Monday, March 02, 2020

പാവപ്പെട്ടവന്റെ കുളു - മണാലി

മാത്തൻ ഉണ്ണീശോയുടെ രൂപം കണ്ടു തൊഴാൻ ക്യൂവിൽ കയറിനിന്നു. രൂപത്തിന്റെ അടുത്തുവരുമ്പോഴേക്കും മറ്റാരെങ്കിലും ഇടിച്ചുകയറി മാത്തന്റെ മുന്നിൽ വരും. പലപ്രാവശ്യം ആയപ്പോൾ മാത്തന്റെ ക്ഷമ നശിച്ചു
ഒടുവിൽ മാത്തൻ പൊട്ടിത്തെറിച്ചുകൊണ്ടു അലറി "ഈ കാലമാടനെ ഒന്നു തൊഴുതിട്ടു തന്നെ പോകുന്നുള്ളൂ.'......!?' 

                                                                     ഒന്നുരണ്ടു വർഷങ്ങളായി നമ്മുടെ ഉള്ളിൽ കിടന്നു കറങ്ങിയ ഒരു ട്രാവൽ ആഗ്രഹമായിരുന്നു കൊല്ലം ചെങ്കോട്ട ട്രെയിൻ യാത്ര. എല്ലാം ഒത്തുവരുമ്പോൾ എന്തെങ്കിലുമൊക്കെ ചടങ്ങുകൾ....!
അവസാനം പോയിട്ടേ ഉള്ളെന്നു തീരുമാനിക്കുകയാരുന്നു.....!പിന്നെ ദേഷ്യം വരത്തില്ലേ...?





രാവിലെ 6.45 നു കോട്ടയത്തു വഞ്ചിനാട് വന്നു. ഞാനും ഓളും കയറി. സീറ്റ് കിട്ടി. എന്നാലും എന്തൊരു തിരക്ക്...? ആരൊക്കെയോ ആരെയൊക്കെയോ തിരക്കുകയാണ്...!കൊല്ലത്തു വണ്ടി എത്തിയപ്പോൾ സമയം 9.5 തിരക്കു കാരണം ഞങ്ങളുടെ കാലൊക്കെ ആരാണ്ടെടെ കക്ഷത്തിലൊക്കെ ആയിരുന്നത് വലിച്ചെടുത്തു ജീവനും കൊണ്ടു കൊല്ലത്തു ചാടി. അപ്പോൾ ദേണ്ടടാ കന്യാകുമാരി എക്സ്പ്രസ്സ് കാലിയടിച്ചു കയറിവരുന്നു. ഞങ്ങളങ്ങു അയ്യടാന്ന് ആയിപ്പോയി....! ദേഷ്യം ഉള്ളിൽ തളം കെട്ടിയെങ്കിലും ഞങ്ങൾ കടിച്ചമർത്തി.


കൊല്ലം....കേരളത്തിലെ ഒരു പുരാതന പട്ടണം...
പുരാതന വേണാടിന്റെ തലസ്ഥാനം....പഴയ പേര് ദേശിങ്ങനാട്.....
"കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാർക്കാൻ കൊതിച്ചിട്ടില്ലം വേണ്ടെന്നുള്ള ചൊല്ലുള്ളതത്രേ....."ഇങ്ങനൊക്കെ  മയൂര സന്ദേശത്തിൽ കേരളവർമ വലിയകോയി തമ്പുരാൻ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു... ഈ തമ്പുരാന്റെയൊക്കെ ഒരു കാര്യം ...!  (കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നു)  അപ്പോൾ കുണ്ടറ കണ്ടവനോ.....? ഉത്തരം പതിയെ പറഞ്ഞാൽ മതിയാകും....
നമ്മുടെ കുറെ സ്നേഹിതന്മ്മാർ തിങ്ങിയും തിങ്ങാതെയും പാർക്കുന്ന ഒരു ജില്ലയാകുന്നു കൊല്ലം...! കൊല്ലവർഷം ഇവിടെയാണ് തുടങ്ങിയത്....ഇങ്ങനെ കൊല്ലത്തിന്റെ വിശേഷണങ്ങൾ മാത്രം പറയാൻ വേറെ ബ്ലോഗ് തന്നെ വേണ്ടിവരും.അത്രക്കും പ്രസിദ്ധമാണ് മ്മടെ കൊല്ലം.
പച്ച നിറത്തിലുള്ള എഞ്ചിനുമായി അവൻ വരുന്നു.....









റയിൽവേയിൽ നിന്നുതന്നെ രാവിലത്തെ "ഞം ഞം" കഴിഞ്ഞു. നേരെപോയി ടിക്കറ്റ് എടുത്തു. രണ്ടു സെങ്കോട്ടയ് അമ്പതു രൂപ. കൊല്ലം സ്റ്റേഷന്റെ 1 A യിൽ നിന്നാണ് നമ്മുടെ വണ്ടി പുറപ്പെടുന്നത്. ഒൻപതര ആയപ്പോൾ കടും പച്ച നിറത്തിലുള്ള എഞ്ചിനുമായി നമ്മുടെ വണ്ടി വന്നു. ഏകദേശം 12  കോച്ചുകൾ ഉണ്ടെന്നു തോന്നുന്നു. വല്യ തിരക്കില്ലാത്ത ഒന്നിൽ ഞങ്ങൾ കയറി. അടുത്ത ക്യാബിനുകളിൽ തമിഴ്നാട്ടുകാരായ ഏതാനും യാത്രികർ മാത്രം. 

അപ്പോഴത്തെ ആവേശത്തിനു ഒരാളെ പരിചയപ്പെട്ടു, രവി അണ്ണൻ...! വീട് ചെങ്കോട്ടക്കും അപ്പുറം ശങ്കരൻകോവിൽ , ഉത്സവ കച്ചവടമാണ്. മുവാറ്റുപുഴയിൽ ഒരു ഉത്സവം കഴിഞ്ഞു നാട്ടിലേക്ക് പോകുകയാണ്. ഉടനെ തിരിച്ചു വരും, ആലുവാ ശിവരാത്രിക്ക്...തമിഴ്നാട് കാണാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ അണ്ണന് പെരുത്ത ഖുഷി ...മറ്റൊരു കുടുംബം തെങ്കാശിക്കു പോകുന്നു. തികച്ചും സാധാരണക്കാർ. അവർക്കു ചെങ്കോട്ടയിൽ നിന്നും പോകേണ്ട വണ്ടിയും സമയവുമെല്ലാം നമ്മൾ ആപ്പിൽ നോക്കി വെച്ചു തകർത്തു. സന്തോഷം കൊണ്ടാകാം അണ്ണാച്ചി എന്നെ ചായ കുടിക്കാൻ വിളിച്ചു. "മാണ്ട" ....നമ്മൾ ജാഡയിട്ടു...! അണ്ണാച്ചിക്ക് നമ്മളോട് നല്ല ബഹുമാനം....! തമിഴർ നല്ല സ്നേഹമുള്ളവരാണ് നമ്മളായിട്ട് അലമ്പാക്കുന്നതാണ്....!
രവി അണ്ണൻ ഫ്രം ശങ്കരൻകോവിൽ
 














അപ്പോൾ യാത്രിയോം കൃപയാ ധ്യാൻ ദീജിയെ നമ്മുടെ വണ്ടി പത്തേകാലിനു
പുറപ്പെട്ടു. തിരക്കൊഴിഞ്ഞ വണ്ടിയാണ്.നല്ല വൃത്തിയും മെനയും. കൊല്ലം പട്ടണത്തെയും തമിഴ്നാട്ടിലെ ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ മാർഗം. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റൂട്ടും ഇതാണ്.93 കിലോമീറ്റർ ദൂരം.1904 മുതൽ ഈ റൂട്ടിൽ ട്രെയിൻ ഓടുന്നു. കൊല്ലത്തുനിന്നും കിളികൊല്ലൂർ ചന്ദനത്തോപ്പ് കുണ്ടറ  കുണ്ടറ ഈസ്റ്റ്  എഴുകോൺ കൊട്ടാരക്കര കുറി ആവണീശ്വരം പുനലൂർ  ഇടമൺ  ഒറ്റക്കൽ  തെന്മല കഴുതുരുട്ടി  എടപ്പാളയം  ന്യൂ ആര്യങ്കാവ്  ആര്യങ്കാവ്  ഭഗവതിപുരം വഴി
ചെങ്കോട്ട ഇതാണ് റൂട്ട്. അകെ  17 സ്റ്റേഷനുകൾ.

1873 ഇൽ മദ്രാസ് സർക്കാർ കൊല്ലം ചെങ്കോട്ട മീറ്റർ ഗേജ് പാതയെക്കുറിച്ചു ആലോചിച്ചു. പക്ഷേ,തിരുവനന്തപുരം റെയിൽവേയിലെ അപ്പികൾ, തിരുവനന്തപുരം-തിരുനൽവേലി റൂട്ടിനുവേണ്ടി വാദിച്ചു.

ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല അപ്പികളെ... എന്നുപറഞ്ഞു മദ്രാസ് സർക്കാർ തങ്ങളുടെ തീരുമാനം നടപ്പിൽ വരുത്താൻ തീരുമാനിച്ചു...പിന്നല്ലാതെ....!?
അവരുടെ 17 ലക്ഷം രൂപയും തിരുവിതാംകൂർ ദിവാൻ -രാമയ്യങ്കാർ-കൊടുത്ത 6 ലക്ഷം രൂപയും കൊണ്ട് പദ്ധതിക്ക് തുടക്കമായി.

മീറ്റർ ഗേജ് ബ്രോഡ്  ഗേജ് 

റെയിൽ പാള ങ്ങൾക്കിടയിലെ  അകലത്തിനു പറയുന്ന പേരാണ് ഗേജ്. ബ്രോഡ്ഗേജ്, മീറ്റർ ഗേജ്. ഇനി ഒരെണ്ണം കൂടിയുണ്ട് നാരോ ഗേജ്,  ഇങ്ങനെയൊക്കെയല്ലേ നമ്മൾ ഇതൊക്കെ അറിയുന്നത്.

തീര പ്രദേശത്തുനിന്നും ഇടനാട്ടിലൂടെ മലനാട്ടിലേക്ക് ഒരു മീറ്റർ ഗേജ് റെയിൽപ്പാത  അങ്ങനെ രൂപംകൊണ്ടു. ആര്യങ്കാവിൽ മലതുരന്നു ഒട്ടേറെ തുരങ്കങ്ങളും പാലങ്ങളും പണിതു. ഇതിനിടെ തൊഴിലാളികൾക്ക് മലമ്പനിയും മറ്റും പടർന്നതിനാൽ നീണ്ട 21 വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. കൊങ്കൺ റെയിൽവേയുടെ ഒരു ചെറിയ ഫീലിങ്ങ്സ് ഒക്കെയുണ്ട്. തുരംഗങ്ങൾ വളരെ ശ്രമകരമായ ഒരു പരിപാടിയാണല്ലോ...? കൊല്ലത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുക എന്ന തീരുമാനത്തിന് മുന്നിൽ വലിയ മലകളൊന്നും തടസ്സമായില്ല. തുരങ്കം തുറന്നുകൊണ്ടു പാത ശരിയായി.


1902 ഇൽ  കൊല്ലത്തുനിന്നും ആദ്യ ചരക്കു വണ്ടി ഓടി. ആദ്യ യാത്രാ വണ്ടി 1904 ജൂൺ 1 നും. 1904 നവംബർ 26 നു കൊല്ലം ചെങ്കോട്ട റെയിൽവേ ലൈൻ ഉത്‌ഘാടനം ചെയ്തു. ശക്തമായ മഴയെ തുടർന്ന് തുരങ്കങ്ങളുടെ ചുവരുകൾ ഇടിഞ്ഞു വീണതിനാൽ ഉത്‌ഘാടന ദിവസം ട്രെയിൻ പുനലൂർ വരെ ഓടിയുള്ളു. കൊല്ലം സ്റ്റേഷൻ മാസ്റ്റർ ആയിരുന്ന രാമയ്യ ആദ്യത്തെ വണ്ടിക്കു പച്ചക്കൊടി കാണിച്ചു. വണ്ടി പുറപ്പെട്ടപ്പോൾ 21 ആചാര വെടികൾ മുഴങ്ങി.

ആദ്യത്തെ വണ്ടിക്കു നാട്ടുകാർ "ധൂമ-ശകടാസുരൻ"എന്ന് പേരിട്ടു. ച്ചാൽ.....
പൊടി പറപ്പിച്ചു വരുന്ന രാക്ഷസ വണ്ടി....ഇതിന്റെ ചൂളം വിളി കേട്ട നാട്ടുകാർ മുണ്ടും മടക്കിക്കുത്തി ഓടിയെന്നു ചരിത്രം....ആദ്യമായി കാണുകയല്ലേ ഇതുപോലൊരു സാധനം....!എങ്ങനെ ഓടാതിരിക്കും...അന്നുമുതലായിരിക്കും കണ്ടം വഴിയുള്ള ഓട്ടത്തിന് തുടക്കം കുറിച്ചത്...?! ട്രെയിനിന്റെ ഭാഗങ്ങൾ തൂത്തുക്കുടിയിൽ നിന്നും പത്തേമാരിയിൽ കൊച്ചുപിലാമൂട് തുറമുഖത്തു എത്തിച്ചു അവിടെനിന്നും കാളവണ്ടിയിലും മറ്റും കൊല്ലത്തു കൊണ്ടുവന്നു കൂട്ടി യോജിപ്പിച്ചാണ് വണ്ടി ഓടിച്ചത്...1997-98 കാലത്തു തുടങ്ങിയ കൊല്ലം ചെങ്കോട്ട ബ്രോഡ് ഗേജ് പദ്ധതി 2018 ഇൽ പൂർത്തീകരിച്ചു. ഇപ്പോൾ കുറച്ചുകൂടി സൗകര്യങ്ങൾ ലഭ്യമാണ്.
പുനലൂർ വെച്ചു പുറകിലും എൻജിൻ ഘടിപ്പിക്കുന്ന ആചാരം കണ്ടുനിൽക്കുന്നവർ 










പറഞ്ഞു തീർന്നില്ല, നമ്മുടെ വണ്ടി കൊട്ടാരക്കരയും പിന്നിട്ടു പുനലൂർ എത്തി.
ഇവിടെ വരെ സാധാരണ യാത്രാനുഭവമാണ്. ഇവിടെനിന്നും യാത്രയുടെ ടോൺ മാറുകയാണ്. ഇവിടെ വെച്ച് ട്രെയിനിന്റെ പുറകിൽ മറ്റൊരു എൻജിൻ കൂടി ഘടിപ്പിക്കും. കാരണം ഇനി വലിയ കയറ്റം കയറണം. പുനലൂർ മുതൽ യാത്രക്ക് ഒരു പ്രത്യേക ഭംഗിയാണ്....അത് കണ്ടുതന്നെ അനുഭവിക്കണം...

കല്ലട ആറിന്റെ തീരം വഴി വണ്ടി കയറ്റം കയറി മുകളിലേക്ക് പോകുകയാണ്. ട്രെയിനിൽ കയറ്റം കയറുന്നത് ആദ്യത്തെ അനുഭവമായിരുന്നു. സ്പീഡും വളരെ കുറവായിരുന്നു. തീരെ കുറവെന്നും പറയാൻ പറ്റില്ല, ചിലയിടങ്ങളിൽ നല്ല വേഗതയുണ്ട്. പുനലൂരിനും ആര്യങ്കാവിനും ഇടയിൽ ചെറുതും വലുതുമായ അഞ്ചു തുരംഗങ്ങൾ...പാലങ്ങൾ...എല്ലാം കാണാം. ഉയരം കൂടുംതോറും യാത്രയുടെ ഭംഗിയും കൂടിക്കൂടിവന്നു.
13 കണ്ണറപ്പാലവും നമ്മുടെ ധൂമ ശകടാസുരനും
 










തെന്മല സ്റ്റേഷൻ കഴിഞ്ഞു മൂന്നാം തുരങ്കം ഇറങ്ങിവരുന്നതാണ് 13 കണ്ണറ പാലം. ഇന്നേക്ക് 116 വർഷം മുമ്പ് ബ്രിട്ടീഷ്കാർ പണിത ഈ പാലം കൊല്ലം തിരുമംഗലം ദേശീയ പാതയിൽ (NH 208) കഴുതുരുട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. റോഡിനു സമാന്തരമായി കോട്ടവാതിലുകളോടൊപ്പം പഴമയുടെ ഭംഗിയും പ്രതാപവും പേറി തലയുയർത്തി നിൽക്കുന്ന ഇതിന്റെ നിർമ്മിതി സുർക്കി ഉപയോഗിച്ചായിരുന്നു. ഇപ്പോൾ പാലത്തിനു കുറച്ചു ബലപ്പെടുത്തൽ നടത്തിയിട്ടുണ്ട്. 

ഇടുക്കി ഡാം പണിതിരിക്കുന്നതും ഈ സുർക്കി ഉപയോഗിച്ചാണെന്നു ഓർക്കണം. സുർക്കിയുടെ ഗുണമാണോ അതോ ബ്രിട്ടീഷ്കാരുടെ തലയുടെ ഗുണമാണോ എന്നറിയില്ല ഇതിനൊക്കെ ആന ബലമാണ്. ഇതുപോലെ ശ്രമകരമായ ഒരു റെയിൽവേ ലൈനിന്റെ പണി ഇന്നത്തെ സാഹചര്യത്തിൽ നടക്കാൻ സാധ്യത വളരെ കുറവാണു. ഒരുകാര്യം മാത്രം നടക്കും തുരങ്കം വെക്കൽ.  പണ്ടൊക്കെ ജനസേവനമായിരുന്നു.  ഇന്ന് സ്വയം സേവനമാണല്ലോ...?!! 
13 
ചെങ്കോട്ട റൂട്ടിൽ ഏറ്റവും ഭംഗിയുള്ള ഭാഗവും ഇതുതന്നെയാണ്. ഞങ്ങളുടെ ട്രെയിൻ പാലം കടന്നുവരുന്ന സമയം ഒരു ചെറു  സെറ്റ് ക്യാമറയും തൂക്കി പാലത്തിന്റെ സൈഡിൽ നിൽപ്പുണ്ടായിരുന്നു.വലിയ മേജർ സെറ്റുകൾ തെന്മല എക്കോ ടൂറിസം തപ്പി നടക്കുമ്പോൾ മൈനർ സെറ്റുകൾ ഇങ്ങനെയുള്ള സീനറി പടമാക്കാൻ പാലത്തിൽ കുത്തിയിരിക്കും..!യൂട്യൂബ് നോക്കിയാൽ കണ്ണറപ്പാലത്തിന്റെ ധാരാളം വീഡിയോ ഉണ്ടാകും. എല്ലാം മ്മടെ ട്രാവൽ ബ്ലോഗെർമാരുടെയാണ്.
13 കണ്ണറപ്പാലം -ഇപ്പോഴത്തെ കാഴ്ച 















വണ്ടി ആര്യങ്കാവിൽ എത്തിയിരിക്കുന്നു. കേരളം ഇവിടെ തീരുകയാണ്...
ഇവിടം മുതൽ സ്റ്റേഷൻ പേരുകൾ തമിഴിൽ എഴുതിയിരിക്കുന്നു. പെട്ടന്നു ട്രെയിനിൽ ഒരാൾ പ്രത്യക്ഷപ്പെട്ടു. ടിക്കറ്റ് ചെക്കർ-തമിഴ്നാട്ടുകാരൻ. വന്നയുടനെ ചേട്ടൻ പണിയും തുടങ്ങി.  ഞങ്ങളുടെ അപ്പുറത്തെ ക്യാബിനിൽ യാത്രചെയ്ത ഒരു മലയാളി ചേട്ടന് 1500 രൂപ ഫൈൻ അടിക്കുന്ന മഹനീയ ദൃശ്യം ഞങ്ങൾ കണ്ടു. പാസ്സന്ജർ ട്രെയിനല്ലേ എന്നു കരുതി 25 രൂപ ലഭിക്കാൻ നോക്കിയതാണ്. പിടി വീണു..നാണം കെട്ടു...വളരെ സാധാരണക്കാരായ, കൂലിപ്പണിക്കാരായ   തമിഴ് നാട്ടുകാർ കൂടെയുള്ള കുട്ടിക്കുപോലും ഹാഫ് ടിക്കറ്റ് എടുത്ത് മാന്യമായി യാത്ര ചെയ്യുമ്പോളാണ് നമ്മുടെ മലയാളിയുടെ ഓവർ സ്മാർട്നെസ്സ് പിടിക്കപ്പെട്ടത്....! 












ട്രെയിൻ ഒരു കിലോമീറ്റർ ദൂരമുള്ള തുരങ്കം കയറി തമിഴ് നാട്ടിൽ ഇറങ്ങി...
നീണ്ടു കിടക്കുന്ന പാടങ്ങൾ.....നെൽ കൃഷിയാണ്.....
തെങ്ങിൻ തോപ്പുകൾ ധാരാളം കാണാൻ കഴിയും.
വാഴത്തോട്ടം......ഏക്കർ കണക്കിന് മാവിൻതോട്ടം....തമിഴരുടെ കാർഷിക സംസ്കാരത്തിന്റെ നേർക്കാഴ്ചകൾ ട്രെയിനിന്റെ ഇരുവശത്തും നമ്മളെ വരവേൽക്കുന്നു. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനം നെൽകൃഷി ആണെന്ന് ഗൂഗിൾ മോൻ പറയുന്നു.\












   ഭഗവതിപുരം....തമിഴ്‌നാട്ടിലെ ആദ്യത്തെ സ്റ്റോപ്പ്....
തിരക്കുകൾ ഒന്നുമില്ല....പ്രകൃതിരമണീയമായ കാഴ്ചകൾ....തണൽ വിരിക്കുന്ന കുറെ കൂറ്റൻ മരങ്ങളാണ് ഇവിടുത്തെ ആകർഷണം. എല്ലാ ചെങ്കോട്ട ട്രാവൽ വിഡിയോയിലും ഈ മരങ്ങൾ ഉണ്ടാകും, അത്രക്കും ഭംഗിയുണ്ട്.

















  മലഞ്ചെരുവിൽ കുറെ അണ്ണൻമ്മാർ ഗോക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും നടക്കുന്നു....കൃഷിക്കാർ നിലം ഒരുക്കുന്നു...കാളകൾ പണിയെടുക്കുന്നു...സത്യത്തിൽ ഇവരൊക്കെ ഇങ്ങനെ വെയിൽ കൊണ്ട് പണിയുന്നതുകൊണ്ടാണ് നമ്മളൊക്കെ കഞ്ഞികുടിച്ചു പോകുന്നത്...!അവരെ നമിക്കുന്നു.

ബംഗാളികൾ വരുന്നതിനു മുമ്പ് നമ്മൾക്ക് ഒത്തിരി ബന്ധം ഉണ്ടായിരുന്നത് തമിഴ്നാട്ടുകാരുമായിരുന്നു. തുണി ,മുട്ട, കലം, പ്ലാസ്റ്റിക് പാത്രം ഒക്കെയായി അവർ നമ്മുടെ വീടുകളിൽ എത്തിയിരുന്നു. നമ്മുടെ ചെറുപ്പ കാലത്തു ഞായറാഴ്ച തുണിയുമായി വരുന്ന മുരളി അണ്ണാച്ചി...വീടുകളിൽ നിന്നും അരിയൊക്കെ വാങ്ങിക്കൊണ്ടുപോകുന്ന ഒരു കാളിമുത്തു...ഇങ്ങനെ ഒത്തിരി പേരെ ഇന്നും ഓർക്കുന്നു. ഇന്നവരെല്ലാം പോയി. ബ്ലേഡ്കാർ മാത്രമായി. നമ്മൾ ബ്ലേഡ് പരുവത്തിലുമായി....!















കൃത്യം   രണ്ടരയായപ്പോൾ ട്രെയിൻ സെങ്കോട്ടയ്എത്തിച്ചേർന്നു. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ഒരു സെക്കന്റ് ഗ്രേഡ്  മുൻസിപ്പാലിറ്റിയാണ് ചെങ്കോട്ടയ്‌. 2.68 കിലോമീറ്റർ വിസ്‌തൃതിയുള്ള പട്ടണം. പണ്ട് ഇവിടം തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. പിന്നീട് അതിർത്തി പുനഃർനിർണ്ണയത്തിൽ പിരിഞ്ഞു പോയതാണ്. വാഹന രെജിസ്ട്രേഷൻ നമ്പർ TN-76.ഏകദേശം ഒരു ഐഡിയ കിട്ടിയല്ലോ ല്ലേ..!!?

 കാറ്റാടിപ്പാടങ്ങൾ അതിരു തീർക്കുന്ന ചെങ്കോട്ട.. പട്ടണത്തിലേക്ക് കയറുന്നതിനു കോട്ടപോലുള്ള വാതിൽ ഉണ്ടായിരുന്നതിനാലാണ് ചെങ്കോട്ട എന്ന പേര് വന്നത്. എന്തായാലും വളരെ മെനയുള്ള ഒരു സ്റ്റേഷനാണ് കെട്ടോ...!ടൈൽസ് ഒക്കെ പാകി ഭംഗിയാക്കിയിട്ടുണ്ട്. തമിഴിന്റെ മാരക വേർഷൻ സംസാരിക്കുന്ന അണ്ണൻമ്മാരും അണ്ണികളും. ചെന്തമിഴാണോ കൊടുംതമിഴാണോ അതോ വെറും തമിഴാണോ എന്നറിയില്ല.എല്ലാവരും എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാവരും ബിസിയാണ്. അതറിയാം.
നമ്മൾ വന്ന വണ്ടി പേരുമാറി തിരുനൽവേലിക്കു പോകാൻ റെഡിയാകുന്നു.
ചെന്നൈ എഗ്മൂർ "വരൈ സെല്ലും" ട്രെയിൻ മാറിക്കിടക്കുന്നുണ്ട്. പാസ്സന്ജർ ട്രെയിനുകൾ വരുകയും പോകുകയും ചെയ്യുന്നു.

നല്ല ചൂട് കാലാവസ്ഥ ആണെങ്കിലും ഇവിടെ നല്ല കാറ്റ് വീശുന്നുണ്ട്. ചെറിയൊരു കുളിർമ്മയും...!വീട്ടിൽനിന്നും പൊതിഞ്ഞെടുത്ത ലെമൺ റൈസും ഫ്രൈഡ് ചിക്കനും, ഇവിടെ ഒരു സ്റ്റാളിൽ നിന്നും വാങ്ങിയ
കൂൾ തണ്ണിയും ഞങ്ങൾ ഒരു സൈഡിൽ മാറിയിരുന്നു താങ്ങി....പിന്നല്ല..!
തിരിച്ചു പുനലൂരിന് ബസ് കിട്ടുന്ന സ്റ്റാൻഡ് എവിടാണെന്നു ഒരു ചേച്ചിയോട് ചോദിച്ചു....ഭാഗ്യത്തിന് ഞങ്ങൾ പറഞ്ഞത് അവർക്കും അവർ  പറഞ്ഞത് ഞങ്ങൾക്കും മനസ്സിലായില്ല. ഒരു അപ്പച്ചൻ പറഞ്ഞു പുറത്തു ആട്ടോ ഉണ്ട് അവരോടു പറഞ്ഞാൽ മതിയെന്ന്..അത് ഞങ്ങൾ ശിരസ്സാ വഹിച്ചുകൊണ്ട് പുറത്തിറങ്ങി.
വസന്തകുമാറും ദുരൈ അണ്ണനും 












കിട്ടിയ ആട്ടോയിൽ കയറി -ബസ് സ്റ്റേഷനിൽ വിടണമെന്ന് പറഞ്ഞു-എന്തോ അണ്ണന് മനസ്സിലായെന്നു തോന്നുന്നു. ആട്ടോ ഹനുമാൻ ഗിയറിൽ പാഞ്ഞു....!പോകുന്ന കൂട്ടത്തിൽ അണ്ണനെ പരിചയപ്പെട്ടു-ദുരൈ എന്നാണ് പേര്, ഓട്ടോയുടെ പേര് വസന്തകുമാർ..പേര് പറഞ്ഞെങ്കിലും ഊര് പറഞ്ഞില്ല..സ്റ്റാൻഡിനു മുന്നിൽ വസന്തകുമാർ ഒതുക്കി,അൻപത് രൂപയും വാങ്ങി എനിക്കൊരു ഷേക്ക് ഹാൻഡും തന്നിട്ട് പുള്ളിപോയി. മാന്യമായ റേറ്റ്ആയിരുന്നു.

ചെങ്കോട്ട ബസ് സ്റ്റാൻഡ്. ആന വണ്ടികളും(KSRTC ) അണ്ണൻ വണ്ടികളും(SETC) ധാരാളം കിടക്കുന്നുണ്ട്. അങ്ങനെ നിന്നപ്പോൾ ദാ വരുന്നു ഒരു ആന വണ്ടി..ബോർഡ് നോക്കി,കഷ്ടം അത് അച്ചൻകോവിൽ പോകുന്നതാണ്. മൂന്നേ മുക്കാലിന് കൊല്ലം വണ്ടി വരുമെന്ന് ഡ്രൈവർ ചേട്ടൻ മൊഴിഞ്ഞു. നമ്മൾക്ക് സമാധാനമായി.മൂന്നര കഴിഞ്ഞപ്പോൾ ദാണ്ടെ ,നമ്മുടെ ചുവന്ന കളർ ആന വണ്ടി വരുന്നു കൊല്ലം ബോർഡും വെച്ച്. വേറൊരു സംസ്ഥാനത്തുവെച്ചു നമ്മുടെ ട്രാൻസ്‌പോർട് ബസ്സ് കാണുമ്പോളുള്ള സന്തോഷം ഒന്ന് വേറെയാണ്.

നമ്മുടെ KSRTC എന്ന് പറഞ്ഞാൽ പുലിയല്ലേ..?എത്രപേർ ആശ്രയിക്കുന്ന സഞ്ചാര ഉപാധിയാണ്....?!   സർക്കാർ വണ്ടി പ്രേമികളുടെ കൂട്ടായ്മയായി ആനവണ്ടി എന്നപേരിൽ ഗ്രൂപ്പ് പോലുമുണ്ട്. നമ്മുടെ വണ്ടിയല്ലേ മുന്നിൽ നിക്കണത്..! ഒന്നും നോക്കിയില്ല ,ചാടിക്കയറി, സീറ്റും കിട്ടി. രണ്ടു പുനലൂർ 156 രൂപ. തിരിച്ചുള്ള പുനലൂർ യാത്രയും സൂപ്പർ.

ചെങ്കോട്ട പട്ടണം വിട്ടു ബസ് ഉയരത്തിലേക്ക് കയറാൻ തുടങ്ങിയിരുന്നു.
മുകളിൽ ഫോറെസ്റ് ഏരിയ ആണ്. ബസ്സിൽ ഇരുന്നാൽ അങ്ങുതാഴെ ചെങ്കോട്ട പട്ടണവും കാറ്റാടിപ്പാടങ്ങളും കാണാൻ നല്ല രസമാണ്. വീണ്ടും ബസ് ഉയരങ്ങളിലേക്ക് കയറി..താഴെയുള്ളതെല്ലാം ചെറുതായിവന്നു. ചെങ്കോട്ട മെല്ലെ കണ്ണിൽനിന്നും മറഞ്ഞു. നല്ല എക്സ്പേർട് ഡ്രൈവർ ആയിരുന്നു നമ്മുടെ അനവണ്ടിയുടെ.! ഹെയർ പിൻ വളവുകളൊക്കെ ഇതൊക്കെഎന്ത് എന്ന് പറഞ്ഞു ചേട്ടൻ കൂളായി തിരിച്ചു ഒടിച്ചു നേരെയാക്കിക്കൊണ്ടിരുന്നു.

ഈ റൂട്ടിലാണ് കുറ്റാലം വെള്ളച്ചാട്ടവും പാലരുവിയും  ഒക്കെ. അതിന്റെ ബോർഡ് ഒക്കെ കണ്ടു. നമ്മൾ വന്ന ട്രെയിൻ റൂട്ടിന്റെ ഏകദേശം അടുത്തുകൂടി തന്നെയാണ് ബസ്സ് റൂട്ടും. ട്രെയിൻ ഒത്തിരി മുകളിലൂടെയാണ് പോകുന്നത് ബസ്സ് ഒത്തിരി താഴെയും.  ആര്യങ്കാവ് കഴിഞ്ഞു തെന്മല എക്കോ ടൂറിസത്തിന്റെ കുറെ ഭാഗങ്ങൾ ഈ യാത്രയിൽ കാണാൻ കഴിയും. അഞ്ചേകാലിനു ബസ് പുനലൂർ പിടിച്ചു. വീണ്ടും ഓട്ടോയിൽ പുനലൂർ റെയിൽവേ സ്റ്റേഷനിലേക്ക്.
പുനലൂർ-ഗുരുവായൂർ ട്രെയിൻ അഞ്ചരക്ക് പുറപ്പെടും. രണ്ടു കോട്ടയം 70രൂപ.
ഒൻപതരയ്ക്ക് കോട്ടയം എത്തും....!

കൊല്ലം ചെങ്കോട്ട ട്രെയിൻ യാത്ര...എല്ലാവരെയും ഞങ്ങൾ ഇതിലേക്ക് സ്വാഗതം ചെയ്യുകയാണ്.ഒന്ന് പോയി ആസ്വദിക്കണം..!പകൽ യാത്രയാണ് അനുയോജ്യം.
നമ്മുടെ പാലരുവി എക്സ്പ്രസ്സ് ഈ റൂട്ടിലൂടെയാണ് യാത്ര;  പക്ഷേ മുതു പാതിരായ്ക്ക് പോയാൽ ഏത് നായ്കുറുക്കനെ കാണാനാണ്...? അതിനാൽ കൊല്ലത്തുനിന്നും ചെങ്കോട്ട പാസ്സന്ജർ ട്രെയിനിന് തന്നെ പോകണം. അതാണ് അതിന്റെയൊരു ഇതെന്ന് പറയുന്നത്..!ചെറിയ രൂപയ്ക്കു 93 കിലോമീറ്റർയാത്ര. ഒത്തിരി ചിക്കിലി ഉള്ളവൻ കുളു-മണാലിയൊക്കെ പോകുമ്പോൾ ചിക്കിലി ഇല്ലാത്തവർ പാവപ്പെട്ടവരുടെ കുളു-മണാലിയായ ചെങ്കോട്ടക്കു പോകണം...എന്നാണ് നമ്മൾക്ക് പറയാനുള്ളത്.

ഇടയ്ക്കു കയറി ഒരുകാര്യം പറഞ്ഞുകൊള്ളട്ടെ...ഈ യാത്ര പോകുന്നവർ ടൈം ഷെഡ്യൂൾ ചെയ്തുമാത്രമേ പോകാവൂ. കാരണം റെയിൽവേ നമ്മുടെ അമ്മാവന്റെ അല്ലാത്തതിനാൽ നമ്മുടെ സമയത്തിന് വണ്ടി  കിട്ടിയെന്നു വരില്ല. ചെങ്കോട്ടയിൽ നിന്നും രാവിലെ 5.00 AM ,   11.40 AM  കഴിഞ്ഞാൽ പിന്നെ കൊല്ലം ട്രെയിൻ കിട്ടുന്നത് രാത്രി 12.40 നു ആണ്. ഈ സമയത്തിന്റെ ഇടയ്ക്കു കുറെ ട്രിപ്പുകൾ കൂടി ഉണ്ടായിരുന്നെങ്കിൽ   യാത്രക്കാർക്ക് ഒത്തിരി ഗുണം ചെയ്യുമായിരുന്നു. സ്പെഷ്യൽ ട്രെയിനുകൾ ഇടയ്ക്കു വന്നാൽ വന്നു എന്നേയുള്ളു. ഭാവിയിൽ അങ്ങനെയൊരു മാറ്റം പ്രതീക്ഷിക്കാം...!


സമയം 5.30 PM പുനലൂർ ഗുരുവായൂർ ഫാസ്റ്റ് പാസ്സന്ജർ പുറപ്പെട്ടു...
ചൂട് വളരെ കൂടുതലായിരുന്നു ,ഞങ്ങൾ ഉറക്കത്തിലേക്കും വണ്ടി വിട്ടു...


തള്ളേ, നിൽ....പോകാൻ വരട്ടെ....
മ്മടെ യാത്രകളുടെ നല്ല പൊളപ്പൻ ഫോട്ടംസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്....സംഭവത്തിന്റെ ലിങ്കുകളും മറ്റും താഴെ കൊടുത്തിരിക്കുന്നു.


https://www.instagram.com/janoshkjohn/

1 comment:

  1. വായിച്ചതിനു ശേഷം അഭിപ്രായങ്ങൾ അറിയിക്കണേ....

    ReplyDelete

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...