Friday, April 10, 2020

പുരയ്ക്ക് തീ പിടിക്കുന്നുണ്ട്... നമ്മക്ക് പോയി വാഴവെട്ടാം.

വേണ്ടാ വേണ്ടാന്നു പല പ്രാവശ്യം ചിന്തിച്ചതാണു...എന്തുചെയ്യാം...?നമ്മളെക്കൊണ്ടു ചെയ്യിപ്പിച്ചേ അടങ്ങു...ന്നാ പ്പിന്നെ അങ്ങു ചെയ്തേക്കാമെന്നു വെച്ചു. മലയാളി എവിടെയുണ്ടോ അവിടെ തട്ടിപ്പുമുണ്ട്. പഴയ ലൈഫ്ബോയ് യുടെ പരസ്യം പോലെ. തട്ടിപ്പു നടത്താൻ മലയാളി ഉസ്താദാണ്. ഒരു ചെറിയ പ്രശ്‌നം മാത്രം. അന്താരാഷ്ട്ര നിലവാരത്തിൽ തട്ടിപ്പു നടത്തുന്ന കക്ഷികളുടെ അടവുകളിൽ പെട്ടന്നുചെന്നു വീഴുന്നതും മ്മടെ മലയാളി തന്നെ. അതായത് കക്കാനറിയാം നിക്കാനറിയില്ല. കക്കാനും നിക്കാനും അറിയാമായിരുന്നെങ്കിൽ
മലയാളി ഇന്നു വലിയ നിലയിൽ എത്തേണ്ട പുലികളായിരുന്നു.




ഇതാ ഒരു പരസ്യം നിങ്ങളുടെ പണം പത്തുമാസംകൊണ്ടു ഇരട്ടിയാക്കിത്തരാം. ബാങ്ക് വഴിയാണ് എല്ലാ ഇടപാടുകളും. പോരാഞ്ഞിട്ടു മുദ്ര പത്രത്തിന്റെ ഉറപ്പും. ആർത്തികയറിയ മലയാളികളുടെ കണ്ണുകൾ അഞ്ഞൂറിന്റെ ബൾബുപോലെ പ്രകാശിച്ചു തള്ളിവന്നു. ലോഡ് കണക്കിന് പൈസ കൊണ്ട് ഇട്ടുകൊടുത്തു. വലിയ ലോഡ് ഇല്ലാത്തവർ ഓട്ടോ പിടിച്ചുപോയി. പെൻഷൻ കിട്ടിയതും പിള്ളേരെ കെട്ടിക്കാൻ വെച്ചതും വീടുപണിയാൻ വെച്ചതും പ്രവാസിപ്പണവും നാട്ടു പണവും കാട്ടു പണവും എല്ലാം....എന്നിട്ടു നോക്കിയിരുന്നു. പത്തുമാസത്തിനു ശേഷം വരുന്ന ഇരട്ടിയോർത്തു മനക്കോട്ടകൾ കെട്ടിപ്പൊക്കി. മാക്സിമം വെള്ളമിറക്കി....!

ഇതാ ഒരു സുപ്രഭാതത്തിൽ കോയമ്പത്തൂർ യൂണിവേഴ്സൽ ട്രേഡിങ്ങ് സൊല്യൂഷൻസ് പൂട്ടുന്നു. കാശുമായി ആൺപിള്ളേർ വണ്ടിവിടുന്നു. വെള്ളമിറക്കിയ ചേട്ടൻമ്മാരുടെ കണ്ണിൽനിന്നും അതിരപ്പള്ളി വാഴച്ചാൽപോലെ വെള്ളം ചാടി. കുറച്ചുപേർ നെഞ്ചും തിരുമ്മി കോയമ്പത്തൂരിനു വെച്ചടിച്ചു. ആട് കിടന്നിടത്തു പൂട പോയിട്ട് ആട്ടിൻ കൂടുപോലും കണ്ടില്ല.  പട്ടി ചന്തക്കു പോയതുപോലെ എല്ലാവരും തിരിച്ചുപോന്നു. 3500 കോടിയാണ് പിരിച്ചതെന്നു ഇടപാടുകാർ പറയുമ്പോൾ, അല്ല 8000 കോടിയാണെന്ന് കമ്പനിയുടെ മുൻ വൈസ് പ്രസിഡന്റ് പറയുന്നു.  
പോയതുപോയി. മാനനഷ്ടം പേടിച്ചു കുറെ മാന്യൻമാർ കേസിനുപോലും പോയില്ല. പേര് പുറത്തുവന്നാലോ...?  കൊണ്ട് തട്ടിയത് കള്ളപ്പണമായിരുന്നെങ്കിൽ അതിന്റെ പുലിവാലും കടുവാ വാലും വേറെ...?!

പത്തു മാസംകൊണ്ട് ഇരട്ടിപ്പണം തരാമെന്നു പറയുമ്പോൾത്തന്നെ അതിലൊരു കള്ളത്തരം മണക്കുന്നില്ലേ ബ്രോ...? രജിസ്റ്റർ ചെയ്യാത്ത മുദ്ര പത്രത്തിന് സാധുതയില്ലെന്നു അറിയില്ലേ ബ്രോ...ഇതൊക്കെ മനസ്സിലാക്കാൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ പോയി പഠിക്കേണ്ട കാര്യമൊന്നുമില്ല. പിന്നെ, സെൻസുവേണം....സെൻസിബിലിറ്റിവേണം.....സെൻസേഷണലിസം വേണം.....
സെൻസറും വേണം....!!!! ചില സമയങ്ങളിൽ നമ്മുടെ സേട്ടൻമ്മാർക്കും സേട്ടിമാർക്കും ഇതൊന്നും വർക്ക് ഔട്ട് ആവില്ല ഫുള്ളി സ്റ്റക്ക്...?! ഇങ്ങനെയുള്ള ഉടായിപ്പു കമ്പനികൾ വല വീശാൻ വീട്ടിൽ വരുമ്പോൾ രണ്ടും കൽപ്പിച്ചു പണ്ട് ജഗതി പറഞ്ഞതുപോലെ  പറയണം  യു വിൽ നോട്ട്  സീ എനി മിനിറ്റ് ഓഫ് ദി ടുഡേ...ഇറങ്ങിപ്പോടാ...എന്ന്.


നാഗ മാണിക്യം , സ്വർണ്ണച്ചേന ,വശീകരണ യന്ത്രം ,നശീകരണ യന്ത്രം , ധനാകർഷണ യന്ത്രം ...ഇങ്ങനെ യന്ത്രങ്ങളുടെ കളിയാണ്. ലൈക് ആകർഷണ യന്ത്രം വരെ നിലയിലുണ്ട്. ഫേസ്ബുക്കിൽ ഒത്തിരി ലൈക്ക് നേടിത്തരുന്ന ഒരു യന്ത്രമാണ് ഇത്. സുക്കറണ്ണൻ പോലും അറിയാത്ത ഒരു അന്തർധാര സജീവമാകുകയാണ്.....?!!!!ഇതിനൊക്കെ പരസ്യം കൊടുത്തു കസ്റ്റമറെയും കാത്തിരിക്കുകയാണ് തട്ടിപ്പുകാർ.ഒന്നു ചോദിച്ചോട്ടെ...? ഈ സാഹചര്യത്തിൽ ചോദിക്കാമോ എന്നറിയില്ല എന്നാലും ചോദിച്ചുപോകുകയാണ്. ചേട്ടന്റെ കയ്യിൽ ധനാകർഷണ യന്ത്രം ഇരിപ്പുണ്ടെങ്കിൽ അതുവെച്ചു ചേട്ടന് ധനം ആകർഷിച്ചു എടുത്താൽപ്പോരേ...? യന്ത്രം വിൽക്കാൻ പരസ്യം കൊടുക്കണോ...? ഓ ഈ പരസ്യവും ഒരു ധനാകർഷണ യന്ത്രത്തിന്റെ വർക്ക് ചെയ്യുന്നുണ്ടല്ലോ ല്ലേ...?!?!? അതുമല്ലെങ്കിൽ എല്ലാവരും ധനം കൊണ്ടു കുഞ്ഞച്ചൻമാരാകാൻ ഒരു സാമൂഹിക സേവനം എന്ന നിലയിലും ആയിരിക്കും അല്ലെ സേട്ടാ ...?!?! 

ഒരു ചോദ്യം കൂടെ ബാക്കി...ഈ വശീകരണ യന്ത്രത്തിന്റെ സ്പെയർ പാർട്സ് കിട്ടുന്ന കട എവിടെയാണ്..?! ഓയിൽ എങ്ങനെയാണു മാറേണ്ടത്....യന്ത്രം അടിച്ചുപോയാൽ റീവൈൻഡ് ചെയ്തു കൊടുക്കുമോ...?!?! ഒരു യുക്തിയും ഇല്ലാത്ത തട്ടിപ്പുകൾക്കു തലവെക്കുന്ന മലയാളി,ക്യാഷ് പോയതിനു ശേഷം ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും മിടുക്കനാണ്. തലയിൽ ആൾത്താമസവും സാമൂഹ്യ ബോധവും ഉണ്ടെങ്കിൽ ഇങ്ങനെയുള്ള തട്ടിപ്പുകളെ എല്ലാം തിരിച്ചറിയാൻ കഴിയും. ഒത്തിരി പറയാനുണ്ട് പക്ഷേ ഈ ഭാഗത്തിനു തിരശീല പിടിച്ചുവലിച്ചു താഴ്ത്തുകയാണ് പ്രിയപ്പെട്ടവരേ...


അടുത്ത പരസ്യം ഓൺലൈൻ ആണ്. നഗ്നരായി വീഡിയോ കോൾ ചെയ്യാൻ പെൺകുട്ടികളെ ലഭ്യമാണ്. കേൾക്കേണ്ട താമസം ചില വികാരിമാർ-പള്ളിയിലെ അല്ല ട്ടോ ....ഇത് മറ്റേ കേസ് ആണ്- ഓൺലൈനിൽ പണം അടച്ചു.
പറഞ്ഞു ഉറപ്പിച്ച സമയത്തു കോൾ ചെയ്തു. അറ്റൻഡ് ചെയ്തത് സ്ത്രീകൾ തന്നെ,പക്ഷേ ടോണിനൊരു മാറ്റം. പുളിച്ചതും വളിച്ചതുമായ തെറികൾ.....
പൂർവികരെ സ്തുതിക്കുന്ന പല്ലവികൾ.....പിതൃക്കളെ വാഴ്ത്തുന്ന ഈരടികൾ വീഡിയോ കോൾ പ്രതീക്ഷിച്ച വികാരിമാർ വയറുനിറഞ്ഞു കോൾ കട്ട് ചെയ്തു. സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്തുള്ള പെൺ വാണിഭക്കാരുടെ പുതിയ തട്ടിപ്പാണിത്. സ്കൂൾ കോളേജ് വിദ്യാർത്ഥിനികൾ വീട്ടമ്മമാർ തുടങ്ങിയവരുടെ ഫേസ്ബുക്ക് ഫോട്ടോകൾ കോപ്പി(ദുരുപയോഗം) ചെയ്താണ് ഈ റാക്കറ്റിന്റെ ഫേക്ക് ഫേസ്ബുക്ക് ഐഡി കൾ പ്രവർത്തിക്കുന്നത്. മോർഫിങ് ചെയ്‌തും മറ്റും ഇവർ ആവശ്യക്കാരെ ചൂണ്ടയിടുന്നു.


അതുകൊണ്ടാണ് നമ്മുടെ 'അമ്മ പെങ്ങൻമ്മാരോട് ഫേസ്ബുക്കിൽ സ്വന്തം പടം കൊടുക്കുമ്പോൾ സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നു പറയുന്നത്.ചിലരൊന്നും ഇത് കേൾക്കാറില്ല. എന്റെ പ്രൈവസിയിൽ നിനക്കെന്താ കാര്യം എന്ന രീതിയിൽ പ്രതികരിക്കും. പിന്നെ സ്വന്തം പടങ്ങൾ മോർഫ് ചെയ്തു സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത് അറിയുമ്പോൾ കേസ് ആയി കണ്ണീരായി അവസാനം ആത്മഹത്യയും നടക്കും.
പെൺകുട്ടികൾ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ഫേസ്ബുക് തന്നെ  ലഭ്യമാക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതാണു.എന്നാണു എനിക്കും പറയാനുള്ളത് സൂർത്തുക്കളെ....!


ഇനി വേറൊരു വിഷയമാണ്...നമ്മുടെ പഴയ ഒരു ബ്ലോഗിൽ ഇതൊന്നു തൊട്ട് വിട്ടതാണ്. (https://janosh1980.blogspot.com/2019/05/blog-post.html) പക്ഷേ കുറയുന്ന മട്ടില്ല. ഔട്ട് ഡേറ്റഡ്  മിസ്സിംഗ് ന്യൂസ്-(എന്നു വെച്ചാൽ പഴയ, കാണാതായ വാർത്തകൾ.) തീയതിയും വർഷവും ഒന്നും നോക്കാതെ  2014 ,15,  16, 17, 18, 19 വർഷങ്ങളിലേത് ചുമ്മാ കേറി ഷെയർ ചെയ്യുന്ന ഒരു സൂക്കേട്. തീയതി നോക്കി ഷെയർ ചെയ്യാനുള്ള പക്വത കാണിക്കണം എന്ന് ഞാൻ ചിലരോട് പറഞ്ഞപ്പോൾ കുറെ സാറമ്മാര് എന്നെ unfriend ചെയ്തു. അവരുടെ എന്തെങ്കിലും വൃണപ്പെട്ടുകാണും അല്ലെ...?! 

വീണ്ടും മറ്റുചില ടീമുകൾ ഇതുതന്നെ തുടർന്നപ്പോൾ ഞാൻതന്നെ മുൻകൈയെടുത്തു അവരെയെല്ലാം കയ്യിൽ പിടിച്ചു ഇറക്കിവിട്ടു. ഈ കുട്ടി ഇപ്പോൾ ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഉണ്ട്....നമ്മുടെ ഒരു ഷെയർ മതി ഇവനെ കണ്ടുകിട്ടാൻ.....എന്തെല്ലാമാണ്...??? ഒരു ദിവസം കുറഞ്ഞത് മൂന്ന് ഔട്ട് ഡേറ്റഡ് മിസ്സിംഗ് ന്യൂസ് കൊടുക്കുന്ന ഒരു ചെങ്ങായി ഉണ്ടായിരുന്നു എനിക്ക്. ആളൊരു വക്കീലായിരുന്നു(വിവരവും വിദ്യാഭ്യാസവും രണ്ടാണ്). തിരുവല്ല സ്വദേശി താമസം അമേരിക്ക. ഒന്നു രണ്ടുവട്ടം പറഞ്ഞുനോക്കി. ഇല്ല ശെരിയാവില്ലെന്നു മനസ്സിലായി. ഒന്നും നോക്കിയില്ല കിടിലൻ രണ്ടു ഡയലോഗ് പറഞ്ഞു unfriend ചെയ്തു ബ്ലോക്കും ആക്കി. പതിനഞ്ചു പേരെയാണ് അങ്ങനെ ഇറക്കിവിട്ടത് സൂർത്തുക്കളെ...!

കഴിഞ്ഞ ദിവസം എനിക്കൊരു പോസ്റ്റ് കാണേണ്ടിവന്നു.
ലോകം കണ്ട ഏറ്റവും നല്ല ""മഖ്യമന്ത്രി"" . താഴെ ഉമ്മൻചാണ്ടിയുടെ പടവും. ആദ്യമോർത്തു ട്രോൾ ആയിരിക്കുമെന്ന്. ഒന്നുടെ നോക്കി ട്രോളല്ല. നമ്മൾ  കേറിയങ്ങു വീണു..ആദ്യംപോയി അക്ഷരം പഠിച്ചുവരൂ സർ...കമെന്റ് ചെയ്തു. സംഗതി കൊളമായി. മു അല്ല ആണ് താൽപ്പര്യം എങ്കിലോ എന്നായി ഒരു അടിമ..! ഇവനോർത്തു ഞാൻ രാഷ്ട്രീയം പറയുകയാണെന്ന് . ഈ മഹാൻ ആരാണെന്നു അറിയാൻ ഇതിയാന്റെ പ്രൊഫൈൽ ഒന്ന് നോക്കി.ഒരു അദ്ധ്യാപഹയൻ    ആണുപോലും.

വയർ നിറയെ വിളമ്പിക്കൊടുത്തു....ഇവനൊക്കെ പഠിപ്പിക്കുന്ന കുട്ടികളുടെയൊക്കെ ഒരു അവസ്ഥ..!? ഉമ്മൻ ചാണ്ടിയുടെയോ പിണറായിയുടെയോ മോദിയുടെയോ ആകട്ടെ, ആരുടെ ആണെങ്കിലും അൽപ്പം അക്ഷരജ്ഞാനത്തോടെ പോസ്റ്റ് ചെയ്യുന്നതല്ലേ നല്ലത്..?
ചിലരെ അക്ഷര തെറ്റ് ചൂണ്ടിക്കാണിച്ചാൽ ഉടനെ തിരുത്തും...ചിലർ വീണിടത്തുകിടന്നു ഉരുണ്ടു കളിച്ചു നമ്മളോട് ചൂടാകും.

കുറച്ചു പേരുണ്ട്....എന്താണ് സോഷ്യൽമീഡിയ എന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും അറിയാത്ത ഭൗതിക ശരീരങ്ങൾ.  ആരോടെങ്കിലും ചൊരുക്കുണ്ടെങ്കിൽ അതെല്ലാം ഫേസ്ബുക്കിൽ എഴുതി പോസ്റ്റ് ചെയ്യുകയാണ്.
പിന്നെ തെക്കുവടക്കു നോക്കിനിൽക്കുന്ന ഒരുപടവും ചേർക്കും. അടിയിൽ ഇങ്ങനെയൊരു കുറിപ്പും..ചിന്തയിലാണ്...ഇതിയാൻ ചിന്തയിൽ ആയതുകൊണ്ട് നമ്മളെന്തു പിഴച്ചു...? 

കുറെ ലൈവ് വീരൻമ്മാർ ഒരു സൈഡിൽ. തൊട്ടതിനും കടിച്ചതിനും പിടിച്ചതിനും  എല്ലാം ലൈവ് വീഡിയോ ഇടുകയാണ്."സുഹൃത്തുക്കളേ ഞാൻ ഇപ്പോൾ ഈ ലൈവിൽ വരാനുള്ള കാരണം....." ഇവന്റെ പറച്ചിൽകേട്ടാൽ തോന്നും ഇന്ത്യയുടെ അതിർത്തിയെ സംബന്ധിക്കുന്ന എന്തോ കാര്യമാണെന്ന്...അല്ലെങ്കിൽ കിങ്‌ജോങ് ഉൻ എങ്ങാനും ഇവന്റെ വീടിനടുത്തു കൊണ്ട് കുഴിബോംബ് വെച്ചിട്ടുണ്ടെന്നു...?

കുറെ മാസങ്ങൾക്കു മുമ്പു ഒരു ലൈവ് വീഡിയോ എല്ലാവരും കണ്ടതാണ്.
ഒരു അട്ടപ്പാടിക്കാരന്റെ...ചെറിയ ഷോ കാണിച്ചതാണ്....പയ്യനാണ് പ്രായത്തിന്റെ - അതായത് ഹോർമോൺ കൂടുതലിന്റെ പ്രോബ്ലം ആയിരുന്നു.
കത്തിക്കയറുകയായിരുന്നു....സ്വന്തമായി പോലീസ് അകാൻ നോക്കിയതാണ്. അവസാനം പോലീസ് പൊക്കി....കുഞ്ഞാടിനെപ്പോലെ സ്റ്റേഷനിലേക്ക് പോയി.
വേണ്ടാത്തത് എടുത്ത് എവിടെയോ വെക്കാൻ വല്ലാതെ പൂതിയുള്ളവർക്കെല്ലാം അട്ടപ്പാടി മാമന്റെ വീഡിയോ ലൈവ് ഒരു പാഠമാണ്.

കുറച്ചു കാലങ്ങളായിക്കാണും മലയാളിയുടെ പുതിയൊരു ജാഡ ഇറക്കുമതി വന്നിട്ട്. ചുറ്റും മതിലുള്ള ഒരു വീടുവെക്കും. എന്നിട്ടു ഗേറ്റിൽ ഒരു ബോർഡും തൂക്കും. നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ്. ആരും  ഇയാളുടെ വീടിന്റെ പരിസരത്തൊന്നും ചെല്ലരുത് , കാരണം എല്ലാം വീഡിയോ എടുത്ത് ഇതിയാനും  കുടുംബക്കാരും കണ്ടോണ്ടിരിക്കുകയാണ്. എന്നുവെച്ചാൽ ഇയാളല്ലേ അംബാനീടെ അളിയൻ..?! സി സി ക്യാമറാ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നല്ല. ചിലർ വെറുതെ ജാഡക്ക് അങ്ങ് വെക്കുകയാണ്. 

ഒരു പട്ടിപോലും കേറിചെല്ലാത്ത വീട്ടുകാരും 4 ക്യാമറ വെച്ച് ധൃതംഗ പുളകിതരായി സ്വയം പൊങ്ങികളായി നമ്മുടെ ഇടയിൽ അങ്ങനെ ജീവിക്കുകയാണ്.  പക്ഷേ  പണ്ടൊരു പ്രളയം വന്നപ്പോൾ  അളിയനെ പൊക്കിയെടുത്തു വെളിയിൽ കൊണ്ടുവന്നത് പേരിനുപോലും-എന്തിനു ഫോണിൽ പോലും ക്യാമറാ ഇല്ലാത്ത ആളുകളായിരുന്നു. അതുകൊണ്ടു ആദ്യം പോയി നല്ല മനുഷ്യനാകാൻ നോക്ക് എന്നിട്ടുമതിയില്ലേ അഭ്യാസം....!?

നിർത്താൻ സമയമായി. അവസാന സമയത്താണ് മലയാളിയുടെ ജാഡയെക്കുറിച്ചു ഓർത്തുപോയത്. പണ്ടൊരു പൊങ്ങച്ചക്കാരൻ  നാട്ടിലെ  ചായക്കടയിൽ വന്നു.
നാലുപേരെ കണ്ടപ്പോൾ ഷോ കാണിക്കാൻ വല്ലാത്ത  തികട്ടൽ. ഇവന് ആണെങ്കിൽ ഏത്തക്ക അപ്പം വേണം. പക്ഷേ ചുമ്മാ ചോദിയ്ക്കാൻ മടി. അൽപ്പം സാഹിത്യം പുറത്തെടുത്തു. കടയിൽ വന്നിരിക്കുന്നത് സാക്ഷാൽ ഷേക്‌സ്പിയർ ആണെന്ന് മറ്റുള്ളവർക്ക് തോന്നണം. കണ്ണടച്ചു ചായക്കടക്കാരനിട്ട് താങ്ങി....ചേട്ടാ ഇവിടെ ഒരു പ്രത്യേക പലഹാരമുണ്ടോ..?
അതേത് പലഹാരം...?കടക്കാരന് ആശ്ചര്യമായി...
അതോ....? പാകമായ നേന്ത്രപ്പഴം പല പല ഖണ്ഡങ്ങളായി ഭാഗിച്ചു അതിൽ മധുരം സന്നിവേശിപ്പിച്ച ഗോതമ്പുമാവിനാൽ ആവരണം ചെയ്യുകയും ഈ അവരണത്തെ തിളച്ച എണ്ണയിലേക്ക് നിക്ഷേപിക്കുകയും ചെയ്തു ഉണ്ടാക്കിയ പലഹാരം...!കടക്കാരന് അസുഖം മനസിലായി,സഹായിയോട് ഉറക്കെപ്പറഞ്ഞു...മോനെ ഒരു ഏത്തക്കാ അപ്പമെടുത്തു അവന്റെ അണ്ണാക്കിലേക്ക് വെച്ചുകൊട്...!!!!

അതിലും ഭീകരമാണ് ഗൾഫിൽനിന്നും വരുന്ന ചില അൽപ്പൻമ്മാരുടെ കാര്യം
എല്ലാവരും ഇങ്ങനെയല്ല...പത്തും നാല്പതും വർഷത്തെ ഗൾഫ് ജീവിതം കഴിഞ്ഞു നാട്ടിൽ വന്നു ഒറിജിനൽ നാടൻ മനുഷ്യരെപ്പോലെ ജീവിക്കുന്ന ഒത്തിരിപ്പേരുണ്ട് . ലക്ഷങ്ങൾ സാലറി വാങ്ങുന്ന ഗൾഫ് ഫ്രണ്ട്‌സ് നമ്മൾക്കൊക്കെ ഉണ്ടാകുമല്ലോ.അതിൽ 99 ശതമാനവും വളരെ സാധാരണ ജീവിത രീതി ഇഷ്ടപ്പെടുന്നവരും ആയിരിക്കും . കുറച്ചു ക്ലെച്ചു പോയത് എവിടെയും കാണുമല്ലോ..? അവരെയാണ് നമ്മൾ ലക്ഷ്യം വെക്കുന്നത്.ഹോട്ടലിൽ ചെന്നാൽ കീമയുണ്ടോ
സോസേജുണ്ടോ...എന്നായി ചോദ്യങ്ങൾ. ഗൾഫിൽ വിലകുറച്ചു കിട്ടുന്ന കോഴിയും മത്തിയും തട്ടിയിട്ട് മിച്ചംപിടിച്ച കാശുമായി നാട്ടിലെ ചന്തയിൽ വന്നു കരിമീനിനും ആവോലിക്കും വിലപേശലാണ്.ചിലർക്കാണെങ്കിൽ സംസാരിക്കുമ്പോൾ ഹിന്ദിയും അറബിയുമൊക്കെ കേറി വരും. അറബിയോട് ഒരു അറബിവാക്കു പോലും  നേരെചൊവ്വേ പറയാത്തവനായിരിക്കും കക്ഷി. പഴയ ഗൾഫ്കാരോടൊന്നും അഭ്യാസം ഇല്ല. പാസ്പോർട്ട് പോലും ഇല്ലാത്ത പാവങ്ങളായിരിക്കും ഇവരുടെ ഇരകൾ.

ഇങ്ങനെയൊക്കെ ആണേലും മലയാളി സ്നേഹമുള്ളവരാ.....
വേറെ  നാട്ടിൽപ്പോയി നിൽക്കുമ്പോൾ ഒരു  മലയാളിയെ കാണുമ്പോളുള്ള ഒരു ഫീലുണ്ടല്ലോ......! പുരയ്ക്കു തീ പിടിക്കുമ്പോൾ വാഴവെട്ടുന്ന സ്വഭാവം  ഇടയ്ക്കു ഉണ്ടെങ്കിലും നമ്മൾക്കു ഇഷ്ടം മലയാളികളെ തന്നെയാണ്.
അതാണ് അതിന്റെ ഒരിത്...! മികച്ച ഒരിത്...

വാൽക്കഷ്ണം

പോസ്റ്മാൻ കത്ത് തിരിച്ചും മറിച്ചും നോക്കി, എങ്ങാണ്ടു മലമണ്ടക്കുള്ള വീട്ടിലേക്കാണ്..അതും ഒരു കാർഡിൽ...
വായിച്ചപ്പോൾ ഇങ്ങനെ...
"ഇവിടെ സുഖം തന്നെ,അവിടെയും സുഖമെന്ന് കരുതുന്നു" നിർത്തട്ടെ.
അവിടെയും ഇവിടെയും സുഖമാണെങ്കിൽ പിന്നെ എനിക്കാണോ അസുഖം..!!
പോസ്റ്മാൻ കാർഡ് വലിച്ചുകീറി  ചവിട്ടിക്കൂട്ടി..!



തള്ളേ, നിൽ....പോകാൻ വരട്ടെ....
മ്മടെ യാത്രകളുടെ ഫോട്ടംസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്....
സംഭവത്തിന്റെ ലിങ്കുകളും മറ്റും താഴെ കൊടുത്തിരിക്കുന്നു.


https://www.instagram.com/janoshkjohn/


No comments:

Post a Comment

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...