Wednesday, August 21, 2019

ദൈവത്തിന്റെ നാട് അല്ല..ഇത് ദൈവങ്ങളുടെ നാട്.....

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ......!!! വയലാറിന്റെ അനശ്വര വരികൾ...  ഇവിടംവിട്ടുപോകുവാൻ ആർക്കും ഇഷ്ടമല്ല. അത്രക്കാണ് ബന്ധങ്ങളുടെയും കടപ്പാടുകളുടെയും ഇഴ പിരിഞ്ഞുള്ള നിൽപ്പ്. പെട്ടന്ന് പൊട്ടിച്ചെറിയുവാൻ കഴിയില്ല. പക്ഷേ ദുരന്തങ്ങൾ മനുഷ്യന്റെ കണക്കു പുസ്തകത്തിൽ തെറ്റുകൾ കോറിയിടുന്നു ബന്ധങ്ങളുടെ ചങ്ങലക്കണ്ണികളെ പാതിവെച്ചു മുറിച്ചുകൊണ്ട് പോകുന്നു.....


ഒരു പ്രളയാവർത്തനംകൂടി. അതും കഴിഞ്ഞതിന്റെ വാർഷികത്തിൽ തന്നെ...
വയനാട് മേപ്പാടിപുത്തുമലയിൽ ഉരുൾപ്പൊട്ടലിന്റെ രൂപത്തിൽ-മണ്ണിടിച്ചിൽ ആണെന്നും പറയുന്നു - ദുരന്തം പെയ്തിറങ്ങി. കൽപ്പറ്റയിൽ നിന്നും 20 കിലോമീറ്റർഅകലെ പ്ലാൻറ്റേഷൻ ഗ്രാമമായ പുത്തുമലയിൽ 60 കുടുംബങ്ങൾ
താമസിച്ചിരുന്നു. രണ്ടു പാർപ്പിട കേന്ദ്രങ്ങൾ  ക്ഷേത്രം  കാപ്പിക്കട    മദ്രസ.
വീടുകൾ....എല്ലാം പോയി...ഒരു ഗ്രാമീണ ഭംഗി തന്നെ മണ്ണിനടിയിൽ മറഞ്ഞു.
ഒരു തിരിച്ചു വരവില്ലാതെ...മേപ്പാടി പഞ്ചായത്തു പ്രസിഡന്റ് സഹദ്
പകർത്തിയ 26 സെക്കന്റുള്ള വീഡിയോ,അതാണ് ഈ ദുരന്ത വാർത്ത പുറം
ലോകത്തെ ആദ്യം അറിയിച്ചത്.

ചില മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അടുത്ത വാർത്തയും വന്നു. മലപ്പുറം
ഭൂദാനം കവളപ്പാറയിൽ ഉരുൾപൊട്ടൽ. അനേകരെ കാണ്മാനില്ല. ഒരു പ്രദേശം
തന്നെ ഒലിച്ചു പോയിരിക്കുന്നു. എവിടെയും 30  അടിയിൽ ചെളിത്തടാകം.
19 കുടുംബങ്ങളുടെ മോഹങ്ങളും സ്വപ്നങ്ങളും സമ്പാദ്യങ്ങളും എല്ലാം
മിനിറ്റുകൾക്കൊണ്ടു പ്രകൃതി വിഴുങ്ങി.

പുത്തുമലയിൽ കൃഷി ഭൂമി ഉൾപ്പെടെ 100 ഏക്കറോളം ചെളിപുഴയായി 5
കിലോമീറ്റർ ദൂരത്തിൽ ഒഴുകി.എല്ലാം ആ 3 മിനിറ്റിനുള്ളിൽ സംഭവിച്ചു
തീർന്നിരുന്നു.

പുത്തുമലയുടെയും കവളപ്പാറയുടെയും ജീവിത ഭൂപടം മാറ്റിവരച്ച  ദുരന്തം
ചാനൽ റിപ്പോർട്ടർമാർ പോലും കരഞ്ഞുപോയ നിമിഷങ്ങൾ. ആളൊഴിഞ്ഞ
പുത്തുമലയിൽ ചില വളർത്തു നായ്ക്കൾ കാവലിരിക്കുന്നു. ആർക്കോവേണ്ടി
പോയവരാരും ഇനി തിരിച്ചു വരില്ലെന്ന് അവരുണ്ടോ അറിയുന്നു....!!??

1980 ഇൽ ഇവിടെ വൻതോതിൽ മരംമുറി നടന്നിരുന്നു. തേയില തോട്ടങ്ങൾ
ക്കുവേണ്ടി. അതാണ് മണ്ണിടിച്ചിലിന്റെ വിദൂര കാരണമെന്നു ജില്ലാ മണ്ണ്
സംരക്ഷണ ഓഫീസർ P U  ദാസ് പറയുന്നത്. 5 ലക്ഷം ടൺ മണ്ണാണ് ഒറ്റയടിക്ക്
പുത്തുമലയിൽ വന്നടിഞ്ഞത്. പാറക്കെട്ടുകൾക്കും വന്മരങ്ങൾക്കും ഒപ്പം
5 ലക്ഷം ഘന മീറ്റർ വെള്ളവും കുത്തിയൊഴുകിയപ്പോൾ പുത്തുമലക്ക്
പിടിച്ചുനിക്കാൻ പറ്റിയില്ല. ആ ഭംഗി ചരിത്രത്തിലേക്ക് മറഞ്ഞു.

രക്ഷാപ്രവർത്തകർക്ക് പോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു
കവളപ്പാറയിൽ. ഒരു പ്രദേശത്തിന്റെ രൂപം പോലും മാറിയിരിക്കുന്നു. എത്ര
പേർ മണ്ണിനടിയിൽ,എത്ര പേർ രക്ഷപെട്ടോടി..?ആർക്കറിയാം...??
തലനാരിഴയ്ക്ക് രക്ഷപെട്ടവർക്കു ചിതറിയഓർമ്മകളുടെ  കണ്ണികൾ ഇടക്ക്
പൊട്ടിപ്പോകുന്നു. കണ്ണുകളിൽ സങ്കടം ഉരുൾപൊട്ടുന്നു. കൈക്കുഞ്ഞുങ്ങൾ
മുതൽ വൃദ്ധർ വരെ ഒലിച്ചുപോയിരിക്കുന്നു. ആര്? ആരെ? എന്തു പറഞ്ഞു ആശ്വസിപ്പിക്കും..?


കരയാമോ...ഹാ....പുരുഷനല്ലേ....!!!???
കരയാതെങ്ങനെ.....? നരനല്ലേ.....??!!
കേരളം തേങ്ങിയ ദിവസങ്ങൾ...കണ്ടെടുക്കുന്ന ഓരോ മൃത ശരീരങ്ങളും ഓരോ
കണ്ണീർക്കഥ പറയുന്നു.സ്കൂട്ടറിൽ ഇരിക്കുന്ന നിലയിൽ...കട്ടിലിൽ ഉറങ്ങി
കിടക്കുന്ന നിലയിൽ....മരത്തടികൾക്കുള്ളിൽ അമർന്നുപോയ നിലയിൽ....
അങ്ങനെയങ്ങനെ.....


പുത്തുമലക്കാരുടെ സ്വപ്നങ്ങളെ മലവെള്ളം കൊണ്ടുപോയി...കലി തീരാത്ത
ഉരുൾ കവളപ്പാറയേയും നക്കിത്തുടച്ചു. പോയവർക്ക് ഇനിയൊരു മടക്കം
ഇല്ലെന്നു നമ്മൾ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചു തുടങ്ങി. ഉൾക്കൊണ്ടു
തുടങ്ങി.


ദുരന്തം ഒഴുകിപ്പോയ വഴികളിലൂടെ പിന്നോക്കം പോകാം. ഇനി അവരിൽ
ആരെങ്കിലും വരുമോ പുത്തുമലയിൽ താമസത്തിന്...???കവളപ്പാറയിൽ....??
ആർക്കറിയാം...??പേടിപ്പെടുത്തുന്ന ഏകാന്ത ഓർമ്മകളുടെ നടുക്കം വിട്ടു
മാറാത്ത വിജനതകളിൽ ആരെങ്കിലും കൂടു കെട്ടുമോ....ദുരന്ത ഭൂമി ഇപ്പോൾ
നിശബ്ദമാണ്. മണ്ണുമാന്തി വണ്ടികളുടെ ഒച്ചയല്ലാതെ ഒന്നും അവിടെയില്ല.
പൊങ്ങിവരുന്ന തേങ്ങലുകൾക്കുപോലും ഒരു നിസ്സംഗത....ചെളിപുതപ്പിൽ
ഉറഞ്ഞു പോയ ഗ്രാമവും അതിന്റെ കുറെ ഓർമ്മകളും....ഉറ്റവർ പുതഞ്ഞു
കിടക്കുന്ന ചെളിമണ്ണിൽ നഷ്ടപ്പെട്ട പ്രതീക്ഷകളുടെ ഭാരവും പേറി പലരും
തിരഞ്ഞു നോക്കുന്നു...തിരിച്ചു കിട്ടില്ലെന്ന്‌ ഉറപ്പുള്ള ബന്ധങ്ങളെ....

മണ്ണിൽ മറഞ്ഞത് നമ്മുടെ അമ്മമാരായിരുന്നു....
അപ്പൻമ്മാരായിരുന്നു.....
പെങ്ങൻമ്മാരും അനിയൻമ്മാരുമായിരുന്നു....
ചേട്ടൻമ്മാരും മക്കളുമായിരുന്നു.....അവരെയൊന്നും ഒരുപക്ഷേ നമ്മൾ
ഒരിക്കൽപ്പോലും കണ്ടിട്ടില്ലായിരിക്കും..എന്നാൽ ആരുടെയൊക്കെയോ
വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നവർ ഇന്നു നമ്മുടെ രക്ത ബന്ധുക്കളായി
മാറുകയാണ്.പതഞ്ഞൊഴുകി മലവെള്ളം വന്നപ്പോൾ മനുഷ്യൻ നിസ്സഹായൻ
എന്തു ചെയ്യാൻ പറ്റും....ഇത്രയൊക്കെയേ ഉള്ളു ജീവിതം. ഒരു ശ്വാസത്തിന്റെ
ആയുസ്സുള്ളവർ-അല്ല-രണ്ടു ശ്വാസങ്ങൾക്കിടയിലെ അനിശ്ചിതത്വം....!!
അതല്ലേ നമ്മുടെ ജീവിതം..എല്ലാവരും ഒന്നു ചിന്തിച്ചിരുന്നെങ്കിൽ...

പ്രകൃതി...നമുക്ക് ജീവിക്കാൻ ദൈവം തന്ന വീട്....ഒരുപാട് ഉപദ്രവിച്ചു നമ്മൾ..
എന്നിട്ടും നമുക്കുവേണ്ടി പൊന്ന് വിളയിച്ചു തന്നു...ഒത്തിരി മുറിപ്പെടുത്തി....
എന്നിട്ടും ഭൂമിക്ഷമിച്ചു...!!ഹൃദയംപോലുംതുരന്ന്മണ്ണെടുത്തു..... ദുഃഖങ്ങൾ എല്ലാം ഭൂമി അതിന്റെ ഉള്ളിലൊതുക്കി..പക്ഷേ ഒതുക്കിവെച്ച  ഈ ദുഃഖങ്ങൾ എല്ലാം.....ഒരുദിവസം..ഹൃദയംപൊട്ടി...പുറത്തുവന്നു....ഉരുളിന്റെ രൂപത്തിൽ...എന്നിട്ടും പ്രകൃതി നമുക്ക് പല മുന്നറിയിപ്പുകളും തന്നു.
പക്ഷേ അതു മനസ്സിലാക്കി പ്രവർത്തിച്ചത് മൃഗങ്ങൾ മാത്രം.....കവളപ്പാറ
യിൽ ദുരന്തം ഉണ്ടാകുന്നതിനു 2 ദിവസം മുമ്പേ പട്ടികൾ കൂട്ടമായി തോടു
കടന്ന് ഒരു കിലോമീറ്റർ ദൂരെ ആലിൻചുവട് എന്ന സ്ഥലത്തു കൂട്ടംകൂടി.
പശുക്കൾ അസാധാരണമായി അമറുകയും കെട്ടു പൊട്ടിക്കാൻ ശ്രെമിക്കുക
യും ചെയ്തു.ആനക്കൂട്ടങ്ങൾ കാടിനു പുറത്തേക്കു ഓടിമാറി. വെള്ളത്തിനു
വെന്തമണ്ണിന്റെ ഗന്ധം ഉണ്ടായി. ഇങ്ങനെ മുന്നറിയിപ്പുകൾ വന്നത് ചിലർ
മനസ്സിലാക്കി. രക്ഷപെടാൻ വഴിനോക്കി.കവളപ്പാറയിലെ രാജേഷും
 കുടുംബവും ആദിവാസി മൂപ്പൻ ചാത്തനും അവരിൽ  ചിലരാണ്. അകലേക്ക്
പോയ പട്ടികൾ ദുരന്തം കഴിഞ്ഞപ്പോൾ തിരിച്ചുവരികയും ചെയ്തു. ദുരന്ത
ദിവസമായ ആഗസ്റ്റ് 8 നു 300 പേരെയാണ് പുത്തുമലയിൽ നിന്നും ഒഴിപ്പിച്ചത്.
അല്ലെങ്കിൽ മരണ സംഖ്യ ഇനിയും കൂടിയേനെ.


പ്രിയപ്പെട്ടവരുടെ വിയോഗം വരുത്തിവെക്കുന്ന ശൂന്യത,വാക്കുകൾകൊണ്ട്
വരച്ചിടാനാകാത്ത വല്ലാത്തൊരു അവസ്ഥയാണ് ദുരന്ത ഭൂമിയിൽ.......
തൊട്ടടുത്ത നിമിഷം വരെ കൂടെ ഉണ്ടായിരുന്നവർ.....കണ്ണിമയ്ക്കുന്ന നേരം
കൊണ്ട് ഇല്ലാതായി...എല്ലാം ഒരു ഭീകര സ്വപ്നം പോലെ .


ഇല്ല......നമ്മൾ തോൽക്കില്ല...ഒരു കൈകൊണ്ടു കണ്ണുനീര് തുടച്ചു മറുകൈകൊണ്ടു
സഹജീവികളെ ചേർത്തുനിർത്തി അവർ പറഞ്ഞു....നമ്മൾ അതിജീവിക്കും..
കെട്ടിപ്പണിയും...ഇല്ല തോൽക്കാൻ ഇനി സമയം....പുതിയൊരു കേരളം പടുത്തുയർത്തും നമ്മൾ.....കേരളം ഒറ്റക്കെട്ടായി നിന്നു. സമൂഹം സർക്കാരിനു
കൈകൊടുത്തു കഴിഞ്ഞ പ്രളയത്തെ തോൽപ്പിച്ചത് ചരിത്രമാണെങ്കിൽ....
ആശങ്കയില്ലാതെ-ജാഗ്രതയോടെ-കേരളം ഒരിക്കൽക്കൂടി ഒന്നിച്ചു....
പുത്തുമലക്കും കവളപ്പാറക്കും വേണ്ടി.

എഴുന്നേൽക്കുകയായി ഒരായിരം പേർ.....
എന്റെ പെരുന്നാൾ ഇങ്ങനെയൊന്നും പറഞ്ഞു ഒരു നൗഷാദ് ഇക്കാ.....
കൊടുത്തു തന്റെ കടയിലെ മുക്കാൽ ഭാഗം തുണികളും....
നൗഷാദിന്റെ മാതൃക പിന്തുടർന്ന് ചാലക്കുടിയിൽ നിന്നും ഒരു ആൻറ്റോ....
മറ്റനേകം കച്ചവടക്കാർ.....
കോഴിക്കോട് ചെരുപ്പ് തുന്നുന്ന രാജസ്ഥാൻകാരി ലിസി.....
കഥാകൃത്ത് ടി പദ്മനാഭൻ.....ഒരു ലക്ഷം രൂപയുമായി....
മുൻ പാർലമെന്റ് അംഗം ഇന്നസെന്റ്...ഒരുവർഷത്തെ പെൻഷനുമായി...
ലോഡ് കണക്കിന് സാധനവുമായി  നടൻ ടോവിനോ..നടൻ..ജോജു.....
മുഖ്യമന്ത്രി അപ്പൂപ്പന് പൈസാ കൊടുത്തു്...അന്ന ലക്ഷ്മി....
ഇന്നത്തെ കച്ചവടം മുഖ്യമന്ത്രിയുടെ CMDRF ന് വേണ്ടി എന്ന് ബോർഡ് വെച്ച്
പച്ചക്കപ്പ വിൽപ്പന നടത്തിയ ചേട്ടൻ......
ഓട്ടോ ഡ്രൈവർമ്മാർ.....
ബസ് ഉടമസ്ഥൻമാർ....
ചെറുകിട ഹോട്ടലുകൾ....
ഫാദർ ഡേവിഡ് ചിറമേൽ.....കിഡ്നി ഫൗണ്ടേഷൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.....
ജനപ്രതിനിധികൾ.......
ലോഡ് കണക്കിന് സാധനവുമായി തമിഴ് മക്കൾ....സ്റ്റാലിന്റെ വണ്ടി....
ദുരന്തം റിപ്പോർട്ട് ചെയ്യാൻ വന്ന ചില തമിഴ് ചാനൽ വാനിൽ സഹായം.....
പത്തു ലക്ഷം രൂപയുമായി ഗാന ഗന്ധർവ്വൻ യേശുദാസ്.....
സ്വന്തമായ 25 സെന്ററി നിന്നും 20സെന്റും ദുരന്തബാധിതർക്ക് വീട് വെക്കാൻ കൊടുത്ത ഒരു സഹോദരി.....
നൂറിനടുത്തു ലോഡ് സാധനം കയറ്റിവിട്ട് മേയർ പ്രശാന്ത്....
കഴിഞ്ഞ തവണ പ്രളയം തകർത്തെങ്കിലും ലോഡ്കണക്കിനു കൊടുത്തു
പത്തനംതിട്ട കളക്ടർ......
വീടുവെക്കാൻ സ്ഥലം കൊടുത്ത പ്രവാസി സഹോദരങ്ങൾ.....
കുടുക്ക പൊട്ടിച്ചു കൊടുത്ത കുഞ്ഞുമക്കളും.....
പടം വരച്ചു കിട്ടിയ ആദ്യത്തെ പൈസ ദുരിതാശ്വാസത്തിനു നൽകി
ഭിന്നശേഷി യുള്ള പത്താം ക്ലാസ്സുകാരി നന്ദിത.....
അവസാനം ആക്രി പെറുക്കി ജീവിക്കുന്ന തമിഴ് സഹോദരൻ അയ്യാദുരൈ 50
രൂപയുമായി .....
ജില്ലാ കേന്ദ്രങ്ങൾ.....സന്നദ്ധ സംഘങ്ങൾ...സ്കൂൾ കോളേജ് വിദ്യാർത്ഥികൾ....
അങ്ങനെ...നീട്ടിപ്പരതി എഴുതിയാൽ ഇവിടെങ്ങും നിൽക്കുമെന്ന് തോന്നുന്നില്ല..
കൊടുത്തു...സ്നേഹത്തിൽ പൊതിഞ്ഞ കരുതലുകൾ....
പേരറിയാത്ത ഇനിയും പലരും കൊടുത്തു.....
കേരളത്തിന്റെ ഭരണ നായകൻ ഓടിനടന്നു എല്ലാറ്റിനും ചുക്കാൻ പിടിച്ചു....

പക്ഷെ മറുവശത്തു ചിത്രം വേറെ ആയിരുന്നു....
മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു പൈസാ കൊടുക്കരുത്
എന്നും പറഞ്ഞു സാമൂഹ്യ ദ്രോഹികൾ ലൈവുമായി രംഗത്തുവന്നു...
സോഷ്യൽ മീഡിയയിൽ ക്കൂടി ജാതിയും മതവും രാഷ്ട്രീയവും എല്ലാം ഇളക്കി
വൻ പ്രചാരണം കൊടുത്തു...ചിലരതിൽ വീണു....എന്തിനധികം...??
ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചു വ്യാജ പ്രചാരണം നടത്തിയതിനു കേസ്
പോലും എടുക്കേണ്ട നില വരെ വന്നു കാര്യങ്ങൾ.....പ്രബുദ്ധ കേരളത്തിന്റെ
മനഃസാക്ഷിയിലെ പുഴുക്കുത്തുകൾ..കൊടും വിഷങ്ങൾ.....കാര്യമറിയാതെ
പലരും ലൈവുകളുമായിരംഗത്ത്ആടിത്തിമിർത്തു....
കഴിഞ്ഞ പ്രളയംകഴിഞ്ഞപ്പോൾ ആർക്കും പൈസ കിട്ടിയില്ല എന്നായിരുന്നു ചിലർക്ക് പരിഭവം.....അതാണ് കൊടുക്കരുത് എന്ന് പറഞ്ഞു നടന്നത്....
കളി കഴിഞ്ഞ ഉടൻ പൈസ കൊടുക്കാൻ ഇത് ക്ലബ്ബിന്റെ ഫുട്ബോൾ കളി അല്ല..
സാങ്കേതികവും ഭരണപരവുമായ നിരവധി കാര്യങ്ങളിലൂടെ കയറി ഇറങ്ങി
ആണ് അർഹരായവർക്ക്‌ സഹായം ലഭിക്കുന്നത്..അപ്പോൾത്തന്നെ
അനർഹരെ ഒഴിവാക്കുകയും വേണം.അതൊക്കെ ഒരു പ്രോസസ്സ് വർക്കാണ്.
ഇടുക്കിയിൽ കറന്റ് ഉണ്ടാക്കിയ ഉടനെ അത് നേരിട്ട് നമ്മുടെ വീട്ടിലേക്കു
കിട്ടുന്നുണ്ടോ....???? അത് ചിന്തിച്ചാൽ മതി...


കോട്ടയത്ത് ഏറ്റുമാനൂരിൽ കോടതി ഒരാളെശിക്ഷിച്ചു....Rs 25000  കോടതിയിൽ
കെട്ടിവെക്കേണ്ടി വന്നു.കേസ് എന്താണെന്നോ....മുഖ്യ മന്ത്രിയുടെ
ഫണ്ടിലേക്ക് പത്തുപൈസാ കൊടുക്കരുതെന്ന ആഹ്വാനം....അതും FB യിൽ.....
ഇനിയും പലരും കേസിന്റെ തുമ്പത്തു വന്നു നിൽപ്പുണ്ട്...ഇവരിൽ പലരും
രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ പിടിക്കുന്നവരോ,അനുഭാവികളോ ആണ്.
സ്വന്തം വീട്ടിൽ ഒരു അപകടം നടക്കുമ്പോൾ സഹായിക്കാൻ ഓടിവരുന്നവനെ
ആട്ടിയോടിക്കുന്നവൻ കുടുംബത്തു പിറന്നവനാണോ.....സമൂഹത്തിനു
കൊള്ളാവുന്നവനാണോ....അവനെ വീട്ടിൽ കയറ്റാൻ കൊള്ളാമോ......
ചിന്തിക്കുക നാളത്തെ ദുരന്ത ബാധിതർ ഒരുപക്ഷേ ഞാനും നിങ്ങളുമാകാം....
ആരും ഇതിനൊന്നും അതീതരല്ല...
കൊടുക്കാതിരിക്കാം.......അതിനുള്ള സ്വാതന്ത്രം നമുക്കുണ്ട്...എന്നാൽ
കൊടുക്കുന്ന കയ്യിൽ കയറിപ്പിടിക്കുന്ന സംസ്കാര ശൂന്യത .........
സഹായത്തിനു എതിരായി വ്യാജ വാർത്ത എഴുന്നള്ളിച്ചവർ,അവർ ഏതു
ആദർശത്തിനുവേണ്ടി നിൽക്കുന്നവരാണെങ്കിലും  ഒന്ന്പറയാം....നിങ്ങളെ മനുഷ്യരുടെ കൂടെ കൂട്ടാൻ അൽപ്പം ബുദ്ധിമുട്ടാണ്......അപ്പൻ ചത്താലും
വേണ്ടില്ല  അമ്മയെ വിധവയായി കാണണം.......അല്ലെ....????
ദുരന്ത ബാധിതരെ വേദനിപ്പിച്ച ഇങ്ങനെയുള്ള സംഭവങ്ങൾ ലോകത്തു
മറ്റൊരിടത്തും ഉണ്ടായിട്ടില്ല........??
കൊടുക്കരുത്...കൊടുക്കരുത്...കൊടുക്കരുത്...ഒരുത്തന്റെ വീഡിയോ
ആയിരുന്നു പ്രചാരണത്തിൽ മുന്നിൽ.......
നിങ്ങൾക്ക് കൊടുക്കാൻ മനസ്സില്ലെങ്കിൽ വേണ്ടെന്ന്...ഇവിടെ നൂറുപേർ
കൊടുക്കാൻ റെഡി ആയി നിൽക്കുന്നുണ്ട്.....
അപവാദ പ്രചാരണമൊക്കെ ആര് മൈൻഡ് ചെയ്യുന്നു....പ്രചരിപ്പിച്ചവനും
അവന്റെ കുറെ മൂടുതാങ്ങികളും മാത്രം.....
സർക്കാരിൽ നിന്നും ഒരു
അറിയിപ്പ് ഉണ്ടാകുന്നതിനു മുമ്പേ സുമനസുകൾ 2.55 കോടി രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു.....അത് മാത്രം മതി ഇവിടുത്തെ ഒത്തൊരുമ അറിയാൻ....
എല്ലാം നഷ്ടപ്പെട്ടവരായി,വെറും കയ്യോടെ നിൽക്കുന്ന മനുഷ്യരെ കണ്ടിട്ട്
എങ്ങനെ പറയാൻ തോന്നും കൊടുക്കരുത് എന്നൊക്കെ.........
പണ്ടാരാണ്ടു പറഞ്ഞതുപോലെ,ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ
കാണാൻ നല്ല രസം..എന്ന്......???
സഹായം തടഞ്ഞവരെ സമൂഹ മനഃസാക്ഷി  വിചാരണ ചെയ്യട്ടെ....ഇനിയും വിഷം ചീറ്റിയാൽ സമൂഹം നിങ്ങളെ അങ്ങ് എടുക്കും....കൈകാര്യം ചെയ്യാൻ..!!




ദുരന്തം കഴിഞ്ഞു...മാധ്യമങ്ങൾ പുതിയ വാർത്തകൾ തേടി തുടങ്ങി....
പക്ഷേ..നമ്മൾ മറക്കരുത്അവരെ.... ദുരന്ത ബാധിതരെ....
ഒന്നിൽ നിന്നും തുടങ്ങണം.......പാതിവെച്ചു സ്വപ്നങ്ങൾ കൈവിട്ടു
പോയവരാണ്......ജീവിക്കാനുള്ള താൽപ്പര്യം പോലും പോയവരുണ്ട്.....
കൈവിടരുത്.....ചേർത്തുപിടിക്കണം.....


ദുരന്തങ്ങൾ ഇനിയും ഉണ്ടാകാം....
ജനകീയ ബോധവൽക്കരണം ആവശ്യമാണ്....
സർക്കാരുകൾക്ക് പരിമിതിയുണ്ട്....അവിടെയാണ് ബഹുജന കൂട്ടായ്മകളുടെ
പ്രസക്തി....പ്രകൃതിയുടെ വിനിയോഗം,അതിലുണ്ടായ പാളിച്ചയാണ് ഈ
ദുരന്തങ്ങളുടെ തിരക്കഥ എഴുതിയത്....നല്ല ബോധവൽക്കരണം ആവശ്യമാണ്.
അപ്പോൾത്തന്നെ സർക്കാർ സാങ്കേതിക സംവിധാനങ്ങൾ
കുറേകൂടി കാര്യക്ഷമമാക്കണം....
ദുരന്ത ബാധിതരുടെ പുനഃരധിവാസം...... അത് സർക്കാർ ഏറ്റെടുത്തു സമയ
ബന്ധിതമായി തീർക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം....
വാസയോഗ്യമായ വീടുകൾ വേണം...
നഷ്ടപ്പെട്ട രേഖകൾക്കു പകരം ലഭിക്കണം.....
കുട്ടികളുടെ പാഠപുസ്തകങ്ങൾ പുതിയത് വേണം...
ജോലി സാഹചര്യങ്ങൾ ഒരുങ്ങണം.....അങ്ങനെ ഒരു വലിയ ബാധ്യതയാണ്
സർക്കാരിന്റെ മുന്നിലുള്ളത്. നമ്മൾ പിന്തുണ കൊടുത്താൽ എല്ലാം വേഗം
തീർപ്പാകും...അതാണല്ലോ കേരളത്തിന്റെ നന്മ....സർക്കാർ നമ്മോടു ഒപ്പമുണ്ട്..


ഒരിക്കൽക്കൂടി കേരളം കൈകോർത്തു.....
സഹജീവികളുടെ കണ്ണീരൊപ്പാൻ......
നമ്മൾ അതിജീവിക്കും......ഈ  ദുരന്തത്തെയും,അതിനുശേഷം പൊങ്ങിവരുന്ന
വിഷ ജന്തുക്കളെയും ....!!
അതിജീവനത്തിന്റെ പുത്തൻ ഗാഥകൾ ഇവിടെ രചിക്കപ്പെടും......


അതെ നമ്മൾ  അതിജീവിക്കും....
കരുതലിന്റെ പുതിയ പാഠങ്ങൾ എഴുതിച്ചേർത്ത കേരള ജനത ഒരു
ഒരുകാര്യംകൂടി തിരുത്തി....
കേരളം ഇത് ദൈവത്തിന്റെ നാട് മാത്രമല്ല ഒരുപാട് നന്മയുള്ള 
ദൈവങ്ങളുടെ നാട് കൂടി ആണെന്ന്......
കരുതലിന്റെ കരങ്ങൾക്ക് മുന്നിൽ സർവാംഗ പ്രണാമം...........                                                          

1 comment:

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...