്ശെടാ ഇനി ശരിക്കുമുള്ള ഈ ഞാൻ അമേരിക്കയിൽ എങ്ങാനുമാണോ ജനിച്ചത്. ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.  

ഇതിനിടയിൽ ഞാൻ മദാമ്മക്ക് ഒരു കൊളുത്തിട്ടുകൊടുത്തു. മാഡം...നിങ്ങൾ എനിക്കയച്ച സമ്മാനങ്ങൾ ഒന്നും തിരിച്ചെടുക്കരുത്. എനിക്കത് വേണം ഞാനതിങ് എടുക്കുവാ.....എന്ന മാതിരി. മദാമ്മ അതിൽ വീണു. അവർ കിടന്നു കേഴാൻ തുടങ്ങി. എന്നെ നിങ്ങൾക്കു വിശ്വസിക്കാം... ബ്രദർ ഞാനാണു നിങ്ങള്ക്ക് പാർസൽ അയച്ചിരിക്കുന്നത്. 29500 രൂപ അടച്ചു നിങ്ങൾ അതു മേടിക്കണം. (കോടിക്കണക്കിനു രൂപയും  പ്ലസ് ലക്ഷങ്ങളുടെ ഗിഫ്റ്റ് ഐറ്റംസും എനിക്ക് അയച്ചവർക്കു 29500 രൂപാ കസ്റ്റംസ് ഫീസ് ചേർത്തു കൊടുക്കാൻ ഇല്ലത്രേ ) ചോദിക്കുന്നതിന്റെ മറുപടിയല്ല ഇവർ പറയുന്നത്. എന്റെ ചോദ്യം വീണ്ടും ഞാൻ ആവർത്തിച്ചു എന്നിട്ടു പറഞ്ഞു നിങ്ങൾ  കസ്റ്റംസ് അധികൃതരോട് പറയുക, ഡിപ്പാർട്മെന്റൽ അക്കൗണ്ട് ഡീറ്റെയിൽസ് തരാൻ....എന്നിട്ടു ഞാൻ ഫീസ് അടച്ചോളാം..!                                                         

ശുഭം 

സിൽമാ നടൻ മോഹൻലാൽ ലൂസിഫറിൽ പറഞ്ഞ ആ വിശ്വ വിഖ്യാതമായ ഡയലോഗ് പറയുന്നതിനു മുമ്പേ " മദാമ്മ" ഫേസ്ബുക്കിൽ നിന്നും എന്നെ അൺഫ്രണ്ട് ചെയ്തു വാട്സാപ്പിൽനിന്നും  ബ്ലോക്കും ചെയ്തു.

ഇത്രയും വലിച്ചു  നീട്ടി  പറഞ്ഞതിന്റെ കാരണം, ഇങ്ങനെ വരുന്ന ഉഡായിപ്പുകൾ പഠിച്ച തട്ടിപ്പുകാരായിരിക്കും.ഇവരോട് വേണ്ട വിധത്തിൽ പെരുമാറിയാൽ വിട്ടുപൊക്കോളും.നിഷ്കു അയാൾ കയ്യിലെ ചില്ലറ വേറെ പിള്ളേര് കൊണ്ടുപോകും.  സാറാ ആൻഡേഴ്സൺ - ഫേസ്ബുക്കിൽ സെർച്ച് ചെയ്താൽ ഇവരുടെ അക്കൗണ്ട് ഇപ്പോഴും കാണാം. ഒരുതവണ പരിപാടി പാളിയാൽ പിന്നീട് ആ വഴി വരില്ല. എന്റെ ഇപ്പോളത്തെ സംശയം നമ്മുടെ കുറെ സൂർത്തുക്കൾ നിലവിൽ ഇവരുടെ ലിസ്റ്റിലുണ്ട്. അവർക്കിട്ടും പണി കിട്ടിയോ .......?

ഒരു കാര്യം ഇതിനിടക്ക് കേറി പറയുവാണ്.പണ്ടൊരിക്കൽ ഫേസ്ബുക്കിൽ, ഒരു ഹോളിവുഡ് നടൻ മില്യൺ ഡോളറുകൾ കൊടുക്കുന്ന ഒരു ഫെയ്ക് പോസ്റ്റ് ഉണ്ടായിരുന്നു. പുള്ളീടെ പോസ്റ്റിനു താഴെ ആമേൻ എന്നു ടൈപ്പ് ചെയ്യണം പോലും. കുറെ വേൾഡ് ഉണ്ണാക്കൻമ്മാർ കേറി ആമേൻ എഴുതി. വേറെ കുറെ മര വാഴകൾ  എഴുതിയത് ഇങ്ങനെയാണ്."AMEN  - FOR MY MINISTRY" അച്ചോടാ...കൈനനയാതെ ചില്ലറ കിട്ടുമെന്നു വിചാരിച്ചു പുള്ളീടെ മിനിസ്ട്രി യെ കൂട്ടു പിടിച്ചിരിക്കുവാണ്. ച്ചാൽ ആ പൈസാ വെച്ചു ഞാൻ "ഫയങ്കര" മിനിസ്ട്രി ചെയ്യുമെന്ന്. അങ്ങനെയും ഉണ്ടു കുറെ പൊന്നുമക്കൾ.

സുമാർ ഒരു വർഷം മുമ്പു, ഇങ്ങനെയുള്ള ഉഡായിപ്പുകളെ തെരഞ്ഞുപിടിച്ചു നമ്മളൊരു ബ്ലോഗ് ചെയ്തിരുന്നു. ആ ബ്ലോഗ് വായിച്ചാൽ കാര്യം മനസ്സിലാകും  (മലയാളികളെ പറ്റിക്കാൻ എന്തെളുപ്പം......)സോഷ്യൽ മീഡിയ ഉള്ളിടത്തോളം കാലം ഇനിയും വരും ഇതുപോലെ പല മദാമ്മമാരും സായിപ്പൻമ്മാരും. അതിനെല്ലാം കേറി തലവെച്ചു പൈസാ കളയാൻ മണകുണാഞ്ചൻമ്മാരുടെയും കുണാഞ്ചിമാരുടെയും  ജീവിതം ഇനിയും ബാക്കി.

Link for my previous blog


FOLLOW ME ON....

https://www.instagram.com/janoshkjohn/


വാൽക്കഷ്ണം

മ്മടെ ഒരു സിൽമാ നടന്  സ്റ്റണ്ട് നടത്തുന്നതിനിടയിൽ പരിക്കുപറ്റി. ഇയാൾ ഒരാഴ്ച ആശുപത്രിയിൽ കിടന്നു. ഇങ്ങനെ നേരിട്ട് ഒരിടി  കിട്ടിയിരുന്നെങ്കിൽ നമ്മുടെ എത്രയോ സിൽമക്കാരുടെ ആണ്ടുബലി കഴിഞ്ഞേനേം...    







Wednesday, September 16, 2020

നമ്മുടെ മാവും പൂക്കും സജിയേ.....ബ്ലീസ്‌ വെയിറ്റ്...

ബ്ലോഗ് എഴുതണമെന്നുള്ള മോഹവുമായി ചെന്നു കയറിയത് ഗൂഗിളുകാരുടെ മടയിൽ. ആവശ്യം അറിയിച്ചപ്പോൾ പുതിയ അക്കൗണ്ട് ഉണ്ടാക്കിക്കൊണ്ടു വരാൻ  പറഞ്ഞു. നമ്മളാരു മോനാ....? നേരത്തെ ഒരെണ്ണം ഉണ്ടെന്നൊക്കെ പറഞ്ഞു നോക്കി. മടക്കാരുണ്ടോ വിടുന്നു...?  അങ്ങനെ പഴയ അക്കൗണ്ടിൽ കുറച്ചു പച്ച മണ്ണും വാരിയിട്ടിട്ടു നമ്മൾ യാത്ര തുടങ്ങി. ഇന്നും നിലക്കാത്ത യാത്ര. 






 ദദായത് 2019 ഏപ്രിൽ ഒന്നാം തീയതി കിഴക്കു വെള്ള  വലിച്ചു  കീറി തിങ്കളാഴ്ച പൊട്ടിവിടർന്നപ്പോളാണ് നമ്മൾ  പുതിയൊരു ബ്ലോഗുമായി ചാടിയത്. അങ്ങനെ ഒരു വർഷവും അഞ്ചു മാസവുമായി. എഴുതാനറിയാം, എന്നാൽ ബ്ലോഗ് എഴുത്തിനെക്കുറിച്ചു നമ്മൾക്കൊരു തേങ്ങയും അറിയില്ലായിരുന്നു. പക്ഷേ എഴുതിയതെല്ലാം അപ്പനപ്പൂപ്പൻമ്മാരുടെ നേരുംകൊണ്ടു എങ്ങനെയോ ക്ലിക്കായി....!!  ഹോ....നമ്മളെ സമ്മതിക്കണം....  നമ്മൾക്കു നമ്മളോടു തന്നെ ബഹുമാനം കലശലായിട്ടു ഉണ്ടാകുകയാൽ ഒരു അഞ്ചു മിനിറ്റ് നോം  എഴുന്നേറ്റുനിന്നു....പിന്നല്ല...! ഇപ്പോൾ നമ്മുടെ ബ്ലോഗിനു 20000 നു മുകളിൽ വായനക്കാരുണ്ട്. ബ്ലോഗ് വായിച്ചവരും ഫോളോ  ചെയ്തവരും, അയച്ചു കൊടുത്ത ബ്ലോഗിന്റെ ലിങ്കിൽ ഒരു പ്രാവശ്യം പോലും ഞെക്കാത്ത നിഷ്ക്കളങ്കരും..... എല്ലാം പല പ്പോഴായി ചോദിച്ച ചില ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മര്യാദയുടെ ഭാഷയിൽ മറുപടി പറയുന്ന പരിപാടിയാണ് അടുത്തതായി സ്റ്റേജിൽ  നടക്കാൻ പോകുന്നത്. പരിപാടി കഴിഞ്ഞു എല്ലാവരും കാപ്പി കുടിച്ചിട്ടേ പോകാവൂ...!

എന്താണു സർ ഈ ബ്ലോഗെന്നും ബ്ലോഗ് എഴുത്തെന്നും പറയുന്നത്?


വെബ്
എന്നും ലോഗ് എന്നുമുള്ള രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണ് ബ്ലോഗ് എന്ന വാക്ക് (web + log = blog ). ഇന്റർനെറ്റിലെ ചെറു കുറിപ്പുകളാണ് ബ്ലോഗുകൾ. നമ്മുടെ എഴുത്തുകൾ സെൻസർ കത്രിക തൊടാതെ പബ്ലിഷ് ചെയ്യാനൊരിടം. പൈറാ ലാബ്സ് എന്ന സ്ഥാപനം 1999 ഇൽ ബ്ലോഗർ പുറത്തിറക്കി. 2003 ഇൽ ഗൂഗിൾ അത് ഏറ്റെടുത്തു. പിന്നീടാണ് ബ്ലോഗർ ജനകീയമായത്. ബ്ലോഗർ ഡോട്ട് കോമിൽ രജിസ്റ്റർ ചെയ്താൽ ആർക്കും ബ്ലോഗുകൾ എഴുതാം. ഏറ്റവും അധികം സന്ദർശകരുള്ള വെബ്സൈറ്റുകളിൽ ഒന്നാണ് ബ്ലോഗർ ഡോട്ട് കോം. വിശാലമായി അറിയണമെങ്കിൽ വിക്കി പീഡിയയുടെ നൂൽ ഇവിടെ ഇടുന്നു.PRESS HERE

ദിവസവും മൊബൈലിൽ അയക്കുന്നതാണോ ഈ ബ്ലോഗ് 

അല്ല. മൊബൈലിൽ എന്നും അയക്കുന്നത് ഓരോ പുതിയ ചിന്തകളാണ്. നമ്മുടെ ബ്ലോഗിന്റെ ടൈറ്റിൽ ഹെഡിൽ അത് അയക്കുന്നു എന്നുമാത്രം. എന്നാൽ ഇപ്പോഴും ചിലർക്കത് മനസ്സിലായിട്ടില്ല. അവർ  പറയാറുണ്ട് "ഓരോ ദിവസത്തെയും ബ്ലോഗുകൾ ഞങ്ങൾ വായിക്കുന്നുണ്ടെന്നു"....! നല്ല കാര്യം. ഡെയിലി മെസ്സേജ് ഇപ്പോൾ 438 ദിവസങ്ങളായി അയക്കുന്നു, എന്നാൽ ബ്ലോഗ് ഇരുപത് എണ്ണം തികഞ്ഞതേയുള്ളു . ബ്ലോഗ് ആണെങ്കിലും മെസ്സേജ് ആണെങ്കിലും വായിക്കുന്നുണ്ടല്ലോ....!നമ്മൾക്കത് കേട്ടാൽ മതിയെന്നേ...!!

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

എന്റെ പ്രിയ സഹോദരൻ ജെനോഷ് പുതിയൊരു ബ്ലോഗ് തുടങ്ങുന്നു എന്നു പറഞ്ഞപ്പോൾ ഞാൻ ഒന്നു സംശയിച്ചു. മറ്റൊന്നുമല്ല , ഇദ്ദേഹം നല്ലൊരു കീബോർഡ് പ്ലേയർ ആണു. ഇദ്ദേഹം ബ്ലോഗ് എഴുതിയാൽ ശരിയാകുമോ..?എന്നാൽ എന്റെ സംശയം അസ്ഥാനത്തായിരുന്നു. ഒന്നാമത്തെ ബ്ലോഗ് വായിച്ചപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി,

നമ്മുടെ മാവും പൂക്കും സജിയേ.....ബ്ലീസ്‌ വെയിറ്റ്...

കീബോർഡ് പോലെ എഴുത്തും ഇദ്ദേഹത്തിനു വഴങ്ങുമെന്ന്. നന്നായി അവലോകനം ചെയ്തിട്ടാണ് ഓരോ ബ്ലോഗും പുറത്തുവരുന്നത്. ഏത് മനുഷ്യനെയും പിടിച്ചിരുത്തുന്ന സമ്പുഷ്ടമായൊരു ഭാഷാ ശൈലിയുടെ ഉടമയാണ് എന്റെ സ്നേഹിതൻ. ഇങ്ങനെയൊരു സുഹൃത്തിനെ ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. 20000 നു മുകളിൽ വായനക്കാരുള്ള ഒരു ബ്ലോഗായി ഇതുമാറിയതിൽ ഞാനും സന്തോഷിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.

ക്ളീറ്റസ്സ് ഫിലിപ്പ്(കോട്ടയം)

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

ഇതാണു നമ്മൾ പറഞ്ഞ സായിപ്പ് ചേട്ടൻ....



എന്നാ  ക്ണാപ്പ് അറിഞ്ഞിട്ടാണ് നിങ്ങൾ ബ്ലോഗ് എഴുത്തു തുടങ്ങിയത്...                      

പിന്നേ......എല്ലാം  പഠിച്ചിട്ടാണോ എല്ലാവരും പണിക്കിറങ്ങുന്നത്....? കൂകി കൂകി യേശുദാസ് ആകണം എന്നു പറയുന്നതുപോലെ   ബ്ലോഗ് ചെയ്തു ചെയ്തു പഠിക്കുകയാണ്. ഓർക്കണം, ഒത്തിരി' മൈക്കാട് പണി ചെയ്താണ് ശശി ഒരു മികച്ച മേസ്തിരിയായി ഉയർത്തപ്പെട്ടത്.  ഇനി നമ്മുടെ പ്രവൃത്തി പരിചയം എന്താണെന്നു വെച്ചാൽ,  13 വയസുള്ളപ്പോൾ നമ്മൾ എഴുതി തുടങ്ങിയതാണ്. പിന്നെ ചെറുപ്പത്തിൽ ഒരു കയ്യെഴുത്തു മാസിക തുടങ്ങിയിട്ടുണ്ട്. പേര് ഇൻസൈറ്റ്, നമ്മടെ ഒരു ക്ലബ്ബിന്റെ പേരിൽ അടിച്ചിറക്കിയതാണ്. ഒരു ക്രിസ്ത്യൻ പത്രത്തിന്റെ സബ് എഡിറ്റർ പണി ചെയ്തിട്ടുണ്ട്. എഴുത്തു മത്സരങ്ങളിൽ തുടർച്ചയായി സംസ്ഥാന വിജയി ആയിട്ടുണ്ട്. ഫീച്ചർ  ഇന്റർവ്യൂ എന്നിവയൊക്കെ തയാറാക്കിയിട്ടുണ്ട്. ജേർണലിസത്തിന്റെ അടിസ്ഥാന വിവരങ്ങളും മനസ്സിലാക്കിയെടുത്തു (ചുണ്ടുക്കുറുക്കനോടാ കളി ). അങ്ങനെ ചെറിയൊരു ധൈര്യത്തിലാണ് ബ്ലോഗിലേക്ക് എടുത്തു ചാടിയത്. ബ്ലോഗ് എഴുത്തു പുതിയൊരു ലോകമാണ്. ഓരോ ബ്ലോഗും പുതിയ പരീക്ഷണവും പ്രയോഗവുമായിരുന്നു. സത്യത്തിൽ ബ്ലോഗ് എഴുതി എഴുതിയാണ് പഠിച്ചത്. ആളുകൾ എങ്ങനെ പ്രതികരിക്കും എന്നൊരു ആശങ്ക ഉണ്ടായിരുന്നത് മാറി. കഴിയുന്നതും തുറന്നു എഴുതാൻ തുടങ്ങി.

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

പ്രിയപ്പെട്ട ജെനോഷിന്റെ ബ്ലോഗുകൾ വായിച്ചു. ലളിതമായ ഭാഷ. നല്ല അവതരണം. ചിന്തിക്കാനും ചിരിക്കാനും ഒത്തിരിയുണ്ട്.

നമ്മുടെ മാവും പൂക്കും സജിയേ.....ബ്ലീസ്‌ വെയിറ്റ്...
"കണ്ടം വിറ്റു കാളയെ വാങ്ങരുത്" "പാവപ്പെട്ടവന്റെ കുളു മണാലി" എന്നീ ബ്ലോഗുകൾ എനിക്കു ഒരുപാടു ഇഷ്ടമായി. പഴയ കാലത്തിലേക്ക് ഞാൻ അറിയാതെ ഇറങ്ങിപ്പോയി. പണ്ടത്തെ നമ്മുടെ ജീവിതരീതിയും ഇപ്പോളത്തെ ജീവിതവും ഓർത്തുനോക്കി. കൊല്ലം ചെങ്കോട്ട റൂട്ടും തമിഴ്നാട് യാത്രയുമൊക്കെ എന്റെ  ബാല്യ പ്രായം മുതൽ പരിചിതമാണ്. ഇത് വായിച്ചു കഴിഞ്ഞപ്പോൾ വീണ്ടും ആ വഴിയേ ഒന്നുകൂടി   യാത്ര ചെയ്തതുപോലെ തോന്നി. 20000 നു മുകളിൽ  വായനക്കാരെ ലഭിച്ചതിൽ വളരെ സന്തോഷിക്കുന്നു. ബ്ലോഗിനു എല്ലാവിധ അഭിനന്ദനങ്ങളും...
ഫ്രാൻസിസ് കുളത്തൂപ്പുഴ 

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

 ഒന്നൊന്നര  ഭാഷയാണല്ലോ...?  

അതെ....ആ ശൈലിയാണ് എന്നെ രക്ഷപെടുത്തിയതും. പ്രാസം കലർത്തിയും കടിച്ചാൽ പല്ലുപോകുന്ന സാഹിത്യ ഭാഷയിലും എഴുതാൻ അറിയാഞ്ഞിട്ടല്ല. നിർബന്ധിക്കരുത് ബ്ലീസ്....‌  സാധാരണക്കാരൻ എന്നും ഇഷ്ടപ്പെടുന്നത് അവന്റെ ഭാഷയാണ്, ശൈലിയാണ്...അതാണ് നമ്മൾ പിന്തുടരുന്നതും. നാസയിൽ റോക്കറ്റു വിട്ട കാര്യം പറയുന്നതിലും നല്ലത് നാരായണൻ തട്ടുകട തുടങ്ങിയ കാര്യം പറയുന്നതല്ലേ . ഞാൻ എന്റേതായ ഒരു ശൈലി രൂപപ്പെടുത്തി വെച്ചിട്ടുണ്ട്. എന്നുവെച്ചാൽ റോഡ് വെട്ടി യതിനു ശേഷമാണ് നമ്മൾ വണ്ടിയും കൊണ്ട് ഇറങ്ങിയത്....യേത്.....?  

നമ്മുടെ മാവും പൂക്കും സജിയേ.....ബ്ലീസ്‌ വെയിറ്റ്...




 



               








ചേട്ടൻ മൈസൂരിന് ടൂർ പോയതിൽ  വിഷമിച്ചിരുന്നപ്പോളാണ് എനിക്കു വേറൊരു യാത്രക്ക് ചാൻസ് കിട്ടിയത്. കോട്ടയത്തുനിന്നും കാഞ്ഞിരം വഴി കിഴക്കിന്റെ വെനീസിലേക്ക് എന്ന ബ്ലോഗ് എഴുതാൻ ഇവർ എന്നെയും കൂട്ടി. ആദ്യമായാണ് ഇത്രയും സമയമെടുത്തുള്ള ഒരു ബോട്ട് യാത്ര ചെയ്യുന്നത്. നല്ല കാഴ്ചകളൊക്കെ കാണാൻ പറ്റി. ആലപ്പുഴ ബീച്ചിലും പോയി

വെയില് കാരണം കടലിൽ ഇറങ്ങാൻ പറ്റിയില്ല. ആദ്യത്തെ അനുഭവമായിരുന്നു. ആ യാത്രയുടെ ബ്ലോഗ് വായിച്ചപ്പോൾ വീണ്ടും ആലപ്പുഴയ്ക്ക് പോയതുപോലെ തോന്നി. മൊബൈലിൽ ഗെയിം കളിക്കുന്ന സമയത്തിന്റെ ഇടയ്ക്കു ഈ ബ്ലോഗും ഞാൻ വായിക്കുന്നുണ്ട്. നല്ല ബ്ലോഗാണ് എല്ലാവരും ഇത് വായിക്കണം.

കിച്ചു 



✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

എങ്ങനെയാണു ബ്ലോഗ് മെച്ചപ്പെടുത്തിയത്...

നമ്മൾ തുടക്കക്കാരനാണ്. ആദ്യം കുറെ വീഡിയോകൾ  കണ്ടു. നല്ല ബ്ലോഗുകൾ തിരഞ്ഞു പിടിച്ചു വായിച്ചു. ബ്ലോഗ് എഴുത്തിൽ പുലിയായ ഒരു സായിപ്പു ചേട്ടനെ പരിചയപ്പെട്ടു. ഒരു ജാടയും കാണിക്കാതെ പുള്ളി കാര്യങ്ങൾ പറഞ്ഞുതന്നു. സംശയങ്ങൾ തീർത്തുതന്നു. ഇപ്പോഴും പുള്ളി ഇമെയിൽ ഒക്കെ അയക്കും.ഈ ബ്ലോഗ് എഴുതുന്ന സമയത്തും അതിയാന്റെ മെയിൽ ഒരെണ്ണം വന്നായിരുന്നു. അങ്ങനെ നമ്മൾ ആദ്യമേ തന്നെ പുളിങ്കൊമ്പിലാണ് പിടിച്ചത്. നമ്മുടെ ഒരു നാട്ടുകാരനോടാണ്  സംശയം ചോദിച്ചതെങ്കിൽ പിന്നെ മച്ചാൻ, ഷേക്സ്പിയറിന്റെ അളിയനും കുമാരനാശാന്റെ കുഞ്ഞമ്മേടെ മോനും സന്തോഷ് കുളങ്ങരയുടെ അമ്മാച്ചനും പൊറ്റക്കാടിന്റെ മരുമകനുമായി  മാറിയേനെ...!???പിന്നെ ബ്ലോഗെഴുത്തിൽ നമ്മളൊന്നും ഒന്നുമല്ല.വലിയ ആളുകളുടെയൊക്കെ മാരക ബ്ലോഗുകളുണ്ട്. നമ്മുടേതൊക്കെ പാവപ്പെട്ടവന്റെ കൊതുമ്പ്‌ വള്ളം കളിയാണ്.യമഹാ എൻജിൻ വെച്ച വേറെ വള്ളം കളിയുണ്ട്. മേജർ സെറ്റ് കഥകളികൾ...അതിലൊന്നാണ് നമ്മുടെ സ്വന്തം സിൽമാ നടൻ മോഹൻലാലിൻറെ ബ്ലോഗുകൾ........




പ്രിയ കൂട്ടുകാരനും സഹോദരനുമായ ജെനോഷിന്റെ ബ്ലോഗ് വളരെ നന്നായിട്ടുണ്ട്. സൂപ്പർ....!

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചും അതിന്റ സുതാര്യത എത്രമാത്രമെന്നും പലർക്കും ഒന്നുമറിയില്ല. അതിൽനിന്നും മുഖ്യമന്ത്രി മോഷ്ടിക്കും എന്നുവരെ പറഞ്ഞു നടക്കുന്നവരുണ്ട്. ആരെങ്കിലും അറിവില്ലായ്മകൊണ്ടു എന്തെങ്കിലും പറയുന്നത് ഏറ്റുപാടുകയാണ് പലരും.! എന്തായാലും ബ്ലോഗിലെ ജെനോഷിന്റെ കുറിപ്പുകൾ നന്നായി. ആശംസകൾ.

ഷൈജു ഐസക്ക് (കോട്ടയം)



✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

എന്തൊക്കെയാണ് ഒരു ബ്ലോഗിന്റെ പിന്നണി പ്രവർത്തനങ്ങൾ...?

എന്തെങ്കിലും ഒരു ത്രെഡ് കിട്ടും. പിന്നെ അതിനെക്കുറിച്ചു ചിന്തിക്കും. കിട്ടാവുന്ന കാര്യങ്ങൾ സംഘടിപ്പിക്കും. പത്രം ഇന്റർനെറ്റ് എല്ലാം പരതും. ബന്ധമുള്ള പടങ്ങൾ ശേഖരിക്കും. മനസ്സിൽ ഒരു ഫുൾ ബ്ലോഗ് ആയിക്കഴിഞ്ഞാൽ പിന്നീട് അതെല്ലാം പേപ്പറിൽ പകർത്തും...തിരുത്തും കൂട്ടിച്ചേർക്കും....അവസാനമാണ് ടൈപ്പിംഗ്. പിന്നെ പ്രൂഫ് റീഡിങ്. ഏറ്റവും അവസാനം ഭാര്യ സുനുവിന്റെ എഡിറ്റിംഗും  വെറുപ്പിക്കൽസും .... അതു ലാത്തിചാർജിനിന്റെ വക്കത്തു വരെ ചെല്ലാറുണ്ട്..... പിന്നെയും കുറെ തിരുത്തലും അവിടുത്തെ വക കൂട്ടിച്ചേർക്കലുകളും. അങ്ങനെയാണ് ഒരു ബ്ലോഗ് പബ്ലിഷ് ആകുന്നത്. എന്തെങ്കിലും എഴുതിവിടുന്നതല്ല, ചെയ്യുന്നത് നൂറു ശതമാനവും ആത്മാർത്ഥമായും സത്യസന്ധവുമാണ്.കാരണം നിങ്ങളെപ്പോലുള്ള വിവരമുള്ളവരൊക്കെ ഇതു വായിക്കുന്നതല്ലേ..!


എന്റെ പേര് അലൻ. ജെനോഷ് ദ ബ്ലോഗറിന്റെ സ്ഥിരം വായനക്കാരനാണ്. "കണ്ടം വിറ്റു കാളയെ വാങ്ങരുത്" എന്ന പേരിൽ കൃഷിയെക്കുറിച്ചുള്ള ബ്ലോഗ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. (https://janosh1980.blogspot.com/2020/07/blog-post.html)

എന്തൊക്കെ,എങ്ങനെ കൃഷി ചെയ്യാമെന്നു അതിൽ വിശദമായി പറയുന്നുണ്ട്. വിത്തുകൾ ശേഖരിച്ചതും പറഞ്ഞിട്ടുണ്ട്.തനതായൊരു കൃഷി രീതിയാണ് ഈ ബ്ലോഗിൽ പറഞ്ഞിരിക്കുന്നത്. പുതിയ തലമുറയ്ക്ക് സൂപ്പർ മാർക്കറ്റുകളിൽനിന്നും കടകളിൽനിന്നും അല്ലാതെ, വീട്ടിൽ ലഭ്യമായ സ്ഥലത്തുനിന്നും  കൃഷിചെയ്തു ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നുള്ള നല്ല സന്ദേശം  ഈ ബ്ലോഗ് നൽകുന്നു. നല്ല ഭാഷാ രീതിയാണ് ഈ ബ്ലോഗിലുള്ളത്,      "തനി നാട്ടിൻപുറം ഭാഷ". പിന്നെ ചിത്രങ്ങളും വിവരണങ്ങളും ബ്ലോഗിന്റെ ഭംഗി കൂട്ടുന്നുണ്ട്. ഇനിയും ഇതിലും മനോഹരങ്ങളായ ബ്ലോഗുകൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ - അലൻ സി ബിജു (കോട്ടയം) 

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

ബ്ലോഗ് എഴുതി കാശ് ഉണ്ടാക്കാനുള്ള പണിയാണല്ലേ...? 

ഗൂഗിൾ തുറന്നാലുടൻ കാശ് തരാൻ സുന്ദർ പിച്ചൈ  മ്മടെ അമ്മാവനൊന്നും അല്ലല്ലോ. പിന്നെ ബ്ലോഗ് എഴുതി കാശ് ഉണ്ടാക്കാൻ പറ്റും. അതിനു ഗൂഗിൾ കുറെ കടമ്പകൾ വെച്ചിട്ടുണ്ട്. ഇപ്പോൾ നമ്മൾ ആ സൈഡിലേക്ക് നോക്കുന്നില്ല. മാക്സിമം എഴുതുകയാണ് ലക്ഷ്യം. ചില യാത്രാ ബ്ലോഗുകൾ എഴുതുമ്പോൾ ചെലവ് കൂടുതലാണ്. അതിന്റെ ചെലവ് കാശ് സുന്ദർ പിച്ചൈ തരുന്നില്ലെന്നു സാരം. വന്നിട്ടും പോയിട്ടും ചെലവുകൾ മാത്രമാണ്...വരവുകൾ ഒന്നുമില്ല. എന്നാലും നമ്മൾ എഴുതും. ഒത്തിരി ആളുകൾ നമ്മുടെ ബ്ലോഗുകൾക്കായി കാത്തിരിക്കുന്നുണ്ടാകും. അവരാണ് നമ്മുടെ പ്രചോദനം....!ബ്ലോഗ് എഴുതി കായ് ഉണ്ടാക്കാനാണ് പരിപാടിയെങ്കിൽ നമ്മൾ എന്തെങ്കിലുമൊക്കെ എഴുതി പിടിപ്പിക്കാൻ നിർബന്ധിതരാകും എന്നാൽ ആ പണിക്ക് നമ്മളില്ലേ... അതായത് ഗൂഗിൾ പറമ്പിൽ പുല്ലു നിൽക്കുന്നത് കണ്ടിട്ടു ആരും പശൂനെ വാങ്ങാൻ പോകരുത്. താലിബാനെതിരെ 2009 ഇൽ ഒരു പതിനൊന്നു വയസ്സുള്ള കുട്ടി ഗുൽ മക്കായി എന്ന പേരിൽ BBC ക്കു വേണ്ടി ബ്ലോഗ്എഴുതിയത് നിങ്ങൾക്കറിയാമോ..? ഇല്ലെങ്കിൽ , ആ കുട്ടിയാണ് മലാല യൂസുഫ്‌സായി. ആ കൊച്ചു  പൈസ ഉണ്ടാക്കാൻ എഴുതിയതല്ല. ശക്തമായ നിലപാടുകളായിരുന്നു അതിന് . അതാണ് നമ്മുടെയും താൽപ്പര്യം.  ഇനി ഗൂഗിളുകാരുടെ ചില്ലറ കിട്ടിയിട്ടുവേണം ഒരു രണ്ടേക്കർ റബ്ബർ തോട്ടം മേടിക്കാൻ.പിന്നെ പൂരം നടക്കുന്ന തൃശൂർ റൗണ്ടാനക്ക് ഇച്ചിരി പൈസാ അഡ്വാൻസും കൊടുക്കണം....ബുർജ് ഖലീഫ പണ്ട് വാങ്ങിയതല്ലാതെ ഇതുവരെ എന്റെ പേരിൽ ആധാരം എഴുതിയിട്ടില്ല ,അതിനും പൈസാ വേണം അതും ഗൂഗിളുകാർ തരുമെന്ന് കരുതുകയാണ് . അതിനിവിടെ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല...എല്ലുമുറിയെ പണിയെടുത്തിട്ടാ.......!അല്ലപിന്നെ.....!!  


സാധാരണ ട്രാവൽ വീഡിയോകൾ ഒരുപാടു കാണാറുണ്ട്. എന്നാൽ ഒത്തിരി നാളുകൾക്കു ശേഷമാണ് ഒരു യാത്രാ വിവരണം വായിക്കുന്നത്.

പരിമിതികൾക്കുള്ളിൽ ഒതുങ്ങി നിൽക്കാതെയുള്ള സ്വതന്ത്രമായ അവതരണവും, ഓരോ നാടിനെയും അനുസ്മരിപ്പിക്കുന്ന ഭാഷാ പ്രയോഗങ്ങളും വായനക്ക് കൂടുതൽ സംതൃപ്തി നൽകുന്നു. സാധാരണക്കാരായ എന്നെപ്പോലെയുള്ളവരെ തന്റെ വാക്കുകൾകൊണ്ട് ഒരു യാത്രയുടെ ഒപ്പം ചേർക്കുന്ന പ്രിയ സഹോദരനു എല്ലാ അഭിനന്ദനങ്ങളും. ഇനിയും ഒരുപാടു യാത്രകൾ നടത്താനും ഒപ്പം വാക്കുകളിലൂടെ പ്രേക്ഷകരെ ഒപ്പം കൂട്ടാനും ദൈവം സഹായിക്കട്ടെ....

ഷിജോ റോക്കി ജോസഫ്(കോട്ടയം) 


✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂


സുഹൃത്തുക്കൾ പിന്തുണച്ചോ...?

തീർച്ചയായും.... അവരാണ് ഈ ബ്ലോഗുകൾ ഇത്രയും പോപ്പുലറാക്കിയത്. പേരെടുത്തു പറഞ്ഞാൽ ഒത്തിരിയുണ്ട്. എല്ലാവരും സഹായിക്കുന്നുണ്ട്. ഫേസ്ബുക്ക് വഴി  ബ്ലോഗിനെ പ്രമോട്ട് ചെയ്തവരുണ്ട്. വാട്സ്ആപ് വഴി അയച്ചു കൊടുക്കുന്നവരുണ്ട്. നമ്മുടെ ബ്ലോഗിനെ ഇന്നത്തെ നിലയിൽ എത്തിച്ചത് ഇവരെല്ലാവരും കൂടിയാണ്. വിദേശങ്ങളിലുള്ള എന്റെ കുറെ സഹപാഠികളും സുഹൃത്തുക്കളുമൊക്കെ സമയമെടുത്തു ബ്ലോഗുകൾ വായിക്കാറുണ്ട്. അതിലെനിക്ക് അഭിമാനമുണ്ട്. സുഹൃത്തുക്കളും അല്ലാത്തവരുമായ പതിനായിരക്കണക്കിന് സഹൃദയർ ഇന്നു നമ്മുടെ ബ്ലോഗ് വായിക്കുന്നുണ്ട്. അതൊരു അംഗീകാരമല്ലേ...? പിന്നെ 17 മാസമായിട്ടും  ബ്ലോഗിന്റെ ലിങ്കിൽ വെറുതെ പോലും ഒന്നു ഞെക്കാത്ത സൂർത്തുക്കളും നമ്മൾക്കുണ്ട്. കേരളത്തിലെ 14 ജില്ലകൾ കൈകാര്യം ചെയ്യുന്ന പിണറായി സഖാവിനുപോലും ഇത്രയും ബിസി കാണില്ല.....!! മ്മടെ മോദിസാർ പോലും ഇപ്പോൾ മയിലിനു തീറ്റീം കൊടുത്തിരിക്കുവാ....എന്നിട്ടും...!? 

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

പലരും ബ്ലോഗുകൾ എഴുതുന്നത് വായിച്ചിട്ടുണ്ട്. എന്നാൽ ജെനോഷിന്റെ ബ്ലോഗുകൾ ഇതിൽനിന്നുമെല്ലാം  ഒത്തിരി പ്രത്യേകതകൾ നിറഞ്ഞതാണ്.

നമ്മുടെ മാവും പൂക്കും സജിയേ.....ബ്ലീസ്‌ വെയിറ്റ്...

സമകാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ഇവിടെ കാണുന്നത്. താൻ ലക്ഷ്യം വെച്ചിരിക്കുന്ന കാര്യങ്ങൾ വളരെ സിമ്പിളായി വായനക്കാരിലേക്ക് എത്തിക്കാനും അവരെ ഈ ബ്ലോഗിലേക്ക് ആകർഷിക്കാനും ജെനോഷിനു കഴിയുന്നു. പലപ്പോഴും സമയമില്ലെങ്കിലും ഈ ബ്ലോഗുകളെല്ലാം ഞാൻ വായിക്കാറുണ്ട്. മറ്റുള്ളവരെ ആകർഷിക്കാനുള്ള കഴിവ് ഈ ബ്ലോഗിനുണ്ട്. ജെനോഷിനു എന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നതോടൊപ്പം, കൂടുതൽ ബ്ലോഗുകൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിഖിൽ നൈനാൻ (USA) 

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

തനിക്കു രാഷ്ട്രീയമുണ്ടോ...?

വ്യക്തിപരമായി ഉണ്ട്. ബ്ലോഗിൽ രാഷ്ട്രീയം കലർത്താറില്ല. ആരു മൊട കാണിച്ചാലും വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കാൻ നമ്മൾ മറക്കാറുമില്ല. മോദിയും പിണറായിയും ചെന്നിത്തലയും...അയൽക്കാരനായ ഉമ്മൻ ചാണ്ടിയും എന്നുവേണ്ട പി.സി ജോർജു വരെ നമ്മൾക്കു വേണ്ടപ്പെട്ടവരാണു. പ്രത്യേകിച്ചു പ്രളയ സമയത്തു രാഷ്ട്രീയ പാർട്ടികളും മറ്റും ചെയ്ത നല്ല കാര്യങ്ങൾ നമ്മൾ ബ്ലോഗിൽ അഭിനന്ദിച്ചു പരാമർശിച്ചിട്ടുമുണ്ട്. അതിൽ യൂത്ത് കോൺഗ്രെസ്സുണ്ട് DYFI യുണ്ട് AIYF ഉണ്ട് KSU ഉണ്ട് SFI ഉണ്ട് ABVP ഉണ്ട്  അങ്ങനെ ഒത്തിരി രാഷ്ട്രീയ സംഘടനകളും മുസ്‌ലിം സഹോദരങ്ങൾ ഉൾപ്പെടെയുള്ള  വിവിധ മത സംഘടനകളും.....എന്തിന്  യുക്തിവാദി സംഘങ്ങൾ വരെയുണ്ട്. അങ്ങനെ എല്ലാവര്ക്കും അവകാശപ്പെട്ടതാണ് കേരളത്തിന്റെ പുനഃർനിർമ്മിതി. അതാണ് ബ്ലോഗിൽ നമ്മുടെ പോളിസി. പിന്നെ രാഷ്ട്രീയം - അത് ഇലക്ഷന്റെ സമയത്തു നമ്മൾ പോളിങ് ബൂത്തിൽ തീർത്തോളാം. ജയിക്കുന്ന ആളുടെ പാർട്ടിയാണ് നമ്മുടേത്.അല്ലേലും ഞാൻ ജയിക്കുന്ന പാർട്ടിക്കേ വോട്ടുചെയ്യൂ.

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

ജെനോഷ് അച്ചായൻ, കീബോർഡ് വായിക്കുന്ന ഞങ്ങളെപ്പോലുള്ള എല്ലാവർക്കും ഒരു ജേഷ്ഠ സഹോദരനാണു.

കീബോർഡിൽ തന്റെ മാന്ത്രിക വിരലുകൾ പതിയുന്നതുപോലെ തന്നെ എഴുത്തിലും തന്റേതായ ഒരു ശൈലി രൂപപ്പെടുത്തി വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഒരു വായനക്കാരൻ അല്ലാത്ത എന്നെ ഈ ബ്ലോഗിന്റെ പതിവ് വായനക്കാരനാക്കി മാറ്റിയതും ജെനോഷ് അച്ചായന്റെ ആകർഷണീയമായ എഴുത്തു ശൈലി കൊണ്ടാണ്. ഒരുവട്ടം വായിക്കുന്നവർ വീണ്ടും വീണ്ടും വായിക്കാൻ ആകര്ഷിക്കപ്പെടും. വളരെ ചെറിയ സമയംകൊണ്ടു 20000 നു മുകളിൽ വായനക്കാരെ കിട്ടിയ ഈ ബ്ലോഗിന് എല്ലാവിധ നന്മകളും ഞാൻ നേരുന്നു. ലോകത്തിലെ എല്ലാ മലയാളി സുഹൃത്തുക്കളും ഇത് വായിച്ചെങ്കിൽ  എന്നാഗ്രഹിക്കുന്നു. ഒപ്പം ഇനിയും ഒത്തിരി വായനക്കാരെ ലഭിക്കട്ടെ എന്നു ആശംസിക്കുകയും ചെയ്യുന്നു- ഫെലിക്സ് വി.പോൾ(കോട്ടയം) 

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂


ആകെ രണ്ടു ജാതി, ആണും പെണ്ണും. ബാക്കിയെല്ലാം മനുഷ്യൻ അവന്റെ സൗകര്യത്തിനു വേണ്ടി തിരുകി കയറ്റിയതാണ്. മര്യാദക്കു ജീവിച്ചാൽ എല്ലാവർക്കും കൊള്ളാം. എല്ലാ മതത്തിലും മോശപ്പെട്ടവരും നല്ലവരും ഉണ്ടാകും. വ്യക്തിപരമായി നമ്മൾക്കു ഉയർന്ന മത ബോധമുണ്ട്. പക്ഷേ മത ഭ്രാന്തില്ല....! മനുഷ്യന്റെ നന്മയാണ് വലുത്. വലിയ ഭക്തി ഉണ്ടെന്നു പറയുകയും അപരന്റെ വികാരം മനസ്സിലാക്കാനുള്ള വിവേകം ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരുമാതിരി  പ്രകടനമുണ്ടല്ലോ....അതിനെ നമ്മൾ ഫീലിംഗ് പുച്ഛമായേ കാണുന്നുള്ളൂ. മറ്റുള്ളവരെ കാണിക്കാനുള്ള കപട ഭക്തിക്കാരെയും നമ്മൾക്കു വെറുപ്പാണ്. എതിരെ നടന്നു വരുന്നവൻ എന്നെപ്പോലെ ഒരു മനുഷ്യനാണ് എന്ന തിരിച്ചറിവിൽ കാണാത്ത, ഭക്തിയുടെ തിമിരം പിടിച്ച ഏഴാംകിട പാഴ് ജന്മ്മങ്ങളെയും നമ്മൾക്ക് പണ്ടേ വെറുപ്പാണ്.

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

ബ്ലോഗെല്ലാം വായിക്കുന്നുണ്ട്.simply superb  അല്ലാതെ എന്തു പറയാനാണ്. സത്യത്തിൽ ഇതൊക്കെ ഒരു സാമൂഹ്യ ജീവി എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്.

 ജെനോഷ് എന്റെ ബാല്യകാല സുഹൃത്തും സഹോദരനുമാണ്.എഴുതാനുള്ള കഴിവ് ഇദ്ദേഹത്തിനു ചെറുപ്പം മുതലുണ്ട് . രസകരമായി പറയുന്ന ഓരോ വാക്കും അഭിനന്ദനാർഹമാണ്. എനിക്ക് ഇത് ആരെയും കളിയാക്കുന്നതായി തോന്നിയിട്ടില്ല. പിന്നെ ചിന്ത മാത്രം പോരല്ലോ ചിരിയും ഉണ്ടെങ്കിലേ വായിക്കാൻ ഒരു സുഖമുള്ളൂ. ഒത്തിരി ചിരിച്ചു. പൊട്ടിപ്പൊട്ടി ചിരിച്ചു. ഇനിയും വലിയ ഉയരത്തിൽ എത്തട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു. എല്ലാരും ഇത് ഷെയർ ചെയ്യണമെന്നു ഞാൻ ആഗ്രഹിക്കുന്നു- 

             ഹണിമോൻ സി ആന്റണി(കോട്ടയം)


✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

എന്തിനോടെങ്കിലും അസഹിഷ്ണത ഉണ്ടോ....?

ഉണ്ട്... സോഷ്യൽ മീഡിയയിൽ കാണുന്ന വിവരക്കേടും  (ഈ ഫോട്ടോ 5 സെക്കന്റിനുള്ളിൽ പത്തുപേർക്കു ഷെയർ ചെയ്താൽ ഒരു നല്ല വാർത്ത നിങ്ങളെ തേടിവരും...ഇമ്മാതിരിയുള്ള ഊളത്തരം )  പൊങ്ങച്ചം, ട്രെൻഡുകൾ , മത ഭ്രാന്ത്, കൂതറ രാഷ്ട്രീയം, ആർഭാടം, ഓൺലൈൻ ഭക്തി കച്ചവടം വർഗ്ഗീയത, ഫേക്ക്പ്രചരിപ്പിക്കൽ..... ഇവയൊക്കെ അവയിൽ ചിലതാണ്. ഇമ്മാതിരി ഇടപാടുകളെ പല ബ്ലോഗുകളിലും നമ്മൾ വാരി അലക്കിയിട്ടുണ്ട്. ഇനിയും ചെയ്യും.....!! ഒരു ഉദാഹരണം മാത്രം  പറയാം...നമ്മൾ ഫേസ്ബുക് തുറക്കുന്നു, ഇതാ ചാടിവരുന്നു ഒരുത്തന്റെ ജന്മദിന തള്ളിക്കേറ്റ്...."ഇതുവരെ നടത്തിയ ദൈവത്തിനു നന്ദി....." ച്ചാൽ   ദൈവം ഫേസ്ബുക് തുറന്നു നോക്കുമ്പോൾ ആദ്യം ഇതിയാന്റെ നന്ദി കണ്ടു പുളകിതനാകണം....യേത്....?  ഞാൻ ചോദിച്ചോട്ടെ, സത്യത്തിൽ ഇവരൊക്കെ ആരെ കാണിക്കാനാണ് ഈ ദൈവത്തിനു നന്ദി കൊടുക്കൽ തുടങ്ങിയത്...? ദൈവത്തിനു നന്ദി കൊടുക്കാനാണെങ്കിൽ പ്രാർത്ഥിക്കുമ്പോൾ അത് ദൈവത്തോട് പറഞ്ഞാൽ പോരെ...? നാടു നീളെ ഫേസ്ബുക്ക് ഫ്ളക്സ് വെക്കണോ....? ഇതെല്ലാം കണ്ടു മടുത്ത ദൈവം അക്കൗണ്ട് പണ്ടേ ഡിലീറ്റ് ചെയ്ത കാര്യം ഇവരുണ്ടോ അറിയുന്നു. ഇപ്പോ ഓടിക്കൊണ്ടിരിക്കുന്ന അക്കൗണ്ടകൾ എല്ലാം ദൈവത്തിന്റെ പേരിലുള്ള ഫെയ്ക്ക് ഐഡികളാണ്. സ്വന്തം ജന്മദിനം മാത്രമല്ല, ഭാര്യ ഭർത്താവിനും അപ്പൻ മകൾക്കും 'അമ്മ കുഞ്ഞമ്മക്കും എല്ലാം ഫേസ്ബുക്ക് വഴിയാണ് ആശംസ നേരുന്നത്..! എന്തൊരു പ്രഹസനമാണ് സജീ...? ഫേസ്ബുക്കിൽ തോണ്ടുന്ന സമയം വേണ്ടല്ലോ നിന്റെ അടുത്തിരിക്കുന്നവനോട് വായ് തുറന്നു ഒന്നു സംസാരിക്കാൻ..!ഭാര്യയെ ആശംസിക്കുന്ന ഒരു ഭർത്താവും, കൈ മുറിഞ്ഞത് സ്റ്റാറ്റസ് ഇടുന്ന ഒരു ഭാര്യയും. 

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

ജെനോഷ് സാറിന്റെ ബ്ലോഗുകൾ ഞാൻ വായിച്ചു. ഞങ്ങൾ വളരെ അടുത്ത സ്നേഹിതരാണ്. നല്ല താല്പര്യത്തോടെയാണ് അദ്ദേഹത്തിന്റെ ബ്ലോഗുകൾ ഞാൻ വായിക്കാൻ തുടങ്ങിയത്.

നല്ല അവതരണ ശൈലി. എഴുതുന്ന വിഷയത്തെപ്പറ്റിയുള്ള അറിവ്, ആരെയും ആകർഷിക്കുന്നതും എന്നാൽ-നല്ല മൂർച്ചയുള്ളതുമായ ഭാഷ. ലളിതമായ ആർക്കും മനസ്സിലാകുന്ന എഴുത്തു ശൈലി...ഇതൊക്കെയാണ് ഞാൻ അതിൽ കണ്ടത്.  സാമൂഹിക പ്രസക്തമായ വിഷയങ്ങളാണ് ഈ ബ്ലോഗുകളിൽ കൈകാര്യം ചെയ്തിരിക്കുന്നത്. വീണ്ടും ഇങ്ങനെയുള്ള വിഷയങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിക്കാൻ ഇനിയും കഴിയട്ടെ എന്നാശംസിക്കുന്നു.

                 വിജു വി.എസ് (തിരുവനന്തപുരം)   

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

യാത്രകൾ ഇഷ്ടമാണോ....?

അതെ. നമ്മുടെ ബ്ലോഗുകളിൽ ആറെണ്ണം യാത്രാ വിവരണമാണ്. കോട്ടയത്തുനിന്നും നിലമ്പൂരിലേക്ക് യാത്ര ചെയ്താണ് ആദ്യ യാത്രാ ബ്ലോഗ് തുടങ്ങിയത് . അവസാനം യാത്ര ചെയ്തത് കൊല്ലം ചെങ്കോട്ട റെയിൽവേ റൂട്ടിലാണ്. പിന്നല്ലേ കൊറോണ വന്നതും പണി തന്നതും. നമ്മുടെ ചില യാത്രാ ബ്ലോഗുകൾ വായിച്ചിട്ടു, അതിൽ പറയുന്ന റൂട്ടിൽ ഒന്നു പോയി നോക്കണമെന്നു ആഗ്രഹം പറഞ്ഞവരുണ്ട്. അതു വലിയൊരു പ്രോത്സാഹനമായിരുന്നു.

ബ്ലോഗിന്റെ ഇപ്പോഴത്തെ അപ്‌ഡേഷൻ പറയാമോ....?


ഇന്ത്യ, അമേരിക്ക, ഇറ്റലി, ഗ്രീസ്, UAE, വിയറ്റ്നാം, റഷ്യ, ഇംഗ്ലണ്ട്, ജർമ്മനി, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, കാനഡ, ഖത്തർ, ഓസ്ട്രേലിയ അയർലൻഡ്, സിങ്കപ്പൂർ, ഇസ്രയേൽ,
ഒമാൻ
  എന്നീ   19  രാജ്യങ്ങളിലായി 20750 വായനക്കാരുണ്ട്. 132 ഫോളോവേഴ്‌സുണ്ട്. അകെ 20 ബ്ലോഗുകൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. ശരാശരി ഒരുമാസം 1220  പേർ ബ്ലോഗ് സന്ദർശിക്കുന്നു, വായിക്കുന്നു. ഗൂഗിൾ ട്രാൻസ്‌ലേഷൻ സൗകര്യം ഉപയോഗിച്ച് ബ്ലോഗുകൾ 108 ലോക ഭാഷകളിൽ വായിക്കാൻ കഴിയും. ഈ ബ്ലോഗ് പബ്ലിഷ് ചെയ്ത  ദിവസത്തെ അപ്‌ഡേഷൻ ആണിത്(16 -09 -2020)  ഇനി ഇത് കൂടാം ....കുറയാം...!


ഞങ്ങൾ സഹപാഠികളാണ്. തമ്മിൽ ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. ജെനോഷിന്റ ഒരു അഭ്യുദയകാംഷി എന്ന നിലയിൽ തന്റെ ഉയർച്ചയിൽ ഞാനും അഭിമാനിക്കുന്നു.ഞങ്ങൾ അയൽക്കാരും പണ്ടു കാലം മുതലേ കുടുംബങ്ങൾ തമ്മിൽ അടുത്തറിയാവുന്നവരുമാണ്. ഒരു തോട്ടിൽ കുളിച്ചും, ഒരു മില്ലിൽ പൊടിപ്പിച്ചു  ആഹാരം കഴിച്ചും, ഒന്നിച്ചു VBS കൂടിയും , ഒന്നിച്ചു സ്കിറ്റ് കളിച്ചും നടന്നവരാണ്. മ്യൂസിക്കും എഴുത്തും ഉൾപ്പെടെ  വിവിധ നിലകളിലുള്ള കഴിവുകൾ ദൈവം ജെനോഷിനു  കൊടുത്തിട്ടുണ്ട്. അതെല്ലാം സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാൻ കഴിയുന്നുമുണ്ട്.അങ്ങനെയുള്ള എന്റെ സുഹൃത്ത് ഇത്രത്തോളം ഉയർന്നുവന്നതിൽ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. ബ്ലോഗ് വളരെ നല്ല നിലവാരം പുലർത്തുന്നു. എല്ലാം ഞാൻ ആസ്വദിച്ചു വായിക്കാറുണ്ട്. 

നമ്മുടെ മാവും പൂക്കും സജിയേ.....ബ്ലീസ്‌ വെയിറ്റ്...
ഇതിൽ അഭിപ്രായം പറഞ്ഞിരിക്കുന്നവർ പരാമർശിച്ച കാര്യങ്ങളെല്ലാം വളരെ അർത്ഥവത്താണ്. എന്റെ അഭിപ്രായത്തിൽ ഓരോ ബ്ലോഗ് ടൈറ്റിലും മറ്റുള്ളവരെ ആകർഷിക്കുന്നതും,വായിച്ചുതുടങ്ങിയാൽ വളരെ ആസ്വാദനമുള്ളതുമാണ്. അതുകൊണ്ടു വളരെ സന്തോഷമാണ് ഈ  ബ്ലോഗുകൾ വായിക്കാൻ. ഏതു മനുഷ്യനും മനസിലാകുന്ന സാധാരണക്കാരന്റെ ഭാഷ എടുത്തുപറയേണ്ട ഒന്നാണ്. സാധാരണക്കാരന്റെ സുഖ ദുഃഖ സമ്മിശ്രമായ ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളും  ഇവിടെ വായിക്കാൻ കഴിയും. ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്നു ഞാൻ ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ......!

റവ.ഫാദർ.സ്കറിയാ തോമസ്,   (ഖത്തർ)

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

ബ്ലോഗെഴുത്തുംകൊണ്ട് എന്തെങ്കിലും നേട്ടം...?

മനസ്സിലുള്ള ആശയം ആരെയും പേടിക്കാതെ അതേപടി അവതരിപ്പിക്കാൻ കഴിയുന്നുണ്ട്. ഏതാനും സുഹൃത്തുക്കളെ  ബ്ലോഗ് എഴുത്തുകാരാക്കി മാറ്റാൻ ഈ എളിയ ബ്ലോഗ് കാരണമായിട്ടുണ്ട്. വലിയ വായനക്കാരല്ലാത്ത ചിലരെ വായനക്കാരാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. നിരവധി രാജ്യങ്ങളിൽ നമ്മുടെ ആശയങ്ങൾ എത്തിക്കാൻ കഴിഞ്ഞു.  നേരിൽ ഒരു പരിചയം പോലും ഇല്ലാത്തവർ ഇന്നു നമ്മുടെ വായനക്കാർക്കായി മാറിയിട്ടുണ്ട്.  പിന്നെ ഏതോ വലിയ കാര്യം നമ്മൾ ചെയ്യുന്നുണ്ടെന്നു ഒരിക്കലും അവകാശപ്പെടുന്നില്ല. പലരും ചിന്തിക്കുകയും മനസ്സിലിട്ടുകൊണ്ടു നടക്കുകയും  ചെയ്ത കാര്യങ്ങളാണ് നമ്മുടെ ബ്ലോഗിലൂടെ പുറത്തുവരുന്നത്. പിന്നെ ഏത് സാഹചര്യത്തെയും കുറച്ചു ഹ്യൂമർ സെൻസോടെ കണ്ടാൽ, അതിപ്പോ ഗൗരവമുള്ള കാര്യമാണെങ്കിലും സരസമായി അവതരിപ്പിക്കാൻ കഴിയും.അതാണു നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്.

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

ജെനോഷ് ദ ബ്ലോഗറിന്റെ തുടക്കം മുതലുള്ള ഒരു വായനക്കാരനും ഫോളോവറുമാണ്  ഞാൻ. ഇതിന്റെ ആദ്യ യാത്രാ ബ്ലോഗായ നിലമ്പൂർ  മുതൽ ഞാൻ സഹയാത്രികനായി ഉണ്ടായിരുന്നു.

ഞാൻ അംഗമായിട്ടുള്ള പല ഗ്രൂപ്പുകളിൽ ഈ ബ്ലോഗ് പരിചയപ്പെടുത്താനും കുറച്ചുപേരെ ഇതിന്റെ വായനക്കാരാക്കി മാറ്റാനും കഴിഞ്ഞിട്ടുണ്ട്. ബ്ലോഗിന്റെ എഴുത്തു ശൈലിയും ഭാഷയും എനിക്ക് ഒത്തിരി ഇഷ്ടമായി. തുടക്കം വായിക്കുമ്പോൾ തന്നെ മുഴുവനും വായിക്കാനുള്ള താൽപ്പര്യം നമ്മളിൽ ഉണ്ടാകും. എല്ലാ ബ്ലോഗുകളും നല്ല നിലവാരം പുലർത്തുന്നുണ്ട്. കുറഞ്ഞ സമയംകൊണ്ടു ഇത്രയും അധികം വായനക്കാരെ കിട്ടിയത് വ്യത്യസ്‍ത ശൈലികൊണ്ട് മാത്രമാണെന്നാണ് എന്റെ അഭിപ്രായം. വീണ്ടും നല്ല ബ്ലോഗുകൾ കാഴ്ചവെക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ജെയിൻ പി ജേക്കബ്(കോട്ടയം) 

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

ഓരോ ബ്ലോഗിനും നല്ല ക്യാപ്ഷൻ എങ്ങനെയാണു ഇടുന്നത്...?

 മുൻകൂട്ടി ഒരു ക്യാപ്ഷനും ഉണ്ടാക്കുന്നില്ല. ബ്ലോഗ് എഴുത്തു പകുതിയായി കഴിയുമ്പോൾ നല്ലൊരു ക്യാപ്ഷൻ മനസ്സിൽ എത്തും.പല പ്രാവശ്യം വായിച്ചുനോക്കിയിട്ടാണല്ലോ ഒരെണ്ണം ഫൈനൽ ടച്ചിങ് വരുത്തുന്നത്.മനുഷ്യനെ ആകർഷിക്കുന്ന മുഖവുര എഴുതിയാൽ ആരും  വായിച്ചോളും.നെല്ലുണ്ടെന്നു അറിഞ്ഞാൽ എലി ഓട്ടോ പിടിച്ചായാലും വരില്ലേ...!? മലയാളികളെ പറ്റിക്കാൻ എന്തെളുപ്പം CLICK HEREഎന്ന ബ്ലോഗ് ഏറ്റവും അധികം ആളുകൾ വായിച്ചതാണ്. നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്തുപോകുന്ന മണ്ടത്തരങ്ങൾ ആകർഷകമായി ഒന്ന് ചെത്തിമിനുക്കി എഴുതിയപ്പോൾ അത് ക്ലിക്കായി. അല്ലാതെ നമ്മൾ ഇവിടെ വലിയ മല മറിച്ചതുകൊണ്ടല്ല. വായനക്കാർക്കു  ഇഷ്ടപ്പെട്ട ടോപ്പിക് എടുക്കുന്നു എന്നു മാത്രം. അതാണ് അതിന്റെ ഒരിത്...!

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

എന്റെ പ്രിയപ്പെട്ട സ്നേഹിതനാണ് ജെനോഷ്. 2002 മുതൽ തുടങ്ങിയ ബന്ധമാണത്. അന്നൊക്കെ അദ്ദേഹം അറിയപ്പെട്ടിരുന്നത് കീബോർഡിസ്റ്റ്, ഗായകൻ, ഗാന രചയിതാവ് എന്നീ നിലകളിലായിരുന്നു. അന്നും നല്ല ചിന്തകൾ പങ്കുവെക്കുന്ന എഴുത്തുകൾ താൻ നടത്തിയിരുന്നു. 

നമ്മുടെ മാവും പൂക്കും സജിയേ.....ബ്ലീസ്‌ വെയിറ്റ്...

ജെനോഷിന്റെ ഈ ബ്ലോഗ് ഇന്ന് 21000 ഇൽ അധികം ആളുകൾ വായിക്കുന്നു എന്നു കേൾക്കുമ്പോൾ എനിക്കതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം നല്ല ഈടുറ്റ ആശയങ്ങളാണല്ലോ  ഈ ബ്ലോഗിൽക്കൂടി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  നമ്മുടെ നാട്ടിൽനിന്നും അന്യം നിന്നുപോയി എന്നുകരുതിയ മലയാളത്തിന്റെ തനതായ ശൈലികളും പഴഞ്ചൊല്ലുകളും ആശയങ്ങളും ഈ നൂറ്റാണ്ടിലും ജെനോഷിൽക്കൂടി ഓർപ്പിക്കപ്പെടുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ മനുഷ്യൻ ചിന്തിക്കാൻകൂടി സമയമില്ലാതെ ഒരു യന്ത്രത്തെപ്പോലെ ആയിരിക്കുകയാണ്. സാഹചര്യം ഇതായിരിക്കെ, ഉണർന്നിരിക്കാനും സ്വയം വിചിന്തനം നടത്താനും പ്രയോജനപ്പെടുന്ന നല്ല ചിന്തകൾ ഈ ബ്ലോഗിൽക്കൂടി നമ്മൾക്കു ലഭിക്കുന്നു. എല്ലാ  മലയാളികളും, എന്നല്ല ജനലക്ഷങ്ങൾ വായിക്കുന്ന പ്രചുരപ്രചാരവും പ്രസിദ്ധവുമായ മലയാളം ബ്ലോഗായി  JANOSH THE BLOGGER മാറും എന്നുഞാൻ ഉറച്ചു വിശ്വസിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

Dr. ഐസക്  എൽസദാനം (ജർമ്മനി)

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂ 

  ഈ ബ്ലോഗൊന്നും ആളുകൾ വായിക്കില്ലെന്നേ ഒരു വീഡിയോ വ്ലോഗ് തുടങ്ങ്

അഭിപ്രായം നമ്മൾ മാനിക്കുന്നു.വീഡിയോ പിടുത്തവും ശേഷ ക്രിയകളുമൊന്നും നമ്മൾക്കു യാതൊരു പിടുത്തവുമില്ലാത്ത ഏരിയ ആണ്.അറിയാവുന്നത് എഴുതാനാണ്. അറിയാവുന്ന പണി ചെയ്താലേ ശരിയാകൂ. പിന്നെ ട്രാവൽ ബ്ലോഗുകൾ മാത്രമല്ല നമ്മൾ കൈകാര്യം ചെയ്യുന്നത്. അകെ ഇരുപത് ബ്ലോഗ് ഉള്ളതിൽ ആറെണ്ണമാണ് ട്രാവൽ ബ്ലോഗ് ബാക്കിയെല്ലാം വേറെ ഐറ്റങ്ങളാണ്. അതെങ്ങനെ വീഡിയോ ചെയ്യും....? തല്ക്കാലം ബ്ലോഗിൽ വ്യാപരിക്കാനാണ് ഉദ്ദേശം. ലോക്ക് ഡൗൺ കാലത്തു കുറെ വീഡിയോ ചാനലുകൾ യൂട്യൂബിൽ വന്നിട്ടുണ്ട്. കുറെയെണ്ണം പരിപാടി നിർത്തിയെന്നു തോന്നുന്നു. എനിക്ക് പേഴ്‌സണലായി ഒത്തിരി സുഹൃത്തുക്കൾ അവരുടെ ചാനൽ ലിങ്ക് അയച്ചുതന്നിട്ടുണ്ട് അതെല്ലാം  നമ്മൾ ഇടംവലം നോക്കാതെ സബ്സ്ക്രൈബിച്ചിട്ടുമുണ്ട്. ആശംസകളും രേഖപ്പെടുത്തിയിട്ടുണ്ട്.ഒരുവാക്കുകൊണ്ടു പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്..... നമ്മൾ പറഞ്ഞു വന്നത്, വീഡിയോ ചാനൽ തുടങ്ങുന്നവർ അതു തുടങ്ങട്ടെ. നമ്മുടെ പണി ബ്ലോഗെഴുത്താണ്. ആന വാപൊളിക്കുന്നതുപോലെ അണ്ണാൻ ചെയ്താൽ പിന്നെ മെഡിക്കൽ കോളേജിൽ പോലും എടുക്കത്തില്ല സ്മരണ വേണം...സെൻസും സെൻസിബിലിറ്റിയും വേണം......!

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

ഞാൻ ജെനോഷ് ദ ബ്ലോഗറിന്റെ ഒരു വായനക്കാരനാണ്. തനതായ ശൈലി ഉപയോഗിച്ചുകൊണ്ട്, ഒരു നാട്ടിൻപുറത്തുകാരനോട് സംസാരിക്കുന്ന ഭാഷയിൽ,  പ്രകൃതിയെക്കുറിച്ചും യാത്രകളെക്കുറിച്ചും ആനുകാലിക സംഭവങ്ങളെക്കുറിച്ചും മാനുഷിക ബന്ധങ്ങളെക്കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചും ഓരോ മനുഷ്യന്റെ വ്യക്തിത്വ വളർച്ചക്കും ബുദ്ധിവികാസത്തിനും വേണ്ടി ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈടുറ്റ ഒരു ബ്ലോഗാണ്  ഇതെന്നു പറയാൻ മറ്റൊന്നു ആലോചിക്കേണ്ട ആവശ്യമില്ല. കാരണം ചില എഴുത്തുകളും സന്ദേശങ്ങളും പല ആവൃത്തി കേട്ടാലേ എന്താണെന്നു മനസ്സിലാകുകയുള്ളു. 

നമ്മുടെ മാവും പൂക്കും സജിയേ.....ബ്ലീസ്‌ വെയിറ്റ്...

എന്നാൽ അതിൽനിന്നൊക്കെ വ്യത്യസ്തമായി ഈ ബ്ലോഗറിന്റെ അറിവുകൾ ചെറുതല്ല, നല്ല പഠനങ്ങൾ നടത്തി നന്നായി കാര്യങ്ങൾ ഗ്രഹിച്ചു ചിന്തിച്ചു-അപ്പോൾ തന്നെ ഇതൊന്നും വാചാലതയിൽ വ്യക്തമാക്കാതെ- തനതായ ശൈലിയിലും ലളിതമായ ഭാഷയിലും നർമ്മത്തിലും അവതരിപ്പിച്ചിരിക്കുന്നത് എന്നെ ഒത്തിരി ചിന്തിപ്പിക്കാനും  വഴിതിരിച്ചു വിടാനും സഹായിച്ചിട്ടുണ്ട്. ഇങ്ങനെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിരവധി ബ്ലോഗുകൾ ഇനിയും പിറക്കട്ടെ എന്നു എന്റെ സുഹൃത്തിനെ ആശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ഇനിയും വായനക്കാർ ധാരാളം ഉണ്ടാകട്ടെ.....  

ബോബി ഇടപ്പാറ (തിരുവല്ല)

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂  

നമ്മുടെ മാവും പൂക്കും സജിയേ.....ബ്ലീസ്‌ വെയിറ്റ്...




അടുത്ത ബ്ലോഗ് ഉടനെയുണ്ടോ...?

തീർച്ചയായും....ടൈപ്പിംഗ് നടക്കുന്നു. കഴിഞ്ഞ രണ്ടുമാസം കുറച്ചു തിരക്കായിപ്പോയി. അതാണ് ബ്ലോഗുകൾ ഒന്നും ഇല്ലാതെ പോയത്. പുതിയത് ഉടനെയുണ്ടോ എന്ന് അന്വേഷിക്കുന്ന നല്ല സഹൃദയർ നമുക്കുണ്ട്. ആരെയും നമ്മൾ നിരാശരാക്കില്ല. എഴുതാനും ടൈപ്പിങ്ങിനും എഡിറ്റിംഗിനും കുറെ സമയം എടുക്കും അതാണ് താമസം. മൊതലാളിയും സപ്ലെയറും പാചകവും എല്ലാം നമ്മൾ തന്നെ ആയതുകൊണ്ടാണ് അങ്ങനെയൊക്കെ. ഭാവിയിൽ  നമ്മൾ വലിയ കൊളംബസും വാസ്കോഡഗാമയും ഷേക്‌സ്പിയറുമൊക്കെ ആകുമ്പോൾ സ്റ്റാഫിനെ വെച്ച് ഒരു എഴുതീര് അങ്ങ് എഴുതിക്കണം എന്നും വെച്ചാണ്...യേത്....!? അതുവരെ ഭക്തജനങ്ങൾ ഒന്ന് ഷെമീര്..! 

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

എന്റെ ബാല്യ പ്രായം മുതലേ ഞാൻ കാണുന്ന ഒരു വ്യക്തിയാണ് പ്രിയ ജെനോഷ് അച്ചായൻ. മത്സര വേദികളിൽക്കൂടിയാണ് അദ്ദേഹത്തെ കൂടുതലും കണ്ടിട്ടുള്ളത്. സംഗീതം,കഥ,കവിത,ഉപകരണ സംഗീതം,ചിത്ര രചന...അങ്ങനെ എല്ലാ മേഖലകളിലും താൻ കഴിവു തെളിയിക്കുന്നത് കണ്ടിട്ടുണ്ട്.

ദൈവം എഴുതാൻ കൊടുത്ത കഴിവിലൂടെ അനേക ഹൃദയങ്ങളിൽ ജെനോഷ് അച്ചായന്റെ ബ്ലോഗുകൾ എത്തിച്ചേരുന്നതിൽ ഞാനും സന്തോഷിക്കുന്നു. ഞാനൊരു യാത്രാ പ്രേമിയായതുകൊണ്ടു യാത്രാ ബ്ലോഗുകൾ പലതവണ ആവർത്തിച്ചു വായിക്കാറുണ്ട്. ആനുകാലിക സംഭവങ്ങൾ വളരെ കൃത്യമായും ലളിതമായും അവതരിപ്പിക്കുന്നത് വളരെ അഭിനന്ദനാർഹമാണ്. "മലയാളികളെ പറ്റിക്കാൻ എന്തെളുപ്പം"വുഹാൻ ചന്തയിൽനിന്നും കോട്ടയം ചന്തക്കടവുവരെ" ഈ രണ്ടു ബ്ലോഗുകൾ ചിരിപ്പിക്കുകയും ഒത്തിരി ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. 20000 ഇൽ  അധികം വായനക്കാരുള്ളതിൽ ഞാനും സന്തോഷിക്കുന്നു. ഞങ്ങൾ കുടുംബമായി ഇതിന്റെ വായനക്കാരാണ്. ഇനിയും ഒരുപാടു രചനകൾ ഉണ്ടാകട്ടെ എന്നു ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

വിബിൻ ജോൺ, കുവൈറ്റ്

  (നമ്മുടെ ബ്ലോഗുകൾ ആദ്യമായി വിലയിരുത്തുകയും അഭിപ്രായം പറയുകയും ഒരുപാട് പ്രോത്സാഹിപ്പിക്കുകയും ചെയ്ത എന്റെ സഹോദരനാണ് വിബിൻ ജോൺ )

✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂✂

വാൽക്കഷ്ണം

കൂലിപ്പണിക്കാരായ ഏലിയുടെയും പീലിയുടെയും മകൾ സാലിയുടെ കല്യാണം പെട്ടന്നാണ് ഉറച്ചത്.  ദൂരെയുള്ള ബന്ധുക്കളെല്ലാം ഒരാഴ്ച മുമ്പേ ഹാജരായി. ചത്താലും ഇല്ലെങ്കിലും ഇന്നു ശവമടക്ക് എന്നു പണ്ടാരാണ്ടു പറഞ്ഞതുപോലെ ഇനി സാലിയെ കെട്ടിച്ചിട്ടേ അവരെല്ലാം മടങ്ങൂ. രണ്ടും കൽപ്പിച്ചു വന്നിരിക്കുവാണ്. കോട്ടയം ചന്തേന്ന് മീനെടുക്കണം....!! അയിന്...?ആരൊക്കെയാണ് പോകുന്നതെന്ന കാര്യത്തിന് തീരുമാനമായില്ല. അവസാനം മൂത്ത കാർന്നോൻ ഒരു അഭിപ്രായം മുന്നോട്ടു വെച്ചു എന്തെന്നാൽ , മീനെടുക്കാൻ "പാമ്പാടീലളിയനും രണ്ടു ആണുങ്ങളും"  കോട്ടേത്തിനു പോട്ടെ....നെഞ്ചിൽ കുത്തുന്ന ഡയലോഗ് കേട്ട് പാമ്പാടിയിലെ അളിയൻ പ്ലിങ്ങിതനായി....!! എങ്കിലും അളിയൻ വിട്ടില്ല  "പല്ലില്ലെന്നു കരുതി അണ്ണാക്ക് വരെ കയ്യിടരുത്" എന്നൊരു പഞ്ച് ഡയലോഗും  കാർന്നോർക്കിട്ടു പാസ്സാക്കി   പാസ്സിങ് ഔട്ട് സല്യൂട്ട് സ്വീകരിച്ചു പാമ്പാടീലളിയൻ കോട്ടയത്തിന് യാത്രയായി.





Tuesday, July 07, 2020

കണ്ടം വിറ്റു കാളയെ വാങ്ങരുത് ഉണ്ണ്യേ

ഒരു കഥ പറയാം......
പണ്ടുപണ്ട് പിന്നേം പണ്ട്, ശരിക്ക് പറഞ്ഞാൽ  AD 834 ഇൽ  ഒരു കോളനിയിൽ താമസിച്ചിരുന്ന ഒരു പാവപ്പെട്ട  ചേട്ടന്റെ  പൂച്ചയ്ക്ക്, അയൽവാസിയും കാശുകാരനുമായ വേറൊരു ചേട്ടന്റെ വീട്ടിലെ പൂച്ചയുമായി സ്നേഹമായി.
ഒരു ദിവസം പാവപ്പെട്ട പൂച്ച മറ്റേ പൂച്ചയെ കാണാൻ പാത്തും പതുങ്ങിയും ചെന്നു. പെട്ടന്നതു സംഭവിച്ചു,  കാശുകാരൻ ചേട്ടൻ  പുള്ളിയുടെ ഘടാഘടിയൻമ്മാരായ  "കടിയൻ" പട്ടികളെ അഴിച്ചുവിട്ടു. പട്ടികൾ ഈ പൂച്ചയെ തലങ്ങും വിലങ്ങും ഓടിച്ചു. കിട്ടിയ ജീവനും കയ്യിൽപിടിച്ചു പൂച്ച അടുത്തുകണ്ട  കണ്ടം വഴി ഓടി.  അങ്ങനെ കണ്ടം വഴി ഓടിയ ഈ പൂച്ചയുടെ പിൻ  തലമുറകളെയാണ് ഈ കണ്ടംപൂച്ച കണ്ടംപൂച്ച എന്നു അറിയപ്പെടുന്നത്. അണ്ടർസ്റ്റാൻഡ്...? കണ്ടം പൂച്ചയാണ് പിന്നീട് കണ്ടൻ പൂച്ചയായത്......! അതൊക്കെ ഒരുകാലം....!!




അപ്പോൾ കണ്ടമാണ് നമ്മുടെ ചിന്താവിഷയം. ചിലയിടത്തു പാടം എന്നൊക്കെ പറയും. കേട്ടിട്ടില്ലേ....? "പാടം പൂത്തകാലം." എന്ന സിൽമാപ്പാട്ടു....?  എല്ലാവരും കണ്ടം നികത്തി വീടുവെച്ചു. വീടിനു ചുറ്റും തറയോടും പാകി, മതിലും കെട്ടി ഗേറ്റും വെച്ചു ഒരു ബോർഡും തൂക്കി. പട്ടി കടിക്കും...അതെ പത്തു പുത്തൻ വന്നപ്പോൾ യെവൻ കടിക്കാനും തുടങ്ങിയെന്ന്. ഗൾഫ് പണം വന്നപ്പോൾ കൃഷിയിടം വേണ്ടെന്നായി. ഇവരൊക്കെ മുറ്റത്തു കുറെ ചീരയെങ്കിലും നട്ടുവളർത്തിയിരുന്നെങ്കിൽ ലോക് ഡൗൺ കാലത്തു ഉപകാരപ്പെടുമായിരുന്നു . വീടിനു ചുറ്റും തറയോടു പാകി ഉറപ്പിച്ച സുഗുണൻമ്മാർ വേനലിൽ കൂട്ട നിലവിളിയാണ്..?  കിണറ്റിൽ വെള്ളമില്ല പോലും....! മണ്ണുണ്ടങ്കിലല്ലേ വെള്ളം ഭൂമിയിൽ ഇറങ്ങൂ...? ഇതൊന്നും അറിയാൻ വയ്യാഞ്ഞിട്ടല്ല. മ്മള് വെല്യ പുള്ളിയാണെന്നു നാലുപേരെ അറിയിക്കാനുള്ള തത്രപ്പാടിൽ സാമാന്യ ബോധം പോലും പലർക്കും ഇല്ലാണ്ടായിരിക്കണൂ.....!  മണ്ണുണ്ടങ്കിലേ എന്തെങ്കിലും അകത്തേക്കു പോകൂ എന്നൊക്കെ ചിലർക്കു ബോധം വന്നതിന്റെ വെളിച്ചത്തിൽ    പാടവും കണ്ടവുമൊക്കെ  തിരിച്ചുവരവിന്റെ പാതയിലാണ്ഇപ്പോൾ.

വീണ്ടും നമ്മൾ കണ്ടത്തിലേക്കു തന്നെ വരികയാണ്. നോമിന്റെ കുട്ടിക്കാലത്തു അക്ഷരം പഠിക്കാൻ ചമ്പക്കര ക്ഷേത്രത്തിന്റെ അടുത്തുള്ള കുഞ്ഞാശാന്റെ ആശാൻ കളരിയിൽ പോകുന്ന കാര്യം ഓർക്കുന്നു. കളരിയിലെ പയറ്റിന്  ശേഷം, കളരിയോടു ചേർന്നു കിടക്കുന്ന കണ്ടത്തിൽ പോകുന്ന കലാപരിപാടിയും നോമിനുണ്ടായിരുന്നു. (ഒരു മിനിറ്റ്, കളരിയിൽ നിന്നും നോം എല്ലാ അടവുകളും പഠിച്ചൂട്ടോ.....! അവസാന അടവായ, ചെരുപ്പും കയ്യിൽ പിടിച്ചു മുണ്ടും മടക്കിക്കുത്തി ഓട്ടം വരെ) ആ കണ്ടം  നിറയെ നെല്ലായിരുന്നു. വീതികുറഞ്ഞ വരമ്പും ചാലുകളിലെ വെള്ളവും പരൽമീനുകളും എല്ലാം ഇന്നും ഓർമകളിലെ കുട്ടിക്കാലം.... തിരിച്ചു അമ്മേടെ കൂടെ വീട്ടിലേക്കു നടക്കുമ്പോൾ  അപ്പാവു ചേട്ടന്റെ രണ്ടു ആനകൾ,  കരുണാകരൻ ചേട്ടന്റെ കാളവണ്ടിയും കാളയും..... അങ്ങനെ മുഴുവൻ കാഴ്ചകളായിരുന്നു. കൃഷിയായിരുന്നു അന്നത്തെ മനുഷ്യരുടെ മെയിൻ. ആ കാലമൊക്കെ വിസ്‌മൃതിയിൽ മറഞ്ഞു. ഇപ്പോളും ആവഴി പോകുമ്പോൾ വെറുതെ ഒന്നു നോക്കും..കളരിയൊന്നും ഇപ്പോളില്ല...എങ്കിലും....!
മ്മടെ സ്വന്തം കൂർക്ക 





മുകളിൽ പറഞ്ഞ കണ്ടം ഇപ്പോളുമുണ്ട്. എന്നാൽ ഏരിയ കുറഞ്ഞു, നെൽകൃഷി നിർത്തി. ഇപ്പോൾ കപ്പയും വാഴയും മാത്രം നട്ടിരിക്കുന്നു. പഴയ തോട് ഇപ്പോളും ഒഴുകുന്നുണ്ട്, പഴയ ആരവമൊന്നും ഇല്ലാതെ. വീടുകൾ ഒത്തിരി വന്നപ്പോൾ സ്ഥലത്തിന്റെ ഷെയ്പ്പ് പോലും മാറിപ്പോയിരിക്കുന്നു. കൃഷിയൊന്നും ചെയ്യാൻ പണ്ടത്തെപ്പോലെ ആളുകൾ തയ്യാറാകുന്നില്ലായിരിക്കാം. നമ്മുടെ കേരളത്തിന്റെ സംസ്കാരം തന്നെ കൃഷിയാണ്.അല്ലാതെ എണ്ണപ്പനയും ക്രൂഡോയിലുമല്ല.കൃഷി കലണ്ടർ പോലും നമ്മൾ പരിപാലിച്ചിരുന്നു.കൃഷി ഉൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാനുമായി തുടങ്ങിയ ഒരു ചന്തപോലും ഇവിടെ ചമ്പക്കരയിൽ ഉണ്ടായിരുന്നു. കാലാന്തരത്തിൽ അതൊക്കെ നിന്നുപോയി.
ക്ലെച്ചു പിടിച്ചു വരുന്ന കുമ്പളം 

കൊറോണയുടെ തുടക്ക സമയത്താണ് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്  എല്ലാവരും കൃഷിയിലേക്കു തിരിയണമെന്നു. അതിനു കാരണങ്ങൾ പലതാണ്. അതിർത്തികൾ അടഞ്ഞാൽ ചരക്കു നീക്കം നിലക്കും. പഴം പച്ചക്കറികൾ കിട്ടാതാകും. വിലക്കയറ്റവും പട്ടിണിയും ഉണ്ടാകും. എല്ലാവരും അവരവരുടെ വീട്ടുവളപ്പിൽ എന്തെങ്കിലുമൊക്കെ കൃഷി ചെയ്യണമെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോൾ നമ്മളും തീരുമാനിച്ചു കൃഷി ചെയ്യാൻ. ഒത്തിരി സ്ഥലമൊന്നും നമ്മൾക്കില്ല. പിന്നൊന്നും നോക്കിയില്ല രണ്ടും കൽപ്പിച്ചു മുണ്ടും മടക്കിക്കുത്തി ഒരൊറ്റ ഇറക്കമായിരുന്നു. പിന്നെ മ്മടെ അമ്മേടെ ആധി പത്യത്തിലുള്ള കുറച്ചു സ്ഥലം  വേറെ കിടക്കുന്നുണ്ട്, ഇത് കഴിഞ്ഞിട്ടു  അങ്ങോട്ട് പോകണോന്നും വെച്ചാണ്.....!



രെക്ക്തം  ഉണ്ടാകാൻ ചുവപ്പു ചീര 
ഈ കൃഷിപ്പണിക്ക് എന്തെങ്കിലും പരിചയം.....? ഏയ്....! നമ്മുടെ പിതാമഹൻ കുഞ്ഞുകൊച്ചെന്ന  മർക്കോസ് നല്ലൊരു കൃഷിക്കാരനായിരുന്നു.  ചുമ്മാ വാരിയെറിഞ്ഞാലും കിളിർക്കുന്ന കൈപ്പുണ്യമുള്ള മനുഷ്യൻ. അതിന്റെ എന്തെങ്കിലും ഒരിത് എനിക്കും കിട്ടിയിട്ടുണ്ടോ എന്നറിയണമല്ലോ. അങ്ങനെയാണ് സൂർത്തെ നമ്മൾ ഈ പണിക്ക് എറങ്ങിയത്. ആദ്യം കപ്പയിലായിരുന്നു പരീക്ഷണം. അയൽവാസിയും ബന്ധുവുമായ ജോയിച്ചാൻ  കപ്പത്തടി സംഭാവന ചെയ്തു.  ശ്രീരാമനാണെന്നാണ് പറഞ്ഞത്. ഈ രാമായണം നമ്മൾക്കു അത്ര പരിചയം ഇല്ലാത്തതിനാൽ കിട്ടിയത് അങ്ങു കുഴിച്ചു വെച്ചു. അതിപ്പോ ഹനുമാൻ ആണെങ്കിലും നമ്മൾ നടും. കപ്പ നട്ടത് മുടിഞ്ഞ വെയിലത്തായിരുന്നു. രക്തം തിളയ്ക്കുന്ന ചൂട്. ഒന്നാമതേ നമ്മൾക്കു രക്തം വളരെ കുറവാണു താനും. കപ്പ മൂട്ടിൽ വെള്ളം ഒഴിക്കേണ്ടി വരെ വന്നു.
പിന്നെയാണ് അറിഞ്ഞത് കപ്പക്ക് 30 ഡിഗ്രി ചൂടൊക്കെ പുല്ലാണെന്നു....!
ദിതാണ് മ്മള്  പറഞ്ഞ ശ്രീരാമൻ 








കൃഷിയിലൊക്കെ നല്ല വിവരമുള്ള ബന്ധുക്കളായിരുന്നു നമ്മുടെ ആശ്രയം. വലിയ കൃഷിക്കാരനായ നമ്മുടെ അപ്പച്ചീടെ പുള്ളിക്കാരൻ, ച്ചാൽ  ബേബിപ്പാപ്പിയാണു പച്ചക്കറി വിത്തുകൾ തന്നത്. നല്ല കിടിലൻ വിത്തുകൾ.
പിന്നെ ചേമ്പ്, പച്ചമുളക്, കാന്താരി, കാച്ചിൽ, പയർ, കുമ്പളം, മത്തൻ നാലുതരം ചീരകൾ, വാഴ, ചേന, കൂർക്ക, കോവൽ, വെണ്ട, വഴുതന, ഇഞ്ചി മഞ്ഞൾ...എല്ലാം വാരിവിതറി. നിലവിൽ വളർന്നു നിൽക്കുന്ന കപ്പളത്തിനു (ഓമയ്ക്ക) വളമിട്ടു ഉഷാറാക്കി. ചാക്കിൽ മണ്ണു നിറച്ചുള്ള പണി ഓളുടെ വകയായിരുന്നു.  മറ്റൊരു അയൽവാസിയായ രാഘവൻ ചേട്ടൻ തന്ന മുരിങ്ങ കമ്പുകളും  കുഴിച്ചുവെച്ചു.  എന്താണെന്നറിയില്ല അതെല്ലാം ക്ലെച്ചു പിടിച്ചു. ഇലകൾ വീശി....കൈഗുണം....കൈഗുണം.....!!!!!!
ഇഞ്ചി ഇഞ്ചി ഇഞ്ചിയേയ് 

ആദ്യത്തെ വളപ്രയോഗം കപ്പക്കിട്ടു തന്നെ കൊടുത്തു കപ്പവളം. പിന്നെ പൊട്ടാഷ്ആയി, ഫാക്റ്റംഫോസായി, എല്ലുപൊടിയായി, വേപ്പിൻ പിണ്ണാക്കായി, കൊട്ടപ്പള്ളിയിൽ സിബിച്ചേട്ടന്റെ സ്വന്തം ഫാക്ടറിയിൽ നിന്നും ചാണകപ്പൊടിയായി....അങ്ങനെ വളപ്രയോഗത്തിന്റെ എട്ടുകളിയായിരുന്നു. പിന്നെ നമ്മുടെ വകയായി കടലപ്പിണ്ണാക്കും ചാണകവും കൊണ്ടു ഒരു നാടൻ വള പ്രയോഗവും നടത്തി.
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി 






ഇപ്പോൾ കൃഷി തുടങ്ങിയിട്ടു നാലഞ്ചു മാസമായി. ചീരയും പയറും കാന്താരിയും മുരിങ്ങ ഇലയും വിളവെടുത്തു. കപ്പയില ചുരുണ്ടു വന്നതിനു സൾഫറിന്റെ sulfex എന്നൊരു പൗഡർ വാങ്ങി വെള്ളത്തിൽ കലക്കി തളിച്ചു.  നമ്മുടെ കൃഷിയിൽ പെടാത്ത കുറെ ഐറ്റങ്ങളും വീട്ടിൽ നിൽക്കുന്നുണ്ട്. കാപ്പി, ആത്ത, നാരകം തൈ, റംബുട്ടാൻ, ഓറഞ്ച് തൈ, കുറെ കുരുമുളക് കൊടികൾ.......കാപ്പിയിൽനിന്നും കുരുമുളകിൽനിന്നും നമ്മുടെ ആവശ്യത്തിന് കിട്ടും. നമ്മൾ പറഞ്ഞു വന്നത് നോമിന്റെ സ്വന്തം  എസ്റ്റേറ്റിൽ നിന്നും കാപ്പികുടിക്കാൻ കാപ്പിക്കുരുവൊക്കെ കിട്ടുന്നുണ്ടെന്നു.....എന്താല്ലേ...?!?!?
മുരിങ്ങ തൈ 

"പൂങ്കോഴിതൻ പുഷ്ക്കല കണ്ഠനാദം കേട്ടുണർന്നു കൃഷീ വലന്മ്മാർ..." എന്നൊക്കെ സ്കൂളിൽ പഠിച്ചിട്ടുണ്ട്. നോമിന് ഒരു വെള്ള പൂവനുണ്ടായിരുന്നു. പുഷ്ക്കല കണ്ഠനാദവുമായിരുന്നു. പക്ഷേ, മുളകു ചെടിയുടെ ഇല കൊത്താൻ തുടങ്ങിയപ്പോൾ കണ്ഠനാദം നമ്മൾ വേണ്ടെന്നു വെച്ചു ആളിനെ അപ്പച്ചീടെ മകനു കൊടുത്തു. ഇനിയൊരു താറാവാണ് ഉള്ളത്. അഴിച്ചു വിട്ടാൽ നാശം കാണിക്കുന്നതിനാൽ റിമാന്റിൽ വെച്ചിരിക്കുന്നു. ഏതാനും മണിക്കൂർ പരോൾ അനുവദിക്കുന്നു. എസ്റ്റേറ്റിൽ അയൽക്കാരുടെ കോഴി കേറുന്നുണ്ടോ എന്നുനോക്കാൻ ഒരു സെക്യൂരിറ്റിയേയും വെച്ചു. സന്നദ്ധ സേവനമാണ്. സാലറിയും പി എഫും ഒന്നും വേണ്ട. ഫുഡ് ആൻഡ് അക്കോമഡേഷൻ ഫ്രീ. അയർക്കുന്നത്ത് നിന്നും വാങ്ങിയതാണ്. പേര് ടിപ്പു, പ്രായം 5 വയസ്സു.
വാഴകൾ പത്തിരുപത് വെച്ചിട്ടുണ്ട്.പടിഞ്ഞാറും തെക്കുമുള്ള നിയന്ത്രണ രേഖയിലാണ് അവ സ്ഥിതി ചെയ്യുന്നത്.ഒരെണ്ണം കുലച്ചിട്ടുണ്ട്.അങ്ങനെ എല്ലാം ഇച്ചിരി ഇച്ചിരി വെച്ചിട്ടുണ്ട്.ജാടക്ക്‌ പറയുമ്പോൾ സമ്മിശ്ര കൃഷി.
ഏതായാലും ഒരു കാര്യം മനസ്സിലായി. ഒത്തിരി സ്ഥലം ഉണ്ടെന്നുള്ളതല്ല, ഉള്ള സ്ഥലത്തു എന്തെങ്കിലും നടാനുള്ള മനസ്സാണ് വേണ്ടത്.  ഇനി സ്ഥലം ഇല്ലാത്തവർക്കു ഗ്രോ ബാഗ് കൃഷിയും നടത്താമല്ലോ. പാണ്ടിക്കാരന്റെ വിഷമടിച്ച പഴം വാങ്ങി അണ്ണാക്കിലേക്ക് വെക്കാനേ നമ്മൾ പഠിച്ചിട്ടുള്ളൂ. എന്നിട്ടു മാറിയിരുന്നു, അവനു വെള്ളം കൊടുക്കരുതെന്നു പറയുകയും ചെയ്യും. ഇതാണ് ശരാശരി മലയാളി.
കാച്ചിൽ 

അംഗൻവാടിയിൽ പോകുന്ന കുട്ടിക്കും സർക്കാർ ജോലി കിട്ടാനുള്ള തയ്യാറെടുപ്പുകളാണ് ചെയ്യുന്നത്. അതായത് മെയ്യനങ്ങാതെയുള്ള പണിയും എടുത്താൽ പൊങ്ങാത്ത സാലറിയും മുന്നിൽ കണ്ടുള്ള ഒരുമാതിരി എടപാട്. ലോകം മുഴുവനും IAS IPS കാർ മാത്രം ആയാലുള്ള അവസ്ഥ എന്താണ്.? വായിൽക്കൂടി എന്തെങ്കിലും അകത്തേക്കു
പോകേണ്ടായോ...?
മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല 

മണ്ണിൽ പണിയുന്നവൻ എന്തോ കുറഞ്ഞവനാണെന്നുള്ള ഒരിത്...!? വല്ലവനും പാടത്തും പറമ്പിലും കിടന്നു വിയർത്തു പണിയുന്നതിന് ഫലമാണ് നമ്മൾ വാരി തട്ടുന്നതെന്നു ഇനിയെങ്കിലും പുതിയ തലമുറകളെ പഠിപ്പിക്കണം. അവരെ കൃഷി ചെയ്യാൻ പഠിപ്പിക്കണം അല്ലെങ്കിൽ "കുട്ടനാടൻ പുഞ്ചയിലെ" എന്നു കൊയ്ത്തു പാട്ടു പാടിയ പാടങ്ങളിൽ ബംഗാളി "തുജേ ദേഖാ തോ യേ  ജാനാ സനം" എന്നു പാടിക്കൊണ്ട് കണ്ടം പൂട്ടും.....!!!!!നമ്മുടെ പിള്ളേർ അവൻമ്മാരെയും വെച്ചു സെൽഫി എടുത്തു ആശ്വസിക്കും.
വാഴ, കാന്താരി, ചേമ്പ്, കപ്പളം, കപ്പ, വെണ്ട 

ഓരോ വീട്ടുകാരും ഓരോ അടുക്കളത്തോട്ടം എങ്കിലും വെച്ചാൽ തീരാനുള്ളതേയുള്ളു നമ്മുടെ പഴം പച്ചക്കറി ക്ഷാമം. നമ്മൾക്കു ഇന്നു ഓണം ഉണ്ണണമെങ്കിൽ അണ്ണാച്ചി കനിയേണ്ട അവസ്ഥയല്ലേ. കാരണം നമ്മുടെ അഹങ്കാരം തന്നെയാണ്. കൃഷി ചെയ്യാനാളില്ല. എല്ലാവരും ഡോക്ടറും എൻജിനീയറും കലക്ടറും ബിഎസ്സി നേഴ്സും  ആകാൻ പഠിക്കുകയല്ലേ. എങ്ങനെയെങ്കിലും ഒരു ഡോക്ടർ ആകുക എന്നതാണ് നമ്മുടെ അവതാര ലക്ഷ്യം എന്നു തോന്നും ചില ഇടപാടുകൾ കണ്ടാൽ. (അതുകൊണ്ടു ആരും ഒന്നും പഠിക്കരുത് എല്ലാവരും പോയി മണ്ണിൽ പണിയെടുത്തു ജീവിക്കണം എന്നൊന്നും ഇതിനു അർത്ഥമില്ല ,അതിനു അരാജകത്വം എന്ന് പറയും)  കൂടുതൽ ഒന്നും പറയുന്നില്ല. എന്നിട്ടു ഇവൻമ്മാരെല്ലാം വന്നു, പാണ്ടിക്കാരൻ തന്ന വാഴയിലയിൽ അവൻറെ കൃഷി ഉല്പന്നങ്ങൾ കേരളത്തിന്റെ ഓണം സെലിബ്രേഷൻ എന്നും പറഞ്ഞു വായിലേക്ക് തട്ടുന്നു. ഇനി ഇവനൊക്കെ ഉടുക്കുന്ന തുണിയോ.....അതു വരുന്നതും അങ്ങ് തിരുപ്പൂരിൽ നിന്ന്. പിന്നെ കൈ കഴുകുന്ന വെള്ളം മാത്രം നമ്മടെ.!! കാർന്നോൻമാരുടെ നേരുംകൊണ്ടു 44 നദികളെങ്കിലും നമുക്കുണ്ട്. അല്ലെങ്കിൽ അതും സ്വാഹ....!
ചേനയും ചേമ്പും 









കൃഷി ഓഫീസുകളും ആപ്പീസർമാരും ഇവിടെ വേണ്ടുവോളമുണ്ട്. എന്നിട്ടും പാണ്ടി അണ്ണാച്ചി വഴി അടച്ചാൽ നമ്മൾ പട്ടിണി....? ചിന്തിച്ചിട്ടുണ്ടോ ഇതിനെക്കുറിച്ച്..? മാറിമാറി വരുന്ന സർക്കാരുകളും കൃഷി വകുപ്പും ഇവിടെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നിട്ടും എന്തേ ഇതിന്റെ പ്രയോജനം നമ്മുടെ ജനങ്ങൾക്കു കിട്ടുന്നില്ല ...? ഫയൽ വിട്ടു വയലിൽ ഇറങ്ങിയാലെ അരി ഉണ്ടാകൂ. കേരളത്തിന് സ്വന്തമായി നെല്ലറ ഉണ്ടായിട്ടും ആന്ധ്രക്കാരനും പഞ്ചാബിയും അരി തന്നാലേ നമ്മൾക്കു കഞ്ഞിവെള്ളം കുടിക്കാൻ പറ്റൂ.
കോവൽ 


ആരെയും കുറ്റപ്പെടുത്താനല്ല. എന്തുകൊണ്ട് നമ്മൾക്കു സ്വയംപര്യാപ്തമായിക്കൂടാ...? ആദ്യം പറഞ്ഞതുപോലെ മനോഭാവമാണ് പ്രധാനം. കൃഷി മേഖലയുടെ പ്രാധാന്യവും അതിന്റെ മഹത്വവും തിരിച്ചറിയുന്ന ആളുകൾ വന്നാലേ കാര്യം ശരിയാകൂ. നമ്മുടെ ഇപ്പോഴത്തെ കൃഷി മന്ത്രി ശ്രീ സുനിൽ കുമാർ കുറെ പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് . രാഷ്ട്രീയമൊന്നും നോക്കാതെ നമ്മളെല്ലാവരും ഒന്നിച്ചുനിന്നു സഹകരിച്ചാൽ ഇതൊരു നല്ല തുടക്കമാകും. കോൺഗ്രസ്സ് കാരനും കമ്മ്യൂണിസ്റ്റ്കാരനും ബീജേപ്പീകാരനും ഇനി ഒരു പാർട്ടിയും ഇല്ലാത്തവനും അരി എന്നൊരു സാധനം വേണമല്ലോ..? അതുകൊണ്ടു നമ്മൾക്ക് ഒരുമിക്കാം കേരളം സ്വയം പര്യാപ്തമാകട്ടെ.നമ്മുടെ വർദ്ധിച്ച ആവശ്യമാണ് അന്യ നാട്ടുകാരൻ അവന്റെ ബിസിനസ് വിപുലീകരണത്തിനു ഉപയോഗപ്പെടുത്തുന്നത്.യാതൊരു എത്തിൿസും ഇല്ലാത്ത തനി കച്ചവടം മാത്രം ചെയ്യുമ്പോൾ മാനുഷിക പരിഗണന പോലും ആർക്കും കിട്ടാറില്ല. അവിടെ ലാഭം മാത്രമാണ് ലക്ഷ്യം.അവിടെ വിഷം ചേർക്കുന്നതിനും അവരുടേതായ ന്യായം കാണും.

ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ മാത്രമെ വിജയം ഉണ്ടാകൂ. ജോലി സമയത്തു ഫുൾ മൊബൈലിൽ കളിക്കുന്ന ഒരു കൃഷി ഓഫീസറിനെ ഞാൻ കണ്ടിട്ടുണ്ട്. ജനത്തിന്റെ നികുതിപ്പണം തിന്നാൻ ഇങ്ങനെ ഒരു വർഗ്ഗത്തിന്റെ ആവശ്യം നമുക്കുണ്ടോ..?  എന്നാ വലിയ പുള്ളിയാണെങ്കിലും  പിടിച്ചു പൊക്കി അത്യാവശ്യം നാലഞ്ചു തേമ്പെങ്കിലും കൊടുക്കണം. ഇങ്ങനെ ഉള്ളവരാണ് ഡിപ്പാർട്മെന്റ്‌കളുടെ ശാപങ്ങൾ.
വാഴയുടെ അപ്പുറമാണ് നിയന്ത്രണ രേഖ...ച്ചാൽ മ്മടെ അതിര് 








ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർ ചെയ്യട്ടെ . അല്ലാത്തവർ വീട്ടിലിരിക്കട്ടെ. ഇതിനൊരു മറുവശം കൂടിയുണ്ട്. കുറെ നല്ല കൃഷി ഓഫീസർമ്മാർ വളരെ ഉത്സാഹത്തോടെ സേവനം ചെയ്യുകയും , നാട്ടിലിറങ്ങി മണ്ണിൽ പണിയെടുക്കുകയും ചെയ്യുന്നുണ്ട് .തുടക്കക്കാർക്ക് കൈത്താങ്ങായി നിൽക്കുകയും സഹായം കൊടുക്കുകയും ചെയ്യുന്നുണ്ട് .മൂന്നുനാലു കൃഷി ഓഫീസർമ്മാർ ചേർന്ന് കൃഷി തുടങ്ങിയ കാര്യം പത്രത്തിൽ  .വായിച്ചതോർക്കുന്നു
വള്ളിപ്പയർ 






സർക്കാർ സഹായങ്ങൾ അർഹതപ്പെട്ടവരിൽ എത്തണം. ചെറുകിടക്കാരെ പൊക്കിയെടുക്കണം. ഇടനില ചൂഷണം ഒഴിവാക്കണം. ക്രിയാത്മകമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. കാലഹരണപ്പെട്ടവ ഒഴിവാക്കണം. ചെറുപ്പക്കാരെ കൃഷിപ്പണിയിലേക്ക് ആകർഷിക്കണം. എങ്കിലേ നമ്മൾ രക്ഷ പെടുകയുള്ളു. മറിച്ചു മറുനാടന്റെ വിഷവും തിന്നു ഉള്ള പണമെല്ലാം കണ്ട ആശുപത്രിക്കാരനും കൊടുത്തു മുടിയാനാണ് തീരുമാനമെങ്കിൽ ഇങ്ങനെ തന്നെ അങ്ങുപോയാൽ മതിയാകും.
വള്ളിച്ചീര 

നമ്മുടെ അമിത ഉപഭോഗം കാരണം അന്യ നാട്ടുകാരൻ  വിഷം കലർത്തിയും മായം ചേർത്തും സാധനം ഇങ്ങോട്ടു കയറ്റി അയക്കുന്നു. നമ്മളോ, ഫോർമാലിൻ ഒക്കെ ചേർത്ത മീനൊക്കെ കഴിച്ചു നാക്കിന്റെ രുചിപോലും പോയ അവസ്ഥയിലും ആകുന്നു.  വിഷമടിച്ച പച്ചക്കറിയും പഴവും തിന്നു തിന്നു ഇനി ഒരുമാതിരിപ്പെട്ട കീടനാശിനിയൊന്നും കുടിച്ചാൽ നമ്മൾ ചത്തെന്നും വരില്ല. അതിർത്തികൾ അടച്ചപ്പോൾ, ഗുഡ്സ് വരാതായപ്പോൾ നമ്മളിൽ ചിലരെങ്കിലും ചിന്തിച്ചുകാണും മറുനാട്ടുകാരെ  നമ്മൾ എന്തുമാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നെന്നു..? പക്ഷേ  ആശാവഹമായ ചില നീക്കങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മൾ ഉൾപ്പടെ ചിലരെങ്കിലും സ്വന്തമായി കൃഷിചെയ്യാൻ തുടങ്ങി. നല്ല സൂചനയാണത്. നമ്മൾ വളം വാങ്ങാൻ ഔട്‍ലെറ്റിൽ ചെന്നപ്പോൾ അവിടെക്കണ്ട തിരക്ക് നല്ലൊരു സൂചനയാണ് . കൊറോണ നാളെ മാറും- അല്ല കൊറോണയുടെ കൂടെ ജീവിക്കാൻ നമ്മൾ പഠിക്കും...രണ്ടായാലും നമ്മൾ കുറച്ചു ഉത്സാഹിച്ചാൽ ഇവിടെ പച്ചപ്പിനെ പിടിച്ചുനിർത്താൻ കഴിയും.
 ആകെ പത്തെഴുപത് മൂട് ചേമ്പുണ്ട് 


അപ്പോൾ ഉള്ള സ്ഥലം വെറുതെ ഇടരുത് എന്തെങ്കിലും നടണം. മുളകായിക്കോട്ടെ ചീരയായിക്കോട്ടെ - മായമില്ലാത്ത ആഹാര സാധനം നമ്മൾക്ക് വിശ്വസിച്ചു കഴിക്കാമല്ലോ. കൊറോണക്ക് മുമ്പ് ഒരു തുമ്മൽ വന്നാലും നേരെ വെച്ചടിക്കും ആശൂത്രീൽ....! മൂക്കൊലിപ്പുമായി ചെന്നവൻ മേജർ ഓപ്പറേഷൻ കഴിഞ്ഞു ICU വിലും കിടന്നിട്ടു പുറത്തു വരും. പത്തുനാപ്പതു ദിവസം അടച്ചുപൂട്ടി അകത്തിരുന്നപ്പോൾ ഒരുത്തനും ഒരു അസുഖവും ഇല്ലായിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒരു രോഗിയും അഡ്മിറ്റായില്ല. മെഡിക്കൽ സ്റ്റോറിലും ആളുകുറഞ്ഞു. അല്ലാത്ത സമയങ്ങളിൽ ഈ മെഡിക്കൽ സ്റ്റോറൊക്കെ "മേടിക്കൽ" സ്റ്റോർ ആയിരുന്നല്ലോ.
കുപ്പി പാട്ട ചാക്ക് എല്ലാം കൃഷിക്കെടുത്തു 


അപ്പോൾ എവിടെയാണ് പ്രശ്നം...? വായനക്കാർ ചിന്തിക്കട്ടെ....! അല്ലാതെ എല്ലാം നമ്മളെക്കൊണ്ട് പറയിപ്പിക്കാതെ.....!????!!????  ഇനി ആശുപത്രി-കീടനാശിനി-മരുന്നുകമ്പനി മാഫിയ എങ്ങാനും ഇവിടെ സജീവമാകുകയാണോ.?  മറുനാടന്റെ വിഷം തിന്നാൻ ഇവിടെ ആളില്ലാതാകുമ്പോൾ കാര്യങ്ങൾ മാറിമറിയും. അയൽക്കൂട്ടങ്ങൾ സജീവമായപ്പോൾ പാണ്ടി ബ്ലേഡുകാരന്റെ വരവ് നിലച്ചതുപോലെ.
പിന്നെ നാടിനു ഒരു പ്രയോജനവുമില്ലാത്ത താരങ്ങളെ അല്ല മണ്ണിൽ പൊന്നു വിളയിക്കുന്ന മനുഷ്യരെയാണ്  ആദരിക്കേണ്ടത്....ഫിലിം അവാർഡ് ഒന്നു മുടങ്ങിയാൽ ആകാശം ഇടിഞ്ഞൊന്നും വീഴില്ല. കാരണം മഹത്വം മനസ്സിലാകാതെ പോകുന്നൊരു കൂട്ടരാണ് കൃഷിപ്പണിക്കാർ . ഇനി അങ്ങനെ ഉണ്ടാകാതിരിക്കട്ടെ . എല്ലാവരും ഉൽപ്പാദകരാകട്ടെ.... സഹകരണ സംഘങ്ങൾ ഉണ്ടാകട്ടെ....ഇടനിലക്കാരെ ഒഴിവാക്കി കൃഷിക്കാർക്കും പണിക്കാർക്കും പൂർണ്ണ പ്രയോജനം ലഭിക്കട്ടെ.....രാഷ്ട്രീയം നോക്കാതെ സർക്കാരുകൾക്ക് പൂർണ്ണ പിന്തുണ കൊടുത്തു കൃഷി വിജയിപ്പിക്കാം. കാരണം അന്നത്തിനു രാഷ്ട്രീയമില്ല.നമ്മൾക്കു നന്നായി രാഷ്ട്രീയം പറയാനറിയാം. പഠിച്ചതും പൊളിറ്റിക്കൽ സയൻസ് ആണ്. പക്ഷേ, ഇവിടെ ജന നൻമയും നാടിൻറെ വികസനവും ഐശ്വര്യവുമാണ് നമ്മുടെ ലക്ഷ്യം. അതിപ്പോ പിണറായി ആണേലും ചാണ്ടിച്ചൻ ആണേലും, വേണ്ട കുമ്മനം ആണേലും ഈ കാര്യത്തിൽ  നമ്മൾ രാഷ്ട്രീയം നോക്കാതെ പറയും സർക്കാരിനു പിന്തുണ കൊടുക്കാൻ.
പ്ലാസ്റ്റിക് കവറുകളിലും തൈകൾ പാകി മുളപ്പിച്ചു 




അങ്ങനെ നമ്മൾ പറഞ്ഞു വന്നത് നോം ഒരു ചെറുകിട ഇടത്തരം നാമമാത്ര കർഷകൻ കം പണിക്കാരൻ ആയ കാര്യമാണ്. ദേഹം അനങ്ങി പണിതാൽ രണ്ടുണ്ട് ഗുണം. നല്ല വ്യായാമവും കിട്ടും പിന്നെ ഞ്ഞം ഞ്ഞം വെക്കാനുള്ള വഹയും കിട്ടും. നമ്മൾ ഏതാണ്ടൊക്കെ നട്ടുവെച്ചിട്ടു നാട്ടുകാരോട് വിളിച്ചു പറഞ്ഞു വെല്യ പുള്ളി ചമയുകയാണെന്നൊന്നും തെറ്റിദ്ധരിക്കരുത് ബ്ലീസ്‌....!
ചതിക്കരുത് ബ്ലീസ്‌...! ഗൾഫ് രാജ്യങ്ങളിൽ മാന്യമായി ജോലിയെടുത്തിരുന്ന ചിലരെങ്കിലും ഇപ്പോൾ നാട്ടിൽ കൃഷിയുമായി സജീവമാണ്. മീൻ വളർത്തുന്നവരുണ്ട്. കുമ്പളം കൃഷിചെയ്യുന്നവരുണ്ട്. പച്ചക്കറിയുടെ മേഖലയിലാണ് പലരും കൈ വെച്ചിരിക്കുന്നത്.എന്തായാലും സംഗതി കൊള്ളാം.






ആദ്യത്തെ സ്റ്റാർട്ടിങ് ട്രബിൾ ഒക്കെ മാറി. അടുത്ത വർഷം കുറച്ചുകൂടി പ്രായോഗിക അറിവും വെച്ചുകൊണ്ടു പണിക്കിറങ്ങാനുള്ള   തന്റേടം നമ്മൾക്കു കിട്ടി. ഇപ്പോൾ നമ്മളെപ്പോലുള്ള തുടക്കക്കാർക്ക് നമ്മുടേതായ രീതിയിലുള്ള നിർദേശങ്ങൾ  കൊടുക്കാനും കഴിയും. ക്രിയേറ്റിവിറ്റി.... ക്രിയേറ്റിവിറ്റി. അതായത് ഉത്തമാ, കണ്ടം വിറ്റു കാളയെ വാങ്ങരുത്.. കണ്ടം ഉണ്ടെങ്കിലേ കാളയെക്കൊണ്ട് ആവശ്യം വരൂ. പിന്നെ അയൽവാസിയുടെ പറമ്പിലെ പുല്ലു കണ്ടിട്ടു ഇങ്ങള്  കാളയെ വാങ്ങുകയും ചെയ്യരുത്. പറഞ്ഞില്ലെന്നു വേണ്ട . പിന്നെ നമ്മൾ ടൺ കണക്കിന് കപ്പ പറിച്ചു വിൽക്കുന്ന നേരത്തു  നീ വാ മോനെ, വന്നു ഒന്നോ രണ്ടോ കിലോ കപ്പയും വാങ്ങി പോ....!!! പോകുന്ന വഴിയിൽ രണ്ടു കാന്താരി മുളകും കൂടി പറിച്ചോ.....കപ്പക്ക് നല്ലതാ.!!!!  തൈരും കൂട്ടി മിണുങ്ങാം......!


വാൽക്കഷ്ണം

ആരോ എവിടെയോ പറയുന്നതു കേട്ടു.മീൻ വളർത്തലിന് സർക്കാർ 6000 രൂപ സബ്സിഡി കൊടുക്കുന്നുണ്ടെന്നു.
കേട്ട പാതി നമ്മുടെ സഹൃദയൻ പഴയ ഫ്രിജ് മറിച്ചിട്ടു മീൻ വളർത്തൽ തുടങ്ങിയിരിക്കുന്നു.
അപ്പോ, ലോണെടുത്തു  വലിയ പടുതാക്കുളത്തിലും മറ്റും ആഫ്രിക്കൻ മുഷിയും കാരിയും വാളയുമൊക്കെ വളർത്തുന്നവർ ആരായി ?!?!?!    



മ്മക്ക് സ്വന്തമായിട്ട് ഇൻസ്റ്റഗ്രാമും മറ്റുമുണ്ട്.ലിങ്കുകളും മറ്റും താഴെ.....


https://www.instagram.com/janoshkjohn


"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...