Monday, August 02, 2021

നമ്മുടെ അക്കൗണ്ടിലേക്ക് പൈസാ വന്നുകൊണ്ടേയിരിക്കും, മച്ചാനേ അതുപോരെ അളിയാ..?

തിരക്കിട്ടു പോകുമ്പോഴായിരുന്നു ആ ഫോൺവിളി....അടുത്ത ബന്ധുവാണ്. കോൾ എടുത്തില്ലെങ്കിൽ പിന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള വ്യാഖ്യാനങ്ങളും ഭാവനകളും പറഞ്ഞു വെറുപ്പിക്കുന്ന ടീമാണ്. ഒരു ജുദ്ധം ഒഴിവാക്കണം  അതിനു ഒറ്റ ബെല്ലിൽ തന്നെ കോൾ അറ്റൻഡ് ചെയ്തു. ഡാ...നീയിപ്പോൾ എവിടെയാണ്...?  നമ്മുടെ യമഹയുടെ ഇരുചക്ര "മെഴ്സിഡസ് ബെൻസ്" സൈഡിലേക്ക് ഒതുക്കിയിട്ടു നമ്മൾ മൊഴിഞ്ഞു  പെങ്ങളെയും അളിയനെയും കാണാനുള്ള പോക്കാണ്...അതെയോ....? ഓ.....!!പിന്നേ..ഞാനൊരു സന്തോഷ വാർത്ത പറയാൻ വിളിച്ചതാണ്.. ബന്ധു വിടാൻ ഭാവമില്ല. ഞാനിപ്പോൾ വണ്ടി ഓടിക്കുകയാണ് ഒരു അര മണിക്കൂർ കഴിഞ്ഞു വിളിക്കാമോ....വോക്കേ




ഞാൻ ഡ്രൈവ് തുടർന്നു.ഇനിയെങ്ങാനും ഇവർക്കു ലോട്ടറി അടിച്ചോ..? എങ്കിൽ ഒരു പത്തു ലക്ഷം ചോദിച്ചാലോ..? നമ്മുടെ സ്വസ്ഥത നശിച്ചു. കൃത്യം അരമണിക്കൂർ കഴിഞ്ഞപ്പോൾ ഇതാ വീണ്ടും വിളിക്കുന്നു. "ഡാ ഞാൻ പറയാൻ വന്നത്."  ഞാൻ ചെവി വട്ടം പിടിച്ചു. "വടക്കേ ഇന്ത്യയിൽ  മൂന്നു കമ്പനിയുള്ള ഒരാൾ കേരളത്തിലുള്ള സാധാരണക്കാരെ (നമ്മുടെ റേഷൻ കാർഡ് നീലയാണെന്നു പറഞ്ഞുകൊള്ളട്ടെ)  സഹായിക്കുന്ന ഒരു പരിപാടി തുടങ്ങിയിട്ടുണ്ട്"...ഓ...എന്നിട്ട്....ഞാൻ തള്ളിക്കൊടുത്തു. ബന്ധു തുടർന്നു.1650 രൂപ കൊടുത്തു നമ്മൾ ഇതിൽ ചേരണം....ആ പൈസയുടെ പ്രൊഡക്ടുകൾ നമ്മൾക്ക് കിട്ടും....നഷ്ടമൊന്നും ഇല്ല....  ഭയങ്കര ഓൺലൈൻ ക്ലാസ്സുകളൊക്കെയാണ്....ഇതൊരു ടീം വർക്കാണ്..പല ഗ്രൂപ്പുകളാണ്...സിൽവർ ഗോൾഡ് , ഡയമണ്ട് ..അങ്ങനെ പോകും...


ഡയറക്ട് മാർക്കറ്റിംഗ് പണി ചെയ്യുന്ന പെങ്കൊച്ചിനെപ്പോലെ, നിന്നേം കൊല്ലും ഞാനും ചാകും എന്ന മാതിരി നമ്മുടെ ബന്ധു നിന്നു പരവേശം കൊള്ളുകയാണ്. ഞാൻ ഇടയ്ക്കു കയറി, "പിന്നെ ഈ പരിപാടീടെ പേരെന്താണ്...? "പേര് ഞാൻ ഓർക്കുന്നില്ല..." ഒരു നാണവുമില്ലാതെ മറുപടിയും കിട്ടി.ഡാ...എന്റെ കൂടെ നീ ചേരണം...നിന്നെ ഞാനിങ്ങു എടുക്കുവാ....ഞാൻ നാലുപേരെ ചേർക്കണം...അവർ ഓരോരുത്തരും വേറെ നാലുപേരെ ചേർക്കണം...അപ്പോൾ നമ്മൾ ഒരു ലീഡർ ആയി.പിന്നെ നമ്മൾ ഒന്നും ചെയ്യണ്ട.നമ്മുടെ അക്കൗണ്ടിലേക്ക് പൈസ വന്നുകൊണ്ടേയിരിക്കും...


നമ്മൾക്ക് ഏകദേശം സംഗതിയുടെ ഇരിപ്പുവശം പിടികിട്ടി. "ഈ കമ്പനിക്ക് റിസേർവ് ബാങ്കിന്റെ അംഗീകാരമുണ്ടോ..."? ചുമ്മാ ഒരു ചോദ്യം എറിഞ്ഞു.  "അതെനിക്കറിയില്ല എന്നെ ചേർത്തത് അന്നമ്മാമ്മയാണ്.അതിനു മുകളിൽ തങ്കമ്മാമ്മയുണ്ട്". "ഞാനൊരു കാര്യം ചെയ്യാം,കോട്ടയം ജില്ലയുടെ ലീഡർ പൊന്നമ്മാമ്മയുടെ നമ്പർ തരാം..നീ നേരിട്ട് വിളിക്കണം....അമ്മാമ്മ സൂപ്പറാണ്...കാര്യങ്ങൾ നന്നായി പറഞ്ഞുതരും....!  എന്തുചെയ്യാനാണ് പൊന്നമ്മേടെ നമ്പർ തരാമെന്നു പറഞ്ഞിട്ടു ഇപ്പോൾ വർഷം ഒന്നായി.!!

ദുരന്തം നമ്പർ രണ്ട് 

നിങ്ങൾ ഒരു ആറായിരം രൂപ കൊടുത്തു ചേരണം. അതിനുള്ള പ്രൊഡക്ടുകൾ നമ്മൾക്കു കിട്ടും.എന്തൊക്കെയാണാവോ ആ പ്രൊഡക്ടുകൾ...? ഞങ്ങൾ കണ്ടു.. എണ്ണൂറ് രൂപയുടെ ഷാംപൂ, ആനയ്ക്ക് ഇടാൻ പരുവത്തിലുള്ള ഒരു ടീഷർട്ട്, ഷുഗറിന്റെ ഒരു ബോട്ടിൽ മരുന്ന്(ഷുഗർ ഇല്ലെങ്കിലും നമ്മൾക്കിത് തരും..എങ്ങാനും ഷുഗർ പിടിച്ചാലോ...ഹോ...കമ്പനിയുടെ ഒരു സ്നേഹമേ) ഹെയർ ഓയിൽ,  ബോഡി വാഷ്, മസ്സാജിങ് ക്രീം. അങ്ങനെ 6000 രൂപയുടെ സാധനങ്ങൾ നമ്മൾക്കു കിട്ടും.നമ്മൾ ചെയ്യേണ്ടത് നമ്മുടെ  ഇടത്തും വലത്തുമായി ഓരോ അംഗങ്ങളെ ചേർക്കണം.പിന്നെ  നമ്മളായിട്ടു ഒന്നും ചെയ്യേണ്ടതില്ല.നമ്മൾ ചേർത്തവർ ആരാണോ പിന്നെ അവരുടെ ഊഴമാണ്. നമ്മുടെ അക്കൗണ്ടിലേക്കു പൈസ വന്നുകൊണ്ടേയിരിക്കും.

തേക്കൽ  നമ്പർ മൂന്ന്  

നമ്മൾ 900 രൂപ കൊടുത്തു ചേരണം. അടുത്ത നാലുപേരെ ചേർക്കുന്ന ഘട്ടമാണ് ഇനി. നമ്മൾ ഇവരെ ചേർത്ത് കഴിയുമ്പോൾ നമ്മുടെ മുടക്കുമുതലായ 900 രൂപ തിരിച്ചുകിട്ടും. ഇനി നമ്മൾ ചേർത്ത ഓരോരുത്തരും വീണ്ടും ആളുകളെ ചേർത്തു തുടങ്ങുമ്പോൾ നമ്മൾക്കു അക്കൗണ്ടിൽ പൈസ വന്നുകൊണ്ടേയിരിക്കും. അത് ഡോളർ കണക്കിനാണ് വരുന്നത്. അതായത്, ഒരാൾ ചേരുമ്പോൾ നമ്മൾക്ക് 40 ഡോളർ കിട്ടും. അതിൽ 20 ഡോളർ നമ്മൾക്കും 20 ഡോളർ കമ്പനിക്കും.അതായത് ഒരുമാതിരി നക്കിത്തരം. 


തീർന്നില്ല ഒരെണ്ണം കൂടെയുണ്ടേ..ഇത് സർവത്ര ഓൺലൈൻ മയമാണ്. ആദ്യം 11250 രൂപ കൊടുത്തു കമ്പനിയിൽ ചേരണം. വെബ്‌കാർഡ് ബിസ്സിനെസ്സ് ആണത്രേ. എന്താണെന്നു ചോദിക്കരുത്. കമ്പനി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല. ലോഞ്ച് ചെയ്യുമ്പോൾ കൂടുതൽ പറയാം. പക്ഷേ യൂട്യുബിലും മറ്റും വിശദീകരണ വിഡിയോകൾ ധാരാളമുണ്ട്. നമ്മൾ ഈ വെബ്‌കാർഡുകൾ വാങ്ങി മറിച്ചു വിൽക്കണം. നമ്മൾക്ക് കമ്പനി തരുന്ന വിലയിൽനിന്നും കൂട്ടി നമ്മുടെ ലാഭവും കിട്ടുന്ന വിധത്തിലായിരിക്കണം ഇടപാട്. വിറ്റില്ല എങ്കിലും കുഴപ്പമില്ല. പല പ്ലാനുകൾ നിലവിലുണ്ട്. അതിൽ ഒന്ന് കണ്ടു നോക്കൂ..."This is an income without doing anything." എന്നാണ് ഇവരുടെ ഒരു പരസ്യ ഭാഗത്തിൽ  പറയുന്നത്. വെബ്‌കാർഡ് ബിസ്സിനെസ്സ് ചെയ്യുന്നതുകൂടാതെ കമ്പനിയുടെ ലാഭവിഹിതം ഏകദേശം മൂന്നു ലക്ഷം രൂപ വരെ നമ്മൾക്ക് കിട്ടാം...കിട്ടും എന്നല്ല, കിട്ടാം...ഇനി കിട്ടിയില്ലെങ്കിലും കമ്പനിയുടെ നെഞ്ചത്തു ആരും കയറരുത്. അതാണ് ഈ   മുൻ‌കൂർ ജാമ്യം. നമ്മൾ ആരെയും ചേർക്കേണ്ട ആവശ്യമില്ല, കമ്പനിയെക്കുറിച്ചു ഇൻട്രൊഡ്യൂസ് ചെയ്താൽ മതി. വെറൈറ്റി ഐറ്റം ആയതുകൊണ്ട് ഇവരുടെ യൂട്യൂബ് വീഡിയോ ഒന്നുകണ്ടു നോക്കി. കമ്പനിയുടെ നടത്തിപ്പുകാരുടെ പിതൃക്കളെ പലരും സ്മരിക്കുന്നത് കാണാൻ കഴിഞ്ഞു.

ഒരു ദിവസം പ്രോഗ്രാം കഴിഞ്ഞു ജെറ്റ്‌പോലെ നമ്മൾ വരുകയാണ്. കവലയിലെ ഒരു ഓട്ടോ ചേട്ടൻ കൈകാണിച്ചു. വണ്ടി സൈഡിലേക്ക് ഒതുക്കാൻ പറഞ്ഞു. നമ്മൾ പരമാവധി ഒതുക്കി. അടുത്തുവന്നപാടെ ചേട്ടൻ കാര്യം അവതരിപ്പിച്ചു. ഇപ്പൊ നല്ല വെള്ള അരിയുടെ വില എന്താണ്..? കടയിൽ പോകാനായിരിക്കും എന്നു കരുതി ജയ,സുരേഖ, അഞ്ചാന ഇങ്ങനെ കുറെ വെള്ളരിയുടെ വിലയൊക്കെ നമ്മൾ പറഞ്ഞു. പിന്നെ ചേട്ടൻ പോയത് അരിമില്ലിലേക്കും ചരക്കു കൂലിയിലേക്കും ആന്ധ്രയിലെ നെൽപ്പാടങ്ങളിലേക്കുമായിരുന്നു. അവസാനമാണ് കാര്യം പറഞ്ഞത്. ഇടനിലക്കാരില്ലാതെ നല്ല വെള്ള അരി, ആട്ട, എണ്ണ ഇതൊക്കെ നമ്മുടെ വീട്ടിൽ കൊണ്ടുതരുന്ന ഒരു കമ്പനിയുണ്ട്. ഒന്നാം ക്ലാസ് സാധനമാണ്. ഇടനിലക്കാരില്ലാത്തതിനാൽ വിലയോ തുച്ഛം ഗുണമോ  മെച്ചം...!നമ്മൾ ആദ്യം കമ്പനിയിൽ ചേരണം. അവർക്കാണ് ഈ സാധനങ്ങൾ കിട്ടുന്നത്. നമ്മൾ ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു ഒരുതരത്തിൽ അവിടുന്ന് മുങ്ങി. പിന്നെയാണ് നാട്ടിൽ കൊറോണ വന്നതും പണികിട്ടിയതും. പിന്നെ നമ്മൾ ഇതൊക്കെ മറന്നു. ഈ ബ്ലോഗ് എഴുതിവന്നപ്പോളാണ് ഓർത്തത്. ഒരു സമാധാനം ഇതിനുള്ളത് എന്തെന്നാൽ അക്കൗണ്ടിലേക്ക് പൈസാ വന്നുകൊണ്ടേയിരിക്കുന്ന പരിപാടി ഇവിടെയില്ല എന്നതാണ്. 


ഇനി നമ്മുടെ കാര്യത്തിലേക്കു വരാം. നമ്മൾക്കൊരു ഉപകാരം ആയിക്കോട്ടെ എന്നുകരുതിയാകും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ മേൽപ്പറഞ്ഞ കാര്യങ്ങൾ നമ്മളെ പരിചയപ്പെടുത്തുന്നത്. നമ്മൾ കാശില്ലാതെ തെണ്ടിത്തിരിയണ്ടല്ലോ...? അക്കൗണ്ടിൽ നിറയെ പൈസ വന്നോളുമല്ലോ എന്നൊക്കെയാകാം അവർ വിചാരിച്ചത്, അപ്പോൾത്തന്നെ അവരുടെ ഭാഗവും തരക്കേടില്ലാതെ പോകുകയും ചെയ്യും. പക്ഷെ ഇവിടെ വലിയൊരു പ്രശ്നമുണ്ട്. മുടിഞ്ഞ ലാഭവിഹിതം, പണി ചെയ്യാതെ വരുമാനം, ബോണസ് ഇവയൊക്കെ ദൈവം തമ്പ്രാൻ തരുമെന്ന് പറഞ്ഞാലും പൂർണ്ണമായി വിശ്വസിക്കരുത്. കാരണം നിന്റെ  കയ്യിലിരിക്കുന്ന പൈസ എന്റെ പോക്കറ്റിൽ എങ്ങനെ വീഴ്ത്താം എന്ന് ഗവേഷണം ചെയ്യുന്ന ഒരുപാട് തട്ടിപ്പു സൈറ്റുകളും പ്രസ്ഥാനങ്ങളുമുണ്ട്. കയ്യിലിരിക്കുന്ന ചില്ലറയും പോയി മൂഞ്ചിയ ആത്മാക്കൾ ഒത്തിരിയുണ്ട് അതുകൊണ്ടാണു പറയുന്നതു. 


നമ്മുടെ രാജ്യത്ത് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI )എന്നൊരു സ്ഥാപനമുണ്ട്. ഓൺലൈൻ പണമിടപാടുകൾ, ഓൺലൈൻ നിക്ഷേപം സ്വീകരിക്കൽ  എന്നുവേണ്ട സകല സാമ്പത്തിക ഇടപാടുകളെയും കുറിച്ച് ഇവർ വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എവിടൊക്കെ നിക്ഷേപിക്കാം എവിടൊക്കെ നിക്ഷേപിക്കരുത് ,അംഗീകാരമുള്ള ഫിനാൻഷ്യൽ കമ്പനികൾ ഏതൊക്കെ...ഇങ്ങനെ നൂറുകണക്കിന് വിവരങ്ങൾ RBI പ്രസിദ്ധീകരിച്ചിട്ടുണ്ട്.   അതിന്റെ സൈറ്റ് ലിങ്ക് സഹിതം താഴെ പോസ്റ്റ് ചെയ്തിരിക്കുന്നു.  മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നത് നല്ലതാണു, എന്നാലത് അവരുടെയും നമ്മളുടെയും സ്വസ്ഥതക്കു പാരവെച്ചുകൊണ്ടായിരിക്കരുത്. കുടുങ്ങിയാൽ ധന നഷ്ടം, ദേഹക്ഷതം  മാനഹാനി  (അങ്ങനെ ഒന്നുണ്ടെങ്കിൽ)  ഇതൊക്കെ സഹിക്കേണ്ടിവരും.


RBI യുടെ സൈറ്റിൽനിന്നും അടർത്തിയെടുത്ത ഏതാനും വരികൾ ഞാനിവിടെ ഉദ്ധരിക്കട്ടെ.. 

 9. Which are the NBFCs specifically authorized by RBI to accept deposits?

At times, some companies are temporarily prohibited from accepting public deposits. The Reserve Bank publishes the list of NBFCs temporarily prohibited also on its website. The Reserve Bank keeps both these lists updated. Members of the public are advised to check both these lists before placing deposits with NBFCs.

അവസാനത്തെ വരി കണ്ടോ, കയ്യിലിരിക്കുന്ന കായ് വല്ലവന്റെയും വായിൽ കൊണ്ടു വെക്കുന്നതിനുമുമ്പ് ഇവന്മ്മാർ ഉടായിപ്പാണോ എന്നറിയാൻ RBI യുടെ ലിസ്റ്റ് നോക്കണമെന്ന്.


നമ്മൾക്കു ആവശ്യമില്ലാത്ത കുറെ സാധനങ്ങൾ അടിച്ചേൽപ്പിക്കുന്ന പരിപാടിയാണ് ഇവിടെ മെയിൻ. അല്ലാതെ രണ്ടുരൂപയുടെ ക്ലിനിക് പ്ലസും 501 ബാർസോപ്പും തേക്കുന്ന നമ്മൾക്കെന്തിനാണ് എണ്ണൂറ് രൂഭയുടെ ഷാമ്പൂ..? ഷുഗറില്ലാത്ത നമ്മൾക്കെന്തോ കാണിക്കാനാണ് ആയിരം ഉറുപ്പികയുടെ ഷുഗർ മരുന്ന്...? ആനയ്ക്ക് പാകത്തിലുള്ള ടീഷർട്ട് നമ്മൾക്കിടാനാണോ അതോ ബെഡ്ഷീറ്റിനാണോ..? എവിടെയോ ചെലവാക്കാതെ കിടന്ന കുറെ പ്രൊഡക്ടുകൾ വിറ്റഴിക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്. അത് ശരിക്കും മനസ്സിലാകാത്ത മണകൊണാഞ്ചൻസ് ആയിരിക്കും  ഇവരുടെ വലയിൽ വീഴുന്നത്.പിന്നെ കൈ നനയാതെ,വിയർക്കാതെ അക്കൗണ്ടിൽ പൈസ വന്നാലെന്താ പുളിക്കുമോ..?

പല കമ്പനികളും, ലോഞ്ച് ചെയ്യാൻ പോകുകയാണ്, അല്ലെങ്കിൽ ചെയ്തതേയുള്ളു എന്നൊക്കെയാണ് പരസ്യത്തിൽ തട്ടി വിടുന്നത്. ഇതിനോടകം പലർക്കും പൈസ വന്നെന്നും, അങ്ങ് ഏറ്റുമാനൂരുള്ള ഒരു പെങ്കൊച്ചിനു ഒരു  ലക്ഷം രൂപ വരെ കിട്ടിയെന്നും താങ്ങും. ഈ പെങ്കൊച്ചിന്റെ ഡീറ്റെയിൽസ് ഒന്നും ചോദിക്കരുത് ബ്ലീസ്‌. ഒരു ഗുമ്മിനുവേണ്ടി തള്ളുന്നതാണ്. അങ്ങനെയൊരാളില്ല എന്നതാണ് സത്യം. വിശ്വാസം അതാണല്ലോ എല്ലാം. സത്യത്തിൽ കമ്പനിക്കു ഒരു ടാർജെറ്റ് ഉണ്ടാകും അത് തികയുമ്പോൾ അവർ നൈസായി മുങ്ങും. കോയമ്പത്തൂർ യൂണിവേഴ്സലും കേരളത്തിലെ പോപ്പുലർ ഫൈനാൻസും,ആപ്പിൾ ട്രീയും പോലുള്ള ഫിനാൻഷ്യൽ കമ്പനികൾ ജന വിശ്വാസമെടുത്തിട്ടു മുങ്ങിയവരാണ്. അങ്ങനെയുള്ളവരെയല്ല നമ്മളിവിടെ വിചാരണ ചെയ്യുന്നത്.


എങ്കിലും,നമ്മുടെ അക്കൗണ്ടിലേക്ക് പൈസ വന്നുകൊണ്ടിരിക്കും എന്നൊക്കെ പറയുമ്പോൾ ന്യായമായും ബുദ്ധിയൊന്നു വർക്ക് ചെയ്യേണ്ടതല്ലേ..ഉള്ളിൽ ബോധമുണ്ടാരുന്നു പുറമെ പറഞ്ഞില്ലെന്നേയുള്ളു. ആരും ആർക്കും ഫ്രീയായി ഒന്നും കൊടുക്കുന്നില്ല. ഇതൊരു നിത്യ സത്യമാണ്. തുണിക്കടയിൽ ചെന്നപ്പോൾ അവിടെ AC ഉണ്ടായിരുന്നു. കുടിക്കാൻ ബ്രൂ കാപ്പിയും കിട്ടി. തുണി ഇട്ടുതന്നതോ..നയൻതാരയുടെ  പടമുള്ള ഒരു കിടിലൻ കവറിലും. എന്താ ഇങ്ങടെ കുഞ്ഞമ്മേടെ വകയിലുള്ള കടയായിട്ടാണോ അങ്ങനെ ചെയ്തെ..? കുളിരുകോരിയ AC ക്കും മൂഞ്ചിയ കാപ്പിക്കും കവറിനുമെല്ലാം ഉൾപ്പടെയുള്ള വിലയാണ് നിങ്ങൾ അവിടെ വിരിഞ്ഞു നിന്ന് അടച്ചത്...അറിയാമോ..? അതുകൊണ്ടാണ് നമ്മൾ പറഞ്ഞത് ഫ്രീയായി ആരും ഒന്നും തരുന്നില്ലെന്നു.


ഇതുവരെ ലോകത്തിൽ ആരും അവതരിപ്പിച്ചിട്ടില്ലാത്ത സംഭവമാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. ഇതുവരെ ആരും കൊടുക്കാത്ത ഉയർന്ന ലാഭവിഹിതം ഞങ്ങൾ കൊടുക്കും. അതുപോരാഞ്ഞാൽ ബോണസ് വേറെയും. ഇങ്ങനെ അവകാശ വാദം  പറയുന്നുണ്ടെങ്കിൽ  ഉറപ്പിച്ചോളു ഇത് നൂറു ശതമാനം ഉഡായിപ്പാണെന്ന്. ലോകം മുഴുവൻ അംഗീകരിച്ച നിക്ഷേപ പദ്ധതിയാണ് മ്യൂച്ചൽ ഫണ്ടുകൾ. അവർപോലും വിപണിയുടെ നഷ്ട സാധ്യതകളെക്കുറിച്ചും ചാഞ്ചാട്ടത്തെക്കുറിച്ചും മുന്നറിയിപ്പ് തരുന്നുണ്ട്. അപ്പോഴാണ് അവന്റെ കുഞ്ഞമ്മേടെ ഒരു  ഒടംകൊല്ലി കമ്പനിയുടെ കൊണകൊണാ വർത്തമാനം. ഓർക്കുക, വൻകിട ബാങ്കുകൾ, നിക്ഷേപ പദ്ധതികൾ,  മ്യൂച്ചൽ ഫണ്ടുകൾ, LIC പോലുള്ള പ്രസ്ഥാനങ്ങൾ ഇവരെല്ലാംതന്നെ റിസ്ക് ഫാക്ടറിനെക്കുറിച്ചു വ്യക്തമായി പറഞ്ഞിരിക്കും. അതാണ് അവരുടെ ജന വിശ്വാസതക്കും അടിസ്ഥാനം. ഒരു സിമ്പിൾ കാര്യംപറയാം . ഒരു ബാങ്ക് അവിടുത്തെ സ്ഥിര നിക്ഷേപത്തിനു കൊടുക്കുന്ന പലിശ എത്രയാണു...? ഫിക്സഡ് ഡെപ്പോസിറ് എത്രയോ അതിനു ആനുപാതികമായിട്ടായിരിക്കും അതിന്റെ കിടപ്പ്.അല്ലാതെ പതിനായിരം രൂപ നിങ്ങൾ നിക്ഷേപിക്കൂ...മാസാമാസം ഞങ്ങൾ ഇരുപത്തയ്യായിരം രൂപ പലിശ തരാം എന്നൊന്നും അവർ പറയില്ല. സെൻസിബിലിറ്റി വേണം മോനെ....അതാണ് നമ്മുടെയൊരു സാർ പറഞ്ഞത് അന്താരാഷ്ട്ര മാർക്കറ്റിൽ കൂടുന്നതിന്റെ ഒരു അംശമേ  ഇവിടെ കൂടുന്നുള്ളൂ,അപ്പോൾ തന്നെ മുഴുവൻ കൂടുന്നുമില്ല എന്ന്.മനസ്സിലായോ...?    


ആറായിരം രൂപ കൊടുത്തു ചേരുന്ന കമ്പനിയുടെ തട്ടിപ്പു നോക്കുക.18000 രൂപ അവരുടെ അക്കൗണ്ടിൽ കിട്ടുന്നു. യഥാർത്ഥത്തിൽ ആവശ്യമില്ലാത്ത കുറെ പ്രൊഡക്ടുകൾ ഒന്നുമറിയാതെ വിറ്റു പോകുന്നു. ആറായിരം രൂപയുടെ പ്രൊഡക്ടുകളാണ് കൊടുക്കുന്നതെന്നു പറയുന്നു. ഇത് MRP ആണ്, യഥാർത്ഥത്തിൽ ആറായിരത്തിന്റെ നേർ പകുതിപോലും അതിനു വിലയുണ്ടായിരിക്കുകയില്ല. അതിലൊരംശം ഒന്നാമത്തെ ആളുടെ അക്കൗണ്ടിൽ ഇട്ടുകൊടുക്കുക. പിന്നീട് മറ്റുരണ്ടുപേർ നെറ്റ്‌വർക്ക് തുടർന്നാലും ഇല്ലെങ്കിലും കമ്പനിയുടെ ടാർജെറ്റ് കിട്ടിക്കഴിഞ്ഞു, പ്രൊഡക്റ്റും ചെലവായിക്കഴിഞ്ഞു. ഒന്നാമത്തെയാൾ അക്കൗണ്ടിൽ പൈസ വന്നു കുമിഞ്ഞുകൂടുന്നതും സ്വപ്നം കണ്ടിരിക്കുകയും ചെയ്യുന്നു. ഈ നെറ്റ്‌വർക്ക് തുടർന്ന് പോകുന്ന സാഹചര്യമാണ് ഉള്ളതെങ്കിൽ, നോക്കൂ എന്ത് കൊള്ളയാണ് ഇവർ സാദാ ജനങ്ങളെ മുന്നിൽനിർത്തി ചെയ്യുന്നത്. ഇതിന്റെ തട്ടിപ്പ് മനസ്സിലാകാത്തവർ ഇപ്പോഴും തലവെക്കുന്ന തിരക്കിലാണ്. പൈസാ കിട്ടുമല്ലോ എന്നോർത്തു ചേരുന്ന പാവങ്ങളും ഇതിലുൾപ്പെടും. കൈനനയാതെ വരുമാനം കിട്ടുമല്ലോ എന്നോർത്തു ചേരുന്ന അതിബുദ്ധിമാൻമ്മാരുമുണ്ട്. ഇങ്ങനെ ചെയിൻ പരിപാടി നടത്തി, കരുതിയപോലെ പണം കിട്ടിയ എത്രപേരുണ്ട്....? കിട്ടും എന്നുള്ള വാഗ്ദാനം മാത്രമേയുള്ളോ...?


നമ്മുടെ ചെറുപ്പത്തിൽ ഇങ്ങനെയൊരു ചെയിൻ പരിപാടിയെക്കുറിച്ചു കേട്ടിട്ടുണ്ട്. നമ്മൾ കായ് കൊടുത്തു ചേരണം,പിന്നെ  അടുത്ത നാലുപേരെ ചേർക്കണം. ആക്ഷൻ ഷൂ,പാത്രങ്ങൾ,സെയിന്റ് ജോർജ് കുടകൾ, ഒക്കെയാണ് സമ്മാനങ്ങൾ.ഏറ്റവുംകൂടുതൽ ആളുകളെ ചേർത്തത് ഏത് ചേട്ടന്റെ നെറ്റ്‌വർക്ക് ആണോ പുള്ളിക്ക് ഹെർക്കുലീസ് സൈക്കിൾ സമ്മാനം. ഇതിനെക്കുറിച്ച് ക്യാൻവാസിനുവരുന്ന പുള്ളീടെ വർണ്ണനയും ഭാവനയും  കേൾക്കേണ്ടതാണ്...മഹാകവിയായ കുമാരനാശാൻ വരെ   ഓടും...കോട്ടയത്തുള്ള ഒരാൾക്ക് സൈക്കിൾ വരെ കിട്ടി..ലാസ്‌റ് അടവാണ് ഇത്. ആ ചേട്ടന്റെ ഡീറ്റെയിൽസ് ഒന്നു പറയാമോ...?അതറിയില്ല....പിന്നെ എന്തോചെയ്യാനാ ഇയാൾ തള്ളിക്കൊണ്ട് വന്നത്...?ഫേസ്ബുക്കും വാട്സാപ്പും ഒന്നുമില്ലാത്ത കാലത്തു വാചകം മാത്രമായിരുന്നു പിടിവള്ളി.


തമിഴ്നാട്ടിൽ കുറെ സ്ഥലം വാങ്ങി ആയുർവേദ മരുന്നു കൃഷി ചെയ്യുന്ന പരിപാടിയും ഉണ്ട്. നമ്മൾ ചേരണം...അതാണല്ലോ മെയിൻ. ഇവന്മ്മാരുടെ മരുന്നു ഫ്രീ ആയിട്ടുകിട്ടും. കാശുകൊടുത്തു ബൾക്ക് ആയും വാങ്ങാൻ പറ്റും. നമ്മൾ ചേരുന്നതിലൂടെ ഇതിന്റെയൊരു കൊണാണ്ടർ ആയി മാറിയതിനാൽ കൊണാണ്ടർസ് ഒൺലി മരുന്നും കിട്ടും. വാങ്ങി  സമയമുള്ളപ്പോൾ കേറിയും ഇറങ്ങിയും  കുടിക്കാം. ഓജസ്സും തേജസ്സും ബോണസും അലവൻസും അടിവെച്ചടിവെച്ചു കയറും . ആമവാതം പിള്ളവാതം കോച്ചും കൊളുത്തും പിന്നെ, ചൊറി ചിരങ്ങു കരപ്പൻ കൈകാൽ മരപ്പ്‌ പെരുപ്പ്, കാൻസർ എന്നുവേണ്ട  ഇനി ഭൂമിയിൽ ഉണ്ടാകാനിടയുള്ള എല്ലാവിധ അസുഖങ്ങൾക്കും ഒന്നിടവിട്ട് സേവിക്കാൻ നല്ലതാണു ഇവരുടെ മരുന്ന്....എന്താണെന്നറിയില്ല ഇപ്പോൾ കേൾക്കുന്നില്ല. അല്ലെങ്കിൽത്തന്നെ ആയുർവേദ മരുന്ന് തമിഴ്നാട്ടിലെ മണ്ണിൽ കിളിർത്തുവരാൻ ഭയങ്കര പാടാണ്.എന്നാ വെയിലാണെന്നേ.... എനിക്ക് പണ്ടേ അറിയാമായിരുന്നു..!!


മൂന്നുപേരെ നാലുപേരെ രണ്ടുപേരെ ചേർക്കണമെന്നു പറഞ്ഞുവരുന്നു ഇടപാടുകൾ മുക്കാലും തട്ടിപ്പായിരിക്കും.യാതൊരു ധാർമ്മികതയും ഇക്കൂട്ടർക്ക് ബാധകമല്ല.  ഏതോകടലാസ്സ്  കമ്പനിയായിരിക്കും. കാര്യമറിയാത്ത പാവങ്ങൾ ചെന്നു തലയിടും. പിന്നെ ഇവർ നെട്ടോട്ടമാണ്, ആളെ ചേർക്കണം..!? രണ്ടു ചോദ്യങ്ങൾ ഇരുത്തി ചോദിച്ചാൽ ഇവർക്ക് ഉത്തരം കാണില്ല. ഇങ്ങനെ ആളെ പറ്റിക്കുന്ന നൂറുകണക്കിനു ഓൺലൈൻ കമ്പനികളാണു നിലവിലുള്ളത്. തട്ടിപ്പു കമ്പനികൾ അവരുടെ ടാർജെറ്റ് തികയുന്ന മുറയ്ക്ക് നൈസായി മുങ്ങും. ഇവിടെ ആളെപ്പിടിച്ചു നടന്നവർ ശശി. അവസാന ഗഡു വരെ അക്കൗണ്ടിൽ വന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാത്ത ഇവരുടെയൊക്കെ  പുറകെ തലവെക്കുന്നവരെയും സമ്മതിക്കണം. "കോട്ടയത്തുള്ള ഒരു പെണ്ണും" "കൊല്ലത്തുള്ള ഒരു ചെറുക്കനും" അല്ലാതെ ശരിയായ ഐഡൻറിറ്റി കാണിക്കാതെ അവർക്കു പൈസ കിട്ടി, ഇവർക്ക് പൈസ കിട്ടി എന്നൊക്കെ പറയുമ്പോൾ ആരും ഇതിന്റെയൊന്നും വിശ്വസ്യതയെക്കുറിച്ചൊന്നും ചിന്തിക്കുന്നേയില്ല. ഗവൺമെന്റ് അംഗീകാരമില്ലാത്ത ഒരു ഓൺലൈൻ സാമ്പത്തിക ഇടപാടും സുതാര്യമല്ല. മാനവും പോയി ഉള്ള ചില്ലറയും പോയിക്കഴിയുമ്പോഴാണ് പലർക്കും നേരം വെളുക്കുന്നത്. അപ്പോൾ നമ്മളെ ചേർത്തവരും കാണില്ല ഓൺലൈൻ ക്ലാസ് എടുത്തവരും കാണില്ല. ഒരു മോന്റെ മോനും കാണില്ല എല്ലാവരും പാലം വലിച്ചിരിക്കും.


പിന്നെ എത്ര കേട്ടാലും അനുഭവിച്ചാലും മനസ്സിലാകാത്ത കുറച്ചു ദുരന്ത  വാണങ്ങളുണ്ട് അവർക്കിതൊന്നും ബാധകമല്ല. നിങ്ങൾ ഒരു ലക്ഷം രൂപ നിക്ഷേപിക്കൂ ആറാം മാസം അഞ്ചു ലക്ഷം രൂപ തിരിച്ചുതരുമെന്നു ആരെങ്കിലും വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചാൽ മതി,പിറ്റേ ദിവസം ഈ പോങ്ങൻമ്മാർ പൈസായും കൊണ്ടു വരവായി. ചില  മരമൂരികളാകട്ടെ ബന്ധുക്കളെ ക്യാൻവാസ് ചെയ്യാൻ തള്ളിക്കൊണ്ട് ചെല്ലും. ഇതിന്റെ സത്യാവസ്ഥ ആദ്യം അറിയുകയല്ല, മറിച്ചു ഇവരുടെ കുഞ്ഞമ്മയും കൊച്ചപ്പനുമൊക്കെ  ഇതിൽ ചേർന്നിട്ടുണ്ടെന്നും നിങ്ങളും ചേർന്നേ പറ്റൂ എന്നൊക്കെയാണ് ഇവരുടെ ലൈൻ.  ഉഡായിപ്പുവഴി ചില്ലറ ഉണ്ടാക്കാനുള്ള കുറുക്കുവഴി തേടുന്നവൻമ്മാർക്കും ഉള്ള ചിക്കിലി ഇരട്ടിയാക്കാൻ പാടുപെടുന്നവർക്കും ഇങ്ങനെയുള്ള വള്ളിക്കെട്ടുകൾ വലിയ സംഭവമായി തോന്നും.

വാർത്ത കാണുകയോ പത്രം വായിക്കുകയോ ചെയ്യാത്ത പുള്ളികൾ മാത്രമല്ല അൽപ്പം വിവരം ഉണ്ടെന്നു നമ്മൾ കരുതുന്ന ആളുകൾ വരെ ഇമ്മാതിരി തട്ടിപ്പിൽ ചെന്നു ചാടുന്നുണ്ട്.ഇവർ ചാടിയതും പോരാഞ്ഞിട്ടു മറ്റുള്ളവരെയും ചാടിക്കാനായി പാഞ്ഞു നടക്കുകയും ചെയ്യുന്നു.അതാണു മാരകം.


സമയവും സാഹചര്യവുമൊക്കെ ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിലൊക്കെ ഒന്നു തലയിടുന്നത് എന്തുകൊണ്ടും നല്ലതാണു.അപ്പൊ ഈ ബ്ലോഗിൽ ഇത്രയും പോരെ അളിയാ.......!!

RBI യുടെ ഒഫീഷ്യൽ വെബ്സൈറ്റ്             

https://www.rbi.org.in/   

RBI യോടു ചോദിച്ച ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും 

https://www.rbi.org.in/Scripts/FAQView.aspx?Id=92

നിക്ഷേപം സ്വീകരിക്കാൻ അംഗീകാരമുള്ള  കമ്പനികളുടെ ലിസ്റ്റ് 

https://rbi.org.in/scripts/NBFC_Pub_lic.aspx

വ്യാജ കമ്പനികളെക്കുറിച്ചു 

ps://www.rbi.org.in/Scripts/NotificationUser.aspx?Id=10622&Mode=0


കരളലിയിക്കുന്ന രോദനം

ഇനിയുമൊരു ലോക്ക് ഡൗണോ..... ഞങ്ങൾ പട്ടിണിയിലാണ്. കഞ്ഞി കുടിച്ചിട്ട് ആഴ്ചകളായി. ഞങ്ങളുടെ കുട്ടികൾക്ക് പാൽ വാങ്ങാൻ പോലും നിവൃത്തിയില്ല.ഇനി ആത്മഹത്യ മാത്രമാണ് പരിഹാരം. സർക്കാർ ഇത്ര ക്രൂരത കാണിക്കരുത്. 

 സോഷ്യൽ മീഡിയയെ കണ്ണീരണിയിപ്പിച്ച ഒരു പോസ്റ്റാണിത്.....പോസ്റ്റ് ഷെയറോട് ഷെയർ. കുറച്ചുപേർ  മോദിയെയും പിണറായിയേയും ആവശ്യത്തിനു ചീത്തവിളിച്ചു.ഇതുങ്ങളുടെ കൂട്ടക്കരച്ചിൽ കേട്ടവർ  സംസ്ഥാനങ്ങളുടെ പൂട്ട് തുറക്കണമെന്നു  ന്യായമായി ചിന്തിച്ചു. അങ്ങനെയൊരു ദിവസം ബീവറേജിന്റെ പൂട്ട് തുറന്നു.....പട്ടിണികിടന്നു നരകിച്ച  "............" മക്കൾ ഓടിക്കൂടി വാങ്ങിക്കൂട്ടി കുടിച്ചു തീർത്തത് 67 കോടിയുടെ മൊതലായിരുന്നു. ഇനി അടുത്ത ലോക്ക് ഡൗണിനു പോസ്റ്റ് ചെയ്യാൻ പട്ടിണി പോസ്റ്റും എഴുതി കാത്തിരിക്കുകയാണ് ഈ വാണങ്ങൾ. എന്തൊരു പ്രഹസനമാണ് സജീ...? 

       

വാൽക്കഷ്ണം

സ്ത്രീധനത്തെ ചൊല്ലിയുള്ള, ഒരു ശുനക പുത്രന്റെ  പീഡനത്തെ തുടർന്നു കൊല്ലത്തു വിസ്മയ എന്നൊരു സഹോദരി ജീവനൊടുക്കി......ആദരാഞ്ജലികൾ...

ഫേസ്ബുക്ക് നിറയെ സ്ത്രീധന വിരോധികളാണ്..കണക്കുപറഞ്ഞു മേടിച്ചു കാര്യം കണ്ടിട്ട്  ഫേസ്ബുക്കിൽ വേഷം കെട്ടാൻ വന്നേക്കുന്നു സങ്കരയിനം നായ്ക്കൾ. മേടിച്ച സ്ത്രീധനം പെണ്ണിന്റെ വീട്ടുകാർക്കു തിരിച്ചുകൊടുക്കാൻ നട്ടെല്ലുള്ള എത്ര അവൻമാരുണ്ട്...? ഒന്നു കാണട്ടെ...!!!എന്നിട്ടു വന്നു ആദർശം പറഞ്ഞോളൂ. അല്ലെങ്കിൽ നിന്റെയൊന്നും ആദർശം നമ്മൾക്കു മുടിയാണ്.

http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john

https://www.instagram.com/janoshkjohn


   

Friday, June 18, 2021

എനിക്കു പ്രത്യേകിച്ച് ഒന്നും അറിയണമെന്നില്ല

തോട്ടക്കാട് ഗവ. സ്കൂളിൽ നമ്മൾ  "പഠിക്കുന്ന" കാലം.
"പോകുന്ന" കാലം എന്നു പറയുന്നതാണ് അതിന്റെ ശരി. നമ്മൾ മഹത്തായ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു അഥവാ "ഇരിക്കുന്നു". ഞങ്ങടെ ക്ലാസ് ടീച്ചറായിരുന്ന ഐഷാ ബീഗം ഒരൂസം രാവിലെ വന്നു പറഞ്ഞു നാളെയാണ് ഫോട്ടോ എടുക്കുന്നത് എന്ന്. ഞങ്ങളുടെ കണ്ണുകൾ 500 വാട്ടിന്റെ ബൾബുകൾ പോലെ തിളങ്ങി. ക്ലാസ്സിന്റെ അവസാന മാസങ്ങളിലാണ് പടമെടുപ്പെന്ന ആചാര അനുഷ്ടാനമുള്ളത്. ആചാര ലംഘനം ഉണ്ടാകാതിരിക്കാൻ എല്ലാവരും പിറ്റേദിവസം കളറായിത്തന്നെ ഹാജരായി. മണി മൂന്ന്...ടീച്ചർ ഞങ്ങളെ ഗ്രൗണ്ടിലേക്ക് തെളിച്ചു...




അതാ അങ്ങോട്ടു നോക്കൂ.... രണ്ടു മാമൻമ്മാർ ക്യാമറയും ലൈറ്റുമൊക്കെ തൂക്കി  70 mm ചിരിയുമായി നിൽക്കുന്നു. പൊക്കമുള്ളവരെ പുറകിൽ തട്ടി. പൊക്കം കുറഞ്ഞവരെ  മുന്നിൽ നിർത്തി. എല്ലാവരും മാക്സിമം വിരിഞ്ഞും, തെളിഞ്ഞും, ഞെളിഞ്ഞും, മിഴിഞ്ഞും നിന്നു. ക്ലിക്ക്....അങ്ങനെ ആദ്യത്തെ സ്കൂൾഗ്രൂപ് ഫോട്ടം.ഞങ്ങൾ തിരിച്ചു നടന്നു. പിറ്റേ ദിവസം ടീച്ചർ പടം കൊണ്ടുവന്നു. ഒരെണ്ണം പത്തു രൂഭാ....പടംവാങ്ങി നമ്മൾ ആദ്യം നോക്കിയത് ആ സുന്ദരനെവിടെ എന്നായിരുന്നു. അത് മറ്റാരുമല്ല...ഈ നമ്മൾ തന്നെയായിരുന്നു. 


അന്നുമുതൽ ഇന്നുവരെയും നമ്മൾ ഈ നോട്ടം നിർത്തിയിട്ടില്ല...ഏത് നോട്ടം സ്വന്തം പടം നോക്കി ആസ്വദിക്കുന്ന ആ നോട്ടം...അന്ന് സ്വന്തം പടം നോക്കി കണ്ടുകണ്ടു കണ്ണുനിറഞ്ഞതിനു ശേഷമാണ് അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന മഹാൻമ്മാരും മഹതികളും ആരാണെന്നു നോക്കിയത്. ഈ സ്വഭാവം മനുഷ്യ സഹജമാണ്. പക്ഷേ ഇത്  ഓവറാക്കി ചളമാക്കിയാൽ  വേറെ ഒരു അസുഖമാണ്. ച്ചാൽ നാർസിസിസം എന്നൊക്കെ പറയും. കുറച്ചുകൂടി ബാസ്സൊക്കെ ഇട്ടു പറഞ്ഞാൽ ആത്മാനുരാഗം. നമ്മൾക്ക് ഏറ്റവും ഇഷ്ടം നമ്മളെ തന്നെയാണ്. അതാണ് ഈ സ്വന്തം പടം നോക്കി കണ്ണുനിറയുന്നതിന്റെ കാരണം.


നമ്മൾ പറഞ്ഞുവന്നത് നാർസിസത്തെ കുറിച്ചാണല്ലോ....ഇംഗ്ലീഷിൽ പറഞ്ഞാൽ ഇങ്ങനെയിരിക്കും.Narcissism is the pursuit of gratification from vanity or egotistic admiration of one's idealised,self image and attributes.. പേടിക്കണ്ട, സിമ്പിളായി പറഞ്ഞാൽ..... തന്റെ പ്രാധാന്യത്തെക്കുറിച്ചു വെറുതെ ചിന്തിക്കുക, മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതിരിക്കുക, താൻ മാത്രമാണ് ഏറ്റവും പ്രാധാന്യമുള്ള പുള്ളി എന്നു ചിന്തിക്കുക, വ്യർത്ഥതയിൽ നിന്നുള്ള സംതൃപ്തി, നമ്മുടെ സിമ്പിൾ ഭാഷയിൽ പറഞ്ഞാൽ  ഒരു മാതിരി  വർഗ്ഗത്തുകെട്ട അളിഞ്ഞ സ്വഭാവം.


ഈ നാർസിസിസം എന്ന പേര് എങ്ങനെ വന്നതാണെന്നു നോക്കാം. നാർസിസ്സസ് എന്നു പേരുള്ള ഒരു ചേട്ടൻ പണ്ടൊരിക്കൽ അങ്ങ് ഗ്രീസിലെ കരമന ആറ്റിൽ (അതോ ഗ്രീസിലെ നെയ്യാർ ഡാമിലാണോ എന്നു ഞാൻ കറക്റ്റായി ഓർക്കുന്നില്ല)  കുളിക്കാൻ പോയി. ചെന്നപാടെ പുള്ളി വെള്ളത്തിലേക്ക് നോക്കി, കലക്കവെള്ളമാണോ എന്നറിയണമല്ലോ....? അതാ അങ്ങോട്ടു നോക്കൂ.. വെള്ളത്തിൽ ഒരു രൂപം...ഇതിയാന്റെ മുഖം തന്നെയാണ് ആ കാണുന്നതെന്ന് അറിയാതെ ഈ പൊട്ടൻ ക്ണാപ്പൻ പിന്നേം പിന്നേം അങ്ങുനോക്കിനിന്നു. കുളിക്കാൻ പോലും മറന്ന ഇയാൾ  തോർത്തും,തേക്കാൻ കൊണ്ടുപോയ  ചകിരിയും പാരഗന്റെ വള്ളിച്ചെരുപ്പും  ലൈഫ് ബോയ് സോപ്പും എടുക്കാതെ വീട്ടിൽപ്പോയി. പിന്നെ അയൽക്കൂട്ടത്തിനു വന്ന ചേച്ചിമാർ പറഞ്ഞാണ് അറിഞ്ഞത് ഇയാൾക്കു ഒരു അസുഖമുണ്ടെന്ന്. അതാണ് ഈ "നർസിസിസം" പിടികിട്ടിയല്ലോ....? ഫേസ്‌ബുക്കിൽ ചുമ്മാ ചുമ്മാ സെൽഫി ആണെന്നുംപറഞ്ഞു   തലങ്ങും വിലങ്ങും വീശുന്നവരെ കണ്ടിട്ടില്ലേ...ഈ അസുഖ ബാധിതരാണ്‌.....!!

എല്ലാ മനുഷ്യർക്കും അര വട്ടുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അത് പല വിധമായിരിക്കുമെന്നു മാത്രം. ചെറിയ കേസൊക്കെ ഒരു ഷോക്കിൽ മാറും, മേജർ സെറ്റ് ഐറ്റങ്ങൾ ഒക്കെ ചങ്ങലയിൽ തീരും. ഈ നാർസിസിസവും ഒരു വ്യക്തി വൈകല്യമാണെന്നാണ് സൈക്കോളജി പറയുന്നത്, നർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ അഥവാ NPD. സേട്ടൻമ്മാരാണ് ഇതിനു മുന്നിൽ. ജനിതക ഘടനയോ, പാരിസ്ഥിതിക ഘടകങ്ങളോ ആണ് കാരണം. അമിതമായി പ്രശംസ ആഗ്രഹിക്കുക, ചെയ്യുന്നതെല്ലാം പ്രശംസക്കുവേണ്ടി മാത്രം ചെയ്യുക, സ്വന്ത അവകാശങ്ങളെക്കുറിച്ചു അമിതമായ വിശ്വാസം, മറ്റുള്ളവരെ പുച്ഛം, ഞാൻ എന്തോ ആണെന്നുള്ള ഭാവം...ഇതൊക്കെയാണ് ഇവരുടെ "രോഗ"ലക്ഷണം. എന്താണെങ്കിലും കൊള്ളാം പത്തു ലക്ഷത്തിനടുത്തു കേസുകൾ ഇന്ത്യയിൽ ഉണ്ടാകുന്നുണ്ട്. ചികിത്സ സഹായിക്കും, പക്ഷേ ഭേദമാക്കാൻ കഴിയില്ല. ചിലത് വർഷങ്ങളെടുക്കും, മറ്റുചിലത് ആജീവനന്തമായിരിക്കും.


ലൈക്കിനും കമന്റിനും വേണ്ടി മാത്രം ജീവിതം ഫേസ്ബുക്കിൽ ഹോമിക്കുന്നവരെ വെറുതെ ഓർത്തുപോയി. ഇപ്പോൾ ഫേസ്ബുക്കിൽ ഒരു ചീള് സാധനം ഓടുന്നുണ്ട്."എനിക്കും അറിയാൻ താൽപ്പര്യമുണ്ട്".....എന്നാണു തുടക്കം.ഇയാൾക്ക് കുറെ ഫ്രണ്ട്‌സ് ഉണ്ടെന്നും, ഇങ്ങേരെ എങ്ങനെയാണു അവർ അറിയുന്നതെന്നും പറയണം..  ഒരേ ഒരു വാക്ക് എന്നെക്കുറിച്ചു നിങ്ങൾ പറയണം..? കേഴുകയാണ്...അവസാനം ഒരു ഓഫർകൂടെയുണ്ട്, ഇത് നിങ്ങളുടെ പ്രൊഫൈലിലും പോസ്റ്റ് ചെയ്യണം ഞാൻ വന്നു നിങ്ങളെയും തള്ളിത്തരുന്നതാണ്.. പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ കുറെ ദുരന്തങ്ങൾ ഇവരുടെ പോസ്റ്റിനു താഴെ എഴുതും.."എനിക്ക് ചേട്ടനെ അറിയാം..ജാടയൊന്നുമില്ലാത്ത ഒരു ചേട്ടൻ"......ഇത് കേൾക്കുന്ന മനോരോഗിയായ പോസ്റ്റ്മാൻ കുളിരു കോരും...അടുത്ത ദുരന്തം എഴുതും, "ചേട്ടനെ ഞാൻ കണ്ടിട്ടില്ല എന്നാലും ചേട്ടൻ ഒരു പൊളിയാണ്..." ഇങ്ങനെ തള്ളുകയും പറഞ്ഞു തള്ളിക്കുകയും ചെയ്യുന്ന കുറെ ഭൗതിക ശരീരങ്ങൾ...!!!!സത്യം പറഞ്ഞാൽ ഇതിൽ പലതിനെയും വീടിന്റെ പരിസരത്തു പോലും അടുപ്പിക്കാൻ കൊള്ളാത്തതായിരിക്കും. നിർവൃതിയാണ് പോലും നിർവൃതി.


ഇതിനെക്കുറിച്ച് ഞാൻ കുറെ സ്നേഹിതൻമാരുമായി സംസാരിച്ചു.വസ്തു നിഷ്ടവും യുക്തിസഹവുമായ കാര്യങ്ങളാണ് അവർ പറഞ്ഞുതന്നത്. നന്നായി ചിന്തിക്കുന്നവർ അന്യം നിന്നുപോയിട്ടില്ലന്നു എനിക്ക് മനസ്സിലായി.
എനിക്ക്  വളരെ ചിന്തനീയമായ തോന്നിയ ചില അഭിപ്രായങ്ങൾ കണ്ടുനോക്കൂ.

ഫേസ്ബുക്ക് ഒരിക്കലും റിയൽ ഫ്രണ്ട്ഷിപ്പിനു കൊള്ളാവുന്നതല്ല. 
അവിടെ അഭിനയം മാത്രമാണ് നടക്കുന്നത്.

സന്തോഷ, ആഘോഷ  അവസരങ്ങൾ മാത്രമാണ് 99 % ഉം പങ്കുവയ്ക്കപ്പെടുന്നത്. സ്വന്തം വീടുകളിലെ ഇല്ലായ്മ ആരെങ്കിലും പോസ്റ്റ് ചെയ്യാറുണ്ടോ.
വേറൊരു മുഖമാണ്‌ ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.
 
നമ്മുടെ ആത്മാർത്ഥ സുഹൃത്തുക്കൾ എന്നുപറഞ്ഞാൽ  നമ്മളെ വിളിക്കുകയും അന്വേഷിക്കുകയും സാഹചര്യത്തിന് അനുസരിച്ചു സഹകരിക്കുകയും ചെയ്യുന്നവരാണ്.

ഫേസ്ബുക്ക് സൗഹൃദമൊന്നും സൗഹൃദമെന്ന പേരിനു അർഹമേയല്ല.
നമ്മളെ അറിയുന്നവരും കുറെ അറിയാത്തവരുടെയും വെറും  കൂട്ടം  മാത്രമാണത്.

നമ്മൾ ചേർത്ത അഥവാ നമ്മളെ ചേർത്ത ആളിനെ  നമ്മൾക്ക് വാസ്തവമായി ഒരു പരിചയവുമില്ലെങ്കിൽ വെറുതെ എന്തിനാണ് ഈ പണിക്കു നടക്കുന്നത്..? 

സുഹൃത്തിന്റെ ആത്മാർത്ഥത ഫേസ്ബുക്കിൽ എഴുതി പോസ്റ്റ് ചെയ്യുന്നതും,പോസ്റ്റ് ചെയ്യിക്കുന്നതുമൊക്കെ വെറും കോമഡി മാത്രമാണ്.

ഫേസ്ബുക്ക് സൗഹൃദത്തെ സീരിയസ് ആയി കാണാനേ പാടില്ല. അതെല്ലാം ഒരു ടൈംപാസ്സ്‌ മാത്രമായി കാണണം. 

ആരെങ്കിലുമൊക്കെ പോസ്റ്റ് ചെയ്യുന്ന വിവരക്കേടുകൾ കട്ട് ആൻഡ് പേസ്റ്റ് ചെയ്യുന്ന വെറും യന്ത്രങ്ങളായി നമ്മൾ മാറരുത്.

ഫേസ്ബുക്കിന്റെ പോസ്റ്റുകളിലല്ല  ലൈഫിന്റെ റിയാലിറ്റികളിലാണ്ഒരുവന്റെ ആത്മാർത്ഥത തെളിയിക്കേണ്ടത്.

എന്റെ സുഹൃത്തുക്കളെ എനിക്ക് അറിയാമെങ്കിൽ പിന്നെ എന്തിനാണ് ഒരു ഔപചാരികമായ പരിചയപ്പെടുത്തലിന്  അവസരം ഉണ്ടാക്കുന്നത്..?

അറിയാത്തവരെ പിടിച്ചു കയറ്റി വെച്ചിട്ടു അവരോട് പരിചയപ്പെടുത്താൻ പറയുന്നതും   വിവരക്കേടല്ലേ ..?

ആത്മാർത്ഥമായ സൗഹൃദങ്ങൾ ഇല്ലാത്തവരാകാം ഒരുപക്ഷേ ഇങ്ങനെയുള്ള പോസ്റ്റുകളുമായി വരുന്നത്. 


പ്രശംസയും മുഖസ്തുതിയും ആഗ്രഹിച്ചു നടക്കുന്ന നൂറായിരം പേരാണ് സോഷ്യൽ മീഡിയയിൽ കയറിക്കൂടിയിരിക്കുന്നത്. വിവരമൊക്കെ ഉണ്ടെന്നു നമ്മൾ കരുതുന്നവർപ്പോലും ഇമ്മാതിരി പരിപാടിയും കൊണ്ടിറങ്ങിയപ്പോൾ സഹതാപം തോന്നിപ്പോയി.  മുഖസ്തുതിയൊക്കെ  പറഞ്ഞു മേടിച്ചു നിർവൃതി അടയാനും വേണം ഒരു റേഞ്ച്. 

കിഴക്കു വെള്ള കീറുന്നതു മുതൽ സൂര്യൻ അറബിക്കടലിൽ മുങ്ങുന്നതുവരെ  ഫേസ്ബുക്കിൽ ജീവിക്കുന്ന അംഗീകാര ലൈക്ക് ദാഹികളും, സ്വയം പ്രദർശന വസ്തുവാക്കി, മറ്റുള്ളവർ പറയുന്ന ഊള കമന്റും വായിച്ചു സ്വന്തം വിലപോലും കളഞ്ഞുകുളിക്കുന്ന ബ്ളഡീ ഫൂളുകളും, ഊളകളും,  സ്വയം തുണി പറിച്ചു കാണിച്ചു കോമഡി അഭിനയിക്കുന്ന ഡാഡി ലെസ്സ് സങ്കര ഇനങ്ങളും..കിടന്നുരുണ്ടു മെഴുകി നാശമാക്കി  സോഷ്യൽ മീഡിയ എന്ന  സാധ്യതയെ പന്നിക്കുഴിയാക്കി മാറ്റി.


എന്നെക്കുറിച്ചു മറ്റുള്ളവർ എന്തു പറയുന്നു....? സ്വയം പുളകിതരാകാൻ ആരോ കണ്ടുപിടിച്ച ഒരു ഉടായിപ്പു പണിയാണ് "എനിക്കും അറിയാൻ താൽപ്പര്യമുണ്ട്" എന്ന തള്ള് പോസ്റ്റ്. മറ്റുള്ളവർ ഇടുന്ന ഇമ്മാതിരി പോസ്റ്റുകൾക്ക് കുത്തിയിരുന്നു കമന്റുകൾ എഴുതുന്ന പുള്ളികളെയും സമ്മതിക്കണം.കണ്ടിട്ടില്ലേ...
"ഞാൻ പ്രാർത്ഥിക്കാൻ പോകുന്നതിനു മുമ്പ് വെറുതെ ഒരു സെൽഫി....."
"ഞാൻ ഇന്നലെ ഇട്ട പോസ്റ്റ് ആരെയും മുറിപ്പെടുത്താനായിരുന്നില്ല...." ഇതിന്റെയൊക്കെ പിന്നിലുള്ള "മുട്ടൽ" എന്തെന്നാൽ, ഞാൻ ജീവിച്ചിരിക്കുന്നു എന്നറിയിക്കാനുള്ള മനഃശാസ്ത്ര  മൂവ്മെന്റ്.... പിന്നെ, 
എന്നെ ആരൊക്കെ ശ്രദ്ധിക്കുന്നു എന്നും എന്നറിയണം..!


വേറെ കുറെ   അവർക്കു എന്നും ഓരോരോ പ്രശ്നങ്ങളാണ്. മറ്റുള്ളവർ കുറ്റപ്പെടുത്തിയതും, കളിയാക്കിയതും, മിണ്ടാതെപോയതും, തഴഞ്ഞതും, അവസരം കൊടുക്കാതിരുന്നതും, ലൈക് അടിക്കാതെ പോയതും ചിരിക്കാതെ പോയതും...അതെല്ലാം ഇവർ ഫേസ്ബുക്ക് പോസ്റ്റുകളായി തട്ടുകയാണ്...വനിതാ രത്നങ്ങളാണ് ഈ പോസ്റ്റ് മുതലാളികളെങ്കിൽ ഫേസ്ബുക്ക് ആങ്ങളമാരുടെ വരവാണ് കാണേണ്ടത്. ഒരുദിവസം മുഴുവൻ  ഇവരുടെ പോസ്റ്റിനുചുവട്ടിൽ ഈ ആങ്ങളമാർ പട്ടി കിടക്കുന്നതുപോലെ കാവലുണ്ടാകും.രണ്ടുകൂട്ടർക്കും ഒരു മനഃസുഖം....! 


എന്തായാലും സ്വയം പൊങ്ങികൾക്കും പൊങ്ങാൻ കലശലായ മുട്ടലുള്ളവർക്കും ചാകരയാണ് ഇതുപോലുള്ള ഊള പോസ്റ്റുകൾ. ഒരു ബഹളങ്ങളും ഉണ്ടാക്കാതെ സൈലന്റായി ഒരു സൈഡിലൂടെ അടങ്ങിയൊതുങ്ങി പോകുന്ന എത്രയോ അക്കൗണ്ടുകളുണ്ട്, നമ്മൾ ഇനിയും വരും പുതിയ ഐറ്റംസുമായി..ന്നാലും മ്മളേക്കുറിച്ചു നിങ്ങൾ എന്തുപറയുന്നു....!!??? എനിക്കും അറിയാൻ വല്ലാത്ത താൽപ്പര്യം......!!!??? THE END

നിങ്ങളും പല കാര്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതല്ലേ....? അതുകൊണ്ടു മറ്റുള്ളവരെ ഇങ്ങനെ ബിമര്ശിക്കണോ....?
നിങ്ങൾ എന്നാണ്  പുണ്യാളൻ ആയത്..... 
എന്നൊക്കെയുള്ള  അഭിപ്രായ ആനകളെയും എഴുന്നള്ളിച്ചു കൊണ്ട്  ആരും ഈ വഴി വരണമെന്നില്ല. 
സോഷ്യൽ മീഡിയ തുറക്കുന്നത് അനന്ത സാധ്യതകളാണ്. 
അതായത് സജീ..... ഫേസ്ബുക്കിനെ, പൊങ്ങച്ചത്തിനും ഉഡായിപ്പിനും തള്ളിനും വേണ്ടി മാത്രം ഉപയോഗിച്ച് ശീലിച്ചവരെയാണ് നമ്മളിവിടെ കൈകാര്യം ചെയ്തിരിക്കുന്നത്.അല്ലാതെ ചേട്ടന്റെ കാര്യമേയല്ല.   


സമാനമായ വേറെയും ബ്ലോഗുകൾ  നമ്മൾ നേരത്തെ എഴുതിയേക്കുന്നു.....
ഈ ലിങ്കിലൊന്നു ഞെക്കിയാൽ മതി.....അല്ലപിന്നെ.🙌

സോഷ്യൽ മീഡിയ ദുരന്തങ്ങൾഅൺസഹിക്കബിൾ  

വയ്യാത്ത പട്ടിയുടെ കയ്യാല കയറ്റം 


രണ്ടും കൽപ്പിച്ചു ഒറ്റ ചോദ്യമായിരുന്നു.....!!!!!!  ഒരു ഫേസ്ബുക്ക് "ഫ്രാർത്ഥന"
 





  



ഇത് വായിച്ചതും ഈശോ മിശിഹാ ഫേസ്ബുക്ക് അക്കൗണ്ടും  ഡിലീറ്റാക്കി ഒറ്റ പോക്കായിരുന്നു....







നമ്പർ ടു ഓൺ ദ സ്റ്റേജ്......




2019  ലെ  കൊറോണ  സമയത്തു  മലയാളികളെ കൊണം വരുത്താൻ ഉണ്ടാക്കിയ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ  സാമ്പിൾ പോസ്റ്റാണ് ഇത്.  

ഇവളുടെ വയസ്സ് നമ്മൾ പറയണം പോലും...

താഴെ നോക്കുക, പണിയില്ലാത്ത 1300 "ന്യൂറോ സർജൻ"മ്മാരാണ് വയസ്സ് പറയുന്ന ഈ കളിയിൽ പങ്കെടുത്തിരിക്കുന്നത്.

1100 ലൈക്കുകളും ചേച്ചിക്ക്  കൊടുത്തിട്ടുണ്ട്. ഒരു ശുനകൻ ഷെയറും ചെയ്തു.    

ഇത് വേറൊരു അസുഖമാണ്. ഇതിനെപ്പറ്റി വിശദമായി മറ്റൊരു ബ്ലോഗ് എഴുതിയിട്ടുണ്ട്. press below 



ഒരൂസം ഫേസ്ബുക്ക് നോക്കിയ നമ്മൾ ഞെട്ടി...സുഹൃത്തുക്കളായ ഏതാനും ചേട്ടൻമ്മാരും ചേച്ചിമാരും  ഇതാ നിക്കറുമിട്ട് നിൽക്കുന്നു. ഒരു സഹൃദയന്റെ ക്യാപ്ഷനുമുണ്ട്.."ട്രെൻഡിനൊപ്പം"
ടൂൺ ആപ്പാണത്രേ...പലരീതിയിൽ തുണി ഉടുപ്പിക്കും...കുറച്ചുപേരുടെ വിഷമം ടൂൺ ആപ്പ് തീർത്തുകൊടുത്തു. എന്താണെന്നറിയില്ല ഫേസ്ആപ്പ് പോലെ ഇത് ഒത്തിരി ക്ലിക്കായില്ല...തുണിയുടുത്ത ആപ്പ്...
അടുത്തത്‌....?????? 
അന്നും ഇവരൊക്കെ വരുമായിരിക്കും ട്രെൻഡിനൊപ്പം എന്നും പറഞ്ഞു....???!!????

ഇപ്പോൾ കിട്ടിയത്.....





വിഷം കൂടിയ ഇനമാണ്....
ഇങ്ങേരെക്കുറിച്ചുള്ള നമ്മുടെ അനുഭവങ്ങൾ ചെറുകഥയായോ മഹാകാവ്യമായോ,വേണ്ട ഖണ്ഡകാവ്യമായോ  എഴുതി സമർപ്പിക്കേണ്ടതാണ്....
എത്ര വെള്ളിടികൾ വെറുതെ വെട്ടിപ്പോകുന്നു.....ഒരെണ്ണം...ഒരേ ഒരെണ്ണം വരുമോ ഈ വഴിത്താരയിൽ..   





വാൽക്കഷ്ണം

മുട്ടിൽ നിന്നാരോ മരം മുറിച്ചു കടത്തിയെന്ന്...വാർത്ത
ഫേസ്ബുക്കിൽ ജുദ്ധം തുടങ്ങിയിട്ടുണ്ട്.കൂടിയാൽ ഒരു മാസം.. 

ഞങ്ങൾക്ക്, PSC ജോലി തരൂ എന്നൊക്കെ പറഞ്ഞു ആരൊക്കെയോ പണ്ടു റോട്ടിലൂടെ  ഇഴയുന്നത്‌ കണ്ടു....
ഇപ്പോ ആർക്കും അതൊന്നും വേണ്ടെന്നു തോന്നുന്നു.
അല്ലേലും ഈ സർക്കാർ ജോലിയൊക്കെ വെറും മടുപ്പാന്നെ....!!

Friday, May 28, 2021

പാലസ്തീൻ മിസൈലും പാമ്പാടി പാച്ചനും...

പണ്ടൊരിക്കൽ

അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൺ ഡൽഹിയിൽ വന്നു. ക്ലിന്റണെ ഇഷ്ടമില്ലാത്ത നമ്മുടെ കട്ടപ്പനയിലുള്ള ഒരു കട്ട കലിപ്പൻ  ചേട്ടൻ അടുത്തു കണ്ട മാടക്കടയുടെ പലകയിൽ കരിക്കട്ടകൊണ്ട് എഴുതി "ക്ലിന്റൺ ഗോ ബാക്ക്...."  




ആവശ്യമില്ലാത്ത കാര്യങ്ങളിൽ വല്ലാതങ്ങു ഇടപെടുക....! ഞാനൊരു മഹാ പണ്ഡിതനാണെന്നു വരുത്തി വെക്കുക.......!കാര്യമറിയാതെ വെറുതെ വൈകാരികമായി പ്രതികരിക്കുക.....! ഭക്തി മൂത്തു വട്ടായി മാറുക.....! ഇതൊക്കെയാണ് ഇന്നത്തെ ആവറേജ് മലയാളിയുടെ ഹോബികൾ.ചിലർ ഇന്റർനാഷണൽ കാര്യങ്ങളിൽ മാത്രമേ ഇടപെടൂ. ചുരുക്കത്തിൽ നായ നടന്നിട്ടു കാര്യമൊന്നുമില്ല പക്ഷേ നായക്ക് ഇരിക്കാൻ നോ ടൈം..... 

കോറോണയും ലോക്ക് ഡൗണും ഒക്കെ ഇവരുടെ സാമാന്യ ബോധത്തിന്റെ ഐ സി അടിച്ചു കളഞ്ഞോ എന്നും സംശയിക്കുന്നു. സമനില തെറ്റിയാൽ എന്തും സംഭവിക്കാമല്ലോ. മലയാളി ഇടപെടാത്ത കാര്യങ്ങളില്ല. സൂയസ് കനാലിൽ ചരക്ക് കപ്പൽ കുടുങ്ങിയപ്പോൾ, ഒരു വള്ളത്തിൽപ്പോലും കയറാത്ത നമ്മുടെ ചേട്ടൻമ്മാർ ധാർമ്മികമായി ഒത്തിരി രോധിച്ചു...! നരേന്ദ്രമോദിയുടെ പണിയാണെന്നും  പിണറായി രാജിവെക്കണമെന്നുപോലും പറഞ്ഞു  പണ്ഡിത കുണ്ഠിതൻമ്മാർ അറഞ്ചം പുറഞ്ചം വാൾ വീശി. കുടുങ്ങിപ്പോയ കപ്പൽ അവിടെ നിന്നും മാറ്റുന്നതുവരെ ഇവിടെ വാൾ പയറ്റുകൾ മുറയ്ക്ക് നടന്നു. 


വായിക്കുന്നതിനു മുമ്പ് ഒന്നു ശ്രദ്ധിക്കുമല്ലോ...

ഞാൻ ഇന്ത്യയിൽ ജീവിക്കുന്ന ഒരു മനുഷ്യനാണ്. ശാസ്ത്രീയമായി പറഞ്ഞാൽ "അൽ ജീവിയാനാ ഇന്ത്യാന......"  ഇന്ത്യ കഴിഞ്ഞിട്ടേ നമ്മൾക്കു മറ്റൊരു രാജ്യമുള്ളു. പണ്ടു സ്കൂളിൽ ചൊല്ലിയ പ്രതിജ്ഞ വെറുതെ  ഓർക്കുന്നത് നല്ലതാണു. വേറൊരു രാജ്യത്തോട് നമ്മൾക്ക് കട്ടക്കലിപ്പോ അതി വിധേയത്വമോ അതി വൈകാരികതയോ ഒന്നുമില്ല. മനുഷ്യരെല്ലാം ഒന്നാണല്ലോ. പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു എന്നേയുള്ളു.  ഈ ഒരു കാര്യം മനസ്സിൽ വെച്ചുകൊണ്ട് വേണം താഴേക്കു വായിക്കാൻ.നമ്മൾ ആരുടെയും വക്കാലത്തു എടുക്കാൻ വന്നതുമല്ല.... 


ഇങ്ങനെ കാര്യങ്ങൾ പഞ്ഞമില്ലാത്ത നടന്നുവരവേ, 2021 മെയ് മാസം....  അതാ പലസ്തീനിൽ നിന്നും ഒരു മിസൈൽ ഇസ്രായേലിലേക്ക് ഹമാസ് കത്തിച്ചു വിട്ടിരിക്കുന്നു. ഗാസയിൽ സംഘർഷം....മലയാളി അടങ്ങി ഇരിക്കുമോ...? ഉടനെ ഫേസ്ബുക്കിൽ രണ്ടു പക്ഷമായി തിരിഞ്ഞു മലയാളിചേട്ടൻമ്മാർ വാണവും കൊണ്ടിറങ്ങി. ഈ മലയാളി ചേട്ടൻമ്മാർ എന്നു പറയുമ്പോൾ എല്ലാവരെയും ഉൾപ്പെടുത്തുന്നില്ല, തലയ്ക്കു അൽപ്പ മന്ദതയും, സ്വല്പ വിവരക്കേടും ആവേശവും നോർമൽ മത ഭ്രാന്തും  എടുത്തുചാട്ടവുമൊക്കെയുള്ള ബ്ലഡി  ഗ്രാമവാസീസ് എന്നൊരു കൂട്ടത്തെ മാത്രമാണ് നമ്മൾ നിരീച്ചിക്കുന്നത്...!!?!!



അവർ സ്വന്തമായി പോസ്റ്ററുകളും മറ്റും സ്ഥാപിച്ചു. ഐ സ്റ്റാൻഡ് വിത്ത് ഇസ്രായേൽ, ഐ  സ്റ്റാൻഡ് വിത്ത് പലസ്‌തീൻ. കളിയറിയാത്ത കുറെ കാഴ്ചക്കാരും പിന്നാലെ കൂടി. ബൈബിൾ വിശ്വസിക്കുന്ന കുറെ ചേട്ടൻമ്മാർ, തങ്ങളുടെ ബൈബിളിൽ ഇസ്രായേലിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതിനാൽ ഇതേതോ ഭക്തി വിഷയമാണെന്നു തെറ്റിദ്ധരിച്ചു പ്രാർത്ഥനയും ഉപവാസവുമൊക്കെയായി ദിവസങ്ങൾ തള്ളിയും തള്ളാതെയും നീക്കി.ചിലർ വിചാരിച്ചു ലോകം അവസാനിക്കാൻ പോകുകയാണെന്ന്.ഇനി എന്തൊക്കെയാണ് അവിടെ നടക്കാൻ സാദ്ധ്യത ഉള്ളതെന്ന് ചിലർ എഴുതി. പലരുടെയും ഭക്തി കലശലായി.പേടിച്ചിട്ടെങ്കിലും ഒന്നു മര്യാദയാകുമല്ലോ ചിലർ...അങ്ങനെയും ചിലത് സംഭവിച്ചു. 



മഴ നനയാതിരിക്കാൻ പോലും സ്കൂളിന്റെ തിണ്ണയിൽ കയറിയിട്ടില്ലാത്ത ചേട്ടനും ആരുടെയോ അടിച്ചുമാറ്റിയ പോസ്റ്റർ തന്റെ പേരുവെച്ചു ഇംഗ്ളീഷിൽ സ്ഥാപിച്ചു....ഐ സ്റ്റാൻഡ് വിത്ത് ഇസ്രായേൽ ഫോറെവർ....ഐ സ്റ്റാൻഡ് വിത്ത് പാലസ്റ്റീൻ ഫോറെവർ....ഒരു വട്ടത്തിനകത്തു ചേട്ടന്റെ ചേന ചെത്തിയ പോലുള്ള മുഖവും. ഇന്ത്യയെ അവർ സഹായിച്ചിട്ടുണ്ട്..കാർഗിലിൽ വെക്കാനുള്ള വെടിയുണ്ട തന്നത് ഇവരാണ്..കൊറോണ സമയത്തു ഇവരുടെ സഹായം കിട്ടിയിരുന്നു.പെർഫെക്റ്റ് ഓക്കേ..ഇതൊക്കെയായിരുന്നു  അതി വികാര പരവശരുടെ വാക്കുകൾ.ജൂതൻമാർ ഭയങ്കര പുള്ളികളാണ്...ഒടുക്കത്തെ തലയാണ്..കുറച്ചുപേരുടെ ലൈൻ ഇതായിരുന്നു.സംഗതിയൊക്കെ ശരിയുമാണ്.ലോക പ്രശസ്തരായ അനേകം ജീനിയസ് ആളുകൾ ജൂതൻമാരായിട്ടുണ്ട്. സംഘർഷം നടക്കുന്ന സമയത്തും നമ്മൾക്കു സഹായം തന്നവരാണ് ജൂതൻമ്മാർ. നമ്മുടെ വിഷയം അതൊന്നുമല്ല, ഫേസ്ബുക്കുവഴി   ഒരു കാര്യവുമില്ലാതെ ഞെളിയുന്ന ഞെളിയൻമ്മാരുടെ പിടലിയുടെ  ഞരമ്പ് നോക്കി രണ്ടെണ്ണം കൊടുക്കുകയാണ്  നമ്മളുടെ ലക്ഷ്യം.ഇവിടെക്കിടന്നു വല്യവായിൽ നിലവിളിച്ചിട്ടു എന്താണ് കാര്യം...?  


ഇസ്രയേലും പാലസ്റ്റീനുമൊന്നും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കഥകളും വിവരണങ്ങളും ഉപമകളും ലൈവുകളും വിഡിയോകളും എഴുത്തുകളും കൊണ്ടു ഫേസ്ബുക് ശ്വാസം മുട്ടി. ഇസ്രായേൽക്കാർ ദൈവജനവും മറ്റുള്ളവർ ഭീകരവാദികളും,അല്ല പാലസ്റ്റീൻ നല്ലവരും ഇസ്രായേൽ മോശം പിള്ളേരുമായി ചിത്രീകരിച്ചുകൊണ്ടു ഫേസ്ബുക് ജുദ്ധം കൊടുമ്പിരികൊണ്ടു. നമ്മൾ നിരീച്ചപ്പോൾ ക്രിസ്ത്യൻ നാമധേയത്തിലുള്ള പുള്ളികൾക്കായിരുന്നു ആവേശം കൂടുതൽ. ഇസ്രായേൽ (ജൂതൻമാർ) ദൈവത്തിന്റെ സ്വന്ത ജനം എന്നു ബൈബിളിൽ പറയുന്നുണ്ടത്രേ. നല്ല കാര്യം- ദൈവത്തിന്റെ സ്വന്ത ജനം എന്നൊക്കെ പറയുന്നത് ഒരു നല്ല കാര്യമല്ലേ. പക്ഷേ, ഈ ബൈബിളിൽ തന്നെ, യേശു ജൂതനും മറ്റുള്ളവരും തമ്മിലുള്ള വിഭാഗീയതയുടെ മതിൽ  ഇടിച്ചു കളഞ്ഞു എന്നും, ഇനി ജൂതനെന്നോ യവനനെന്നോയുള്ള വ്യത്യാസം ഇല്ലെന്നും, ദൈവത്തെ അറിഞ്ഞ എല്ലാവരും ദൈവത്തിന്റെ സ്വന്ത ജനമാണെന്നും പറഞ്ഞിട്ടുണ്ട്. ഇസ്രായേലിലെ ജൂതരും പാലസ്റ്റീനിലെ അറബികളും എല്ലാം മനുഷ്യരാണെന്നു ചിന്തിച്ചാൽ തീരാവുന്ന കാര്യമേയുള്ളു.


വളരെ പെട്ടന്നാണ് ഇസ്രായേൽ പലസ്‌തീൻ ചരിത്ര പണ്ഡിതൻമാർ കളം കളറാക്കിയത്. ഫേസ്ബുക്കിൽ കയറുന്നവനെല്ലാം-ദദായത്-സ്‌മോൾ ബോട്ടിലും ഇടത്തരം ബോട്ടിലും ഫാമിലി ബോട്ടിലും എല്ലാം പണ്ഡിത കുണ്ഠിത ശിരോമണികളായി വിലസി. മിനിട്ടുകൾക്ക് ഇടവിട്ട് കേരളത്തിലെ ഫേസ്ബുക്കിൽനിന്നും വാചക മിസൈലുകൾ-മ്മടെ ഭാഷയിൽ പറഞ്ഞാൽ  എലി വാണങ്ങൾ പാലസ്റ്റീനിലേക്കും ഇസ്രയേലിലേക്കും പാഞ്ഞു. കുറച്ചു പണ്ഡിതൻമാർ ലൈവ് ഇട്ടു. കാരണം ഇവരുടെ കുഞ്ഞമ്മേടെ മക്കളാണല്ലോ  നെതന്യാഹുവും മെഹമൂദ് അബ്ബാസും . ഓരോരുത്തരും അവരുടെ വീട്ടിലിരുന്നു ഈ രാഷ്ട്രങ്ങളെ നിയന്ത്രിച്ചുകൊണ്ടിരുന്നു. ചിലരുടെ പ്രൊഫൈൽ പോലും ഈ രാജ്യങ്ങളുടേതായി മാറി. ലോകത്തു നടക്കുന്ന ഏതു സംഭവവും സ്വന്തമായി ഏറ്റെടുക്കുന്ന അസുഖം  പണ്ടുതൊട്ടേ ഉള്ളതിനാൽ ഒരു പിന്തുണ മത്സരമായിരുന്നു ഫേസ്ബുക്കിൽ. എന്തു ചെയ്യണമെന്നു നോക്കിയിരിക്കുന്ന  കുറെ മണകൊണാഞ്ചൻമ്മാർ ഈ രാജ്യങ്ങളെക്കുറിച്ചു ആധികാരികമായി സംസാരിച്ചു തുടങ്ങി. രാഷ്ട്രീയക്കാർ അവരുടെ ഭാഗവും പൂരിപ്പിച്ചു.


ഇസ്രയേലിനെക്കുറിച്ചു അറിയേണ്ടതെല്ലാം...
ഇസ്രയേലിനെ തൊടരുത്..... 
പാലസ്റ്റീനിൽ എന്ത് നടക്കുന്നു....? 
മിസൈൽ കത്തിച്ചു വിടുന്നതെങ്ങനെ...?  
മിസൈലുകൾ എന്തിനെ കാണിക്കുന്നു...? 
ഗ്യാസ് ലൈറ്റർ കൊണ്ട് മിസൈലിന്റെ മൂട്ടിൽ തീ പിടിക്കുമോ.
പണ്ടു  ഇടുക്കി ഡാമിന്റെ ഷട്ടർ പൊക്കിയപ്പോൾ വെള്ളം വരുന്ന വഴി മനോരമ ഗ്രാഫ് വരച്ചതുപോലെ, മിസൈൽ പൊങ്ങുന്ന വഴിയും അതിന്റെ കൂടെ കുറെ മതസംഹിതയും എല്ലാമായി സോഷ്യൽ മീഡിയയിൽ മുഖമുള്ളവരും ഇല്ലാത്തവരുമെല്ലാം അഴിഞ്ഞാടി. ഇസ്രയേലിനെ ആയിരുന്നു പലർക്കും താൽപ്പര്യം . പണ്ടു മട്ടാഞ്ചേരിയിൽ വന്ന ജൂതന്റെ അളിയൻമ്മാരായി കുറച്ചുപേർ വേഷം കെട്ടി. സ്വന്തം കുടുംബ കാര്യം പറയുന്ന ഗൗരവത്തിലായിരുന്നു ചില പുള്ളികളുടെ വകുപ്പ്. ഇത്രയും രാജ്യ സ്നേഹം ഇന്ത്യയോടു  ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയെ ചൈനയോ പാകിസ്ഥാനോ ചൊറിയാൻ വരില്ലായിരുന്നു. 



ഇനി അൽപ്പം കണക്കുകൾ നോക്കാം. 
ഇസ്രായേലിലെ അകെ ജനസംഖ്യയിൽ 74.2 % ജൂതരും,  
20.9 % അറബികളും,  
4.8 % മറ്റുള്ളവരുമാണ്. 
മതപരമായി നോക്കിയാൽ - 74.2 % യഹൂദ മതം, 
17.8 % ഇസ്ലാം മതം, 
2.0 % ക്രൈസ്തവർ, 
1.6% ഡ്രൂസ്,  4.4 % മറ്റുള്ളവർ.
ഇതാണ് സീൻ. നമ്മുടെ ചെറിയ നിരീക്ഷണത്തിൽ രണ്ടുകൂട്ടരും നല്ല മനുഷ്യരാണ്. ഇവരെ തമ്മിൽ അടിപ്പിച്ചു ചോര കുടിക്കാൻ തക്കം നോക്കിയിരിക്കുന്ന മറ്റു പലരാണ് യഥാർത്ഥ പ്രശ്നക്കാർ. എന്നാൽ സോഷ്യൽ മീഡിയകളിൽ വരുന്ന തള്ളുകളിൽ ഒരു കൂട്ടർ പക്കാ തീവ്ര വാദികളാണെന്നു പറയുന്നു. കാര്യത്തിന്റെ കിടപ്പുവശം അറിയാതെയുള്ള മുറി അറിവ് വെച്ചു താങ്ങുന്നതാണ്. അനേക വർഷങ്ങളുടെ പഴക്കമുള്ള പ്രശനമാണിത്. എന്നാലും ഒരു മേശക്കു ചുറ്റുമിരുന്നു പറഞ്ഞാൽ തീരുന്ന കാര്യമേയുള്ളു. വരുന്നവനും പോകുന്നവനുമെല്ലാം കേറി വിഷയം വഷളാക്കുന്നതാണ് പ്രശ്ന പരിഹാരം ഇങ്ങനെ അനന്തമായി നീളുന്നത്.


രണ്ടു ജനതകൾ തമ്മിൽ വർഷങ്ങളായുള്ള പ്രശ്നത്തെ സ്വന്തം വീട്ടുകാര്യം പോലെ പലരും എടുത്തിട്ട് കീറുകയാണ്.  ഫേസ്ബുക്കിൽ ഇങ്ങനെയുള്ള ചില പണ്ഡിതൻമ്മാരോട് ഒന്നു മുട്ടിനോക്കി. പലരും വൈകാരികമായി പ്രതികരിക്കുകയാണ്. മനുഷ്യനായി ഭൂമിയിൽ ജനിച്ചവരെല്ലാം ഒന്നുകിൽ പാലസ്റ്റീനെ അല്ലെങ്കിൽ ഇസ്രയേലിനെ പിന്തുണച്ചേ പറ്റൂ എന്നാണവരുടെ ലൈൻ. കാര്യം എന്താണെന്നു എടുത്തു ചോദിച്ചാൽ ഇതാണ് മറുപടി. അവർ ദൈവത്തിന്റെ സ്വന്ത ജനമാണ് പോലും. അതിനു എനിക്കെന്താ ഞാൻ എന്റെ കാര്യം നോക്കിയാൽ പോരെ. ഏറ്റുമുട്ടലുകൾക്കിടയിൽ ചിതറിത്തെറിക്കുന്ന മനുഷ്യ ദേഹങ്ങൾകണ്ടു ഏത് ദൈവത്തിനാണ് സന്തോഷം..കൂടുതൽ മനുഷ്യർ മരിച്ചാൽ കൂടുതൽ ദൈവ പ്രസാദം ഉണ്ടാകുമോ..? ഒരുത്തനും അതിനു മറുപടിയില്ല. 



നിലവിലെ അറിവ് വെച്ച് ഇരു ജനതയുടെയും ആക്രമണത്തിൽ നിരപരാധികളായ കുഞ്ഞുങ്ങൾ അടക്കം അനേകർക്കു ജീവൻ നഷ്ടപ്പെട്ടു. രണ്ടു കൂട്ടർക്കും ആൾ നഷ്ടം സംഭവിക്കുന്നു. അനേകർ മുറിവേൽക്കുന്നു. കിടപ്പാടം നഷ്ടമാകുന്നു. ഇരു കൂട്ടരുടെയും ആക്രമണത്തിൽ പെട്ടു ജീവൻ നഷ്ടമായവരെ ഇനി തിരിച്ചു കിട്ടുമോ ...? അതിനു പരിഹാരമായി എന്താണ് ചെയ്യേണ്ടതെന്ന് അവരാണ് തീരുമാനിക്കേണ്ടത്, അതായത് യുദ്ധം വേണോ സമാധാനം വേണോ എന്ന്. അതല്ലാതെ ഇവിടെ കേരളത്തിൽ ഏതെങ്കിലും ഒരു കാട്ടിൽക്കിടന്നു ഞാൻ ഇസ്രയേലിന്റെ കൂടെ  ഞാൻ പാലസ്റ്റീനിന്റെ കൂടെ എന്നൊന്നും വാണം പൊക്കിയിട്ടു ഒന്നും സംഭവിക്കാൻ പോകുന്നില്ല. വികാരം കൊള്ളാം എന്നു മാത്രം. നമ്മുടെ പല പ്രിയപ്പെട്ടവരും ഈ സ്ഥലങ്ങളിലൊക്കെ ജോലിക്കായി പോയിട്ടുണ്ട്. അവർ സുരക്ഷിതരായിരിക്കണം. അവർക്കു സമാധാനമായി ജീവിക്കാനുള്ള അവസരം സംജാതമാകണം. ജോലിയിൽ സുരക്ഷ ഉണ്ടാകണം  ആളപായമൊന്നും സംഭവിക്കരുത്. ഇതൊക്കെയാണ് ഒരു സാദാ  മനുഷ്യൻ ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും. അല്ലാതെ ഗ്രൂപ്പ് തിരിഞ്ഞു തെറി വിളിയും, പിന്തുണ മത്സരവുമല്ല വേണ്ടത്. 



നമ്മുടെ കഥയിലെ  പാത്രങ്ങൾ രണ്ടും വിദേശ ശക്തികളാണ്. രാജ്യങ്ങൾ തമ്മിലുള്ള പിണക്കങ്ങൾക്കു പരിഹാരമായി യു എൻ പോലുള്ള സമിതികളും, അനുനയത്തിനായി മറ്റു രാജ്യങ്ങളും ശ്രമിക്കും. അതല്ല കേസ് കളിക്കാനാണ് പരിപാടിയെങ്കിൽ ഇന്റർനാഷണൽ കോടതികളും നിലവിലുണ്ട്. ഒരു യുദ്ധം ഒഴിവാക്കുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്.  ഇവിടെ കേരളത്തിൽ അങ്ങനെയല്ല ആരുടെ കാര്യം വേണമെങ്കിലും ഏറ്റെടുക്കും.ഫേസ്ബുക്കിലെ ഏറ്റെടുപ്പല്ലേ വേറെ ചെലവൊന്നുമില്ലല്ലോ.പിന്നെ  ചുമ്മാതെ കിടന്നു വായിട്ടലക്കും അവസാനം തേഞ്ഞു തീരുകയും ചെയ്യും. 


ആവേശക്കൊടുമുടിയിൽ നിന്ന ഒരു പണ്ഡിതൻ നമ്മുടെ പോസ്റ്റിനു താഴെ ചൊറിയാൻ വന്നു. മറ്റുള്ള പിന്തുണ രോഗക്കാരെയും കൂട്ടുപിടിച്ചു ഷോ കാണിക്കാൻ വന്നതായിരുന്നു. എന്നെ കുറെ ഉപദേശിച്ചു...ഞാൻ അവസര വാദിയും ഫെലിസ്ത്യരുടെ ബന്ധുവും ആണത്രേ. ആരാണപ്പാ ഈ ഫെലിസ്ത്യർ.? പറയാം, സംഗതി ബൈബിളാണ്. ദൈവത്തിന്റെ സ്വന്ത ജനമായ ഇസ്രായേലിനു എതിരായി നിന്ന  പുള്ളികളാണ് ഈ ഫെലിസ്ത്യർ..കാരണം ഞാൻ ഇസ്രായേലിനു അനുകൂലമായി പോസ്റ്റ് ഇട്ടില്ല,  മാത്രവുമല്ല...രണ്ടു സൈഡിലുമുള്ള  പിന്തുണ പോസ്റ്റുകാരെയും  "ആക്കി" പ്രതികരിച്ചിട്ടുമുണ്ട്. അതാണ് കുണ്ഡിതനെ പ്രകോപിപ്പിച്ചത്. ആളെ  നല്ല ഒതുക്കത്തിൽ കിട്ടി. വയറുനിറച്ചു കൊടുത്തു ,വീട്ടിൽ കൊണ്ടുപോയി കഴിക്കാൻ പാഴ്‌സലും പൊതിഞ്ഞു കൊടുത്തു. ആവശ്യത്തിനു കിട്ടിയപ്പോൾ പണ്ഡിതന്റെ പാണ്ഡിത്യം ചിതറിയോടി.Thats right എന്നെഴുതി മുങ്ങി.പിന്നെ ഇതുവരെ ആളെ കണ്ടിട്ടില്ല.



സാക്ഷരതയിൽ ഇന്ത്യയിലും ലോകത്തിൽത്തന്നെ മുൻ പന്തിയിലും നിൽക്കുന്നവരാണ് നമ്മൾ മലയാളികൾ. ചില പ്രത്യേകതരം മനോരോഗങ്ങൾക്കും നമ്മൾ ഒട്ടും പിന്നിലല്ല. ലോകത്തു എന്തു നടന്നാലും മലയാളി അതിൽ തലയിടും. വല്യ കാര്യമൊന്നും നേടാനല്ല ..അതാണ് സ്വഭാവം. നോക്കൂ ഒന്നും രണ്ടും ഗൾഫ് വാർ നടന്നപ്പോൾ അതിനെക്കുറിച്ചു ഏറ്റവും കൂടുതൽ ചർച്ചകളും വ്യാഖ്യാനങ്ങളും നടന്നത് മലയാളികൾക്കിടയിലായിരുന്നു. ഒരു സമാധാനം മാത്രം, അന്ന് ഫേസ്ബുക്കും വാട്സാപ്പും വന്നിട്ടില്ല . (ഇതിന്റെ കൊണാണ്ടർ അന്ന് നഴ്‌സറിയിലോ മറ്റോ പഠി ക്കുന്നതേയുള്ളു) .ട്രംപിന്റെ തെരഞ്ഞെടുപ്പ്. 
ബ്രിട്ടനിലെ കൊട്ടാരത്തിൽ കൊച്ചു ജനിക്കുന്നത്...
ആഗോള താപനം....
പ്രളയം....
ആമസോൺ കാട്ടിലെ  ആഞ്ഞിലിത്തടി കച്ചവടം ....
അന്റാർട്ടിക്കയിലെ പെൻക്വിന്റെ പ്രജനനം....
ആംഗല മെർക്കലിന്റെ കമ്മൽ....
കിങ് ജോംഗ് ഉന്നിന്റെ പെങ്ങളുടെ കല്യാണക്കാര്യം.
നാസയിലെ റോക്കറ്റ് വിക്ഷേപണം...
ഇതിനെല്ലാം അഭിപ്രായം പറയാനും വാചകം അടിക്കാനും ഗ്രൂപ്പ് തിരിഞ്ഞു തല്ലാനും തെറി വിളിക്കാനും, കേൾക്കാനും എന്നും മുന്നിൽ മലയാളികൾ തന്നെ. പിന്നെ ഭക്തി മൂത്തു ഭ്രാന്തായാൽ എന്തും സൂപ്പർ ഹിറ്റായി.....ആ ടൈപ്പ് മത ഭ്രാന്തൻമാരുടെ വിഹരിക്കൽ അതുവേറെ.



പാലസ്റ്റീൻ പിന്തുണക്കാരേക്കാൾ മിടുക്കു കാണിച്ചത് ഇസ്രായേൽ അനുകൂലികളായിരുന്നു..എന്നെ ക്രൂശിക്കാൻ വന്നവരും ഇസ്രായേലികളായിരുന്നു. ലോക്ക് ഡൗൺ അല്ലേ....?  .എന്തെങ്കിലുമൊക്കെ  ചെയ്യട്ടെ. രണ്ടു ജനതകളെയും മനുഷ്യർ എന്ന നിലയിൽ എനിക്ക് ഇഷ്ടമാണ്. അല്ലാതെ യാതൊരു ചായ്‌വും നമ്മൾക്കില്ല. രണ്ടു ജനതകൾ തമ്മിലുള്ള ചരിത്രപരമായ പ്രശ്നങ്ങൾക്കു ഉത്തരം കൊടുക്കാൻ നമ്മൾ ആരുമല്ല.എന്നാൽ  ഈ ജനതകളെ ഫേസ്ബുക്കുവഴി നിയന്ത്രിക്കുന്ന വേട്ടാവളിയൻമ്മാരെ കണ്ടു വെറുത്തു , അതുകൊണ്ടാണ് ഈ ബ്ലോഗ് നമ്മൾ ഇങ്ങനെ എഴുതിയത്.  ഇവന്മ്മാർ എന്തോ ഫേസ്ബുക്കിൽ മലമറിച്ചാൽ എന്തൊക്കെയോ സംഭവിക്കുമെന്നാണ് വെയ്പ്പ്. യേശുവിനെ ക്രൂശിച്ച സമയത്തു ഫേസ്ബുക് ഇല്ലാതിരുന്നത് ഭാഗ്യം, അല്ലെങ്കിൽ ഫേസ്ബുക് വഴി പീലാത്തോസിനെ നിർത്തി കത്തിച്ചേനെ . അന്നും വരും ഐ സ്റ്റാൻഡ് വിത്ത് യേശു..ഐ  സ്റ്റാൻഡ് വിത്ത് പീലാത്തോസ് ഫോറെവർ  ദുരന്തങ്ങൾ. ഇനി  ചോദ്യം ക്രിസ്ത്യൻ നാമധാരികളായ മലയാളി സപ്പോർട്ട്  ജൂതൻമാരോടാണ്...

നിങ്ങൾ ഇസ്രായേൽ എന്ന രാജ്യത്തിന് സപ്പോർട്ട് കൊടുത്തത് കേവലം വൈകാരികതയുടെ പേരിലാണോ....?

നിങ്ങളുടെ സപ്പോർട്ട് അവിടുത്തെ ഭൂരിപക്ഷമായ-യേശു പോലും വെറുത്ത-യഹൂദാ മതത്തിനാണോ അതോ രണ്ടു ശതമാനം വരുന്ന ക്രിസ്ത്യൻസിനോ..?

ദൈവത്തിന്റെ സ്വന്ത ജനത്തിന് ഫേസ്ബുക്കുവഴി സപ്പോർട്ട് കൊടുത്തില്ലെങ്കിൽ നരകത്തിൽ പോകുമെന്നു പേടിയുണ്ടോ..?

തെറ്റ് ആര് ചെയ്താലും അത് തെറ്റെന്നു പറയാനുള്ള ബുദ്ധിമുട്ടുണ്ടോ...?

ഗാസയിൽ വെടി നിർത്തിയപ്പോൾ എന്താണ് നിങ്ങൾ പ്രൊഫൈലുപോലും പഴയതാക്കി പൊയ്ക്കളഞ്ഞത്..

നിങ്ങളുടെ അടുത്ത വെടിയും മിസൈലും ഇനി എന്നാണ് പൊക്കുന്നത്..?

ഇസ്രായേലിനു സപ്പോർട്ട് ചെയ്യുന്നവരെല്ലാം റിയൽ ക്രിസ്ത്യാനിയും അല്ലാത്തവർ പാപികളുമാണെന്നു കരുതുന്നുണ്ടോ...?

നിങ്ങളുടെ പോസ്റ്റുകൾ കണ്ടിട്ടാണ് നെതന്യാഹുവും മെഹ്‌മൂദ് അബ്ബാസും  കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന് കരുതുന്നുണ്ടോ...?

ഇതെല്ലാം വെറും ട്രെൻഡിന്റെ കളിയാണെന്നു ഇതുവരെ മനസ്സിലായില്ലേ..?

ഇസ്രയേലും പാലസ്റ്റീനും തമ്മിൽ "ഇപ്പോൾ" നടത്തുന്ന പ്രശ്നങ്ങൾക്കു ക്രൈസ്തവ വിശ്വാസവുമായി യാതൊരു ബന്ധവും ഇല്ലെന്നു അറിയില്ലേ...?

എല്ലാവരും തള്ളുന്നതിന്റെ കൂടെ നിങ്ങൾ വെറുതെ തള്ളിയതല്ലേ...? 



ഗാസയിലോ ഇസ്രയേലിലോ ഒരു നിരപരാധി പോലും ഇനി കൊല്ലപ്പെടരുത്..രണ്ടു കൂട്ടരും സമാധാനപരമായി വെല്ലുവിളികളില്ലാതെ ജീവിക്കട്ടെ...ചോരയിൽ ചവിട്ടിനിന്നു സ്ഥാപിക്കുന്ന ഒരു സാമ്രാജ്യവും നിലനിന്നു പോകുകയില്ലെന്നു എത്രയോ തെളിവുകളാണ് നമുക്കുള്ളത് . ലോകാ സമസ്താ സുഖിനോ ഭവന്തു. അതാണ് നമ്മുടെ പ്രാർത്ഥനയും ആഗ്രഹവും.


വാൽക്കഷ്ണം

ഇവിടെ ഇന്ത്യയിൽ ലക്ഷദ്വീപിൽ അകെ സംഘർഷമാണ്.... ഒരു പിന്തുണക്കാരനെയും കാണുന്നില്ല. ഒരുത്തനും മിസൈൽ  പൊക്കുകയും വേണ്ട...  ഐ   സ്റ്റാൻഡ് വിത്ത് ലക്ഷദ്വീപ് എന്നൊക്കെ പറയുമ്പോൾ ഒരു ഗുമ്മില്ല അല്ലെ....?  ഫോറിൻ ആയിരുന്നെങ്കിൽ ഞങ്ങൾ പൊളിച്ചേനെ...!!!!! 


"പലസ്‌റ്റീനിലെ കോസൻസുലേറ്റ് ജനറൽ ഓഫീസ് വൈകാതെ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിക്കുമെന്ന്" യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ-വാർത്ത

ബ്ലിങ്കൻ ആണെങ്കിലും ഡിങ്കൻ ആണെങ്കിലും തങ്കൻ ആണെങ്കിലും, ഇനി തങ്കച്ചൻ ആണെങ്കിലും ശരി, എത്രയും പെട്ടന്ന് കട തുറക്കണം. ഇവിടെ ഫേസ്ബുക്കിൽ വെടിയോടു വെടിയാണ്.    

Saturday, January 09, 2021

കവിയൂർ ഗുഹ - മഹേന്ദ്ര വർമ്മ രാജാവ് പണിതതാണെന്നു പറയാൻ പറഞ്ഞു

ലോക്ക് ഡൗൺ പ്രമാണിച്ചു യാത്രകളൊക്കെ മാറ്റിവെച്ചു. ദദായത്  "കൊറോണാ വൈറസ് അൺലോക് പ്രക്രിയ രാജ്യമെമ്പാടും ആരംഭിച്ചിരിക്കുകയാണ് അതുകൊണ്ടു നിങ്ങളുടെ വീടുകളിൽനിന്നും അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ......" ഇങ്ങനെ ഒരു ചേച്ചി ശ്വാസം പിടിച്ചു   മൊബൈലിൽ വിളിച്ചു പറയുന്നതുകൊണ്ട് നമ്മൾ പരമാവധി വീട്ടിനുള്ളിൽ തന്നെ കുറ്റിയടിച്ചു. അങ്ങനെ കുറ്റിയടിച്ചു വരവേ ലോക്ക് ഡൗണും മറ്റും അയഞ്ഞു തുടങ്ങി, യാത്ര ചെയ്യാമെന്നായി.  അപ്പോളാണു ഞങ്ങളുടെ അയൽ രാജ്യമായ തിരുവല്ല വരെ ഒന്നു പോകേണ്ട ആവശ്യം വന്നത്. തിരുവല്ല എല്ലാവരും അറിയുന്ന സ്ഥലമാണ്. ഒത്തിരി പ്രശസ്തരുടെ നാട്. നടൻ സോമൻ, നെടുമ്പ്രം ഗോപി, നാടൻ പാട്ട് കുലപതി തിരുവല്ലാ കുട്ടപ്പൻ, സാമൂഹിക പരിഷ്‌കർത്താവ് പൊയ്കയിൽ അപ്പച്ചൻ,  മീരാ ജാസ്മിൻ, കാവേരി, ഊർമിള ഉണ്ണി അങ്ങനെ പുതുതലമുറ നടി, ഡയാന എന്ന ആയില്യം തിരുനാൾ നയൻ താരയുടെയും ജന്മ സ്ഥലമാണ് ഇവിടം.  ഈ തിരുവല്ലയുടെ കിഴക്കു ഭാഗത്താണ് കവിയൂർ എന്ന പ്രസിദ്ധമായ സ്ഥലമുള്ളത്. അങ്ങനെയാണു  അടുത്ത ട്രാവൽ ബ്ലോഗ് കവിയൂരുള്ള ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനെപ്പറ്റി ആകാമെന്നു വെച്ചത്. ആർക്കും വിരോധമൊന്നും ഇല്യാച്ചാൽ നോം അങ്ങു തുടങ്ങുവാണു.....!


നൂറ്റാണ്ടുകളുടെ ചരിത്രം അവശേഷിപ്പിക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണ് കവിയൂർ. ആദ്യകാല കേരളത്തിൽ ബ്രാഹ്മണർ കുടിയേറി താമസിച്ച ഒരു സ്ഥലമാണിത്. ആദ്യത്തെ 64 ബ്രാഹ്മണ സെറ്റിൽമെന്റുകളിൽ ഒന്നായും കവിയൂർ അറിയപ്പെടുന്നു. കുരങ്ങുകൾ ഉള്ള സ്ഥലം, ഗുഹയുള്ള സ്ഥലം, വെള്ളം കവിഞ്ഞൊഴുകുന്ന സ്ഥലം...ഇങ്ങനെ കവിയൂർ എന്ന പേരു വന്നതിന്റെ പിന്നിൽ പല വാദങ്ങളുണ്ട്. പടിഞ്ഞാട്ടുംചേരി, ആഞ്ഞിലിത്താനം, കുന്നംന്താനം, ഇരവിപേരൂർ, മുരണി എന്നീ അഞ്ചു ദേശങ്ങളും, കിഴക്കൻ മുത്തൂരിന്റെ ചില ഭാഗങ്ങളും  ചേർന്നതായിരുന്നു പുരാതന കവിയൂർ ഗ്രാമം. ആധുനിക കവിയൂരിൽ  ജനിച്ചുവളർന്നവരാണ് അഭിനേതാക്കളായ കവിയൂർ പൊന്നമ്മയും,പാർവതി ജയറാമും..!


അതെല്ലാം മറന്നേക്കൂ....കവിയൂർ നിന്നും മല്ലപ്പള്ളിയിലേക്ക് തിരിയുന്ന റോഡിൽ അൽപ്പം വടക്കു മാറി ഒരു വലിയ പാറയുണ്ട്. ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന ഈ പാറകളിൽ ഒന്നിൽ വളരെ പുരാതനമായൊരു ഗുഹയുണ്ട്. ഐതിഹ്യവും ചരിത്രവും ഇഴ പിരിഞ്ഞു നിൽക്കുന്ന ഈ ഗുഹയും അനുബന്ധിച്ചുള്ള ക്ഷേത്രവും ഇപ്പോൾ കേരള പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. തൃക്കാക്കുടി ഗുഹാ ക്ഷേത്രം.  അതുവഴി പോകുമ്പോൾ ഈ വലിയ പാറ സ്ഥിരമായി കാണാറുള്ളതാണ്. എന്നാൽ ഗുഹയോ ക്ഷേത്രമോ ഒന്നും നമ്മൾ കണ്ടിരുന്നില്ല. ഏതായാലും ലോക്‌ഡൗണും മറ്റും കുറഞ്ഞുനിൽക്കുന്ന ഈ സമയത്തു ഒരു ട്രാവൽ ബ്ലോഗിനുള്ള  വകുപ്പായല്ലോ എന്നു കരുതി നമ്മൾ കവിയൂരിനു വെച്ചടിച്ചു. പടമെടുക്കാൻ ചേട്ടന്റെ മഹാൻ അപ്പുവിനെയും കൂടെക്കൂട്ടി.


തലേന്നു തന്നെ ഗുഹാ ക്ഷേത്രത്തിന്റെ സൂക്ഷിപ്പുകാരൻ രാജൻ ചേട്ടനെ വിളിച്ചു സെറ്റാക്കിയിരുന്നു. ചേട്ടൻ പറഞ്ഞതു അനുസരിച്ചു 9.30 ആയപ്പോൾത്തന്നെ നമ്മൾ ഹാജരായി. അവിടെയെങ്ങും ആരുമില്ല. പരിസരത്തു കുറെ വീടുകളുണ്ട്. പക്ഷെ ആരെയും പുറത്തു കാണുന്നില്ല. അങ്ങനെ കിളിപോയി നിൽക്കുന്ന നേരത്താണു നമ്മുടെ ഗുഹാ രാജൻ ചേട്ടൻ തന്റെ വാഹനത്തിൽ എഴുന്നള്ളി വന്നതു. ചേട്ടനെ കണ്ടതും ഞങ്ങൾ നന്നായി ചിരിച്ചു...!  ചേട്ടൻ നോ മൈൻഡ്....ജാഡയായിരിക്കും, ഞങ്ങൾ വിചാരിച്ചു. പിന്നെയാണ് ആ നഗ്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത്, ഞങ്ങൾ എല്ലാവരും മാസ്ക് വെച്ചിട്ടുണ്ടായിരുന്നു..പിന്നെ കിണിക്കുന്നത് ആര് കാണാനാണ്....!?? ചേട്ടനോടു ഞങ്ങൾ ആവശ്യം അറിയിച്ചു....! സൂത്രനും ഷേരുവും കിടക്കുന്ന ഗുഹ മാത്രം കണ്ടു ശീലിച്ച നമ്മൾ ഇതാ ഒരു ഒറിജിനൽ ഗുഹയിലേക്ക് കയറാൻ പോകുന്നു....പവ്വർ വരട്ടെ പവ്വർ......


കുറെ അധികം നടകൾ കയറിയാണ് ഗുഹയിലേക്ക് എത്തേണ്ടത്. ഞങ്ങൾ രാജൻ  ചേട്ടന്റെ പിന്നാലെ കൂടി. സഹൃദയൻ.....ചാലാപ്പള്ളിക്കാരൻ...രാജൻ .....മൂന്നര വർഷമായി ഇവിടെ ജോലിചെയ്യുന്നു. പുരാവസ്തു വകുപ്പിന്റെ നിയമനമാണ്. നേരത്തെ തിരുവല്ല കുടുംബ കോടതി ജീവനക്കാരനായിരുന്നു. ഗുഹയുടെ മുന്നിലെ മതിൽക്കെട്ടിന്റെ വാതിൽ തുറന്നു ചേട്ടൻ അകത്തുകയറി. ഞങ്ങളും കയറി, പുള്ളീടെ  റസ്റ്റ് റൂം തുറന്നു ചൂലെടുത്തു. അയ്യോ.... ഞങ്ങൾ  ഞടുങ്ങി...! ഇനി ചൂല് കൊണ്ടെങ്ങാനും പൊതിരെ തല്ലിയാണോ  ഇങ്ങോട്ടു കയറ്റിവിടുന്നത്......? പലയിടത്തും പല ആചാരങ്ങളല്ലേ...? പിന്നെയാണു മനസിലായത് ഗുഹാ പരിസരം തൂത്തു വൃത്തിയാക്കാനായിരുന്നു പുള്ളി ചൂലെടുത്തതെന്നു.


"ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ"...? ചേട്ടൻ ചോദിച്ചു. അറിയാം എന്നു പറഞ്ഞാൽ പിന്നെ എന്നാ  കാണാൻ വന്നതാ....? എന്നു തിരിച്ചു ചോദിച്ചാലോ...? അറിയത്തില്ല എന്നു പറഞ്ഞാൽ അതുവരെ ഞങ്ങൾ ഇട്ട ജാഡയൊക്കെ കാറ്റായിപ്പോകുകയും ചെയ്യും.....! ഐഡിയ...!! നമ്മൾ നയതന്ത്രം പുറത്തെടുത്തു... "ചേട്ടനെ കണ്ടിട്ടു കാര്യങ്ങളൊക്കെ ചോദിച്ചു ബ്ലോഗ് എഴുതണോന്നും വെച്ചാണ്.." ആ നമ്പർ ഏറ്റു സൂർത്തുക്കളെ....  വൃത്തിയാക്കൽ കഴിഞ്ഞു ഗുഹാ ക്ഷേത്രം തുറന്നു ചേട്ടൻ പ്രാർത്ഥന നടത്തി. പിന്നെ ഗുഹയുടെ കവാടത്തിൽ ഇരുന്നു. ഞങ്ങൾ വളരെ എളിമയോടെ നിന്നു.


"പല്ലവ  രാജാവായിരുന്ന മഹേന്ദ്ര വർമ്മ എട്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ഈ ഗുഹാ ക്ഷേത്രം". ചേട്ടൻ പറഞ്ഞുതുടങ്ങി. "ഇതിന്റെ നിർമ്മാണത്തെക്കുറിച്ചു ഒത്തിരി കഥകൾ പ്രചരിക്കുന്നുണ്ടല്ലോ...." ഞങ്ങൾ ചോദിച്ചു. "അതിലൊന്നും വലിയ കാര്യമൊന്നുമില്ല.പരമ്പരാഗതമായി പറഞ്ഞുവരുന്ന,തെളിവില്ലാത്ത കുറെ കാര്യങ്ങൾ ആവർത്തിക്കുന്നു എന്നേയുള്ളു". ചേട്ടൻ പറഞ്ഞു നിർത്തി, അകത്തുകയറി ഫോട്ടോ ഒക്കെ എടുത്തോളാൻ അനുവാദം തന്നു. കിട്ടിയ സമയംകൊണ്ടു ഞങ്ങൾ കുറെ പടമെടുത്തു.


 പാണ്ഡവൻമ്മാർ പണിതു .....ഭൂത ഗണങ്ങൾ സഹായിച്ചു.. ഒരു രാത്രികൊണ്ട് പണിതീർത്തു...പണി ആയുധങ്ങൾ മുകളിലെ പാറയിൽ കുഴിയെടുത്തു  പൂട്ടിവെച്ചു...ഇങ്ങനെ പല കഥകളാണ് പ്രചരിച്ചു വരുന്നത്.  ഈ 12 ഏക്കർ പാറയും കൊത്തിയുണ്ടാക്കിയതെന്നാണ് വേറൊരു കഥ.ചിലരൊക്കെ അതിൽ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ആധികാരികവും തെളിവ് ഉള്ളതുമായ കാര്യങ്ങൾ  മാത്രമേ തല്ക്കാലം നമ്മൾ പരിഗണിക്കുന്നുള്ളു. കാരണം നമ്മൾക്ക് അന്ധ വിശ്വാസങ്ങളെ വളർത്തുന്ന പരിപാടിയില്ല. ഒരു കാര്യം വസ്തു നിഷ്ഠമായി സ്ഥാപിക്കാൻ തെളിവുകൾ ആവശ്യമാണ്, തെളിവില്ലാത്തതും ശാസ്ത്രീയത ഇല്ലാത്തതും  സാമാന്യ യുക്തിക്കു നിരക്കാത്തതുമായ കാര്യങ്ങൾ സത്യമാണെന്നു വള്ളിപുള്ളി തൊടാതെ വിഴുങ്ങാൻ  തല്ക്കാലം നമ്മൾക്ക് പരിപാടിയില്ല......നോട്ട് ദ പോയിന്റ്....! 


ഈ ഗുഹാ ക്ഷേത്രത്തിന്റെ പൂജ മുതലായ കാര്യങ്ങൾ ദേവസ്വം ബോർഡിനും സംരക്ഷണ അവകാശം സർക്കാരിന്റെ പുരാവസ്തു വകുപ്പിനുമാണ്. മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ടു പാറക്കെട്ടുകൾക്കിടയിലാണ് ഗുഹാ ക്ഷേത്രം പണിതിരിക്കുന്നത്. പാറ തുരന്നു 20 അടി വ്യാസത്തിൽ ഉള്ള് നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഒത്ത നടുക്കായി മൂന്നരയടി ഉയരത്തിൽ ശിവ ലിംഗവും കാണാം. ഗുഹാ മുഖത്തു പണ്ട് കല്ലിന്റെ വാതിലായിരുന്നു. ദേവസ്വം ബോർഡ് പണികഴിപ്പിച്ചതാണ് ഇന്നു കാണുന്ന മൂന്നു തടി വാതിലുകൾ. ഗുഹയുടെ ചുമരിൽ മഹർഷി, ദ്വാരപാലകർ, ഗണപതി എന്നീ കൊത്തുപണികളുണ്ട്. പല്ലവ കാലത്തെ കൊത്തുപണി ശൈലിയിലാണ് ഇവയുടെ നിർമ്മാണം. നിരവധി ദിവസങ്ങളോ മാസങ്ങളോ എടുത്തായിരിക്കാം ഇവയുടെ നിർമ്മിതി നടന്നിരിക്കുന്നത്.


എന്നും രാവിലെ ഇവിടെ പൂജ നടക്കാറുണ്ട്. ശിവലിംഗത്തിന്റെ പുറകിലൂടെ ഒരു തുരങ്കം ഉണ്ടെന്നും  അത് കവിയൂർ മഹാദേവ ക്ഷേത്രം വരെ നീണ്ടു കിടക്കുന്നുണ്ടെന്നും  പറയപ്പെടുന്നു. ഗുഹയുടെ മുന്നിൽ വലിയൊരു ആൽമരമുണ്ട്.  (ഗുഹാ മുഖേ ചതുർ സർപ്പ സ്ഥിതം വൃക്ഷം വിനാശകം....അതായത് ഗുഹയുടെ മുന്നിൽ നാലു  പാമ്പ് അകലം ഒരു മരം നിന്നാൽ അത് ഗുഹക്കു ക്ഷീണമാണെന്നു ഷേരു സൂത്രനോട്  പറഞ്ഞ കാര്യം ഞാനോർത്തു) അതിനോട് ചേർന്നു ഒരു കുളവും കാണാം. രണ്ടു പാറകളുടെ നടുവിലുള്ള ഒരു ഉറവയെ, ദേവസ്വം ബോർഡ് കുളമായി നിർമ്മിച്ചെടുത്തതാണ്. മഴക്കാലത്തു ഇതിൽ വെള്ളം നിറഞ്ഞു നിൽക്കും.ഇലയും മറ്റും വീണു ഇപ്പോൾ കുളത്തിന്റെ ആഴം വളരെ കുറഞ്ഞിട്ടുണ്ട്.


പാറയുടെ മുകളിലെ കാഴ്ചകൾ കാണാനുള്ള വഴിയും ചോദിച്ചു ഞങ്ങൾ ഇറങ്ങി. സമീപമുള്ള ഏതോ ഒരു ചേട്ടന്റെ റബ്ബർ തോട്ടം കയറിയാണ് പോയത്. ഈ വഴിയിൽ എന്നും "കമ്പനി" കൂടൽ നടക്കുന്നുണ്ടെന്നു ഞങ്ങൾക്കു മനസ്സിലായി, കാരണം പൊട്ടിയതും പൊട്ടാത്തതുമായ "ജവാൻ"മ്മാർ വീര മൃത്യു വരിച്ചു തോട്ടത്തിൽ അവിടവിടെയായി കിടന്നിരുന്നു. പൊന്തക്കാട്ടിലൂടെ നടന്നു പാറയുടെ മുകൾ ഭാഗത്തു എത്തി. നല്ലൊരു വ്യൂ പോയിന്റാണ്. നല്ല ഉയരവുമുണ്ട്. നല്ല കാറ്റ് വീശുന്നുണ്ട് , സമയം ഏകദേശം പത്തുമണി ആയതേയുള്ളു. മലയുടെ മുകളിൽനിന്നും താഴേക്ക് നോക്കിയപ്പോൾ പ്രേക്ഷകരേ അതാ കയറിവരുന്നു ഗുഹാ രാജൻ ചേട്ടൻ....


ഭീമൻ വാൾ കുത്തിയതാണെന്നും ചങ്ങല വലിച്ചതാണെന്നും പറഞ്ഞു രാജൻ ചേട്ടൻ കുറെ പാടുകൾ കാണിച്ചുതന്നു. ഐതിഹ്യമാണെന്നും ഇടയ്ക്കു പറഞ്ഞു....ഭീമൻ വാൾ വലിച്ച പാടിന് തെളിവില്ല എങ്കിലും, തോട്ടത്തിൽ ഇരുന്നു പലരും വാൾ വെക്കുന്നുണ്ടെന്നു ഞങ്ങൾ തെളിവു സഹിതം കണ്ടിരുന്നു. എന്താല്ലേ......???!! മറുവശത്തുള്ള പാറയിൽ പുരാതന ലിപിയിലുള്ള എഴുത്തുകൾ ഉണ്ടെന്നും, അതിൽ പച്ചില വെച്ചു ഉരച്ചിട്ടു ലെൻസ് വെച്ചുനോക്കിയാൽ വായിക്കാൻ കഴിയുമെന്നും ചേട്ടൻ പറഞ്ഞുതന്നു. ആ പാറയിലാണ് പണി ആയുധങ്ങൾ വെച്ചിട്ടുപോയെന്നു പറയുന്ന  അറ ഉള്ളത്. അടച്ചു വെച്ച  പ്രതീതി തോന്നിക്കുന്ന - ക്യാപ്- പോലുള്ള ഒരു കല്ലും ഞങ്ങൾ കണ്ടു, അതിനടിയിൽ ഭരണി പോലുള്ള ഒരു അറ ഉണ്ടെന്നു  ചേട്ടൻ പറഞ്ഞു.. കാലാകാലങ്ങളായി ജനങ്ങൾ വായ് മൊഴിയായി പറഞ്ഞു വരുന്നതാണ് ഇവയെല്ലാം.  പിന്നെ ഇതൊക്കെ പറയുമ്പോൾ സംഗതിക്കു ഒരു ഗുമ്മ് കിട്ടും അത്രയേയുള്ളൂ. കാര്യങ്ങൾ കാണിച്ചുതന്നിട്ടു രാജൻ ചേട്ടൻ താഴേക്ക് ഇറങ്ങി.


 പുരാതന ലിപികൾ എഴുതിയ ഭാഗം കണ്ടു, കാലപ്പഴക്കം കൊണ്ട് പലതും മാഞ്ഞു തുടങ്ങി. പക്ഷേ മായാതെ നിൽക്കുന്ന ചില "ആധുനിക" ലിപികളും പാറയിലുണ്ട്. അതും കുറെ നാറിയ മലയാളി പിള്ളേർ  എഴുതിയത്. ആൽഫിൻ, ശ്രീജു, നിഥിൻ  I LOVE YOU... എന്നൊക്കെ ലെൻസുപോലും ഇല്ലാതെ വായിക്കാൻ കഴിയും.  അത് അങ്ങനെ കുറെ മരമാക്രികൾ.  പബ്ലിക് സ്ഥലങ്ങളിൽ സ്വന്തം പേരെഴുതിവെക്കുന്ന മാനസിക രോഗികളുണ്ട്. വേറെ കാര്യമൊന്നുമില്ല ഒരുതരം മനഃസുഖം. ഇവന്റെ പേര് നാലാള് വായിക്കണം അയിനാണ്. ഇനി ഇതിന്റെ ഒരു മറുവശം പറയാം. മുകളിൽ ഞങ്ങൾ വായിച്ച  പേരുകൾ പിള്ളേർ  പാറയിൽ കൊത്തിയാണ് വെച്ചിരുന്നെങ്കിൽ കാലക്രമേണ അതിനെ ചുറ്റിപ്പറ്റി കഥകൾ മെനഞ്ഞുണ്ടാക്കും.
ഒരു സാമ്പിൾ കഥ ഇങ്ങനെയായിരിക്കും....."പണ്ടു ഈ പാറയുടെ പുറത്തുകയറിയ മൂന്നു കുട്ടികളെ ഭൂതഗണങ്ങൾ ശപിക്കുകയും അവർ കല്ലായിപ്പോകുകയും ചെയ്തു.അവരുടെ പേരുകളാണ് ഈ കാണുന്നത്."
ഇങ്ങനെയാണ് കെട്ടുകഥകൾ മെനയുകയും പ്രചരിക്കുകയും ചെയ്യുന്നത്.


 ചരിത്രം വെച്ചു നോക്കുമ്പോൾ, പ്രാചീന കേരളത്തിൽ ബുദ്ധ ജൈനൻ മ്മാരുടെ സങ്കേതങ്ങൾ ഉണ്ടായിരുന്നു.കല്ലിൽ കൊത്തി ആരാധനാലയങ്ങൾ നിർമ്മിക്കുന്ന പതിവും അവർക്കുണ്ടായിരുന്നു.കേരളത്തിൽ ഈ മതങ്ങളുടെ പതനത്തിനു  ശേഷം അവരുടെ ആരാധനാലയങ്ങൾ ക്ഷേത്രങ്ങളായി മാറ്റപ്പെട്ടിട്ടുണ്ട് . അങ്ങനെയാകാം ഈ ക്ഷേത്രവും ഉണ്ടായത്.ബുദ്ധ ജൈന ആരാധനാലയങ്ങളുടെ ഉടച്ചുവാർക്കലിൽ രാജാക്കൻമാർ അവരുടെ കാലഘട്ടത്തിന്റെ ശൈലിയിലുള്ള കൊത്തുപണികൾ ഉപയോഗിച്ചിട്ടുണ്ടാകാം. അതാണ് പല്ലവ ശൈലിയിലുള്ള  കൊത്തുപണികളാണ് ഈ ഗുഹാ ക്ഷേത്രത്തിൽ ഉള്ളതെന്നു പറയുന്നത്.  AD  800 നു ശേഷം വേദ ഹിന്ദുമതം കേരളത്തിൽ വേരുപിടിച്ചതിനു ശേഷമുള്ള കാര്യങ്ങളാണ് ഇതൊക്കെ. ചരിത്രവും ഭൂമി ശാസ്ത്രവും അവിടെ അവിടെ നിൽക്കട്ടെ. അല്ലെങ്കിൽത്തന്നെ നമ്മൾക്ക് അത്ര രസമുള്ള ഏരിയ അല്ല ഈ ജോഗ്രഫിയും മറ്റും....!


പാറയുടെ മുകൾ ഭാഗം എന്തുകൊണ്ടും ആകർഷകമാണ്.ഷോർട് ഫിലിം ചെയ്യാൻ നല്ല ലൊക്കേഷൻ. ഫോട്ടോഗ്രഫിക്കും മികച്ച ഒരിത്...!.ഡോക്യൂമെൻറ്ററി എടുക്കാനും മറ്റും ചാനലുകാരൊക്കെ ഇടയ്ക്കു ഇവിടെ വരുന്നുണ്ട്. കേന്ദ്ര  സർക്കാർ, ടൂറിസത്തിൽ പെടുത്തി മൂന്നു കോടി രൂപ ഇവിടേയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നു അറിയുന്നു. ഉടനെ ഇവിടെ വേണ്ടത് കറന്റും  വെള്ളവുമാണ്. കിണർ ഇല്ല. ബ്ലോക്കും പഞ്ചായത്തും ചേർന്നു വൈദ്യുതി ലൈൻ വലിക്കാനുള്ള നടപടികൾക്കായി ശ്രമിക്കുന്നുണ്ടെന്നും കേൾക്കുന്നു. ഇപ്പോൾ റോഡിൽനിന്നും പാറയുടെ സമീപം വരെ ഇന്റർ ലോക്ക് ചെയ്തു സെറ്റ് ആക്കിയിട്ടുണ്ട്.സിൽമ്മാക്കാർക്കും പറ്റിയ ലൊക്കേഷനാണ്. 


ഇനിയും ഇവിടെ ഒത്തിരി ചെയ്യാനുണ്ട്. ഐതിഹ്യത്തെയും കെട്ടുകഥകളെയും മാറ്റിനിർത്തി ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആയി ഇതിനെ ഉയർത്തിക്കൊണ്ടു വരണം. പമ്പയും മണിമലയും അച്ചൻകോവിലും അഴുതയും കുട്ടംപേരൂരും കക്കാടും മാടത്തരുവിയും പള്ളിക്കലും പള്ളി ചേലരും പശുക്കിടാമെട്ടും രാമക്കൽത്തേരിയും താണുംഗാട്ടിൽ തോടും കോഴിത്തോടും ഋഷിമലയും....ഇങ്ങനെ പ്രസിദ്ധമായ 14 നദികൾ ഒഴുകുന്ന  പത്തനംതിട്ട ജില്ല തന്നെ ഒരു സൂപ്പർ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണല്ലോ....?  വികസനം പൂർത്തിയായാൽ കവിയൂരിലെ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും പത്തനംതിട്ട ജില്ലക്കു മാത്രമല്ല ആഗോള ടൂറിസം ഭൂപടത്തിലും  സ്ഥാനം നേടും.


സൂര്യൻ തലക്കുമീതെ എരിഞ്ഞു കത്താൻ തുടങ്ങി. പാറയുടെ മുകളിൽ ആയതുകൊണ്ട് സ്വാഭാവികമായ ചൂടും കൂടിവന്നു. താഴേക്ക് ഇറങ്ങുമ്പോൾ സമയം 12 കഴിഞ്ഞിരുന്നു. താഴെ വന്നു രാജൻ ചേട്ടനെ ഒന്നൂടി കണ്ടിട്ടു നമ്മുടെ ബ്ലോഗ് പരിചയപ്പെടുത്തി. "എനിക്ക് നെറ്റ് ഒന്നും അറിയത്തില്ല മോള് വരുമ്പോൾ നോക്കിക്കോളാം"  ചേട്ടൻ ഉറപ്പു പറഞ്ഞു. നമ്മുടെ ബ്ലോഗിൽ ചേട്ടന്റെ നമ്പർ ചേർത്തോട്ടെ എന്നു ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. അങ്ങനെ യാത്രയും പറഞ്ഞു ഇറങ്ങുമ്പോൾ സമയം ഒരുമണി കഴിഞ്ഞിരുന്നു.

രാജൻ ചേട്ടനെ വിളിക്കേണ്ട നമ്പർ 

9947625567     

 IIIUSTRATION - JANOSH K JOHN 

 PICS CREDITZ - ALLEN C BIJU 



വാൽക്കഷ്ണം 


വീ ഫോർ കൊച്ചി എന്നൊരു സംഘടനക്കാർ, ഉത്‌ഘാടനം ചെയ്തിട്ടില്ലാത്ത  വൈറ്റില മേൽപ്പാലം അതിക്രമിച്ചു കയറി  തുറന്നുകൊടുത്തെന്നു....???


അല്ല, പണിതീർന്ന മെട്രോ, മോദിജിയെ കാത്ത് കുറെ നാൾ   ഈ കൊച്ചിയിൽ തന്നെയല്ലേ ഉണ്ടായിരുന്നത്.എന്തേ ഉത്‌ഘാടനം ചെയ്യാൻ ഇവൻമ്മാരെ ഒന്നും കാണാഞ്ഞത്...? വേണ്ട, ആലപ്പുഴ ബൈപാസ്  ഇനിയും തുറന്നിട്ടില്ല....PM ൻറെ സമയത്തിനുവേണ്ടി വെയിറ്റ് ചെയ്യുകയാണ്. നട്ടെല്ലുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ പോയി തുറന്നുകൊടുത്തു കാണിക്ക്....അതല്ലേ ഹീറോയിസം.


പണി തീർന്നു നിൽക്കുന്ന റോക്കറ്റ് വല്ലതും ശ്രീഹരിക്കോട്ടയിൽ ഇരിപ്പുണ്ടോ ശിവനേ.......!!!?? 

ഈശ്വരാ....ഗെയിൽ പൈപ്പ് ലൈനിനെ കാത്തോണേ......അല്ലെങ്കിൽ ഇവൻമ്മാർ പോയി ഗ്യാസ് തുറന്നുവിടും.....   

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...