Tuesday, November 12, 2019

കോട്ടയത്തുനിന്നും കാഞ്ഞിരം വഴി കിഴക്കിന്റെ വെനീസിലേക്ക്..

കലികാലത്തു ഓരോരോ ബോധോദയങ്ങൾ ഉണ്ടാകുമെന്നു കാർന്നോൻമാർ പറഞ്ഞതു വെറുതെയല്ല. ആരുടെയോ ഒരു  ഫേസ്ബുക്ക് പോസ്റ്റാണ്, കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക്ബോട്ടിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. പഴയതുപോലെ ഒത്തിരി പോളിറ്റ് ബ്യുറോ ഒന്നും ചേരേണ്ടി വന്നില്ല . ഒറ്റ രാത്രികൊണ്ടു ബില്ല് പാസ്സായി യാത്ര ഫിക്സ് ചെയ്തു. രാവിലെ യാത്രക്കു റെഡി ആയി. ഒരു ധൈര്യത്തിനു ചേട്ടന്റെ 'മഹാൻ' കിച്ചുവിനെയും കൂട്ടി......!!
യാത്രക്ക് ട്രെഷറി നിയന്ത്രണം ഉണ്ടായിരുന്നു....എന്നു വെച്ചാൽ എടുത്തു വീശാൻ കാശ് കുറവായിരുന്നെന്നു സാരം ..... അങ്ങനെ കോട്ടയത്തുനിന്നും
 'കാഞ്ഞിരം' വഴി കിഴക്കിന്റെ വെനീസിലേക്ക്..













 രാവിലെ 11.30 നു കോടിമതയിൽ നിന്നും തുടങ്ങുന്ന സർക്കാർ ബോട്ടായിരുന്നു ഞങ്ങളുടെ  ഇടത്തരം 'ടൈറ്റാനിക്'.....!!പാഞ്ഞുകെട്ടി ചെന്നപ്പോഴേക്കും ബോട്ട് സ്റ്റാർട്ട് ചെയ്തു നിർത്തിയിരിക്കുന്നു....ഞങ്ങളുടെ "ലംബോർഗിനി" ബോട്ട്ജെട്ടിയിൽ ഒതുക്കി പാർക്കു ചെയ്തു.ഓടിച്ചെന്നു കയറി..അല്ല ,സ്റ്റേഷൻ ജീവനക്കാരൻ ചേട്ടൻ ഞങ്ങളെ ഓടിച്ചു ബോട്ടിൽ കയറ്റിയെന്നും പറയാം....ച്ചാൽ...സമയം ഒത്തിരി അങ്ങെടു പോയെന്നു വെച്ചോളൂ....ഞങ്ങൾ കയറിയതും വണ്ടി വിട്ടു. കൊടൂർ ആറിന്റെ വിരിമാറിലൂടെ കേരള സർക്കാരിന്റെ A 58 എന്ന ഇടത്തരം 'ടൈറ്റാനിക്' യാത്ര തുടങ്ങി....

യാത്രക്കാർ ചുരുക്കം, 20-25 പേർ മാത്രം. ഒരാൾക്കു 18 രൂഭാ....ഞങ്ങൾ രണ്ടു ഫുള്ളുകൾക്കും  ഒരു ഹാഫ് കിച്ചുവിനും കൂടി 45  രൂഭാ...... ആഹാ അന്തസ്സ്....!!
ബസിൽ പോയാൽ ഇതിന്റെ പലമടങ്ങു പൈസ വീശേണ്ടി വരും എന്നുള്ള കാര്യം ഞാൻ ഇതിനിടക്ക്‌ ഊന്നി ഊന്നി പറയുകയാണ് നാട്ടുകാരേ......!!!!
രണ്ടര മണിക്കൂർ പരിസര മലിനീകരണ മുക്തമായൊരു സമാധാന ജല യാത്ര.
ആയിരങ്ങളും പതിനായിരങ്ങളും വീശി ഓരോരുത്തർ ജാഡ കാണിക്കുമ്പോൾ ഇതാ വെറും 18 രൂപയ്ക്കു മാന്യമായ യാത്ര.കുട്ടനാട്ടിലെ പച്ചയായ മനുഷ്യ ജീവിതം കണ്ടും,പച്ച പിടിച്ചു വരുന്ന മനുഷ്യരെ  കണ്ടും അങ്ങനെ ആകെയൊരു   പച്ച  യാത്ര....കോട്ടയത്തുനിന്നും ചങ്ങനാശേരി വഴിയും,കുമരകം വഴിയും ആലപ്പുഴയ്ക്ക് പോകാം. പക്ഷേ, ഈ  സുഖം കിട്ടുമോ എന്നു സംശയം...?
മ്മടെ പഴേ  രാജാവിന്റെ കാലം മുതലുള്ള റൂട്ടാണ് ഇത്. 2012-ൽ  ഒന്നു നിർത്തിയെങ്കിലും പൂർവ്വാധികം ശക്തിയോടെ വീണ്ടും വന്നിരിക്കുകയാണ്.
കൊടൂരാർ കാഴ്ചകൾ കണ്ടു വേമ്പനാട് ഭംഗി ആസ്വദിച്ചു പുന്നമടയിലൂടെ 
ആലപ്പുഴയിൽ എത്തുമ്പോൾ കായൽ കാഴ്ചകളുടെ വലിയൊരു ലോകം നമ്മൾ പിന്നിട്ടിരിക്കും....തീർച്ചയാണ്....ന്നാ പിന്നെ പോകാമല്ലേ....
















കോടിമത, വേളൂർ, കാഞ്ഞിരം, കാരാപ്പുഴ, പാറച്ചാൽ, 15-ൽ കടവ്, വെട്ടിക്കാട് 
കൃഷ്ണൻകുട്ടിമൂല, മേലേടം, പട്ടാശ്ശേരി, ചിത്തിരക്കായൽ, മംഗലശ്ശേരി,
പൂക്കൊച്ചി, ചെറുകാലികായൽ, പുഞ്ചിരി, നെഹ്‌റു ട്രോഫി, പള്ളാത്തുശ്ശേരി 
കമലന്റെമൂല, മാർത്താണ്ഡംകവല, ചെറുകായൽ, കുപ്പപ്പുറം.....ഇങ്ങനെ പോകുന്നു സ്റ്റോപ്പുകൾ. എല്ലാം ഒരുപോലെ ഇരിക്കുമെങ്കിലും ഡ്രൈവർ ചേട്ടൻ കറക്റ്റായി സ്റ്റോപ്പുകളിൽ നിർത്തുകയും കയറ്റിറക്കു നടത്തുകയും ചെയ്യുന്നുണ്ട്. ഡ്രൈവർ അടക്കം 5 ജീവനക്കാരുണ്ട്. എല്ലാവരും വളരെ മാന്യമായി പണിയെടുക്കുകയും ചെയ്യുന്നുണ്ട്.
















സ്റ്റോപ്പിൽ  ഒരാൾ നിന്നാലും ബോട്ട് അടുപ്പിച്ചു അവരെയും കയറ്റിയേ ഇവർ യാത്ര ചെയ്യുകയുള്ളു. ഞാൻ നമ്മുടെ ബസ്സുകളെ ഒന്നോർത്തു നോക്കി....കവലയിൽ നിന്ന് കൈകാണിച്ചിട്ടും നിർത്താതെ പോയതും നമ്മൾ നാൽക്കവലയിൽ നിന്ന് ശശി ആയതുമെല്ലാം....ആ കാര്യത്തിൽ ഇവർ വളരെ നീറ്റാണ്.അപ്പോൾ നമ്മുടെ കോട്ടയത്തു ബസും ട്രെയിനും ബോട്ടും ഉണ്ട്..ഇനി എന്നാണാവോ മറ്റേ എരുമേലി-ചെറുവള്ളി-ശബരി എയർപോർട്ട് ഒന്നു വരുന്നത്..? ഇനി അടുത്ത ഇലക്ഷന് വീണ്ടും തുറക്കുമായിരിക്കും...ഭഗവാൻ ജാൻതേ ഹോ....!! ച്ചാൽ....ദൈവത്തിനു അറിയാമെന്ന്...












ലാസ്കർ ചേട്ടൻമ്മാർ വളരെ തന്മയത്വത്തോടെ ബോട്ട്, ജെട്ടിയിൽ വലിച്ചടുപ്പിക്കുന്നതും തിരികെ ആക്കുന്നതുമെല്ലാം ഞങ്ങൾ മിഴിച്ചുനോക്കി..
അവർ ഞങ്ങളെയും......നെടുമുടിയിൽ നിന്ന് നമ്മൾ ആലപ്പുഴയ്ക്ക്   പോയിട്ടുണ്ട്...ഫോർട്ട് കൊച്ചിയിൽ നിന്നും മട്ടാഞ്ചേരിക്ക് പോയിട്ടുണ്ട്..പോർട്ട് ബ്ളയറിൽ നിന്ന് ബാംബൂ ഫ്ലാറ്റ് ദ്വീപിലേക്ക് പോയിട്ടുണ്ട് അവർക്കറിയാമോ കോട്ടയത്തുനിന്നും ആദ്യമായി നേരിട്ട് ആലപ്പുഴയ്ക്ക് ബോട്ടിൽ പോകുന്നവന്റെ ത്രില്ല്....യേത്....??!!


















യാത്രയുടെ തുടക്കത്തിൽ  ഞങ്ങൾ ചില "പാലംവലികൾ"  കണ്ടു.  ച്ചാൽ ബോട്ട് 
വരുമ്പോൾ ആറിനു കുറുകെയുള്ള പാലം വടം കൊണ്ടു വലിച്ചു പൊക്കി നിർത്തുന്ന ഏർപ്പാടാണ് ഇത്. പാലം വലിക്കുക എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, ഇവിടെ ഞങ്ങൾ നേരിട്ടുകണ്ടു.അങ്ങനെ 4-5 പാലം വലി കഴിഞ്ഞപ്പോൾ ഞങ്ങളുടെ ടൈറ്റാനിക് വേമ്പനാട് കായലിന്റെ വിരിമാറിലേക്കിറങ്ങി. ഹോ....പണ്ടു  കെ.എസ്  ജോർജ് പാടിയതുപോലെ "തലയ്ക്കു മീതെ ശൂന്യാകാശം"......താഴെ വെള്ളമാണെന്നു മാത്രം.....!!














കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടിലൂടെയാണ് ഈ യാത്ര.
അച്ചൻകോവിൽ, മണിമല, മീനച്ചിൽ, കൊടൂർ, മൂവാറ്റുപുഴ, പമ്പ, പെരിയാർ എന്നീ നദികളും നിരവധി കനാലുകളും ഒന്നിച്ചു ചേരുന്നതാണ് വിശാല അർത്ഥത്തിൽ വേമ്പനാട് കായൽ. പരമാവധി നീളം 95 കിലോമീറ്ററും വീതി 14 
കിലോമീറ്ററും ആഴം 39 അടിയുമാണ്....!പിന്നെ നമ്മൾക്കു ഇഷ്ടപ്പെടാത്ത കുറെ കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ട്. അതായത്,കുറെ നാണംകെട്ട യാത്രക്കാർ (നമ്മുടെ ബോട്ടിലെ അല്ല കെട്ടോ) കുപ്പിയും പ്ലാസ്റ്റിക്കുമെല്ലാം വെള്ളത്തിലേക്ക് വലിച്ചെറിയുന്നു....ഒരാളുടെ സംസ്കാരമാണല്ലോ പ്രവർത്തിയിലൂടെ കാണിക്കുന്നത്.പിന്നെ കുറെ വ്യവസായ മാലിന്യവും ആശുപത്രി മാലിന്യവും ഇവിടെ നൈസായി തട്ടുന്നുണ്ട്.അങ്ങനെയാകാം ജല ജീവികളുടെ സന്തുലനാവസ്ഥ തകരുന്നത്. (അൽപ്പം അക്വാകൾച്ചർ  ആകാമെന്നു വെച്ചു)
ധാർമ്മിക രോഷംകൊണ്ടു പറഞ്ഞു പോയതാണ്.ഓക്കേ നമുക്കു തിരിച്ചുവരാം......ബൈ ദ ബൈ നമ്മൾ പറഞ്ഞു വന്നത് ഇവിടുത്തെ മനോഹര കാഴച്ചകളെക്കുറിച്ചാണ്. ഒന്നു കണ്ടാൽ പിന്നെ മറക്കാത്ത കാഴ്ചകൾ.













വിജനമായ കായൽ തുരുത്തുകൾ..നോക്കെത്താ ദൂരത്തോളം നെൽപ്പാടങ്ങൾ....
മണ്ടയുള്ളതും ഇല്ലാത്തതുമായ തെങ്ങുകൾ...പലതരം കായൽ പക്ഷികൾ...അങ്ങു ദൂരെ മാറി കുറെ പക്ഷികൾ ഓൺലൈനിൽ വിശ്രമിക്കുന്നു...ച്ചാൽ...ലൈൻ കമ്പിയിൽ ഇരിക്കുന്നു....!ജല നിരപ്പിൽനിന്നും 
താഴെ നിൽക്കുന്ന പാടങ്ങൾ.....!!ചെളി കുത്തി മടകെട്ടുന്നവർ....പഴയ നിർമ്മിതിയുള്ള പള്ളികൾ...അമ്പലങ്ങൾ...മോസ്കുകൾ...സ്കൂളുകൾ....പിന്നെ, കൈലി മുണ്ടും ഉടുത്തു പോകുന്നവന്റെ മുന്നിലൂടെ പാന്റുമിട്ട് പോകുന്ന ജാഡയോടെ കുറെ HOUSE ബോട്ടുകളും ഞങ്ങളെ തൊട്ടുരുമ്മി കടന്നു പൊയ്ക്കൊണ്ടിരുന്നു. അവർ ഞങ്ങളെയും ഞങ്ങളുടെ ടൈറ്റാനിക്കിനെയും വിരണ്ടു നോക്കി...ചിലർ ഫോട്ടം പിടിച്ചു. ചിക്കിലി ഉള്ളവൻ വലിയ ക്യാമറ
വെച്ച് തലങ്ങും വിലങ്ങും ഓടിനടന്നു...! പാവപ്പെട്ട  ഓപ്പോ f 1 എടുത്തു ഞങ്ങളും ചെറിയൊരു വീശ്‌ വീശി. നല്ല കുറെ കാഴ്ചകൾ പടമാക്കി.















ഈ കായൽ കൊണ്ടു മാത്രം ജീവിക്കുന്നവർ ഒത്തിരിയാണ്. വലിയ house ബോട്ടുകളുടെ മറപറ്റി ഓടുന്ന അനേകം കൊതുമ്പു വള്ളങ്ങൾ  
ജീവൻ നിലനിർത്താൻ വേണ്ടി തുഴയുകയാണ്..മീൻ പിടിക്കുന്നവരും..ചൂണ്ട ഇടുന്നവരും കക്കാ വാരുന്നവരുമൊക്കെ ഈ കൊതുമ്പു വള്ളത്തിൽ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.തുഴഞ്ഞു പോകുന്നവരുടെ കണ്ണുകൾ നിശബ്‌ദമായി 
തേങ്ങുന്നുണ്ടോ...?? കൊച്ചുവള്ളത്തിൽ  ലോട്ടറി വിൽക്കുന്നവരെയും കണ്ടു.
പ്രകൃതിയുടെ ഭംഗി കണ്ടു വരുന്നവരുടെ ഫ്രെയിമിലേക്ക് ഇങ്ങനെ ചില ദൃശ്യങ്ങളും കടന്നുവരാം.അതൊക്കെ പുതിയ തിരിച്ചറിവായിരിക്കും.
പ്രളയം മുക്കിക്കളഞ്ഞ ജീവിതത്തെ വീണ്ടും നിറം പിടിപ്പിക്കുവാനുള്ള ഇവരുടെ ഒരു പരക്കംപാച്ചിൽ..













വലിയ ടൂറിസത്തിലൊന്നും ഇവർ കണ്ണു വെക്കുന്നില്ല.... 
അന്നത്തേക്കുള്ള ആഹാരത്തിനു വേണ്ടിയാണ്  ഈ തുഴച്ചിൽ...!അങ്ങനെ വെള്ളത്തിലും ആഹാരത്തിനുള്ള വഴി തേടുന്നവരെ ഇവിടെ കാണാം. അടുത്തു പോകുന്ന house ബോട്ടുകളെയും കടന്നു നമ്മുടെ കണ്ണുകൾ ദൂരേക്ക് പായിക്കണം എന്നുമാത്രം. അതെ ഈ കായൽ ഇവരുടെയും കൂടെയാണ്.





ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്നു പറഞ്ഞതുപോലെ  സഹയാത്രികരുടെ ഇടപാടുകൾ കണ്ടപ്പോൾ ഞങ്ങൾക്കു പിടികിട്ടി 
ഇവരും ആദ്യമായി വരികയാണെന്ന്. പ്രളയം കഴിഞ്ഞു പുതിയ തൂണുകളിൽ 
ഉയർത്തി നിർമ്മിച്ചിരിക്കുന്ന വീടുകൾ കണ്ടപ്പോൾ ചിലരുടെ സംസാരം ജലനിരപ്പിനെ കുറിച്ചായിരുന്നു. കായൽ കയ്യേറ്റം കണ്ടപ്പോൾ ചിലരിലെ  ഗാന്ധിയും ലെനിനും ഒക്കെ പുറത്തുചാടി. ഷാപ്പ് എന്നു കണ്ടതും ചിലർക്കു 
ജീവൻ വെച്ചു..ആ കറുപ്പും വെളുപ്പുമായ  ബോർഡിലേക്ക് വീണ്ടും വീണ്ടും ചിലർ നോക്കിക്കൊണ്ടിരുന്നു..!നെഹ്‌റു ട്രോഫി വള്ളംകളിയുടെ തുടക്ക സ്ഥലം കണ്ടപ്പോൾ ചിലരൊക്കെ ബോട്ടിലിരുന്നു തിത്തിത്താരാ പാടിയോന്നു ഒരു സംശയം..!? ഞാൻ പണ്ടു റേഡിയോയിൽ കേട്ട വള്ളംകളി കമെന്ററി ഓർത്തു.."പുന്നമടയുടെ വിരിമാറിൽ  പുളകച്ചാർത്തു അണിയിച്ചു ജവഹർ തായങ്കരി....അല്ല ആനാരി ചുണ്ടൻ .....ഞാൻ മുന്നിൽ..ഞാൻ മുന്നിൽ ..എന്നു വിളിച്ചു പറഞ്ഞുകൊണ്ടു  ഇതാ ഒരു ഫോട്ടോ ഫിനിഷിനായി കുതിച്ചുപാഞ്ഞു വരികയാണ്......"  ഇതൊന്നും അറിയാതെ ടൈറ്റാനിക് യാത്ര തുടരുകയായിരുന്നു.





കായൽ ഭംഗിയും കായൽ ഗ്രാമ ഭംഗിയും പിന്നിട്ടു ബോട്ട് നഗരത്തിന്റെ തിരക്കിലേക്ക് കയറുകയായി.വലിയ ഹോട്ടലുകളും ഫ്ലാറ്റുകളും കണ്ടു തുടങ്ങി.ഷിക്കാര വള്ളങ്ങളും ധാരാളം. വിദേശ മങ്കമാരെയും മങ്കൻമ്മാരെയും 
കണ്ടു.ചിലർ റോഡിലൂടെ സൈക്കിളിൽ പോകുന്നു,ചിലർ നടന്നും.
സമയം 1.45. ആലപ്പുഴ K S R T C ഡിപ്പോയുടെ അടുത്തുള്ള ജെട്ടിയിൽ നമ്മുടെ യാത്രയുടെ ഒന്നാം ഇന്നിംഗ്സ് കഴിഞ്ഞു. ഞങ്ങൾ ഇറങ്ങി,  ബോട്ട് തിരിച്ചു അടുത്ത യാത്രക്കും ഞങ്ങൾ ആലപ്പുഴ ബീച്ചിലേക്കും പോകാൻ റെഡിയായി.
ഞങ്ങൾ വന്ന ബോട്ടിലെ ലാസ്കർ ചേട്ടൻ ഒരു കഴുക്കോലുമായി ചാടിക്കയറുന്നതു കണ്ടു. ബോട്ട് തിരിക്കാനുള്ള പരിപാടിയാണ്.ചേട്ടൻ ബോട്ട് കുത്തിതിരിച്ചു...ഓരോരോ കുത്തിത്തിരിപ്പുകളേ....!!




























തിരിച്ചുള്ള യാത്ര 5.15 ന്. ഒരു ജില്ലാ സമ്മേളനത്തിനുള്ള ആളുണ്ട് കയറാൻ.
ബോട്ട് വന്നതും കിട്ടിയ വിടവിലൂടെ കയ്യൂക്കുള്ളവർ കയറി സീറ്റ് പിടിച്ചു.
ബാക്കിയുള്ളവർ വ്രണിത ഹൃദയരായി കിട്ടിയ തൂണിലും തുരുമ്പിലും പിടിച്ചു നിന്നു.എനിക്ക് പിടിക്കാൻ മുകളിൽ ഒരു കമ്പി കിട്ടി. മുകളിൽ നല്ല പിടിപാടുള്ളതുകൊണ്ടു ഞാൻ അനങ്ങാതെ  അങ്ങനെ ഒരു മണിക്കൂർ നിന്നു.
പിന്നെ സീറ്റ് തരപ്പെട്ടു. ഈ ബോട്ട് സൂപ്പർ ഫാസ്റ്റ് ആയിരുന്നു. വീണ്ടും പിന്നിട്ട വഴികളിലൂടെ ഒരു മടക്ക യാത്ര. നഗരം വിട്ടു ബോട്ട് ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയിലേക്ക് പൂണ്ടിറങ്ങി.




























അന്തിച്ചന്തത്തിൽ കുളിച്ചു നിൽക്കുന്ന വേമ്പനാട് കാണുന്നത് ഒരു അനുഭവം തന്നെയാണ്.ചേക്കേറാൻ പോകുന്ന പക്ഷിക്കൂട്ടങ്ങളുടെ ശബ്ദം..... വീണ്ടും ഓപ്പോ എടുത്തു വീശി.അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങളും അടുക്കടുക്കായി അതിരിടുന്ന ഓളങ്ങളും പശ്ചാത്തലമൊരുക്കുന്ന കായൽപ്പരപ്പിൽ അവിശ്വസനീയമായ 
ദൃശ്യങ്ങളാണ് ഒരു ഛായാഗ്രാഹകനു സമ്മാനിക്കുന്നത്. സൂര്യൻ മടങ്ങുകയാണ് അങ്ങ് പടിഞ്ഞാറ്....കിഴക്കുനിന്നും ഒരു കാറ്റ് ഞങ്ങളെ തഴുകിക്കൊണ്ടു കടന്നുപോയി ..!
റേഷൻ കടകൾ അടച്ചു തുടങ്ങിയിരിക്കുന്നു...!!
വഴിവിളക്കുകൾ മിഴിതുറന്നു...!
വീടുകളിൽ നിന്നുള്ള വെളിച്ചം കണ്ടുതുടങ്ങി...!






















യാത്രക്കാർ കുറഞ്ഞു കുറഞ്ഞു പൂരം കഴിഞ്ഞ സ്വരാജ്  റൗണ്ടാന പോലെയായി. അവിടെയും ഇവിടെയും കുറെ ആളുകൾ മാത്രം....ബോട്ട് ഇറങ്ങുന്ന വീട്ടുകാരെയും കാത്തുനിൽക്കുന്ന ചില നായ്ക്കളെയും കണ്ടു.
സമയം എട്ടര കഴിഞ്ഞിരിക്കുന്നു.ബോട്ട് കോടിമതയിലേക്ക്....
ഇറങ്ങാൻ ഏതാനും പേർ മാത്രം...ജീവനക്കാരും ഇറങ്ങിയെന്നു തോന്നുന്നു.
ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു അരങ്ങിൽ ഇപ്പോൾ മൈക്ക്കാരൻ മാത്രം എന്നു പറഞ്ഞതുപോലെ, ബോട്ടിലിപ്പോൾ ഡ്രൈവർ മാത്രം....!!ബോട്ടിറങ്ങി തിരിഞ്ഞു നടക്കുമ്പോൾ പുറകിലേക്കു ഒന്നൂടെ നോക്കി....ആത്മഗതം പറഞ്ഞു.....വീണ്ടും വരണം...
ഓരത്തു ഒതുക്കി വെച്ചിരുന്ന ഞങ്ങളുടെ "ലംബോർഗിനി"യുമായി നേരെ വീട്ടിലേക്ക്......!!


വാൽക്കഷ്ണം

തച്ചങ്കരി ബെൽജിയൻ മാലിനോയ്സ് എന്ന ഇനത്തിൽപ്പെട്ട നായ്ക്കളെ പോലീസ് സേനയിലേക്ക് മേടിച്ചിരിക്കുന്നു. ഭീകരൻ ബാഗ്ദാദിയെ ഓടിച്ചിട്ടു കടിച്ച ഇനമാണ്...

ഇതിനെ വെറും പട്ടി എന്നു വിളിക്കാമോ,
അതോ പട്ടി സാർ എന്നു വിളിക്കണോ ആവോ....?

തള്ളേ, നിൽ....പോകാൻ വരട്ടെ....
മ്മടെ യാത്രകളുടെ ഫോട്ടംസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്....
സംഭവത്തിന്റെ ലിങ്കുകളും മറ്റും താഴെ കൊടുത്തിരിക്കുന്നു.


https://www.instagram.com/janoshkjohn/


Thursday, October 24, 2019

വയ്യാത്ത പട്ടിയുടെ കയ്യാല കയറ്റം..!!

നമ്മുടെ ചന്ദ്രയാൻ 2 വിക്ഷേപണം ആദ്യ മാറ്റിവെച്ചു. ISRO യിലെ ചില സാങ്കേതിക  തകരാറുകൾ  ആയിരുന്നു കാരണം. പക്ഷേ പിറ്റേ ദിവസം ചില പത്രങ്ങൾ ചാന്ദ്രയാൻ 2 വിക്ഷേപണം നടത്തിയെന്നു പറഞ്ഞാണ് നമ്മളെ വരവേറ്റത്. ഒരു പത്രം, ചന്ദ്രയാൻ പൊങ്ങിയ സമയം വരെ എഴുതിയിരുന്നു.
പൊങ്ങിയതും പൊക്കിയതും അവിടെ നിൽക്കട്ടെ, നമ്മുടെ വിഷയം വേറെയാണ്. ചന്ദ്രയാൻ വാർത്തയുടെ ശേഷം കവലകളിൽ ചിലർ ആധികാരികമായി  കത്തി കയറുകയായിരുന്നു. GSLV റോക്കറ്റ്,ചന്ദ്രയാൻ പേടകം ,സെൻസർ ,ഉപഗ്രഹം ചന്ദ്രൻ,ചന്ദ്രനിലേക്കുള്ള ദൂരം...എന്നുവേണ്ട മുഴുവൻ സ്പേസ് മയം. ഇങ്ങനെ ഒട്ടും  അറിവില്ലാത്ത ഇമ്മാതിരി വിഷയങ്ങളിൽ കേറി തള്ളുന്നവരെ  കണ്ടിട്ടില്ലേ....? ഇതിനു പറയുന്ന പേരാണ് 
അറിവില്ലാത്തവരുടെ ആത്മവിശ്വാസം...ച്ചാൽ..   dunning cruger effect.







മനുഷ്യൻ ഉണ്ടായ കാലം മുതലേ ഈ സംഭവം ഉണ്ട്. അതിനെയൊന്നു ശാസ്ത്രീയമാക്കിയതാണ് dunning cruger effect. സോഷ്യൽ സൈക്കോളജിസ്റ്റുകളായ രണ്ടു സായ്പ്പൻമ്മാർ-ഡേവിഡ് ടണ്ണിങ്,ജസ്റ്റിൻ ക്രൂഗെർ-ഇവരാണ് ഈ സംഭവത്തെ ഒന്നു ശാസ്ത്രീയമാക്കിയത്. അങ്ങനെയാണ് ഈ എഫക്റ്റ് ഉണ്ടായത്. വെല്യ മലമറിക്കാതെ നൈസായി അങ്ങു പറഞ്ഞാൽ "അറിവില്ലാത്ത കാര്യത്തിൽ തലയിട്ട് അധികാരികമായും അപാരമായും തള്ളുക....." തീർന്നു,ഇത്രയേയുള്ളൂ.അറിവില്ലാത്തവരാണ് സ്വയം പഠിക്കാനോ നന്നാവാനോ ഒരുവിധത്തിലും സമ്മതിക്കാത്തത്. എല്ലാം അറിയാമെന്നു ഭാവിക്കും..പക്ഷേ ഒന്നും അറിയില്ല എന്നതാണ് സത്യം. എന്നാൽ വാതുറന്നാലോ, ഇയാൾക്ക് അറിയാത്ത കാര്യമൊന്നും ഇല്ലതന്നെ.പ്രശ്നക്കാരല്ല, വൈലെന്റ് ആകാതെ നോക്കിയാൽ മതി.....!!

സോഷ്യൽ മീഡിയയിലെ മുമ്പനാണല്ലോ ഫേസ്ബുക്.പണ്ടൊക്കെ ഫോട്ടോ ആയിരുന്നു ഇതിൽ കൂടുതൽ വന്നിരുന്നത്. പഴയ കൂട്ടുകാരെ കണ്ടതോ,വീട്ടുകാരുമൊത്തുള്ള യാത്രകളോ,പ്രകൃതി ദൃശ്യങ്ങളോ പോലെയുള്ളവ.എന്നാൽ ഇപ്പോൾ വീഡിയോ ആണ് തരംഗം. പ്രത്യേകിച്ചു കാര്യമൊന്നും വേണ്ട കണ്ടകടച്ചാതി വീഡിയോ അങ്ങ് പോസ്റ്റുകയാണ്.
കാൻസർ രോഗചികിത്സ  പോലെ  അതി വിദഗ്ദ്ധരായ ആളുകൾക്ക് മാത്രം പറയാൻ കഴിയുന്ന വിഷയങ്ങളെക്കുറിച്ചു ലൈവ് ആയും ഷൂട്ട് ചെയ്‌തും വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. 90 % മുറി വൈദ്യൻമാരാണ്.


ബാലാക്കോട്ടു ഭീകര അക്രമം നടന്നപ്പോൾ ഫേസ്ബുക്ക് നിറച്ചും വ്യോമാക്രമണ വിദഗ്ദ്ധരായ പുള്ളികളുടെ അഴിഞ്ഞാട്ടവും ആക്രമണ വുമായിരുന്നു. വല്ല ഭീകരന്റെ മുന്നിൽ ചെന്ന് എന്റെ നെഞ്ചിലോട്ട് വെടിവെച്ചോളൂ എന്ന് പറയുന്നതായിരുന്നു അതിലും ഭേദം. ക്യാപ്റ്റൻ വർധ മാൻ കയറിയ യുദ്ധ വിമാനത്തിന്റെ ഗിയർ മുതൽ ചള്ളതാങ്ങി വരെ ചർച്ച ചെയ്യപ്പെട്ടു.ഇന്ത്യയുടെ പ്രതിരോധ രഹസ്യം പോലും ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ കുറെ പുള്ളികൾ എടുത്തിട്ട് വീക്കി...!!ഫേസ്ബുക്കിൽ ഇയാളുടെ വീഡിയോ കാണുന്നവർ ഓർക്കണം ഇയാൾ ഏതോ കൂടിയ ഇനമാണെന്ന്...!ഇതൊക്കെ മറ്റേ ഇഫക്ടിന്റെ പ്രവർത്തനമാണ്.....!!!!!!


കേരളം കണ്ട പ്രഗത്ഭനായ പാമ്പ് പിടുത്തക്കാരനാണ് വാവ സുരേഷ്....
സഹായം ചോദിച്ചു വിളിക്കുന്നവർക്കു ഒരു ഫോർമാലിറ്റിയും ജാഡയുമില്ലാതെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന ആൾ..(ഞാൻ അദ്ദേഹത്തെ വിളിച്ചിട്ടുണ്ട് അതുകൊണ്ടാണ് ഇത്ര കൃത്യമായി പറഞ്ഞത് ) ഇദ്ദേഹം ഒരു പാമ്പിനെ പിടിക്കാൻ വന്നു എന്നിരിക്കട്ടെ, വാവ സുരേഷ് പാമ്പു പിടിക്കുന്നതിലെ കൈയ്യടക്കവും തന്മയത്വവും പ്രത്യേക രീതിയും, അപ്പോൾത്തന്നെ പാമ്പിനെ കാണാനും  ആളുകൾ ഓടിക്കൂടും.നമ്മുടെ മറ്റേ
കക്ഷികളും അവിടെ ഹാജരുണ്ടാകും. പൊത്തിൽ തീയിട്ടു പുകച്ചാൽ പാമ്പു ചാടും....പുറത്തെ വര കണ്ടിട്ടു രാജവെമ്പാല ആകാനാണ് ചാൻസ്...ആദ്യം
തലയിൽ അടിക്കണം...പിന്നെ നടുവിന് അടിക്കണം....ഇങ്ങനെ ഓരോന്ന് പറഞ്ഞു നാട്ടുകാരെ വെറുപ്പിച്ചു കൊണ്ടിരിക്കും....!!!! ഈ സമയം കൊണ്ട് സുരേഷ് പാമ്പുമായി കളം വിട്ടിരിക്കും. ഒരു വില്ലൂന്നിയെ കണ്ടാൽ കണ്ടം വഴി ഓടുന്ന ടീമുകളാണ് മാറിനിന്നു വാചകം ഫിറ്റ് ചെയ്യുന്നത്....!!! മറ്റേ എഫക്ട് ആണേ...















ആരെങ്കിലും പുഴയിലോ വെള്ളക്കെട്ടിലോ വീണു കാണാതായാൽ  തിരയാൻ ഫയർ ഫോഴ്സ് ടീം സ്‌കൂബാ ഡൈവിംഗ് ടീം ഒക്കെ എത്തും..മ്മടെ മറ്റേ ടീമുകളും എത്തും..!!കരയിൽ നിന്നുകൊണ്ടുള്ള പ്രകടനം ഒന്നു കാണേണ്ടത് തന്നെയാണ്. വെള്ളത്തിന്റെ ഒഴുക്ക് വെച്ച് നോക്കിയാൽ ബോഡി ഇവിടെ കാണാൻ ചാൻസ് ഇല്ല....നന്നായി കണ്ണ് തുറന്നു നോക്കിയാൽ ചിലപ്പോൾ ബോഡി കിടക്കുന്നത് കാണാം.....ഇങ്ങനെ സ്‌കൂബാ ടീം വന്നു ചാടിയതുകൊണ്ടൊന്നും ആളെ കിട്ടില്ല...വെള്ളത്തിലെ തരംഗം അറിയുന്ന
ഒരു ഇന്തപ്പനാടി ഉണ്ട്.....അതൊക്കെ വെച്ചുവേണം നോക്കാൻ....ജല വിഭവ മന്ത്രി രാജിവെക്കണം.....ഇങ്ങനെ വെറുപ്പിച്ചു കൊണ്ടിരിക്കും..ഇവരെയൊക്കെ ആരെങ്കിലും വെള്ളത്തിൽ ചവിട്ടി താഴ്ത്താത്തത് കാർന്നോൻമാരുടെ പുണ്യമാണെന്ന് കരുതിയാൽ മതി.

ചില ഇടങ്ങളിൽ ഫയർഫോഴ്സ് ടീം വെള്ളം പമ്പു ചെയ്തു രക്ഷാപ്രവർത്തനം
നടത്തുമ്പോൾ മ്മടെ ടീമുകൾ മാറിനിന്നു വാചകം പമ്പു ചെയ്യും. കുറച്ചുകൂടി ചെരിച്ചു പിടിച്ചാലേ വെള്ളം നന്നായി വരുകയുള്ളൂ....മോട്ടോറിനു പവർ
കുറവാണു..... പ്രായോഗിക പരിശീലനം കഴിഞ്ഞും  അനുഭവ സമ്പത്തു കൊണ്ടും ഡ്യൂട്ടി ചെയ്യുന്ന വിദഗ്ദ്ധരായ ആളുകൾക്ക് മുന്നിൽനിന്നാണ് ഇവരുടെ കസർത്തു.മറ്റുള്ളവരുടെ മുന്നിൽ സ്റ്റാർ ആകുക . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ആണെന്ന് വരുത്തി തീർക്കുക.... ശുഭം....!

കലുങ്കിലും ഒടിഞ്ഞു വീണ പോസ്റ്റിലും കള്ള് ഷാപ്പിലും വെയ്റ്റിംഗ് ഷെഡിലും കവലയിലും കടകളിലും എന്നു വേണ്ട നാലാളു കൂടുന്ന എവിടെയും നടക്കുന്ന സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സിനിമ വീരവാദങ്ങൾക്കു പിന്നിലും മറ്റേ എഫക്ട് കാര്യമായി ബാധിക്കുന്നുണ്ട്. ഒടിഞ്ഞ പോസ്റ്റിലിരുന്നു റിസേർവ് ബാങ്കിന്റെ റീപ്പോ നിരക്കിനെക്കുറിച്ചു സംസാരിക്കുന്നതു കേട്ടാൽ ടിയാൻ രഘുറാം രാജന്റെ കുഞ്ഞമ്മേടെ മോനോ , അമർത്യാസെന്നിന്റെ അളിയനോ ആണെന്ന് തോന്നിപ്പോകും..അത്രക്കുണ്ട് പെർഫോമൻസ്...!!

കഴിഞ്ഞിടെ നടന്ന ലോക കപ്പ് ക്രിക്കറ്റിൽ പല ടീമുകളെ ഫേസ്ബുക്കിലൂടെ കളി പഠിപ്പിച്ച ഒത്തിരി ചേട്ടൻമ്മാർ ഉണ്ടായിരുന്നു.ധോണി ഒരു പന്തും കോഹ്‌ലി നാലു പന്തും അടിച്ചാൽ അത് സിക്സർ ആകുമെങ്കിൽ കളി ജയിക്കും.....ഇവരുടെ ഒക്കെ ഫേസ്ബുക് പെർഫോമൻസ് വെച്ചു നോക്കിയാൽ
വേൾഡ് ക്രിക്കറ്റ് ഇതിഹാസങ്ങൾ ആകേണ്ടവരാണ്..ഇവിടെ ഫേസ്ബുക്കിലൂടെ കളി പഠിപ്പിച്ചും പറഞ്ഞും ഇരുന്നപ്പോൾ ആൺപിള്ളേർ കപ്പടിച്ചു എന്നുമാത്രം. ഒരു ചേട്ടൻ ഫേസ്ബുക്കിൽ എഴുതി..ധോണി നിരാശപ്പെടുത്തിയെന്ന് ......പിന്നെ... ധോണിക്ക് പകരം ഇയാളായിരുന്നെങ്കിൽ ഏതാണ്ട്ചെയ്തേനെ....!! ഏത് സ്പോർട്സ് ഐറ്റം നടന്നാലും ആരാധനാ ശല്യം മൂക്കുന്നതും,കളി പറഞ്ഞു കൊടുക്കാൻ മുന്നിൽ നിൽക്കുന്നതും ,അവസാനം വാലും ചുരുട്ടി ഓടുന്നതും നമ്മുടെ ചേട്ടൻമ്മാരായിരിക്കും.....മ്മടെ മറ്റേ എഫക്റ്റാണ്....


കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പോയി. വേദിയിൽ വരനെ പരിചയപ്പെടുത്തുന്നത് കേട്ടു വരൻ "ഒരു വൻ ഗായകനാണെന്ന്" സ്മൂളിൽ അനേക ഗാനങ്ങൾ പാടിയിട്ടുണ്ടെന്ന്... സ്മൂൾ എന്താണെന്നു അറിയാത്ത പാവങ്ങൾ എല്ലാം മൂളിക്കേട്ടു....നമ്മുടെ ടണ്ണിങ് ക്രൂഗർ എഫക്ട് ഏറ്റവും കൂടുതൽ ബാധിച്ച ഏരിയ ആണ് സംഗീതം. സ്മൂൾ എന്നൊരു ആപ്പ് ഉണ്ട്.
സകല കാളരാഗക്കാരും ഇവിടെ ഗന്ധർവന്മ്മാരാണ്.കേട്ടാൽ കാലൻ കരയുന്ന പാട്ടു പാടുന്നവരും ചുമ്മാ അങ്ങ് വിചാരിക്കുകയാണ് "ഞാനൊരു യേശുദാസാണ്....ഒരു ഇടത്തരം ചിത്രയാണ്" എന്നൊക്കെ....കാള കഴുത രാഗങ്ങൾ എല്ലാം പാടി കണ്ണ് നിറഞ്ഞു അവസാനം ഇതെല്ലം എടുത്ത് ഒരു തട്ടാണ് ഫേസ്ബുക്കിലേക്ക്...!നമ്മുടെ വിധി എന്നു പറഞ്ഞാൽ മതിയല്ലോ....?!
കാണുന്നവരെല്ലാം ഇവന്റെ കാളരാഗം ഇഷ്ടപ്പെടണം...ച്ചാൽ...ലൈക് ചെയ്യണം.പോരാത്തതിന് മറ്റുള്ളവരെ വെറുപ്പിക്കുക കൂടി ചെയ്യണം...ച്ചാൽ ..ഷെയർ ചെയ്യണം...!!പണ്ടൊക്കെ നമ്മൾ ഒരു കാര്യം ഇഷ്ടപ്പെടുന്നത് സ്വന്ത താൽപ്പര്യം കൊണ്ടായിരുന്നു..ഇന്നോ നമ്മളെ ഇഷ്ടപ്പെടുത്തിക്കളയും....കണ്ടിട്ടില്ലേ...? please like and share എന്നൊക്കെ...?
മലയാളത്തിൽ മൊഴിഞ്ഞാൽ "ദയവായി ഇഷ്ടപ്പെടൂ ...മറ്റുള്ളവരെക്കൂടി വെറുപ്പിക്കൂ...." ഇവരെ നമ്മൾക്കു ഫേസ്ബുക്ക് പിച്ചക്കാർ എന്നു തല്ക്കാലം വിളിക്കാം...നല്ല സ്വര മാധുര്യമുള്ളവർ പാടട്ടെ....കഴിവുള്ളവർ അത് പ്രദർശിപ്പിക്കട്ടെ ,സന്തോഷമേയുള്ളൂ....അറിയാത്ത പണി ചെയ്യാതിരിക്കട്ടെ...
ഹോ നമ്മുടെ എഫക്ട് ഏതൊക്കെ തരത്തിലാണ് മനുഷ്യനെ ബാധിച്ചിരിക്കുന്നത്....??!!


പത്തനംതിട്ട ജില്ലക്കാരനും ഇപ്പോൾ മുംബൈയിൽ താമസവുമാണ് നമ്മുടെ സംഗീത "അജ്ഞൻ" ഇദ്ദേഹത്തിന്റെ സംഗീത ഉപകരണത്തിൽ ഒറിജിനൽ മ്യൂസിക് കരോക്കെ (ട്രാക്ക്) പ്ലേ ചെയ്യിക്കുന്നു. ആ സമയംതന്നെ അജ്ഞൻ തന്റെ വിരലുകൾ അതിനോടൊപ്പം ചലിപ്പിക്കുന്നു. ഇത് ഷൂട്ട് ചെയ്ത് ലൈവ് മ്യൂസിക് എന്ന പേരിൽ  ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നു. ഇതാണ് പരിപാടി.
ഒരു ദിവസം ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ ഒന്നു ശ്രദ്ധിച്ചു നോക്കി.പ്ലേ ചെയ്യുന്ന മ്യൂസിക്കും ഇദ്ദേഹത്തിന്റെ വിരൽ ചലനവും ഒത്തുപോകുന്നില്ല...!
എങ്കിലും താഴെ വന്നിരിക്കുന്ന കമെന്റുകൾ വായിച്ചു."അളിയാ കിടു"....
അമേസിങ് ടാലെന്റ്റ്....കീപ്പ് ഇറ്റ് അപ്പ്....സൂപ്പർ.....ഇമ്മാതിരി തള്ളിക്കൊടുക്കലുകളാണ്....ഇവരാരും സംഗീത മേഖലയിൽ നിന്നും ഉള്ളവരാണെന്നു തോന്നുന്നുമില്ല.എനിക്ക് സംശയമായി,ഞാൻ കമെന്റ് എഴുതി.."സർ ഇത് ഒറിജിനൽ ട്രാക്ക് ആണോ അതോ താങ്കൾ വായിക്കുന്നതാണോ....??എന്റെ കമെന്റ് അജ്ഞൻ ലൈക് ചെയ്തു മറുപടി തന്നില്ല. ഞാൻ വീണ്ടും ചോദിച്ചു...ഇതുകണ്ട വേറെ കുറെ ആർട്ടിസ്റ്റുകളും ചോദ്യവുമായി അജ്ഞനെ വളഞ്ഞു.അജ്ഞൻ ആദ്യം എന്നെ  ബ്ലോക്ക് ചെയ്തു.
അവസാനം ഞാൻ അൺഫ്രണ്ട്‌ ചെയ്യപ്പെട്ടു. അതിനോടൊപ്പം വേറൊരു സംഭവം കൂടെ നടന്നു.ഇദ്ദേഹത്തിന്റെ ഫേസ്ബുക്കിൽനിന്നും ഏകദേശം പത്തു "ലൈവ് മ്യൂസിക് വീഡിയോ"കളും ഡിലീറ്റ് ആയി...എല്ലാം കളിപ്പീര് ആയിരുന്നു...ട്രാക്ക് ഇടുക കൈ വെറുതെ ഓടിക്കുക....എങ്ങനെയുണ്ട് സംഗതി.?
ഇപ്പൊ ദേ കിടക്കുന്നു സാധനം. 91.9 നാട്ടിലെങ്ങും പാട്ടായി.....
പണി അറിയില്ല എന്നത് ഒരു തെറ്റല്ല...!പണി പഠിക്കുക അതാണ് മാന്യത...കുറുക്കു വഴി തേടരുത്.....

കഴിഞ്ഞ കുറെ ദിവസങ്ങളായി വേറൊരു ലെവൽ സാധനങ്ങളാണ് അവതരിച്ചിരിക്കുന്നത്. കാലാകാലങ്ങളിൽ ഇങ്ങനെ ഓരോന്ന് അവതരിക്കുമെന്നാണല്ലോ പുരാണങ്ങൾ പറയുന്നത്...യേത്....? കൂടത്തായി
കൂട്ടമരണം കൊണ്ട് കുപ്രസിദ്ധയായ ജോളിയെ ചുറ്റിപ്പറ്റിയാണ് മിക്കവാറും അവതാര കേസരികൾ ജന്മം കൊണ്ടിരിക്കുന്നത്..അവർ ജോളിയുടെ മനഃശാസ്ത്രം പറയും നരവംശം രഘുവംശം കൗൺസിലിങ് പാരാസൈക്കോളജി  പാരയല്ലാത്ത സൈക്കോളജി, സൈക്കോ അനാലിസിസ് അന്ത്രപ്പോളജി ക്രിമിനോളജി സുവോളജി ബയോളജി മൈക്രോബയോളജി  ഏതോളജി  ഫെതോളജി  ഗ്യാസ്‌ട്രോളജി  ജിയോബയോളജി  ജിയോ ക്രോണോളജി  ജിയോ മോർഫോളജി  ഫാർമ്മകോളജി   തിയോളജി....അങ്ങനെ കൂടത്തായി കൂട്ടമരണത്തെ വേറൊരു ലെവലിൽ എത്തിച്ചിരിക്കുകയാണ് ഈ അവതാരങ്ങൾ..എല്ലാവരും P.hd ക്കാരാണ്.പിന്നെ  ഫേസ്ബുക്കിൽ മാത്രമേ ഇവരുടെ സേവനം ലഭിക്കൂ....!! ഫേസ്ബുക്കിലുള്ള ഇവരുടെ ലൈവും ലെവലുമൊക്കെ കണ്ടാൽ വലിയ സംഭവമാണെന്ന് തോന്നും...പക്ഷേ പാവങ്ങളാ....കൊല്ലണ്ട പേടിപ്പിച്ചുവിട്ടാൽ മതിയാകും...!!

ശ്രീ അടൂർ ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസം ഒരുകാര്യം   പറഞ്ഞു.
"ഡിജിറ്റൽ ടെക്‌നോളജി വന്ന ശേഷം വഴിയിലൂടെ പോകുന്നവർപ്പോലും സിനിമ എടുക്കുകയാണ്. ചലച്ചിത്ര കലയുടെ സാങ്കേതിക വിദ്യയോ സൗന്ദര്യമോ ഒന്നും അറിയണമെന്നില്ല. കലാപരമായ സിനിമ എടുക്കുന്നവരെ കളിയാക്കുന്ന നിലപാടാണിത്. സ്കൂളിലെ കുട്ടികൾ കൂട്ടത്തോടെ സിനിമ എടുക്കുകയാണ് ഇത് അവരുടെ ഭാവിയെ ഇല്ലായ്‌മ ചെയ്യലാണ്. ഈ പ്രായത്തിൽ അവർ പുസ്തകം വായിച്ചും മറ്റും വളരുകയാണ് വേണ്ടത്..."
അദ്ദേഹം പറഞ്ഞത് ശരിയല്ലേ...? ആർക്കും എന്തും കയറി ചെയ്യാവുന്ന ഒരു സ്ഥിതി..!!കർണ്ണാടക സംഗീതത്തിലെ കേവലം ഒരു രാഗത്തിന്റെ ആരോഹണ അവരോഹണങ്ങൾ പോലും അറിയാത്ത സംഗീത സംവിധായകർ വളർന്നു വരുന്നുണ്ടെന്ന കാര്യം എത്രപേർക്ക് അറിയാം....?! സമൂഹത്തിൽ വലിയ കാര്യങ്ങൾ  ചെയ്തവരും ചെയ്തുകൊണ്ടിരിക്കുന്നവരും,  ആദ്യം കണ്ടും കേട്ടും കാര്യങ്ങൾ മനസ്സിലാക്കിയാണ് ഉയർന്ന പടിയിലേക്ക് വന്നത്. അതായത് എത്ര പ്രതിഭാശാലി ആണെങ്കിലും അമിത ആത്മവിശ്വസം ഫലം ചെയ്യില്ല.

ഇനി നാളെ ഫേസ്ബുക്ക് തുറക്കുമ്പോൾ തള്ളിക്കയറി വരും പുതിയ വെറുപ്പിക്കൽസുകൾ....ഫേസ്ബുക്കൊന്നും അത്രക്കും സജീവമല്ലാതിരുന്ന കാലത്തു സായിപ്പു കണ്ടുപിടിച്ച തിയറി അന്യായമായിപ്പോയി.....അതിന്റെ ലേറ്റസ്റ്റ് വേർഷൻ കാണണമെങ്കിൽ ഫേസ്ബുക്കിൽ മാത്രം വന്നാൽ മതി.അറിവില്ലാത്ത കാര്യത്തിൽ തലയിടുക.ഞാനേതോ കൂടിയ ഇനമാണെന്നു വരുത്തി തീർക്കുക.ഇതൊക്കെ എന്തു പ്രഹസനമാണ് സജീ......?!!


വാൽക്കഷ്ണം 

ഉപ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും UDF പരാജയപ്പെട്ടതിന്റെ കാരണം അന്വേഷിക്കാൻ ഉന്നതാധികാര സമിതി വരുന്നെന്ന്....

അതിന്റെ ആവശ്യമുണ്ടോ...ജനം LDF നു വോട്ട് ചെയ്തു എന്നങ്ങു വിചാരിച്ചാൽ പോരെ.......??!

Saturday, October 05, 2019

സനാ ചൈനീസ് ഫുഡ്..... ജസ്റ്റ് റിമെംബർ ദാറ്റ്..

തിരുവനന്തപുരത്തു  പ്രോഗ്രാമിനു വന്നതാണ്. സംഭവം  കഴിഞ്ഞപ്പോൾ നേരം ഇരുട്ടി. ഇനി നേരെ തമ്പാനൂർ എത്തണം, കോട്ടയം ട്രെയിൻ പിടിക്കണം.
സമയം ഏറെയുണ്ട്. അതുകൊണ്ടുതന്നെ വിത്ത്ഔട്ട് ആക്രാന്തം. പായ്ക്കിങ് കഴിഞ്ഞു വഴിയിൽ ഇറങ്ങി. ഒരു ഓട്ടോ വരുന്നുണ്ട്, രണ്ടും കൽപ്പിച്ചു കൈനീട്ടി....പിന്നല്ലാതെ..? ഭാഗ്യം ഓട്ടോ ഒതുക്കി പൈലറ്റ് ചേട്ടൻ തല പുറത്തേക്കു നീട്ടി."എന്ത് ചിരിക്കുന്ന ഓട്ടോക്കാരോ...? നോം സന്തുഷ്ടനായി..!





ഓട്ടോയിൽ കയറി അമർന്നിരുന്നപ്പോൾ മുതൽ നന്നായി വിശക്കുന്ന കാര്യം എന്റെ ചിന്തകളെ താളം തെറ്റിച്ചുകൊണ്ടിരുന്നു. ഒന്നും നോക്കിയില്ല ഓട്ടോക്കാരനോട് ചോദിച്ചു. ചേട്ടാ ഇവിടെയെങ്ങാനും നല്ല സ്ട്രീറ്റ് ഫുഡ് കിട്ടുന്ന കടയുണ്ടോ...? ഉണ്ടല്ലോ...ആകാംഷ മൂത്ത ഞാൻ മുന്നോട്ട് ഒന്നു ആഞ്ഞതും ചേട്ടൻ ആക്സിലേറ്റർ കൊടുത്തതും ഒരുപോലായിരുന്നു.  കിട്ടിയ കമ്പിയിൽ ഞാൻ ചുറ്റിപ്പിടിച്ചു. ഈ സ്ട്രീറ്റ് ഫുഡിന്റെ കാര്യമല്ലേ ചോദിച്ചേ..?
അതെ...!ഇവിടെയൊരു കടയുണ്ട്,തുടങ്ങിയിട്ടു ഒത്തിരിയായില്ല. നല്ല ചൈനീസ് ഐറ്റംസ് കിട്ടും.!   തിരുവനന്തപുരത്തു സ്ട്രീറ്റ് ഫുഡ്‌കടയിൽ ചൈനീസോ..!?? ഞാൻ ഞെട്ടൽ രേഖപ്പെടുത്തി. അതെ ചൈനീസ് കിട്ടും....ചേട്ടൻ വീണ്ടും പറഞ്ഞു. നമ്മൾ പാവപ്പെട്ടവരാ.. തല അറക്കുന്ന റേറ്റ് ഒന്നും അല്ലല്ലോ ല്ലേ...??
ഞാൻ ഒരു സംശയം പറഞ്ഞു. ഒരു കുഴപ്പവുമില്ല നല്ല ഫുഡ്, നല്ല ഇടപാട്, വേണമെങ്കിൽ ഞാൻ അങ്ങോട്ടിറക്കാം. കഴിച്ചിട്ടു വേറെ വണ്ടി പിടിച്ചാൽ പോരെ..?! ഓട്ടോ ചേട്ടന്റെ ഉപദേശം അനുസരിച്ചേക്കാം എന്നു ഞാൻ കരുതി.























പാളയം യൂണിവേഴ്‌സിറ്റി കോളജിന്റെ മുന്നിൽ ഓട്ടോ ചവിട്ടി ഒതുക്കി.ഞാൻ പൈസയും കൊടുത്തു,ചേട്ടൻ പറഞ്ഞ കടയുടെ അടയാളം വെച്ചു ഞാൻ ക്രൈംബ്രാഞ്ച് പോലീസ് പോകുന്നതുപോലെ പമ്മി നടന്നു. ഇവിടെനിന്നും ജൂബിലിയിലേക്കു ഒരു റോഡ് തിരിയുന്നുണ്ട്. സാഫല്യം കോംപ്ലെക്സിന്റെ സൈഡിലാണ് കട. യുറേക്കാ..നമ്മൾ കണ്ടുപിടിച്ചു.."സനാ ചൈനീസ് ഫുഡ്"
















നല്ല ഒതുങ്ങിയ ഇടം. ഇഷ്ടംപോലെ പാർക്കിംഗ്,ഒറ്റനോട്ടത്തിൽ തന്നെ നമ്മൾക്ക് ബോധിക്കുന്ന ലുക്ക്. സ്ട്രീറ്റ്‌ഫുഡ്‌ കഴിക്കാൻ വരുന്നവർ ഒരു ഗൃഹാന്തരീക്ഷം ആഗ്രഹിക്കുന്നുണ്ട്.കടകളിൽ അതൊന്നും പരിപൂർണ്ണമായി കിട്ടത്തില്ല എന്നാലും കുറഞ്ഞത് വീട്ടിലെ വൃത്തിയും വെടിപ്പും എല്ലാവരും ആഗ്രഹിക്കും. ഇവിടെ സനായിൽ അതു വേണ്ടുവോളമുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു മെനയൊക്കെ ഉണ്ടെന്ന്...!!ഫസ്റ്റ് ലുക്കിൽ തന്നെ എനിക്കു മനസ്സിലായി ഇതിനു പിന്നിൽ കുറെ നല്ല  ചില്ലറ മുടക്കുണ്ടെന്ന്..! സംഗതി ക്യൂട്ട് ആണ്.





















ചെന്നപാടെ ഇരുന്നു. വെളുത്തിട്ടു മെലിഞ്ഞ ഷെഫ് ചേട്ടൻ നൂഡിൽസ് ഉണ്ടാക്കുന്ന തിരക്കിലാണ്. കണ്ടപ്പോൾ തന്നെ ഒരുകാര്യം ഉറപ്പായി ,ഇവിടെനിന്നും വിശ്വസിച്ചു ആഹാരം കഴിക്കാം.അത്രക്കും ഹൈജീനിക്ക് പരിപാടികളാണ്. ഓരോ ഐറ്റം പാചകം ചെയ്യുന്നതിലും വൃത്തിയും വെടിപ്പും കീപ്പു ചെയ്യുന്നുണ്ട്. കുടിക്കാൻ ബിസ്‌ലേരിയുടെ വെള്ളമുണ്ട്..
കഴിക്കാൻ ഓർഡർ ചെയ്യുന്നതിനു മുമ്പ് മുതലാളിയോടു കുറെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കാമെന്നു വെച്ചു, കാരണം എന്റെ ഭാവനയിലുള്ള സ്ട്രീറ്റ് ഫുഡ് കടയുടെ ലുക്കല്ല, അതുക്കും മേലെയാണ്  ഇവിടെ സനായിൽ.
കൗതുകത്തിനു ചോദിച്ചതാണെങ്കിലും, കാര്യങ്ങൾ പറഞ്ഞുതരുന്നതിൽ ഒരു ജാഡയുമില്ലെന്നു മനസ്സിലാക്കിയ സ്ഥിതിയിൽ, ഞാൻ അതൊരു ഇന്റർവ്യൂ ആക്കിമാറ്റിയെടുത്തു.

പത്തനംതിട്ട കവിയൂർ സ്വദേശി രാജീവും തിരുവനന്തപുരംകാരൻ വിനോദുമാണ് ഇതിന്റെ പാർട്നെർസ്.രാജീവായിരുന്നു അന്നു സ്ഥലത്തുണ്ടായിരുന്നത്.നല്ല എനെർജെറ്റിക്കായ ചെറുപ്പക്കാരൻ സംരംഭകൻ.
ഓരോന്നും പറഞ്ഞുതന്നു.സ്വന്തമായി റിസോർട്ടുകൾ ഡിസൈൻ ചെയ്തു കൊടുക്കുന്ന ആലപ്പുഴക്കാരൻ റോബിനാണ് സനായുടെ രൂപകൽപ്പനക്കു പിന്നിൽ.സ്റ്റീലുംപനമ്പുംഎല്ലാംചേർന്നഒരുകലാശിൽപ്പംപോലെയുണ്ട്.പഴയകാലത്തെ റാന്തൽ വിളക്ക്,ബാംബൂ പ്ലൈവുഡ് കൊണ്ടുള്ള ഇന്റീരിയർ വർക്കിനു ചാരുത നൽകിയിരിക്കുന്നു.നല്ല ആർട് വർക്കിന്റെ അടുത്ത് ഇരുന്നപ്പോൾ തന്നെ നല്ലൊരു ഫ്രഷ്‌മൈൻഡ് എനിക്ക് അനുഭവിക്കുവാൻ കഴിഞ്ഞു.




















എറണാകുളം,ബംഗളൂരു,ഗോവ ഇവിടൊക്കെയാണ് സാധാരണ സ്ട്രീറ്റ് ഫുഡ് കടകളിൽ ചൈനീസ് കിട്ടുന്നത്. തിരുവനന്തപുരം സിറ്റിയിൽ നമ്മുടെ സനായിൽ മാത്രമേ ചൈനീസ് കിട്ടുന്നുള്ളു എന്നാണ് രാജീവ് പറയുന്നത്.അതു ശരിയാണെന്നു ഇവിടെ വരുന്നവരെ കാണുമ്പോൾ അറിയാം.സെപ്റ്റംബർ 2 നു കട തുടങ്ങി.ഇതിനോടകം തന്നെ സ്ട്രീറ്റ്‌ഫുഡ്‌ കടകളിൽ വേറിട്ട മുഖമാകാൻ ഇവർക്കു കഴിഞ്ഞിട്ടുണ്ട്.ഞാനവിടെ ഇരിക്കുമ്പോൾ പാർസൽ വാങ്ങാനെത്തിയ കോളേജ് യൂത്തൻമ്മാരോട് ഒന്ന് ചോദിച്ചു കടയെക്കുറിച്ചു.
"ഞങ്ങൾ ഇവിടെ സ്ഥിരം വരുന്നവരാ..." അവരുടെ വാക്കുകളിൽനിന്നും ഞാൻ
സമ്മതപത്രം വായിച്ചെടുത്തു. ഒരു പ്രാവശ്യം വന്നവർ വീണ്ടും കഴിക്കാൻ വരുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പാണ്. സംഗതി അവർക്കു ഇഷ്ടപ്പെട്ടിട്ടുണ്ട്.
റേഡിയോ മംഗോ പോലെ നാട്ടിലെങ്ങും പാട്ടായി.....!!














തരക്കേടില്ലാത്ത കച്ചവടം നടക്കുന്നുണ്ട്.ഇരുന്നു കഴിക്കാനുള്ള സൗകര്യം കുറവാണു എങ്കിലും അതിന്റെ ഇരട്ടി പാർസൽ പോകുന്നുണ്ട്. ഇരുന്നു കഴിക്കാനുള്ള സൗകര്യം വരും ദിവസങ്ങളിൽ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രാജീവും വിനോദും.

ഇതിനിടയിൽ നമ്മുടെ ഷെഫ്ചേട്ടനെ ഒന്നുപരിചയപ്പെട്ടു.  പ്രകാശ്, കക്ഷിവളരെഹാപ്പിയാണ്.സ്വദേശം നേപ്പാൾ.."തിരുവനന്തപുരം കാർ നല്ല ആൾക്കാരാണ്.നല്ലഎക്സ്പീരിയൻസ് ആണ് ഇവിടെ. കേരളത്തിന് പുറത്തുചൈനീസ് പാചകത്തിൽ കുറെ നാളത്തെ പരിചയമുണ്ട്.. ഫുഡ് ഒക്കെ നല്ലതാണ്.കടയിൽ വരുന്നവർ നല്ല സഹകരണമാണ്...ഒന്നു വരുന്നവർ വീണ്ടുംവരുന്നുണ്ട്...."  ഇത്രയും എനിക്ക് മനസിലായി, പിന്നെ കൊടും ഹിന്ദിയിൽഎന്തൊക്കെയോ പറഞ്ഞു.ശരീര ഭാഷയിൽ നിന്നും എനിക്ക് കാര്യംവായിച്ചെടുക്കാനായി. "കുറെ നേരമായല്ലോ ഇവിടെ ഇരിക്കാൻ
 തുടങ്ങിയിട്ട്...ഒന്നും ഓർഡർ ചെയ്യുന്നില്ലേ...? ഞാൻ ദേവനാഗരി ലിപിയിൽ ഒന്നു ചിരിച്ചു......!!!

കഴിക്കാനുള്ള സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്.
ഹക്കാ ന്യൂഡിൽസ്,ചിക്കൻ ന്യൂഡിൽസ്,ക്രിസ്പി ന്യൂഡിൽസ്,മഞ്ചൂരിയൻ ന്യൂഡിൽസ്,എഗ്ഗ് ന്യൂഡിൽസ്,വെജിറ്റബിൾ ന്യൂഡിൽസ്,ഫ്രൈഡ് റൈസ്........
ചില്ലി മുതൽ ക്രിസ്പി വരെയുള്ള ചിക്കൻറെ വെറൈറ്റി ഒത്തിരിയുണ്ട്......
ഒട്ടും വൈകാതെ തന്നെ മോമോസ്,ലോലിപോപ്പ്,പനീർ സാട്ടെൽ, ഡ്രാഗൺ ചിക്കൻ (ചൈനക്കാരുടെ മറ്റേ വ്യാളി ഉണ്ടല്ലോ അതല്ല കേട്ടോ) പനീർ ചില്ലി
എന്നീ തകർപ്പൻ ഗ്ലാമർ ഐറ്റങ്ങൾ ഇവിടെ വന്നു ചാടാൻ പോകുന്നു.....!!
ഇനി അധികം ആർക്കും പിടിയില്ലാത്ത ഒരു കാര്യം പറയട്ടെ...?നമ്മുടെ അയൽ രാജ്യമായ ചൈനയിലെ ഭക്ഷണ രീതിക്കു ഇന്ത്യയിൽ എങ്ങനെയാണു പ്രചാരം കിട്ടിയതെന്ന് അറിയാമോ....? കൊൽക്കൊത്തയിൽ ഒരു നൂറ്റാണ്ടിലധികമായി
താമസിക്കുന്ന ചെറിയ ചൈനീസ് സമൂഹമാണ് ഇന്ത്യൻ രീതിയിലുള്ള ചൈനീസ് പാചക രീതി ഇവിടെ വികസിപ്പിച്ചെടുത്തത്.

ഇന്ന് കൊൽക്കൊത്തയിലുള്ള ചൈനാക്കാർ ഭൂരിഭാഗവും"ഹക്കാ"വംശജരാണ്. ഒന്നുമല്ലെങ്കിൽ  "ഹക്കാന്യൂഡിൽസ്" വെച്ചു താങ്ങുമ്പോഴെങ്കിലും ഇവരെ ഓർക്കുമല്ലോ..? അതാണ് സ്മരണ വേണം......... സ്മരണ വേണം എന്നു പറയുന്നത്....!നിങ്ങൾ വെള്ളം കുടിക്കുകയാണെങ്കിൽ കിണർ കുഴിച്ചവനെ മറക്കരുത്...എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്...












ചരിത്രവും ഭൂമി ശാസ്ത്രവുമൊക്കെ അങ്ങോട്ടു മാറിനിൽക്കട്ടെ...വിശന്നു റിലേ പോലും കിട്ടാതെ നിൽക്കുവാ....വെജിറ്റബിൾ ന്യൂഡിൽസ് തന്നെ ഓർഡർ ചെയ്തു.നല്ല വൃത്തിയും വെടിപ്പുമുള്ള കടയിലിരുന്നു കഴിക്കുമ്പോൾ ഉണ്ടാകുന്ന "ഒരിത്" ഉണ്ടല്ലോ അതെനിക്ക് നന്നായി ഉണ്ടായിരുന്നു....!!!വീട്ടിലിരുന്നു കഴിക്കുന്ന പ്രതീതി.....LED  ബൾബിന്റെ പ്രകാശത്തിൽ പ്രകാശ് അടുത്ത പാർസൽ പായ്ക്ക് ചെയ്യുന്നു. കഴിച്ചു പൈസയും കൊടുത്തു ഫോൺ നമ്പരും വാങ്ങി ഞാൻ തമ്പാനൂരിന് തിരിക്കുമ്പോൾ എന്റെ മനസ്സു നിറഞ്ഞിരുന്നു...!!  രാജീവിന്റെ ഫോൺ നമ്പർ-   9809787038 
വിളിക്കൂ... പോയി കഴിക്കൂ......!


Saturday, September 07, 2019

ഈ സൗജന്യം ഇനി അടുത്ത ഓണത്തിനു മാത്രം

ഈ ബസ്സിലിരിക്കുന്ന ചേട്ടൻമ്മാരേ ചേച്ചിമാരേ ..... അനവധി നിരവധി വർഷ
ങ്ങളായി ഈ ബസ്റ്റാന്റിൽ വിൽപ്പന നടത്തിവരുന്ന ആളാണ് ഞാൻ. ഇന്നു 
ഞാൻ നിങ്ങളെ പുതിയൊരു ഉൽപ്പന്നം പരിചയപ്പെടുത്തുകയാണു. അറബി 
പാൽക്കായം. അങ്ങു ഹിമാലയത്തിലുള്ള നവാച്ചാൽ എന്ന മരത്തിൽനിന്നും 
എടുക്കുന്ന ദിവ്യ ഔഷധമാണ് പാൽക്കായം . ഇത് ഉണ്ടാകുന്നതല്ല, ഉണ്ടാകുന്ന
താണു. നിങ്ങളെ അലട്ടുന്ന ഏത് ആരോഗ്യ പ്രശ്നവുമായിക്കൊട്ടെ  ഇതൊന്ന് 
സേവിച്ചാൽ മാത്രം മതി. ചെറിയ ബോട്ടിൽ പത്തുരൂപ ഇടത്തരം ബോട്ടിൽ 
അറുപതു രൂപ ഫാമിലി ബോട്ടിൽ 120 രൂപ.... ബസ്സിലെ ചേട്ടൻ കത്തി കയറുകയാണ്.





എനിക്കു നാട്ടിലെ സകലമാന ഡോക്ടർമാരോടും ആശുപത്രിക്കാരോടും പുച്ഛം തോന്നി. .. എന്താണെന്നോ..?  ഇതുപോലെ കഴിവുള്ള "ഡോക്ടർമാർ" ബസ്‌സ്റ്റാന്റുകളിൽ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ ആശുപത്രിക്കാരൊക്കെ എന്നാ പരസ്യമാ ചെയ്യുന്നത്... അത് ഓർത്തിട്ടു എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. പിന്നെയാണ് മനസിലായത് ഇതൊക്കെ 
പരസ്യത്തിന്റെ ഏറ്റവും ദയനീയവും മൃഗീയവും പൈശാശികവുമായ വേർഷൻ ആണെന്നു. അവിടെവെച്ചു ഞാനൊരു തിയറിക്കു രൂപം കൊടുത്തു 
"സാധനം എത്ര ഡ്യൂപ്ലിക്കേറ്റ് ആണോ അത്രയും വാചകമടിയും  കൂടും".... ഇതാണ്  തിയറി.


ഉപഭോഗ സംസ്കാരത്തിന്റെ അടിമയാണു ഇന്നത്തെ മനുഷ്യൻ. ഉപയോഗം 
ഇല്ലാത്തതും ഉള്ളതുമെല്ലാം വാങ്ങിക്കൂട്ടുവാൻ മനുഷ്യൻ നിർബന്ധിതനായി 
മാറുന്നു. നമ്മുടെ ഈ അവസ്ഥയെ നല്ലൊരു ബിസിനസ് അവസരമായി കാണുന്ന ചെറുതും വലുതുമായ കമ്പനികൾ ഓരോ പരീക്ഷണങ്ങളുമായി 
നമ്മളെ ഉന്നം വെക്കുന്നു. അതിന്റെ ഫലമാണു നമ്മൾ ഇന്നു കാണുന്ന പരസ്യ 
പ്രളയം. സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതും ഏതു വിധേനയും 
സാധനം ചെലവാക്കാൻ നിർമ്മിക്കുന്ന ഊള പരസ്യങ്ങൾ. ഇതെല്ലാം കണ്ടു നമ്മൾ ഇല്ലാത്ത പൈസായും ഉണ്ടാക്കി ഓടുകയാണ്"സ്റ്റോക്ക് "തീരുന്നതിനു മുമ്പ് സാധനം വാങ്ങിക്കാൻ.  എന്തൊക്കെ പരസ്യങ്ങളാണ് പടച്ചോനേ....

പത്തു രൂപായുടെ ബിസ്ക്കറ്റ് പിടിച്ചു കൊണ്ട് അമിതാബ് ബച്ചൻ....(പാവം )
മൂന്നു രൂപയുടെ പെൻസിലും പിടിച്ചു യുവരാജ് സിങ്...(അയ്യോ പാവം )
മായം കലർത്തലിനു കേസ് വരെ വന്ന സാമ്പാർ പൊടിയുമായി കാവ്യാ മാധവൻ... എന്നു വേണ്ട പ്രശസ്തരെ മുന്നിൽ നിർത്തി ജനങ്ങളുടെ കണ്ണിൽ പൊടിവാരിയിട്ടു ഉൽപ്പനം വിറ്റഴിക്കാനുള്ള ഓരോരോ ഉഡായിപ്പുകൾ....
പെപ്സി കുടിക്കുന്നു സിക്സർ അടിക്കുന്നു  ഇന്ത്യ ജയിക്കുന്നു...
സ്റ്റേഡിയത്തിൽ മൂക്കും തല്ലി വീഴുന്നു, മൂവ് തേക്കുന്നു...എണീറ്റ് ചെന്ന് ചറപറാ റൺസ് അടിക്കുന്നു ഇന്ത്യ ജയിക്കുന്നു...തേങ്ങാ മുകളിലേക്ക് എറിയുന്നു..ചെന്നു കൊണ്ടത് റൂഫിംഗ് ഷീറ്റിൽ, തേങ്ങാ രണ്ടായി മുറിഞ്ഞു 
പാചകക്കാരന്റെ കയ്യിൽ വന്നു വീഴുന്നു...ഫെയർ ആൻഡ് ലൗലി തേച്ചിട്ടു 
മത്സരത്തിന് പോകുന്നു,ഒന്നാം സ്ഥാനം കിട്ടുന്നു.  ഒരു ലോഷൻ ക്ലോസെറ്റിൽ ഒഴിക്കുന്നു,അണുക്കൾ നിലവിളിച്ചുകൊണ്ട് ഇറങ്ങി ഓടുന്നു.  ഒരു  പൌഡർ തേച്ചിട്ടു റോഡിലൂടെ നടക്കുന്നു,വഴിയേപോയ പെണ്ണുങ്ങളെല്ലാം ഒരുത്തന്റെ പുറകെ കൂടുന്നു. 

ഒരു ചേച്ചി ഓഫീസിൽ ഇരുന്നു ചോറ് കഴിക്കുന്നു. കറി ഒന്നുമില്ല, കാരണം ഈ അരിയുടെ ചോറ് കറിയില്ലാതെയും കഴിക്കാം... KFC കഴിക്കുന്നു, വലിയൊരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടുന്നു. ഒരു പ്രത്യേക പേസ്റ്റ് കൊണ്ടു പല്ലു തേക്കുന്നു....ശേഷം ഇവൻ വാ തുറന്നപ്പോൾ ഇന്നലെ പിണങ്ങിപ്പോയ പെങ്കൊച്ചു തിരിച്ചുവരുന്നു. എന്റമ്മോ സഹിക്കാൻ പറ്റുന്നില്ല ഇമ്മാതിരി തള്ള് പരസ്യങ്ങൾ കണ്ടിട്ട്. യാഥാർത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത കുറെ കോപ്രായങ്ങൾ.


ഇനി വേറൊരു തള്ള്...ഇത് കീടാണുക്കളോടു പൊരുതുന്നു...(ആയിക്കോട്ടെ )
ഇനി വേറൊന്നു...ഇത് 99.99 % രോഗാണുക്കളെയും നശിപ്പിക്കും...(ബാക്കി ആർക്കു വെച്ചേക്കുവാ) കീടാണുക്കളോടു പൊരുതുന്നതേയുള്ളു.....അതിനെ 
ഇല്ലാതാക്കുന്നില്ല. പരസ്യങ്ങളുടെ സൈക്കോളജിക്കൽ മൂവിൽ നമ്മൾ ഇതൊന്നും ശ്രദ്ധിക്കാൻ മിനക്കെടുന്നില്ല. മെഡിക്കലും കോസ്‌മെറ്റിക്‌സും
പറയുന്ന പരസ്യങ്ങളിൽ "ഡോക്ടർ വേഷധാരി"കളാണ് കൂടുതലും.
ശരിക്കും ഇവർ ഡോക്ടർമാരാണോ....?ഏയ്....!!അഭിനയത്തിന് പൈസാ
വാങ്ങുന്ന മോഡലുകൾ മാത്രമാണ് ഇവർ.  

ഇങ്ങനെയുള്ളവർ അഭിനയിക്കുന്ന
പരസ്യങ്ങളിലാണ് ഇങ്ങനെ വെച്ച് താങ്ങുന്നത് "ഡോക്ടർമാർ ശുപാർശ
ചെയ്യുന്നത്" എന്ന്. നിങ്ങളുടെ പേസ്റ്റിൽ ഉപ്പുണ്ടോ...?എന്ന് ചോദിച്ച ഡോക്ടർ ഡോക്ടർ അല്ലെന്നു ഇനിയെങ്കിലും മനസ്സിലാക്കിയാൽ നല്ലത് !!നമ്മുടെ 
നടൻമാരായ മമ്മൂട്ടിയും മോഹൻലാലുമൊക്കെ എത്ര ചിത്രങ്ങളിൽ ഡോക്ടർ
മ്മാരായി അഭിനയിച്ചു. അത് അഭിനയം മാത്രം. പരസ്യ ഡോക്ടർമാരും
അങ്ങനെതന്നെ.പക്ഷേ അത് നമ്മളെ തെറ്റിദ്ധരിപ്പിക്കുവാൻ ആണെന്ന് മാത്രം.
പരസ്യം കേട്ടിട്ടു നമ്മൾ ഉപ്പുള്ള പേസ്റ്റും തപ്പി നടക്കുന്നു.


കോടികൾ മറിയുന്ന മേഖലയാണു പരസ്യം.
അതിലൂടെ കുറെപ്പേർക്കു ജോലി ലഭിക്കുന്നുണ്ട്. അതു സത്യമാണ്. പക്ഷേ
അമിതമായ അതിശയോക്തി കലർത്തി,ഉല്പന്നങ്ങളെ മഹത്വവൽക്കരിച്ചു
അവതരിപ്പിക്കുന്നതും ഞങ്ങളുടെ സാധനമാണ് ഏറ്റവും നല്ലതെന്നും പറയുന്ന
ഇടപാടിനെയാണ്  നമ്മൾ ഇവിടെ കൈകാര്യം ചെയ്യുന്നത്. അതിനോടാണ് നമ്മൾക്ക് കലിപ്പ്. ഞങ്ങളുടെ സാധനം ഒറിജിനൽ മറ്റവന്റെ വ്യാജം..ഇതല്ലേ പരസ്യക്കമ്പനികൾ ചെയ്യുന്നത്.? കണ്ടിട്ടില്ലേ....മേൽക്കൂരയുടെ പുറത്തു ഒരു
സുമോ ഗുസ്തിക്കാരൻ കേറിനിൽക്കുന്ന പരസ്യം...ഒരു തേങ്ങാ വീണാൽ ചളുങ്ങുന്ന ടിൻ ഷീറ്റിന്റെ പരസ്യമാണ്....

16 ആയി മടക്കിയ ഒരു പടുത ഒരുത്തൻ വലിച്ചു കീറാൻ തുടങ്ങുന്നു.....വേറൊരു പരസ്യമാണ്. ഈ പടുത (ഏതു പടുതായും )നിവർത്തി വെച്ചു വലിച്ചാൽ 64 ആയി കീറും അതുവേറെ കാര്യം. ചെറുതായിമടക്കിയ പടുത, മനുഷ്യനല്ല ആന പിടിച്ചാൽ പോലും കീറിപ്പോകില്ല. പിന്നെ നമ്മളെ പറ്റിക്കാൻ, സാധനം  ചെലവാക്കാൻ ഒക്കെ ഇങ്ങനെ അതിശയോക്തി കാണിക്കുന്നതല്ലേ....?? 

പഴയ പരസ്യമാണ്. ഒരു പ്രത്യേക പെട്രോൾ അടിക്കുന്നു, സ്കൂട്ടർ  ഇതാ ചന്ദ്രനിലേക്ക് കുതിക്കുന്നു....ബഹിരാകാശ സഞ്ചാരിയുടെ വേഷത്തിലാണ് 2 
ചേട്ടൻമ്മാർ വരുന്നത. സത്യത്തിൽ ഇപ്പോൾ പെട്രോൾ അടിച്ചാൽ ചന്ദ്രനിൽ 
എന്നല്ല അടുത്ത ചന്ദ്രൻ ചേട്ടന്റെ വീട്ടിൽ എത്താൻ പോലും തികയില്ല. അതുകൊണ്ടു നമ്മൾ പമ്പിൽ ചെല്ലുമ്പോൾ വളരെ താഴ്മയായി പറയും."ചേട്ടാ 
സാദാ" മതിയെന്ന്.ചന്ദ്രനിൽ പോകാനുള്ള ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഇപ്പോൾ 
സമയമില്ല..പിന്നല്ലാതെ...


നിങ്ങളുടെ ഉല്പ്പന്നം എത്ര ചീഞ്ഞതുമാകട്ടെ, ഞങ്ങളുടെ പരസ്യത്തിലൂടെ അതു ചെലവാക്കിത്തരാം..
പരസ്യ കമ്പനിക്കാരുടെ ലൈൻ. മിക്സി വാങ്ങിയാൽ തവി ഫ്രീ. തവി വാങ്ങിയാൽ തവ ഫ്രീ. ചുരിദാർ വാങ്ങിയാൽ ഷർട്ട് ഫ്രീ. ചുമ്മാ കിട്ടിയാൽ 
ചുണ്ണാമ്പും തിന്നാൻ മനസ്സുള്ള കുറെ ആളുകൾ കടം വാങ്ങിയും ബ്ലേഡ് എടുത്തും  പാഞ്ഞുകയറുന്നു.  എന്തിന് ഫ്രീ കിട്ടും അതിന്. സത്യം എന്താണ്?
ഒരു മൊട്ടുസൂചി പോലും ആരും ആർക്കും വെറുതെ കൊടുക്കുന്നില്ല. ഇനി 
കൊടുക്കുന്നുണ്ടെങ്കിലോ ? അതിന്റെ പൈസാ വേറെ വകുപ്പിൽ ഈടാക്കും.
ചില ബാങ്കുകളുടെ ലോൺ പരസ്യം കാണുന്നില്ലേ..? പത്തു മിനിറ്റിനുള്ളിൽ 
ലോൺ...മറ്റു ചാർജ്ജുകൾ ഒന്നുമില്ല. താഴെ ചെറിയ അക്ഷരത്തിൽ ഇങ്ങനെയൊരു മുന്നറിയിപ്പും. 1200 രൂഭാ.....സർവീസ് ചാർജ് ഈടാക്കും....
ഈ കോളേജിൽ ഫീസില്ല ഡൊനേഷൻ ഇല്ല, പിന്നെ 25000 രൂപയുടെ ഒരു നേർച്ച 
ഉണ്ടായിരിക്കുന്നതാണ് എന്ന് പറയുന്നതുപോലെ.


കണ്ടുമറന്ന ഒരു പരസ്യം (അതോ പരസ്യ തട്ടിപ്പോ) നിങ്ങളുടെ കുട്ടിക്കു കോംപ്ലാൻ കൊടുക്കൂ...കുട്ടി സ്‌ട്രോങ്ങർ ടോലെർ,ഷാർപെർ ആയി വളരുന്നു.  ഇനി നേരെ കോംപ്ലാന്റെ വെബ്സൈറ്റ് ഒന്ന് നോക്കാം. അവിടെ പറയുന്നു. "കോംപ്ലാൻ ഉൽപ്പന്നങ്ങളിൽ വിറ്റാമിൻ b5,b6, b 12, c, d ഇരുമ്പ് എന്നിവയ്ക്കുള്ള റഫറൻസ് intake ഇൻറെ  ⥸15 % അടങ്ങിയിരിക്കുന്നു. വൈവിദ്ധ്യമാർന്നതും സമതുലിതവുമായ ഭക്ഷണവും 
ആരോഗ്യകരമായ ജീവിത ശൈലിയും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്."
അതായത് കോംപ്ലാൻ കുടിച്ചതു കൊണ്ടുമാത്രം ആരും ടോളരും ഷാർപ്പറും സ്‌ട്രോങ്‌റും ആകുന്നില്ല എന്ന്....!!!

ഒരു കുട്ടിയുടെ വളർച്ച അവന്റെ പാരമ്പര്യ 
ഘടകങ്ങൾ അനുസരിച്ചാണ് ഇരിക്കുന്നത്. പൊക്കം കൂടുതലും പൊക്കം കുറവും എല്ലാം ജനിതക പ്രത്യേകത അനുസരിച്ചാണ് ഉള്ളത്. പൊക്കം കുറവുള്ള മാതാപിതാക്കൾക്ക് പൊക്കം കുറഞ്ഞ കുട്ടിയും,പൊക്കമുള്ള മാതാപിതാക്കൾക്ക് പൊക്കമുള്ള കുട്ടികളും ജനിക്കുന്നത് ജനിതക വ്യതിയാനം അടിസ്ഥാനമാക്കിയാണ്. പണ്ട് നമ്മൾ സ്കൂളിൽ പഠിച്ചിട്ടില്ലേ   ഗ്രിഗർ മെൻഡലിന്റെ ജനിതക ശാസ്ത്രം എന്നൊക്കെ ?   ഇതിനെയാണ് പൊക്കം കൂടും നീളം കൂടും ബുദ്ധി കൂടും എന്നൊക്കെ കോംപ്ലാൻ പരസ്യത്തിൽ പറയുന്നത്.

പാലിൽ ഉള്ള പ്രോടീൻസ്‌ മാത്രമേ കോംപ്ലാനിൽ ഉള്ളു എന്നാണ് വിവരമുള്ളവർ പറയുന്നത്. അതായത് നമുക്ക് കിട്ടുന്ന കോംപ്ലാൻ എന്നുപറയുന്ന സാധനത്തിൽ അധികവും പാൽപ്പൊടിയാണെന്നു ചുരുക്കം.
ലോകത്തു ഒരിടത്തും ഒരു കുട്ടിയും കോംപ്ലാൻ കുടിച്ചു അതിമാനുഷൻ ആയിട്ടില്ല. അല്ല,ആയിട്ടുണ്ടെങ്കിൽ തന്നെ അതൊക്കെ വാർത്ത ആകേണ്ടതല്ലേ..? ഇതൊക്കെ പരസ്യ കമ്പനിക്കാരുടെ വ്യാജ അവകാശ വാദങ്ങൾ മാത്രമാണ്. ഇത്രയും പറഞ്ഞുകൊണ്ട് ഈ ഭാഗം വിടുന്നു....!!!


ചില കുപ്പികളുടെ ഡിസൈൻ കണ്ടിട്ടില്ലേ...പുറമേ നല്ല വലുപ്പം, എന്നാൽ അകത്തു ഒട്ടും സ്ഥലം കാണില്ല. ലെയ്‌സിന്റെ കവർ പുറത്തുനിന്നും നോക്കിയാൽ അകം മുഴുവൻ നിറഞ്ഞു നിൽക്കും പക്ഷേ 50 % കാറ്റു മാത്രമാണ്.
കാറ്റു വിറ്റു പൈസാ മേടിക്കുന്നവരാണ് ലെയ്സും കുർകുറെയും . .കപ്പയും ചക്കയും കഞ്ഞിയും കഴിച്ചിരുന്ന നമ്മളെ KFC യുടെയും ഷവർമ്മയുടെയും പിന്നാലെ കൊണ്ടുവരുവാനും അതിന്റെ ആരാധകരാക്കുവാനും ഈ പരസ്യകമ്പനികൾ തന്നെയാണ് മുൻകൈ എടുക്കുന്നത് . ഫലമോ,ഇറച്ചിക്കോഴി
പോലെയുള്ള കുറെ ശരീരങ്ങൾ ഇവിടെ വളർന്നുവരികയുംചെയ്യുന്നു.

ടേബിൾ മേറ്റ്  എന്നൊരു മേശക്ക് പണ്ട് നല്ല മാർക്കറ്റിംഗ് ആയിരുന്നു മിസ്ഡ് കാൾ മതി. കമ്പനി തിരിച്ചുവിളിച്ചു സാധനം നമ്മുടെ തലയിൽ വെച്ചുതരും അതായിരുന്നു രീതി. മൂവായിരം രൂപക്കായിരുന്നു വിൽപ്പന. സാധനം ഓൺലൈനിൽ കിട്ടിയവർ ഈ കമ്പനിക്കാരുടെ ഒരു മൂന്നു തലമുറക്കുള്ള തെറിവിളിച്ചു..എല്ലാം കൂടി നോക്കിയാൽ അഞ്ഞൂറ് രൂപയ്ക്കുള്ള സാധനം പോലുമില്ല. കൊടുത്തതോ മൂവായിരം രൂഭാ.....പരസ്യത്തിൽ വീണുപോയി...
ഒരു ബലഹീന നിമിഷത്തിൽ മിസ്ഡ് കോളും കൊടുത്തു....


നിങ്ങളുടെ പഴയ മിക്സി കൊണ്ടുവരൂ......
പുതിയത് കൊണ്ടുപോകൂ....MRP യിൽ 1000 രൂപ കുറവോടെ...ഇത് കാണേണ്ട താമസം നമ്മുടെ ചേച്ചിമാർ പഴയ മിക്സിയും പൊക്കിപ്പിടിച്ചു വരവായി...
വമ്പിച്ച ആദായം നോക്കിയാണ് ഇവർ ചെല്ലുന്നത്...പക്ഷേ ആദായം മൊത്തം
കടക്കാരനാണ് എന്നുമാത്രം. അതിന്റെ പിന്നാമ്പുറത്തേക്കൊന്നു നോക്കാം..
മിക്സിക്കു 3500 രൂപ MRP  അടിച്ചിരിക്കും. അതിൽനിന്നും ആയിരം രൂപ കുറച്ചിട്ടു 2500 തരാമെന്നാണല്ലോ പരസ്യം. കടക്കാരന് ബൾക്ക് സ്റ്റോക്ക് ആയി
കിട്ടുന്ന മിക്സിക്കു യഥാർത്ഥത്തിൽ 2000 രൂപയേ കാണു. നമ്മളോടുള്ള
സ്നേഹത്തിന്റെ പേരിൽ 2500 ന് തരുന്നതാണ്..! അപ്പോൾ കടക്കാരന് ഒരു
മിക്സിയിൽ എത്ര ലാഭം...??? 500  ഉറുപ്പിക. തീർന്നില്ല, നമ്മളുടെ പഴയ മിക്സി
ഇവർ അവസാനം ആക്രി കൊടുക്കും.അതിലും കിട്ടും വേറെ ലാഭം....!!
തലയിൽ കയറിയോ ഡിസ്‌കൗണ്ട് മേളയുടെ രഹസ്യം...? 

കാര്യം മനസ്സിലാകാൻ വേണ്ടിയാണു ചെറിയ റേറ്റിന്റെ മിക്സിയുടെ കാര്യം പറഞ്ഞത്. ഇവിടെ
വലിയ റേറ്റിന്റെ-പതിനായിരക്കണക്കിന്റെ-ഡിസ്‌കൗണ്ട് മേളയിലും ഇതേ
സിസ്റ്റം ആണ് കളിക്കുന്നത്. എക്സ്ചേഞ്ച് മേള എന്നൊക്കെ പറഞ്ഞാൽ
ഇതാണെന്നു നമ്മൾ ആദ്യം മനസ്സിലാക്കണം. വലിയ റേറ്റിന്റെ ഇടപാടുകളിൽ കടക്കാരന് തടയുന്ന ലാഭം എത്ര എന്നു നമ്മൾക്ക് ഊഹിക്കാമല്ലോ...?? ഇതാണ് (കടക്കാരന്റെ ) അഥവാ  ബ്രാൻഡിന്റെ  ആദായ മേള. പരസ്യങ്ങളുടെ അടിയിൽ ചെറിയ അക്ഷരത്തിൽ ഇങ്ങനെ അടിച്ചിരിക്കും "നിബന്ധനകൾ ബാധകം" "വ്യവസ്ഥകൾ ബാധകം""conditions apply"


മൊബൈൽ കമ്പനികളും നൈസ് ആയി  തട്ടിപ്പു നടത്തുന്നുണ്ട്. അവരുടെ ഭാഷ
തന്നെ നോക്കൂ. 100 രൂപയ്ക്കു റീചാർജ് ചെയ്യൂ എന്നല്ല, നൂറു രൂപയുടെ
ആനുകൂല്യം ആസ്വദിക്കൂ എന്നാണ് പറയുന്നത്. 99,199,499,999 ഇങ്ങനെയുള്ള
റീചാർജുകളാണല്ലൊ കൂടുതലും. നെറ്റിന്റെ സ്പീഡ് കുറച്ചും, പൈസ പെർ
സെക്കന്റ് ആക്കിയും ഏതൊക്കെ രീതിയിലാണോ ഇവരുടെ വക തട്ടിപ്പുകൾ.
ഇങ്ങനെ ആനുകൂല്യം ആസ്വദിച്ച് നമ്മൾ ഒരു വിധമായി...!!കടക്കാരന് പോലും നിശ്ചയമില്ല ഏതൊക്കെ ഓഫർ നിലവിലുണ്ടെന്നും ഇല്ലെന്നും...!!



പല്ലിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന  ആവരണമുണ്ടെന്നും പറഞ്ഞു കോൾഗേറ്റിന്റെ  ഒരു പഴയ പരസ്യമുണ്ടായിരുന്നു. അതും പറഞ്ഞത് ഒരു ഡോക്ടർ വേഷക്കാരൻ. ഇങ്ങനെ പൊതിയാൻ ഒരു ആവരണമില്ലെന്നാണ് സത്യം. പേസ്റ്റ് കമ്പനികൾ തമ്മിലുള്ള മത്സരം മൂത്തു കൊടുത്ത പരസ്യമാകാം .
അലൂമിനിയം ഹൈഡ്രോക്‌സൈഡ്, കാൽസ്യം കാര്ബോനൈറ്റ്,ഫ്ലൂറൈഡ്
അഴുക്കു കളയുന്ന ശേഷി കൂട്ടാനുള്ള ഒരു ഡിറ്റർജന്റ്,സിങ്ക് ക്ലോറൈഡ്.....കാൽസ്യം ഫോസ്‌ഫയ്റ്റ്, രുചി നൽകാനായി പെപ്പർ മിന്റ്, പൊടിഞ്ഞു പോകാതിരിക്കാൻ,ഗ്ലിസറോൾ,സോർബിറ്റോൾ
ഇതൊക്കെയാണ് ഒരു പേസ്റ്റിൽ ഉള്ളത്. പിന്നെ ബ്രാൻഡുകൾ തമ്മിൽ കുറെ വ്യത്യാസങ്ങളും  ഉണ്ടാകും .  

ദന്ത ഡോക്ടർമാർ ഒരു കമ്പനിയുമായി ചേർന്ന് ഒരു പ്രത്യേക ഇനം പേസ്റ്റ് ഉണ്ടാക്കിയിരിക്കുന്നു എന്നൊക്കെയാണ്
പരസ്യത്തിൽ തട്ടി വിടുന്നത്. പല്ലിന്റെ ഇനാമൽ പോയവർക്ക് പ്രത്യേക പേസ്റ്റ് നിലവിലുണ്ട്, അതിനു വില കൂടുതലുമാണ്. അതിന്റെ കാര്യമല്ല നമ്മൾ പറയുന്നത്.  ഇതൊക്കെ നമ്മുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന പരിപാടിയാണ്. കൂടുതൽ ഉപയോഗിച്ചാൽ പല്ലിന്റെ ആരോഗ്യകരമായ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്  ഈ പേസ്റ്റുകൾ എന്നാണ് വിദഗ്ദ്ധർ  പറയുന്നത്. വെറും ഉപ്പും കരിയും,ഉമിക്കരിയും,വേപ്പിന്റെ തണ്ടും കൊണ്ട് പല്ലു തേച്ചിരുന്ന നമ്മുടെ കാർന്നോൻമാർക്കു പല്ലുവേദന എന്നത് ഒരു വിദൂര അസുഖമായിരുന്നു. അന്ന് ഇത്രയും ഡെന്റൽ ക്ലിനിക്കുകളും ആശുപത്രികളും
ഇല്ലായിരുന്നു. ഇന്ന് ക്ലിനിക്കുകൾ കൂടി,രോഗികളും ഇരട്ടിയായി...ഒരു 15 വർഷത്തിന് അപ്പുറം ഏതെങ്കിലും ആശുപത്രിയുടെ പരസ്യം ഉണ്ടായിരുന്നോ?
ഇന്നോ ലാഭംമാത്രംനോക്കി കൊടുക്കുന്നചികിത്സാപരസ്യങ്ങൾ.......!!!


 ഹൃദയം,പല്ല്,കണ്ണ്, സ്കാനിംഗ്  എന്നുവേണ്ട സർവ്വതുംറോഡ് വക്കിൽ പരസ്യം വെച്ചിരിക്കുന്നു. സേവനമാണത്രെ സേവനം...ആതുരസേവനവും
സ്കൂളുകളുമൊക്കെ പരസ്യം ചെയ്യുമ്പോൾ ഓർക്കുക,അതെല്ലാം വ്യവസായം-ലാഭം-നോക്കിയുള്ള കച്ചവടം എന്നുതന്നെ വിളിക്കാം....കോട്ടയത്തുനിന്നും തിരുവല്ലയിലേക്കു യാത്ര ചെയ്താൽ പല
ഹോസ്പിറ്റലിന്റെ പേരിലുള്ള ബോർഡുകളും അതിൽ കിലോമീറ്ററും എഴുതി വെച്ചിരിക്കുകയാണ്.  അതു കാണുമ്പോൾ  ഓർമ്മ വരുന്നത്  തോക്കുമായി മുയൽ വരുന്ന വഴിയിൽ മറഞ്ഞിരിക്കുന്ന വേട്ടക്കാരന്റെ ചിത്രമാണ്. ഓരോരോ കെണികളുമായി ഓരോരുത്തർ
പതുങ്ങിയിരിക്കുന്നു...അത് ആശുപത്രി ആകാം,ഹോട്ടൽ ആകാം,സ്കൂൾ ആകാം..എല്ലാം ബിസിനെസ്സ്...എനിക്ക് ലാഭം മാത്രം..അതിനൊരു ആശ്രയമാണ്
പരസ്യം...
അടുത്ത ഐറ്റമാണ് ഓട്സ്. ഇത് എന്തോ വലിയ
സാധനമാണെന്നു ഒരു ധാരണ ഉണ്ട്. ഓട്സ് കഴിക്കുക എന്ന് വെച്ചാൽ എന്തോ ജാഡ സംഭവമാണെന്ന് ചിലർ കരുതുന്നു.  ഇതിനെക്കുറിച്ച് നമ്മൾക്ക് വലിയ
പിടിപാടില്ല. ആ പിടിപാടില്ലായ്മ്മയാണ് നമ്മളുടെ വീക്നെസ്സും....


തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ഒരു
ധാന്യമാണ് ഓട്സ്(avena  sativa) ഇന്ത്യയിൽ UP യിലും പഞ്ചാബിലും കൂടുതലായി കൃഷി ചെയ്യുന്നു. പ്രധാനമായും കാലിത്തീറ്റക്ക് വേണ്ടിയാണു
കൃഷി ചെയ്യുന്നതെങ്കിലും ധാന്യത്തിനു വേണ്ടിയും ഉപയോഗിക്കുന്നു.
കുതിരകൾക്കും കന്നുകാലികൾക്കും ഉത്തമ ആഹാരം. വടക്കേ ഇന്ത്യയിൽ
കൃഷിചെയ്യുന്ന നല്ല ഇനം ഓട്സ് കെന്റ് എന്നറിയപ്പെടുന്നുകടുപ്പമുള്ള
വൈക്കോലും വലുപ്പം കൂടിയ ധാന്യവുമുള്ള ഈ ഓസ്‌ട്രേലിയൻ ഇനം  112
ദിവസം കൊണ്ടു കാതിരിടുന്നു. ധാന്യം മില്ലിൽ കുത്തിയെടുത്തു പ്രഭാത ആഹാരത്തിനു ഉപയോഗിക്കുന്നു.  ഇതിൽ വിറ്റാമിൻ b1,b2, e എന്നിവ അടങ്ങിയിരിക്കുന്നു.


നമ്മുടെ കുത്തരിയുടെ അതേ സംഭവം തന്നെ.
ഗോതമ്പിലും മറ്റും അടങ്ങിയിരിക്കുന്ന തവിടും നാരുകളും മാത്രമേ ഓട്സിലുമുള്ളു. പാശ്ചാത്യ രാജ്യങ്ങളിൽ ഹൃദയ രോഗങ്ങളും അർബുദങ്ങളും പിടിമുറുക്കിയപ്പോൾ  പഴങ്ങളും പച്ചക്കറികളും പ്രിസർവേറ്റീവ്സ് ചേർത്ത ടിൻ ഭക്ഷണം വെറുത്തു തുടങ്ങി. അങ്ങനെ സ്വഭാവിക ഭക്ഷണങ്ങൾ കളം നിറഞ്ഞു. വ്യാവസായിക പ്രക്രിയകൾക്കു വിധേയമാകാത്ത ആഹാര രീതി അവിടെ ക്ലെച്ചു പിടിച്ചു. അങ്ങനെയാണ് ഓട്സ് അവിടെ കളം പിടിച്ചത്.


കുത്തരിയിലുള്ള നാരുകൾ തന്നെയാണ് ഇതിലും ഉള്ളത്. നാരുകൾ കൂടുതൽ കിട്ടാൻ ഇലക്കറികൾ കഴിച്ചാൽ മതിയാകും. നമ്മുടെ പരമ്പരാഗത രീതിയിലുള്ള ആഹാരം ഏത് ഓഡ്സ്നേക്കാളും മുന്നിലാണ്. പക്ഷേ പരസ്യങ്ങളുടെ തേർവാഴ്ച കാരണം ഓട്സ് നമ്മുടെ ഇടയിലും പ്രചുര പ്രചാരം നേടിയിരിക്കുന്നു. ചില ബ്രാൻഡ് ഓട്സ് കഴിച്ചാൽ കൊളെസ്ട്രോൾ രക്തസമ്മർദ്ദം ഒക്കെ കുറയുമെന്നും പറയുന്നു. ഓട്സ് നമുക്ക് അത്രക്കും പരിചയമില്ലാത്ത സാധനം ആയതിനാൽ പരസ്യം പറയുന്നത് നമ്മൾ കണ്ണടച്ച് വിശ്വസിക്കുന്നു. മൾട്ടി നാഷണൽ കമ്പനിയുടെ കവർ ഡിസൈനുമായി
നമ്മളെത്തേടി ഓട്സ് വിപണിയിലെത്തുന്നു.  ജാഡ മൂത്ത കുറെ ആൾക്കാർ
അതെല്ലാം വാങ്ങി തട്ടുന്നു..ഒന്നും വേണ്ട നമ്മുടെ അരിയും ഗോതമ്പും മാത്രം കഴിച്ചാലും ഇതേ ഗുണം തന്നെ കിട്ടും എന്നും നമ്മൾ മനസ്സിലാക്കണം.


പരസ്യങ്ങൾ ഉണ്ടാക്കുന്ന ഒരുതരം ആകാംക്ഷയുടെ പുറത്താണ് നമ്മൾ ഒരു പ്രത്യേക സാധനത്തിന്റെ പുറകെ പോകുന്നത്. കൊച്ചിയിലുള്ള ഒരു ട്രാവൽ
ടൂർ ഓപ്പറേറ്റർ ലക്ഷക്കണക്കിന് രൂപ പറ്റിച്ചു. ഒരു ലക്ഷമായിട്ടും മൂന്നു
ലക്ഷമായിട്ടുമൊക്കെ  അളിയൻ മാന്യമായി തട്ടിപ്പു നടത്തുകയായിരുന്നു.
ഇസ്രയേലും യൂറോപ്യൻ രാജ്യങ്ങളും ഇപ്പോ കാണിച്ചുതരാം എന്നായിരുന്നു
ചേട്ടന്റെ പരസ്യം. തിന്നിട്ടു എല്ലിനിടയിൽ കേറിയ പാവപ്പെട്ട കുറെ പണക്കാർ ചേട്ടന്റെ പരസ്യ വലയിൽ വീണു.  ഇപ്പോൾ കേസ് 5 എണ്ണമാണ്. അതിരപ്പള്ളിയും വാഴച്ചാലുമൊക്കെ ഇട്ടിട്ടു ഇസ്രായേൽ പിടിക്കാൻ പോയാൽ ഇങ്ങനെയിരിക്കും.  അതിരപ്പള്ളിയിൽ സോഡാ നാരങ്ങാ വിൽക്കുന്ന  വാസു ചേട്ടന്റെ ശാപമാണ്.. ഇപ്പോ ടൂർ ഓപ്പറേറ്ററെ പിടിക്കാൻ പോലീസ് മാമൻ വേറൊരു ഓപ്പറേഷൻ പ്ലാൻ ചെയ്യുകയാണ്.


ഒരു സർവ്വേ അനുസരിച്ചു സ്ത്രീകളും
കുട്ടികളുമാണ് പരസ്യങ്ങളുടെ തട്ടിപ്പിൽ വീണു പോകുന്നത്. ഒരു തുണിക്കടയിൽ ചെന്നാൽ അവിടെ കൂടുതലും ചേച്ചിമാരാണ്..ചേട്ടൻമ്മാർ കുറവ്. അഥവാ ഉണ്ടെങ്കിലും അവരെല്ലാം ചേച്ചിയുടെ ബാഗും പിടിച്ചു ഏതെങ്കിലും ഭിത്തിയിൽ ചാരിനിൽപ്പുണ്ടാകും.  ഇതാണ് കുമാരനാശാൻ പണ്ടു പറഞ്ഞ ദുരവസ്ഥ...!!!വായിച്ചിട്ടില്ലേ...!!??വണ്ണം കുറക്കുന്ന യന്ത്രമുണ്ട്
വേറെ പണിയൊന്നുമില്ലാതെ തിന്നു കൂട്ടിയ കുറേപ്പേർ ഇത് വാങ്ങുന്നുമുണ്ട്.
രാവിലെ സ്വന്ത വീടിന്റെ മുറ്റത്തോ മറ്റോ കുറെ പ്രാവശ്യം ഓടിയാൽ തീരുന്ന പ്രശ്നമേയുള്ളു. വണ്ണം കുറക്കുന്ന കുറെ പരസ്യങ്ങളെ കഴിഞ്ഞ ദിവസം നിരോധിച്ചതായി കണ്ടു. നന്നായി മേലനങ്ങുമ്പോൾ വിയർക്കും,അങ്ങനെ കുറെ മേദസ്സ് പോയിക്കിട്ടും. നന്നായി വണ്ണം കുറയുകയും ചെയ്യും.പക്ഷേ ആദ്യം വിയർക്കണമെന്നു മാത്രം...


2018 മുതൽ 2023 വരെ ഇന്ത്യയുടെ വിദേശത്തെയും സ്വദേശത്തെയും ക്രിക്കറ്റ് മത്സരങ്ങൾ പ്രക്ഷേപണം ചെയ്യാനുള്ള അവകാശം
സോണി,ജിയോ തുടങ്ങിയ കുത്തകകളെ പിന്തള്ളി സ്റ്റാർ ഇന്ത്യ സ്വന്തമാക്കി.
കാശ് എത്രയാണെന്നോ..? 6138.1 കോടി രൂഭായ്. ഇത്രയും വലിയ തുക കൊടുത്തു സംപ്രേഷണാവകാശം ഇവർ നേടിയെങ്കിൽ, അതിലേറെ തുക ഇവർക്കു പരസ്യത്തിലൂടെ കിട്ടുകയില്ലേ..?  ഇത് ഒരു ചാനലിന്റെ മാത്രം കാര്യം. ഇന്നു രാജ്യത്തുള്ള എല്ലാ ചാനൽ,പത്രമാധ്യമം,ഡിജിറ്റൽ മീഡിയ
എന്നിവയിലൊക്കെക്കൂടി വന്നുമറിയുന്ന പരസ്യ വരുമാനം എത്ര വരും..?
സമൂഹത്തിൽ പരസ്യം നേടുന്ന സ്വാധീനത്തിലേക്കാണ് ഈ വരുമാന വർധന
വിരൽ ചൂണ്ടുന്നത്.! 

മാർക്കറ്റിംഗ് തന്ത്രങ്ങളിൽ പരസ്യങ്ങൾക്കു നിർണ്ണായകമായ സ്ഥാനമാണ് ഉള്ളത്. നിമിഷ നേരത്തെ പരസ്യത്തിനുവേണ്ടി
പൊന്നുംവിലയാണ്   കമ്പനികൾ കൊടുക്കുന്നത്.  അങ്ങനെ സ്‌ക്രീനിൽ കാണിക്കാൻ വേണ്ടിമാത്രം ലക്ഷങ്ങളുടെ തുകകളാണ് മറിയുന്നത്.  ഇതിന്റെ
പൈസയും കമ്പനി ഉപഭോക്താവിൽനിന്നും ഈടാക്കും. ഉൽപ്പാദന ചെലവിന്റെ പലമടങ്ങാണു പല നിർമ്മാതാക്കളും നമ്മളിൽനിന്നും ഈടാക്കുന്നത്. പരസ്യ വരുമാനം മാത്രം കൊണ്ടാണ് ഇത്രയധികം മാധ്യമങ്ങൾ
ഇവിടെ ഉയർന്നു വരുന്നത്. പരസ്യ വരുമാനം മോഹിച്ചുകൊണ്ടു മാത്രം.


പരസ്യങ്ങളാണ് മിക്ക വ്യാപാര സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും വിജയരഹസ്യം. അതിന്റെ മറുവശം ചിന്തിക്കുക. വൻകിട മാധ്യമങ്ങൾക്കു വൻ പരസ്യങ്ങൾ കൊടുക്കുന്ന കമ്പനികളിലോ,ഉല്പന്നങ്ങളിലോ എന്തെങ്കിലും മനുഷ്യാവകാശ ലംഘനമോ കൃത്രിമമോ മായമോ നടന്നാൽ അത് ഒരിക്കലും പുറത്തു വരില്ല. ഈ നക്കൽ ശീലിച്ച മാധ്യമങ്ങൾ അതെല്ലാം മുക്കും.  കേരളത്തിൽ തന്നെ, മായം ചേർത്തതിന് പല കമ്പനികളുടെയും കറിപ്പൊടികൾ കേസ് നേരിട്ടത് നമ്മൾ പലരും അറിഞ്ഞു കാണില്ല.  കളർ ചേർത്തും,കല്ലുപൊടി ചേർത്തും എത്ര കറി പൗഡർ കമ്പനികൾ ഈ കൊച്ചുകേരളത്തിൽ ഉണ്ടെന്നോ. അതിൽ ഒരു കറിപ്പൊടി കമ്പനിക്ക് തന്നെ 48 ലധികം കേസുകൾ നിലവിലുണ്ട്....!!ഒരിക്കലും അതൊന്നും പുറത്തുവരുകയില്ല. മാധ്യമങ്ങളുടെ ഒരുമാതിരി പിതൃശൂന്യ സേവനമാണിത്.
"ലോകത്തിലെ ഏത് അസുഖ"ത്തിനും മരുന്നു കൊടുക്കുന്ന  തനി ഭാരത കമ്പനിയുടെ ഒരു ഉയർന്ന മേധാവി കഴിഞ്ഞ ദിവസം നെഞ്ചു വേദനയെ തുടർന്നു "ആശുപത്രി"യിലായി. എന്തേ നെഞ്ചു വേദനയുടെ മരുന്നു തീർന്നുപോയോ..?
അപ്പോൾ ഇവരുടെ പരസ്യത്തിലെ തട്ടിപ്പു വിവരമുള്ളവർക്കു മനസ്സിലാക്കാൻ പറ്റും.


കപ്പ കിലോയ്ക്ക് 20 രൂപ എന്നിരിക്കട്ടെ. ഇത് ഉണക്കി പൊടിച്ചു കുറെ മിശ്രിതങ്ങളും ചേർത്ത് ബ്രാൻഡായി"ഉത്തമ ശിശുആഹാര"മായി വിപണിയിൽ എത്തുന്നു. വില 500-600. ഇന്നത്തെ ഭാഷയിൽ "മൂല്യവർദ്ധിത" ഉല്പന്നങ്ങൾ. വിലയിൽ മാത്രമേ വർദ്ധന ഉള്ളു.ഗുണത്തിലോഇല്ല. അതായത് കപ്പ എന്നും കപ്പ തന്നെ. തേങ്ങാ എടുത്തിട്ടു ചിരട്ട വലിച്ചെറിയും. അതു മുഖം മിനുക്കി തവി ആയി ആമസോണിൽ വരുമ്പോൾനമ്മൾ വാങ്ങും അഞ്ഞൂറും അറുനൂറും കൊടുത്തു. അതാണ് ബ്രാൻഡിംഗ്ചെയ്യപ്പെടലിന്റെയും പരസ്യങ്ങളുടെയും സ്വാധീനം. നമ്മളെ പരമാവധിഉപഭോഗ ആസക്തി ഉള്ളവരാക്കുക എന്നതാണ് ആഗോള മുതലാളിത്തവ്യവസ്ഥയുടെ ലൈൻ. ഒരു രൂപയുടെ ഷാമ്പുവും കോടികൾ വിലമതിപ്പുള്ളകാറുകളും പരസ്യങ്ങളുടെ നിറപ്പകിട്ടിലാണ് വിറ്റഴിയുന്നത്. 

യഥാർത്ഥ സൗന്ദര്യം വരണമെങ്കിൽ ഒരു പ്രത്യേക ബ്രാൻഡിന്റെ സോപ്പ് തേക്കണമെന്നും കുട്ടികളിലെ ഉന്മേഷത്തിന്റെ ഉറവിടം ബോൺവിറ്റയും ഹോർലിക്‌സുംആണെന്നും നമ്മൾ ചിന്തിച്ചു വെച്ചിരിക്കുകയാണ്. തീരെ കൊച്ചുകുട്ടികൾക്കു ജോൺസൻ &ജോൺസൻ ഉല്പന്നങ്ങൾ മാത്രമേ കൊടുക്കാവൂ എന്നാണ്നമ്മൾ കരുതുന്നത്. എന്നാ ഈ ജോൺസൻ ഒക്കെ ഉണ്ടായത്...?നമ്മൾ ടീവി യിൽ പരസ്യം കണ്ടുതുടങ്ങിയപ്പോൾ മുതൽ അല്ലേ?   അതിനുമുമ്പ് ഇവിടെ കുട്ടികൾആരും ജനിച്ചിട്ടില്ലായിരുന്നോ...? നവജാത ശിശുക്കളുടെ കാര്യം പറഞ്ഞാൽ അമ്മമാരേ ക്യാൻവാസ് ചെയ്യാമെന്നു കമ്പനി മനസ്സിലാക്കി. അതാണ് ഈ ജോൺസൻ & ജോൺസന്റെ കടന്നുകയറ്റം ഉണ്ടായത്. BSI (bureau of Indian standard act) പ്രകാരം ISI മുദ്രയുള്ള ഉല്പ്പന്നങ്ങളുടെ നിലവാരക്കുറവ് ബോധ്യമായാൽതടവും പിഴയും ഉൾപ്പെടെ ശിക്ഷയുണ്ട്. തെറ്റിദ്ധാരണ പരത്തുന്നതും ജനത്തിൻറെ ആരോഗ്യത്തെ ബാധിക്കുന്നതുമായ പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്കു 50 ലക്ഷം പിഴയും മൂന്നു വർഷത്തെ വിലക്കുംശിക്ഷ നൽകുന്ന നിയമം കേന്ദ്രം പാസ്സാക്കിയിട്ടുമുണ്ട്.


കഴിഞ്ഞ നാളിൽ വയനാട്ടിലും മലപ്പുറത്തും ഉണ്ടായ ദുരന്തത്തിൽ കേരളത്തിലെ എല്ലാ പത്രങ്ങളും ഫ്രണ്ട് പേജിൽ വാർത്ത കൊടുത്തു. എന്നാൽ ഒത്തിരി പാരമ്പര്യം പറയുന്ന ഒരു പത്രത്തിന്റെ ഹെഡിങ് ഇങ്ങനെയായിരുന്നു "വമ്പിച്ച ആദായം".....
ഒരു ഫുൾ പേജ് മുഴുവനും ബിഗ് ബസാറിന്റെ പരസ്യമായിരുന്നു.. ലാഭക്കൊതി മൂത്തിരിക്കുന്നവർക്കു എന്ത് ഉരുൾപൊട്ടൽ..? എന്ത് പേമാരി..?
ഫുൾ പേജ് പരസ്യം തരാൻ ആളുകൾ ഉള്ളപ്പോൾ പേമാരിയൊക്കെ ഇവർക്ക്
ചീള് കേസ്. സാധാരണ കൃഷിക്കാരാണ് ഈ ആദായത്തിന്റെ ആൾക്കാർ. കഴിഞ്ഞ വർഷം ഉണ്ടായതിലും കൂടുതൽ വിളവ് ഉണ്ടായെന്നും അതിലൂടെ കുറെ ലാഭം കിട്ടിയെന്നുമാണ് ഇവർ ഉദ്ദേശിക്കുന്നത്. അപ്പോൾ വലിയ കടക്കാരന്"ആദായം"എന്നുവെച്ചാൽ,കുറേക്കൂടിപരസ്യക്കെണിഈവർഷംവെച്ചിട്ടുണ്ടെന്നുംഅതിൽപലരുംവീണുഎനിക്ക്ആദായംകിട്ടുമെന്നുമാണ്അർത്ഥം.തെരിയുമാ? അങ്ങനെ കടക്കാരന്റെ ആദായത്തിന്റെ ഗുട്ടൻസ്പിടികിട്ടിയോ?


 ഒരു ഓണം കൂടി അടുത്തു വരുന്നു. ഡിസ്‌കൗണ്ടും സമ്മാനപ്പെരുമഴയുമായി കച്ചവടക്കാർ വലവിരിച്ചു കഴിഞ്ഞു (2019 സെപ്റ്റംബർ 11  നു ഓണം )
ഇനി നമ്മൾ ചെന്ന് കയറികൊടുക്കേണ്ട താമസമേയുള്ളു. ഒരു കാര്യം കൂടി .
കച്ചവടക്കാരൻ ജീവിക്കാനാണ് ആ തൊഴിൽ ചെയ്യുന്നത്. ന്യായമായും അവർക്കു കിട്ടേണ്ട ലാഭം കിട്ടുകതന്നെ വേണം. അവർക്കും കുടുംബം ഉണ്ട് ആവശ്യങ്ങൾ ഉണ്ട്  അതിനാരും എതിര് പറഞ്ഞിട്ടു കാര്യമില്ല.   ഈ സ്ഥാപനങ്ങൾ വഴി ജീവിത മാർഗം കിട്ടുന്ന ആയിരക്കണക്കിന് മനുഷ്യരുണ്ട്. പക്ഷേ എതിർക്കപ്പെടേണ്ട കാര്യങ്ങൾ ചിലതുവരുമ്പോൾ എതിർക്കുക തന്നെ വേണം. കബളിപ്പിക്കുന്ന പരസ്യവും വെച്ചു ഇല്ലാത്ത വിലക്കുറവും കാണിച്ചു തട്ടിപ്പു നടത്തുന്നതു ശരിയായ നടപടിയല്ല.

 എക്സ്ചേഞ്ച് മേള പോലെയുള്ള തട്ടിപ്പുകൾ ഇപ്പോൾ ജനങ്ങൾക്ക്‌ മനസ്സിലായി തുടങ്ങിയിട്ടുണ്ട്. നേരെ വാ നേരെ പോ രീതിയിൽ കച്ചവടം ചെയ്യൂ നിങ്ങൾക്കും നിങ്ങളുടെ സംരംഭത്തിനും  എന്നും ഒരു സ്ഥാനമുണ്ടായിരിക്കും. പിന്നെ സ്ഥാപനത്തിൽ വരുന്ന ആളിനെ കേവലം കസ്റ്റമർ ആയി കാണാതെ മനുഷ്യനായി കാണാൻ പഠിക്കുക. നിങ്ങളുടെ പരസ്യത്തിന്റെ വെട്ടം കണ്ടു ഈയാംപാറ്റ പോലെ വരുന്ന മനുഷ്യരുടെ ചിറകുകൾ കരിഞ്ഞു വീഴാൻ ഇടയാകാതിരിക്കട്ടെ....!!


ഒരിക്കലും പരസ്യത്തിന്റെ മേനി കണ്ടു സാധനം വാങ്ങാൻ പോകരുത്. റിലയൻസിന്റെ ട്രെൻഡിൽ കയറി 2000 രൂപയുടെ തുണി വാങ്ങിയാലും ആ തുണിയെല്ലാം ഇട്ടുതരാൻ അവർ  5 രൂപ എക്സ്ട്രാ മേടിക്കും ..എന്തിനാണെന്നോ അവരുടെ പരസ്യം എഴുതിയ കവർ ന്. ട്രെൻഡ് ആണെങ്കിലും ശീമാട്ടി ആണെങ്കിലും എക്സ്ട്രാ പൈസ കൊടുത്തു കവർ വാങ്ങേണ്ട യാതൊരു ആവശ്യവുമില്ല. അതു മാത്രമാണോ,അവരുടെ ബ്രാൻഡ് പേരും പിടിച്ചു നമ്മൾ അവരുടെ അംബാസിഡർ ആകുകയാണ് ചെയ്യുന്നത്. അതിനു ന്യായമായും ഇങ്ങോട്ടല്ലേ പൈസാ തരേണ്ടത്....!!?? അല്ല പിന്നെ...!!?? 

തുണി, ഹോം എക്വിപ്മെന്റ്സ്, ഇലക്ട്രോണിക്സ്, മൊബൈൽ
ഫർണിച്ചർ മേഖലകളിലാണ് പരസ്യങ്ങളുടെ തള്ളിക്കയറ്റം കാണുന്നത്..
വരൂ ഞങ്ങൾ നിങ്ങൾക്കു കുറച്ചു തരാം എന്നു പറയുന്ന എല്ലാ പരസ്യവും തട്ടിപ്പാണ്. GST ഒക്കെ വന്നു നടുവൊടിഞ്ഞ വിപണി എന്താണു നിങ്ങൾക്കു
സൗജന്യം തരുമെന്ന് പറയുന്നത്..? ഒരിക്കൽ കൂടി പറയട്ടെ ആരും ആർക്കും ഒരു സൗജന്യവും ഇവിടെ കൊടുക്കുന്നില്ല, പ്രത്യേകിച്ച് ഒരു ഉത്സവ സീസണിൽ..!


മറ്റേതൊരു മനുഷ്യരെക്കാളും ഒരുമാതിരി അളിഞ്ഞ ജാഡയും  പൊങ്ങച്ചവും
നമ്മൾക്ക് കൂടുതലാണ്. എവിടൊക്കെ പൊങ്ങച്ചം കാണിക്കാമോ അവിടെല്ലാം
നമ്മൾ തള്ളിക്കയറും.  ആഹാരമായി കഴിക്കേണ്ട സാധനങ്ങൾ നമ്മൾ
വഴിവക്കിൽ നിന്നും വാങ്ങും. കാലിൽ ഇടേണ്ട ചെരുപ്പ് നമ്മൾ ഏസീ ഷോറൂമുകളിൽനിന്നും വാങ്ങും. വലിയ മാളുകളിൽ ആയിരത്തിന് ആയിരത്തി പത്തുരൂപയും കൊടുക്കും, വഴിവക്കിലിരിക്കുന്ന  കപ്പ കച്ചവടക്കാരനോട് മൂന്നു രൂപയ്ക്കു അലമ്പുണ്ടാക്കുകയും ചെയ്യും...
ഇതാണ് ചിലർപഠിച്ചിരിക്കുന്ന  സംസ്കാരം. പറഞ്ഞിട്ടു കാര്യമില്ല മോനേ ...കേട്ടിട്ടില്ലേ ദരിദ്രവാസി എന്നും ദരിദ്രവാസി എന്ന്...!

കുറെ പൈസ ഉണ്ടായിട്ടൊന്നും വലിയ കാര്യമൊന്നുമില്ല. മനുഷ്യത്വപരമായി ഇടപെടാൻ ആദ്യം പഠിക്കണം.
കൂട്ടിവെക്കുന്ന പൈസ ഒന്നും നമ്മൾക്കു യാതൊരു സുരക്ഷിതത്വവും നൽകുന്നില്ല എന്നതിന്റെ പ്രക്ത്യക്ഷ ഉദാഹരണമല്ലേ സമീപകാല ദുരന്തങ്ങൾ.
പറഞ്ഞുവന്ന ഒഴുക്കിൽ ഒഴുകി വന്നതാണ്. അല്ലാതെ വിഷയം മാറിപ്പോയതല്ല.
വഴിവക്കിൽ പച്ചക്കറിയും തേങ്ങയും ഉണക്ക മീനും കരിക്കും ഒക്കെ വിൽക്കുന്നവർക്ക് വലിയ പരസ്യമൊന്നും ഇല്ല. നിങ്ങൾക്ക് ഏതാണ്ട്‌ മുഴുത്തത് ഉണ്ടെന്നുവെച്ചു അവിടെ ഒരുമാതിരി തറ വിലപേശൽ നടത്തരുത്..!
അവരും ജീവിച്ചുപോകട്ടെ.


ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുകയാണ്.നോട്ടു നിരോധനവും GST യും മനുഷ്യനെ ചെറുതായൊന്നുമല്ല വലച്ചത്. ചെറുകിടക്കാർ മിക്കതും പണി നിർത്തി  ആയുധം വെച്ചു കീഴടങ്ങി. പൊതുമേഖലയും കയ്യാലപ്പുറത്തെ തേങ്ങാപോലെ ഇരിക്കുന്നു. ഏതു സമയത്തും എന്തും സംഭവിക്കാം...!പിടിച്ചു നിൽക്കുവാൻ ത്രാണിയില്ലാത്ത
തളർന്ന അവസ്ഥയാണു ഇന്നത്തെ ഇന്ത്യയുടെ പരിച്ഛേദം. ഇന്ത്യ കുതിക്കുകയാണ്,മുകളിൽ നിന്നും താഴേക്കാണെന്നു മാത്രം. !ഇതിനിടയിൽ ആണ് കടക്കാർ നമുക്ക് സൗജന്യം തരുമെന്നു പരസ്യം വരുന്നത്. ഇവരെന്ത്
തേങ്ങയാണ് ഈ പറയുന്നത് .......?????


സിനിമ പരസ്യങ്ങൾപ്പോലും ചെലവാക്കിയ കോടികൾ കാണിച്ചാണ് പരസ്യം നടത്തുന്നത്. കേട്ടിട്ടില്ലേ ബിഗ്‌ബജറ്റ് പടം എന്നൊക്കെ..അല്ലാതെ മറ്റൊന്നും പറഞ്ഞു ആളുകളെ കൂട്ടാൻ പറ്റാതായിരിക്കുന്നു..100 കോടിക്ക് ഇവൻ എന്താണ് കാട്ടിക്കൂട്ടിയിരിക്കുന്നതെന്നു കാണാനാണ് നാട്ടുകാർ വരുന്നത്. ആദ്യത്തെ നൂറുപേരിൽനിന്നും നറുക്കിട്ടെടുത്ത ഒരു ഭാഗ്യവാന് മോഹൻലാലിൻറെ കൂടെ കഞ്ഞി കുടിക്കാം...മമ്മൂട്ടിയുടെ കൂടെ കാപ്പി കുടിക്കാം ...ഇജ്ജാതി പരസ്യങ്ങളാണ് ഇപ്പോൾ. പരസ്യത്തിനൊരു കാന്തിക മണ്ഡലമുണ്ട്,അതിലേക്കാണ് ആളുകളെ വലിച്ചടുപ്പിക്കുന്നത്.


"പത്രങ്ങളിൽ അച്ചടിച്ചു വരുന്നതെല്ലാം സത്യമാണെന്നൊരു ധാരണ ജനങ്ങൾക്ക്‌ ഉണ്ടെങ്കിൽ അത് തെറ്റാണു"  പറയുന്നത്  56 വർഷം കാർട്ടൂണിലൂടെ    നമ്മോടു സംവദിച്ച ടോംസ്. മുപ്പതിലധികം വർഷം താനൊരു പത്രപ്രവർത്തകനായിരുന്നു. തൻറെ ആത്മകഥയായ "എന്റെ ബോബനും മോളി"യിലും പത്രപരസ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രമുണ്ട്.
ഒരു പത്രത്തിന്റെ 30% മാത്രമേ പരസ്യത്തിനു ഉപയോഗിക്കാവു എന്നാണ് വെയ്പ്പ്.  എന്നാലും യാതൊരു പരസ്യവുമില്ലാതെ പുറത്തിറങ്ങുന്ന ഒരു പത്രത്തിനെക്കുറിച്ചു നമുക്കു ചിന്തിക്കാൻ കൂടിവയ്യ. പക്ഷേ വാർത്ത കുറച്ചും പരസ്യം കൂട്ടിയുമുള്ള ഇടപാടിനെ ന്യായീകരിക്കുവാനും കഴിയില്ല.
ഈ കൂട്ടിയിടുന്ന പരസ്യങ്ങൾ തട്ടിപ്പിനും കൂടിയുള്ളതാകുമ്പോൾ...?? ആര്
ഉത്തരവാദിത്തം ഏറ്റെടുക്കും.? പത്രക്കാർ നേരത്തെ തന്നെ കൈ കഴുകിയിരിക്കും...!പിന്നെ സാധാ ജനങ്ങൾ എന്നും കഴുതകളാണല്ലോ ...!!



ഇന്നലെ കണ്ട  പരസ്യം, ഒരു  ഹാൻഡ് വാഷിന്റെയാണ്..."ഡോക്ടർമാർ
ഏറ്റവുമധികം വിശ്വസിക്കുന്നത്" എന്നാണു കൊടുത്തിരിക്കുന്നത്. അതിനും കൂട്ടുപിടിച്ചിരിക്കുന്നത് ഡോക്ടർമാരെയാണ്. കാരണം ആന തിടമ്പേറ്റി വരുമ്പോളാണല്ലോ കാണാൻ ഒരു ഗുമ്മ്.....അല്ലാതെ ആട് തിടമ്പേറ്റാറില്ലല്ലോ..?
 യേത്....!! അടുത്തത്,  "ഈ  സൗജന്യം ഇനി അടുത്ത ഓണത്തിനു മാത്രം"
അതായത്, ഇങ്ങേരുടെ അടുത്ത് തലവെക്കാൻ ഇനി ഒരു വർഷം കാത്തിരിക്കണമത്രേ...അതുകൊണ്ടു ഇപ്പഴേ വന്നു വെച്ചോളാൻ...യേത്...??
പിന്നൊരു ശാശ്വത സത്യമുണ്ട് എവിടെ ഡിസ്‌കൗണ്ട് ഉണ്ടോ അവിടെ മലയാളി ഉണ്ടായിരിക്കും.....ലൈഫ്ബോയ് എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട് എന്ന പഴയ പരസ്യം പോലെ..


ഓടിച്ചിട്ടു ലോൺ കൊടുക്കുക, പണയം വെക്കേണ്ട ആവശ്യമുണ്ടോ ചേട്ടാ എന്നു ഫോണിലൂടെ വിളിച്ചു ചോദിക്കുക,ഞങ്ങളാണ് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്നതെന്നു നോട്ടീസ് അടിച്ചു പ്രകടനം നടത്തുക, മിസ്ഡ് കാൾ കൊടുക്കുക കമ്പനി തിരിച്ചു വിളിക്കുക....ഇതെല്ലാം പരസ്യത്തിൻന്റെ ഓരോരോ രൂപങ്ങളാണ്..ബന്ദ് മാറി ഹർത്താൽ വന്നതുപോലെ..സംഗതി ഒന്നുതന്നെ...ഉപഭോക്താവിനെ ഏതു വിധേനയും സ്വാധീനിച്ചു തങ്ങളുടെ ബിസിനസ് വിപുലപ്പെടുത്തുക...!!അതിൽ വീണുകൊടുക്കാൻ കുറെ മനുഷ്യരും..!!


ഇത്രയൊക്കെ ആയ സ്ഥിതിക്ക്  നിർത്തുവാ...പറ്റിപ്പോയ അമളികളെപ്പറ്റി ഓർക്കാനും,പുതിയ അമളികൾ പറ്റാതിരിക്കാനും ഇത് സഹായിക്കും.
പുതിയ വിവരങ്ങൾ കിട്ടുമ്പോൾ കൂട്ടിച്ചേർത്തുകൊണ്ടിരിക്കും.....
തല്ക്കാലം വിട..വീണ്ടും കാണണം.....!

Wednesday, August 21, 2019

ദൈവത്തിന്റെ നാട് അല്ല..ഇത് ദൈവങ്ങളുടെ നാട്.....

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ......!!! വയലാറിന്റെ അനശ്വര വരികൾ...  ഇവിടംവിട്ടുപോകുവാൻ ആർക്കും ഇഷ്ടമല്ല. അത്രക്കാണ് ബന്ധങ്ങളുടെയും കടപ്പാടുകളുടെയും ഇഴ പിരിഞ്ഞുള്ള നിൽപ്പ്. പെട്ടന്ന് പൊട്ടിച്ചെറിയുവാൻ കഴിയില്ല. പക്ഷേ ദുരന്തങ്ങൾ മനുഷ്യന്റെ കണക്കു പുസ്തകത്തിൽ തെറ്റുകൾ കോറിയിടുന്നു ബന്ധങ്ങളുടെ ചങ്ങലക്കണ്ണികളെ പാതിവെച്ചു മുറിച്ചുകൊണ്ട് പോകുന്നു.....


ഒരു പ്രളയാവർത്തനംകൂടി. അതും കഴിഞ്ഞതിന്റെ വാർഷികത്തിൽ തന്നെ...
വയനാട് മേപ്പാടിപുത്തുമലയിൽ ഉരുൾപ്പൊട്ടലിന്റെ രൂപത്തിൽ-മണ്ണിടിച്ചിൽ ആണെന്നും പറയുന്നു - ദുരന്തം പെയ്തിറങ്ങി. കൽപ്പറ്റയിൽ നിന്നും 20 കിലോമീറ്റർഅകലെ പ്ലാൻറ്റേഷൻ ഗ്രാമമായ പുത്തുമലയിൽ 60 കുടുംബങ്ങൾ
താമസിച്ചിരുന്നു. രണ്ടു പാർപ്പിട കേന്ദ്രങ്ങൾ  ക്ഷേത്രം  കാപ്പിക്കട    മദ്രസ.
വീടുകൾ....എല്ലാം പോയി...ഒരു ഗ്രാമീണ ഭംഗി തന്നെ മണ്ണിനടിയിൽ മറഞ്ഞു.
ഒരു തിരിച്ചു വരവില്ലാതെ...മേപ്പാടി പഞ്ചായത്തു പ്രസിഡന്റ് സഹദ്
പകർത്തിയ 26 സെക്കന്റുള്ള വീഡിയോ,അതാണ് ഈ ദുരന്ത വാർത്ത പുറം
ലോകത്തെ ആദ്യം അറിയിച്ചത്.

ചില മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അടുത്ത വാർത്തയും വന്നു. മലപ്പുറം
ഭൂദാനം കവളപ്പാറയിൽ ഉരുൾപൊട്ടൽ. അനേകരെ കാണ്മാനില്ല. ഒരു പ്രദേശം
തന്നെ ഒലിച്ചു പോയിരിക്കുന്നു. എവിടെയും 30  അടിയിൽ ചെളിത്തടാകം.
19 കുടുംബങ്ങളുടെ മോഹങ്ങളും സ്വപ്നങ്ങളും സമ്പാദ്യങ്ങളും എല്ലാം
മിനിറ്റുകൾക്കൊണ്ടു പ്രകൃതി വിഴുങ്ങി.

പുത്തുമലയിൽ കൃഷി ഭൂമി ഉൾപ്പെടെ 100 ഏക്കറോളം ചെളിപുഴയായി 5
കിലോമീറ്റർ ദൂരത്തിൽ ഒഴുകി.എല്ലാം ആ 3 മിനിറ്റിനുള്ളിൽ സംഭവിച്ചു
തീർന്നിരുന്നു.

പുത്തുമലയുടെയും കവളപ്പാറയുടെയും ജീവിത ഭൂപടം മാറ്റിവരച്ച  ദുരന്തം
ചാനൽ റിപ്പോർട്ടർമാർ പോലും കരഞ്ഞുപോയ നിമിഷങ്ങൾ. ആളൊഴിഞ്ഞ
പുത്തുമലയിൽ ചില വളർത്തു നായ്ക്കൾ കാവലിരിക്കുന്നു. ആർക്കോവേണ്ടി
പോയവരാരും ഇനി തിരിച്ചു വരില്ലെന്ന് അവരുണ്ടോ അറിയുന്നു....!!??

1980 ഇൽ ഇവിടെ വൻതോതിൽ മരംമുറി നടന്നിരുന്നു. തേയില തോട്ടങ്ങൾ
ക്കുവേണ്ടി. അതാണ് മണ്ണിടിച്ചിലിന്റെ വിദൂര കാരണമെന്നു ജില്ലാ മണ്ണ്
സംരക്ഷണ ഓഫീസർ P U  ദാസ് പറയുന്നത്. 5 ലക്ഷം ടൺ മണ്ണാണ് ഒറ്റയടിക്ക്
പുത്തുമലയിൽ വന്നടിഞ്ഞത്. പാറക്കെട്ടുകൾക്കും വന്മരങ്ങൾക്കും ഒപ്പം
5 ലക്ഷം ഘന മീറ്റർ വെള്ളവും കുത്തിയൊഴുകിയപ്പോൾ പുത്തുമലക്ക്
പിടിച്ചുനിക്കാൻ പറ്റിയില്ല. ആ ഭംഗി ചരിത്രത്തിലേക്ക് മറഞ്ഞു.

രക്ഷാപ്രവർത്തകർക്ക് പോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു
കവളപ്പാറയിൽ. ഒരു പ്രദേശത്തിന്റെ രൂപം പോലും മാറിയിരിക്കുന്നു. എത്ര
പേർ മണ്ണിനടിയിൽ,എത്ര പേർ രക്ഷപെട്ടോടി..?ആർക്കറിയാം...??
തലനാരിഴയ്ക്ക് രക്ഷപെട്ടവർക്കു ചിതറിയഓർമ്മകളുടെ  കണ്ണികൾ ഇടക്ക്
പൊട്ടിപ്പോകുന്നു. കണ്ണുകളിൽ സങ്കടം ഉരുൾപൊട്ടുന്നു. കൈക്കുഞ്ഞുങ്ങൾ
മുതൽ വൃദ്ധർ വരെ ഒലിച്ചുപോയിരിക്കുന്നു. ആര്? ആരെ? എന്തു പറഞ്ഞു ആശ്വസിപ്പിക്കും..?


കരയാമോ...ഹാ....പുരുഷനല്ലേ....!!!???
കരയാതെങ്ങനെ.....? നരനല്ലേ.....??!!
കേരളം തേങ്ങിയ ദിവസങ്ങൾ...കണ്ടെടുക്കുന്ന ഓരോ മൃത ശരീരങ്ങളും ഓരോ
കണ്ണീർക്കഥ പറയുന്നു.സ്കൂട്ടറിൽ ഇരിക്കുന്ന നിലയിൽ...കട്ടിലിൽ ഉറങ്ങി
കിടക്കുന്ന നിലയിൽ....മരത്തടികൾക്കുള്ളിൽ അമർന്നുപോയ നിലയിൽ....
അങ്ങനെയങ്ങനെ.....


പുത്തുമലക്കാരുടെ സ്വപ്നങ്ങളെ മലവെള്ളം കൊണ്ടുപോയി...കലി തീരാത്ത
ഉരുൾ കവളപ്പാറയേയും നക്കിത്തുടച്ചു. പോയവർക്ക് ഇനിയൊരു മടക്കം
ഇല്ലെന്നു നമ്മൾ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു തുടങ്ങി. ഉൾക്കൊണ്ടു
തുടങ്ങി.


ദുരന്തം ഒഴുകിപ്പോയ വഴികളിലൂടെ പിന്നോക്കം പോകാം. ഇനി അവരിൽ
ആരെങ്കിലും വരുമോ പുത്തുമലയിൽ താമസത്തിന്...???കവളപ്പാറയിൽ....??
ആർക്കറിയാം...??പേടിപ്പെടുത്തുന്ന ഏകാന്ത ഓർമ്മകളുടെ നടുക്കം വിട്ടു
മാറാത്ത വിജനതകളിൽ ആരെങ്കിലും കൂടു കെട്ടുമോ....ദുരന്ത ഭൂമി ഇപ്പോൾ
നിശബ്ദമാണ്. മണ്ണുമാന്തി വണ്ടികളുടെ ഒച്ചയല്ലാതെ ഒന്നും അവിടെയില്ല.
പൊങ്ങിവരുന്ന തേങ്ങലുകൾക്കുപോലും ഒരു നിസ്സംഗത....ചെളിപുതപ്പിൽ
ഉറഞ്ഞു പോയ ഗ്രാമവും അതിന്റെ കുറെ ഓർമ്മകളും....ഉറ്റവർ പുതഞ്ഞു
കിടക്കുന്ന ചെളിമണ്ണിൽ നഷ്ടപ്പെട്ട പ്രതീക്ഷകളുടെ ഭാരവും പേറി പലരും
തിരഞ്ഞു നോക്കുന്നു...തിരിച്ചു കിട്ടില്ലെന്ന്‌ ഉറപ്പുള്ള ബന്ധങ്ങളെ....

മണ്ണിൽ മറഞ്ഞത് നമ്മുടെ അമ്മമാരായിരുന്നു....
അപ്പൻമ്മാരായിരുന്നു.....
പെങ്ങൻമ്മാരും അനിയൻമ്മാരുമായിരുന്നു....
ചേട്ടൻമ്മാരും മക്കളുമായിരുന്നു.....അവരെയൊന്നും ഒരുപക്ഷേ നമ്മൾ
ഒരിക്കൽപ്പോലും കണ്ടിട്ടില്ലായിരിക്കും..എന്നാൽ ആരുടെയൊക്കെയോ
വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നവർ ഇന്നു നമ്മുടെ രക്ത ബന്ധുക്കളായി
മാറുകയാണ്.പതഞ്ഞൊഴുകി മലവെള്ളം വന്നപ്പോൾ മനുഷ്യൻ നിസ്സഹായൻ
എന്തു ചെയ്യാൻ പറ്റും....ഇത്രയൊക്കെയേ ഉള്ളു ജീവിതം. ഒരു ശ്വാസത്തിന്റെ
ആയുസ്സുള്ളവർ-അല്ല-രണ്ടു ശ്വാസങ്ങൾക്കിടയിലെ അനിശ്ചിതത്വം....!!
അതല്ലേ നമ്മുടെ ജീവിതം..എല്ലാവരും ഒന്നു ചിന്തിച്ചിരുന്നെങ്കിൽ...

പ്രകൃതി...നമുക്ക് ജീവിക്കാൻ ദൈവം തന്ന വീട്....ഒരുപാട് ഉപദ്രവിച്ചു നമ്മൾ..
എന്നിട്ടും നമുക്കുവേണ്ടി പൊന്ന് വിളയിച്ചു തന്നു...ഒത്തിരി മുറിപ്പെടുത്തി....
എന്നിട്ടും ഭൂമിക്ഷമിച്ചു...!!ഹൃദയംപോലുംതുരന്ന്മണ്ണെടുത്തു..... ദുഃഖങ്ങൾ എല്ലാം ഭൂമി അതിന്റെ ഉള്ളിലൊതുക്കി..പക്ഷേ ഒതുക്കിവെച്ച  ഈ ദുഃഖങ്ങൾ എല്ലാം.....ഒരുദിവസം..ഹൃദയംപൊട്ടി...പുറത്തുവന്നു....ഉരുളിന്റെ രൂപത്തിൽ...എന്നിട്ടും പ്രകൃതി നമുക്ക് പല മുന്നറിയിപ്പുകളും തന്നു.
പക്ഷേ അതു മനസ്സിലാക്കി പ്രവർത്തിച്ചത് മൃഗങ്ങൾ മാത്രം.....കവളപ്പാറ
യിൽ ദുരന്തം ഉണ്ടാകുന്നതിനു 2 ദിവസം മുമ്പേ പട്ടികൾ കൂട്ടമായി തോടു
കടന്ന് ഒരു കിലോമീറ്റർ ദൂരെ ആലിൻചുവട് എന്ന സ്ഥലത്തു കൂട്ടംകൂടി.
പശുക്കൾ അസാധാരണമായി അമറുകയും കെട്ടു പൊട്ടിക്കാൻ ശ്രെമിക്കുക
യും ചെയ്തു.ആനക്കൂട്ടങ്ങൾ കാടിനു പുറത്തേക്കു ഓടിമാറി. വെള്ളത്തിനു
വെന്തമണ്ണിന്റെ ഗന്ധം ഉണ്ടായി. ഇങ്ങനെ മുന്നറിയിപ്പുകൾ വന്നത് ചിലർ
മനസ്സിലാക്കി. രക്ഷപെടാൻ വഴിനോക്കി.കവളപ്പാറയിലെ രാജേഷും
 കുടുംബവും ആദിവാസി മൂപ്പൻ ചാത്തനും അവരിൽ  ചിലരാണ്. അകലേക്ക്
പോയ പട്ടികൾ ദുരന്തം കഴിഞ്ഞപ്പോൾ തിരിച്ചുവരികയും ചെയ്തു. ദുരന്ത
ദിവസമായ ആഗസ്റ്റ് 8 നു 300 പേരെയാണ് പുത്തുമലയിൽ നിന്നും ഒഴിപ്പിച്ചത്.
അല്ലെങ്കിൽ മരണ സംഖ്യ ഇനിയും കൂടിയേനെ.


പ്രിയപ്പെട്ടവരുടെ വിയോഗം വരുത്തിവെക്കുന്ന ശൂന്യത,വാക്കുകൾകൊണ്ട്
വരച്ചിടാനാകാത്ത വല്ലാത്തൊരു അവസ്ഥയാണ് ദുരന്ത ഭൂമിയിൽ.......
തൊട്ടടുത്ത നിമിഷം വരെ കൂടെ ഉണ്ടായിരുന്നവർ.....കണ്ണിമയ്ക്കുന്ന നേരം
കൊണ്ട് ഇല്ലാതായി...എല്ലാം ഒരു ഭീകര സ്വപ്നം പോലെ .


ഇല്ല......നമ്മൾ തോൽക്കില്ല...ഒരു കൈകൊണ്ടു കണ്ണുനീര് തുടച്ചു മറുകൈകൊണ്ടു
സഹജീവികളെ ചേർത്തുനിർത്തി അവർ പറഞ്ഞു....നമ്മൾ അതിജീവിക്കും..
കെട്ടിപ്പണിയും...ഇല്ല തോൽക്കാൻ ഇനി സമയം....പുതിയൊരു കേരളം പടുത്തുയർത്തും നമ്മൾ.....കേരളം ഒറ്റക്കെട്ടായി നിന്നു. സമൂഹം സർക്കാരിനു
കൈകൊടുത്തു കഴിഞ്ഞ പ്രളയത്തെ തോൽപ്പിച്ചത് ചരിത്രമാണെങ്കിൽ....
ആശങ്കയില്ലാതെ-ജാഗ്രതയോടെ-കേരളം ഒരിക്കൽക്കൂടി ഒന്നിച്ചു....
പുത്തുമലക്കും കവളപ്പാറക്കും വേണ്ടി.

എഴുന്നേൽക്കുകയായി ഒരായിരം പേർ.....
എന്റെ പെരുന്നാൾ ഇങ്ങനെയൊന്നും പറഞ്ഞു ഒരു നൗഷാദ് ഇക്കാ.....
കൊടുത്തു തന്റെ കടയിലെ മുക്കാൽ ഭാഗം തുണികളും....
നൗഷാദിന്റെ മാതൃക പിന്തുടർന്ന് ചാലക്കുടിയിൽ നിന്നും ഒരു ആൻറ്റോ....
മറ്റനേകം കച്ചവടക്കാർ.....
കോഴിക്കോട് ചെരുപ്പ് തുന്നുന്ന രാജസ്ഥാൻകാരി ലിസി.....
കഥാകൃത്ത് ടി പദ്മനാഭൻ.....ഒരു ലക്ഷം രൂപയുമായി....
മുൻ പാർലമെന്റ് അംഗം ഇന്നസെന്റ്...ഒരുവർഷത്തെ പെൻഷനുമായി...
ലോഡ് കണക്കിന് സാധനവുമായി  നടൻ ടോവിനോ..നടൻ..ജോജു.....
മുഖ്യമന്ത്രി അപ്പൂപ്പന് പൈസാ കൊടുത്തു്...അന്ന ലക്ഷ്മി....
ഇന്നത്തെ കച്ചവടം മുഖ്യമന്ത്രിയുടെ CMDRF ന് വേണ്ടി എന്ന് ബോർഡ് വെച്ച്
പച്ചക്കപ്പ വിൽപ്പന നടത്തിയ ചേട്ടൻ......
ഓട്ടോ ഡ്രൈവർമ്മാർ.....
ബസ് ഉടമസ്ഥൻമാർ....
ചെറുകിട ഹോട്ടലുകൾ....
ഫാദർ ഡേവിഡ് ചിറമേൽ.....കിഡ്നി ഫൗണ്ടേഷൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.....
ജനപ്രതിനിധികൾ.......
ലോഡ് കണക്കിന് സാധനവുമായി തമിഴ് മക്കൾ....സ്റ്റാലിന്റെ വണ്ടി....
ദുരന്തം റിപ്പോർട്ട് ചെയ്യാൻ വന്ന ചില തമിഴ് ചാനൽ വാനിൽ സഹായം.....
പത്തു ലക്ഷം രൂപയുമായി ഗാന ഗന്ധർവ്വൻ യേശുദാസ്.....
സ്വന്തമായ 25 സെന്ററി നിന്നും 20സെന്റും ദുരന്തബാധിതർക്ക് വീട് വെക്കാൻ കൊടുത്ത ഒരു സഹോദരി.....
നൂറിനടുത്തു ലോഡ് സാധനം കയറ്റിവിട്ട് മേയർ പ്രശാന്ത്....
കഴിഞ്ഞ തവണ പ്രളയം തകർത്തെങ്കിലും ലോഡ്കണക്കിനു കൊടുത്തു
പത്തനംതിട്ട കളക്ടർ......
വീടുവെക്കാൻ സ്ഥലം കൊടുത്ത പ്രവാസി സഹോദരങ്ങൾ.....
കുടുക്ക പൊട്ടിച്ചു കൊടുത്ത കുഞ്ഞുമക്കളും.....
പടം വരച്ചു കിട്ടിയ ആദ്യത്തെ പൈസ ദുരിതാശ്വാസത്തിനു നൽകി
ഭിന്നശേഷി യുള്ള പത്താം ക്ലാസ്സുകാരി നന്ദിത.....
അവസാനം ആക്രി പെറുക്കി ജീവിക്കുന്ന തമിഴ് സഹോദരൻ അയ്യാദുരൈ 50
രൂപയുമായി .....
ജില്ലാ കേന്ദ്രങ്ങൾ.....സന്നദ്ധ സംഘങ്ങൾ...സ്കൂൾ കോളേജ് വിദ്യാർത്ഥികൾ....
അങ്ങനെ...നീട്ടിപ്പരതി എഴുതിയാൽ ഇവിടെങ്ങും നിൽക്കുമെന്ന് തോന്നുന്നില്ല..
കൊടുത്തു...സ്നേഹത്തിൽ പൊതിഞ്ഞ കരുതലുകൾ....
പേരറിയാത്ത ഇനിയും പലരും കൊടുത്തു.....
കേരളത്തിന്റെ ഭരണ നായകൻ ഓടിനടന്നു എല്ലാറ്റിനും ചുക്കാൻ പിടിച്ചു....

പക്ഷെ മറുവശത്തു ചിത്രം വേറെ ആയിരുന്നു....
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു പൈസാ കൊടുക്കരുത്
എന്നും പറഞ്ഞു സാമൂഹ്യ ദ്രോഹികൾ ലൈവുമായി രംഗത്തുവന്നു...
സോഷ്യൽ മീഡിയയിൽ ക്കൂടി ജാതിയും മതവും രാഷ്ട്രീയവും എല്ലാം ഇളക്കി
വൻ പ്രചാരണം കൊടുത്തു...ചിലരതിൽ വീണു....എന്തിനധികം...??
ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചു വ്യാജ പ്രചാരണം നടത്തിയതിനു കേസ്
പോലും എടുക്കേണ്ട നില വരെ വന്നു കാര്യങ്ങൾ.....പ്രബുദ്ധ കേരളത്തിന്റെ
മനഃസാക്ഷിയിലെ പുഴുക്കുത്തുകൾ..കൊടും വിഷങ്ങൾ.....കാര്യമറിയാതെ
പലരും ലൈവുകളുമായിരംഗത്ത്ആടിത്തിമിർത്തു....
കഴിഞ്ഞ പ്രളയംകഴിഞ്ഞപ്പോൾ ആർക്കും പൈസ കിട്ടിയില്ല എന്നായിരുന്നു ചിലർക്ക് പരിഭവം.....അതാണ് കൊടുക്കരുത് എന്ന് പറഞ്ഞു നടന്നത്....
കളി കഴിഞ്ഞ ഉടൻ പൈസ കൊടുക്കാൻ ഇത് ക്ലബ്ബിന്റെ ഫുട്ബോൾ കളി അല്ല..
സാങ്കേതികവും ഭരണപരവുമായ നിരവധി കാര്യങ്ങളിലൂടെ കയറി ഇറങ്ങി
ആണ് അർഹരായവർക്ക്‌ സഹായം ലഭിക്കുന്നത്..അപ്പോൾത്തന്നെ
അനർഹരെ ഒഴിവാക്കുകയും വേണം.അതൊക്കെ ഒരു പ്രോസസ്സ് വർക്കാണ്.
ഇടുക്കിയിൽ കറന്റ് ഉണ്ടാക്കിയ ഉടനെ അത് നേരിട്ട് നമ്മുടെ വീട്ടിലേക്കു
കിട്ടുന്നുണ്ടോ....???? അത് ചിന്തിച്ചാൽ മതി...


കോട്ടയത്ത് ഏറ്റുമാനൂരിൽ കോടതി ഒരാളെശിക്ഷിച്ചു....Rs 25000  കോടതിയിൽ
കെട്ടിവെക്കേണ്ടി വന്നു.കേസ് എന്താണെന്നോ....മുഖ്യ മന്ത്രിയുടെ
ഫണ്ടിലേക്ക് പത്തുപൈസാ കൊടുക്കരുതെന്ന ആഹ്വാനം....അതും FB യിൽ.....
ഇനിയും പലരും കേസിന്റെ തുമ്പത്തു വന്നു നിൽപ്പുണ്ട്...ഇവരിൽ പലരും
രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ പിടിക്കുന്നവരോ,അനുഭാവികളോ ആണ്.
സ്വന്തം വീട്ടിൽ ഒരു അപകടം നടക്കുമ്പോൾ സഹായിക്കാൻ ഓടിവരുന്നവനെ
ആട്ടിയോടിക്കുന്നവൻ കുടുംബത്തു പിറന്നവനാണോ.....സമൂഹത്തിനു
കൊള്ളാവുന്നവനാണോ....അവനെ വീട്ടിൽ കയറ്റാൻ കൊള്ളാമോ......
ചിന്തിക്കുക നാളത്തെ ദുരന്ത ബാധിതർ ഒരുപക്ഷേ ഞാനും നിങ്ങളുമാകാം....
ആരും ഇതിനൊന്നും അതീതരല്ല...
കൊടുക്കാതിരിക്കാം.......അതിനുള്ള സ്വാതന്ത്രം നമുക്കുണ്ട്...എന്നാൽ
കൊടുക്കുന്ന കയ്യിൽ കയറിപ്പിടിക്കുന്ന സംസ്കാര ശൂന്യത .........
സഹായത്തിനു എതിരായി വ്യാജ വാർത്ത എഴുന്നള്ളിച്ചവർ,അവർ ഏതു
ആദർശത്തിനുവേണ്ടി നിൽക്കുന്നവരാണെങ്കിലും  ഒന്ന്പറയാം....നിങ്ങളെ മനുഷ്യരുടെ കൂടെ കൂട്ടാൻ അൽപ്പം ബുദ്ധിമുട്ടാണ്......അപ്പൻ ചത്താലും
വേണ്ടില്ല  അമ്മയെ വിധവയായി കാണണം.......അല്ലെ....????
ദുരന്ത ബാധിതരെ വേദനിപ്പിച്ച ഇങ്ങനെയുള്ള സംഭവങ്ങൾ ലോകത്തു
മറ്റൊരിടത്തും ഉണ്ടായിട്ടില്ല........??
കൊടുക്കരുത്...കൊടുക്കരുത്...കൊടുക്കരുത്...ഒരുത്തന്റെ വീഡിയോ
ആയിരുന്നു പ്രചാരണത്തിൽ മുന്നിൽ.......
നിങ്ങൾക്ക് കൊടുക്കാൻ മനസ്സില്ലെങ്കിൽ വേണ്ടെന്ന്...ഇവിടെ നൂറുപേർ
കൊടുക്കാൻ റെഡി ആയി നിൽക്കുന്നുണ്ട്.....
അപവാദ പ്രചാരണമൊക്കെ ആര് മൈൻഡ് ചെയ്യുന്നു....പ്രചരിപ്പിച്ചവനും
അവന്റെ കുറെ മൂടുതാങ്ങികളും മാത്രം.....
സർക്കാരിൽ നിന്നും ഒരു
അറിയിപ്പ് ഉണ്ടാകുന്നതിനു മുമ്പേ സുമനസുകൾ 2.55 കോടി രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു.....അത് മാത്രം മതി ഇവിടുത്തെ ഒത്തൊരുമ അറിയാൻ....
എല്ലാം നഷ്ടപ്പെട്ടവരായി,വെറും കയ്യോടെ നിൽക്കുന്ന മനുഷ്യരെ കണ്ടിട്ട്
എങ്ങനെ പറയാൻ തോന്നും കൊടുക്കരുത് എന്നൊക്കെ.........
പണ്ടാരാണ്ടു പറഞ്ഞതുപോലെ,ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ
കാണാൻ നല്ല രസം..എന്ന്......???
സഹായം തടഞ്ഞവരെ സമൂഹ മനഃസാക്ഷി  വിചാരണ ചെയ്യട്ടെ....ഇനിയും വിഷം ചീറ്റിയാൽ സമൂഹം നിങ്ങളെ അങ്ങ് എടുക്കും....കൈകാര്യം ചെയ്യാൻ..!!




ദുരന്തം കഴിഞ്ഞു...മാധ്യമങ്ങൾ പുതിയ വാർത്തകൾ തേടി തുടങ്ങി....
പക്ഷേ..നമ്മൾ മറക്കരുത്അവരെ.... ദുരന്ത ബാധിതരെ....
ഒന്നിൽ നിന്നും തുടങ്ങണം.......പാതിവെച്ചു സ്വപ്നങ്ങൾ കൈവിട്ടു
പോയവരാണ്......ജീവിക്കാനുള്ള താൽപ്പര്യം പോലും പോയവരുണ്ട്.....
കൈവിടരുത്.....ചേർത്തുപിടിക്കണം.....


ദുരന്തങ്ങൾ ഇനിയും ഉണ്ടാകാം....
ജനകീയ ബോധവൽക്കരണം ആവശ്യമാണ്....
സർക്കാരുകൾക്ക് പരിമിതിയുണ്ട്....അവിടെയാണ് ബഹുജന കൂട്ടായ്മകളുടെ
പ്രസക്തി....പ്രകൃതിയുടെ വിനിയോഗം,അതിലുണ്ടായ പാളിച്ചയാണ് ഈ
ദുരന്തങ്ങളുടെ തിരക്കഥ എഴുതിയത്....നല്ല ബോധവൽക്കരണം ആവശ്യമാണ്.
അപ്പോൾത്തന്നെ സർക്കാർ സാങ്കേതിക സംവിധാനങ്ങൾ
കുറേകൂടി കാര്യക്ഷമമാക്കണം....
ദുരന്ത ബാധിതരുടെ പുനഃരധിവാസം...... അത് സർക്കാർ ഏറ്റെടുത്തു സമയ
ബന്ധിതമായി തീർക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം....
വാസയോഗ്യമായ വീടുകൾ വേണം...
നഷ്ടപ്പെട്ട രേഖകൾക്കു പകരം ലഭിക്കണം.....
കുട്ടികളുടെ പാഠപുസ്തകങ്ങൾ പുതിയത് വേണം...
ജോലി സാഹചര്യങ്ങൾ ഒരുങ്ങണം.....അങ്ങനെ ഒരു വലിയ ബാധ്യതയാണ്
സർക്കാരിന്റെ മുന്നിലുള്ളത്. നമ്മൾ പിന്തുണ കൊടുത്താൽ എല്ലാം വേഗം
തീർപ്പാകും...അതാണല്ലോ കേരളത്തിന്റെ നന്മ....സർക്കാർ നമ്മോടു ഒപ്പമുണ്ട്..


ഒരിക്കൽക്കൂടി കേരളം കൈകോർത്തു.....
സഹജീവികളുടെ കണ്ണീരൊപ്പാൻ......
നമ്മൾ അതിജീവിക്കും......ഈ  ദുരന്തത്തെയും,അതിനുശേഷം പൊങ്ങിവരുന്ന
വിഷ ജന്തുക്കളെയും ....!!
അതിജീവനത്തിന്റെ പുത്തൻ ഗാഥകൾ ഇവിടെ രചിക്കപ്പെടും......


അതെ നമ്മൾ  അതിജീവിക്കും....
കരുതലിന്റെ പുതിയ പാഠങ്ങൾ എഴുതിച്ചേർത്ത കേരള ജനത ഒരു
ഒരുകാര്യംകൂടി തിരുത്തി....
കേരളം ഇത് ദൈവത്തിന്റെ നാട് മാത്രമല്ല ഒരുപാട് നന്മയുള്ള 
ദൈവങ്ങളുടെ നാട് കൂടി ആണെന്ന്......
കരുതലിന്റെ കരങ്ങൾക്ക് മുന്നിൽ സർവാംഗ പ്രണാമം...........                                                          

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...