Friday, May 28, 2021

പാലസ്തീൻ മിസൈലും പാമ്പാടി പാച്ചനും...

പണ്ടൊരിക്കൽ

അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൺ ഡൽഹിയിൽ വന്നു. ക്ലിന്റണെ ഇഷ്ടമില്ലാത്ത നമ്മുടെ കട്ടപ്പനയിലുള്ള ഒരു കട്ട കലിപ്പൻ  ചേട്ടൻ അടുത്തു കണ്ട മാടക്കടയുടെ പലകയിൽ കരിക്കട്ടകൊണ്ട് എഴുതി "ക്ലിന്റൺ ഗോ ബാക്ക്...."  




ആവശ്യമില്ലാത്ത കാര്യങ്ങളിൽ വല്ലാതങ്ങു ഇടപെടുക....! ഞാനൊരു മഹാ പണ്ഡിതനാണെന്നു വരുത്തി വെക്കുക.......!കാര്യമറിയാതെ വെറുതെ വൈകാരികമായി പ്രതികരിക്കുക.....! ഭക്തി മൂത്തു വട്ടായി മാറുക.....! ഇതൊക്കെയാണ് ഇന്നത്തെ ആവറേജ് മലയാളിയുടെ ഹോബികൾ.ചിലർ ഇന്റർനാഷണൽ കാര്യങ്ങളിൽ മാത്രമേ ഇടപെടൂ. ചുരുക്കത്തിൽ നായ നടന്നിട്ടു കാര്യമൊന്നുമില്ല പക്ഷേ നായക്ക് ഇരിക്കാൻ നോ ടൈം..... 

കോറോണയും ലോക്ക് ഡൗണും ഒക്കെ ഇവരുടെ സാമാന്യ ബോധത്തിന്റെ ഐ സി അടിച്ചു കളഞ്ഞോ എന്നും സംശയിക്കുന്നു. സമനില തെറ്റിയാൽ എന്തും സംഭവിക്കാമല്ലോ. മലയാളി ഇടപെടാത്ത കാര്യങ്ങളില്ല. സൂയസ് കനാലിൽ ചരക്ക് കപ്പൽ കുടുങ്ങിയപ്പോൾ, ഒരു വള്ളത്തിൽപ്പോലും കയറാത്ത നമ്മുടെ ചേട്ടൻമ്മാർ ധാർമ്മികമായി ഒത്തിരി രോധിച്ചു...! നരേന്ദ്രമോദിയുടെ പണിയാണെന്നും  പിണറായി രാജിവെക്കണമെന്നുപോലും പറഞ്ഞു  പണ്ഡിത കുണ്ഠിതൻമ്മാർ അറഞ്ചം പുറഞ്ചം വാൾ വീശി. കുടുങ്ങിപ്പോയ കപ്പൽ അവിടെ നിന്നും മാറ്റുന്നതുവരെ ഇവിടെ വാൾ പയറ്റുകൾ മുറയ്ക്ക് നടന്നു. 


വായിക്കുന്നതിനു മുമ്പ് ഒന്നു ശ്രദ്ധിക്കുമല്ലോ...

ഞാൻ ഇന്ത്യയിൽ ജീവിക്കുന്ന ഒരു മനുഷ്യനാണ്. ശാസ്ത്രീയമായി പറഞ്ഞാൽ "അൽ ജീവിയാനാ ഇന്ത്യാന......"  ഇന്ത്യ കഴിഞ്ഞിട്ടേ നമ്മൾക്കു മറ്റൊരു രാജ്യമുള്ളു. പണ്ടു സ്കൂളിൽ ചൊല്ലിയ പ്രതിജ്ഞ വെറുതെ  ഓർക്കുന്നത് നല്ലതാണു. വേറൊരു രാജ്യത്തോട് നമ്മൾക്ക് കട്ടക്കലിപ്പോ അതി വിധേയത്വമോ അതി വൈകാരികതയോ ഒന്നുമില്ല. മനുഷ്യരെല്ലാം ഒന്നാണല്ലോ. പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു എന്നേയുള്ളു.  ഈ ഒരു കാര്യം മനസ്സിൽ വെച്ചുകൊണ്ട് വേണം താഴേക്കു വായിക്കാൻ.നമ്മൾ ആരുടെയും വക്കാലത്തു എടുക്കാൻ വന്നതുമല്ല.... 


ഇങ്ങനെ കാര്യങ്ങൾ പഞ്ഞമില്ലാത്ത നടന്നുവരവേ, 2021 മെയ് മാസം....  അതാ പലസ്തീനിൽ നിന്നും ഒരു മിസൈൽ ഇസ്രായേലിലേക്ക് ഹമാസ് കത്തിച്ചു വിട്ടിരിക്കുന്നു. ഗാസയിൽ സംഘർഷം....മലയാളി അടങ്ങി ഇരിക്കുമോ...? ഉടനെ ഫേസ്ബുക്കിൽ രണ്ടു പക്ഷമായി തിരിഞ്ഞു മലയാളിചേട്ടൻമ്മാർ വാണവും കൊണ്ടിറങ്ങി. ഈ മലയാളി ചേട്ടൻമ്മാർ എന്നു പറയുമ്പോൾ എല്ലാവരെയും ഉൾപ്പെടുത്തുന്നില്ല, തലയ്ക്കു അൽപ്പ മന്ദതയും, സ്വല്പ വിവരക്കേടും ആവേശവും നോർമൽ മത ഭ്രാന്തും  എടുത്തുചാട്ടവുമൊക്കെയുള്ള ബ്ലഡി  ഗ്രാമവാസീസ് എന്നൊരു കൂട്ടത്തെ മാത്രമാണ് നമ്മൾ നിരീച്ചിക്കുന്നത്...!!?!!



അവർ സ്വന്തമായി പോസ്റ്ററുകളും മറ്റും സ്ഥാപിച്ചു. ഐ സ്റ്റാൻഡ് വിത്ത് ഇസ്രായേൽ, ഐ  സ്റ്റാൻഡ് വിത്ത് പലസ്‌തീൻ. കളിയറിയാത്ത കുറെ കാഴ്ചക്കാരും പിന്നാലെ കൂടി. ബൈബിൾ വിശ്വസിക്കുന്ന കുറെ ചേട്ടൻമ്മാർ, തങ്ങളുടെ ബൈബിളിൽ ഇസ്രായേലിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതിനാൽ ഇതേതോ ഭക്തി വിഷയമാണെന്നു തെറ്റിദ്ധരിച്ചു പ്രാർത്ഥനയും ഉപവാസവുമൊക്കെയായി ദിവസങ്ങൾ തള്ളിയും തള്ളാതെയും നീക്കി.ചിലർ വിചാരിച്ചു ലോകം അവസാനിക്കാൻ പോകുകയാണെന്ന്.ഇനി എന്തൊക്കെയാണ് അവിടെ നടക്കാൻ സാദ്ധ്യത ഉള്ളതെന്ന് ചിലർ എഴുതി. പലരുടെയും ഭക്തി കലശലായി.പേടിച്ചിട്ടെങ്കിലും ഒന്നു മര്യാദയാകുമല്ലോ ചിലർ...അങ്ങനെയും ചിലത് സംഭവിച്ചു. 



മഴ നനയാതിരിക്കാൻ പോലും സ്കൂളിന്റെ തിണ്ണയിൽ കയറിയിട്ടില്ലാത്ത ചേട്ടനും ആരുടെയോ അടിച്ചുമാറ്റിയ പോസ്റ്റർ തന്റെ പേരുവെച്ചു ഇംഗ്ളീഷിൽ സ്ഥാപിച്ചു....ഐ സ്റ്റാൻഡ് വിത്ത് ഇസ്രായേൽ ഫോറെവർ....ഐ സ്റ്റാൻഡ് വിത്ത് പാലസ്റ്റീൻ ഫോറെവർ....ഒരു വട്ടത്തിനകത്തു ചേട്ടന്റെ ചേന ചെത്തിയ പോലുള്ള മുഖവും. ഇന്ത്യയെ അവർ സഹായിച്ചിട്ടുണ്ട്..കാർഗിലിൽ വെക്കാനുള്ള വെടിയുണ്ട തന്നത് ഇവരാണ്..കൊറോണ സമയത്തു ഇവരുടെ സഹായം കിട്ടിയിരുന്നു.പെർഫെക്റ്റ് ഓക്കേ..ഇതൊക്കെയായിരുന്നു  അതി വികാര പരവശരുടെ വാക്കുകൾ.ജൂതൻമാർ ഭയങ്കര പുള്ളികളാണ്...ഒടുക്കത്തെ തലയാണ്..കുറച്ചുപേരുടെ ലൈൻ ഇതായിരുന്നു.സംഗതിയൊക്കെ ശരിയുമാണ്.ലോക പ്രശസ്തരായ അനേകം ജീനിയസ് ആളുകൾ ജൂതൻമാരായിട്ടുണ്ട്. സംഘർഷം നടക്കുന്ന സമയത്തും നമ്മൾക്കു സഹായം തന്നവരാണ് ജൂതൻമ്മാർ. നമ്മുടെ വിഷയം അതൊന്നുമല്ല, ഫേസ്ബുക്കുവഴി   ഒരു കാര്യവുമില്ലാതെ ഞെളിയുന്ന ഞെളിയൻമ്മാരുടെ പിടലിയുടെ  ഞരമ്പ് നോക്കി രണ്ടെണ്ണം കൊടുക്കുകയാണ്  നമ്മളുടെ ലക്ഷ്യം.ഇവിടെക്കിടന്നു വല്യവായിൽ നിലവിളിച്ചിട്ടു എന്താണ് കാര്യം...?  


ഇസ്രയേലും പാലസ്റ്റീനുമൊന്നും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കഥകളും വിവരണങ്ങളും ഉപമകളും ലൈവുകളും വിഡിയോകളും എഴുത്തുകളും കൊണ്ടു ഫേസ്ബുക് ശ്വാസം മുട്ടി. ഇസ്രായേൽക്കാർ ദൈവജനവും മറ്റുള്ളവർ ഭീകരവാദികളും,അല്ല പാലസ്റ്റീൻ നല്ലവരും ഇസ്രായേൽ മോശം പിള്ളേരുമായി ചിത്രീകരിച്ചുകൊണ്ടു ഫേസ്ബുക് ജുദ്ധം കൊടുമ്പിരികൊണ്ടു. നമ്മൾ നിരീച്ചപ്പോൾ ക്രിസ്ത്യൻ നാമധേയത്തിലുള്ള പുള്ളികൾക്കായിരുന്നു ആവേശം കൂടുതൽ. ഇസ്രായേൽ (ജൂതൻമാർ) ദൈവത്തിന്റെ സ്വന്ത ജനം എന്നു ബൈബിളിൽ പറയുന്നുണ്ടത്രേ. നല്ല കാര്യം- ദൈവത്തിന്റെ സ്വന്ത ജനം എന്നൊക്കെ പറയുന്നത് ഒരു നല്ല കാര്യമല്ലേ. പക്ഷേ, ഈ ബൈബിളിൽ തന്നെ, യേശു ജൂതനും മറ്റുള്ളവരും തമ്മിലുള്ള വിഭാഗീയതയുടെ മതിൽ  ഇടിച്ചു കളഞ്ഞു എന്നും, ഇനി ജൂതനെന്നോ യവനനെന്നോയുള്ള വ്യത്യാസം ഇല്ലെന്നും, ദൈവത്തെ അറിഞ്ഞ എല്ലാവരും ദൈവത്തിന്റെ സ്വന്ത ജനമാണെന്നും പറഞ്ഞിട്ടുണ്ട്. ഇസ്രായേലിലെ ജൂതരും പാലസ്റ്റീനിലെ അറബികളും എല്ലാം മനുഷ്യരാണെന്നു ചിന്തിച്ചാൽ തീരാവുന്ന കാര്യമേയുള്ളു.


വളരെ പെട്ടന്നാണ് ഇസ്രായേൽ പലസ്‌തീൻ ചരിത്ര പണ്ഡിതൻമാർ കളം കളറാക്കിയത്. ഫേസ്ബുക്കിൽ കയറുന്നവനെല്ലാം-ദദായത്-സ്‌മോൾ ബോട്ടിലും ഇടത്തരം ബോട്ടിലും ഫാമിലി ബോട്ടിലും എല്ലാം പണ്ഡിത കുണ്ഠിത ശിരോമണികളായി വിലസി. മിനിട്ടുകൾക്ക് ഇടവിട്ട് കേരളത്തിലെ ഫേസ്ബുക്കിൽനിന്നും വാചക മിസൈലുകൾ-മ്മടെ ഭാഷയിൽ പറഞ്ഞാൽ  എലി വാണങ്ങൾ പാലസ്റ്റീനിലേക്കും ഇസ്രയേലിലേക്കും പാഞ്ഞു. കുറച്ചു പണ്ഡിതൻമാർ ലൈവ് ഇട്ടു. കാരണം ഇവരുടെ കുഞ്ഞമ്മേടെ മക്കളാണല്ലോ  നെതന്യാഹുവും മെഹമൂദ് അബ്ബാസും . ഓരോരുത്തരും അവരുടെ വീട്ടിലിരുന്നു ഈ രാഷ്ട്രങ്ങളെ നിയന്ത്രിച്ചുകൊണ്ടിരുന്നു. ചിലരുടെ പ്രൊഫൈൽ പോലും ഈ രാജ്യങ്ങളുടേതായി മാറി. ലോകത്തു നടക്കുന്ന ഏതു സംഭവവും സ്വന്തമായി ഏറ്റെടുക്കുന്ന അസുഖം  പണ്ടുതൊട്ടേ ഉള്ളതിനാൽ ഒരു പിന്തുണ മത്സരമായിരുന്നു ഫേസ്ബുക്കിൽ. എന്തു ചെയ്യണമെന്നു നോക്കിയിരിക്കുന്ന  കുറെ മണകൊണാഞ്ചൻമ്മാർ ഈ രാജ്യങ്ങളെക്കുറിച്ചു ആധികാരികമായി സംസാരിച്ചു തുടങ്ങി. രാഷ്ട്രീയക്കാർ അവരുടെ ഭാഗവും പൂരിപ്പിച്ചു.


ഇസ്രയേലിനെക്കുറിച്ചു അറിയേണ്ടതെല്ലാം...
ഇസ്രയേലിനെ തൊടരുത്..... 
പാലസ്റ്റീനിൽ എന്ത് നടക്കുന്നു....? 
മിസൈൽ കത്തിച്ചു വിടുന്നതെങ്ങനെ...?  
മിസൈലുകൾ എന്തിനെ കാണിക്കുന്നു...? 
ഗ്യാസ് ലൈറ്റർ കൊണ്ട് മിസൈലിന്റെ മൂട്ടിൽ തീ പിടിക്കുമോ.
പണ്ടു  ഇടുക്കി ഡാമിന്റെ ഷട്ടർ പൊക്കിയപ്പോൾ വെള്ളം വരുന്ന വഴി മനോരമ ഗ്രാഫ് വരച്ചതുപോലെ, മിസൈൽ പൊങ്ങുന്ന വഴിയും അതിന്റെ കൂടെ കുറെ മതസംഹിതയും എല്ലാമായി സോഷ്യൽ മീഡിയയിൽ മുഖമുള്ളവരും ഇല്ലാത്തവരുമെല്ലാം അഴിഞ്ഞാടി. ഇസ്രയേലിനെ ആയിരുന്നു പലർക്കും താൽപ്പര്യം . പണ്ടു മട്ടാഞ്ചേരിയിൽ വന്ന ജൂതന്റെ അളിയൻമ്മാരായി കുറച്ചുപേർ വേഷം കെട്ടി. സ്വന്തം കുടുംബ കാര്യം പറയുന്ന ഗൗരവത്തിലായിരുന്നു ചില പുള്ളികളുടെ വകുപ്പ്. ഇത്രയും രാജ്യ സ്നേഹം ഇന്ത്യയോടു  ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയെ ചൈനയോ പാകിസ്ഥാനോ ചൊറിയാൻ വരില്ലായിരുന്നു. 



ഇനി അൽപ്പം കണക്കുകൾ നോക്കാം. 
ഇസ്രായേലിലെ അകെ ജനസംഖ്യയിൽ 74.2 % ജൂതരും,  
20.9 % അറബികളും,  
4.8 % മറ്റുള്ളവരുമാണ്. 
മതപരമായി നോക്കിയാൽ - 74.2 % യഹൂദ മതം, 
17.8 % ഇസ്ലാം മതം, 
2.0 % ക്രൈസ്തവർ, 
1.6% ഡ്രൂസ്,  4.4 % മറ്റുള്ളവർ.
ഇതാണ് സീൻ. നമ്മുടെ ചെറിയ നിരീക്ഷണത്തിൽ രണ്ടുകൂട്ടരും നല്ല മനുഷ്യരാണ്. ഇവരെ തമ്മിൽ അടിപ്പിച്ചു ചോര കുടിക്കാൻ തക്കം നോക്കിയിരിക്കുന്ന മറ്റു പലരാണ് യഥാർത്ഥ പ്രശ്നക്കാർ. എന്നാൽ സോഷ്യൽ മീഡിയകളിൽ വരുന്ന തള്ളുകളിൽ ഒരു കൂട്ടർ പക്കാ തീവ്ര വാദികളാണെന്നു പറയുന്നു. കാര്യത്തിന്റെ കിടപ്പുവശം അറിയാതെയുള്ള മുറി അറിവ് വെച്ചു താങ്ങുന്നതാണ്. അനേക വർഷങ്ങളുടെ പഴക്കമുള്ള പ്രശനമാണിത്. എന്നാലും ഒരു മേശക്കു ചുറ്റുമിരുന്നു പറഞ്ഞാൽ തീരുന്ന കാര്യമേയുള്ളു. വരുന്നവനും പോകുന്നവനുമെല്ലാം കേറി വിഷയം വഷളാക്കുന്നതാണ് പ്രശ്ന പരിഹാരം ഇങ്ങനെ അനന്തമായി നീളുന്നത്.


രണ്ടു ജനതകൾ തമ്മിൽ വർഷങ്ങളായുള്ള പ്രശ്നത്തെ സ്വന്തം വീട്ടുകാര്യം പോലെ പലരും എടുത്തിട്ട് കീറുകയാണ്.  ഫേസ്ബുക്കിൽ ഇങ്ങനെയുള്ള ചില പണ്ഡിതൻമ്മാരോട് ഒന്നു മുട്ടിനോക്കി. പലരും വൈകാരികമായി പ്രതികരിക്കുകയാണ്. മനുഷ്യനായി ഭൂമിയിൽ ജനിച്ചവരെല്ലാം ഒന്നുകിൽ പാലസ്റ്റീനെ അല്ലെങ്കിൽ ഇസ്രയേലിനെ പിന്തുണച്ചേ പറ്റൂ എന്നാണവരുടെ ലൈൻ. കാര്യം എന്താണെന്നു എടുത്തു ചോദിച്ചാൽ ഇതാണ് മറുപടി. അവർ ദൈവത്തിന്റെ സ്വന്ത ജനമാണ് പോലും. അതിനു എനിക്കെന്താ ഞാൻ എന്റെ കാര്യം നോക്കിയാൽ പോരെ. ഏറ്റുമുട്ടലുകൾക്കിടയിൽ ചിതറിത്തെറിക്കുന്ന മനുഷ്യ ദേഹങ്ങൾകണ്ടു ഏത് ദൈവത്തിനാണ് സന്തോഷം..കൂടുതൽ മനുഷ്യർ മരിച്ചാൽ കൂടുതൽ ദൈവ പ്രസാദം ഉണ്ടാകുമോ..? ഒരുത്തനും അതിനു മറുപടിയില്ല. 



നിലവിലെ അറിവ് വെച്ച് ഇരു ജനതയുടെയും ആക്രമണത്തിൽ നിരപരാധികളായ കുഞ്ഞുങ്ങൾ അടക്കം അനേകർക്കു ജീവൻ നഷ്ടപ്പെട്ടു. രണ്ടു കൂട്ടർക്കും ആൾ നഷ്ടം സംഭവിക്കുന്നു. അനേകർ മുറിവേൽക്കുന്നു. കിടപ്പാടം നഷ്ടമാകുന്നു. ഇരു കൂട്ടരുടെയും ആക്രമണത്തിൽ പെട്ടു ജീവൻ നഷ്ടമായവരെ ഇനി തിരിച്ചു കിട്ടുമോ ...? അതിനു പരിഹാരമായി എന്താണ് ചെയ്യേണ്ടതെന്ന് അവരാണ് തീരുമാനിക്കേണ്ടത്, അതായത് യുദ്ധം വേണോ സമാധാനം വേണോ എന്ന്. അതല്ലാതെ ഇവിടെ കേരളത്തിൽ ഏതെങ്കിലും ഒരു കാട്ടിൽക്കിടന്നു ഞാൻ ഇസ്രയേലിന്റെ കൂടെ  ഞാൻ പാലസ്റ്റീനിന്റെ കൂടെ എന്നൊന്നും വാണം പൊക്കിയിട്ടു ഒന്നും സംഭവിക്കാൻ പോകുന്നില്ല. വികാരം കൊള്ളാം എന്നു മാത്രം. നമ്മുടെ പല പ്രിയപ്പെട്ടവരും ഈ സ്ഥലങ്ങളിലൊക്കെ ജോലിക്കായി പോയിട്ടുണ്ട്. അവർ സുരക്ഷിതരായിരിക്കണം. അവർക്കു സമാധാനമായി ജീവിക്കാനുള്ള അവസരം സംജാതമാകണം. ജോലിയിൽ സുരക്ഷ ഉണ്ടാകണം  ആളപായമൊന്നും സംഭവിക്കരുത്. ഇതൊക്കെയാണ് ഒരു സാദാ  മനുഷ്യൻ ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും. അല്ലാതെ ഗ്രൂപ്പ് തിരിഞ്ഞു തെറി വിളിയും, പിന്തുണ മത്സരവുമല്ല വേണ്ടത്. 



നമ്മുടെ കഥയിലെ  പാത്രങ്ങൾ രണ്ടും വിദേശ ശക്തികളാണ്. രാജ്യങ്ങൾ തമ്മിലുള്ള പിണക്കങ്ങൾക്കു പരിഹാരമായി യു എൻ പോലുള്ള സമിതികളും, അനുനയത്തിനായി മറ്റു രാജ്യങ്ങളും ശ്രമിക്കും. അതല്ല കേസ് കളിക്കാനാണ് പരിപാടിയെങ്കിൽ ഇന്റർനാഷണൽ കോടതികളും നിലവിലുണ്ട്. ഒരു യുദ്ധം ഒഴിവാക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.  ഇവിടെ കേരളത്തിൽ അങ്ങനെയല്ല ആരുടെ കാര്യം വേണമെങ്കിലും ഏറ്റെടുക്കും.ഫേസ്ബുക്കിലെ ഏറ്റെടുപ്പല്ലേ വേറെ ചെലവൊന്നുമില്ലല്ലോ.പിന്നെ  ചുമ്മാതെ കിടന്നു വായിട്ടലക്കും അവസാനം തേഞ്ഞു തീരുകയും ചെയ്യും. 


ആവേശക്കൊടുമുടിയിൽ നിന്ന ഒരു പണ്ഡിതൻ നമ്മുടെ പോസ്റ്റിനു താഴെ ചൊറിയാൻ വന്നു. മറ്റുള്ള പിന്തുണ രോഗക്കാരെയും കൂട്ടുപിടിച്ചു ഷോ കാണിക്കാൻ വന്നതായിരുന്നു. എന്നെ കുറെ ഉപദേശിച്ചു...ഞാൻ അവസര വാദിയും ഫെലിസ്ത്യരുടെ ബന്ധുവും ആണത്രേ. ആരാണപ്പാ ഈ ഫെലിസ്ത്യർ.? പറയാം, സംഗതി ബൈബിളാണ്. ദൈവത്തിന്റെ സ്വന്ത ജനമായ ഇസ്രായേലിനു എതിരായി നിന്ന  പുള്ളികളാണ് ഈ ഫെലിസ്ത്യർ..കാരണം ഞാൻ ഇസ്രായേലിനു അനുകൂലമായി പോസ്റ്റ് ഇട്ടില്ല,  മാത്രവുമല്ല...രണ്ടു സൈഡിലുമുള്ള  പിന്തുണ പോസ്റ്റുകാരെയും  "ആക്കി" പ്രതികരിച്ചിട്ടുമുണ്ട്. അതാണ് കുണ്ഡിതനെ പ്രകോപിപ്പിച്ചത്. ആളെ  നല്ല ഒതുക്കത്തിൽ കിട്ടി. വയറുനിറച്ചു കൊടുത്തു ,വീട്ടിൽ കൊണ്ടുപോയി കഴിക്കാൻ പാഴ്‌സലും പൊതിഞ്ഞു കൊടുത്തു. ആവശ്യത്തിനു കിട്ടിയപ്പോൾ പണ്ഡിതന്റെ പാണ്ഡിത്യം ചിതറിയോടി.Thats right എന്നെഴുതി മുങ്ങി.പിന്നെ ഇതുവരെ ആളെ കണ്ടിട്ടില്ല.



സാക്ഷരതയിൽ ഇന്ത്യയിലും ലോകത്തിൽത്തന്നെ മുൻ പന്തിയിലും നിൽക്കുന്നവരാണ് നമ്മൾ മലയാളികൾ. ചില പ്രത്യേകതരം മനോരോഗങ്ങൾക്കും നമ്മൾ ഒട്ടും പിന്നിലല്ല. ലോകത്തു എന്തു നടന്നാലും മലയാളി അതിൽ തലയിടും. വല്യ കാര്യമൊന്നും നേടാനല്ല ..അതാണ് സ്വഭാവം. നോക്കൂ ഒന്നും രണ്ടും ഗൾഫ് വാർ നടന്നപ്പോൾ അതിനെക്കുറിച്ചു ഏറ്റവും കൂടുതൽ ചർച്ചകളും വ്യാഖ്യാനങ്ങളും നടന്നത് മലയാളികൾക്കിടയിലായിരുന്നു. ഒരു സമാധാനം മാത്രം, അന്ന് ഫേസ്ബുക്കും വാട്സാപ്പും വന്നിട്ടില്ല . (ഇതിന്റെ കൊണാണ്ടർ അന്ന് നഴ്‌സറിയിലോ മറ്റോ പഠി ക്കുന്നതേയുള്ളു) .ട്രംപിന്റെ തെരഞ്ഞെടുപ്പ്. 
ബ്രിട്ടനിലെ കൊട്ടാരത്തിൽ കൊച്ചു ജനിക്കുന്നത്...
ആഗോള താപനം....
പ്രളയം....
ആമസോൺ കാട്ടിലെ  ആഞ്ഞിലിത്തടി കച്ചവടം ....
അന്റാർട്ടിക്കയിലെ പെൻക്വിന്റെ പ്രജനനം....
ആംഗല മെർക്കലിന്റെ കമ്മൽ....
കിങ് ജോംഗ് ഉന്നിന്റെ പെങ്ങളുടെ കല്യാണക്കാര്യം.
നാസയിലെ റോക്കറ്റ് വിക്ഷേപണം...
ഇതിനെല്ലാം അഭിപ്രായം പറയാനും വാചകം അടിക്കാനും ഗ്രൂപ്പ് തിരിഞ്ഞു തല്ലാനും തെറി വിളിക്കാനും, കേൾക്കാനും എന്നും മുന്നിൽ മലയാളികൾ തന്നെ. പിന്നെ ഭക്തി മൂത്തു ഭ്രാന്തായാൽ എന്തും സൂപ്പർ ഹിറ്റായി.....ആ ടൈപ്പ് മത ഭ്രാന്തൻമാരുടെ വിഹരിക്കൽ അതുവേറെ.



പാലസ്റ്റീൻ പിന്തുണക്കാരേക്കാൾ മിടുക്കു കാണിച്ചത് ഇസ്രായേൽ അനുകൂലികളായിരുന്നു..എന്നെ ക്രൂശിക്കാൻ വന്നവരും ഇസ്രായേലികളായിരുന്നു. ലോക്ക് ഡൗൺ അല്ലേ....?  .എന്തെങ്കിലുമൊക്കെ  ചെയ്യട്ടെ. രണ്ടു ജനതകളെയും മനുഷ്യർ എന്ന നിലയിൽ എനിക്ക് ഇഷ്ടമാണ്. അല്ലാതെ യാതൊരു ചായ്‌വും നമ്മൾക്കില്ല. രണ്ടു ജനതകൾ തമ്മിലുള്ള ചരിത്രപരമായ പ്രശ്നങ്ങൾക്കു ഉത്തരം കൊടുക്കാൻ നമ്മൾ ആരുമല്ല.എന്നാൽ  ഈ ജനതകളെ ഫേസ്ബുക്കുവഴി നിയന്ത്രിക്കുന്ന വേട്ടാവളിയൻമ്മാരെ കണ്ടു വെറുത്തു , അതുകൊണ്ടാണ് ഈ ബ്ലോഗ് നമ്മൾ ഇങ്ങനെ എഴുതിയത്.  ഇവന്മ്മാർ എന്തോ ഫേസ്ബുക്കിൽ മലമറിച്ചാൽ എന്തൊക്കെയോ സംഭവിക്കുമെന്നാണ് വെയ്പ്പ്. യേശുവിനെ ക്രൂശിച്ച സമയത്തു ഫേസ്ബുക് ഇല്ലാതിരുന്നത് ഭാഗ്യം, അല്ലെങ്കിൽ ഫേസ്ബുക് വഴി പീലാത്തോസിനെ നിർത്തി കത്തിച്ചേനെ . അന്നും വരും ഐ സ്റ്റാൻഡ് വിത്ത് യേശു..ഐ  സ്റ്റാൻഡ് വിത്ത് പീലാത്തോസ് ഫോറെവർ  ദുരന്തങ്ങൾ. ഇനി  ചോദ്യം ക്രിസ്ത്യൻ നാമധാരികളായ മലയാളി സപ്പോർട്ട്  ജൂതൻമാരോടാണ്...

നിങ്ങൾ ഇസ്രായേൽ എന്ന രാജ്യത്തിന് സപ്പോർട്ട് കൊടുത്തത് കേവലം വൈകാരികതയുടെ പേരിലാണോ....?

നിങ്ങളുടെ സപ്പോർട്ട് അവിടുത്തെ ഭൂരിപക്ഷമായ-യേശു പോലും വെറുത്ത-യഹൂദാ മതത്തിനാണോ അതോ രണ്ടു ശതമാനം വരുന്ന ക്രിസ്ത്യൻസിനോ..?

ദൈവത്തിന്റെ സ്വന്ത ജനത്തിന് ഫേസ്ബുക്കുവഴി സപ്പോർട്ട് കൊടുത്തില്ലെങ്കിൽ നരകത്തിൽ പോകുമെന്നു പേടിയുണ്ടോ..?

തെറ്റ് ആര് ചെയ്താലും അത് തെറ്റെന്നു പറയാനുള്ള ബുദ്ധിമുട്ടുണ്ടോ...?

ഗാസയിൽ വെടി നിർത്തിയപ്പോൾ എന്താണ് നിങ്ങൾ പ്രൊഫൈലുപോലും പഴയതാക്കി പൊയ്ക്കളഞ്ഞത്..

നിങ്ങളുടെ അടുത്ത വെടിയും മിസൈലും ഇനി എന്നാണ് പൊക്കുന്നത്..?

ഇസ്രായേലിനു സപ്പോർട്ട് ചെയ്യുന്നവരെല്ലാം റിയൽ ക്രിസ്ത്യാനിയും അല്ലാത്തവർ പാപികളുമാണെന്നു കരുതുന്നുണ്ടോ...?

നിങ്ങളുടെ പോസ്റ്റുകൾ കണ്ടിട്ടാണ് നെതന്യാഹുവും മെഹ്‌മൂദ് അബ്ബാസും  കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് കരുതുന്നുണ്ടോ...?

ഇതെല്ലാം വെറും ട്രെൻഡിന്റെ കളിയാണെന്നു ഇതുവരെ മനസ്സിലായില്ലേ..?

ഇസ്രയേലും പാലസ്റ്റീനും തമ്മിൽ "ഇപ്പോൾ" നടത്തുന്ന പ്രശ്നങ്ങൾക്കു ക്രൈസ്തവ വിശ്വാസവുമായി യാതൊരു ബന്ധവും ഇല്ലെന്നു അറിയില്ലേ...?

എല്ലാവരും തള്ളുന്നതിന്റെ കൂടെ നിങ്ങൾ വെറുതെ തള്ളിയതല്ലേ...? 



ഗാസയിലോ ഇസ്രയേലിലോ ഒരു നിരപരാധി പോലും ഇനി കൊല്ലപ്പെടരുത്..രണ്ടു കൂട്ടരും സമാധാനപരമായി വെല്ലുവിളികളില്ലാതെ ജീവിക്കട്ടെ...ചോരയിൽ ചവിട്ടിനിന്നു സ്ഥാപിക്കുന്ന ഒരു സാമ്രാജ്യവും നിലനിന്നു പോകുകയില്ലെന്നു എത്രയോ തെളിവുകളാണ് നമുക്കുള്ളത് . ലോകാ സമസ്താ സുഖിനോ ഭവന്തു. അതാണ് നമ്മുടെ പ്രാർത്ഥനയും ആഗ്രഹവും.


വാൽക്കഷ്ണം

ഇവിടെ ഇന്ത്യയിൽ ലക്ഷദ്വീപിൽ അകെ സംഘർഷമാണ്.... ഒരു പിന്തുണക്കാരനെയും കാണുന്നില്ല. ഒരുത്തനും മിസൈൽ  പൊക്കുകയും വേണ്ട...  ഐ   സ്റ്റാൻഡ് വിത്ത് ലക്ഷദ്വീപ് എന്നൊക്കെ പറയുമ്പോൾ ഒരു ഗുമ്മില്ല അല്ലെ....?  ഫോറിൻ ആയിരുന്നെങ്കിൽ ഞങ്ങൾ പൊളിച്ചേനെ...!!!!! 


"പലസ്‌റ്റീനിലെ കോസൻസുലേറ്റ് ജനറൽ ഓഫീസ് വൈകാതെ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന്" യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ-വാർത്ത

ബ്ലിങ്കൻ ആണെങ്കിലും ഡിങ്കൻ ആണെങ്കിലും തങ്കൻ ആണെങ്കിലും, ഇനി തങ്കച്ചൻ ആണെങ്കിലും ശരി, എത്രയും പെട്ടന്ന് കട തുറക്കണം. ഇവിടെ ഫേസ്ബുക്കിൽ വെടിയോടു വെടിയാണ്.    

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...