Sunday, April 10, 2022

കായംകുളം വേറെ ലെവലാണ് മക്കളേ

അതാ അങ്ങോട്ടു നോക്കൂ...ലോകപ്രശസ്തമായ നമ്മുടെ കായംകുളം സന്ദർശനത്തിന്റെ ഏടുകളിൽനിന്നും വലിച്ചൂരിയെടുത്ത ഏതാനും വരികളാണ് നമ്മൾ ഇവിടെ ഉദ്ധരിക്കാൻ പോകുന്നത്. കായംകുളമെന്നാൽ കൊച്ചുണ്ണിയും കൊച്ചുണ്ണിയെന്നാൽ കായംകുളവും മാത്രമായിരുന്നു ഒരിക്കൽ നമ്മുടെ ചിന്ത. എന്നാൽ ഒരു ചരിത്ര ശേഷിപ്പ് ഈ മണ്ണിനുണ്ട്. രാജഭരണം ജനാധിപത്യത്തിനു വഴിമാറിയെങ്കിലും പഴയ നാട്ടുരാജ്യങ്ങളുടെ പാതയിലൂടെ സഞ്ചരിച്ചാൽ  ചില സ്ഥലങ്ങളുടെ യഥാർത്ഥ ചരിത്രം കിട്ടും. അങ്ങനെയൊരു പരിപാടിയും കൊണ്ടാണ് ഗയ്‌സ് നമ്മൾ പിന്നേം  വന്നിരിക്കുന്നത്. അപ്പോൾ നേരെ വിഡീയോയിലേക്കു പോകാം...! (മ്യൂസിക് ഇട്)





            


 




 K.P.A.C നാടക സമിതിയും,ശ്രീ നാരായണഗുരു ഉപരിപഠനത്തിനു വന്ന വാരണപ്പള്ളി തറവാടും ,ദേശീയ താപ വൈദ്യുത നിലയവും (NTPC ) ഒക്കെ  കായംകുളത്തിന്റെ തിലകക്കുറികളാണ്. അതിനുപുറമേ, കാർട്ടൂണിസ്റ് ശങ്കർ KPSC ലളിത, അനിൽ പനച്ചൂരാൻ, പി കെ കുഞ്ഞുസാഹിബ്, പുതുപ്പള്ളി രാഘവൻ, തച്ചടി പ്രഭാകരൻ , ടി .പി ശ്രീനിവാസൻ, എസ് രാമചന്ദ്രൻപിള്ള തുടങ്ങിയ  സാമൂഹിക രാഷ്ട്രീയ കലാ സാംസ്‌കാരിക നായകൻമ്മാരും  കായംകുളത്തിന്റെ സംഭാവനകളാണ്.

ഓടനാട്‌ മുതൽ കായംകുളം വരെ 

കായംകുളം ടൗണിൽനിന്നും NH 66 ലൂടെ ഓച്ചിറ ഭാഗത്തേക്കുള്ള വഴിയിൽ ഏകദേശം രണ്ടു കിലോമീറ്റർ അകലെ  സ്ഥിതിചെയ്യുന്ന കൃഷ്ണപുരം കൊട്ടാരത്തിലേക്കാണു നമ്മുടെ യാത്ര. ആദ്യം തന്നെ ആക്രാന്തം മൂത്ത്‌  തള്ളിക്കേറി കൊട്ടാരത്തിലേക്കു ചെന്നാൽ, കണ്ണും തള്ളി കഴുക്കോലും എണ്ണി, നിലാവത്തു കോഴിനടക്കുന്നതുപോലെ  തെക്കുവടക്കു നടക്കാമെന്നല്ലാതെ ഒരു വാഴയ്ക്കായും  മനസ്സിലാകില്ല. അതുകൊണ്ടു അനിയാ നിൽ........ബഹളം വെക്കാതെ കാര്യങ്ങളൊക്കെ മനസ്സിലാക്കിയിട്ടു പോകാം. അതല്ലേ അതിന്റെ ഒരിത്..!?!

കായംകുളത്തിന്റെ പഴയ പേരായിരുന്നു ഓടനാട്. ഒഡ്ഡൻ എന്നാൽ ബുദ്ധൻ. ഒഡിയ നാട്ടിൽനിന്നും വന്ന ബുദ്ധ സന്യാസിമാരിൽനിന്നാണ് ഈ പേരു ലഭിച്ചത്. അങ്ങനെ  ഒഡ്ഡനാട് ലോപിച്ചു ഓടനാടായി. ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി എന്നിവ ഉൾപ്പെട്ടതായിരുന്നു ഓടനാട്‌ രാജ്യം. പിന്നീട് ഓടനാടിന്റെ ആസ്ഥാനം എരുവയിലേക്ക് മാറ്റി. അന്നു മുതലാണ് ഇവിടം കായംകുളം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പോർച്ചുഗീസ് ഡച്ച് രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന കായംകുളം രാജ്യം വിസ്തൃതിയിലും മുന്നിലായിരുന്നു. വിശാലമായൊരു കടൽത്തീരവുമുണ്ടായിരുന്നു.

അങ്ങനെ 1746 -ൽ കായംകുളം രാജ്യത്തെ യുദ്ധത്തിൽ തോൽപ്പിച്ച തിരുവിതാംകൂർ രാജാവ് അനിഴം മാർത്താണ്ഡവർമ്മ, പള്ളിക്കഞ്ഞി കുടിച്ചു എല്ലിനിടയിൽ കേറിയപ്പോൾ കൃഷ്ണപുരത്തു ഉണ്ടായിരുന്ന കായംകുളം  രാജ്യത്തിൻറെ ആസ്ഥാന കൊട്ടാരം  കേറിയങ്ങു തകർത്തു. പിന്നീട് പുതിയൊരു കൊട്ടാരം അവിടെ പണിതുയർത്തുകയും ചെയ്തു. എന്താല്ലേ....?? ഈ രാജാക്കൻമ്മാരെക്കൊണ്ടു തോറ്റുപോകും. തല്ലുകൊള്ളിത്തരമല്ലേ അതിയാൻ  കാണിച്ചു വെച്ചത്..? 

കായംകുളം ഓച്ചിറ റോഡിലുള്ള കൃഷ്ണപുരം   ജംഗ്ഷനിൽനിന്നും വലത്തേക്കു കയറി അൽപ്പം ഉള്ളിലായി വഴിയരുകിൽ കാണുന്നതാണ് ചരിത്ര പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരം.


ചുറ്റുമതിലിനോടു ചേർന്നുള്ള കവാടത്തിൽ ഒരു ചെറിയ മുറിയും അവിടെ കസ്സേരയിട്ടു ഒരു ചേട്ടനും ഇരിക്കുന്നുണ്ട്....ദക്ഷിണ കൊടുക്കണം.മുതിർന്നവർ 25 രൂഭാ...കുട്ടികൾ ഇടത്തരം (5-12 yrs )  5 രൂഭാ... മൊബൈലിൽ പടമെടുക്കാൻ,വീഡിയോ ക്യാമറ, സിൽമാ, കണ്ണുനീർ സീരിയൽ... അങ്ങനെ പലതിനും പല നിരക്കുകളുണ്ട്. 

ദക്ഷിണകൊടുത്തു നമ്മൾ അകത്തേക്കു തൊഴിച്ചു. പടിപ്പുരയും പിന്നിട്ട് ഉള്ളിലേക്ക് വീണ്ടും തൊഴിച്ചു കയറി. അവിടെയതാ ഒരു പോലീസ് മാമൻ. ചെന്നയുടനെ മാമൻ ഒരു ബുക്ക് എടുത്തുതന്നു. ഏതായാലും വന്നതല്ലേ ഇരിക്കട്ടെ എന്ന ഭാവത്തിൽ, പേരും നാളും ജാതകവുമൊക്കെ അതിൽ എഴുതിക്കൊടുക്കണമത്രേ. 

അല്ല എന്തിനായിരിക്കും ആ ബുക്ക്...?  പറയാം- ഇങ്ങനെയുള്ള സ്ഥലങ്ങളിൽ, കാണാനാണെന്നും പറഞ്ഞു ചെല്ലുന്ന ചിലപുള്ളികൾ "പിതാവില്ലായ്മ്മ", മെഡിക്കൽ ഭാഷയിൽ പറഞ്ഞാൽ വിത്തൗട്ട് ഡാഡി സിൻഡ്രോം അല്ലെങ്കിൽ മൾട്ടി ഡാഡിമാനിയ കാണിക്കാറുണ്ട് - അങ്ങനെയുള്ള പുള്ളികളുടെ അഡ്രെസ്സ് സഹിതം പൊക്കി കുത്തിനു പിടിക്കാനോ മറ്റോ ആയിരിക്കാം. പിന്നെ നാടാകെ കൊറോണ ആയതിനാൽ  എല്ലായിടത്തും  ഇങ്ങനെയൊരു ആചാരവും അനുഷ്ടാനവും  നിലവിലുണ്ടല്ലോ..?





മാസ്ക് വെച്ചിരിക്കുന്നതിനാൽ മാമന് ഞങ്ങളുടെയും ഞങ്ങൾക്കു മാമന്റെയും തേജസുള്ള മുഖം ശരിക്കും അങ്ങോട്ട് ക്ലിയറായില്ല. അങ്ങനെ അതും കഴിഞ്ഞയുടനെ ഒരു ചേച്ചി അന്തരീക്ഷത്തിൽ പ്രക്ത്യക്ഷപ്പെട്ടിട്ടു  കണ്ണുകാണിച്ചു. വലത്തോട്ട് കേറിക്കോളാൻ....!!

തള്ളിക്കേറാൻ വരട്ടെ, ഇതൊന്നു കേട്ടിട്ട് പോ...

1950 കളിൽ കേരള പുരാവസ്തു വകുപ്പ് ഈ കൊട്ടാരത്തിന്റെ ജീർണ്ണതകളെ പരിഹരിച്ചു മൂന്നു നിലകളുള്ള ഒരു സ്മാരകമാക്കി മാറ്റിയതാണ്. തീർന്നില്ല, മറ്റു സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന അപൂർവ്വ രേഖകളും പുരാവസ്തുക്കളും തിരികെ കൊണ്ടുവന്നു ഇവിടെ പ്രദർശനത്തിനും  വെച്ചു. ഇതിൽനിന്നും എന്തു മനസ്സിലായി ഗയ്‌സ്....? ഇവിടെ കാണുന്ന ഏകദേശം 75 % വസ്തുക്കളും  പലസ്ഥലങ്ങളിൽ നിന്നും കൊട്ടാരങ്ങളിൽനിന്നും  കൊണ്ടുവന്നിട്ടുള്ളതാണ്. അല്ലാതെ കാണുന്നതു മുയുമനും കായംകുളം രാജാക്കൻമ്മാരുടേതല്ല,  സ്മരണവേണം.... ഓക്കേ. ഇനി കേറിക്കോ....!!

ഈ ഭാഗത്തു ചേങ്ങില ,ചെറിയ പ്രതിമകൾ നാഴി, ഓട്ടുപാത്രം, പൂജാമണി,വേൽ ശൂലം, ചെറിയ ബുദ്ധപ്രതിമകൾ, ചെമ്പു തട്ടം, ചിലമ്പ് എന്നിവയുടെ കാഴ്ചകളാണ്. അതുകണ്ടിട്ടു ഇറങ്ങിയപ്പോൾ വേറൊരാൾ പറഞ്ഞു ഇടത്തോട്ട് കയറിക്കോളാൻ. കേറി പരിചയപ്പെട്ടു,പേര് ജെയിൻ. ഇവിടെ ജോലിചെയ്യുന്ന സ്റ്റാഫാണ്. സർക്കാർ നിയമനമാണ്. തൃപ്പൂണിത്തുറ പാലസിൽ നിന്നും  നേരിട്ടു വന്നവരൊക്കെയുണ്ട്. പലരും പുതു മുഖങ്ങൾ. പഴയ മുഖവുമായി  ഞങ്ങൾ ഏതാനും ജൂനിയർ രാജാക്കൻമാർ മാത്രം. 

അടുത്ത ഭാഗത്തു  കല്ലിന്റെ കാഴ്ചകളാണ്. നന്നങ്ങാടി, മുനിയറയുടെ ചെറു മാതൃക,  കുടക്കല്ല്...അങ്ങനെ പോകുന്നു. ഒരു ഭിത്തിക്കു അപ്പുറം പല്ലക്ക് വെച്ചിരിക്കുന്നുണ്ട്. വളരെ നന്നായി ഗൈഡ് ചെയ്യുന്നവരാണ് ഇവിടുത്തെ സ്റ്റാഫുകൾ. പുരാതന വസ്തുക്കളായതിനാൽ കാണുന്നത് എന്താണെന്നു പറഞ്ഞുതരാൻ ഒരാൾ ഇവിടെ ആവശ്യവുമാണ്. അല്ലാതെ വീഗാ ലാൻഡിൽ ചെന്നു വെള്ളത്തിൽ ചാടുന്നതുപോലെ അത്ര എളുപ്പമല്ല. കാണാൻ ചെല്ലുന്നവർ അത്യാവശ്യം സ്കൂളിലെങ്കിലും പോയിരിക്കേണ്ടതുമാണ്.അല്ലെങ്കിൽ  ഗൈഡ് കാര്യങ്ങൾ പറഞ്ഞുതരുമ്പോൾ വെറുതെ പല്ലും കാണിച്ചു് നിൽക്കേണ്ടി വരും.





അമ്പത്തഞ്ചു ഏക്കറിൽ  വ്യാപിച്ചു കിടന്ന ഈ കൊട്ടാരം ഇപ്പോൾ 2.55 ഏക്കറായി ചുരുങ്ങി. അന്യാധീനപ്പെട്ടും ജീർണ്ണിച്ചും മാത്രമല്ല, അതിരുമാന്തിയും വക്രിച്ചെടുത്തും അടിച്ചുമാറ്റിയും കുറെ പോയിരിക്കാം. അങ്ങനെ നഷ്ടപ്പെട്ടു പോയ 52.45 ഏക്കർ വസ്തു മറ്റാരുടെയൊക്കെയോ തണ്ടപ്പേരിൽ ഇന്നു  കരമടയ് ക്കുന്നുണ്ടാവും എന്താല്ലേ... ?ഭൂപരിഷ്ക്കരണം നടപ്പിലാക്കിയപ്പോൾ നഷ്ടപ്പെട്ടതാകാനും വഴിയുണ്ട്.എന്താപ്പാ ഈ ഭൂപരിഷ്‌ക്കരണം...? ദദാണ്നമ്മൾ പറഞ്ഞത് അത്യാവശ്യം മഴ നനയാതിരിക്കാനെങ്കിലും സ്കൂളിന്റെ വരാന്തയിൽ കയറി നിൽക്കണമായിരുന്നു എന്ന്. 

അതൊക്കെ അവിടെ നിൽക്കട്ടെ. കൊട്ടാരത്തിനു അകെ  22 മുറികൾ. പൂമുഖം, കോവണിത്തളം,നീരാഴിക്കെട്ട്,നെല്ലറ,മടപ്പള്ളി,അടുക്കള, മന്ത്രശാല, അതിഥി മുറി കിടപ്പുമുറി...ഇങ്ങനെയാണു നിലവിലെ ഘടന. 

തിരുവിതാംകൂർ രാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന പദ്മനാഭപുരം കൊട്ടാരത്തിന്റെ ചെറു മാതൃകയാണ് കൃഷ്ണപുരം കൊട്ടാരം എന്ന് പറയുന്നുണ്ട്.പദ്മനാഭപുരം കൊട്ടാരത്തെക്കുറിച്ചു അറിയാമോ...? മണിച്ചിത്ര താഴ് സിൽമയിൽ ശോഭന, വിടമാട്ടേൻ  അയോഗ്യനായേ ഇന്നേക്ക് ദുർഗ്ഗാഷ്ടമി, ഉന്നെ നാൻ കൊന്നു ഉൻ രത്തത്തെ കുടിച്ചു ഓംകാരം നടന്തു വിടുവേൻ...  എന്നൊക്കെ ചുമ്മാ പറഞ്ഞു പേടിപ്പിച്ചിട്ടു തോം തോം തോം ഡാൻസ് കളിച്ചില്ലേ...? ദദാണ് കന്യാകുമാരിയിലെ പദ്മനാഭപുരം കൊട്ടാരം. പണ്ടു കന്യാകുമാരിയൊക്കെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു, മാത്രവുമല്ല തിരുവിതാംകൂറിന്റെ ആസ്ഥാനവും അവിടെയായിരുന്നു. 

       പുണർതം തിരുനാൾ, പള്ളി സെവൻ അപ്പും കുടിച്ചു വിശ്രമിക്കുന്നു                                  
എന്താണു മഹനെ ഈ എട്ടുകെട്ടും പതിനാറുകെട്ടും.....അറിയത്തില്ലെങ്കിൽ പഞ്ച പുച്ഛമടക്കി കേട്ടോണം.കേരളത്തിന്റെ വാസ്തുവിദ്യയാണ്‌ നമ്മൾ ഇവിടെ ഉദ്ധരിക്കാൻ പോണത്.

55 ഏക്കറിൽ വ്യാപിച്ചുകിടന്ന 16 കെട്ടായിരുന്ന ഈ കൊട്ടാരം ഇന്നു 12 കെട്ടായി ചുരുങ്ങിയിട്ടുണ്ട്. മൂന്നു വശങ്ങളും ചേരുന്നയിടത്തു നടുമുറ്റമോ വരാന്തയോ പൂമുഖമോ വെച്ചു പണിയുന്നതാണ് മൂന്നു കെട്ട്. നാലുവശവും നടുവിൽ ഒരു മുറ്റവും അടങ്ങുന്നതാണ് നാലുകെട്ട്. പൂമുഖവും മൂന്നു നിലയുമുള്ള എട്ടു കെട്ടുപുരയും രണ്ടു നടുമുറ്റവുമുള്ളതാണ് എട്ടുകെട്ട്. അങ്ങനെ വരുമ്പോൾ പതിനാറു കെട്ടിന്റെ ജാഡ എന്തായിരിക്കും. ഊഹിക്ക് മോനേ..വെറുതേ ഊഹിച്ചുനോക്ക്, പൈസാ മുടക്കൊന്നും ഇല്ലല്ലോ...? ഇങ്ങനെ വലിയ വലിയ കാര്യങ്ങളൊക്കെ വേണം വെറുതെ ഇരിക്കുമ്പോൾ  ഊഹിക്കേണ്ടത്.

പിന്നെയുള്ളത് മലയാളത്തിന്റെ പുരാതന ലിപികൾ  പ്രദർശിപ്പിച്ചിരിക്കുന്ന ഭാഗമാണ്.ഇന്നുനമ്മൾ വാരിയലക്കുന്ന മലയാളത്തിന് പണ്ടു കുറെ ലിപികളുണ്ടായിരുന്നു. ദദായത്, വട്ടെഴുത്തു, കോലെഴുത്ത്, ഗ്രന്ഥം, നാനം, മോനം..ഇങ്ങനൊക്കെ പറയും. ലിപികളുടെ പഠനമാണ് പാലിയോഗ്രഫിയും എപ്പിഗ്രാഫിയും. ഇങ്ങനെ പുരാതന ലിപിയിൽ എഴുതിയ ഒരു കൽപ്പാളിയും പ്രദർശ്ശിപ്പിച്ചിട്ടുണ്ട്. അതൊക്കെ വായിക്കാൻ അറിയുന്ന പുള്ളികളൊക്കെ ഉണ്ടെന്നു പറഞ്ഞു. നമ്മളെ സമ്മതിക്കണം, വട്ടെഴുത്തു ലിപിയിൽ  നമ്മൾ ലുലു എന്നൊരു വാക്ക് കണ്ടുപിടിച്ചു സൂർത്തുക്കളേ..!പ്രാചീന  ശിലായുഗത്തിലെ  ലുലുമാൾ കുഴിച്ചുനോക്കിയപ്പോൾ കിട്ടിയതായിരിക്കും. ഒത്തിരി  അവിടെക്കിടന്നു താളം ചവിട്ടാതെ നമ്മൾ സ്ഥലം വിട്ടുപിടിച്ചു.

ഗജേന്ദ്ര മോക്ഷം 

കൊട്ടാരം തേവാരപ്പുരയുടെ സമീപമുള്ള ഭിത്തിയിൽ കാണുന്നതാണ് പ്രശസ്തമായ ഗജേന്ദ്ര മോക്ഷം ചുവർച്ചിത്രം. കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനൽ ചുവർചിത്രമാണിത്. ഇത് ഈ കൊട്ടാരത്തിന്റെ സ്വന്തം സൃഷ്ടിയാണ്. പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞൾപ്പൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനം പശ, കള്ളിമുള്ളിന്റെ നീര്എന്നിവയാണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ച വസ്തുക്കൾ. 

ഭാഗവതം അഷ്ടമസ്കന്ധത്തിൽ വിവരിക്കുന്ന ഒരു കഥയാണ് സംഭവം. പല എപ്പിസോഡുള്ള ഈ കഥ ചുരുക്കിയാൽ ഇങ്ങനെയിരിക്കും.... ഗജേന്ദ്രൻ എന്നൊരു ആനയെ തടാകത്തിൽവെച്ചു ഒരു  മുതല  പിടിക്കുന്നു. രക്ഷപെടാൻ ആന പല വഴികളും പ്രയോഗിച്ചെങ്കിലും മുതല വിടാതെ കാലിൽ കടിച്ചുപിടിച്ചു. അവസാനം ജീവ രക്ഷാർത്ഥം ആന തടാകത്തിൽ നിന്നും ഒരു താമര എടുത്തുയർത്തിയപ്പോൾ വിഷ്ണു പ്രക്ത്യക്ഷപ്പെടുകയും ഗജേന്ദ്രനെ രക്ഷിക്കുകയും ചെയ്തു. ആനക്കും മുതലക്കും അങ്ങനെ ശാപ മോക്ഷവും കിട്ടി. ഈ സംഭവമാണ് അവിടെ പടമായി ചിത്രീകരിച്ചിരിക്കുന്നത്.

കുളി കഴിഞ്ഞു വരുന്ന രാജാവിനു പ്രാർത്ഥിക്കാനായിരിക്കണം ഈ ചിത്രം തേവാരപ്പുരയോട് ചേർന്നു വരച്ചത്. കായംകുളം രാജാക്കൻമാരുടെ കുലദൈവമായിരുന്നു വിഷ്ണു . എന്തായാലും സംഗതി ഒരു രക്ഷയുമില്ല.

ചുവർ ചിത്രത്തിന്റെ ഇടതുവശത്തുള്ള ചെറിയ പടികളിറങ്ങി താഴേക്ക് ചെല്ലുന്നതാണ് കൊട്ടാരത്തിന്റെ കുളം. വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്,ഡാർക്ക് സീനാണ്, ഒത്തിരി ആഴമുണ്ട്. ഈ കുളത്തിന്റെ അടിയിലൂടെ ഒരു തുരങ്കം ഉണ്ടെന്നു പറയപ്പെടുന്നു. രക്ഷപെടാനോ ഒളിച്ചിരിക്കാനോ ആയി ഉപയോഗിച്ചതാകാം. മുന്നിൽ വിശാലമായ കുളം കിടക്കുന്നതു കൊണ്ടാകാം അവിടെനിന്നും പെട്ടന്നു കേറിക്കോളാൻ കൽപ്പനയുണ്ടായി. നാമത് ശിരസ്സാ വഹിച്ചു തിരിഞ്ഞു നടന്നു.

പിന്നെ ചെന്ന് കയറിയതാകട്ടെ അടുക്കളയിലും....രാജാവിന് പള്ളിക്കഞ്ഞി ഉണ്ടാക്കിയ  പത്തോളം അടുപ്പുകൾ...ചെമ്പു കുടങ്ങൾ,ചീന ഭരണികൾ,ഉറി,തവി ആട്ടുകല്ലു...അതിനിടയിൽ ഒരു കുടം ചളുക്കി വെച്ചിരിക്കുന്നത് നമ്മുടെ കഴുകൻ കണ്ണുകൾ കണ്ടുപിടിച്ചു. രാജാവ് വയലന്റായപ്പോൾ     സംഭവിച്ചതാകാം. അവരും മനുഷ്യരായിരുന്നല്ലോ  യേത്..? അടുക്കളയോടു ചേർന്ന് പുറത്തായി ഒരു കിണറുമുണ്ട്. 

വീണ്ടും അടുത്ത ഭാഗത്തേക്കു കയറിയാൽ കേരളത്തിലെ പുരാതന നാണയങ്ങളും അവയുടെ സംക്ഷിപ്ത  ചരിത്രവും  കാണാം. കൂടാതെ നെതർലാൻഡ്‌ നാണയം, ബ്രിട്ടീഷ് ഇന്ത്യ നാണയം, ടിപ്പു സുൽത്താൻ കാശ്, ചേര (പാമ്പല്ല) ചോള നാണയം, റോമൻ , ഇൻഡോ ഡച്ച്, ഇൻഡോ ഫ്രഞ്ച് നാണയങ്ങൾ, വിജയനഗര നാണയം , ഓച്ചിറ നിധി, ലക്ഷ്മി വരാഹൻ, അളവുതൂക്ക മാതൃക എന്നിവയൊക്കെ പ്രദർശിപ്പിച്ചിരിക്കുന്നു.

 കൽക്കട്ടയിലെ ബാപ്റ്റിസ്റ് മിഷൻ പ്രസ്സിൽ (1886) അച്ചടിച്ച സംസ്‌കൃത ബൈബിൾ കണ്ടു, പേര് "നൂതന ധർമ്മ നിയമസ്യ".ച്ചാൽ പുതിയ നിയമം.  കോഴിക്കോട് നിന്നും കൊണ്ടുവന്ന ലോഹത്തിലും കല്ലിലും തീർത്ത പീരങ്കി ഉണ്ടകൾ, കൈവിലങ്ങുകൾ , പാലക്കാട്ടുനിന്നുള്ള ഇരുമ്പു ബയണറ്റുകളും, കണ്ടാമൃഗത്തിന്റെ തോലുകൊണ്ടു ഉണ്ടാക്കിയ പരിചയും ഇരുവായ്ത്തലയുള്ള കായംകുളം വാളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

കായംകുളം രാജാക്കൻമ്മാരും പ്രഭുക്കൻമ്മാരും പടയാളികളും സാധാരണയായി ഇരുവായ്ത്തലയുള്ള വാൾ ഉപയോഗിച്ചിരുന്നു.രണ്ടു വശത്തേക്കും വെട്ടു കൊള്ളുമെന്നതാണ് ഇതിന്റെ പ്രത്യേകത. നോക്കീം കണ്ടും വെട്ടണം, അല്ലാതെ തലയ്ക്കു വെളിവില്ലാതെ കാളംകൂളം വെട്ടിയാൽ  തല കാണില്ല. തലയില്ലാതെ കാണാൻ ഒരു രസവുമില്ല,എന്നറിയാമല്ലോ ല്ലേ....?




ആദ്യനാളുകളിൽ സ്ത്രീകൾക്കു ഈ കൊട്ടാരത്തിൽ പ്രവേശനം ഇല്ലായിരുന്നു എന്നു പറയപ്പെടുന്നു. ഭരണ രഹസ്യങ്ങൾ പുറത്തുപോകാതിരിക്കാനുള്ള സൈക്കോളജിക്കൽ പരിപാടിയായിരുന്നത്രെ. തിരുവിതാംകൂർ രാജാക്കൻമ്മാർ ഇവിടം ഇടത്താവളമായും ഒളിത്താവളമായും ഉപയോഗിച്ചിരുന്നല്ലോ.

സ്ത്രീകളെ താമസിപ്പിച്ചാൽ - ഇവർ പൊതുവെ ഹൈ സ്പീഡ് ഡാറ്റാ ട്രാൻസ്‌ഫറും-നേരോടെ നിർഭയം നിരന്തരവും( ഏഷ്യാ നെറ്റ്) മറ്റും ആണല്ലോ, അതുകൊണ്ടാണ്  എരുവയിൽ വേറൊരു കൊട്ടാരം പണിത്  ഇവരെ ഇവിടെനിന്നും കൂട്ടത്തോടെ മാറ്റിയത്....എന്താല്ലേ..? അതേതാലും നന്നായി അല്ലെങ്കിൽ രാജ്യം പതിനാറ്‌ തുണ്ടമായേനെ.

ഒരു പുരാതന ബുദ്ധ പ്രതിമ ഇവിടെയുണ്ട്. കേരളത്തിലെ ബുദ്ധമത വിരുദ്ധ പ്രചാരണത്തിൽപ്പെട്ട് ബുദ്ധ ശില്പങ്ങൾ നശിപ്പിക്കുകയോ വലിച്ചെറിയപ്പെടുകയോ ചെയ്തിരുന്നു. അതിലൊരു പ്രതിമ കരുനാഗപ്പള്ളി മരുതൂർക്കുളങ്ങരയിലെ ഒരു കുളത്തിൽനിന്നാണ് കണ്ടുകിട്ടിയത്. ഒറ്റക്കല്ലിലുള്ള ഈ ശിൽപ്പം ആദ്യം കരുനാഗപ്പള്ളി ടൗണിൽ സ്ഥാപിച്ചു. പിന്നീട് ഈ കൊട്ടാര മ്യൂസിയത്തിലേക്കു കൊണ്ടുവരികയും ചെയ്തു.

കൊട്ടാരത്തിനു പുറത്തു ഒരു അഞ്ചൽപ്പെട്ടി - ഐ മീൻ പോസ്റ്റ് ബോക്സ് വെച്ചിട്ടുണ്ട്. സ്വാതന്ത്രം ലഭിക്കുന്നതിനു മുമ്പ് തിരുവിതാംകൂറിലെ പോസ്റ്റൽ സേവനമായിരുന്നു അഞ്ചൽ. 1729 ഇൽ തിരുവിതാംകൂറിലും 1770 ഇൽ കൊച്ചിയിലും ഇതു സ്ഥാപിച്ചിരുന്നു. 1951 വരെ ഈ സർവീസ് തുടർന്നു. കേണൽ മൺറോയാണ് അഞ്ചൽ എന്നുപേരിട്ടത്.പുള്ളിയെ അറിയില്ലേ, മ്മടെ മൺറോ തുരുത്തിലെ സായിപ്പ് ചേട്ടൻ.


കൃഷ്ണപുരം കൊട്ടാരവും പരിസരവും വിശാലമായി കണ്ടുതീർക്കാൻ രണ്ടുമൂന്നു മണിക്കൂറെങ്കിലും ആവശ്യമാണ്. നമ്മൾ മിന്നൽ സന്ദർശനമായതുകൊണ്ടു മിന്നലുപോലെയാണ് എല്ലാം ഒന്നോടിച്ചുകണ്ടത്‌. ഏതു സ്ഥലത്തു പോയാലും അതിനെക്കുറിച്ചു അത്യാവശ്യം കാര്യങ്ങൾ നമ്മൾ  അറിഞ്ഞിരിക്കണം. അല്ലാതെ ഒരു കെഴങ്ങും അറിയാതെ തള്ളിക്കേറിച്ചെന്നിട്ട് ഒരു കാര്യവുമില്ല. ഹിസ്റ്ററി ആണെങ്കിലും ജ്യോഗ്രഫി ആണെങ്കിലും സുവോളജി  ആണെങ്കിലും എന്തെങ്കിലുമൊക്കെ  പൊടിക്ക്  അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതിനു വേണ്ടിയാണല്ലോ പണ്ട് നമ്മൾ ശങ്കർ സിമന്റ് ചാക്കുപോലുള്ള ചോറും പൊതിയും ചുമന്ന് സ്കൂളിൽ പോയത്.

പന്ത്രണ്ടു കെട്ടിന്റെ പണിയുംകണ്ട്‌ കഴുക്കോലും നോക്കി  രസിച്ചു നിൽക്കുകയായിരുന്ന  നമ്മളോട് കൊട്ടാരത്തിലെ ഗൈഡ് പറഞ്ഞു "സർ ആ കാണുന്ന ഏണിപ്പടിവഴി താഴേക്ക് ഇറങ്ങാമെന്ന്". ഇനിയായിരിക്കും വല്യ കാഴ്ചകളെന്നും ഓർത്തു നമ്മൾ രണ്ടുംകല്പിച്ചു ആ ഇടുങ്ങിയ ഏണി വഴി താഴേക്ക്ഇറങ്ങവേ വെറുതെ ഒന്നോർത്തുപോയി "അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാ രാജാവ് "എന്നൊക്കെയുള്ള എടുത്താൽ പൊങ്ങാത്ത പേരുംവെച്ചു  അതിയാനൊക്കെ എങ്ങനെയാണോ ഈ ഏണിയൊക്കെ ഇറങ്ങിട്ടിട്ടുണ്ടാവുക...? ഒന്നാമതെ നിന്നുതിരിയാനുള്ള സ്ഥലമില്ല ഏണിപ്പടിക്ക്. വല്ല സാബൂന്നോ ബാബൂന്നോ ഒക്കെ പേരിട്ടാൽ പോരായിരുന്നോ..? ച്ചാൽ...കേറാനും  ഇറങ്ങാനും എളുപ്പം...(സാബു രാജാവ്...ആയില്യം തിരുനാൾ പാപ്പച്ചൻ രാജാവ്...പൂയം തിരുനാൾ തങ്കപ്പൻ മാർത്താണ്ഡവർമ്മ ഏയ് അതൊട്ടും അങ്ങോട്ട് മാച്ച് ആകുന്നില്ല. ഒരു ഗുമ്മും ഇല്ല ) 


ഏണിയിറങ്ങി താഴെയെത്തിയ നമ്മൾക്കു ഒന്നും മനസ്സിലായില്ല...നിലാവത്തു കോഴിയെ അഴിച്ചുവിട്ട സീൻ. ഏതുവഴി നമ്മൾ കേറിയോ അവിടെത്തന്നെ എത്തിയിരിക്കുന്നു..അതിന്റെ അർത്ഥം എന്താണെന്നു വെച്ചാൽ, രായാവേയ് വന്നകാര്യം കഴിഞ്ഞു..ഇനി അവിടെ നിന്ന് ഒത്തിരി താളം ചവിട്ടാതെ പുറത്തേക്കു എഴുന്നള്ളിയാലും...!!!

സമയം നാലുമണി....പ്രോട്ടോകോൾ അനുസരിച്ചു ഒരു പരിപാടിയും കൂടി ബാക്കിയുണ്ട്. അതാണു കഴിഞ്ഞ ബ്ലോഗിൽ നമ്മൾ എഴുതിവെച്ചത്. "വലിയഴീക്കൽ"  https://janosh1980.blogspot.com/2022/03/   ഒത്തിരി സമയം കളയാതെ നോമും അകമ്പടി സേവിക്കുന്ന പരിചാരകർക്കൊപ്പം,രാജവീഥികളെ പുളകിതമാക്കിക്കൊണ്ട്  വലിയഴീക്കലിലേക്ക്....! 


ഇതിനകത്തെല്ലാം നമ്മളുണ്ട്...

ഇൻസ്റ്റാഗ്രാമിൽ പടവും താങ്ങുന്നുണ്ട്  

 https://www.instagram.com/janoshkjohn

http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john


വാൽക്കഷ്ണം 

ഒരിക്കൽ അക്ബർ ചക്രവർത്തി തൻ്റെ സദസ്സിലുള്ള പണ്ഡിതൻമാരോട് കേൾക്കുമ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും തോന്നുന്ന വാചകം പറയുവാൻ ആവശ്യപ്പെട്ടു.
പണ്ഡിതൻമാർ പല വാചകങ്ങളും പറഞ്ഞങ്കിലും ചകവർത്തി അതിലൊന്നിലും തൃപ്തിപ്പെട്ടില്ല. ആ സമയത്താണ് സദസ്സിലെ പ്രധാനിയായ ബീർബൽ അവിടേക്ക് വരുന്നത്.
ഈ സമസ്യക്ക് ബീർബൽ നൽകിയ മറുപടി കേട്ട് സദസ്സ് ഒന്നടങ്കം കൈയ്യടിച്ചു
ബീർബൽ പറഞ്ഞ വാചകം എന്തെന്നാൽ.
നാളത്തെ പെട്രോൾ വിലയെക്കാൾ കുറവാണ് ഇന്നത്തെ പെട്രോൾ വില..
പകച്ചുപോയി രാജാവ്...

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...