Thursday, March 10, 2022

പാലം തുറന്നു... കേറിവാടാ മക്കളേ

മൂക്കിന്റെ പാലം ഉൾപ്പടെ എല്ലാ പാലങ്ങളും നമ്മൾക്കൊരു വീക്നെസ്സായിരുന്നു......... 

ഒരൂസം യൂട്യൂബ് കുഴലിൽക്കൂടി നോക്കിയപ്പോൾ....ദെയ്‌ബമേ  ദേ കിടക്കുന്നു സാധനം, കോട്ടയംകാരൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല  ഓഡിയോ വേർഷൻ-"കായംകുളം കൊച്ചുണ്ണി'' അതിയാന്റെ  സിൽമായൊന്നും നമ്മൾ കാണാത്തതുകൊണ്ടു ഓഡിയോ ഒന്നു കേട്ടുനോക്കി. നല്ലായിരുക്ക് നോമിന് ബോധിച്ചു. അപ്പോളാണ് നോമിന്റെ തലയിലൊരു ആപ്പിൾ വീണതു....കേട്ടിട്ടില്ലേ വല്യ ആളുകൾ ആപ്പിൾ വീണപ്പോഴാണത്രെ കണ്ടുപിടുത്തങ്ങൾ നടത്തിയതെന്ന്. ആപ്പിൾ വീണ ഭാഗത്തു ഇച്ചിരി ടൈഗർ ബ്ലാം (tiger balm ) തേച്ചു ,എന്നിട്ടു നമ്മൾ ചിന്തിച്ചു. നമ്മുടെ അയൽ രാജ്യമായ കായംകുളത്തുപോയി ഒരു ബ്ലോഗ് ചെയ്താലെന്താ...?

Valiyazheekkal bow String Bridge

ഭാര്യയോടു ആവശ്യമറിയിച്ചു. ചോദ്യോത്തരവേളയും ശൂന്യവേളയും നടുത്തളത്തിൽ ഇറങ്ങലും  ഇറങ്ങിപ്പോക്കും എല്ലാം കഴിഞ്ഞു ബില്ല് പാസ്സായി. പാം....!! രാവിലെ തന്നെ കുളിച്ചൊരുങ്ങി കായംകുളത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കു രാജവീഥികളെ പുളകം കൊള്ളിച്ചുകൊണ്ടു ഹനുമാൻ ഗിയറിൽ  വെച്ചടിച്ചു. സുഹൃത്തിനും കുടുംബത്തിനും എന്തെങ്കിലും പണിയായിക്കോട്ടെ എന്നു കരുതിക്കൂട്ടി രാവിലെ എട്ടുമണിക്കു തന്നെ ലാൻഡ് ചെയ്തു. അവർ ഞങ്ങളെ ഏഴുമണി മുതലേ കാത്തിരിക്കുകയായിരുന്നു. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ എന്നവർക്കു അറിയാമായിരുന്നു.


 ഉച്ച തിരിഞ്ഞാണോ അതോ തിരിയാതെയാണോ എന്നറിയില്ല. മെയിൻ റോഡിൽനിന്നും ഒരു വളവുതിരിഞ്ഞാണു ഞങ്ങൾ കായംകുളം പട്ടണത്തിലേക്കു കയറിയത് . ആദ്യം പോയതു കൃഷ്ണപുരം കൊട്ടാരത്തിലേക്കായിരുന്നു. രാജാക്കൻമ്മാർക്ക് എന്നും കൊട്ടാരത്തിനോടൊക്കെ ഒരു സൈഡ് വലിവ് കാണുമല്ലോ ? യേത്. അതിന്റെ - ദദായത് കായംകുളത്തിന്റെ ചരിത്രവും ബയോളജിയും സുവോളജിയും തിയോളജിയും എല്ലാമുള്ള കൃഷ്ണപുരം കൊട്ടാരം ബ്ലോഗ് പിന്നാലെ ഇടുന്നതാണ്. അതുവരെ അനിയാ നീ  നിൽ.... ഈ ബ്ലോഗുകളും മറ്റും വായിച്ചിരിക്ക് തള്ളേ. 

വലിയഴീക്കൽ ഗ്രാമം 

കൊട്ടാരം കണ്ടു മുടിച്ചിട്ടു നോമും സംഘവും നേരെ പോയത് തീരദേശ ഗ്രാമമായ വലിയഴീക്കലിലേക്കായിരുന്നു. കായംകുളത്തുനിന്നും പത്തു കിലോമീറ്റർ. കായലും കടലും പഞ്ചസാരമണൽ കൊണ്ടു അതിരിടുന്ന ഈ കൊച്ചുഗ്രാമം ഒരിക്കൽ ഭാഗികമായി നശിച്ചുപോയതായിരുന്നു. ഇൻഡോനേഷ്യയിലെ ഭൂചലനത്തിനു അനുബന്ധമായുണ്ടായ സുനാമിയിൽ അകെ മരണ സംഖ്യ 227898 ആയിരുന്നു. കേരളത്തിലത് 136  ഉം  ഈ ഗ്രാമത്തിൽ മാത്രം 40 നോടടുത്തും. കടലും കായലും ഇരുപുറവുമായി ഒരു സെമി ദ്വീപ് പോലെ നീണ്ടുനിവർന്നു കിടക്കുകയാണ് ഗ്രാമം. തികച്ചും സാധാരണക്കാർ. മത്സ്യ ബന്ധനവും മറ്റു ജോലികളുമൊക്കെയായി കഴിയുന്ന കടലിന്റെ സ്വന്തം മക്കൾ.




കായംകുളത്തുനിന്നും ONK ജംഗ്ഷനും  കീരിക്കാടും പിന്നിട്ടു വരുന്ന റോഡ് ഒരു പാലത്തിലേക്ക് കയറുകയാണ്. കായംകുളം കായൽ മുറിച്ചു കടക്കാൻ ഉപയോഗിച്ചുവരുന്ന ഈ പാലമാണ് 'കൊച്ചീടെ ജെട്ടി പാലം'. പണ്ടുകാലത്തു ഇവിടെനിന്നും വലിയ വള്ളങ്ങൾ  കച്ചവട സാധനങ്ങളുമായി കൊച്ചി തുറമുഖത്തേക്ക് പോയിരുന്നതുകൊണ്ടാകാം ഈ പേരു വന്നത്. കായംകുളം കായലിൽ വെച്ച്, കൊപ്രാ കച്ചവടവും കഴിഞ്ഞുവരുന്ന വള്ളക്കാരെ കൊച്ചുണ്ണി ആക്രമിച്ച കഥ നമ്മളോർത്തു.കായലിൽ അവിടവിടെയായി മീൻപിടുത്ത വള്ളങ്ങൾ കണ്ടുതുടങ്ങി.കടൽത്തീരത്തേക്ക് അടുക്കുന്ന ഒരു ഫീൽ നമ്മൾക്കും കിട്ടി.  


ഗ്രാമത്തിലേക്കു തിരിയുന്ന റോഡിൻറെ വലതു ഭാഗത്തേക്കു പോയാൽ, തോട്ടപ്പള്ളി, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ  ഭാഗത്തേക്കു എത്താൻ കഴിയും. ബീച്ചിലേക്കുള്ള വഴിയുടെ വലതു ഭാഗത്തു കൂറ്റൻ കല്ലുകൾ കൂട്ടിയിട്ടു അര കിലോമീറ്റർ ദൂരത്തിൽ കടലിനു അതിരു വെച്ചിരിക്കുന്നു. സുനാമിയിൽ തകർന്നുപോയ വീടുകളുടെയും മറ്റും അവശിഷ്ടങ്ങൾ അവിടവിടെയായി കാണാം. 




കുറച്ചു ചെല്ലുമ്പോൾ ഇടതുവശത്തായി ചെറിയൊരു സ്തൂപം കാണാം. അതിലൊരു എഴുത്തും,സുനാമിയിൽ പൊലിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്കു ആദരാഞ്ജലികൾ DYFI.  അനാശ്ചാദനം എ പ്രദീപ്കുമാർ MLA, കടമ്മനിട്ട രാമകൃഷ്ണൻ...സുനാമി സ്മാരകമാണ്. തൊട്ടപ്പുറത്തുമാറി മൂന്നുപേർ അന്ത്യവിശ്രമം കൊള്ളുന്ന ചെറിയൊരു ചുറ്റുമതിലോടുകൂടിയ കല്ലറ



വീണ്ടും മുന്നോട്ടു പോകുമ്പോൾ ചെറിയ കടകളും വീടുകളും ബേക്കറികളും ബസ്‌സ്റ്റോപ്പുകളും കാണാം. വഴിയുടെ ഇരുവശവും വലിയ ഉയരമില്ലാത്ത തെങ്ങുകൾ നിൽക്കുന്നു. മത്സ്യ ബന്ധനത്തിനു പോകുന്നവർ കൂട്ടമായി വല നന്നാക്കുന്നു....കടലിന്റെ ഇരമ്പം മാത്രം ഉയർന്നു കേൾക്കുന്ന തികച്ചും സമാധാന അന്തരീക്ഷത്തിലുള്ള ഒരു കടലോര ഗ്രാമം. കടലെടുത്ത സ്വപ്നങ്ങളെ ഇവർ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. ഈ റോഡ് ചെന്നുനിൽക്കുന്നത് ബീച്ചിലും ലൈറ്റ്ഹൗസിലും  ബോ സ്ട്രിംഗ് പാലത്തിലേക്കുമാണ്.



കായലിന്റെയും കടലിന്റെയും മനോഹാരിത ഒരിടത്തുനിന്നും ആസ്വദിക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. കായലിൽ നിന്നും കടലിലേക്ക് മീൻ പിടുത്തത്തിനായി പോകുന്ന നീലയും ചുവപ്പും നിറങ്ങളുള്ള വലിയ  വള്ളങ്ങൾ. ചൂണ്ടയുമായി വന്നിരുന്നു മീൻപിടിക്കുന്ന മൈനർ സെറ്റുകൾ.  ബീച്ചിൽനിന്നും കടലിലേക്ക് അഭിമുഖമായി നിർമ്മിച്ച നടപ്പാത കാണാം. അതിന്റെ പുലിമുട്ട് കല്ലുകളിൽ പല മുഖങ്ങൾ വരച്ചിട്ടിരിക്കുന്നു. സുനാമിയിൽ പൊലിഞ്ഞുപോയവരാണത്രെ. ചെറിയവരും വലിയവരും കുടുംബ ചിത്രങ്ങളുമെല്ലാം അതിൽ നിറയുന്നു. വെയിലിലും മഴയിലും പെട്ടു നിറം മങ്ങിയിട്ടുണ്ടെങ്കിലും പതിനേഴു വർഷങ്ങൾക്കു മുമ്പുള്ള അവരുടെ രൂപം ഇന്നും ഈ ഗ്രാമവാസികളുടെ മനസ്സിലുണ്ട്. ഒട്ടും നിറച്ചോർച്ചയില്ലാതെ.



ഈ നടപ്പാതയിൽനിന്നുള്ള, പാലത്തിന്റെയും വിളക്കുമരത്തിന്റെയും കായലിന്റെയും കടലിന്റെയും കാഴ്ചകൾ വേറെ ലെവലാണ്. അങ്ങുദൂരെ കടലിൽ വലിയ യാനങ്ങൾ പോകുന്നതുകാണാം. വരും നാളുകളിൽ ഇവിടെ വലിയ മാറ്റങ്ങളും വികസനങ്ങളും വരാനുള്ള ആദ്യചുവടാണു ഈ പാലവും വിളക്കുമരവുമെല്ലാം. ബീച്ചിലേക്ക് ആളുകൾ ഒറ്റയ്ക്കും കൂട്ടായും വന്നുകൊണ്ടിരിക്കുന്നു.

വലിയഴീക്കൽ ബോ സ്ട്രിംഗ് പാലം 

ആഭ്യന്തര മന്ത്രി ആയിരിക്കുന്ന കാലത്തു ശ്രീ. രമേശ് ചെന്നിത്തലയുടെ ആശയമായിരുന്നു ഇവിടെയൊരു പാലം. 2015 -ൽ ഭരണാനുമതി കിട്ടി. ആ വർഷം ഏപ്രിൽ 4 നു അദ്ദേഹംതന്നെ ശിലാസ്ഥാപനം നടത്തി. 2016 മാർച്ച് 4 നു പണിതുടങ്ങി. പിന്നീട് സർക്കാർ മാറിവന്നപ്പോൾ ശ്രീ ജി. സുധാകരനും ഇപ്പോൾ ശ്രീ മുഹമ്മദ് റിയാസും പാലത്തിന്റെ നിർമ്മാണ ചുമതല വഹിച്ചു . അങ്ങനെ ആലപ്പുഴയിലെ ആറാട്ടുപുഴയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനേയും ബന്ധിപ്പിച്ചു കായംകുളം പൊഴിക്കു കുറുകെ നിർമ്മിച്ചതാണ് ഈ പാലം.


 146  കോടി രൂപയാണ് ചെലവ്. 976 മീറ്റർ നീളമുള്ള പാലത്തിനു 29 സ്പാനുകളാണ് ഉള്ളത്. വലിയഴീക്കൽ ഭാഗത്തേക്കുള്ള അപ്പ്രോച്ച് റോഡിനു 145 മീറ്ററും, അഴീക്കൽ ഭാഗത്തെ റോഡിനു 90 മീറ്ററുമാണ് നീളം. അങ്ങനെ പാലത്തിന്റെ അകെ നീളം 1216 മീറ്ററാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോ സ്ട്രിംഗ് പാലമാണിത്. കടലിനു അഭിമുഖമായുള്ള ന്യൂയോർക്ക് സാൻഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ പെയിന്റിംഗ് മാതൃകയാക്കിയാണ് ഈ പലതിനും നിറം നൽകിയിരിക്കുന്നത്. ഇന്റർനാഷണൽ ഓറഞ്ച് നിറത്തിനു പുറമെ ക്രീം നിറവും ഉപയോഗിച്ചിട്ടുണ്ട്.



 ഇംഗ്ലണ്ടിൽ നിന്നും എത്തിച്ച മാക് അലോയി ബാർ ഉപയോഗിച്ചാണ് പാലത്തിന്റെയും ആർച്ചിന്റെയും ഭാരം നിയന്ത്രിക്കുന്നത്. പാലത്തിന്റെ മധ്യഭാഗത്തു നിന്നാൽ അസ്തമനം വളരെ ഭംഗിയായി കാണാനാകും.വലിയ യാനങ്ങൾക്കു  പാലത്തിനടിയിലൂടെ സുഗമമായി പോകാൻ കഴിയും. ആർച്ചുകളെ എടുത്തു (focus )കാണിക്കുന്ന പ്രകാശ സംവിധാനം ഉൾപ്പടെ 125 സോളാർ ലൈറ്റുകളാണ് കെൽട്രോൺ ഘടിപ്പിച്ചിരിക്കുന്നത്. 




വലിയഴീക്കൽ ഭാഗത്തുനിന്നും അഴീക്കൽ എത്തുന്നതിനു 28 കിലോമീറ്റർ ദൂരമാണ് ഇതിലൂടെ ലാഭിക്കാൻ കഴിയുന്നത്. ദേശീയ പാതയിൽ തടസ്സമുണ്ടായാൽ തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്റെ നിർമ്മാണം നടത്തിയത്. അക്കരെ അഴീക്കലിലും കടൽത്തീരം വളരെ മനോഹരമായി സൂക്ഷിക്കുന്നുണ്ട്.

LIGHT HOUSE 

ഇന്ത്യയിലെ ആദ്യത്തെ അഞ്ചു വശങ്ങളോടുകൂടിയ (pentagon) വിളക്കുമരമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് ഇതിന്റെ ഉടമകൾ. മത്സ്യ തൊഴിലാളികൾക്കും നാവികർക്കും സുരക്ഷിതമായ യാത്രയാണ് ഇതുകൊണ്ടു ഉദ്ദേശ്ശിക്കുന്നത്. കപ്പലുകളുടെ വേഗത ദിശ തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്നതിന് ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സൗകര്യങ്ങൾ ഇവിടെയുണ്ട്. ഒരു ലൈറ്റ്ഹൗസ് മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. 41.6 മീറ്റർ ഉയരമുള്ള ലൈറ്റ്ഹൗസിൽ നിന്നും 20 നോട്ടിക്കൽ മൈൽ-ഏകദേശം-51 കിലോമീറ്റർ ദൂരം വരെ പ്രകാശ സൂചന ലഭിക്കും. 38 മീറ്റർ ഉയരം  വരെ ലിഫ്റ്റ് ഉപയോഗിച്ച് കയറാൻ കഴിയും. ഉയരത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ഈ ലൈറ്റ്ഹൗസ്. 10 കോടി രൂപയാണു ചെലവായത്. രാത്രി 7 മുതൽ രാവിലെ 6.15 വരെയാണു പ്രവർത്തനസമയം.



ബീച്ചിൽവെച്ചാണു ആ നാട്ടുകാരനായ സുജിത് ചേട്ടനെയും കുടുംബത്തെയും പരിചയപ്പെട്ടത്. പത്തുവർഷത്തിലധികമായി ഇവർ ഐസ് കച്ചവടം ചെയ്യുന്നു.നേരത്തെ ചെറിയൊരു കടയായിരുന്നു ഇവർക്ക്. ശിവം എന്നെഴുതിയ  ഒരു ജീപ്പും ഒരു മിനി ട്രക്കും (ALFA PLUS) അവിടെ ബീച്ചിൽ വരുന്നവർക്കു കാണാം. ഭാര്യ പ്രിയയും അച്ഛൻ പരമേശ്വരനും സഹായത്തിനുണ്ട്. വലിയഴീക്കലിൽ പോകുന്നവർ തീർച്ചയായും ഇവരുടെ അടുത്തു ചെല്ലണം,ഐസ്  വാങ്ങണം. ചോക്ലേറ്റ് വെറൈറ്റികളും കരിക്ക്,ചക്ക  അങ്ങനെ വിവിധതരം ഐസുകളാണ് നമ്മളെയും കാത്തിരിക്കുന്നത് . അതൊക്കെയല്ലേ ബാവുവേ ഒരു സഹകരണം എന്നുവെച്ചാല്. ചെറുകടിയും കാപ്പിയും ചായയും സോഡാ നാരങ്ങാ വെള്ളവുമെല്ലാം കിട്ടുന്ന ചെറിയ കടകളൊക്കെയുണ്ട്.പാലത്തിന്റെ സൈഡിലൂടെ ഹാർബറിലേക്കുള്ള വഴിയിൽ  സുരേഷ് ചേട്ടന്റെ കടയുണ്ട്. കടയും വീടും എല്ലാം ഒന്നിച്ചാണ്. അത്യാവശ്യം സാധനങ്ങളൊക്കെ അവിടെയും കിട്ടും. അപ്പൊ വോക്കെ എല്ലാം പറഞ്ഞതുപോലെ. 

 
2004  ലെ സുനാമി നേരിൽ കണ്ടയൊരാൾ എന്നനിലയിൽ ചേട്ടനോടു ചില കാര്യങ്ങൾ  ചോദിച്ചറിഞ്ഞു. "പാൽ തിളപ്പിക്കുമ്പോൾ ഉണ്ടാകുന്ന പതപോലെ കടൽ  വെള്ളം പതിയെ ഉയർന്നു വരികയാരുന്നു...." സുജിത്‌ചേട്ടൻ പറഞ്ഞുതുടങ്ങി. " ക്രമേണ ഇത് പരിസരം മുഴുവൻ വ്യാപിച്ചു, ഒഴുക്കിന്റെ ശക്തി കൂടി. വീടിനകത്തുണ്ടായിരുന്നവരെ മറിച്ചിട്ടു. വെള്ളത്തോടൊപ്പം പുറത്തേക്കു വീണവരെ പിന്നീട് സമീപത്തുള്ള കുറ്റിക്കാട്ടിൽ കുരുങ്ങിക്കിടക്കുന്ന അവസ്ഥയിലാണു കണ്ടെത്തിയത്. അനേക ഹതഭാഗ്യർ മരണപ്പെട്ടു. ചെറുത്തുനിന്നവരും  ജീവനും കയ്യിൽപ്പിടിച്ചു ഓടിയവരും കുറെയൊക്കെ രക്ഷപെട്ടു. നിമിഷനേരം കൊണ്ടു ഒരുഗ്രാമം മുഴുവൻ ഒറ്റപ്പെട്ടു. ആർക്കും ആരെയും രക്ഷിക്കാൻ കഴിയാത്ത അവസ്ഥ. ഒരു ആയുസ്സിന്റെ സമ്പാദ്യങ്ങളും  ജീവനോപാധികളും നഷ്ടപ്പെട്ടു. പ്രിയപ്പെട്ടവരെ കടലെടുത്തു. എല്ലാവരും മരണത്തിനു കീഴടങ്ങിയ വീടുകളും, ഒരാൾ മാത്രം ശേഷിച്ച വീടുകളും, നാശത്തിന്റെ വക്കിലെത്തിയ വീടുകളും...അങ്ങനെ ഇവിടം  പ്രേത ഭൂമിയായി  മാറി." സുജിത്‌ചേട്ടൻ പറഞ്ഞുനിർത്തി. ഇദ്ദേഹത്തിന്റെ ഒരു കുഞ്ഞമ്മയും അന്നു മരണപ്പെട്ടിരുന്നു.

   








സുജിത്‌ചേട്ടൻ  ഐസ് വണ്ടിയുമായി 

പിന്നീട് ഉയർന്നു വന്നതാണ് രണ്ടാം വലിയഴീക്കൽ ഗ്രാമം. ഇനിയും ഒത്തിരി നേടാനുണ്ട് . അതിജീവനത്തിന്റെ ഓർമകളും പുരോഗമനത്തിന്റെ പ്രതീക്ഷകളുമായി ഒരു ഗ്രാമം ജീവിക്കുകയാണിവിടെ.എല്ലാവരും ഒരുമിച്ചു നിന്നപ്പോൾ,സുനാമി കശക്കിയെറിഞ്ഞ ഗ്രാമത്തെ തിരിച്ചു പിടിക്കാമെന്നായി. ടൂറിസം മേഖലയിലാണ് ചെറിയ പ്രതീക്ഷകൾ  ഉണ്ടായിരിക്കുന്നത്. 



"  സുനാമി കഴിഞ്ഞുള്ള ദിവസങ്ങളിൽ നിരവധി മത രാഷ്ട്രീയ സംഘടനകൾ ഇവിടെ  സഹായ സന്നദ്ധരായി വന്നിരുന്നു. ഭക്ഷണ വിതരണവും പുനഃരധിവാസത്തിനായുള്ള സഹായവും അവരാൽ കഴിയുന്നതു ചെയ്തുതന്നു. അതൊന്നും മറക്കാൻ കഴിയില്ല" സുജിത്‌ചേട്ടൻ തുടർന്നു.  "ഇനിയും ഒത്തിരി പുരോഗമിക്കാനുണ്ട്...വികസന കാര്യത്തിൽ രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ചുനിൽക്കണം. 



നാട് വളർന്നാൽ അത് പിന്നീടുള്ള തലമുറകൾക്കു മുതൽക്കൂട്ടാകും."ഓരോ വർഷം കഴിയുമ്പോഴും തീരത്തിന്റെ വിസ്തൃതിക്ക്‌ മാറ്റം ഉണ്ടാകുകയാണ്.തീരം കുറഞ്ഞുകുറഞ്ഞു വരുന്നു."അശാസ്ത്രീയമായ പുലിമുട്ട് സ്ഥാപിക്കലാണ്‌" ഇതിനു കാരണമെന്നാണു തൻറെ അഭിപ്രായം. എല്ലാവരും ഒന്നിച്ചുനിന്നാൽ, അതിജീവനത്തിന്റെ പാതയിലുള്ള വലിയഴീക്കലിനെ പുരോഗതിയിലേക്കു നടത്താമെന്നും സുജിത്‌ചേട്ടൻ പറയുന്നു




സംസാരിച്ചു നിന്നു സമയം പോയതറിഞ്ഞില്ല. നേരം ഇരുട്ടാൻ തുടങ്ങി. ഇപ്പോഴും ബീച്ചിലേക്കു ആളുകൾ വന്നുകൊണ്ടേയിരിക്കുന്നു. സമയം 6.30...ഇപ്പോൾ ടേക്ക്ഓഫ് ചെയ്താൽ 8.15 നു ലാൻഡ് ചെയ്യാം. ചാർജ് തീർന്ന മൊബൈലുമായി,ഒരു വരവുകൂടി വരേണ്ടിവരുമെന്നു മനസ്സിലും പറഞ്ഞു, ഞങ്ങൾ ബെൽറ്റ് മുറുക്കി, കാര്യമായി ഒന്നും കഴിച്ചിട്ടില്ലാത്തതിനാൽ ബെൽറ്റ് നന്നായി മുറുക്കേണ്ടി വന്നു. കൃത്യം 6.33 നു ടേക്ക് ഓഫും ചെയ്തു.

ഇനി രണ്ടു ജില്ലക്കാർക്കും പറയാം....

പാലം തുറന്നു... കേറിവാടാ മക്കളേ 


ഇന്നുനടന്ന (10 -03 -22 ) പാലം ഉദ്‌ഘാടനത്തിന്റെ വിശദമായ ലൈവ് വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ അമർത്തുക 


https://fb.watch/bFlFowV2EK/


ഉദ്‌ഘാടനത്തിൽനിന്നും....




സ്വാഗത പ്രസംഗത്തിൽ ശ്രീ. രമേശ് ചെന്നിത്തല മുഖ്യ മന്ത്രിയോടു ഒരു ആവശ്യം പറഞ്ഞിട്ടുണ്ട്, ഇവിടെ സന്ദർശിക്കുന്നവർക്കുവേണ്ടി ഒരു എയ്ഡ് പോസ്റ്റും  പോലീസ് സ്റ്റേഷനും അനുബന്ധ സൗകര്യങ്ങളും തരണമെന്ന്.കാലതാമസമില്ലാതെ അതും ഇവിടെ ഉയരട്ടെ.


തിരുവനന്തപുരത്തുനിന്നും വലിയഴീക്കലിലേക്കുള്ള റൂട്ട് മാപ്പ്

https://goo.gl/maps/PiRbWGb21yRwnkmL9

കായംകുളത്തു നിന്നും 

https://goo.gl/maps/mCbz8quewXqG337r5

 കൊച്ചിയിൽ നിന്നും 

https://goo.gl/maps/XbxgSo2P5kqCkXCKA

 SATELITE  VIEW 

https://goo.gl/maps/X8ckKcZmrhBQCHpA6


വാൽക്കഷ്ണം 

UP ക്ക് യോഗിയെ മതിയെന്ന് ചാനൽ വാർത്ത 

എന്നാൽ പിന്നെ അനുഭവിക്ക് - ലെ ജോസഫൈൻ അമ്മാമ്മ   


http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john

https://www.instagram.com/janoshkjohn


"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...