Thursday, June 04, 2020

എന്താടോ വാര്യരെ താൻ നന്നാവാത്തെ..??

 മനുഷ്യേരുടെ കൊറേ അഹങ്കാരം മാറിക്കാണുമല്ലേ.....!? കഴിഞ്ഞ പ്രളയം നക്കിത്തോർത്തിയ ഒരു ഗ്രാമത്തിൽ സന്നദ്ധ സേവനം ചെയ്ത റാന്നിക്കാരൻ സുഹൃത്തുമായി സംസാരിക്കുമ്പോഴാണ് ഞാൻ അങ്ങനെയൊരു ഡയലോഗ് തട്ടിവിട്ടത്. പറഞ്ഞതേ ഓർമ്മയുള്ളൂ, ഗുളികൻ തെയ്യം ചാടുന്നതുപോലെ ഒരു ചാട്ടമായിരുന്നു സൂർത്തുക്കളേ ...ഒരു ചാട്ടമായിരുന്നു.....! ചാട്ടം കഴിഞ്ഞതും അതിയാൻ കാര്യംപറഞ്ഞു. എന്താണെന്നു വെച്ചാൽ. കുറെ തുണി ഐറ്റംസ് വിതരണം നടത്താനാണ് എന്റെ സുഹൃത്തും പാർട്ടികളും പോയത്. ഇവരുടെ വരവ് കണ്ട കുറെ പ്രളയ ബാധിത അമ്മായിമാർ മസിൽ പെരുപ്പിച്ചു പറഞ്ഞത്രേ. "പഴയതും നരച്ചതും കളർ പോയതുമൊന്നും ഞങ്ങൾക്കുവേണ്ട. അതൊന്നും ഇട്ടു ശീലമില്ല."  മുഖത്തു അടിയേറ്റപോലായിപ്പോയി.എങ്കിലും ഇവർ അടുത്ത പോയിന്റിൽ ചെന്നപ്പോൾ അവിടുത്തെ സ്ഥിതി വേറെ. "എന്തെങ്കിലും മതി, പഴയതോ പുതിയതോ അല്ല കാര്യം,  മാറിയുടുക്കാൻ വേറെ ഒന്നും ഞങ്ങൾക്കില്ല. ഇങ്ങോട്ടു തന്നേക്കൂ" രണ്ടു കൂട്ടരും പ്രളയ ബാധിതർ. എന്നാൽ മനോഭാവം വെവ്വേറെ. കഴുത്തറ്റം വെള്ളത്തിൽ നിൽക്കുമ്പോളും അഹങ്കാരം മാറിയിട്ടില്ലാത്ത ഒരുകൂട്ടരും എന്തെങ്കിലും തരൂ എന്ന് പറയുന്ന മറ്റൊരു കൂട്ടരും.! അതിൽനിന്നാണ് നമ്മൾക്ക് ഒരു ബ്ലോഗ് വിഷയം വീണു കിട്ടിയത്.അങ്ങനെ വിഷയം വീണു കിട്ടിയതിൽ നമുക്കു നോമിനോടുതന്നെ ബഹുമാനം തോന്നിയിട്ടു ഒരഞ്ചു മിനിറ്റു നോം ആദര സൂചകമായി  എണീറ്റുനിന്നു .നമ്മളെ സമ്മതിക്കണം....!???!!



മഹാമാരികൾ മനുഷ്യന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടാക്കുന്നുണ്ടോ....?
മാരക വിഷയമാണ്...! നിപ്പയും പ്രളയവും സുനാമിയും കൊറോണയും  എല്ലാം കണ്ടവരും അനുഭവിച്ചവരുമാണ് നമ്മൾ. ഒരു ഓളത്തിനു ഒന്ന് ഒതുങ്ങും. തല പൊക്കാറായി  എന്നു കാണുമ്പോൾ തനിക്കൊണം കാണിക്കുകയും ചെയ്യും. മൂടിവച്ച സകല ഉടായിപ്പു പരിപാടികളും പൊടിതട്ടിയെടുക്കും. പിന്നെ എന്നെ കഴിഞ്ഞിട്ടേയുള്ളു ഇവിടെ മറ്റാരും.നാലു കായുള്ളതിന്റെ കുന്തളിപ്പ് കാണിക്കുന്നവനും,തിന്നിട്ടു എല്ലിനിടയിൽ കയറി  മറ്റുള്ളവന്റെ മെക്കിട്ടു കയറിയവനും , ജാതിയുടെയും മതത്തിന്റെയും ആചാര അനുഷ്ടാനത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തെരുവിൽ തുണി പറിച്ചവനെല്ലാം ഒരു നേരത്തെ ഭക്ഷണ പൊതിക്കുവേണ്ടി ഹെലികോപ്റ്റർ നോക്കി നിന്ന കാര്യം സൗകര്യ പൂർവം മറന്നുപോകുന്നു. എല്ലാവരെയും അടച്ചു പറയുന്നില്ല, അതിനിടയിലും കുറേപ്പേർ ഉണ്ടാകും ജാതിയോ മതമോ ആചാരമോ നോക്കാതെ നൻമ ചെയ്യാൻ ശീലിച്ച ചിലർ.


ആകസ്മികമായി ഉണ്ടാകുന്ന ദുരന്തങ്ങൾക്കും പിന്നീടുള്ള മുഴുത്ത മാനസാന്തരത്തിനും ഇടയിലുള്ള കാലത്തു മനുഷ്യർ കാണിച്ചുകൂട്ടുന്ന ശോഭ കേടിനു ഒരു അന്തവും കുന്തവുമില്ല.കല്യാണമാകട്ടെ ശവ സംസ്കാരമാകട്ടെ ജന്മദിന ആഘോഷമാകട്ടെ എല്ലാത്തിനും  കുറെ പൊങ്ങച്ചത്തിന്റെ ഏച്ചുകെട്ടലുകളും   കായുള്ളതിന്റെ കടിയും കലശലാണ്. ഇതെല്ലാം കണ്ടിട്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാണോ പടച്ചോൻ ഈ ഇടിത്തീയെല്ലാം ഇങ്ങോട്ടു വിടുന്നതെന്നും  സംശയമുണ്ട്. നമ്മുടെ സംശയത്തിന് മുൻ‌കൂർ ജാമ്യം എടുത്തുകൊണ്ടു അടുത്ത ബെല്ലോടെ പരിപാടി തുടങ്ങുകയാണ്.


കല്യാണം.....ഒരു പെണ്ണും ചെറുക്കനും മാലയിട്ടോ താലികെട്ടിയോ, വേണ്ട സബ് രജിസ്ട്രാർ ഓഫീസിൽ പോയി ഒപ്പിട്ടോ നടത്തുന്ന ഒരു സംഭവം.അത്രേയുള്ളു.എന്നാൽ ഇപ്പോൾ ഡെക്കറേഷൻ കൂടുതലാണ്.....!
കല്യാണത്തിന് മുമ്പ് ഫേസ്ബുക്കിൽ ഓർമ്മപ്പെടുത്തൽ വീഡിയോ ഇടണം. പേര് എന്താണെന്നു വെച്ചാൽ "സേവ് ദ ഡേറ്റ്" ച്ചാൽ ഇവന്റെ കല്യാണത്തിന്റെ തീയതി നമ്മൾ കൈവെള്ളയിൽ എഴുതിയിടണമെന്ന്....!
യെവനാര് തള്ളെ...? ഇതെല്ലാം കണ്ടിട്ടു ഒരു ചേട്ടൻ പറഞ്ഞു ഇപ്പോ ഒരു കല്യാണങ്ങൾക്കും ഇയാൾ പോകാറില്ല, ഭാര്യയെയാണ് ആ ഭാരിച്ച ചുമതല ഏൽപ്പിക്കുന്നതെന്ന്.കാരണം മറ്റൊന്നുമല്ല-ഈ കോപ്രായങ്ങളൊന്നും കണ്ടിരിക്കാനുള്ള മാനസികാവസ്ഥയില്ലെന്ന്...!?!?

അടുത്തത് കല്യാണത്തിന് മുമ്പുള്ള പ്രീ വെഡ്‌ഡിങ് ഷൂട്ട് ആണ്...!വള്ളത്തിൽ കേറുന്നു, വെള്ളത്തിൽ വീഴുന്നു, കണ്ടം വഴി ഓടുന്നു, പൊക്കിക്കൊണ്ട് ഓടുന്നു, എടുത്തോണ്ട് ഓടുന്നു, ചെളിക്കുഴിയിൽ കിടന്നു നിരങ്ങി ഇഴയുന്നു. എന്താല്ലേ പിടിച്ചു നിർത്തി വെടിവെക്കണം ഇതിനെയൊക്കെ, ച്ചാൽ ഷൂട്ട് അറ്റ് സൈറ്റ്...!കഴിഞ്ഞ ദിവസം ഒരെണ്ണം കണ്ടു ദേഹമാസകലം മണ്ണു തേച്ചൊരു പെണ്ണും ചെറുക്കനും.പന്നി അളിക്കുന്നതുപോലെ ചെളിവെള്ളത്തിൽ കിടന്നു പോസു ചെയ്യുകയാണ്.ട്രെൻഡുകാർക്കൊക്കെ അതു വലിയ സംഭവമായിരിക്കും.

ഡ്രോൺ ക്യാമറ, ക്രയിൻ ക്യാമറ, പിന്നെ ചെറുകിട ഇടത്തരം ക്യാമറ. തട്ടുകട ഫുഡ്, പെണ്ണിനും ചെറുക്കനും എഴുന്നള്ളാൻ BMW, AUDI കാറുകൾ...കാളവണ്ടികൾ , കുതിരവണ്ടികൾ...ചെറുക്കനെ ആനയിക്കാൻ താടിവെച്ച കണ്ണാടിവെച്ച പിള്ളേർ, പള്ളിയും പരിസരവും തൂത്തു തുടച്ചു വൃത്തിയാക്കി വരുന്ന പെണ്ണിന്റെ നിലത്തിഴയുന്ന ഗൗൺ പൊക്കാൻ ഒരു മൂന്ന് പെണ്ണുങ്ങൾ വേറെ . അതുങ്ങടെ കോലം അതങ്ങനെ. ഇവരുടെയെല്ലാം മുന്നിൽ പഴയ റബ്ബർ ടാപ്പിംഗ് കാരന്റെ കൂട പോലെ പിടിച്ചോണ്ട് കുറെ പൂ മക്കളും-തെറ്റിദ്ധരിക്കരുത് ഫ്ലവർ ഗേൾസ്.....! ഡാൻസ് കളിച്ചു മാസ്സ് എൻട്രി നടത്തിയ ഒരു   മണവാട്ടി ഇപ്പൊ വാർത്തയിലെ താരമാണ്. ഇങ്ങനെ കല്യാണമൊക്കെ എന്തോ വലിയ സംഭവമാക്കി മാറ്റുകയാണ് ചിലർ. എന്നാൽ അതിന്റെ മറുവശമോ ...? കാണികളും വിഡിയോയും സ്മോക്കും എല്ലാം കുറെ മണിക്കൂർ മാത്രമേ കാണൂ.പിന്നെ ഇവർ രണ്ടുപേരുമാണ് ജീവിതകാലം മുഴുവൻ ഡാൻസ് കളിക്കേണ്ടത്.അവിടെ ഒരു അളിയനും കാണില്ല പുളിയനും കാണില്ല അമ്മാച്ചനും കാണില്ല ചേനാരും കാണില്ല.


ഇതൊക്കെ ഒത്തിരി പിള്ളേരുടെ ജീവിത മാർഗ്ഗമല്ലേ ചേട്ടാ എന്നൊക്കെപ്പറഞ്ഞു ഒത്തിരി ശോകം ആക്കേണ്ട.നിലത്തു കിടന്നു ഇഴഞ്ഞു ഫോട്ടം പിടിക്കാതെയും ഇവിടെ ഒത്തിരി കല്യാണങ്ങൾ നടന്നിട്ടുണ്ട്. കാശുള്ളവൻ അത് ചെലവാക്കുന്നതിനു ഇയാൾക്കെന്നാ സൂക്കേട് എന്നൊന്നും ആരും ചൊറിയാനും  വരണ്ട. വന്നാൽ മാന്തി വിടുന്നതായിരിക്കും.

ഇപ്പോൾ എങ്ങനെയുണ്ട്..? ഒരു തുളസിമാല അങ്ങോട്ടും ഇങ്ങോട്ടും. ഒരു നാരങ്ങാ വെള്ളം കിട്ടിയാലായി. അകെ കാണികൾ 20 പേർ. ഇപ്പൊ 50 ആയി കൂട്ടിയിട്ടുണ്ട്. അങ്ങ് ഗുരുവായൂരപ്പന്റെ അവിടെ 10 പേര്. ഇങ്ങനെയാണേലും ഇതൊക്കെ നടക്കുമല്ലേ...?! ഹോ അല്ലെങ്കിൽ എന്തൊക്കെ ചടങ്ങുകളാണ്. പെണ്ണിന്റെ അമ്മക്ക് ചെറുക്കന്റെ  അമ്മ "കച്ച" കൊടുക്കുന്നു. തിരിച്ചു ചെറുക്കന്റെ അമ്മക്ക് പെണ്ണിന്റെ അമ്മ "ചക്ക" കൊടുക്കുന്നു..!
പിന്നെ കല്യാണ തലേന്ന് ആളുകളിക്കാൻ വരുന്ന കുറെ നാറിയ അമ്മാച്ചൻമ്മാരും..!

ഇതൊന്നുമില്ലെങ്കിലും കല്യാണങ്ങളൊക്കെ നടക്കുമെന്ന് കൊറോണ നൈസായി നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ലക്നൗ വിലുള്ള പെണ്ണിനെ ഹരിപ്പാടുള്ള ചെറുക്കൻ ഓൺലൈനിൽ താലികെട്ടിയത് കഴിഞ്ഞ മാസമല്ലേ....! ഇനി എത്രയെണ്ണം ഇങ്ങനെ നടക്കാനിരിക്കുന്നു. വേറെ ഒരുത്തനെ തോൽപ്പിക്കാൻ കടം വാങ്ങി അർമാദിച്ചു കല്യാണവും നടത്തി. അതിലുണ്ടായ കുട്ടി ഒന്നാം ക്‌ളാസിൽ പഠിക്കാൻ തുടങ്ങിയിട്ടുപോലും കല്യാണ ആൽബം വാങ്ങാൻ പറ്റാത്ത പുള്ളികളും ഉണ്ട്.ഭൂലോക തോൽവികൾ..

കുറെ കഴിഞ്ഞു പ്രസവത്തിനു വിടീൽ എന്നൊരു ചടങ്ങുണ്ട്.7 പേർ പോകണമെന്നാണ്.അത് ആറോ,എട്ടോ ആകാൻ പാടില്ലത്രേ.പെണ്ണിനെ അതിന്റെ വീട്ടിൽ ആക്കിക്കഴിയുമ്പോൾ അമ്മായിയമ്മ മരുമകന് ഒരു സ്വർണ്ണമാല കഴുത്തിലിടണം.ദദായത് ഗർഭം ഉണ്ടാക്കിയതിന്റെ സമ്മാനമാണ്.യേത്...?
ഇങ്ങനുള്ള അവസരങ്ങളിൽ  ആചാരങ്ങളും പൊക്കിപ്പിടിച്ചു കുറെ കടുംവെട്ടുകളും മുതുക്കും ചെതുക്കും  വരും .ഭയങ്കര ചിട്ടയാണ്....അവരെന്തു തേങ്ങയാണ് ഈ കാണിച്ചുകൂട്ടുന്നത്...?   പൊളവനാണെങ്കിലും മൂർക്കന്റെ വാശിയാണ് ഈ സമയത്തു ഇവർക്ക്.

വീഡിയോ സ്റ്റിൽ കാമറ ഫീൽഡുകളിൽ പ്രവർത്തിക്കുന്ന മാന്യരായ ഒത്തിരി കൂട്ടുകാർ നമുക്കുണ്ട്.അവരുടെ കഞ്ഞിയിൽ പാറ്റായിടുകയോ മണ്ണുവാരിയിടുകയോ ഒന്നും നമ്മുടെ പ്രകടന പത്രികയല്ല.  ഒരു എത്തിക്സുമില്ലാതെ എല്ലാറ്റിനെയും വെറും ആഘോഷമാക്കുന്ന രീതിയും, വെഡ്‌ഡിങ് ഫോട്ടോഗ്രാഫിയും വിഡിയോഗ്രഫിയും ഒക്കെ  മറ്റുള്ളവർക്ക് എത്തിപ്പിടിക്കാനാകാത്ത-കിട്ടാക്കനിയാക്കുന്ന-ചെലവേറിയതാക്കുന്ന-പരിപാടിയെയാണ് നുമ്മ വിമർശിച്ചേക്കണത്. കായുള്ളവൻ പലതും ചെയ്യും.പിന്നെ അതാണ് ട്രെൻഡ്, അതാണ് ശരി, അങ്ങനെ ചെയ്താലേ ശരിയാകൂ, എല്ലാവരും അങ്ങനെ ചെയ്യണം.എന്നൊക്കെ ഒരു ശീലം കൊണ്ടുവരുന്നത് എതിർക്കപ്പെടേണ്ടതാണ്.!

ഇനി ശവ സംസ്കാരമാണ്. ഉള്ളത് പറയണമല്ലോ ഹൈന്ദവരും മുസൽമാൻമ്മാരും ഈ കാര്യത്തിൽ എക്സ്ട്രാ ഡീസെന്റാണ്. അവരതു ആഘോഷമാക്കാറില്ല. വിഷമം കൂടുതൽ ക്രിസ്ത്യാനിക്കാണ്. ദുഃഖം ഒത്തിരി തളം കെട്ടുന്നതു കൊണ്ടായിരിക്കും....! ചില മരണ വീടുകളിൽ കാണിക്കുന്ന ആർഭാടങ്ങൾ കണ്ടാൽ കണ്ണുതള്ളും. ഇച്ചിരി നേരത്തെ ഇതൊക്കെ ചെയ്തിരുന്നെങ്കിൽ പരേതന് കുറച്ചുകൂടി ആയുസ്സ് കിട്ടിയേനെ എന്ന് ചിന്തിച്ചും പോയിട്ടുണ്ട്.

ആരും വിദേശത്തുനിന്നും വരാനില്ലെങ്കിലും പരേതന് മോർച്ചറി വാസം നിർബന്ധിതമാണ്. പിന്നെ ആഘോഷപൂർവം പുറത്തെടുക്കുന്നു. വീട്ടിലേക്കുള്ള യാത്രയാണ് പിന്നെ.പരേതന്റെ അപദാനങ്ങളെ വാഴ്ത്തുന്ന അനൗൺസർ വണ്ടി മുന്നിൽ. വീട്ടിലാണ് മേജർ സെറ്റ് പരിപാടി നടക്കുന്നത്. പരേതന്റെ ബന്ധുമിത്രാദികളെല്ലാം ഒരേ കളർ ഡ്രസ്സ്, ലൈവ് ടെലികാസ്റ്, നിറം പിടിപ്പിച്ചതും പാതി സത്യവുമൊക്കെയായി കുറെ തള്ള് പ്രസംഗങ്ങളും....ഇദ്ദേഹം ഫ്യൂസ് അടിച്ചുപോകാൻ നോക്കിയിരിക്കുകയായിരുന്നു  എന്ന് തോന്നിയാൽ തെറ്റ് പറയാൻ പറ്റുമോ...?അകെ ഒരു പെരുനാൾ ലുക്ക്.

നേരത്തും കാലത്തും കെളവന്  കഞ്ഞി കൊടുക്കാത്ത മരുമക്കളും സ്വത്തു ഭാഗംവെക്കൽ മുൻകൂട്ടിക്കാണുന്ന മക്കളും എന്തൊരു ഭാവാഭിനയമാണെന്നോ...? ഓസ്കാർ ഗ്രാമി ജൂറികൾപ്പോലും അന്തിച്ചുപോകുന്ന പ്രകടനമാണ്. മാക്സിമം ജാഡ കാണിക്കും കാശ് വാരിയെറിയും....ഇവൻമ്മാരുടെയൊക്കെ കുത്തിന് പിടിച്ചാണ് കൊറോണ വന്നത്. ഇപ്പോളോ...? മാക്സിമം 20 പേര് മാത്രം. ജാഡ കാണിക്കാൻ ഒരു വിടവുപോലുമില്ല...എന്താല്ലേ....?!

ജന്മദിന മഹാമഹം.....!വൺസ് അപ്പോൺ എ ടൈം ഒരു പ്രോഗ്രാമിന് പോയ വകയിൽ  അബുദാബിയിൽവെച്ചു ഞാനൊരു ബർത്ത്ഡേ പാർട്ടിയിൽ ചെന്നുപെട്ടു.  രണ്ടരയോ മൂന്നോ വയസുള്ള ഒരു കുട്ടിയുടെ ജന്മദിനമാണ്. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ. എന്താ ജാഡ...? കുറെ കായ്‌ കയ്യിലുണ്ടെങ്കിൽ എന്തും കാണിക്കുന്ന പൊങ്ങച്ച ടീംസ്. ഞാൻ കാൽക്കുലേറ്റർ എടുത്തു, അവിടെ പൊടിയുന്ന കായുണ്ടെങ്കിൽ നാട്ടിൽ ഒരു മൂന്നു കല്യാണം നടത്താൻ തികയുമായിരുന്നു എന്നു കണക്കുകൂട്ടി. മൂന്നു വയസ്സുള്ള കൊച്ചിനിട്ടൊക്കെ തള്ളുന്ന തള്ള്....!? എന്റമ്മോ...? "കഴിഞ്ഞ ദിവസം ഞാൻ ഈ കൊച്ചിനെ വീട്ടിൽവെച്ചു കണ്ടപ്പോൾ അവളെന്നെ തിരിഞ്ഞൊന്നു നോക്കി...അപ്പോൾ ഞാൻ അവളുടെ അമ്മയുടെ നോട്ടം ഓർത്തുപോയി പ്രിയപ്പെട്ടവരേ...." ഇമ്മാതിരി സാധനങ്ങളാണ് തള്ളി മറിക്കുന്നത്...?!

എന്തൊരു വിടലുകളാണ് ചേട്ടാ എന്ന് മനസ്സിൽ ഓർത്തുകൊണ്ട് കുറച്ചു പേര് അവിടെ വായും തുറന്നു മിഴിച്ചു ഇരിക്കുന്നുണ്ട്...?! അതിനിടയിൽ, കൊച്ചിന്റെയും കൊച്ചമ്മേടേം പേരുവെച്ചു നുണപ്പാട്ട് പാടാൻ ഒരുത്തൻ സൈഡിൽ നിൽക്കുന്നുണ്ട്. ഇവന്റെ ഞെളിപിരി കണ്ടാൽ തോന്നും യേശുദാസിനു പകരം വിട്ടതാണെന്നു...!?ഇവനങ്ങു ചാകാൻ തുടങ്ങുവാണു. എനിക്കാണേൽ ചൊറിഞ്ഞിട്ടു വയ്യാതായി. ഇന്ത്യയിൽ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ഞാൻ ഓൺ ദ സ്പോട്ടിൽ അടുത്ത ബസ് കയറിയേനെ....?! എന്തുചെയ്യാം അബുദാബി നമുക്കത്ര പരിചയം പോരാ....! എന്റെ പൊന്നേ, അസൂയയൊന്നുമല്ല....മനുഷ്യന്റെ പൊങ്ങച്ചത്തിന്റെ ഓരോരോ വേർഷൻസ് കാണുമ്പോൾ തോന്നിപ്പോകുന്നതാണ്.! അതെന്റെ കുറ്റമാണോ.....?????

ഇന്റർനെറ്റിലെ മീൻകറി

ഞങ്ങളുടെ മോൾ, മീൻകറി ഉണ്ടാക്കണമെന്ന് തോന്നുമ്പോൾ നേരെപോയി നെറ്റ്ഓണാക്കും.ഒരു പൊങ്ങച്ച കൊച്ചമ്മ മരുമകളെക്കുറിച്ചു തള്ളിയതാണ്.
ഈ മരുമകൾ അമേരിക്കേണ് വന്നതല്ല, ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിൽ..മറ്റുള്ളവരുടെ മുന്നിൽ ഒരു ഗുമ്മിനു തള്ളിയതാണ് പക്ഷെ കേൾക്കുന്നവർക്ക് ഫീലിങ്ങ്സ് പുച്ഛമാണ്...!

ഞങ്ങളൊക്കെ വേറെ ലെവലാണെന്നു ചിലർക്ക് പറഞ്ഞു നടക്കണം. അതിന്റെ അസുഖമാണ്.ഞങ്ങളൊക്കെ അങ്ങ് ബഹിരാകാശ നിലയത്തിൽ ഭൂമിയെ ചുറ്റിനടക്കുന്നവരാണ് എന്നൊരു ഫീലിങ്ങ്സ് ഇവരെക്കുറിച്ചു നമ്മൾക്ക് തോന്നണം.അത്രയേയുള്ളൂ...!പാവങ്ങളാണ്. വൈലെന്റ് ആക്കാതിരുന്നാൽമതി ഒരു സൈഡിലൂടെ പൊക്കോളും.!

പ്രവാസികളുടെ വരവും ചാനലുകളുടെ വെപ്രാളവും 

നെഹ്‌റു ട്രോഫി വള്ളംകളി, വേൾഡ് കപ്പ്, ശബരിമല മകരവിളക്ക് സമയങ്ങളിൽ ആരാധകരെയും ഭക്തരെയും ആവേശം കൊള്ളിക്കാൻ കമൻട്രി പറയുന്നത് കേട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരെണ്ണം കേട്ടു.നെടുമ്പാശ്ശേരിയിൽ പ്രവാസികളുമായി ഒരു ഫ്ലൈറ്റ് വന്നതു പ്രമാണിച്ചുള്ളത്...! ഇതാ  അതിന്റെ ഒരു ടയർ നിലത്തു തൊട്ടു തൊട്ടില്ല...അങ്ങനെ ആദ്യത്തെ വിമാനം ഇതാ നെടുമ്പാശ്ശേരിയെ തൊട്ടിരിക്കുന്നു...!!! എന്തൊരു പ്രഹസനമാണ് സജീ ഇതൊക്കെ..? സ്വന്തം പൈസാ മുടക്കി സ്വന്തം നാട്ടിലേക്ക് ഒരു ഫ്ലൈറ്റിൽ വരുന്നതിനും  കമൻട്രി...?!

കൊറോണ പേടിച്ചു ജീവനും കൊണ്ടാണ് പ്രവാസി വരുന്നത്. അതിന്റെ പിതൃത്വം ചിലർക്ക് ഏറ്റെടുക്കണം അതാണ് ഈ ഉഡായിപ്പുമായി ഇറങ്ങിയത്. ഇവർ ഗൾഫ് യുദ്ധം ജയിച്ചു വന്നതല്ല...ഒളിമ്പിക്സ് മെഡലുമായി വന്നതല്ല. തല പോകാതിരിക്കാൻ ജീവനുംകൊണ്ട് വന്നതാണ്. അതും ലോക്ക് ഡൗൺ സമയത്തു. അതൊക്കെ പോട്ടെ, ഇവർ വന്നപ്പോൾ സ്വീകരിക്കാൻ ഞങ്ങളെ എയർപോർട്ടിലേക്ക് കടത്തിവിട്ടില്ലെന്നും പറഞ്ഞു രണ്ടു മക്കുണന്മാർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നിരിക്കുന്നു...?! ഇതെന്താ സൗജന്യ കിറ്റ് വിതരണമാണോ ഓടിച്ചെന്നു സ്വീകരിക്കാൻ...!? ഒരു പ്രത്യേകതരം അസുഖമാണു ഇതൊക്കെ..!

സുനാമിയാണെങ്കിലും കൊറോണയാണെങ്കിലും ആഘോഷപൂർവം കൊണ്ടാടുന്നത് മാധ്യമങ്ങൾ തന്നെയാണ്.വിഷ്വലും പ്രിന്റും എല്ലാം കണക്കാണ്. റേഡിയോക്കാർക്കു മാത്രമേ ഒരു മര്യാദയുള്ളൂ,അതും ആകാശവാണിക്കു മാത്രം.ബാക്കിയൊക്കെ നമ്മളെ തിന്നാൻ വരുന്ന ഫീലാണ്. സെൻസേഷണൽ ജേർണലിസം, സഭ്യതയുടെ എല്ലാ അതിരുകളും കേറി മാന്തി പെടത്തി, ആന കരിമ്പിൻ കാട്ടിൽ കേറിയ മാതിരിയാണ്. പൊങ്ങച്ചവും പരദൂഷണവും പാരയും അസൂയയുമൊക്കെ ഇന്നു വലിയ വാർത്തകളാണ്. മല്ലികാ സുകുമാരൻ ചെമ്പിനകത്തു കേറിയതും,  മകന്റെ ലംബോഗിനിക്കു പോകാൻ നല്ല റോഡ് ഇല്ലാത്തതും ,  നടി ചിപ്പി പൊങ്കാലയിട്ടതും, ധോണിയുടെ മകളുടെ പാട്ടും,  രാഹുൽ ഗാന്ധിയുടെ ഷർട്ടും, പ്രിയങ്കയുടെ ഇന്ദിരാ ഗാന്ധി ഷെയ്പ്പും  ബോബി ചെമ്മണ്ണൂരിന്റെ ചട്ടയും,  നടി പ്രവീണ പാമ്പിനെ കയ്യിൽ വെച്ചതും മുഴുത്ത വാർത്തയാണ്. പണ്ടു "പ്രേമ"ത്തിന്റെ  സി ഡി ചോർന്നെന്നും പറഞ്ഞു എന്തൊരു കലാപമായിരുന്നു.ഇന്ത്യയുടെ അഖണ്ഢതയോ പരമാധികാരമോ ചോദ്യം ചെയ്യപ്പെട്ടതുപോലെ ആയിരുന്നു പ്രേമത്തിന്റെ CD ചോർച്ച പത്രങ്ങൾ കൈകാര്യം ചെയ്തത്. ഇവിടെ കൊറോണ പിടിച്ചു ആന പറന്നുപോയ കാര്യം പറയുമ്പോളാണ് അവരുടെ "........................" പറന്ന കാര്യവുംകൊണ്ടു വരുന്നത്...!?ഇതിനിടേല് ഒരു ഉഡായിപ്പുണ്ട്‌,എന്തെന്നാൽ ആദ്യം കാടടച്ചു വെടിവെച്ചു വിവാദം ഉണ്ടാക്കുക,നാലുപേർ ശ്രെദ്ധിക്കുന്നുണ്ടെന്നു ഉറപ്പാക്കുക .അതിന്റെ വിടവിലൂടെ നൈസായി പബ്ലിസിറ്റി ഉണ്ടാക്കിയെടുക്കുക.വാട്ട് ആൻ ഐഡിയ സെർജീ.......!?

ഒറ്റ സെക്കന്റ് കൊണ്ടു വാർത്തകൾ ലോകംചുറ്റി വരുന്ന ഈ കാലത്തു വ്യാജ വാർത്തകൾ മാത്രം കുത്തിപ്പൊക്കുന്ന മാധ്യമങ്ങളും കുറവല്ല. ഇത്രയും ഫെസിലിറ്റി ഇല്ലാതിരുന്ന കാലത്തു ഇവരൊക്കെ എത്ര ടൺ  വ്യാജൻ ഉണ്ടാക്കി വിട്ടിട്ടുണ്ടാകും...?!?!

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത ഗ്രൂപ്പുകൾ 

കൊറോണയുടെ മറവിൽ എത്ര ഗ്രൂപ്പുകളാണ് ഭൂമിയിൽ അവതാരമെടുത്തത്.
ലോക മലയാളി, കേരള മലയാളി, മല്ലു മലയാളി, ടിക്‌ടോക് മലയാളി ....പിന്നെ കുറെ ഫാൻസ് ഗ്രൂപ്പുകളും...?! എനിക്കും കിട്ടി കുറെ ക്ഷണങ്ങൾ.....! എന്തോ നമ്മൾക്ക് അത്ര താൽപ്പര്യം പോരാ. സോഷ്യൽ മീഡിയ നല്ലൊരു ആശയ സംവേദന സംവിധാനമാണ് അമ്മയാണേ സത്യം. ആരോഗ്യകരമായ ചർച്ചകളും വിലയിരുത്തലുകളും അറിവും ആനന്ദവും എല്ലാം കിട്ടുന്ന ഇടം. അതുകൊണ്ടു നോം കുറെ വർഷങ്ങളായി സോഷ്യൽ മീഡിയ പരമാവധി റീചാർജ് ചെയ്തു ആസ്വദിക്കുന്നുണ്ട്.5000 സുഹൃത്തുക്കളുമുണ്ട്. നമ്മൾ പറഞ്ഞു വരുന്നത് ഫേസ്ബുക്കിൽ കഴിഞ്ഞ ചില മാസങ്ങളായി നടക്കുന്ന ഏതാനും   ഗ്രൂപ്പുകളുടെ കയ്യാങ്കളികളെക്കുറിച്ചാണ്. കുറച്ചുപേർ ആൾറെഡി തലവെച്ചു. കുറച്ചുപേർ ചതഞ്ഞു പോയ തലയുമായി വിശ്രമിക്കുന്നു.

പരസ്പ്പരം അറിയാത്ത-ഒരു പ്രതിബദ്ധതയും ഇല്ലാത്ത- ഈ  കൂട്ടങ്ങളിൽ നമ്മളറിയാത്ത കുറെ അപകടങ്ങളും ഒളിച്ചിരിക്കുന്നുണ്ട്. ആരോടും ആർക്കും കടപ്പാടില്ലാത്ത ഇവിടെ  സൈബർ കുറ്റവാളികളും പക്കാ ക്രിമിനൽസും പെൺവാണിഭക്കാരും മുഖമില്ലാത്തവരും കൂതറ ഉടായിപ്പു ടീമുകളും അഴിഞ്ഞാടുന്നുണ്ടാകും. ഇങ്ങനെയുള്ള കെണിയിലാണ് നമ്മൾ തലവെക്കാൻ ചെല്ലുന്നത്.
ശരിക്കു പറഞ്ഞാൽ ഇനിയും തുണി പറിച്ചു കാണിക്കാത്തവർ ആരൊക്കെ...?










സ്വയം പരിചയപ്പെടുത്തൽ അഥവാ സെൽഫ് ഇൻട്രോ മെയിൻ ഇനമാക്കി ചില ഗ്രൂപ്പുകൾ ഓടുന്നുണ്ട്.ഇതാ ഒരു സാമ്പിൾ..
എന്റെ പേര് കമലാക്ഷി....
ഞാൻ ഒരു പാവമാണ്....
മോഡലിങ്ങും സിനിമ അഭിനയവും ആഗ്രഹം...
ഡാൻസ് കളിക്കാനറിയാം.
ഭർത്താവു വിദേശത്താണ്..
വീട്ടിൽ പ്രായമായ മാതാപിതാക്കളും കുട്ടികളും ഞാനും മാത്രം.വീട് ടൗണിനോട് ചേർന്നാണ്.മതിലിനും ഗേറ്റിനും പിങ്ക് കളറാണ്.ബാക്കി ഡീറ്റെയിൽസ് ഒക്കെ പിന്നാലെ തരാം.....
ഈ കമലാക്ഷിയെ എങ്ങനെ ഏത് ഇരയിട്ടു കൊടുത്താൽ കെണിയിലാക്കാമെന്നു ചിന്തിക്കാൻ ക്രിമിനൽസിനു വേറെ ജ്യോത്സ്യനെ  കാണേണ്ട ആവശ്യമുണ്ടോ ?  ഇതാണു ഈ ഗ്രൂപ്പുകളിൽ നടന്നു കൊണ്ടിരിക്കുന്നത്. ആഭാസമായ ചിത്ര പ്രദർശനം നടത്തുന്ന കോമളവല്ലികളും കുറവല്ല.
മിസ്റ്റർ രോദന കുമാർ രോദിക്കുന്നു 
ഒരു കമ്പിൽ കളർ തുണി ചുറ്റി പൊക്കി കാണിച്ചാലും അതിന്റെ പുറകെപോകുന്ന പുരുഷകേസരികൾ കമലാക്ഷിയുടെ പോസ്റ്റിനു താഴെവന്നു ഒലിപ്പിക്കാനും തുടങ്ങും....എന്താ മോളൂസ് ജാടയാണോ...?!?!  ഞാനൊരു സീരിയൽ നിർമ്മാതാവാണ് പുതുമുഖങ്ങളെ  തേടുന്നുണ്ട്....വേറെ കുറെ ഫോട്ടോസ് കൂടെ പോസ്റ്റ് ചെയ്യാമോ..? അങ്ങനെ പോകും ഒലിപ്പിക്കൽസ്..?!
വേറെ ഒരെണ്ണം കണ്ടു, ഒരു വനിതാ രത്നം മാസ്ക് ഉണ്ടാക്കി ഫോട്ടോ ഇട്ടിരിക്കുന്നു. മാസ്കിനു വേറൊരു ഷേപ്പ് ആണ്. അതിനു താഴേക്കിടന്നു കുറെ ഡാഡിലെസ്സ് മാന്യൻമാരുടെ കമെന്റുകളും കളിയാക്കലും....! ന്യൂറോ രോഗികളാണ് അധികവും. പെണ്ണുങ്ങളുടെ പോസ്റ്റുകൾക്ക് അമിത പ്രാധാന്യം കൊടുക്കുന്നത് സംബന്ധിച്ച് ഗ്രൂപ്പുകളിൽ അടിയും തുടങ്ങിയിട്ടുണ്ട്.

 കിട്ടിയ ലൈക്കും കമെന്റും നോക്കൂ...99.99 % ഉടായിപ്പു കമെന്റുകാരാണ്
മുകളിലെ ചേട്ടന്റെ രോദനം കൂടി ചേർത്തു വായിക്കുമ്പോൾ കാര്യം പിടികിട്ടും 
 ഇമ്മാതിരി ക്രിമിനൽ സംഘങ്ങളിൽ നിരാശാ കാമുകൻമ്മാരും സജീവമാണ്. തേപ്പു കിട്ടിയവരും ഇല്ലാതില്ല. ഇങ്ങനെ കുറ്റിയും പറിച്ചുനടക്കുന്ന ചിലർ
അച്ചിവീട്ടിൽ കൗപീനത്തിനു നീലം മുക്കിയ കാര്യവും ഫ്രിഡ്ജിലിരിക്കുന്ന ആപ്പിളിന്റെ വലുപ്പവും ഗൂഗിൾ മാപ്പും കോപ്പും എല്ലാം സൈബറിടത്തേക്കു വെച്ചുകൊടുക്കും.കഴുകന്റെ കണ്ണുമായിരിക്കുന്ന ചേട്ടൻമ്മാർക്കും അങ്കിൾമാർക്കും ഇതു പുതിയ ടാർജെറ്റ്.  അതുകൊണ്ടു എല്ലാവരും സോഷ്യൽമീഡിയാസ് ഉപേക്ഷിച്ചു കൈലാസത്തിലേക്ക് പോകണം എന്നല്ല ഉദ്ദേശ്ശിക്കുന്നത്. മര്യാദക്കുപോയാൽ നല്ലത്. അല്ലെങ്കിൽ. ധനനഷ്ടം മാനഹാനി ദേഹക്ഷതം ആദിയായ ബോണസ് സമ്മാനങ്ങൾ റാലിയായി നമ്മുടെ പുറകെ കൂടും. പിന്നെ നിർഗളിപ്പ് വളരെ കൂടുതലാണെങ്കിൽ അനുഭവിക്കുക...പിന്നെ സമയം ശരിയല്ലാരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. കാണിപ്പയ്യൂരിന്റെ സമയംപോലും തെറ്റി നിക്കുന്ന ടൈമാണ്.

ശ്രീ മനോജ് ഏബ്രഹാം IPS (സൈബർ ഡോം കോഴിക്കോട്)എഴുതുന്നു  


⇨ സോഷ്യൽ മീഡിയ പബ്ലിക് ഗ്രൂപ്സ്‌ ഒരു അവലോകനം ..

പല പല പേരിലുള്ള ഒരുപാടു മെമ്പേഴ്സും ഉള്ള ഗ്രൂപ്പുകൾ സോഷ്യൽ  മീഡിയയിൽ സജീവമാണ് .ഇങ്ങനെ  ഉള്ള ഗ്രൂപ്പിൽ പുതിയതായി ജോയിൻ ചെയുന്ന ആളുകളുടെ ഇൻട്രൊഡക്ഷൻ പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് സൈബർഡോം കോഴിക്കോട് ഈ പോസ്റ്റ് ചെയ്യുന്നത് .
നിങ്ങൾക്ക്  ഒരു പരിചയവും ഇല്ലാത്ത ഒരുപാടു പേരുടെ ഒരു കൂട്ടമാണ് ആ സ്പേസ് .നിങ്ങളുടെ ഇൻട്രൊഡക്ഷൻ പോസ്റ്റുകൾ വഴി നിങ്ങളെ കുറിച്ചുള്ള എന്തെല്ലാം വിവരങ്ങൾ ആണ് നിങ്ങൾ ഷെയർ ചെയ്യുന്നത്‌  എന്ന് നിങ്ങൾ മനസിലാക്കണം.
നിങ്ങളുടെ ഫോട്ടോ, പേര് ,സ്ഥലം ,ജോലി , പ്രായം ,തുടങ്ങി ഫോൺനമ്പറും ,ഇമെയിൽ ഐഡി  വരെ ഷെയർ ചെയ്യുന്ന ആൾക്കാർ ഉണ്ട് .    #പല_സൈബർ_ക്രൈമിലും_സൈബർ_ക്രിമിനലുകൾ_ഉപയോഗിക്കുന്ന_വിവരങ്ങൾ_ഇങ്ങനേ_ശേഖരിക്കുന്നത്_ആണ്.
ഒരാളെ കുറിച്ചുള്ള വിവരങ്ങൾ അയാൾക്ക്‌  പ്രധാനപ്പെട്ടത്‌  ആവണമെന്നില്ല എന്നാൽ മറ്റൊരാൾക്കു  (സൈബർ ക്രിമിനലുകൾ ) അത് വളരെ  പ്രധാനപെട്ടതാവും .
ഇങ്ങനെ നിങ്ങൾ  ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന കാര്യങ്ങൾ  ആ ഗ്രൂപ്പിൽ ഉള്ള നിങ്ങൾ അറിയാത്ത ലോകത്തു എവിടേയോ ഇരിക്കുന്ന ആരോ  ഒരാൾ ദുരുപയോഗം ചെയ്താൽ  അത് നിങ്ങൾക്ക് ദോഷം ചെയ്യും.
#USE_YOUR_COMMONSENSE &
 #BE_SAFE_IN_CYBERSPACE


അപ്പൊ കാര്യം ഏകദേശം മനസിലായി കഴിഞ്ഞല്ലോ ല്ലേ....? വിവരം തീരെ ഇല്ലാത്തവരല്ല, നാട്ടിൽ പെയിന്റ് പണിക്കുപോകുന്ന പിള്ളേർ മുതൽ ഡോക്ടർമാർ വരെ കേറിനടക്കുന്ന ഗ്രൂപ്പുകളാണ് ഇതൊക്കെ. സോഷ്യൽ മീഡിയകളുടെ അമിത ഉപയോഗവും ദുരുപയോഗവും കൊണ്ടു കേരളത്തിൽ
സൈബർ കുറ്റങ്ങൾ വാണം വിട്ടതുപോലെ മേലോട്ട് പോകുകയാണ്. വെറുതെ പോലീസ് മാമൻമ്മാർക്ക് പണിയുണ്ടാക്കാതെ അടങ്ങിയൊതുങ്ങി കഴിയടെ..!
പോയാൽ നിങ്ങൾക്കും നിങ്ങളുടെ വീട്ടുകാർക്കും പോയി. സുക്കറണ്ണന് ഒരു കോപ്പുമില്ല. പുള്ളി ഭാര്യാ സമേതനായി ഏതെങ്കിലും ബീച്ചിലോ ഹോട്ടലിലോ അതുമല്ലെങ്കിൽ അതിയാന്റെ വീട്ടിലോ കാണും. നിങ്ങ ഇവിടെ കെമിസ്ട്രി ബുക്ക് പോയ അണ്ണാനെ പ്പോലെ തേരാപ്പാരാ നടക്കും. ഇത്രയും പറഞ്ഞുകൊണ്ടു ഈ ഭാഗം അവസാനിപ്പിക്കുന്നു.

ചക്കയൊക്കെ ആർക്കുവേണം വെറുതെ കിടന്നു പോകുവാ 

ചില നിർബന്ധ ബുദ്ധിക്കാരുടെ മണ്ടക്കും കൊറോണ കേറി അടിച്ചു. ചിലരുണ്ടല്ലോ,മീനുണ്ടെങ്കിലേ അവനു / അവൾക്കു ചോറ് ഇറങ്ങൂ...
അവനു ഏറ്റവും ഇഷ്ടം KFC ആണ്....ചിക്കനോ ബീഫോ ഇല്ലാതെ എങ്ങനാ കഴിക്കുന്നത്....ചക്ക വീട്ടിൽ ഉണ്ടാക്കാറില്ല...മുഴുവൻ "അരക്കാ"ണന്നേ.....
ഇങ്ങനെയൊക്കെ പൊക്കം വിട്ടുനടന്ന ഭൗതിക ശരീരങ്ങൾ ഈ പ്രാവശ്യം ശരിക്കും മൂഞ്ചി .ലോക്ക് ഡൗണിൽ, റേഷൻ അരിക്കഞ്ഞി  അണ്ണാക്കിലൂടെ ഇറക്കി.ചക്ക പലരൂപത്തിൽ പല ഭാവത്തിൽ മുണുങ്ങി...

മീനില്ലെങ്കിൽ ഒന്നും ഇറങ്ങാത്തവൻറെ വായിലൂടെ  ചമ്മന്തിയും ഇറങ്ങി. പൊക്കം വിട്ടു നടന്നവനൊക്കെ റേഷൻ കട എവിടെയാണെന്ന് മനസ്സിലായി. കണ്ട കൂഴച്ചക്ക തിന്നുനടന്നവനും റേഷൻ അരിയുടെ കഞ്ഞിയും കുടിച്ചു, മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിരുന്നു നുണയും  പറഞ്ഞവനൊക്കെ പത്തു കാശ് വന്നപ്പോൾ, എന്താ അഹങ്കാരം...? നാട്ടിലെ ലോക്കൽ അംബാനികളിച്ചു നടന്നതാണു.

റേഷൻ അരി പാവപ്പെട്ടവന്റെയല്ലേ...? കെറോസിൻറെ വിളക്കിനു വെട്ടം കുറവല്ലേ....? റേഷൻ കടയിലൊക്കെ മണ്ണെണ്ണപ്പാട്ടയുമായി നിൽക്കുന്നത് അഭിമാനക്കുറവല്ലേ...? എന്നൊക്കെ ചിന്തിച്ചിട്ടു ഇപ്പൊ എന്തായി. ഞങ്ങളൊക്കെ വല്യ കുടുംബക്കാരല്ലേ. അന്റെ തറവാട് കൊറോണക്ക് പുല്ലാഡോ....!! കടകൾ അടച്ചു ലോക്ക് ഡൗൺ വന്നപ്പോൾ റേഷൻ അരിയും കിറ്റും ഒക്കെയാരുന്നു ജീവൻ നിലനിർത്തിയത്.

വല്യ മുഴുപ്പ് പറഞ്ഞവനെല്ലാം പോയി.കിറ്റ് മേടിച്ചു അടിച്ചില്ലേ....? വഴിയിൽ കിടന്ന പെപ്സിക്കുപ്പി പെറുക്കിക്കൊണ്ടുപോയി മണ്ണെണ്ണ വാങ്ങിയില്ലേ...? എന്താ അഭിമാനമൊക്കെ ഊരിവെച്ചോ...? അങ്ങനെ നോക്കുമ്പോൾ കൊറോണ കേരളത്തിൽ വന്നത് എന്തുകൊണ്ടും നന്നായി എന്നു തോന്നും. പൊങ്ങൻമ്മാരുടെ പൊങ്ങത്തരം ലേശം കുറഞ്ഞു കാണുമല്ലോ....!

പണ്ട് എന്തായിരുന്നു....മൂത്തമോനും ഫാമിലിയും അമേരിക്കയിൽ അതിന്റെ ഇളയവൻ ചിക്കാഗോയിൽ മൂത്ത മകൾ ഫാമിലിയായി ജപ്പാനിൽ...അവരെല്ലാം അവിടെ സെറ്റിലാകണമെന്നാ പറയുന്നേ.... പിള്ളേർക്ക് ഇവിടുത്തെ ക്ലൈമറ്റ്‌ അങ്ങോട്ട് പിടിക്കുന്നില്ലത്രേ...?! അതുമല്ല പിള്ളേർക്ക് ക്രോക്രോച്ചും മാക്കാച്ചിയും ഒക്കെ വല്യ പേടിയുമാണ്....!ഇവിടെ നല്ലയൊരു റോഡുണ്ടോ...ആശുപത്രിയുണ്ടോ....ഹോട്ടലുണ്ടോ....ബസുണ്ടോ...ട്രെയിനുണ്ടോ...നല്ല മുഖ്യ മന്ത്രിയുണ്ടോ...സർക്കാരുണ്ടോ....സ്കൂളുണ്ടോ....

ഇപ്പൊ എന്തായി...? എല്ലാവര്ക്കും കേരളത്തിലെ കാലാവസ്ഥ നന്നായി പിടിക്കുമല്ലേ...? പണ്ട് വിദേശത്തു മുഴുത്തത് കിട്ടുമെന്നും പറഞ്ഞു കുറ്റീം പറിച്ചു പോയതാണ്. ഇപ്പൊ കോവിടാണ് നാട്ടിൽ പോകണമെന്നും പറഞ്ഞു കയർ പൊട്ടിക്കുന്നു..! പണ്ട് ഖലീഫാ ബിൻ സായിദ് അൽ നഹ്യാൻ ഞങ്ങടെ കൊച്ചമ്മേടെ മകനാണെന്നും പറഞ്ഞു നടന്ന ടീമുകളാണ്.....ഇപ്പൊ അളിയനുമില്ല കൊച്ചമ്മേമില്ല..!

വിദേശത്തു പോയവരെല്ലാം മോശക്കാരാണെന്നോ അവരെല്ലാം കേരളത്തിന്റെ ശത്രുക്കളാണെന്നോ ഒരിക്കലും പറയില്ല.നാടിനെ സ്നേഹിക്കുകയും മലയാളത്തെ സ്നേഹിക്കുകയും മക്കളെ ശുദ്ധ മലയാളം പഠിപ്പിക്കുകയും ചെയ്യുന്നവരും,കേരളത്തെ ഗൃഹാതുരമായി സ്നേഹിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് വിദേശ മലയാളികളുണ്ട്.എന്തിനധികം പറയുന്നു,കഴിഞ്ഞ പ്രളയത്തിൽ നമ്മളെ നേരെ നിർത്തിയത് വിദേശ മലയാളികളാണ്.പ്രവാസികളാണ് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് അതും  മറക്കുന്നില്ല.എളിയ രീതിയിൽ ജീവിക്കുകയും മറ്റുള്ളവരെ കഴിയുന്ന രീതിയിൽ സഹായിക്കുകയും ചെയ്യുന്ന പല പ്രവാസികളെയും നമ്മൾക്കറിയാം . വിദേശത്തു ക്ലെച്ചു പിടിച്ചെന്നാകുമ്പോൾ നാടും നാട്ടുകാരെയുമെല്ലാം  വെറും കൺട്രി ഫെലോസ്  ആയിക്കാണുന്ന അഭിനവ പൊങ്ങൻമ്മാരുടെയും പൊങ്ങികളുടെയും കാര്യമാണ് അൺ സഹിക്കബിൾ....!വിദേശത്തുള്ള നമ്മുടെ കുറെ സുഹൃത്തുക്കളെ വിളിച്ചപ്പോൾ അവർക്കു നാടിനോടും ഇവിടുത്തെ സംവിധാനത്തോടുമുള്ള സ്നേഹവും, ഈ സാഹചര്യത്തിൽ നാട്ടിൽ ആയിരുന്നെങ്കിൽ എന്നുമുള്ള ആഗ്രഹവും പറഞ്ഞിരുന്നു.അങ്ങനെയുള്ള പ്രവാസികളും ഉണ്ട്സാർ.

അതായത് ഉത്തമാ...ഇനിയെങ്കിലും കുറച്ചൊക്കെ മര്യാദയായും സാമാന്യ ബോധത്തോടെയുമൊക്കെ ജീവിക്കണം. ഒരു ചെറിയ വൈറസ് വിചാരിച്ചപ്പോൾ ഇവിടെ ഉള്ളവനും ഇല്ലാത്തവനുമൊക്കെ തുല്യരായി. കേരളം പോയെങ്കിൽ പോട്ടെ ഞങ്ങൾക്കു വിദേശ വരുമാനം ഉണ്ടെന്നും ഒക്കെയുള്ള ജാഡ വർത്തമാനമൊക്കെ നിർത്തി,  ഒണക്ക മത്തിയും കൂട്ടി  റേഷൻ അരിയുടെ കഞ്ഞിയൊക്കെ കുടിച്ചു മനുഷ്യനായി ജീവിക്കാൻ നോക്ക്...!? പിന്നെ, മണ്ണിൽ പണിയെടുക്കുന്ന ഒരു കൂട്ടർ ഇവിടുണ്ട്.കർഷകരെന്നും കർഷക തൊഴിലാളിയെന്നും പറയും. തല പൊക്കി നോക്കണം ഇങ്ങനെയുള്ളവരെ കാണാൻ. ഇവരുടെ വിയർപ്പിന്റെ ഫലമാണ് നിന്റെ മുന്നിലിരിക്കുന്ന കഞ്ഞിയും കറിയുമെന്നു മനസ്സിലാക്കിയാൽ നല്ലത്. എനിക്ക് കഞ്ഞി വേണ്ട ഞാൻ KFC മുണുങ്ങിക്കോളാം എന്ന് പൊക്കം വിടാൻ അങ്ങനെ പറ്റില്ലെന്നു കൊറോണ പഠിപ്പിച്ചല്ലോ.....?ല്ലേ..? അണ്ണാക്കിലേക്ക് പോകാൻ ഒന്നും കിട്ടാനില്ലാത്ത അവസരത്തിലല്ല കൃഷിപ്പണിക്കാരെക്കുറിച്ചു ഓർക്കേണ്ടത്‌.സ്മരണ വേണം സ്മരണ.....!

ഇങ്ങനെ പിഞ്ചിക്കീറിയ ഉടുപ്പുമിട്ടു ഒത്തിരിപ്പേർ മണ്ണിൽ പണിയുന്നതുകൊണ്ടാണ് ഞാനും നീയും കഞ്ഞി കുടിച്ചു പോകുന്നത്  
കൊറോണ മാറിവരുകയാണ്.മാറും നമ്മൾ അതിജീവിക്കും.ഇനി ഒരു പ്രളയം കൂടി കേരളം അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.മനുഷ്യത്വം മരിക്കരുത്.പരസ്പ്പരം കൈത്താങ്ങാകണം.അങ്ങനെ ലോകത്തെ പിടിച്ചെഴുന്നേല്പിക്കണം.നമ്മളൊക്കെ കുറെ കൂടി നന്നാകാനാണ് ഈ പരീക്ഷണങ്ങളൊക്കെ....സ്വയം നന്നായും മറ്റുള്ളവരെക്കൂടി പരിഗണിച്ചും കരുതിയും ജീവിക്കണം.അല്ലെങ്കിൽ വീണ്ടും ആ ചോദ്യം പലരും ചോദിച്ചെന്നു വരും..."എന്താടോ വാര്യരെ താൻ ഇനിയും നന്നാവാത്തെ.....??? 



വാൽമുറി












ഇനി  ട്രമ്പ് ഇച്ചിരി  പുളിക്കും


വിശന്നുവന്ന ആനയുടെ വായിൽ പടക്കം പൊട്ടിച്ചവൻ.....
രണ്ടക്ഷരം പഠിപ്പിക്കാൻ വന്ന ടീച്ചർക്ക് ആർമി ഗ്രൂപ്പുണ്ടാക്കിയവൻ.....
ഇവനൊക്കെ ആരായാലും നിയമത്തിന്റെ മുന്നിലെത്തിക്കണം.....അതിനി ഏത് മോന്റെ മോനായിരുന്നാലും......


മ്മക്ക് സ്വന്തമായിട്ട് ഇൻസ്റ്റഗ്രാമും മറ്റുമുണ്ട്.ലിങ്കുകളും മറ്റും താഴെ.....

https://www.instagram.com/janoshkjohn/

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...