Saturday, January 09, 2021

കവിയൂർ ഗുഹ - മഹേന്ദ്ര വർമ്മ രാജാവ് പണിതതാണെന്നു പറയാൻ പറഞ്ഞു

ലോക്ക് ഡൗൺ പ്രമാണിച്ചു യാത്രകളൊക്കെ മാറ്റിവെച്ചു. ദദായത്  "കൊറോണാ വൈറസ് അൺലോക് പ്രക്രിയ രാജ്യമെമ്പാടും ആരംഭിച്ചിരിക്കുകയാണ് അതുകൊണ്ടു നിങ്ങളുടെ വീടുകളിൽനിന്നും അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ......" ഇങ്ങനെ ഒരു ചേച്ചി ശ്വാസം പിടിച്ചു   മൊബൈലിൽ വിളിച്ചു പറയുന്നതുകൊണ്ട് നമ്മൾ പരമാവധി വീട്ടിനുള്ളിൽ തന്നെ കുറ്റിയടിച്ചു. അങ്ങനെ കുറ്റിയടിച്ചു വരവേ ലോക്ക് ഡൗണും മറ്റും അയഞ്ഞു തുടങ്ങി, യാത്ര ചെയ്യാമെന്നായി.  അപ്പോളാണു ഞങ്ങളുടെ അയൽ രാജ്യമായ തിരുവല്ല വരെ ഒന്നു പോകേണ്ട ആവശ്യം വന്നത്. തിരുവല്ല എല്ലാവരും അറിയുന്ന സ്ഥലമാണ്. ഒത്തിരി പ്രശസ്തരുടെ നാട്. നടൻ സോമൻ, നെടുമ്പ്രം ഗോപി, നാടൻ പാട്ട് കുലപതി തിരുവല്ലാ കുട്ടപ്പൻ, സാമൂഹിക പരിഷ്‌കർത്താവ് പൊയ്കയിൽ അപ്പച്ചൻ,  മീരാ ജാസ്മിൻ, കാവേരി, ഊർമിള ഉണ്ണി അങ്ങനെ പുതുതലമുറ നടി, ഡയാന എന്ന ആയില്യം തിരുനാൾ നയൻ താരയുടെയും ജന്മ സ്ഥലമാണ് ഇവിടം.  ഈ തിരുവല്ലയുടെ കിഴക്കു ഭാഗത്താണ് കവിയൂർ എന്ന പ്രസിദ്ധമായ സ്ഥലമുള്ളത്. അങ്ങനെയാണു  അടുത്ത ട്രാവൽ ബ്ലോഗ് കവിയൂരുള്ള ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനെപ്പറ്റി ആകാമെന്നു വെച്ചത്. ആർക്കും വിരോധമൊന്നും ഇല്യാച്ചാൽ നോം അങ്ങു തുടങ്ങുവാണു.....!


നൂറ്റാണ്ടുകളുടെ ചരിത്രം അവശേഷിപ്പിക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണ് കവിയൂർ. ആദ്യകാല കേരളത്തിൽ ബ്രാഹ്മണർ കുടിയേറി താമസിച്ച ഒരു സ്ഥലമാണിത്. ആദ്യത്തെ 64 ബ്രാഹ്മണ സെറ്റിൽമെന്റുകളിൽ ഒന്നായും കവിയൂർ അറിയപ്പെടുന്നു. കുരങ്ങുകൾ ഉള്ള സ്ഥലം, ഗുഹയുള്ള സ്ഥലം, വെള്ളം കവിഞ്ഞൊഴുകുന്ന സ്ഥലം...ഇങ്ങനെ കവിയൂർ എന്ന പേരു വന്നതിന്റെ പിന്നിൽ പല വാദങ്ങളുണ്ട്. പടിഞ്ഞാട്ടുംചേരി, ആഞ്ഞിലിത്താനം, കുന്നംന്താനം, ഇരവിപേരൂർ, മുരണി എന്നീ അഞ്ചു ദേശങ്ങളും, കിഴക്കൻ മുത്തൂരിന്റെ ചില ഭാഗങ്ങളും  ചേർന്നതായിരുന്നു പുരാതന കവിയൂർ ഗ്രാമം. ആധുനിക കവിയൂരിൽ  ജനിച്ചുവളർന്നവരാണ് അഭിനേതാക്കളായ കവിയൂർ പൊന്നമ്മയും,പാർവതി ജയറാമും..!


അതെല്ലാം മറന്നേക്കൂ....കവിയൂർ നിന്നും മല്ലപ്പള്ളിയിലേക്ക് തിരിയുന്ന റോഡിൽ അൽപ്പം വടക്കു മാറി ഒരു വലിയ പാറയുണ്ട്. ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന ഈ പാറകളിൽ ഒന്നിൽ വളരെ പുരാതനമായൊരു ഗുഹയുണ്ട്. ഐതിഹ്യവും ചരിത്രവും ഇഴ പിരിഞ്ഞു നിൽക്കുന്ന ഈ ഗുഹയും അനുബന്ധിച്ചുള്ള ക്ഷേത്രവും ഇപ്പോൾ കേരള പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. തൃക്കാക്കുടി ഗുഹാ ക്ഷേത്രം.  അതുവഴി പോകുമ്പോൾ ഈ വലിയ പാറ സ്ഥിരമായി കാണാറുള്ളതാണ്. എന്നാൽ ഗുഹയോ ക്ഷേത്രമോ ഒന്നും നമ്മൾ കണ്ടിരുന്നില്ല. ഏതായാലും ലോക്‌ഡൗണും മറ്റും കുറഞ്ഞുനിൽക്കുന്ന ഈ സമയത്തു ഒരു ട്രാവൽ ബ്ലോഗിനുള്ള  വകുപ്പായല്ലോ എന്നു കരുതി നമ്മൾ കവിയൂരിനു വെച്ചടിച്ചു. പടമെടുക്കാൻ ചേട്ടന്റെ മഹാൻ അപ്പുവിനെയും കൂടെക്കൂട്ടി.


തലേന്നു തന്നെ ഗുഹാ ക്ഷേത്രത്തിന്റെ സൂക്ഷിപ്പുകാരൻ രാജൻ ചേട്ടനെ വിളിച്ചു സെറ്റാക്കിയിരുന്നു. ചേട്ടൻ പറഞ്ഞതു അനുസരിച്ചു 9.30 ആയപ്പോൾത്തന്നെ നമ്മൾ ഹാജരായി. അവിടെയെങ്ങും ആരുമില്ല. പരിസരത്തു കുറെ വീടുകളുണ്ട്. പക്ഷെ ആരെയും പുറത്തു കാണുന്നില്ല. അങ്ങനെ കിളിപോയി നിൽക്കുന്ന നേരത്താണു നമ്മുടെ ഗുഹാ രാജൻ ചേട്ടൻ തന്റെ വാഹനത്തിൽ എഴുന്നള്ളി വന്നതു. ചേട്ടനെ കണ്ടതും ഞങ്ങൾ നന്നായി ചിരിച്ചു...!  ചേട്ടൻ നോ മൈൻഡ്....ജാഡയായിരിക്കും, ഞങ്ങൾ വിചാരിച്ചു. പിന്നെയാണ് ആ നഗ്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞത്, ഞങ്ങൾ എല്ലാവരും മാസ്ക് വെച്ചിട്ടുണ്ടായിരുന്നു..പിന്നെ കിണിക്കുന്നത് ആര് കാണാനാണ്....!?? ചേട്ടനോടു ഞങ്ങൾ ആവശ്യം അറിയിച്ചു....! സൂത്രനും ഷേരുവും കിടക്കുന്ന ഗുഹ മാത്രം കണ്ടു ശീലിച്ച നമ്മൾ ഇതാ ഒരു ഒറിജിനൽ ഗുഹയിലേക്ക് കയറാൻ പോകുന്നു....പവ്വർ വരട്ടെ പവ്വർ......


കുറെ അധികം നടകൾ കയറിയാണ് ഗുഹയിലേക്ക് എത്തേണ്ടത്. ഞങ്ങൾ രാജൻ  ചേട്ടന്റെ പിന്നാലെ കൂടി. സഹൃദയൻ.....ചാലാപ്പള്ളിക്കാരൻ...രാജൻ .....മൂന്നര വർഷമായി ഇവിടെ ജോലിചെയ്യുന്നു. പുരാവസ്തു വകുപ്പിന്റെ നിയമനമാണ്. നേരത്തെ തിരുവല്ല കുടുംബ കോടതി ജീവനക്കാരനായിരുന്നു. ഗുഹയുടെ മുന്നിലെ മതിൽക്കെട്ടിന്റെ വാതിൽ തുറന്നു ചേട്ടൻ അകത്തുകയറി. ഞങ്ങളും കയറി, പുള്ളീടെ  റസ്റ്റ് റൂം തുറന്നു ചൂലെടുത്തു. അയ്യോ.... ഞങ്ങൾ  ഞടുങ്ങി...! ഇനി ചൂല് കൊണ്ടെങ്ങാനും പൊതിരെ തല്ലിയാണോ  ഇങ്ങോട്ടു കയറ്റിവിടുന്നത്......? പലയിടത്തും പല ആചാരങ്ങളല്ലേ...? പിന്നെയാണു മനസിലായത് ഗുഹാ പരിസരം തൂത്തു വൃത്തിയാക്കാനായിരുന്നു പുള്ളി ചൂലെടുത്തതെന്നു.


"ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ"...? ചേട്ടൻ ചോദിച്ചു. അറിയാം എന്നു പറഞ്ഞാൽ പിന്നെ എന്നാ  കാണാൻ വന്നതാ....? എന്നു തിരിച്ചു ചോദിച്ചാലോ...? അറിയത്തില്ല എന്നു പറഞ്ഞാൽ അതുവരെ ഞങ്ങൾ ഇട്ട ജാഡയൊക്കെ കാറ്റായിപ്പോകുകയും ചെയ്യും.....! ഐഡിയ...!! നമ്മൾ നയതന്ത്രം പുറത്തെടുത്തു... "ചേട്ടനെ കണ്ടിട്ടു കാര്യങ്ങളൊക്കെ ചോദിച്ചു ബ്ലോഗ് എഴുതണോന്നും വെച്ചാണ്.." ആ നമ്പർ ഏറ്റു സൂർത്തുക്കളെ....  വൃത്തിയാക്കൽ കഴിഞ്ഞു ഗുഹാ ക്ഷേത്രം തുറന്നു ചേട്ടൻ പ്രാർത്ഥന നടത്തി. പിന്നെ ഗുഹയുടെ കവാടത്തിൽ ഇരുന്നു. ഞങ്ങൾ വളരെ എളിമയോടെ നിന്നു.


"പല്ലവ  രാജാവായിരുന്ന മഹേന്ദ്ര വർമ്മ എട്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് ഈ ഗുഹാ ക്ഷേത്രം". ചേട്ടൻ പറഞ്ഞുതുടങ്ങി. "ഇതിന്റെ നിർമ്മാണത്തെക്കുറിച്ചു ഒത്തിരി കഥകൾ പ്രചരിക്കുന്നുണ്ടല്ലോ...." ഞങ്ങൾ ചോദിച്ചു. "അതിലൊന്നും വലിയ കാര്യമൊന്നുമില്ല.പരമ്പരാഗതമായി പറഞ്ഞുവരുന്ന,തെളിവില്ലാത്ത കുറെ കാര്യങ്ങൾ ആവർത്തിക്കുന്നു എന്നേയുള്ളു". ചേട്ടൻ പറഞ്ഞു നിർത്തി, അകത്തുകയറി ഫോട്ടോ ഒക്കെ എടുത്തോളാൻ അനുവാദം തന്നു. കിട്ടിയ സമയംകൊണ്ടു ഞങ്ങൾ കുറെ പടമെടുത്തു.


 പാണ്ഡവൻമ്മാർ പണിതു .....ഭൂത ഗണങ്ങൾ സഹായിച്ചു.. ഒരു രാത്രികൊണ്ട് പണിതീർത്തു...പണി ആയുധങ്ങൾ മുകളിലെ പാറയിൽ കുഴിയെടുത്തു  പൂട്ടിവെച്ചു...ഇങ്ങനെ പല കഥകളാണ് പ്രചരിച്ചു വരുന്നത്.  ഈ 12 ഏക്കർ പാറയും കൊത്തിയുണ്ടാക്കിയതെന്നാണ് വേറൊരു കഥ.ചിലരൊക്കെ അതിൽ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ആധികാരികവും തെളിവ് ഉള്ളതുമായ കാര്യങ്ങൾ  മാത്രമേ തല്ക്കാലം നമ്മൾ പരിഗണിക്കുന്നുള്ളു. കാരണം നമ്മൾക്ക് അന്ധ വിശ്വാസങ്ങളെ വളർത്തുന്ന പരിപാടിയില്ല. ഒരു കാര്യം വസ്തു നിഷ്ഠമായി സ്ഥാപിക്കാൻ തെളിവുകൾ ആവശ്യമാണ്, തെളിവില്ലാത്തതും ശാസ്ത്രീയത ഇല്ലാത്തതും  സാമാന്യ യുക്തിക്കു നിരക്കാത്തതുമായ കാര്യങ്ങൾ സത്യമാണെന്നു വള്ളിപുള്ളി തൊടാതെ വിഴുങ്ങാൻ  തല്ക്കാലം നമ്മൾക്ക് പരിപാടിയില്ല......നോട്ട് ദ പോയിന്റ്....! 


ഈ ഗുഹാ ക്ഷേത്രത്തിന്റെ പൂജ മുതലായ കാര്യങ്ങൾ ദേവസ്വം ബോർഡിനും സംരക്ഷണ അവകാശം സർക്കാരിന്റെ പുരാവസ്തു വകുപ്പിനുമാണ്. മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ടു പാറക്കെട്ടുകൾക്കിടയിലാണ് ഗുഹാ ക്ഷേത്രം പണിതിരിക്കുന്നത്. പാറ തുരന്നു 20 അടി വ്യാസത്തിൽ ഉള്ള് നിർമ്മിച്ചിരിക്കുന്നു. ഇതിന്റെ ഒത്ത നടുക്കായി മൂന്നരയടി ഉയരത്തിൽ ശിവ ലിംഗവും കാണാം. ഗുഹാ മുഖത്തു പണ്ട് കല്ലിന്റെ വാതിലായിരുന്നു. ദേവസ്വം ബോർഡ് പണികഴിപ്പിച്ചതാണ് ഇന്നു കാണുന്ന മൂന്നു തടി വാതിലുകൾ. ഗുഹയുടെ ചുമരിൽ മഹർഷി, ദ്വാരപാലകർ, ഗണപതി എന്നീ കൊത്തുപണികളുണ്ട്. പല്ലവ കാലത്തെ കൊത്തുപണി ശൈലിയിലാണ് ഇവയുടെ നിർമ്മാണം. നിരവധി ദിവസങ്ങളോ മാസങ്ങളോ എടുത്തായിരിക്കാം ഇവയുടെ നിർമ്മിതി നടന്നിരിക്കുന്നത്.


എന്നും രാവിലെ ഇവിടെ പൂജ നടക്കാറുണ്ട്. ശിവലിംഗത്തിന്റെ പുറകിലൂടെ ഒരു തുരങ്കം ഉണ്ടെന്നും  അത് കവിയൂർ മഹാദേവ ക്ഷേത്രം വരെ നീണ്ടു കിടക്കുന്നുണ്ടെന്നും  പറയപ്പെടുന്നു. ഗുഹയുടെ മുന്നിൽ വലിയൊരു ആൽമരമുണ്ട്.  (ഗുഹാ മുഖേ ചതുർ സർപ്പ സ്ഥിതം വൃക്ഷം വിനാശകം....അതായത് ഗുഹയുടെ മുന്നിൽ നാലു  പാമ്പ് അകലം ഒരു മരം നിന്നാൽ അത് ഗുഹക്കു ക്ഷീണമാണെന്നു ഷേരു സൂത്രനോട്  പറഞ്ഞ കാര്യം ഞാനോർത്തു) അതിനോട് ചേർന്നു ഒരു കുളവും കാണാം. രണ്ടു പാറകളുടെ നടുവിലുള്ള ഒരു ഉറവയെ, ദേവസ്വം ബോർഡ് കുളമായി നിർമ്മിച്ചെടുത്തതാണ്. മഴക്കാലത്തു ഇതിൽ വെള്ളം നിറഞ്ഞു നിൽക്കും.ഇലയും മറ്റും വീണു ഇപ്പോൾ കുളത്തിന്റെ ആഴം വളരെ കുറഞ്ഞിട്ടുണ്ട്.


പാറയുടെ മുകളിലെ കാഴ്ചകൾ കാണാനുള്ള വഴിയും ചോദിച്ചു ഞങ്ങൾ ഇറങ്ങി. സമീപമുള്ള ഏതോ ഒരു ചേട്ടന്റെ റബ്ബർ തോട്ടം കയറിയാണ് പോയത്. ഈ വഴിയിൽ എന്നും "കമ്പനി" കൂടൽ നടക്കുന്നുണ്ടെന്നു ഞങ്ങൾക്കു മനസ്സിലായി, കാരണം പൊട്ടിയതും പൊട്ടാത്തതുമായ "ജവാൻ"മ്മാർ വീര മൃത്യു വരിച്ചു തോട്ടത്തിൽ അവിടവിടെയായി കിടന്നിരുന്നു. പൊന്തക്കാട്ടിലൂടെ നടന്നു പാറയുടെ മുകൾ ഭാഗത്തു എത്തി. നല്ലൊരു വ്യൂ പോയിന്റാണ്. നല്ല ഉയരവുമുണ്ട്. നല്ല കാറ്റ് വീശുന്നുണ്ട് , സമയം ഏകദേശം പത്തുമണി ആയതേയുള്ളു. മലയുടെ മുകളിൽനിന്നും താഴേക്ക് നോക്കിയപ്പോൾ പ്രേക്ഷകരേ അതാ കയറിവരുന്നു ഗുഹാ രാജൻ ചേട്ടൻ....


ഭീമൻ വാൾ കുത്തിയതാണെന്നും ചങ്ങല വലിച്ചതാണെന്നും പറഞ്ഞു രാജൻ ചേട്ടൻ കുറെ പാടുകൾ കാണിച്ചുതന്നു. ഐതിഹ്യമാണെന്നും ഇടയ്ക്കു പറഞ്ഞു....ഭീമൻ വാൾ വലിച്ച പാടിന് തെളിവില്ല എങ്കിലും, തോട്ടത്തിൽ ഇരുന്നു പലരും വാൾ വെക്കുന്നുണ്ടെന്നു ഞങ്ങൾ തെളിവു സഹിതം കണ്ടിരുന്നു. എന്താല്ലേ......???!! മറുവശത്തുള്ള പാറയിൽ പുരാതന ലിപിയിലുള്ള എഴുത്തുകൾ ഉണ്ടെന്നും, അതിൽ പച്ചില വെച്ചു ഉരച്ചിട്ടു ലെൻസ് വെച്ചുനോക്കിയാൽ വായിക്കാൻ കഴിയുമെന്നും ചേട്ടൻ പറഞ്ഞുതന്നു. ആ പാറയിലാണ് പണി ആയുധങ്ങൾ വെച്ചിട്ടുപോയെന്നു പറയുന്ന  അറ ഉള്ളത്. അടച്ചു വെച്ച  പ്രതീതി തോന്നിക്കുന്ന - ക്യാപ്- പോലുള്ള ഒരു കല്ലും ഞങ്ങൾ കണ്ടു, അതിനടിയിൽ ഭരണി പോലുള്ള ഒരു അറ ഉണ്ടെന്നു  ചേട്ടൻ പറഞ്ഞു.. കാലാകാലങ്ങളായി ജനങ്ങൾ വായ് മൊഴിയായി പറഞ്ഞു വരുന്നതാണ് ഇവയെല്ലാം.  പിന്നെ ഇതൊക്കെ പറയുമ്പോൾ സംഗതിക്കു ഒരു ഗുമ്മ് കിട്ടും അത്രയേയുള്ളൂ. കാര്യങ്ങൾ കാണിച്ചുതന്നിട്ടു രാജൻ ചേട്ടൻ താഴേക്ക് ഇറങ്ങി.


 പുരാതന ലിപികൾ എഴുതിയ ഭാഗം കണ്ടു, കാലപ്പഴക്കം കൊണ്ട് പലതും മാഞ്ഞു തുടങ്ങി. പക്ഷേ മായാതെ നിൽക്കുന്ന ചില "ആധുനിക" ലിപികളും പാറയിലുണ്ട്. അതും കുറെ നാറിയ മലയാളി പിള്ളേർ  എഴുതിയത്. ആൽഫിൻ, ശ്രീജു, നിഥിൻ  I LOVE YOU... എന്നൊക്കെ ലെൻസുപോലും ഇല്ലാതെ വായിക്കാൻ കഴിയും.  അത് അങ്ങനെ കുറെ മരമാക്രികൾ.  പബ്ലിക് സ്ഥലങ്ങളിൽ സ്വന്തം പേരെഴുതിവെക്കുന്ന മാനസിക രോഗികളുണ്ട്. വേറെ കാര്യമൊന്നുമില്ല ഒരുതരം മനഃസുഖം. ഇവന്റെ പേര് നാലാള് വായിക്കണം അയിനാണ്. ഇനി ഇതിന്റെ ഒരു മറുവശം പറയാം. മുകളിൽ ഞങ്ങൾ വായിച്ച  പേരുകൾ പിള്ളേർ  പാറയിൽ കൊത്തിയാണ് വെച്ചിരുന്നെങ്കിൽ കാലക്രമേണ അതിനെ ചുറ്റിപ്പറ്റി കഥകൾ മെനഞ്ഞുണ്ടാക്കും.
ഒരു സാമ്പിൾ കഥ ഇങ്ങനെയായിരിക്കും....."പണ്ടു ഈ പാറയുടെ പുറത്തുകയറിയ മൂന്നു കുട്ടികളെ ഭൂതഗണങ്ങൾ ശപിക്കുകയും അവർ കല്ലായിപ്പോകുകയും ചെയ്തു.അവരുടെ പേരുകളാണ് ഈ കാണുന്നത്."
ഇങ്ങനെയാണ് കെട്ടുകഥകൾ മെനയുകയും പ്രചരിക്കുകയും ചെയ്യുന്നത്.


 ചരിത്രം വെച്ചു നോക്കുമ്പോൾ, പ്രാചീന കേരളത്തിൽ ബുദ്ധ ജൈനൻ മ്മാരുടെ സങ്കേതങ്ങൾ ഉണ്ടായിരുന്നു.കല്ലിൽ കൊത്തി ആരാധനാലയങ്ങൾ നിർമ്മിക്കുന്ന പതിവും അവർക്കുണ്ടായിരുന്നു.കേരളത്തിൽ ഈ മതങ്ങളുടെ പതനത്തിനു  ശേഷം അവരുടെ ആരാധനാലയങ്ങൾ ക്ഷേത്രങ്ങളായി മാറ്റപ്പെട്ടിട്ടുണ്ട് . അങ്ങനെയാകാം ഈ ക്ഷേത്രവും ഉണ്ടായത്.ബുദ്ധ ജൈന ആരാധനാലയങ്ങളുടെ ഉടച്ചുവാർക്കലിൽ രാജാക്കൻമാർ അവരുടെ കാലഘട്ടത്തിന്റെ ശൈലിയിലുള്ള കൊത്തുപണികൾ ഉപയോഗിച്ചിട്ടുണ്ടാകാം. അതാണ് പല്ലവ ശൈലിയിലുള്ള  കൊത്തുപണികളാണ് ഈ ഗുഹാ ക്ഷേത്രത്തിൽ ഉള്ളതെന്നു പറയുന്നത്.  AD  800 നു ശേഷം വേദ ഹിന്ദുമതം കേരളത്തിൽ വേരുപിടിച്ചതിനു ശേഷമുള്ള കാര്യങ്ങളാണ് ഇതൊക്കെ. ചരിത്രവും ഭൂമി ശാസ്ത്രവും അവിടെ അവിടെ നിൽക്കട്ടെ. അല്ലെങ്കിൽത്തന്നെ നമ്മൾക്ക് അത്ര രസമുള്ള ഏരിയ അല്ല ഈ ജോഗ്രഫിയും മറ്റും....!


പാറയുടെ മുകൾ ഭാഗം എന്തുകൊണ്ടും ആകർഷകമാണ്.ഷോർട് ഫിലിം ചെയ്യാൻ നല്ല ലൊക്കേഷൻ. ഫോട്ടോഗ്രഫിക്കും മികച്ച ഒരിത്...!.ഡോക്യൂമെൻറ്ററി എടുക്കാനും മറ്റും ചാനലുകാരൊക്കെ ഇടയ്ക്കു ഇവിടെ വരുന്നുണ്ട്. കേന്ദ്ര  സർക്കാർ, ടൂറിസത്തിൽ പെടുത്തി മൂന്നു കോടി രൂപ ഇവിടേയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നു അറിയുന്നു. ഉടനെ ഇവിടെ വേണ്ടത് കറന്റും  വെള്ളവുമാണ്. കിണർ ഇല്ല. ബ്ലോക്കും പഞ്ചായത്തും ചേർന്നു വൈദ്യുതി ലൈൻ വലിക്കാനുള്ള നടപടികൾക്കായി ശ്രമിക്കുന്നുണ്ടെന്നും കേൾക്കുന്നു. ഇപ്പോൾ റോഡിൽനിന്നും പാറയുടെ സമീപം വരെ ഇന്റർ ലോക്ക് ചെയ്തു സെറ്റ് ആക്കിയിട്ടുണ്ട്.സിൽമ്മാക്കാർക്കും പറ്റിയ ലൊക്കേഷനാണ്. 


ഇനിയും ഇവിടെ ഒത്തിരി ചെയ്യാനുണ്ട്. ഐതിഹ്യത്തെയും കെട്ടുകഥകളെയും മാറ്റിനിർത്തി ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആയി ഇതിനെ ഉയർത്തിക്കൊണ്ടു വരണം. പമ്പയും മണിമലയും അച്ചൻകോവിലും അഴുതയും കുട്ടംപേരൂരും കക്കാടും മാടത്തരുവിയും പള്ളിക്കലും പള്ളി ചേലരും പശുക്കിടാമെട്ടും രാമക്കൽത്തേരിയും താണുംഗാട്ടിൽ തോടും കോഴിത്തോടും ഋഷിമലയും....ഇങ്ങനെ പ്രസിദ്ധമായ 14 നദികൾ ഒഴുകുന്ന  പത്തനംതിട്ട ജില്ല തന്നെ ഒരു സൂപ്പർ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണല്ലോ....?  വികസനം പൂർത്തിയായാൽ കവിയൂരിലെ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും പത്തനംതിട്ട ജില്ലക്കു മാത്രമല്ല ആഗോള ടൂറിസം ഭൂപടത്തിലും  സ്ഥാനം നേടും.


സൂര്യൻ തലക്കുമീതെ എരിഞ്ഞു കത്താൻ തുടങ്ങി. പാറയുടെ മുകളിൽ ആയതുകൊണ്ട് സ്വാഭാവികമായ ചൂടും കൂടിവന്നു. താഴേക്ക് ഇറങ്ങുമ്പോൾ സമയം 12 കഴിഞ്ഞിരുന്നു. താഴെ വന്നു രാജൻ ചേട്ടനെ ഒന്നൂടി കണ്ടിട്ടു നമ്മുടെ ബ്ലോഗ് പരിചയപ്പെടുത്തി. "എനിക്ക് നെറ്റ് ഒന്നും അറിയത്തില്ല മോള് വരുമ്പോൾ നോക്കിക്കോളാം"  ചേട്ടൻ ഉറപ്പു പറഞ്ഞു. നമ്മുടെ ബ്ലോഗിൽ ചേട്ടന്റെ നമ്പർ ചേർത്തോട്ടെ എന്നു ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. അങ്ങനെ യാത്രയും പറഞ്ഞു ഇറങ്ങുമ്പോൾ സമയം ഒരുമണി കഴിഞ്ഞിരുന്നു.

രാജൻ ചേട്ടനെ വിളിക്കേണ്ട നമ്പർ 

9947625567     

 IIIUSTRATION - JANOSH K JOHN 

 PICS CREDITZ - ALLEN C BIJU 



വാൽക്കഷ്ണം 


വീ ഫോർ കൊച്ചി എന്നൊരു സംഘടനക്കാർ, ഉത്‌ഘാടനം ചെയ്തിട്ടില്ലാത്ത  വൈറ്റില മേൽപ്പാലം അതിക്രമിച്ചു കയറി  തുറന്നുകൊടുത്തെന്നു....???


അല്ല, പണിതീർന്ന മെട്രോ, മോദിജിയെ കാത്ത് കുറെ നാൾ   ഈ കൊച്ചിയിൽ തന്നെയല്ലേ ഉണ്ടായിരുന്നത്.എന്തേ ഉത്‌ഘാടനം ചെയ്യാൻ ഇവൻമ്മാരെ ഒന്നും കാണാഞ്ഞത്...? വേണ്ട, ആലപ്പുഴ ബൈപാസ്  ഇനിയും തുറന്നിട്ടില്ല....PM ൻറെ സമയത്തിനുവേണ്ടി വെയിറ്റ് ചെയ്യുകയാണ്. നട്ടെല്ലുള്ള ഒരുത്തനെങ്കിലും ഉണ്ടെങ്കിൽ പോയി തുറന്നുകൊടുത്തു കാണിക്ക്....അതല്ലേ ഹീറോയിസം.


പണി തീർന്നു നിൽക്കുന്ന റോക്കറ്റ് വല്ലതും ശ്രീഹരിക്കോട്ടയിൽ ഇരിപ്പുണ്ടോ ശിവനേ.......!!!?? 

ഈശ്വരാ....ഗെയിൽ പൈപ്പ് ലൈനിനെ കാത്തോണേ......അല്ലെങ്കിൽ ഇവൻമ്മാർ പോയി ഗ്യാസ് തുറന്നുവിടും.....   

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...