Tuesday, January 28, 2020

ഒരു മലബാർ പടയോട്ടം

കോട്ടയം ജില്ലയിൽ ഒരു കോട്ടയുണ്ട്- പേരു "വെന്നിമലക്കോട്ട". നിലവിൽ കോട്ടയൊന്നും അവിടെ ഇല്ലെങ്കിലും പഴയ പ്രതാപത്തിന്റെ പേരും പ്രൗഡിയുമൊക്കെ ഇല്ലാതില്ല. സംഭവം നമ്മുടെ അടുത്തു തന്നെയാണു കെട്ടോ!  ഒത്തിരിവട്ടം കണ്ടിട്ടുമുണ്ട്. അതുകൊണ്ടു വേറെ ഏതെങ്കിലും കോട്ട കാണണമെന്നു ആവശ്യം ഉണർത്തിച്ചപ്പോൾ "ടിക്കറ്റ് റിസേർവ്" ചെയ്യണമെന്നായി ഭാര്യ. ബേക്കൽ കോട്ട കാണിക്കാമത്രേ....! ആയിക്കോട്ടെ... നമ്മൾ സമ്മതം അറിയിച്ചു. അങ്ങനെയാണു നോം  കോട്ടയത്തുനിന്നും കാസർകോടിന് ഒരു  ഇടത്തരം പടയോട്ടം നടത്തിയത്.




കോട്ടയത്തുനിന്നും എറണാകുളത്തുനിന്നും  യാത്ര പോകുന്നവർക്കു നിലവിൽ കുറെ ട്രെയിനുകളുണ്ട്.മലബാർ, മംഗലാപുരം, വേരാവൽ, ഏറനാട്, മംഗള നേത്രാവതി, ഓക്ക,പൂർണ്ണ,മാവേലി,പരശുറാം, ഗാന്ധിധാം....ഇതൊക്കെ കാഞ്ഞങ്ങാട് നിർത്തുന്ന വണ്ടികളാണ് .കോട്ടയത്തുനിന്നും സ്ലീപ്പർ 245 രൂപയും ജനറലിനു 130 രൂപയുമാണ്. അവിടെനിന്നും ബസ്സിൽ 13 ഉറുപ്പിക..!പ്രീപെയ്ഡ് ഓട്ടോ 200 ഉറുപ്പിക. (മലബാർ ഭാഷയാണ്,ക്ഷമിക്കണം)കോട്ടക്കുന്ന് എന്ന സ്റ്റോപ്പിൽ ബസ്സിറങ്ങണം. ഇറങ്ങിയില്ലെങ്കിൽ ആരെങ്കിലും ഇറക്കിവിട്ടോളും. നോ പ്രോബ്ലം....!

നമ്മൾ ഈ "ഹോർത്തൂസ് മലബാറിക്കസ്" ഒന്നും വായിച്ചിട്ടില്ലാത്തതിനാലും, നമ്മുടെ ഭാര്യയുടെ കൊട്ടാരം മലബാർ സാമ്രാജ്യത്തിലായതിനാലും അവിടുന്നു പറയുന്ന കാര്യങ്ങൾ നമ്മൾ കേട്ടുകൊണ്ടു മിണ്ടാതിരുന്നു...രോമം കത്രിക്കുന്നവരുടെ അടുത്തിരിക്കുന്ന ചെമ്മരിയാടിനെപ്പോലെ. അതു മാത്രമല്ല ഈ മലബാർ മലയാളം നമ്മൾക്കു അത്രപിടിയും കിട്ടുന്നുണ്ടായിരുന്നില്ല. അതിനാൽ സംസാരിക്കേണ്ട ചുമതല ഭാര്യക്കു നേരത്തെ കൊടുത്തിരുന്നു. നമ്മൾക്കു കേൾക്കാനല്ലേ അറിയൂ....!നമ്മൾ നെഞ്ചും വിരിച്ചു "പത്തു രൂഭാ..."എന്നൊക്കെ പറയുമ്പോൾ അവർ പറയും പത്തു ഉറുപ്പിക എന്ന്....








അങ്ങനെ നമ്മുടെ പടയോട്ടം കോട്ടക്കുന്നിലെത്തി. നല്ല മെനയുള്ള ഒരു ഹോട്ടലിൽ നിന്നും- ഹോട്ടൽ ആപ്പിൾ - രാവിലത്തെ അമൃതേത്ത് കഴിച്ചു. അതായത് പള്ളിക്കാപ്പി കുടിച്ചു..നല്ല ആഹാരം നല്ല പെരുമാറ്റമുള്ള ജോലിക്കാർ...എയർ കണ്ടീഷൻ സൗകര്യമുണ്ട്.ഇന്ത്യൻ ചൈനീസ് അറേബ്യൻ സീ ഫുഡ്  കൂൾ ഡ്രിങ്സ്  എല്ലാം കിട്ടും.  നമ്മൾ  സംപ്രീതനായിരിക്കുന്നു.


 കാപ്പികുടി കഴിഞ്ഞു നമ്മൾ നേരെ വെച്ചടിച്ചു ബേക്കൽ   കോട്ടയിലേക്ക്....സോറി....ഫോർട്ടിലേക്ക്...!
സുമാർ 500 മീറ്റർ. കോട്ടക്കവാടത്തിലേക്ക് കാലെടുത്തുവെച്ചതും കൗണ്ടറിൽ ഇരുന്ന വള്ളുവക്കോനാതിരി പറഞ്ഞു. "ഒരാൾ 25 ഉറുപ്പിക മൊത്തം 50 ഉറുപ്പിക....."കൂട്ടത്തിൽ ഒരു ഭീഷണിയും.."ചില്ലറ തരണം"...കല്ലേപ്പിളർക്കുന്ന ഒരു കല്പനയാരുന്നു. അങ്ങനെ കോനാതിരിയുടെ പടിക്കൽ 50 രൂഫാ ദക്ഷിണ വെച്ചു. ടിക്കറ്റ് സെക്യൂരിറ്റി സാറിനെ കാണിക്കുക എന്നതായിരുന്നു അടുത്ത ചടങ്ങ്. ടിക്കറ്റിൽ ഒരു ഓട്ടയിട്ടിട്ടു പുള്ളി പറഞ്ഞു കേറിക്കോളാൻ..










കയറിച്ചെന്നു....അതാ അങ്ങോട്ടു നോക്കൂ......!!ഒരു മാവിന്റെ കീഴിലിരുന്നു ഒരു ചേച്ചി തണൽ കൊള്ളുന്നു.നിങ്ങ ഏടുന്നു വരുന്നു....? ഉടൻ ചോദ്യം വന്നു.നിങ്ങ എന്തിനീ ബേഗെല്ലാം എടുത്തീറ്റ്  നടന്നു പോകുന്നൂന്ന്...ആടെ വെച്ചൂടെ .....?
ഞങ്ങളുടെ പുറത്തുള്ള ബാഗിന്റെ കാര്യമാണ് ചേച്ചി ഉദ്ദേശ്ശിച്ചതു. ഞാൻ ഭാര്യയെ ദയനീയമായി നോക്കി. (നമുക്ക് കേൾക്കാനല്ലേ അറിയൂ) ചേച്ചിയെ ഭാര്യ കൈകാര്യം ചെയ്തു. അങ്ങനെ ബാഗ് സെക്യൂരിറ്റിയുടെ ഒറ്റമുറി വീട്ടിൽ വെച്ചു. ഇവിടെ ബാഗൊന്നും സൂക്ഷിക്കാൻ പെർമിഷൻ ഇല്ല. നിങ്ങ ലേശം ദൂരത്തുനിന്നും വന്നോണ്ടു തല്ക്കാലം ബാഗ് ഇവിടെ വെച്ചോ. സെക്യൂരിറ്റി ഹൃദയം അലിഞ്ഞു. ബാഗ് ഇറക്കി "ഞങ്ങ" കുറെ ഫ്രീയായി.
എൻജിൻ ഒന്നു തണുപ്പിക്കാമെന്നു കരുതി
 
ചൂട് ഈസ് അൺസഹിക്കബിൾ....എങ്കിലും സഹാറയിൽ ഒട്ടകം നടക്കുന്നതുപോലെ ഞങ്ങളും നടന്നു തുടങ്ങി.പിന്നൊരു കാര്യം കോട്ടയുടെ ഉള്ളിൽ കയറിയാലുടൻ വെടിക്കെട്ടിന് തീ കൊടുത്തപോലെ മുന്നോട്ട് ഓടരുത്. കവാടം കടന്നു നേരെ വലതു വശം തിരിഞ്ഞു യാത്ര തുടങ്ങണം.വലതു വശത്താണ് കടലിന്റെ വിദൂര കാഴ്ച കിട്ടുന്നത്. അവിടെ കുടിക്കാനുള്ള വെള്ളമൊക്കെ റെഡിയാണ് . കേറിയ ജാടക്ക് നമ്മൾ വെള്ളമൊന്നും മൈൻഡ് ചെയ്യില്ല .പക്ഷേ കുറെ ദൂരം നടന്നു കഴിയുമ്പോൾ താനെ തിരിച്ചു വരും വെള്ളം കുടിക്കാൻ. 
                   ശിവപ്പ നായ്ക്ക് എന്ന പുള്ളിയാണ് 1650 ഇൽ   ഈ കോട്ട നിർമ്മിച്ചതെന്ന് പറയുന്നു. അല്ല, ഇദ്ദേഹം ഇതു പുതുക്കി പണിതതെന്നും ഒരു കൂട്ടർ പറയുന്നു. ഇതു രണ്ടുമല്ല വിജയ നഗര സാമ്രാജ്യത്തിന്റെ നിർമ്മിതികളുടെ ഭാഗമാണെന്നു വേറൊരു കൂട്ടരും പറയുന്നു. നമ്മൾക്കു നോ പ്രോബ്ലം....ആരു പണിതാലും വേണ്ടില്ല. "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം എന്റർടൈൻമെന്റ്" എന്നു കുഞ്ചൻ നമ്പ്യാർ  ഇംഗ്ലീഷിൽ പറഞ്ഞതുപോലെ...! തിരമാലകളുടെ കഠിനമായ പരീക്ഷണങ്ങൾ അതിജീവിച്ചു  40  ഏക്കറിൽ പരന്നു കിടക്കുകയാണു ഈ കോട്ട. കോട്ടയുടെ ഭംഗി പോകാതെ ചില ഭാഗങ്ങൾ പുതുക്കി പണിതിട്ടുണ്ട്. ഒരു കാൽനട ജാഥ തന്നെ നടത്തണം  ഇതൊന്നു കണ്ടുതീർക്കാൻ. ഏറ്റവും കുറഞ്ഞ ചെലവിൽ വന്നു കണ്ടു പോകാവുന്ന നല്ലൊരു സ്ഥലമാണ് ഈ കോട്ട.

 നമ്മൾ കറ്റി എന്നും വെട്ടുകല്ലെന്നും പറയുന്ന ചെങ്കല്ലുകൊണ്ടാണു കോട്ടയുടെ പണി. ഭൂരിഭാഗവും കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്നു. സമുദ്ര തീരത്തു വൻ കോട്ടമതിലുണ്ട്. ഇതിൽ ഇടയ്ക്കിടയ്ക്ക് കൊത്തളങ്ങൾ പണിത് ബലപ്പെടുത്തിയിരിക്കുന്നു. നിരീക്ഷണ ഗോപുരം, തുരങ്കങ്ങൾ എന്നിവയൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്. കോട്ടയുടെ നടുക്കുള്ള  24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം പൊക്കവുമുള്ള നിരീക്ഷണ ഗോപുരത്തിന്റെ മുകളിൽ നിന്നാൽ കോട്ടയുടെയും കടലിന്റെയും ഒരു പനോരമിക് വ്യൂ കിട്ടും. എന്തായാലും 
അതി വിദഗ്ദ്ധമായ ഒരു എഞ്ചിനീയറിംഗ് ബുദ്ധി ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നു വ്യക്തം. 16 - 17  നൂറ്റാണ്ടിലാണ്  ഇതിന്റെ പണി നടന്നതെന്നു ഓർക്കുമ്പോളാണ് അത്ഭുതവും ആശ്ചര്യവും  ആദരവും  റിലാക്‌സേഷനുമൊക്കെ തോന്നിപ്പോകുന്നതു.

ടിപ്പു സുൽത്താന്റെ കാലത്തു ഈ കോട്ട തുളുനാടിന്റെയും മലബാറിന്റെയും ഭരണ കേന്ദ്രമായിരുന്നു. 1791 ൽ ഇവിടം ബ്രിട്ടീഷ് അധീനതയിലായി. അങ്ങനെ
ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ ഭരണ പരിധിയിലായി. പണ്ടു ഈ കോട്ടയിൽ തൂക്കുമരത്തിന്റെ ശേഷിപ്പുകൾ ഉണ്ടായിരുന്നു. അതായതു വലിയ ഷോ കാണിച്ച പുള്ളികളെയും മൊട കാണിച്ച കക്ഷികളെയും പിടിച്ചു തൂക്കി കൊന്നിരിക്കാം...ടെക്നോളജി ഇന്നത്തെപ്പോലെ വളർന്നിരുന്നില്ല എങ്കിലും അന്നത്തെ സാഹചര്യത്തിൽ ഏറ്റവും നവീനമായ സൗകര്യങ്ങളും സാധ്യതകളും ഉപയോഗിച്ചായിരുന്നു ഈ കോട്ടയുടെ നിർമ്മിതി. കാരണം ഒരു വർഷത്തെ പഴക്കം ചെന്നപ്പോൾ ബലം പോയ പാലാരിവട്ടത്തെ പാലം നമ്മുടെ ഓർമ്മയിൽ ഉണ്ടല്ലോ.ഇവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ട യാതൊരു ബലക്ഷയവുമില്ലാതെ പയറു പോലെ നിൽക്കുന്നു.
കാരണം, അന്നു രാഷ്ട്രീയക്കാർ ഇല്ലായിരുന്നു അത്രതന്നെ...!




 കോട്ടയുടെ ഉള്ളിൽ ഒരു ഹനുമാൻ അമ്പലവും പുറത്തു ഒരു വലിയ മുസ്‍ലിം പള്ളിയുമുണ്ട്. പള്ളിക്കര ബീച്ച് ഈ കോട്ടയോടു ചേർന്നു കിടക്കുന്നു. ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നു പോകാവുന്ന ദൂരമേയുള്ളൂ. കാഞ്ഞങ്ങാട് - ചന്ദ്രഗിരി  റൂട്ടിൽ  18 കിലോമീറ്റർ സഞ്ചരിച്ചാൽ ബീച്ചിലെത്താം. കോട്ടയുടെ ഉള്ളിലും പുറത്തുമായി വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കേരള സർക്കാർ ബേക്കലിന്റെ വികസനത്തിനായി, ബേക്കൽ റിസോർട്സ് ഡെവലെപ്മെന്റ് കോർപറേഷൻ രൂപീകരിച്ചിട്ടുണ്ട്. അപ്പോൾത്തന്നെ ഇവിടം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പ്രഖ്യാപിത സ്മാരകം കൂടിയാണ്.

ശത്രുക്കൾ വരുന്നുണ്ടോയെന്നു ഞാനും നോക്കി....അല്ല പിന്നെ...!?






കോട്ടയുടെ നടുക്കുള്ള നിരീക്ഷണ ഗോപുരത്തെപ്പറ്റി പറഞ്ഞല്ലോ. യുദ്ധോപകരണങ്ങൾ മുകളിൽ എത്തിക്കുന്നതിനായി തറ നിരപ്പിൽ നിന്നും ചെരിഞ്ഞ പാതയാണു മുകളിലേക്ക് ഉള്ളതു. പീരങ്കി പോലുള്ള ആയുധങ്ങൾ അങ്ങനെ മുകളിലേക്ക് ഉരുട്ടി കയറ്റാൻ എളുപ്പമാണല്ലോ. അല്ലെങ്കിൽത്തന്നെ ചെരിഞ്ഞു കിടക്കുന്നിടത്തു ഉരുണ്ടുകേറാൻ നമ്മൾ  പുലികളാണല്ലോ..?  നിരീക്ഷണ ഗോപുരത്തിൽനിന്നും  നിന്നും നോക്കിയാൽ കാഞ്ഞങ്ങാട്,പള്ളിക്കര,ബേക്കൽ ,കോട്ടിക്കുളം
ഉദുമ എന്നീ പ്രദേശങ്ങൾ വിദൂരമായി കാണാൻ കഴിയും. പണ്ടുകാലത്തു കോട്ടയിൽ നിന്നും നോക്കുന്നവർക്കു ശത്രുക്കളുടെ ചെറിയ നീക്കംപോലും അറിയാൻ കഴിഞ്ഞിരുന്നു എന്നു കരുതാം. കടലിലൂടെയും കരയിലൂടെയും  വരുന്ന ശത്രുക്കൾക്കു കോട്ടയിൽ കയറാനുള്ള ഒരു ചെറിയ വിടവുപോലും കൊടുത്തിരുന്നില്ല എന്നു സാരം.ഡച്ചുകാരുടെ തലശ്ശേരി കോട്ടയും,കണ്ണൂരിലെ സെയിന്റ് ആഞ്ചലസ് കോട്ടയും ബേക്കൽ കോട്ടയുമായി നിർമ്മാണ സമാനതകളുണ്ട്.


ഞങ്ങളുടെ   സമയം ശെരിയല്ലായിരുന്നു..... (അതുകൊണ്ടു വാച്ചുപോലും കെട്ടിയിരുന്നില്ല)  രക്തം തിളയ്ക്കുന്ന ചൂട്... .പക്ഷേ സന്ദർശകർക്കു കുറവൊന്നുമില്ല. ഒറ്റക്കും കൂട്ടായും അവർ വന്നുകൊണ്ടിരുന്നു.
കടലിൽ ഇറങ്ങാൻ അനുവാദമില്ല. കല്ലിൽ തലയും കുത്തി വീണാൽ പതിയെ  തിരുമ്മിയിട്ട് എണീറ്റ് പോകണമെന്നു സാരം..! അല്ല,കടലിൽ ഇറങ്ങിയേ തീരൂ എന്നു വാശിയാണെങ്കിൽ ചെവിക്കു പിടിച്ചു കയറ്റിവിടാൻ സെക്യൂരിറ്റിമാർ ആവശ്യത്തിനുണ്ട്. മൊട കാണിച്ചാൽ അവർ വിസിൽ അടിക്കും...!ശരീരം തണുപ്പിക്കാൻ ഐസ് പാർലർ....ഇരിക്കാൻ ബെഞ്ചുകൾ....മെനക്കെട്ട് ഇരിക്കുന്നവർക്കു കൽക്കെട്ട്.....തിരയെണ്ണുന്നവർക്കു പാറക്കെട്ട്....അങ്ങനെ അത്യാവശ്യം സൗകര്യങ്ങളൊക്കെയുണ്ട്.എങ്കിലും ഇതൊക്കെ വളരെ പരിമിതമാണ്. ഇനിയും അടിസ്ഥാന സൗകര്യ വികസനം വേണ്ടിയിരിക്കുന്നു.
ബേക്കൽ ഒരു വലിയ സാധ്യതയാണ്.അർഹിക്കുന്ന പരിഗണന കൊടുത്താൽ ഇവിടം മലബാറിന്റെ തിലകക്കുറിയായി മാറും. പറഞ്ഞില്ലെന്നു വേണ്ട..!






ഒരു റൗണ്ട്കറങ്ങി വന്നപ്പോൾ സമയം ഒരുമണിയായി. നോം സംപ്രീതനായിരിക്കുന്നു...ഇനി ഭാര്യയുടെ സാമ്രാജ്യത്തിലേക്ക് തിരിച്ചു എഴുന്നള്ളത്ത്....! ബസ് കിട്ടി, ടിക്കറ്റ് എടുത്തത് ഓർമ്മയുണ്ട്....നല്ല ചൂട്.. പിന്നീട് നമ്മൾ ഒരു പള്ളിയുറക്കമായിരുന്നു. പോരുന്ന വഴിയിലാണ് കോട്ടഞ്ചേരി മഴക്കാട്. വാർത്തകൾ വിശദമായി...കാസറഗോഡിന്റെ കിഴക്കൻ മലയോര പ്രദേശമായ കൊന്നക്കാടിനടുത്തുള്ള മഴക്കാടുകളാണ് കോട്ടഞ്ചേരി മലനിരകൾ. കൊടൈക്കനാലിനെ അനുസ്മരിപ്പിക്കുന്ന കോട്ടഞ്ചേരി മികച്ച ട്രെക്കിങ്ങ് കേന്ദ്രം കൂടിയാണ്.കാഞ്ഞങ്ങാടുനിന്നും 45 കിലോമീറ്റർ ദൂരെയാണിത്.

എത്തിപ്പോയി....ഒരു ദിവസം നീണ്ട കാൽനട യാത്രയുടെ അവസാനം,
ഭാര്യവീട്ടുകാരുടെ ഫ്രീയായിട്ടുള്ള ഒരു ഉപദേശവും കേട്ടുകൊണ്ടായിരുന്നു....ബേക്കൽ ഫോർട്ടിൽ ഉച്ച കഴിഞ്ഞേ പോകാവൂ....പ്ലിങ്...!!!! അവരുണ്ടോ അറിയുന്നു...?ഈ  യാത്രയൊക്കെ ബ്ലോഗായി പുറത്തുവരുമെന്ന്...??!!


തള്ളേ, നിൽ....
മ്മടെ യാത്രകളുടെ ഫോട്ടംസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്....
സംഭവത്തിന്റെ ലിങ്കുകളും മറ്റും താഴെ കൊടുത്തിരിക്കുന്നു.


https://www.instagram.com/janoshkjohn/


No comments:

Post a Comment

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...