Monday, April 27, 2020

വുഹാൻ ചന്തയിൽനിന്നും കോട്ടയം ചന്തക്കടവ് വരെ

ഇത് കൊറോണക്കാലമാണ്.....
കോവിഡ് 19 എന്നാണു സ്കൂളിലെ പേര്..!
ഒത്തിരി പരിചയമുള്ളവരും നാട്ടുകാരും സ്നേഹത്തോടെ കൊറോണ എന്നു വിളിക്കും..!
നല്ല പൊളപ്പൻ  പേര്....!
കിരീടം എന്നോ മറ്റോ ആണത്രേ അർത്ഥം.....!
പക്ഷേ കയ്യിലിരിപ്പ് അത്ര പോരാ. മ്മടെ മറ്റേ കൂടത്തായിയിലെ  ജോളിഅമ്മായിയെപ്പോലെ പേരും സ്വഭാവോം  അങ്ങോട്ടു മാച്ച് ആകുന്നില്ല.
എന്തായാലും ഈ കിരീടമൊക്കെ വെച്ച് മ്മടെയൊരു പെങ്കൊച്ചു  ചൈനയിൽനിന്നും 2019 ഡിസം 30 നു വന്നു വലതുകാൽ വെച്ചു കയറിയത് ഓർമ്മയുണ്ട്. പിന്നെയെല്ലാം പെട്ടന്നായിരുന്നു. ക്വാറൻറ്റൈനായി ഐസൊലേഷനായി, ടെസ്റ്റായി ,റെസ്റ്റായി ,ആംബുലൻസായി,  പോസിറ്റീവും നെഗറ്റീവുമായി, മാസ്‌ക്കായി , കർഫ്യൂ ആയി  വേലി അടക്കലായി  കൈകഴുകലായി, പാത്രം അടിക്കലായി.. വന്നു വന്നു തീ കത്തിക്കൽസ് വരെ എത്തി....!



ടോട്ടലൊരു വെപ്രാളം. ആക്രി പെറുക്കുന്നവൻ മുതൽ അംബാനി വരെ പുത്ര കളത്രാദികളെയും കൂട്ടി മുറിയിൽക്കയറി കതകിനു  കുറ്റിയിട്ടു കുറ്റിയടിച്ചു. രണ്ടുവട്ടം പ്രളയം വന്നപ്പോൾ, ഇതൊന്നും കാര്യമായി ബാധിക്കാത്തവർ ചുമ്മാ ജാഡയിട്ടു...യെന്തു ഫ്രെളയം...!! വെള്ളത്തിൽ മുങ്ങിപ്പോയ പത്തനംതിട്ടക്കാരെയും കൊല്ലംകാരേയും ആലപ്പുഴക്കാരെയും ഒക്കെ നോക്കി ചുമ്മാ സഹതാപം കാണിച്ചു. എന്തിനെന്നോ..? ഞങ്ങളൊക്കെ വെല്യ പുള്ളികളാ നീയൊക്കെ അനുഭവിക്കെടാ എന്ന ഒരുമാതിരി ആക്കുണ്ടല്ലോ....അത്....! ഇപ്പോ ദേ, കുമാരനാശാൻ പറഞ്ഞതുപോലെ  വീണിതാ കിടക്കുന്നു ധരണിയിൽ ...അല്ല ഐസൊലേഷനിൽ. അതുകൊണ്ടാണ് തള്ളേ കലിപ്പ് തീരാതെ കൊറോണ സകല പുള്ളികളെയും ഒരുവിധത്തിൽ , അല്ലെങ്കിൽ മറ്റൊരു വിധത്തിൽ കേറിയങ്ങു പൂശിയത്.! എല്ലാം മായയാണ് സഹോ....എന്തിനു മായപോലും മായയാണ്..!

അന്റാർട്ടിക്ക ഒഴികെ മറ്റെല്ലായിടവും കൊറോണ കേറി നക്കി. ചാക്കോ മുതൽ ചാൾസ് രാജകുമാരൻ വരെ (ഇങ്ങേർക്ക് വയസ്സ് 71.എന്നിട്ടും വിളിക്കുവാ രാജകുമാരാന്ന്.....!?!?) ടാർ പണിക്കാരൻ ജോൺസൻ മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനു  വരെ കൊറോണ എന്താണെന്നു മനസ്സിലായി. ചൈനയിലെ വുഹാനിലാണ് കൊറോണയെ കണ്ടതെന്നു പറയുന്നു. കണ്ടാലുടനെ ഓടിച്ചിട്ടു പിടിക്കാൻ മാത്രം സാധനം വലിയതൊന്നുമല്ല . അതുകൊണ്ടു പിടിച്ചതുമില്ല.

പക്ഷേ സംഭവം, നമ്മൾ വെച്ചിരിക്കുന്ന അതിർത്തിയോ പാസ്സ്പോർട്ടോ ഒന്നുമില്ലാതെ ഇങ്ങു റാന്നി വരെ വന്നു....!!അന്യായം.....!!
വേണ്ട, കക്ഷി വുഹാനിലെ ചന്തയിൽനിന്നും മ്മടെ കോട്ടയത്തെ ചന്തക്കടവുവരെ വന്നില്ലേ സൂർത്തുക്കളെ....???? റാന്നി എന്ന ബോർഡ് കണ്ടാൽ ബസ്സിൽ പോലും ആരും കയറാത്ത സ്ഥിതി വരെ വന്നു. റാന്നി വണ്ടി കണ്ടതും വാണം വിട്ടതുപോലെ ജനം ഓടി. അതിനു പിന്നിലൊരു മെഗാ സീരിയൽ കഥയുണ്ട്. എല്ലാർക്കും അറിയാമല്ലോ. അതാണ് നമ്മൾ ഒരു എപ്പിസോഡിൽ പറഞ്ഞു അവസാനിപ്പിച്ചത്.

കൊറോണ വൈറസ് അയോഗ്യ നായെ.....

സയൻസാണ് ശെരിക്കും കേട്ടോണം... ഒരു ജീവ കോശത്തിന്റെ ഉള്ളിലല്ലാതെ വളരാനോ പ്രത്യുൽപ്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണത്തിനു പറയുന്ന പേരാണ് വൈറസ്. സ്റ്റാമിന കുറഞ്ഞ പുള്ളികളുടെ ശരീരത്തെ ബാധിച്ചു അവരുടെ ഫ്യൂസ് അടിച്ചു കളയുകയാണ് ഇവൻമ്മാരുടെ പണി. സംസ്‌കൃതത്തിൽ പറഞ്ഞാൽ "കുലം ബലം പുത്ര കളത്ര ജാലം ഗുണം വരാ മൃത്യു വരും ദശായാം" ഒത്തിരി ഡെക്കറേഷൻ ഒന്നുമില്ലാതെ പറഞ്ഞാൽ  വൈറസ് വന്നു ചാകാൻ നേരത്തു ഒരുത്തനും നമ്മടെ കൂടെ കാണില്ലെന്ന്. സംപ്രതി വാർത്താ ഹേ ശ്രുയന്താം......നമ്മൾ ഈ പോളി ടെക്‌നിക് ഒന്നും പഠിക്കാത്തതുകൊണ്ടു കൂടുതലൊന്നും പറയാനറിയത്തില്ല.


വൈറസ് തീരെ ചെറിയ സാധനമാണ്. കണ്ണുമിഴിച്ചു മൂങ്ങാ നോക്കുന്നതുപോലൊന്നും നോക്കിയിട്ടു കാര്യമില്ല. അതിനു വേറെ എടപാടൊക്കെ ഒണ്ട്....! വൈറസ് ആണെന്നുംവെച്ചു ആൻറിവൈറസ് ഇൻസ്റ്റാൾ ചെയ്തിട്ടു വിടമാട്ടേൻ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. നല്ല സാമൂഹിക അകലം പാലിച്ചു റസ്റ്റ് എടുത്തു ടെസ്റ്റ് എടുത്തു സർക്കാർ പറയുന്നതും കേട്ട് ജീവിച്ചാൽ കുറേക്കാലം കൂടെ അർമാദിക്കാം. സൂക്കേട് പോയിട്ടു മതി അല്ലിക്കു ആഭരണം എടുക്കുന്നതൊക്കെ....!തല്ക്കാലം ഷെഡിൽ കയറ്റിയിടണം.കേട്ടിട്ടില്ലേ ബ്രേക്ക് ദ ചെയിൻ എന്ന്...മാല പൊട്ടിക്കുന്ന കാര്യമല്ല അപ്പീ....!


നമ്മുടെ സർക്കാരുകൾ ഇതിനെതിരെ ഒന്നിച്ചു പോരാടുകയാണ്. കേരളം ഇപ്പോൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. നമ്മുടെ പ്രതിരോധ രീതി തന്നെ ലോകരാജ്യങ്ങൾ അംഗീകരിച്ചു. നമ്മുടെ പ്രധാനമന്ത്രി മോദിജിയും, മുഖ്യ മന്ത്രി പിണറായിയും, ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറും പ്രതിപക്ഷ നേതാവ് ചെന്നിത്തലയും പ്രതിപക്ഷ അംഗങ്ങളും നമ്മുടെ പാർലമെന്റ് അംഗങ്ങളും  പോലീസ് വകുപ്പും എല്ലാരും ഒരുപോലെ  നിന്ന് കൊറോണയെ പ്രതിരോധിക്കുകയാണ്.

ബ്രേക്ക് ദ ചെയിൻ എന്നാണ് നമ്മുടെ മുദ്രാ വാക്യം. കേരളത്തിന്റെ കൂട്ടായ്മ്മയും പ്രവർത്തനവും നല്ല ഫലമാണ് ആരോഗ്യ മേഖലയിൽ കൊണ്ടുവന്നിരിക്കുന്നത്. എത്രയും പെട്ടന്ന് ലോകത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടെ. നമ്മുടെ കേരളം പുതിയൊരു കേരളമായി പരിണമിക്കട്ടെ...!ഇനിയും ഭീതിമാറാത്ത ഒത്തിരി രാജ്യങ്ങൾ അവശേഷിക്കുന്നു. അവിടെയെല്ലാം പ്രതീക്ഷകൾ പൂവണിയട്ടെ. ഭയത്തിന്റെ ഇരുളുകൾ മാറിപ്പോകട്ടെ. ഹൃദയം തുറന്നു ചിരിക്കാനും പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാനും കഴിയട്ടെ...ഇതൊക്കെയാണ് നമ്മുടെ ആഗ്രഹവും പ്രാർത്ഥനയും.















കൊറോണ കേറിയങ്ങു പിടിമുറുക്കിയപ്പോൾ നമ്മുടെ രാജ്യം ഫുൾ ലോക്ക് ഡൗണിലേക്കു പോയി. ച്ചാൽ സമ്പൂർണ്ണ അടച്ചിടൽ. സംസ്ഥാനങ്ങൾ എല്ലാം അവരുടെ അതിർത്തികൾ അടച്ചു. ഗതാഗതം പൂർണ്ണമായി നിർത്തലാക്കി. എല്ലാവരും എവിടെയാണോ അവിടെത്തന്നെ തുടരാൻ മോദിജി പറഞ്ഞു. ജനങ്ങൾ അനുസരിച്ചു.

ഒരു സൈഡിൽ കൊറോണയോടു രാജ്യം പൊരുതുമ്പോൾ മറുസൈഡിലൂടെ വേറെ പണിയൊന്നുമില്ലാത്ത കുറേപ്പേർ സ്ഥിരം പണിയുമായി ഇറങ്ങി. വ്യാജൻ ഉണ്ടാക്കി വിടുക......അതിലവർ വിജയിച്ചു. ആരും പുറത്തിറങ്ങുന്നില്ലല്ലോ. ഈ തക്കത്തിന് കുറെ ഉടായിപ്പു വാർത്തകളും വിഡിയോകളും ഓഡിയോ ക്ലിപ്പുകളുമായി ചിലരങ്ങു അഴിഞ്ഞാടി. അവസാനം സർക്കാരിന് പറയേണ്ടി വന്നു വ്യാജൻ പരത്തിയാൽ പിടിച്ചു അകത്തിടുമെന്നു.

എന്തൊക്കെ എടപാടായിരുന്നു.....!!! ഫേക്കുകളുടെ ശോഭായാത്ര ആയിരുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന തങ്കപ്പനും കുഞ്ഞമ്മയുമെല്ലാം പ്രൊഫസ്സർമ്മാരായി മാറി. കുറേപ്പേർ ഐ ടി സ്പെഷ്യലിസ്റ്കൾ, വേറൊരുകൂട്ടർ ജനിതക ഡോക്ടർമ്മാർ...ഇവരെകൊണ്ടു  തികയാഞ്ഞിട്ടു കുറച്ചു മതഭ്രാന്തൻമാരും ഇറങ്ങി മതവും തള്ളിക്കൊണ്ട്. ഒറ്റനോട്ടത്തിൽ ഇങ്ങനെ പറയാം.
കൊറോണയെ ഒരുത്തൻ.......തീ അയച്ചു കത്തിക്കുന്നു.....!
കാഞ്ഞിരക്കുറ്റിയിൽ തളച്ചു കത്തിക്കുന്നു.......!
ഒറ്റമൂലിയിൽ നിര്ത്തുന്നു......!
ഓതിക്കളയുന്നു.....!
ഭക്തി കയറി പാതി വട്ടായവർ മത സംഹിതയുമായി കൂട്ടിക്കെട്ടി ആത്മീയവൽക്കരിക്കുന്നു.......!
കവടി നിരത്തി കണക്കുകൾ പറയുന്നു .....!
ഗോ കൊറോണ എന്ന് മുദ്രാ വാക്യം വിളിച്ചു കൊറോണയെ ഓടിക്കുന്നു....!.
പക്ഷേ ഇവരെ ആരെയും കൊറോണയെ ശരിക്കും പ്രതിരോധിക്കാൻ കണ്ടില്ല. അതിനു വൈദ്യ ശാസ്ത്രവും സർക്കാർ സംവിധാനങ്ങളും വേണ്ടിവന്നു.

കൊറോണയുടെ മറവിലൂടെ സോഷ്യൽ മീഡിയയിൽ കറങ്ങിയ കുറെ ഫേക്കുകളാണ് ചുവടെ ചേർക്കുന്നത്.. ഏക്ക്പൂക്കു അറിയാത്ത കുറെ ടീമുകൾ ഇതെല്ലാം കൊണ്ടുപിടിച്ചു ഷെയർ ആയിരുന്നു. 15 എണ്ണത്തിനെ ഞാൻ എന്റെ ഫേസ്ബുക്കിൽ നിന്നും കയ്യിൽ പിടിച്ചു ഇറക്കിവിട്ടു. പലവട്ടം വാണിംഗ് കൊടുത്തു പിന്നേം പിന്നേം തള്ളിക്കൊണ്ടു വന്നതിനെയാണ് ഓടിച്ചത്.

പണം രക്ഷിക്കുന്നില്ല എന്നും പറഞ്ഞു  ഇറ്റലിക്കാർ കാശ് തെരുവിലേക്ക് വലിച്ചെറിയുന്നു-ഭയങ്കര ഓട്ടമായിരുന്നു ഈ ഫേക്ക് മെസ്സേജിന്. സംഗതി എന്താണ്...?2019 ഇൽ വെനെസ്വേലയിൽ നടന്ന ഒരു ബാങ്ക് കവർച്ചയുടെ പടമായിരുന്നു അത്.


ഇറ്റലിയിൽ ശവങ്ങൾ കൂട്ടിയിട്ടിരിക്കുന്നു-എന്റെ ചേട്ടാ,അത് 2007 ഇൽ പുറത്തിറങ്ങിയ പാൻഡെമിക് എന്ന ടെലിവിഷൻ സീരിയലിലെ രംഗമാണ്.

ഇറ്റലിയിലെ ഒരു ഗോപുരത്തിന്റെ മുകളിൽ വിചിത്ര ജീവി-ഇത് നിക്വാരാഗ്വേയിലെ JJPD എന്ന ഗ്രാഫിക് ഡിസൈൻ സ്ഥാപനം FX വെച്ച് ചെയ്ത വീഡിയോ ആയിരുന്നു.

ആളില്ലാത്ത ഊട്ടി കോയമ്പത്തൂർ റോഡിൽ മാനുകൾ ഇറങ്ങി-ജപ്പാനിലെ നാരാ പാർക്കിലെ മാനുകൾ ആയിരുന്നു ഇത്.
കൊറോണ പിടിച്ച ഇറ്റലിക്കാരൻ കെട്ടിടത്തിന്റെ മുകളിൽനിന്നും ചാടി ആത്മഹത്യ ചെയ്തു-ഇത് സ്പെയിനിൽ വേറെ ഏതോ കാര്യത്തിന് ചാടി ചത്തതാണ്.

കൊറോണയെക്കുറിച്ചു എന്തെങ്കിലും പോസ്റ്റ് ചെയ്താൽ പോലീസ് പിടിക്കും എന്ന് കേന്ദ്ര ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്-എന്റെ പൊന്നോ അങ്ങനെയൊരു പൊസിഷൻ കേന്ദ്രത്തിൽ ഇല്ല സാറേ.....!

ലോക്ക് ഡൗൺ അനുസരിക്കാത്ത കുറേപ്പേരെ പോലീസ് അടിച്ചു പുറം പൊളിച്ചു- കുറെ ഒക്കെ ഒറിജിനൽ ആയിരുന്നു. കൂടുതലും പാകിസ്ഥാനിൽ നടന്ന അടിയുടെ പാടുകൾ.!

കൊറോണ എന്നാൽ ചൈനയുടെ ജൈവ ആയുധം . അമേരിക്കക്കു വിൽക്കാൻ ശ്രമിച്ചപ്പോൾ ലാബിൽനിന്നു ചാടിപ്പോയതാണ്- ചൈന പോലും ഇത് അറിഞ്ഞിട്ടില്ല...!

ഒരു ലോഡ് കോവിഡ് രോഗികളെ വിമാനത്തിൽ കൊണ്ടുവരുന്നു.അവർ ശ്വാസം മുട്ടുന്നു....ഓടുന്നു..വെപ്രാളം കാണിക്കുന്നു- സെനെഗലിൽ നടന്ന വിമാന റാഞ്ചൽ ശ്രമം നേരിടാനുള്ള മോക്ഡ്രിൽ ആയിരുന്നു.2019 ഇൽ നടന്നത്.

ഇറ്റലിയിൽ ആശുപത്രികൾ നിറഞ്ഞു രോഗികളെ പുറത്തു കിടത്തിയിരിക്കുന്നു-ക്രൊയേഷ്യയിൽ നടന്ന ഭൂകമ്പം മൂലം ജനങ്ങൾ പേടിച്ചു വീടിന്റെ പുറത്തു കിടന്നതാണ് സംഭവം.

തെരുവിൽ മൃതദേഹം കൂട്ടിയിട്ടിരിക്കുന്നു-ജർമനിയിൽ നടന്ന ഒരു കലാവിഷ്ക്കാരമായിരുന്നു ഇത്. നാസി ക്യാമ്പിൽ മരിച്ചവരോടുള്ള ആദര സൂചകമായി ചെയ്തത്(2014)

ചൈനയിലെ സന്ജാൻ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയുടെ ഓഡിയോ ക്ലിപ്പ്-ഒന്നാംതരം വ്യാജൻ. സത്യത്തിൽ ഈ യൂണിവേഴ്‌സിറ്റി ഇറാനിലാണ്.
ബേക്കറി ഉല്പ്പനങ്ങളിലൂടെയും പത്രത്തിലൂടെയും കോവിഡ് പകരുന്നതിനാൽ ലോകാരോഗ്യ സംഘടന ഇത് രണ്ടും നിരോധിച്ചു-പത്രങ്ങളും ബേക്കറി സാധനങ്ങളും ആരും നിരോധിച്ചില്ല.

കുറെ സാമ്പിൾ മാത്രമാണ് ഇതൊക്കെ, ഇതിലും മാരക വേർഷനുകൾ പ്രചരിച്ചിരുന്നു. മോദി അനുവദിച്ച 2000 രൂപാ ATM ഇൽ വന്നോന്നു പോയി നോക്കിയ ക്ണാപ്പൻമ്മാർ വരെയുണ്ട്. ഇനി കുറെ വിശദീകരണം വേണ്ടിയ കൊറോണാ അഭ്യാസ പ്രകടനങ്ങളാണ്. ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടുകാർ വെറും ഊളകളാണോ എന്ന് സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ..? ലോകം മുഴുവൻ മഹാമാരിയിൽ വിറങ്ങലിച്ചുനിൽക്കുമ്പോൾ ദാ ദിങ്ങനെ ഓരോന്നു വരും അറുതിപ്പാഴുകൾ....?!?!?!

നെടുമ്പാശ്ശേരിയിലെ എഴുന്നള്ളത്ത് 

വിമാനത്തിൽ വന്നിറങ്ങിയത്-സച്ചിനല്ല സാനിയ മിർസ അല്ല സണ്ണി ലിയോൺ അല്ല...! ആനകളിലെ ആന പാമ്പാടി രാജനല്ല...! പിന്നെ ആരാണ് ആ ഭൗതിക ശരീരം...?  ഏതോ ഒരു ടെലിവിഷൻ പരിപാടിയിൽനിന്നും കയ്യിലിരിപ്പുകാരണം പുറത്തിറക്കിവിട്ട ഒരു രായാവ് ആയിരുന്നു. ഇങ്ങേരുടെ ഫാൻസ്‌ ആണ് എയർപോർട്ടിൽ അലച്ചുതല്ലി ചെന്നത്. സംസ്ഥാനം ഫുൾ ലോക്ക് ഡൗൺ ആയിരിക്കുന്ന സമയത്താണ് ഇങ്ങേരുടെ വരവും കൈകുഞ്ഞുങ്ങളെക്കൊണ്ടുപോലും ഊള ഫാൻസിന്റെ സ്വീകരണവും.


ഭാര്യയുടെ അന്ത്യ യാത്രയിൽ പങ്കെടുക്കാനാകാത്ത ഭർത്താവും, അപ്പന്റെ മൃതദേഹം ആശുപത്രി ഐസൊലേഷനിൽ നിന്നും വീഡിയോ കോളിലൂടെ കണ്ട ഒരു മകനും ഈ കൊച്ചു കേരളത്തിൽ ഉണ്ടായിരുന്നു. ലോക്ക്‌ ഡൗൺ കാലത്തു സമൂഹത്തെ മാനിച്ചു അകന്നു നിന്ന ഇവരെയൊക്കെ കളിയാക്കുന്ന ഒരു രായാവും കഴുത അനുയായികളും. സംഭവം വിവാദമായപ്പോൾ ഫാൻസുകാരുടെ മൂലംകടച്ചിൽ അതി കലശലായി. സാമൂഹ്യ ദ്രോഹികൾ......എന്തോ ഇപ്പൊ ഒന്നും അങ്ങോട്ട് കേൾക്കുന്നില്ല....!?!?!

കൊറോണാസുരനെ കത്തിക്കൽ

മുംബൈയിൽ കൊറോണാസുരനെ കത്തിച്ചു. അന്ധവിശ്വാസികൾക്കും മത ഭ്രാന്തൻമാർക്കും ആണല്ലോ ഇങ്ങനത്തെ അവസരങ്ങളിൽ കുത്തിക്കഴപ്പ് അതി കലശലാകുന്നത്. കൊറോണ ഒരു അസുരനാണത്രേ. ഈ അസുരന്റെ വലിയൊരു കോലമുണ്ടാക്കി തീ കൊളുത്തി. ഇനി എല്ലാം ശുഭം....അസുരന്റെ ശല്യം ഇനി മുംബൈയിൽ വരില്ല.

ഈ വിവരം കെട്ട അന്ധവിശ്വാസികളെ മൂട്ടിൽ തീകൊളുത്തി ഓടിക്കുകയാണ് വേണ്ടത്. മെഡിക്കൽ സയൻസിന്റെ പ്രതിരോധം തീർത്തു വൈറസ് ബാധയെ തടയിടേണ്ട സ്ഥാനത്തു കൊറോണാസുരനെ  തള്ളിക്കൊണ്ട് വന്നിരിക്കുന്നു.  മഹാരാഷ്ട്ര വൈറസിന്റെ പിടിയിലമരുന്ന കാഴ്ചയാണ് നമ്മൾ പിന്നെ കണ്ടത്. കാര്യങ്ങൾ കൈവിട്ടുപോയി മോനെ....!!

ഗോ മൂത്ര സേവ-ചാണക കേക്ക്

കൊറോണയെ ചിലർ ഗോ മൂത്രം കുടിച്ചും ചാണക കേക്ക് തിന്നും വല്ലാണ്ട് പ്രതിരോധിച്ചു. മീഡിയ പേഴ്സൺസ് റിപ്പോർട്ട് ചെയ്യുന്ന അവസരത്തിൽ പലരോടും ആവശ്യപ്പെട്ടു ഗോ മൂത്രം കുടിച്ചു കാണിക്കാൻ....എല്ലാവര്ക്കും ഒരു വല്ലായ്മ...ചിലർ ഓടി ...മറ്റുചിലർ ഇടതുകൈ വിരൽ മൂത്രത്തിൽമുക്കി വലതുകൈവിരൽ വായിൽ വെച്ചു. പിന്നെന്തിനാണ് സജീ ഈ പേക്കൂത്തൊക്കെ കാണിച്ചുകൂടിയെ ..?  ഇന്ത്യ മുഴുവനും ഈ ചികിത്സാവിധി പ്രചരിപ്പിക്കും എന്നൊക്കെയായിരുന്നു ചിലർ ആഞ്ഞു തള്ളിയത്പ  ക്ഷേ ഗോമൂത്രം കുടിച്ചു അവശതയിലായ ചാണക പ്രചാരകരെ അവസാനം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. വിദേശ മാധ്യമങ്ങൾപ്പോലും നമ്മുടെ ഈ വിവരമില്ലായ്മയെ ശരിക്കും ആഘോഷിച്ചു. അപ്പോൾ ചിലർ പ്ലെയ്റ്റ് മാറ്റി. നമ്മുടെ രീതികൾ വിദേശത്തുവരെ ചർച്ച ചെയ്യുന്നു  എന്നായി വാദം.

കൊറോണാ പണ്ഡിതൻമാർ 

വൈറസ് 30 ഡിഗ്രി ചൂടിൽ നിലനിൽക്കില്ലെന്ന് ഒരു പണ്ഡിതൻ. ഇതിയാനെ കടത്തിവെട്ടി വേറൊരു പണ്ഡിതൻ, 27 ഡിഗ്രി ചൂടിൽ കൊറോണ നശിച്ചു പോകുമെന്ന് തിരുവായ് മൊഴിഞ്ഞു. ഒരു സാധാരണ മനുഷ്യന്റെ ഊഷ്മാവ് 37 ഡിഗ്രി ആണെന്ന് ഈ തിരുവടികൾക്കു ആരും പറഞ്ഞുകൊടുത്തില്ല.(പിന്നെ പ്രായം അനുസരിച്ചു ചെറിയ ഏറ്റക്കുറച്ചിലുകൾ വരാം) സൗദി അറേബ്യയിൽ വൈറസ് ബാധയുണ്ടായി, അല്ല പൊട്ടൻമ്മാരേ.. അവിടെ ചൂടാണോ അതോ മഞ്ഞു പൊഴിച്ചിലാണോ സാധാരണ കാലാവസ്ഥ...? നല്ല പേരും പദവിയുമൊക്കെ അലങ്കരിക്കുന്ന പുള്ളികളാണ് ഇതൊക്കെ പടച്ചുവിടുന്നത്. പിന്നെ സാധാരണക്കാരന്റെ കാര്യം പറയണോ ?  ഒരു ലാടഗുരുവിന്റെ വീഡിയോ കണ്ടു, സർക്കാരും കലക്ടറും ആരോഗ്യ മന്ത്രിയും നേരിട്ടു വന്നു ആവശ്യപ്പെട്ടാൽ ഇദ്ദേഹം കൊറോണയെ പ്രതിരോധിക്കാനുള്ള ഒറ്റമൂലി പറഞ്ഞുകൊടുക്കാമെന്ന്....! പല മരണങ്ങൾ കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലൊരു പെടുമരണം ആദ്യമാണ്കണ്ടത്.


സമൂഹത്തിൽ എന്തെങ്കിലും സംഭവിച്ചാൽ കുറച്ചുപേരുടെ പണി എന്തെന്നാൽ ആ വിഷയത്തിന്റെ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ആകുക എന്നതാണ്. ആരോഗ്യ വിദഗ്ദ്ധൻ, കാലാവസ്ഥാ വിദഗ്ദ്ധൻ, കമ്പ്യൂട്ടർ വിദഗ്ദ്ധൻ, മുങ്ങൽവിദഗ്ദ്ധൻ, സാമ്പത്തിക വിദഗ്ദ്ധൻ, രാഷ്ട്രീയ വിദഗ്ദ്ധൻ, മത വിദഗ്ദ്ധൻ, സംഗീത വിദഗ്ദ്ധൻ...... ഇങ്ങനെ വിദഗ്ദ്ധൻമാരുടെ ജില്ലാ സമ്മേളനമാണ്. എന്തെങ്കിലും നടക്കണമെങ്കിൽ വേറെ പിള്ളേര് വരണമെന്നു മാത്രം. ഈ ബ്ലോഗ് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുമ്പോൾ വേറൊരു ചികിത്സാരീതികൂടി ഫേസ്ബുക്കിൽ കിട്ടി. മൂക്കിലൂടെ കടുകെണ്ണ ഒഴിച്ചാൽ കൊറോണ മാറുമത്രേ...! ഇവന്റെയൊക്കെ അണ്ണാക്കിലല്ലേ ചൂട് കടുകെണ്ണ ഒഴിക്കേണ്ടത്..? ഒന്നും അറിയില്ലെങ്കിലും എനിക്കിതൊക്കെ പണ്ടേ അറിയാം എന്ന രീതിയിലുള്ള ഇടപാട്.

മതം പറയുന്ന മലവാണങ്ങൾ

ആചാര അനുഷ്ടാനങ്ങൾ അണുവിട തെറ്റാതെ ജീവിക്കുന്നവരെ ഒരു വൈറസ്സിനും കീഴ്പ്പെടുത്താൻ കഴിയില്ല.....ഒരുത്തൻ അങ്ങനെ രോധിക്കുകയാണ്. വേറൊരുത്തന്റെ രോദനം ഇങ്ങനെ- ശുദ്ധിയില്ലാത്ത മനസ്സുള്ളവരെയാണ് വൈറസ് ബാധിക്കുന്നത്.. ഒരു ആചാരാനുഷ്ടാനങ്ങളും ഇല്ലാതെയും മനുഷ്യന് ജീവിക്കാം എന്ന് വൈറസ് മനുഷ്യനെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോളാണ് തേങ്ങാക്കൊല വർത്തമാനം പറഞ്ഞുകൊണ്ട് ചില മലവാണങ്ങളുടെ വരവ്.
കുന്തിരിക്കം കത്തിച്ചോട്ടെ അത് വേണ്ടാത്തിടത്തു വെച്ച് കത്തിക്കരുതെന്നേ നമ്മൾ പറഞ്ഞുള്ളു.


ക്രൈസ്തവന്റെയും ഹൈന്ദവന്റെയും മുസൽമാന്റെയും ആചാരങ്ങളിൽ ഇനി തെറ്റാത്തതായി എന്തുണ്ട്...? വലിയ തോതിലുള്ള ആചാര സംരക്ഷണ റാലികൾ നടന്ന കേരളത്തിൽ ഇങ്ങനൊക്കെ സംഭവിക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണ്. ചാകാൻ കൈകാലിട്ടടിക്കുമ്പോൾ ഓരോന്നു വരും നാണമില്ലാത്ത വർത്തമാനം പറയാൻ. ഒരു പള്ളിയും മോസ്‌കും അമ്പലവും തുറന്നില്ലെങ്കിലും മനുഷ്യന് ഇവിടെ ജീവിക്കാം കഴിയും എന്ന് കൊറോണ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. വേണ്ട,വീട്ടിലിരുന്നു പ്രാർത്ഥിച്ചാലും ദൈവം കേൾക്കുമെന്നെങ്കിലും അറ്റ്ലീസ്റ്റ് മനസ്സിലായിക്കാണുമല്ലോ...? ഒരു വിവാഹത്തിന് പത്തുപേരിൽ കൂടരുതെന്നു ശ്രീനാരായണ ഗുരു പറഞ്ഞത് ഈ സമയത്തു അന്വർത്ഥമായിരിക്കുകയാണ് . സേവ് ദ ഡേറ്റും വെറുപ്പിക്കലുകളും ഡ്രോൺ ക്യാമറയും ഇല്ലെങ്കിലും കല്യാണങ്ങളും, ഓൺലൈൻ സ്ട്രീമിംഗ് ഇല്ലാതെ  ശവസംസ്കാരങ്ങളും പത്തുപേരെ വെച്ച്  ഭംഗിയായി നടക്കുമെന്ന് നമ്മൾക്ക് മനസ്സിലായല്ലോ. ആരാധനാലയങ്ങൾ ഇപ്പോൾ അടഞ്ഞു കിടക്കുന്നത് നമ്മുടെ സുരക്ഷയെ മുൻനിർത്തിയാണെന്നു ചിന്തിക്കണം. മനുഷ്യന്റെ സാമൂഹിക ക്രമത്തിൽ സദാചാരപരമായുള്ള ഒരു പരിസരം ഉണ്ടാക്കിയെടുക്കാൻ ആരാധനാലയങ്ങൾ സഹായിക്കുന്നുണ്ട് അത് മറക്കുന്നില്ല. ആരോഗ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ വിവിധ മത സ്ഥാപനങ്ങളുടെ സംഭാവനകൾ വിലപ്പെട്ടതാണ് അതും മറന്നുപോകുന്നില്ല.

പാത്രം കൊട്ടും വിളക്കെടുപ്പും

 പ്രധാനമന്ത്രി ഉത്തരവിട്ടു. ആരോഗ്യ പ്രവർത്തകരെ അനുമോദിക്കണം. അതിനു നമ്മൾ വീടിന്റെ ടെറസിലോ ബാൽക്കണിയിലോ നിന്ന് പാത്രം അടിക്കണം. കൈ അടിച്ചാലും വിരോധമില്ല. അതിന്റെ ശരി തെറ്റിനെക്കുറിച്ചോ രാഷ്ട്രീയത്തെക്കുറിച്ചോ നമ്മൾ സംസാരിക്കുന്നില്ല. കണ്ടതും സംഭവിച്ചതും പറയാം. കേരളത്തിൽ ഈ ടാസ്ക് വളരെ മാന്യമായി പൂർത്തിയാക്കി. എന്നാൽ അങ്ങ് വടക്കുള്ള പ്യാരേ ദേശ് വാസിയോംസ് പാത്രം കൊട്ടി വഴിയിലിറങ്ങി. റാലിക്കു പേരും കൊടുത്തു "കൊറോണാ വിജയ്" ദിവസ്....എന്റെ സജിയേ.....?

പാത്രംകൊട്ടിയാൽ വൈറസ് ചത്തുപോകും എന്നു കരുതിയിട്ടാകാം ചിലർ കതകിന്റെ മറവിലും ചെടിച്ചട്ടിയുടെ ഇടക്കും അലമാരിയിലും അടുക്കളയിലും മുറ്റത്തും കാറിന്റെ ഡിക്കിയിലുമെല്ലാം വെച്ച് പാത്രം കൊട്ടി.
രാജ്യം മുഴുവൻ ലോക്ക് ഡൗൺ നടക്കുന്ന അവസരത്തിലാണ് ഇതൊക്കെ സംഭവിച്ചത് എന്നോർക്കുമ്പോൾ  അകെ ധൃതംഗപുളകിതമാകുന്നു.
കുറെ പാത്രങ്ങൾ തല്ലി ചളുക്കിയെന്നല്ലാതെ കൊറോണ പോയോ അതുമില്ല.
രണ്ടാമത്തെ ടാസ്ക് വിളക്കുകൾ കത്തിക്കുക എന്നായിരുന്നു. ഉള്ളത് പറയണമല്ലോ ഇതും കേരളത്തിലുള്ളവർ വളരെ മാന്യമായി ഏറ്റെടുത്തു.
പിന്നെ പെട്രോൾ പമ്പിനു അടുത്തുവെച്ചു  വിളക്കുകൾ കത്തിച്ചത് പോലുള്ള  ഒറ്റപ്പെട്ട  സംഭവങ്ങൾ ചിലയിടത്തു നടന്നു. രണ്ടു കിലോ മത്തി വാങ്ങുമ്പോ ചിലത് ചീഞ്ഞതും അളിഞ്ഞതും കാണുമല്ലോ. പോട്ടെ സമാധാനിക്ക്....!?!
ഇതും മറ്റേ ദേശ് വാസികൾ കൊളമാക്കി. വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ ഇവർ തീ വെക്കുകയായിരുന്നു.

ഫയർ ഫോഴ്സ് വരെ വരേണ്ടിവന്നു. വീടുകൾക്ക് തീപിടിച്ചു കുറെ മിണ്ടാപ്രാണികൾക്ക് പൊള്ളലേറ്റു. ഇവരങ്ങു ആഘോഷിച്ചു. ഒരുത്തൻ വായിൽ പെട്രോൾ ഒഴിച്ച് ഊതിക്കത്തിച്ചു. അവന്റെ വായിലും അണ്ണാക്കിലുമുള്ള വൈറസ് ടോട്ടൽ പോയിട്ടുണ്ടാകും. ആളൊക്കെ ജീവനോടെയുണ്ടോ ആവോ ...? എന്തുപറ്റിയെന്നു അറിയില്ല പുതിയ ടാസ്കുകളൊന്നും ഇപ്പോൾ വരുന്നില്ല. ഇതൊന്നും പ്രധാനമന്ത്രീടെ കുഴപ്പമാണെന്നു നമ്മൾ പറയുന്നില്ല. പുള്ളി പറഞ്ഞത് നമ്മൾ ചെയ്തപ്പോൾ ഇങ്ങനെ പറ്റിപ്പോയതാണ്. ഹോ ശരിക്കും പുള്ളി എന്തെങ്കിലും ഒന്നു പറഞ്ഞിരുന്നെങ്കിലോ....ശിവകാശി പടക്ക ഫാക്ടറിക്ക് തീയിട്ടപോലായേനെ....!അതീവ സുരക്ഷാക്കാലത്തും ആട്ടിൻ കാഷ്ഠം ഏതാണ് കാപ്പിക്കുരു ഏതാണ് എന്നു തിരിച്ചറിയാത്ത കുറെ ക്ണാപ്പൻമ്മാർ ആരോഗ്യ പ്രവർത്തകർക്ക് വെറുതെ പണിയുണ്ടാക്കി കൊടുത്തു അല്ലാതെ എന്താണ്...?????

കേരളത്തിലെ കൊറോണാ ദുരന്തൻമ്മാർ

ഫുൾ ലോക്ക്‌ ഡൗൺ കേരളത്തിലും ബാധകമായിരുന്നു. പണിയൊന്നുമില്ലാതെ കുത്തിയിരുന്ന ഫേസ്ബുക് സിംഹങ്ങൾ സടകുടഞ്ഞു ചാടി എണീറ്റു. ആരുടെ അപ്പൻ ചത്താലും വേണ്ടില്ല ഞങ്ങൾക്ക് ആഘോഷം മുഖ്യം. പഴയ ഫോട്ടോകൾ കുത്തിപ്പൊക്കുക എന്നതായിരുന്നു ഇവിടുത്തെ ദുരന്തൻമാരുടെ ഒന്നാം ആഘോഷം. ഒരുനാട്‌ മുഴുവനും നെട്ടോട്ടം ഓടുമ്പോളാണ് ഇവൻമ്മാരുടെ കുത്തിക്കഴപ്പ് എന്നോർക്കണം. പഴയ പടങ്ങൾ തപ്പിയെടുത്തു ഓഞ്ഞ ഒരു കമെന്റും എഴുതി ഏതെങ്കിലും ഒരുത്തന്റെ/ ഒരുത്തിയുടെ ടൈംലൈനിൽ പോസ്റ്റ് ചെയ്യുക. എന്നിട്ടു അവനെയോ അവളെയോ ആൾക്കൂട്ട ആക്രമണം നടത്തുക. എന്താണു പഴയ പടത്തിന്റെ പ്രത്യേകത...? എല്ലാം ഒരുമാതിരി തേമ്പിയ മോന്തയും ഓഞ്ഞ തലയും കുഴിഞ്ഞ കണ്ണും ചേന ചെത്തിയെടുത്തതുപോലുള്ള നെറ്റിയുമൊക്കെയല്ലേ..?  ഇപ്പോളല്ലേ ഒരു മെനയൊക്കെ ആയത്...? അതല്ലേ അതിന്റെ ശരി...? അല്ലാതെ ജനിച്ചപ്പോഴേ മമ്മൂട്ടിയും നയൻതാരയുമായി വന്നവർ ആരൊക്കെയുണ്ട് നമ്മുടെയിടയിൽ...?എന്താണോ പിന്നെ ആ ട്രെൻഡ് മാറി.

പിന്നെ വന്നത് തല മൊട്ടയടിക്കൽ ആയിരുന്നു. പ്രത്യേക സാഹചര്യത്തിൽ ബാർബർ ഷോപ്പുകൾ തുറക്കുന്നില്ല. സംഗതി ശരിയാണ്. ഏതോ ഒരുത്തൻ തല മൊട്ടയടിച്ചു പടം പോസ്റ്റ് ചെയ്തു. പിന്നെ വന്ന അണ്ടനും അടകോടനും  എല്ലാം മൊട്ടയടിക്കലായി. ദേണ്ടെ ഞാനും മൊട്ടയടിച്ചേ എന്ന് വിലപിച്ചു മണ്ഡരി പിടിച്ച തേങ്ങാ പോലെ കുറെ തലകളാരുന്നു. ഇപ്പോൾ ഈ ട്രെൻഡാണ് ഓടുന്നത്. ഇവരുടെ ധാരണ ദുരന്തകാലം ആഘോഷക്കാലം ആണെന്നാണ്. തല മൊട്ടയടിക്കുന്നത് അവരുടെ സ്വകാര്യതയാണ്. പക്ഷേ ഇതെല്ലാം മറ്റുള്ളവർ കാണാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോ..? അതും ഇങ്ങനെയുള്ള ഒരു സമയത്തു...?പച്ചമലയാളത്തിൽ ഇതിനു പിതാവില്ലായ്മ്മ എന്ന് പറയാം.ഒത്തിരി വിദ്യാഭ്യാസമുള്ളവരൊക്കെ പറയും മൾട്ടി ഡാഡി ഡിസോർഡർ എന്ന്..!

ഒരിടത്തു ലക്ഷങ്ങൾ മരിച്ചു വീഴുന്നു. ഇവിടെ കുറെ വാനരന്മ്മാർ പരസ്പ്പരം പേൻ നോക്കിയും പല്ലിളിച്ചും വാൽ വെയിലിൽ ഉണക്കിയും സമയം കൊല്ലുന്നു. എങ്ങാണ്ടു ആരാണ്ടു മരിച്ചതുകൊണ്ടു നമ്മൾ വെല്യ വായിൽ മാറിയിരുന്നു അലമുറയിടണം എന്നല്ല ഉദ്ദേശ്ശിച്ചത്. കുറച്ചു ഉളുപ്പ്...കുറച്ചു സാമൂഹ്യ ബോധം കുറച്ചു മനുഷ്യത്വം...ഒക്കെ ആകാമല്ലോ....?  തല മൊട്ടയടിച്ചും പഴയ പടം പോസ്റ്റ് ചെയ്‌തും അർമാദം കാണിച്ച എന്റെ ഒരു ഫേസ്ബുക് ചങ്ങാതിയോടു എന്താടോ താൻ നന്നാവാത്തെ എന്ന അർത്ഥത്തിൽ നാലഞ്ചു ഡയലോഗ്കൾ  വിട്ടു. സാറിനു അത് ഇഷ്ടമായില്ല എന്നെ അൺഫ്രണ്ട് ചെയ്തു. പോട്ടെ ഇവനെയൊക്കെ നമ്മളെന്തിനാ ചുമക്കുന്നെ...? പണ്ടേ അയ്യായിരമായതാണ് ഇപ്പോൾ മര്യാദകേട് കാണിക്കുന്നതിനെയൊക്കെ തിരഞ്ഞു പിടിച്ചു ഇറക്കിവിടുന്ന തിരക്കിലാണ്. സോഷ്യൽ മീഡിയ കുറച്ചുകൂടി മാന്യമായും പക്വമായും ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നമ്മൾ എത്ര വല്യ പുള്ളിയാണേലും ഒരു പ്രയോജനവുമില്ല. പിന്നെ നാലുപേരുടെ മുന്നിൽ വെച്ച് രോമാഞ്ചിക്കണമെങ്കിൽ നാട്ടിലിറങ്ങി നാലു സാമൂഹ്യസേവനം ചെയ്യെഡോ....!!രാത്രി സമയങ്ങളിൽ  KFC, Mc Donald പടങ്ങളൊക്കെ പോസ്റ്റി, ഇന്നത്തെ എന്റെ അത്താഴം എന്നൊക്കെപ്പറഞ്ഞ ഭൗതിക ശരീരങ്ങൾ ഇപ്പോൾ പോസ്റ്റുന്നത് ചക്കയും കഞ്ഞിയുമാണ്.കൊറോണ കൊണ്ട് അങ്ങനേലും ഒരു മാറ്റമാകട്ടെ..!?

നമുക്കെല്ലാം സാമൂഹിക പ്രതിബദ്ധത കുറഞ്ഞു വരികയാണോ എന്ന് സംശയിക്കുന്നു. എല്ലാവരും അവരിലേക്ക് തന്നെ ഒതുങ്ങുന്നു . ലോകം മുഴുവനും കോവിഡ് 19 മഹാമാരിയാൽ ബാധിക്കപ്പെട്ട  ഈ  അവസരത്തിൽ നമ്മുടെ സർക്കാരിനോടും ആരോഗ്യപ്രവർത്തകരോടും പോലീസ് സേനയോടും ലോകത്തിന്റെ വിവിധ കോണുകളിലുള്ള നമ്മുടെ സഹോദരങ്ങളോടും  നമ്മൾക്കുള്ള ആദരവ് പ്രകടമാക്കാവുന്നതല്ലേ..?പ്രതിരോധ പ്രവർത്തനത്തിൽ തങ്ങളാൽ കഴിയുന്ന വിധത്തിൽ ഒരു പങ്കാളിത്തം വഹിക്കാവുന്നതല്ലേ....? പക്വതയോടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എന്റെ ബഹുമാന്യ സ്നേഹിതരോടാണ് ഞാൻ ചോദിക്കുന്നത്...!







പല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന എന്റെ സ്നേഹിതർ സഹായ ഹസ്തവുമായി ഇറങ്ങിയത് ഓർക്കുന്നു. ഭക്ഷണ കിറ്റ് കൊടുത്തവരുണ്ട്, സമൂഹ അടുക്കളയിൽ സഹായിച്ചവരുണ്ട്, തെരുവിൽ അലയുന്ന മനുഷ്യർക്കും എന്തിനു, മൃഗങ്ങൾക്കുപോലും ആഹാരം എത്തിച്ചവരുണ്ട്. അവരിൽ കമ്മ്യൂണിസ്റ്റുകാരുണ്ട്  ഭാരതീയ ജനതാ പാർട്ടിക്കാരുണ്ട് കോൺഗ്രസ്സ്കാരുണ്ട്. ഇവരെയൊക്കെ പോലുള്ള മനുഷ്യർ സമൂഹത്തിൽ ഉള്ളതിനാൽ നമ്മൾ ഈ മഹാമാരിയെ അതിജീവിക്കും. അങ്ങനെയുള്ളവരുടെ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഇടയിലാണ്  സോഷ്യൽ മീഡിയയിൽ പടം പൊക്കലും മൊട്ടയടി പടങ്ങളും പോസ്റ്റ് ചെയ്തു ദുരന്തം ആഘോഷിക്കുന്ന  വേറെ കുറെ ഞഞ്ഞാ പിഞ്ഞാ ടീമുകൾ ഉള്ളത്. ഞാൻ വീണ്ടും ചോദിക്കുകയാണ് സൂർത്തുകളെ....എന്താടോ താൻ നന്നാവാത്തെ....??????

സഹായിച്ചോട്ടെ എന്തിനാണ് വെറുതെ പൊങ്ങുന്നത് 

ഈ ദുരന്ത സമയത്തെ കുറെ കോപ്രായങ്ങളെക്കുറിച്ചു എഴുതണം എന്ന് ചിന്തിച്ചിരിക്കുമ്പോളാണ്  അപ്രതീക്ഷിതമായി  എന്റെ ഒരു ആത്മാർത്ഥ സ്നേഹിതനും നമ്മുടെ ബ്ലോഗിന്റെ വായനക്കാരനും അഭ്യുദയാകാംക്ഷിയും അതിലുപരി ഒരു കലാകാരനുമായ ശ്രീ.ഫിന്നി തോമസിന്റെ (തൃശൂർ ) വോയിസ് മെസ്സേജ് എനിക്ക് കിട്ടുന്നത്. ദുരന്ത സമയത്തെ സഹായങ്ങളും അതിന്റെ മറവിലെ മനുഷ്യത്വമില്ലായ്മയും പൊങ്ങച്ചവും...അങ്ങനെയങ്ങനെ അദ്ദേഹത്തിന്റെ ധാരണകൾ എല്ലാം നമ്മളോട് അവതരിപ്പിച്ചു. അടുത്ത ബ്ലോഗിൽ ഇതെല്ലാം ഉൾപ്പെടുത്തണമെന്നും സ്നേഹത്തോടെ ആവശ്യപ്പെട്ടു. നമ്മൾക്ക് പെരുത്ത സമ്മതം...!അങ്ങനെ അദ്ദേഹത്തിന്റെ നല്ല ആശയങ്ങളും മുഴുവൻ പെറുക്കിക്കൂട്ടി നമ്മൾ ഇതിനു മജ്ജയും മാംസവും ഒരു പിടിപ്പിക്കലായിരുന്നു എന്റെ സജിയേ......
ഇനി കാര്യം എന്താണെന്നു വെച്ചാൽ......


കഴിഞ്ഞ  പ്രളയ സമയത്തും ഈ കൊറോണ സമയത്തും അനേകരാണ് സഹായ സന്നദ്ധരായി സമൂഹത്തിൽ പ്രവർത്തിച്ചത്. എങ്കിലും ഇതിന്റെ മറവിലുള്ള ഒരു സത്യം മറനീക്കി പുറത്തുവരികയാണ്. സഹായത്തിന്റെ പബ്ലിസിറ്റി കൊടുക്കൽ അൽപ്പം മോശമായ രീതിയിലാണോ പോകുന്നതെന്ന് നമ്മൾ സംശയിക്കുന്നു. എല്ലാവരെയും അടച്ചു ആക്ഷേപിക്കാനല്ല. എല്ലാവരുടെയും സഹായം അർഹതപ്പെട്ടവരിൽ എത്തണം. അതല്ല ഇവിടുത്തെ വിഷയം. സഹായവിതരണത്തിന്റെ ഫോട്ടോ എടുത്തു  എല്ലാ മാധ്യമങ്ങളിലും കൊടുക്കുന്ന രീതി ശരിയല്ല. ഒരു സഹായം കൈനീട്ടി വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന രീതിയാണത്. സഹായ വിതരണം ഒരിക്കലും പബ്ലിസിറ്റിക്കു മാത്രമാകരുത്. ഒരു പക്ഷേ ഗതികേടുകൊണ്ടാകാം അപരൻ നമ്മുടെ സഹായം കൈനീട്ടി വാങ്ങുന്നത്. ഈ കൊടുക്കുന്നവനേക്കാൾ ആത്മാഭിമാനം ഉള്ള ആളായിരിക്കും ഇത് സ്വീകരിക്കുന്നത്. അത് മറക്കരുത്.

കുറെ പാവങ്ങൾ ദൈന്യതയുള്ള കണ്ണുകളുമായി കൈനീട്ടുന്ന പടം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു ആത്മരതി അടയുന്ന ഒരു രീതി പ്രബലപ്പെടുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ പ്രവർത്തകൻ, തങ്ങളുടെ സോഷ്യൽ വർക്ക് പൊതുജനം അറിയാനായി പടം എടുത്തെന്നുവരാം. എന്നാൽ ഇത് പടമെടുപ്പിനു മാത്രമുള്ള ഒരു മാതിരി സഹായം ആകുകയും ചെയ്യരുത്. ഇതൊക്കെ ഒരു പൊങ്ങച്ചത്തിനു  മറയാക്കുന്ന വീരൻമ്മാരുമുണ്ട്.
കൊറോണ സമയത്തു സമൂഹ അടുക്കളയിലേക്ക് ഒരുകെട്ട് വിറകു കൊടുത്തതുപോലും പത്രത്തിൽ പടം സഹിതം അടിച്ചുവന്ന അൽപ്പൻമാരുള്ള നാടാണിത്. എന്തൊരു ദാരിദ്രം. ഇവൻമ്മാരുടെ നിൽപ്പും ഫോട്ടോയും കണ്ടാൽ ആഗോള മാർക്കറ്റിൽ കോടികൾ വിലവരുന്ന മൊതൽ കൊടുത്ത പോലുണ്ട്. ഇങ്ങനെയുമുണ്ടോ  ദരിദ്ര വാസികൾ...? ഇങ്ങേരും മകനും കൊടുത്തത് ചന്ദന മുട്ടിയൊന്നുമല്ലല്ലോ...ഒന്നുകിൽ കൊടുത്തവനു നാണം വേണം അല്ലെങ്കിൽ ഇങ്ങനെയുള്ള കൂതറ വാർത്ത കൊടുക്കുന്ന പത്രക്കാരനു നാണം വേണം. ഇത് മത്സരിച്ചു നാണം കെടുകയാണ്. പറമ്പിൽ കിടന്ന റബ്ബർ ചുള്ളിവിറക് കൊടുത്തിട്ടു മലർന്നു നിന്നു ഫോട്ടോയും എടുത്തു ഞെളിഞ്ഞ  വാഴകൾ . നമ്മൾ ഇത്രയും അധഃപതിക്കരുത്. ഞങ്ങൾ ഇവിടെ മലമറിക്കുകയാണെന്ന മാതിരിയുള്ള ഷോ വേണ്ടെന്നാണ് ഉദ്ദേശിച്ചത് . അത് ഏത് മോന്റെ മോനായാലും....!!

സഹായം, അത് അർഹിക്കുന്നവരിൽ എത്തണം. പക്ഷേ അതുവെച്ചുള്ള മുതലെടുപ്പ് വേണ്ടെന്നാണ് നമ്മൾ പറഞ്ഞുവരുന്നത്. പാവങ്ങളായിരിക്കും, കിടപ്പു കടത്തിണ്ണയിലായിരിക്കും, വീടില്ലായിരിക്കും, ജോലിയില്ലായിരിക്കും പലദിവസം പട്ടിണി കിടന്നതായിരിക്കും....എന്നാൽ അവർക്കുമുണ്ട് അഭിമാനം എന്നൊരു സാധനം. നാലുപേർ ചേർന്ന് ഒരു ഏത്തക്ക കൊടുത്തിട്ടു നാൽപ്പത് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നവരോടാണ് പറഞ്ഞുവരുന്നത്. പാവങ്ങളുടെ അഭിമാനത്തിൽ തൊട്ടു ഒരുത്തനും കളിക്കണ്ട. അത് ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടർ ആണെങ്കിലും വേണ്ട. അർഹതയുള്ളവർ നമ്മുടെ ചുറ്റുമുണ്ട് അവരെ സഹായിക്കുക, അതാണ് ഹീറോയിസം.
മോനെ നിന്റെ   വശത്തു നിന്നും നോക്കുമ്പോഴുള്ള  കാഴ്ചയാണ് ശരി 










ഈ ബ്ലോഗ് എഴുതുന്ന ഞാനും ഭാര്യയും   കോട്ടയം പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വന്തമായി ഭക്ഷണപ്പൊതി വിതരണം പലപ്രാവശ്യം നടത്തിയിട്ടുണ്ട്. ആരെയും ബോധിപ്പിക്കാനല്ല. പടമെടുത്തു ലൈക്കും  ഷെയറും മേടിക്കാനല്ല. വീട്ടിൽ വിശന്നിരിക്കുന്ന ഭാര്യക്കുവേണ്ടി ഒരു പൊതി കൂടി ചോദിച്ചു വാങ്ങിയവരുണ്ട്. ഒരു കൗതുകത്തിനുവേണ്ടി പോലും അവരുടെ അഭിമാനത്തെ മുറിപ്പെടുത്തി പടമെടുത്തിട്ടില്ല. ഇത് ബ്ലോഗിൽ എഴുതുന്നതു വരെ ആരോടും ഈ കാര്യം പറഞ്ഞിട്ടുമില്ല. അതുമായി ബന്ധപ്പെട്ട് ഒത്തിരി അനുഭവങ്ങൾ  എഴുതാനുണ്ട് പക്ഷേ വേണ്ടന്നു വെച്ചിട്ടാണ്. പേരോ പ്രശസ്തിയോ ആഗ്രഹിക്കാത്ത അനേകം ആൾക്കാർ ഇതുപോലെ സഹായം ചെയ്യുന്നവരുണ്ട്. അവരെയൊക്കെ വെച്ചു നോക്കുമ്പോൾ നമ്മളൊന്നും ഒന്നുമല്ല. അതിനാൽ ആ ഭാഗം വിടുന്നു.

സഹായം കൊടുത്തിട്ടു ഇളിച്ചു നിൽക്കുന്ന പടവുമായി  വല്യപുള്ളി ചമയുന്നത് സോഷ്യൽ  മീഡിയയിൽ ഇപ്പോൾ സർവ്വ സാധാരണമാണ്.ലൈക്കുകളാണല്ലോ ഇന്നു മഹാൻ ആകാനുള്ള മാർഗം.ഒത്തിരി ലൈക്കുള്ളവൻ ഒത്തിരി മഹാൻ.സഹായം ചെയ്യുന്നത് ഏതെങ്കിലും ഒരു ചേച്ചി ആണെങ്കിൽ തീർന്നു...ലൈക്കുകളുടെ ജില്ലാ സമ്മേളനം തന്നെ നടക്കും.അതൊക്കെ ഓരോരുത്തരുടെ "ആത്മനിർഭരത"അനുസരിച്ചിരിക്കും.

നിർത്താൻ സമയമായി.....
നമ്മുടെ പള്ളികൾ അടച്ചു....അമ്പലം അടച്ചു.....മോസ്‌കുകളും അടച്ചു. എല്ലാവരും വീടുകളിൽ തങ്ങുന്നു. എല്ലാ മതക്കാരും പെട്ടു. മതമില്ലാത്തവനും നിരീശ്വര വാദിയും പെട്ടു. ഒരു കാര്യം പറയാനുണ്ട്.
ആരും ആരെയും ചോദ്യം ചെയ്യുകയോ നിർഗളിപ്പ് കാണിക്കുകയോ വേണ്ട. ആരുടെയെങ്കിലും  തലയിൽ  കെട്ടിവെക്കാനുള്ള ഉടായിപ്പു പരിപാടിയും വേണ്ട. കാലം കടന്നു പോകും. കൊറോണ മാറും. പഴയ നിലയിലേക്ക് ലോകം വീണ്ടും തിരിച്ചു നടക്കും. ഇതിനിടയിൽ ആവേശം കയറി ബന്ധങ്ങൾ കളയരുത്. കുരിശുവരക്കുന്നവനും  കുറി തൊടുന്നവനും നിസ്ക്കാരത്തഴമ്പുള്ളവനും  നിരീശ്വരനും  എല്ലാവരും ചേർന്നതാണ് നമ്മുടെ സമൂഹം. പരസ്പ്പര ആശ്രയത്തിൽ വേരുറപ്പിച്ചാണ് നമ്മൾ വളർന്നതും ഇനിയങ്ങോട്ട് വളരേണ്ടതും....! അതായത് സുഗുണാ..... കണ്ണുകൊണ്ടു നോക്കിയാൽ കാണാത്ത ഒരു കൊച്ചു വൈറസ് മതി ഞാനും നീയും മണ്ണായിത്തീരാൻ...അറിയാമോ...?  അതുകൊണ്ടു ആരും ആർക്കും മീതെയുമല്ല  താഴെയുമല്ല.  നോട്ട് ദ പോയിന്റ്....!  മുദ്ര ശ്രദ്ധിക്കണം.....
അതുകൊണ്ടു  ഗോ കൊറോണ ഗോ.....!!

ഒരു തിരുത്തു കൂടി

കൊറോണ ബാധിച്ചു ലക്ഷക്കണക്കിനു മനുഷ്യർ മരിച്ചു. അവരെല്ലാം മണ്ടൻമ്മാരും നമ്മൾ മിടുക്കരുമാണെന്നു കരുതരുത്. അവരും നമ്മളെപ്പോലെ പച്ചമനുഷ്യരും സ്വപ്നങ്ങൾ കണ്ടവരുമായിരുന്നു. പൂർത്തിയാക്കാതെ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നതാണ്. കൊറോണയുമായുള്ള പോരാട്ടത്തിൽ ലോകത്തിൽ അനേക ഡോക്ടർമാരും നഴ്സ്മാരും നിയമപാലകരും വിദ്യാർത്ഥികളും അധ്യാപകരും വീട്ടമ്മമാരും കുഞ്ഞു കുട്ടികളുമെല്ലാം മരണത്തെ പുല്കിയിട്ടുണ്ട്....അതുകൊണ്ടു നമ്മൾ അഹങ്കരിക്കരുത്...........ജീവൻ വെടിഞ്ഞവരുടെ ഓർമകൾക്ക് മുന്നിൽ ഒരുപിടി അശ്രുകണങ്ങൾ വീഴ്ത്തിക്കൊണ്ടു അവസാനത്തെ കുത്തിടുന്നു.



വാൽമുറി 


മ്മക്ക് സ്വന്തമായിട്ട് ഇൻസ്റ്റഗ്രാമും മറ്റുമുണ്ട്.ലിങ്കുകളും മറ്റും താഴെ.....

https://www.instagram.com/janoshkjohn/

3 comments:

  1. ചുമ്മാ കമെന്റുകളും മറ്റും തള്ളി മറിച്ചേക്കണം,മറക്കരുത്.....!

    ReplyDelete
  2. You said it Brother , Excellent work , Keep Going Sir����

    ReplyDelete
    Replies
    1. നന്ദിയുണ്ട് സാർ.....
      ആത്മാർത്ഥമായി പറയുന്ന അഭിപ്രായങ്ങൾക്കു ഒത്തിരി നന്ദി.
      പുതിയതായി വേറൊന്നുംകൂടി എഴുതാനുള്ള പ്രേരണ കിട്ടുന്നുണ്ട്...
      അപ്പോൾ പ്രേരണാക്കുറ്റത്തിനും നന്ദി....


      Delete

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...