Friday, March 24, 2023

ബാ മധുരക്കു പൂവാം

പണ്ടൊരൂസം നോം കോട്ടയത്തു നിന്നും ബസില്‍  നാട്ടിലേക്കു എഴുന്നള്ളി വരികയാണ്. ബസില്‍ നല്ല പാട്ടൊക്കെയുണ്ട്. തമിഴും മലയാളവും അങ്ങനെ മാറിമാറി വരികയാണ്.അപ്പോഴുണ്ട് ഒരു പാട്ട്...''മധുരയ്ക്കു പോകാതെടീ..'' അതെന്നാ മധുരയ്ക്കു പോയാല്...? ബസിന്റെ  കമ്പിയില്‍ തൂങ്ങിയാടി  നമ്മള്‍ ആഞ്ഞു ചിന്തിച്ചു.എന്നാലൊന്നു പോയിട്ടുതന്നെ. അങ്ങനെയാണ്    സൂര്‍ത്തുക്കളേ  ചരിത്ര പ്രസിദ്ധമായ നമ്മുടെ മധുര യാത്ര തീരുമാനിക്കപ്പെടുന്നത്. 


കോട്ടയത്തു നിന്നും നേരിട്ട് മധുരയ്ക്കു വണ്ടിയുണ്ട്.നമ്പർ 16343 അമൃത എക്സ്പ്രസ്സ്. റണ്‍സ് ഡെയ്‌ലി ആണ്,എന്നുവെച്ചാല്‍ എന്നുമുള്ള ട്രയിന്‍. രാത്രി 8.30 ന് തിരുവന്തപുരം സെന്‍ട്രലില്‍ നിന്നും തുടങ്ങും.കോട്ടയത്തു 11.20 എത്തും. പിറ്റെദിവസം തന്നെ ടിക്കറ്റ് ബുക്കുചെയ്തു.സ്ലീപ്പര്‍ 270 രൂഭാ..അല്പം കൂടി ജാഡയ്ക്കാണെങ്കില്‍ 730 രൂഭാ...ഏസിയാണ്. കൈവിട്ട കളിയാണെങ്കില്‍ 1735 ഉറുപ്പിക,ഫസ്റ്റ് ഏസിയാണ്.നമ്മളുടെ റേഷന്‍കാര്‍ഡ് നീലയായതിനാലും ചുമ്മാ ''തണുക്കാന്‍''നമ്മള്‍ക്കു സൗകര്യമില്ലാത്തതിനാലും 270 രൂഭാ ടിക്കറ്റിലാണ് പിടുത്തമിട്ടത്. S5 സീറ്റ് നമ്പര്‍ 38, ഉയര്‍ന്ന നിലയിലാണ് യാത്ര.. ച്ചാല്‍ ഒറങ്ങാന്‍  അപ്പര്‍ ബര്‍ത്ത് കിട്ടി. പണ്ടു അബ്ദുള്‍ കലാം സാര്‍ പറഞ്ഞിട്ടുണ്ട്,ഉയര്‍ന്ന നിലയില്‍ സ്വപ്നം കാണണമെന്ന്.അയ്നാണ് നമ്മള്‍ അപ്പര്‍ ബര്‍ത്ത് പറഞ്ഞു മേടിച്ചത്....!!  


10.30 PM ആയപ്പോള്‍ മുതല്‍ നമ്മള്‍ കോട്ടയത്തു റെയില്‍വേയില്‍ കളം പിടിച്ചതാണ്. പിന്നെ തെക്കുവടക്ക്  കുറെ വട്ടവും നീളവും നടന്നു.അങ്ങനെ താളവും ചവിട്ടി നില്‍ക്കവേ, 11.20 വരേണ്ട ഐറ്റം  11.45 കഴിഞ്ഞപ്പോള്‍ എത്തിയിരിക്കുന്നു...എന്താല്ലേ...?ഒന്നും നോക്കിയില്ല  മ്മടെ S5 ബോഗിയില്‍ തള്ളിക്കേറി,പിന്നെ  ഉറങ്ങിക്കിടക്കുന്നവരുടെ മുഖത്തു ലൈറ്റടിച്ചു നോക്കി  സീറ്റ് കണ്ടുപിടിച്ചു. അതാ,അങ്ങോട്ടു നോക്കൂ.. ആ സീറ്റിലൊരു പുള്ളി കിടന്നുറങ്ങുന്നു. ആരവിടെ....? ആരാണവൻ എണീക്കൂ....കണ്ടം വഴി ഓടൂ....നമ്മള്‍ ആഞ്ഞു അലറി. ആ ചേട്ടന്‍ എഴുന്നേറ്റു ജീവനുംകൊണ്ടു പാഞ്ഞു. നമ്മള്‍ അവിടെ അധികാരം സ്ഥാപിച്ചു. സ്ഥാവരജംഗമ വസ്തുക്കളെല്ലാം കൊളുത്തില്‍ തൂക്കിയിട്ടു. 12 മണിയായപ്പോള്‍ അമൃത കോട്ടയം വിട്ടു.


''മധുരൈ വരൈ സെല്ലും വണ്ടി'' എന്ന അനൗണ്‍സ്മെന്‍റ്  കേട്ടാണ് നമ്മള്‍ ഞെട്ടിയെഴുന്നേറ്റത്.
സിവനേ ഇതേത് ജില്ല....? നോക്കിയപ്പോഴുണ്ട് വണ്ടി കേരളം വിട്ട് തമിഴ്നാട്ടിലെ ഉദുമല്‍പേട്ടയില്‍ എത്തിച്ചേര്‍ന്നിരിയ്ക്കുന്നു....പാലക്കാട് നിന്നും പൊള്ളാച്ചി വഴിയാണ് യാത്ര.കോട്ടയത്തുനിന്നും 456 കിലോമീറ്റർ ദൂരം.ഏകദേശം 11 മണിക്കൂർ.ഈ വണ്ടി ഷൊർണ്ണൂർ നിർത്തുന്നില്ല.പുലർച്ചെ 5 മണിയോടടുത്തു വണ്ടി കേരളം വിട്ടു മീനാക്ഷിപുരം എത്തും.പിന്നീട് പൊള്ളാച്ചി  യും ഉദുമൽപ്പേട്ട യും പിന്നിട്ടു പളനിയിൽ എത്തിച്ചേരുമ്പോൾ വണ്ടി കാലി.      


ക്യാബിനിൽ  ആരുമില്ല, പരിപാടി കഴിഞ്ഞ സ്റ്റേജില്‍ മൈക്ക് സെറ്റുകാരന്‍ ഇരിക്കുന്നതുപോലെ ഞാന്‍ മാത്രമായി. ആകെയുള്ളതു പളനിയില്‍ കുറെ സമയം വണ്ടി നിര്‍ത്തിയിട്ടു. മുഴുവന്‍ തീര്‍ത്ഥാടകരാണ്.കൂട്ടം കൂട്ടമായി തീർത്ഥാടക സംഘങ്ങൾ വരുന്നു പോകുന്നു... വീട്ടുമുറ്റത്തുകൂടെ നടക്കുന്നതുപോലെ  ചിലർ ട്രാക്കിലൂടെ തേരാപ്പാരാ വെളിവുകെട്ടു നടക്കുന്നു. മറ്റുചിലർ വട്ടം കൂടിയിരുന്ന് ഇന്റർനാഷണൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. 


വണ്ടി പിന്നെയും കാലിയായി.ഇവിടെ ഒരുകാര്യം ഓർക്കണം സൂർത്തുക്കളേ...എപ്പോ നോക്കിയാലും ഈ ട്രെയിനിൽ ടിക്കറ് വെയ്റ്റിംഗ് ആണ്.പക്ഷേ ഒരു നായ് കുറുക്കൻ പോലും വണ്ടിയിൽ വന്നു കേറുന്നുമില്ല,വണ്ടി കാലിയാണു താനും.അങ്ങനെ ചിന്തിച്ചു കിളിപോയി നിൽക്കവേ,  നെല്‍വയലുകള്‍ക്കിടയിലൂടെ നമ്മുടെ വണ്ടി മധുരയ്ക്കു ഓട്ടം തുടങ്ങിയിരുന്നു.


വണ്ടി ദിണ്ടിഗല്‍ എത്തിയിരിക്കുന്നു. ഇപ്പൊ  ഏതാണ്ട് ഞാനും ഗാർഡും ലോക്കോ പൈലറ്റും മാത്രമായെന്നു തോന്നി. പണ്ടൊരു പ്രോഗ്രാമിനു സേലത്തിനു പോയ വഹയിൽ   ഈ വഴി വന്നതാണ്. അതു റോഡുമാര്‍ഗ്ഗമായിരുന്നു. രാവിലെ 10 മണിയായപ്പോള്‍ നമ്മള്‍ മധുര ജംഗ്ഷന്‍ (MDU)സ്റ്റേഷനിലെത്തി.



സാമാന്യം വലിയ സ്റ്റേഷന്‍.
ഇവിടെ നിന്നും ചെന്നൈ,നാഗര്‍കോവില്‍,കന്യാകുമാരി, ചെങ്കോട്ട, 
കച്ചേഗുഡ,
രാമേശ്വരം,തിരുനല്‍വേലി,ഡല്‍ഹി,മുംബൈ.എന്നിവിടങ്ങളിലേയ്ക്കു  വണ്ടികള്‍ ലഭ്യമാണ്. ഏതാണ്ടു 112 ട്രയിനുകള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്.1956 ല്‍ രൂപീകരിച്ചതാണു മധുര റെയില്‍വേ ഡിവിഷന്‍.


കൊല്ലം ജില്ലയിലെ 
കിളിക്കൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ അടക്കം,തമിഴ് നാട്ടിലെ 12 ജില്ലകള്‍  ചേരുന്നതാണു മധുര റെയില്‍വേ  ഡിവിഷന്‍.
ഇന്‍ഡ്യയിലെ ഏറ്റവുംവലിയൊരു ഡിവിഷന്‍ ആയിരുന്ന ഈ ഭാഗം
1979ല്‍  വിഭജിച്ചാണു തിരുവന്തപുരം റെയില്‍വേ ഡിവിഷന്‍ രൂപീകരിച്ചത്.


പുറത്തിറങ്ങി നേരെ മുന്നോട്ടു നടന്നു.ഓട്ടോക്കാർ വിളിച്ചു . നമ്മളുണ്ടോ മൈൻഡ് ചെയ്യുന്നു...? കാരണം എന്തെങ്കിലും കഴിച്ചിട്ടുവേണം യാത്ര തുടരാൻ. ഇന്നലെ രാത്രിയിൽ കഴിച്ചതാണ്.ദേഹമാസകലം മിശ്മിശാന്നു വെറക്കുന്നുണ്ട്.കണ്ണും കാണുന്നില്ല. കേറിയ ഹോട്ടലിലെ സപ്ളയര്‍ അണ്ണനെ കേറിമുട്ടി.അവിടെ നിന്നും എങ്ങോട്ട് എങ്ങനെ പോകണമെന്നും ഓട്ടോ വിളിച്ചാല്‍ എത്ര കാശ് കൊടുക്കണമെന്നും തിരക്കി. നടന്നു പോകാനുള്ള ദൂരമെ ഉള്ളെന്നും ,അങ്ങോട്ട് പോകുന്നത്  ഓട്ടോ വിളിച്ചായിരിക്കണം എന്നും തിരിച്ചു നടന്നു വരണമെന്നും അദ്ദേഹം കുറഞ്ഞ സമയം കൊണ്ടു ക്ളാസെടുത്തു. അങ്ങനെ തന്നെ നമ്മള്‍ ഓട്ടോ വിളിച്ചു മധുരൈ മീനാക്ഷി ക്ഷേത്രം ലക്ഷ്യമാക്കി യാത്രതുടങ്ങി.

മധുരൈ

വൈഗാ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഒരു തമിഴ് പട്ടണമാണ് മധുരൈ. ഉറങ്ങാത്ത നഗരം എന്ന അര്‍ത്ഥത്തില്‍ തൂങ്കാപട്ടണം എന്നും ഇവിടം അറിയപ്പെടുന്നു. ഏകദേശം 2500 വര്‍ഷത്തെ പഴക്കമാണ് ഈ പട്ടണത്തിനുള്ളത്. ഇങ്ങനെ ഉന്നത സാംസ്ക്കാരിക പൈതൃകം പേറുന്നതിനാല്‍ കിഴക്കിൻറെ ഏഥന്‍സ് എന്നും മധുരൈ അറിയപ്പെടുന്നു.

ഇന്‍ഡോനേഷ്യ,ചൈന,റോം  തുടങ്ങിയ രാജ്യങ്ങളുമായി മധുരയ്ക്കു വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നു. മുത്തുകള്‍,സുഗന്ധവ്യഞ്ജനങ്ങള്‍,വിലയുള്ള കല്ലുകള്‍ തുടങ്ങിയവ ഇവിടെ നിന്നും കയറ്റുമതി നടത്തിയിരുന്നു.
അത്യന്തം അപകടകാരിയായ ജെല്ലിക്കെട്ടെന്ന സാഹസിക വിനോദത്തിന്‍െറ നാടാണു മധുരൈ.
ഗോഡ്സേ എന്ന ഭീകരവാദിയുടെ വെടിയേറ്റു മരിച്ച ഗാന്ധിയുടെ രക്തം പുരണ്ടതുണി ഇവിടെയുള്ള മ്യൂസിയത്തില്‍ നമ്മള്‍ക്കു കാണാന്‍ സാധിക്കും. അങ്ങനെ അനവധി പ്രത്യേകതകള്‍ നിറഞ്ഞ നഗരമാണ് മധുരൈ. തിരുമലൈ നായ്ക്കന്‍ കൊട്ടാരം, എക്കോ പാര്‍ക്ക്, തെപ്പക്കുളം,തിരുപ്പുരം കുണ്ട്രം, അഴഗര്‍ കോവില്‍ തുടങ്ങിയ അതില്‍ ചിലതാണ്.
 
മധുരയോടു ബന്ധപ്പെട്ട പ്രമുഖർ

എം.എസ് സുബ്ബലക്ഷ്മി,
ടി.എന്‍ ശേഷഗോപാല്‍,
സുന്ദര്‍ പിച്ചൈ,
ഇളയരാജ,
ഭാരതിരാജ,
മണിരത്നം,
വിജയ് സേതുപതി,
മണി അയ്യര്‍,
ടി.ശ്രീനിവാസന്‍,
രാജശ്രീ  ബിര്‍ള,
വിജയകാന്ത്,
വടിവേലു,
നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവരൊക്കെ,ജന്മംകൊണ്ടോ കര്‍മ്മംകൊണ്ടോ മധുരയോടു ബന്ധപ്പെട്ടവരാണ്.
 

എങ്കിലും മധുരൈ മീനാക്ഷി ക്ഷേത്രത്തോടു ചുറ്റിപ്പറ്റിയാണ് മധുരയുടെ ചരിത്രവും സംസ്ക്കാരവും ഭൂമിശാസ്ത്രവും കിടക്കുന്നത്.

ക്ഷേത്രത്തിന്‍െറ പടിഞ്ഞാറു ഗോപുരത്തിന്റെ ഏകദേശം അടുത്തായി നമ്മുടെ ഓട്ടോ നിന്നു. കേരളത്തില്‍ നിന്നും വരികയാണെന്നും, ബ്ളോഗറാണെന്നും പരിചയപ്പെടുത്തിയപ്പോള്‍ പുള്ളീടെ സ്നേഹം അതികലശ്ശലായി. വണ്ടിയുടെ ഫോട്ടോ എടുക്കണമെന്നും എഴുതുമ്പോള്‍ ചേര്‍ക്കണമെന്നും പറഞ്ഞു.നമ്മള്‍ ഉറപ്പും കൊടുത്തു. നമ്മൾ സന്തോഷ് ജോർജ് കുളങ്ങരയുടെ കുഞ്ഞമ്മേടെ മകനാണെന്നു  പറഞ്ഞതു പുള്ളി കേട്ടില്ലെന്നു തോന്നുന്നു. വണ്ടിയിറങ്ങി നേരെ തിരക്കിലേക്ക്.




മധുരൈ മീനാക്ഷി ക്ഷേത്രം

വൈഗാ നദിയുടെ തെക്കേ ചെരുവില്‍ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്ത ക്ഷേത്രമാണിത്. ശിവനേക്കാള്‍ പാര്‍വ്വതിക്കു (മീനാക്ഷി)    മുന്‍ഗണന കൊടുക്കുന്ന അപൂര്‍വ്വം ഇടങ്ങളിലൊന്ന്. ഇവിടുത്തെ 14 ഗോപുരങ്ങള്‍ അതിപ്രശസ്തങ്ങളാണ്. അതില്‍ ഏറ്റവും വലുത് 170 അടി ഉയരമുള്ള തെക്കേ ഗോപുരമാണ്. 

ഈ  ക്ഷേത്രത്തെക്കുറിച്ചു ഒട്ടേറെ കഥകളും ഐതിഹ്യങ്ങളും  നിലവിലുണ്ട്,നമ്മൾ സാധാരണ അതൊന്നും പ്രമോട്ട് ചെയ്യാറില്ല. ചെല്ലുന്ന സ്ഥലത്തിന്റെ ടൂറിസ്റ്റ് പ്രാധാന്യം,ചരിത്രം,സാമൂഹിക ജീവിതം,അല്ലെങ്കിൽ അവിടുത്തെ പ്രത്യേക സാഹചര്യം  ഇതൊക്കെയാണ് നമ്മളുടെ വിഷയങ്ങൾ. 




ഇനി  ക്ഷേത്രത്തിലേക്ക് മടങ്ങിവരാം...ഗോപുരങ്ങളാണ് ഇവിടുത്തെ ഏറ്റവും  വലിയൊരു ആകർഷണം. മധുര രാജാവായിരുന്ന മഹാവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്‍ കിഴക്കുവശത്തു പണികഴിപ്പിച്ച ഗോപുരമാണ് ഏറ്റവും പഴക്കമുള്ളത്. ഗോപുരങ്ങൾ എന്നും അദ്ദേഹത്തിനൊരു വീക്നെസ്സായിരുന്നു..!!!!  പലതട്ടുകളായാണ് ഗോപുരത്തിന്‍െറ പണി.
ഏകദേശം 33,000 _ത്തോളം ശില്പങ്ങളാണ് ഈ ക്ഷേത്രഗോപുരങ്ങളെ  അലങ്കരിക്കുന്നത്. പണ്ടു തുണിക്കച്ചവടത്തിനു വരുന്ന അണ്ണാച്ചിയുടെ കായസഞ്ചിയിലാണ് ആദ്യം മധുരൈ മീനാക്ഷി ക്ഷേത്രം കണ്ടിട്ടുള്ളത്. ആ സംഭവം നമ്മൾ നേരിട്ടുകാണുകയാണ്.തമിഴ് നാട്ടിലെ ഒരു പ്രത്യേകത എന്തെന്നാൽ, ബോർഡുകളിൽ ഇവർ തമിഴ് ഭാഷയാണു കൂടുതൽ  ഉപയോഗിക്കുന്നത്. അതുകൊണ്ടു എന്താണു സംഭവമെന്നു  കത്താൻ സമയമെടുക്കും.തങ്ങളുടെ മാതൃഭാഷ ഉപയോഗിക്കുന്നതിൽ ഇവർക്കു മറ്റാരേക്കാളും ഒരു വൈകാരികത ഉണ്ടെന്നു തോന്നുന്നു.അതാണു ഹിന്ദി ഭാഷാ വിരുദ്ധ സമരത്തിൽ ഇവർ ആകെ എടങ്ങേറായിരുന്നത്.അത് എന്തെങ്കിലുമാകട്ടെ....!!      


പ്രതിദിനം 15000 ലധികം ആളുകള്‍ ഇവിടെ എത്തുന്നുണ്ടെന്നാണു കണക്ക്. വെള്ളിയാഴ്ച്ചകളില്‍ അത് 25000 കടക്കും.പാണ്ഡ്യരാജാവായിരുന്ന കുലശേഖര പാണ്ഡ്യന്‍െറ കാലത്താണ് ഇതിന്‍െറ ഭൂരിഭാഗം നിര്‍മ്മാണവും നടന്നത്.
ദ്രാവിഡ ശില്പ,വാസ്തുവിദ്യയുടെ ടോപ് ലെവലാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ചിത്തിരൈ തിരുവിഴ എന്ന പേരിലുള്ള ഉത്സവം നടക്കുന്നത്.

ആയിരം കാല്‍ മണ്ഡപം

കിഴക്കേ ഗോപുരത്തിന്‍െറ എതിര്‍വശത്തായി കാണുന്ന ദീര്‍ഘചതുരാകൃതിയുള്ള നിര്‍മ്മാണമാണ് ആയിരം കാല്‍ മണ്ഡപം. കൊത്തുപണികള്‍ ചെയ്ത വലിയ കല്‍ത്തൂണുകളും അവയുടെ വിന്യാസവും അതിശയം ജനിപ്പിക്കുന്നതാണ്. 985കാലുകളിലാണ്  ഇതിന്‍െറ  നിര്‍മ്മിതി.ക്ഷേത്രത്തിനു കൊടുക്കുന്ന പ്രാധാന്യം ഈ ഭാഗത്തു കാണാനില്ല.വശങ്ങളിലൊക്കെ കച്ചവടക്കാർ നാശമാക്കിയിരിക്കുന്നു.കുറച്ചുകൂടി ജാഗ്രത  പുലർത്തുന്നത്നല്ലതാണു.   


ക്ഷേത്രത്തിനു ചുറ്റും തണല്‍മരങ്ങളും പന്തലുകളുമുള്ളതിനാല്‍ അധികം ചൂട് ഏല്‍ക്കാതെ പുറമേ നടന്നു കാണാന്‍ കഴിയും.നമ്മളുടെ ഡ്രസ്സ് ത്രീ ഫോർത്ത്‌ ആയിരുന്നതിനാൽ അകത്തേക്കു കയറ്റിവിട്ടില്ല.സന്ദർശകരെ നിയന്ത്രിക്കുന്നത് പോലീസ് മാമൻമ്മാരാണ്.14 ഏക്കറിലായി പരന്നുകിടക്കുന്ന മീനാക്ഷി ക്ഷേത്രം കണ്ടുതീര്‍ക്കാന്‍ ഒരു ദിവസം കൊണ്ടു കഴിയുമോ എന്നു സംശയമാണ്.നമ്മള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ഓടിച്ചതിനാല്‍ ഏകദേശം എല്ലാം കണ്ടെന്നു വരുത്തി.തിരിച്ചു റെയില്‍വേയിലേക്കു നടന്നു.


തിരക്കുപിടിച്ച മധുരൈ പട്ടണത്തിലൂടെ നമ്മള്‍ കാലുകള്‍ അകലെക്കുത്തി ആഞ്ഞു തൊഴിച്ചു. ആര്‍ക്കും മാസ്ക്കുമില്ല ഹെല്‍മറ്റുമില്ല. സൂചിക്കുഴ വഴി ഒട്ടകം മാത്രമല്ല, ഓട്ടോയും കേറുമെന്നു നേരിട്ടു കണ്ടു. ഇടത്തെന്നോ വലത്തെന്നോ ഇല്ല എവിടെ വിടവ് കാണുന്നോ അതുവഴി വണ്ടി കൊണ്ടുപോകുന്ന അതിമാരക സിസ്റ്റം. വഴിയരുകിലെ കടക്കാര്‍ വേണമെങ്കില്‍ നമ്മളെ പൊക്കിയെടുത്തു കടയില്‍ കയറ്റിക്കളയും. അതിനായി രണ്ടും കല്പിച്ചു നില്‍ക്കുന്ന അണ്ണന്‍മ്മാരോടു ഒന്നും ''വേണ്ടൈ''എന്നു ഒരു കരുണയുമില്ലാതെ നമ്മള്‍ മൊഴിഞ്ഞു. കാരണമുണ്ട്, തിരിച്ചുള്ള വണ്ടി 4.10 pm ന് ആണ്. അതിനു മുമ്പ് റെയില്‍വേയിലെത്തണം.
ഏകദേശം 40 മിനിറ്റായപ്പോള്‍ നമ്മള്‍ സ്റ്റേഷനിലെത്തി. നല്ല തിരക്കുതന്നെ.നമ്മുടെ അമൃത ട്രെയിന്‍ കിടക്കുന്ന ഫ്ളാറ്റുഫോം കണ്ടുപിടിച്ചു. കോച്ചിന്‍െറ അടുത്തെത്തി താളംചവിട്ടി നിന്നു. കേറിയില്ല, നമ്മുടെ കോച്ച് തീവെയിലത്താണു കിടപ്പ്. പുറപ്പെടുന്നതിന്‍െറ മുമ്പ് കയറിക്കൂടി സീറ്റുപിടിച്ചു. ഇനി ഒരു പത്തുമണിക്കൂറിന്‍െറ യാത്രയാണ്. വെളുപ്പിനെ 1.40 ആകുമ്പോള്‍ കോട്ടയത്തു എത്തും.


തിരിച്ചും റിസര്‍വ്വേഷനുണ്ടാര്‍ന്നു....നമ്മളോടാ കളി..ഇനിയും വരണമെന്നുണ്ട്.പക്ഷേ രക്തം തിളയ്ക്കുന്ന ചൂടാണ്...ചൂടില്ലാത്ത സമയത്തു നമ്മള്‍ക്കു ട്രെയ്നുമില്ല. ഒരു ട്രെയ്നില്‍ വരുക, അതിനുതന്നെ തിരിച്ചും പോകുക, അതാണു നമ്മള്‍. തിരിച്ചുള്ള യാത്രയ്ക്കും വലിയ തിരക്കില്ല. നമ്മുടെ ക്യാബിനില്‍ ആകെ മൂന്നുപേര്‍. അതില്‍ ഞാനാണേല്‍ ഉയര്‍ന്ന നിലയിലും, ദദായത് നമ്പര്‍ 35 അപ്പര്‍ ബെര്‍ത്ത്. അതാ അണ്ണന്‍ വിസിലടിക്കുന്നു...വണ്ടി ഹോണടിക്കുന്നു.. അവിടെക്കഴിഞ്ഞാല്‍  പോയേക്കാമെന്ന് ലോക്കോപൈലറ്റ് അണ്ണനും. വണ്ടി പയ്യെ ചലിച്ചു തുടങ്ങി....ഒരു വരവ് കൂടി വരേണ്ടി വരും...നമ്മള്‍ മനസ്സില്‍ പറഞ്ഞു.

ഇവിടെ അമർത്തിയാൽ തമിഴ്നാട് സർക്കാരിന്റ മധുര ടൂറിസം സൈറ്റിലേക്ക് പോകാൻ കഴിയും 



3 comments:

  1. Awesome writing Janosh I felt like traveling too

    ReplyDelete
  2. Love this post,you captured the great places 👌❤️

    ReplyDelete

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...