Thursday, April 18, 2019

മഹാരാഷ്ട്രയിലെ വിസർവാടിയിലേക്ക്

മഹാരാഷ്ട്ര......എന്നുകേൾക്കുമ്പോൾആദ്യംനമ്മൾക്ക്ഓർമ്മവരുന്നത്ബോംബെയാണ്-സോറി -മുംബൈയാണ്.പക്ഷേ അത്രയൊന്നും പ്രശസ്‌തി ഇല്ലാത്ത, കുറെ സ്ഥലങ്ങൾ എവിടെയും ഉള്ളതുപോലെ ഇവിടെയുമുണ്ട്...!കഴിഞ്ഞ ദിവസമാണ് പെട്ടന്നൊരു യാത്ര തരപ്പെട്ടത്. ഒരു ഓർക്കസ്ട്രേഷൻ വർക്ക്...കോട്ടയത്തുനിന്നും കൊങ്കൺവഴി ഗാന്ധിധാം എക്സ്പ്രെസ്സിൽ മഹാരാഷ്ട്രയിലെ,  അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു ഗ്രാമത്തിലേക്ക്.....

നാസിക് ഡിവിഷനിലെ നന്ദൂർബാർ ജില്ലയിൽപ്പെട്ട ഒരു ചെറു പട്ടണമാണ് വിസർവാഡി.ഇസ്റായിഎന്നദേവതയുടെപേരിൽ നിന്നാണ് വിസർവാഡി ഉണ്ടായത്.

മുംബൈയിൽനിന്നും റോഡ്മാർഗം ഇവിടേക്ക്   താനെ, വാപി, വത്സാട് ചിക്‌ലി,നവ്‌സാരി, ഉച്ചൽ, നവാപ്പൂർ വഴി എത്താം. മറ്റൊന്ന് താനെ, ഡോംബിവിലി, നാസിക് വഴി വിസർവാഡി. ഇത് കുറേക്കൂടി എളുപ്പമുള്ള റൂട്ടാണ്.നേരിട്ട് ഈ  റൂട്ടിൽ ഡയറക്ട് ട്രെയിൻ  ഇല്ലാത്തതിനാൽ നമ്മൾ ട്രെയ്‌നിറങ്ങിയത് ഗുജറാത്തിലെ സൂററ്റിൽ.

സമയം പരപരാന്നു വെളുപ്പിന് മൂന്നേകാൽ .. പല്ലുതമ്മിൽ കൂട്ടിയിടിക്കുന്ന തണുപ്പ്. കൈവശമുള്ള കൂടും കുടുക്കയുമെല്ലാമായി സ്റ്റേഷന് പുറത്തുചാടി. ഉടൻ മറ്റൊരു കൂട്ടർ അവിടെ പ്രത്യക്ഷപ്പെട്ടു.. ഞങ്ങളെ വളഞ്ഞു  -മറ്റാരുമല്ല ഓട്ടോക്കാർ ...!എന്തൊരു താഴ്മ വിനയം സഹകരണം സന്മനസ്സ്‌ സഹാനുഭൂതി നമ്മളെ അങ്ങ് വീർപ്പുമുട്ടിക്കുകയാണ്... വേണമെങ്കിൽ  എടുത്തുപൊക്കി ഓട്ടോയിൽ കയറ്റും...! സംസാരം കേട്ടാൽ നമ്മുടെ അമ്മാവൻറെ മൂത്ത മകനാ ണെന്നേ തോന്നൂ... ഒരു ഓട്ടം കിട്ടാനുള്ള പെടാപ്പാട് നമ്മളുണ്ടോ അറിയുന്നു...?ഞങ്ങളെ സ്വീകരിക്കുവാൻ വളരെ നേരത്തെ തന്നെ ഞങ്ങളുടെ ആത്മാർത്ഥ സുഹൃത് ജയൻ വര്ഗീസ് വിസർവാഡിയിൽനിന്നും കാറുമായി എത്തിയി രുന്നു...! ആ ത്യാഗത്തിന് ഒരു സല്യൂട്ട്...! കൃത്യം 3 .30 ന് ഞങ്ങൾ 132 കിലോമീറ്റർ അകലെയുള്ള വിസർവാഡി ലക്ഷ്യമാക്കി പാഞ്ഞു.

വളരെ മോടിയിൽ  അണിഞ്ഞൊരുങ്ങി നിൽക്കുന്ന പട്ടണമാണ് സൂററ്റ്. തുണി ഉൽപ്പാദനകേന്ദ്രം. ഉന്നത നിലവാരം പുലർത്തുന്ന സ്കൂളുകൾ... ,ഹോസ്പിറ്റലു കൾ. നിലവാരമുള്ള നല്ല റോഡ്കൾ...മറ്റു സ്ഥാപനങ്ങൾ... സൂററ്റ് ഒത്തിരി മാറിയിരിക്കുന്നു. വഴിനീളെ ടോൾ പ്ലാസകൾ....നേരം വെളുത്തുവരുന്നതേ ഉള്ളു എങ്കിലും സൂററ്റിന്റെ ഭംഗി നന്നായി ആസ്വദിച്ച് ഞങ്ങൾ യാത്രതുടർന്നു..


നല്ല യാത്രാ ക്ഷീണമുണ്ടെങ്കിലും ഞങ്ങൾ വീണ്ടും ഉറങ്ങിയില്ല. പിന്സീറ്റി ലിരുന്നുകൊണ്ട് ഞങ്ങളുടെ സാരഥിക്ക്‌ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.. വാഹനം ഗുജറാത്ത് വിട്ട്  മഹാരാഷ്ട്രയിൽ പ്രവേശിച്ചുവെന്നു പെട്ടെന്നുതന്നെ  മനസ്സിലായി, നെടുങ്കൻ ഗട്ടറുകൾ ഞങ്ങളെ സ്വാഗതം ചെയ്തു. അപ്പോൾ വെറുതെ മുംബൈ നഗരത്തെക്കുറിച്ചോർത്തു....ദൈവമേ മെട്രോസിറ്റിയായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയുടെ ഒരു ഭാഗമാണല്ലോ ഇത്.. വെറുതെ ഓർക്കുന്നതിന് ടാക്സ്  ഒന്നും കൊടുക്കേണ്ടല്ലോ..... ല്ലേ...!! പിന്നെ വേറൊരു കാര്യം പറയാൻ വിട്ടുപോയി , നമ്മുടെ ഏകതാ പ്രതിമയുണ്ടല്ലോ -പട്ടേലിന്റെ -അത് ഗുജറാത്തിലെ നർമ്മദാ ജില്ലയിലാണ് .നർമ്മദാ നദിയിലെ സരോവർ ഡാമിന്റെ കരയിൽ. ഈ ഡാമിന്റെ റിസർവോയർ  നമ്മൾ ഇപ്പോൾ പൊയ്ക്കൊണ്ടിരുന്ന മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയുടെ വടക്കുപടിഞ്ഞാറ് വരെ   നീണ്ടുകിടക്കുന്നു . അവിടെയാണ് നമ്മുടെ വിസർവാഡി..!

നവാപ്പൂർ പിന്നിട്ട് ഉൾഗ്രാമത്തിലേക്ക് കയറിയപ്പോൾ വാഹനത്തിന്റെ സ്പീഡും കുറഞ്ഞുകൊണ്ടിരുന്നു. റോഡുകൾ അങ്ങോട്ട് തീരെ പോരാ..നമ്മുടെ നാട്ടുവഴി  പോലെ തോന്നിച്ചു. പക്ഷെ തിരക്കിന് ഒരുകുറവുമില്ല.. വലിയ ലോഡ്കളുമായുള്ള നാഷണൽ പെർമിറ്റ് ലോറികൾ .....ഗോവ , രാജസ്ഥാൻ, കേരളം, കർണാടകം തമിഴ്നാട്  എന്നിവിടങ്ങളിലേക്കുള്ള ചരക്കു കളാണ് അധികവും.. മുംബൈ നഗരത്തിൽ കയറാതെ തിരക്ക് ഒഴിവാക്കി പ്പോകുന്ന യാത്രയാണത്.. രാവിലെ 7.30 ന് ഞങ്ങൾ വിസർവാഡിയിൽ എത്തി. തണുപ്പ് മാറിവരുന്നതേയുള്ളു.. വിസർവാഡി പ്രാദേശിക മാർക്കറ്റിന്റെ സമീ പത്താണ് നമ്മുടെ സുഹൃത്തിന്റെ വീട്.


വിസർവാഡി

വിവിധ ആദിവാസി വിഭാഗങ്ങളും മുസ്ലിം, മാർവാഡി, ഭീൽ, മറാത്തി ഗുജ റാത്തികളുമുള്ള ഒരു മിക്സഡ് കമ്മ്യൂണിറ്റിയാണ് ഇവിടെയുള്ളത്. നല്ല സ്നേഹമുള്ളവരാണ് ഗ്രാമവാസികൾ. വിദ്യാഭ്യാസനിലവാരം വളരെ കുറ വാണ്. എങ്കിലും സ്കൂളുകൾ ഇവിടെയുണ്ട്.. ചെറുപട്ടണങ്ങളിൽ കുട്ടികൾ സ്കൂളിൽ പോകുന്നവരാണ്. പക്ഷേ ഉൾഗ്രാമങ്ങളിൽ സ്ഥിതി വളരെ മോശം. ഹൈവേ റോഡുകളുടെ ഓരങ്ങളിൽ ചെറു ടെൻഡുകൾ അടിച്ചു താമസിക്കുന്ന വരെ കണ്ടു. പട്ടികളും പന്നികളും  ഇവർക്ക് കൂട്ടുകിടക്കുന്നു. പോത്തിനെയും എരുമയെയും വളർത്തി ജീവിക്കുന്നവർ. കുറെ സമയം കഴിയുമ്പോൾ പിന്നെയ വരെ ആ സ്ഥാനത്തു കാണാൻ കിട്ടില്ല.. അടുത്ത സ്ഥലത്തേക്ക് കൂടാരം മാറ്റിയടി ച്ചിരിക്കും. ജീപ്പും ഓട്ടോയും യാത്രക്ക് ഉപയോഗിക്കുന്നു. ഒരു ഓട്ടോയിൽ 15 പേർ വരെ പോകുന്നതുകണ്ടു. 4 പേര് കയറുമ്പോ എസ്. ഐ നോക്കുമ്പോലെ നോക്കുന്ന നമ്മുടെ ഓട്ടോ ചേട്ടൻമ്മാരെ ഒരു നിമിഷം ഞാൻ ഓർത്തുപോയി. പെട്ടന്നുള്ള ബ്രേക്ക് ചവിട്ടൽ കാരണം ഓട്ടോയുടെ മുകളിൽകയറി യാത്ര ചെയ്യുന്നവർ താഴെവീണു അപകടം പറ്റുന്നതും ഇവിടെ സാധാരണ സംഭവം.


വാട്സാപ്പും ഫേസ്ബുക്കും ഇമെയിലും ചെയ്യാൻ അറിയുന്നവൻ ഇവിടെ പുലിയാണ്. കമ്പ്യൂട്ടർ സെന്റർ ഒത്തിരിയുണ്ട്. മേല്പറഞ്ഞതൊക്കെയാണ് ഇവിടെ പഠിപ്പിക്കുന്നത്. പിന്നെ പേരിന് കുറെ വേർഡും ടൈപ്പിങ്ങും, ഇവി ടുത്തെ PGDCA ആയി..! വിസർവാഡിയിൽ എല്ലാ വ്യാഴാഴ്ചയും ചന്ത ദിവസ മുണ്ട്. ഒന്ന് കാണേണ്ടതുതന്നെയാണ്. കാലുകുത്താൻ ഇടയില്ലാതെ തിര ക്കാണ്. ഗ്രാമവാസികൾ അവരുടെ ഉല്പന്നങ്ങളുമായി എത്തുന്നു.. എല്ലാ പച്ചക്കറി ഐറ്റംസും ഉണ്ട്. ന്യായമായ കച്ചവടം നടക്കുന്നുമുണ്ട്. പക്ഷേ അധ്വാനത്തിന്റെ അനുസരിച്ചുള്ള വരുമാനം കിട്ടുന്നുണ്ടോ എന്ന് സംശയം. ഒരു ദിവസം ഞങ്ങൾ ചന്ത കാണാൻ ഇറങ്ങി,ഒരു പ്രായമായ അമ്മച്ചി നാരങ്ങാ വിൽക്കാനിരി ക്കുന്നു. ഞങ്ങൾ വില ചോദിച്ചു. കിലോ 100 രൂപ ആണെന്നുപറഞ്ഞു. അര ക്കിലോ മതിയെന്ന് പറഞ്ഞപ്പോൾ അമ്മച്ചി അപ്പുറത്തെ കച്ചവടക്കാരനോട് ചോദിക്കുന്നു.. മറ്റൊന്നുമല്ല, അരക്കിലോയുടെ വില...!?? 50 എന്ന് അറിയില്ല എന്തുചെയ്യാം.... ഇവരൊക്കെ എന്ത് ചൂഷണം ചെയ്യപ്പെടും!!?? അടുത്തതായി കണ്ടത് ഒരു ആഭരണ കടയാണ്. സ്വർണ്ണമല്ല, വെള്ളിക്കട. വെള്ളിക്കു നല്ല ഡിമാൻഡ് ആണ്. കടയിൽ തിരക്കോടു തിരക്ക്. കൂട്ടമായി വന്നു വെള്ളി ആഭരണം വാങ്ങി ഇവർ പണയം വെച്ച് അടുത്ത കൃഷിക്കുള്ള തയ്യാറെടുപ്പു  നടത്തുന്നു..

ഗോതമ്പ്, ചോളം, പരുത്തി, സവാള, കരിമ്പ്, മഞ്ഞൾ, അയമോദകം എന്നിവ യൊക്കെ ഇവിടെ കൃഷിചെയ്യുന്നു.. ഇന്ത്യയിൽ ഏറ്റവുംകൂടുതൽ കരിമ്പ് കൃഷിചെയ്യുന്നത് മഹാരാഷ്ട്രയിലാണ് 



ഗ്രാമങ്ങളിലെ വീടുകൾ എളിമയുടെ പ്രതീകങ്ങളാണ്. പുല്ലും, മണ്ണും  തടിയു മൊക്കെ വെച്ചുനിർമിച്ച കൊച്ചുകൊച്ചു കുടിലുകൾ. സിമെന്റ് കോൺക്രീറ്റ് ആസ്ബറ്റോസ് ഒക്കെ വളരെക്കുറവ്. മണ്ണിനോട് ഇതുപോലെ ചേർന്ന് ജീവി ക്കുന്നവർ വേറെ എവിടെയുണ്ട്..?




ചെമ്മരിയാടുകൾ 
 മിക്ക വീടിന്റെ ഉള്ളിലും അഞ്ചടിയോളം ഉയരമുള്ള ഒരു മൺഭരണിയു ണ്ടാകും. അടുത്ത വർഷത്തേക്കുള്ള വിത്തുകൾ ശേഖരിച്ചുവെക്കാനുള്ളതാ ണത്.. കളിമണ്ണും പശയും മാത്രംവെച്ചു ഉണ്ടാക്കിയവ. പിന്നെ നമ്മളെ ഒത്തിരി ആകർഷിച്ച ഒരുകാര്യം, നമ്മളെപ്പോലെ ഞാനും എനിക്കുള്ളതുമെന്ന "ആദർശം "ഇവിടെയില്ലാത്തതിനാൽ, വീടുകൾക്ക്ഗേറ്റ്കളും  അതിർത്തിയും മതിലുകളു മൊന്നുമില്ല. കഴിയുന്നതും രണ്ടു വീടുകൾ തമ്മിൽ വലിയ ഗ്യാപ്പുകൾ ഇല്ല. നമ്മുടെ നാട്ടിൽ കാശുള്ളവൻ അടുത്തടുത്ത് താമസിച്ചാൽ അതിനു "വില്ല "എന്നും, കാശില്ലാത്തവൻ താമസിച്ചാൽ "കോളനി "എന്നും പറയുന്നു.... എന്താ... ശെരിയല്ലേ.....? വേറൊരു കാര്യംകൂടി അതിന്റെ പിന്നിലുണ്ട്. വീടുകൾ തമ്മിൽ വിടവ് ഇട്ടാൽ അവിടെ പിശാച് കയറിയിരിക്കും എന്നവർ വിശ്വസിക്കുന്നു. പ്രളയകാലത്തു മതിലുകൾ തീർത്ത തടസ്സം നമ്മൾ നേരിട്ട് കണ്ടതാണല്ലോ. ഇനിയെങ്കിലും നമ്മൾ ചിന്തിക്കണം മതിലുകൾ കെട്ടി നമ്മൾ അകത്താക്കുന്നത് എന്തിനെ ?? പുറത്താക്കുന്നത് എന്തിനെ ?? ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ ആ ഭാഗംവിടുന്നു...☺☺☺☺..!! ഇപ്പോളും മൃഗസമ്പത്തു നോക്കി സാമൂഹിക നില വാരം അളക്കുന്ന സ്ഥിതിയിവിടെ ഉണ്ട്. നാൽക്കാലികളെ വളരെ കരുതലോടെ സംരക്ഷിക്കുന്നു. സൗകര്യമുള്ളവർ വീടിന്റെ പൂമുഖത്തുതന്നെ പോത്തി നേയും കാളയെയും കെട്ടിനിർത്തിയിരിക്കും.. വീട്ടിലെ ഒരു അംഗത്തെപ്പോലെ യാണ് ഈ ജീവികൾ..! കാളവണ്ടി ഇന്നും ഇവിടെ സർവസാധാരണം.... ജോലിക്കുപോകാനും ദൂരയാത്രപോകാനും ഇത് ഉപയോഗിക്കുന്നു..


ചാണകം മെഴുകിയതും മണ്ണ് മാത്രം മെഴുകിയതുമായ വീടിന്റെ ഉൾവശം വളരെ വൃത്തിയുള്ളതാണ്.. ഏത് വലിയ പുള്ളി വന്നാലും നിലത്തിരുന്നു ഭക്ഷണം കഴിച്ചുകൊള്ളണം. അതെനിക്ക് ഇഷ്ടപ്പെട്ടു...!!ഡൈനിങ്ങ് ടേബിൾ-നമ്മുടെ -തീറ്റിമേശ- ഈ ഏരിയയിലൊന്നും കാണാനില്ല. നമ്മളെപ്പോലെ മൂന്നിനു നാലുനേരവും ഭക്ഷണം കഴിക്കുന്ന ഇടപാടുമില്ല. "ദാദരിമാൻഡോ" എന്ന ഒരുതരം ചപ്പാത്തിയാണ്  പ്രധാന ആഹാരം. രാവിലെ ഇതുകഴിച്ചു കഴിഞ്ഞാൽ പിന്നെ ഭക്ഷണം രാത്രിയിലുള്ള ചോറും പരിപ്പുകറിയുമാണ്.
 കല്യാണങ്ങൾക്കു വരെ ചോറും പരിപ്പുകറിയും വഴുതനങ്ങാക്കറിയുമാണ് വിഭവങ്ങൾ. എത്ര സിമ്പിൾ അല്ലേ.....? നമ്മുടെ നാട്ടിൽ വിവാഹം എന്നാൽ, പൊണ്ണക്കാര്യം പത്തുപേരെ അറിയിക്കാനുള്ള അവസരമാണ്. വലിയ ചെല വില്ലാതെ മൂക്കുമുട്ടെ തട്ടാനുള്ള അവസരമാണ്.. നിരാഹാര സമരം കഴിഞ്ഞു വന്നതാണോ എന്ന് തോന്നിപ്പോകുന്ന ചിലരുടെ വെപ്രാളവും പരവേശവു മൊക്കെ  ഒന്ന് കാണേണ്ടതുതന്നെ. അടച്ചിട്ട ഓഡിറ്റോറിയത്തിന്റെ മുന്നിൽ ഇറച്ചിക്കടയിൽ പട്ടി നിൽക്കുന്നതുപോലുള്ള ഒരു നിൽപ്പുണ്ടല്ലോ.. ഈ തള്ളിക്കയറ്റം കൊണ്ട് പല കല്യാണ CHOIR  നും പോയിട്ട്  ഭക്ഷണം കിട്ടാതെ പോന്നിട്ടുണ്ട് ഞങ്ങളൊക്കെ. ഇവിടെ അങ്ങനെയുള്ള യാതൊരു ഇടപാടുമില്ല   അമിത ആഹാരം വിഷം ആണെന്നുള്ള കാര്യം ഈ നിരക്ഷരർക്കു നന്നായറിയാം...നമ്മൾക്കോ...!??? 

വിസർവാഡിയിലെ ചിഞ്ചുപ്പാടയിൽ ഒരു ക്രിസ്ത്യൻ മാനേജ്‌മന്റ് ഹോസ്പിറ്റലുണ്ട്. സാമാന്യം നല്ല സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. വയനാട്ടിൽ നിന്നുള്ളഒരു ഡോക്ടർ -അബിഗെയ്ൽ- ഇവിടെ വർക്ക് ചെയ്യുന്നുണ്ട്. 


FROM LEFT ജെരുഷ  , സുനു , Dr.അബിഗെയ്ൽ , ഷേർളി , ജയൻ വര്ഗീസ് 

വിസർവാഡിയിൽനിന്നും 60 കിലോമീറ്റർ ദൂരമുള്ള മറ്റൊരു ഗ്രാമം-പിൻജർവാഡി-(pinjarvadi)  കാണാൻപോയി. നമ്മുടെ ഇടുക്കിപോലെ  മലനിരകൾ. അതിന്റെ അപ്പുറമാണ് ഈ ഗ്രാമം. പോകുന്ന വഴിയിൽ പഴയ ചില പാലങ്ങൾ കണ്ടു. സായിപ്പൻമ്മാർ പണ്ട് നിർമ്മിച്ചതാണെന്ന് വിസർവാടിയുടെ പൾസ്‌ അറിയുന്ന എന്റെ സുഹൃത് പറഞ്ഞു. ഇന്നും നല്ല ബലം പക്ഷെ വേറെ റോഡ് സമാന്തരമായി വന്നപ്പോൾ പാലംഔട്ടായി. പണ്ട് സായിപ്പൻമ്മാർ നമ്മുടെ നാട്ടിൽവന്നതിന്റെ ഒത്തിരിഗുണങ്ങളും ദോഷങ്ങളുമൊക്കെയുണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക ആയിരുന്നു അവരുടെ നയം അതിൽ ഗുണദോഷങ്ങളുണ്ട്  അത് വേറൊരു അവസര-ത്തിൽ പറയാം..

നല്ല ചൂടുള്ള ഉച്ച സമയത്താണ് ഞങ്ങൾ ഇവിടെ എത്തിയത്. തരിശ് കിടക്കുന്ന ഒട്ടേറെ  ഭൂമി. മലഞ്ചെരുവുകളിൽ കാറ്റാടിപ്പാടങ്ങൾ. സമതലങ്ങളിൽ സവാള കൃഷി. കൃഷിയില്ലാത്ത ഇടങ്ങൾ ഉണങ്ങി വരണ്ടു നിൽക്കുന്നു. ആരോരു മില്ലാത്ത 4 കുഞ്ഞു സഹോദരങ്ങളെ കാണാനാണ് ഞങ്ങൾ എത്തിയത്. വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമം. മിക്ക കുട്ടികളും സ്കൂളില്പോകുന്നവ രല്ല. ഞങ്ങൾ കണ്ട സഹോദരങ്ങൾ നാല് പേരാണ്.14 വയസുള്ള മൂത്തകുട്ടി, പിന്നെ അതിന്റെ താഴേക്ക് പ്രായമുള്ള മൂന്നുപേർ. മാതാപിതാക്കൾ മരിച്ചു പോയി. മൂത്തകുട്ടി വയലിൽ പണിക്കുപോകുന്നുണ്ട്. ഒരുദിവസം നൂറു രൂപകിട്ടും. ഇവരാരുംതന്നെ  സ്കൂളിൽ പോയിട്ടില്ല. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. സാഹചര്യം ഇല്ല. വിലാസം ഇല്ലാത്തതിനാൽ അധാർകാർഡും ഇല്ല. അടച്ചു റപ്പുള്ള ഒരു വീടില്ല. ഉണ്ടാക്കിവെക്കുന്ന ആഹാരം നായ്ക്കൾ വന്നു തിന്നിട്ടുപോകും. ഒരു ചെറിയ വീട്, നല്ല ആഹാരം, സർക്കാർസഹായം എന്തെങ്കിലും കിട്ടുവാൻ ആധാർകാർഡ്. ഇതൊക്കെയാണ് ഇവരുടെ ആവശ്യ ങ്ങൾ.... നമ്മൾ മലയാളികൾ മനസ്സുവെച്ചാൽ ഇതൊക്കെ ചെയ്യാനുള്ളതേ യുള്ളു.. സഹായം വരും വരാതിരിക്കില്ല-കുട്ടികൾ കാത്തിരിക്കുന്നു.


ഈ കുട്ടികൾ നമ്മളുടെ സഹായത്തിന് തികച്ചും അർഹരാണ് 


ഓർക്കസ്ട്രഷൻ വർക്കിനു പോയതാണെങ്കിലും കുറെ ഡ്രസ്സ്‌കളും ഞങ്ങൾ കരുതിയിരുന്നു. അതിൽ ഒരു വിഹിതം ഈ കുഞ്ഞുങ്ങൾക്കും കൊടുത്തു. ചെറിയ... വളരെച്ചെറിയ.. സഹായം. നല്ല ഉടുപ്പുകളൊക്കെ ഇട്ടുനടക്കാൻ കൊതിക്കുന്ന ഇതുപോലുള്ള എത്രയോ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. നമ്മളാൽ കഴിയുന്നത് അവർക്കുവേണ്ടി ചെയ്യുമ്പോളാണ് നമ്മൾ യഥാർത്ഥ സാമൂഹിക ജീവികളാകുന്നത്. വീണ്ടുംവരാമെന്നു പറഞ്ഞു ഞങ്ങൾ പോരുമ്പോൾ സമയം ഒരുമണി കഴിഞ്ഞിരുന്നു.


നിലത്തിരുന്നുള്ള ഭക്ഷണം  


ഇതിനായിരുന്നു പോയത് ..........!

ചെയ്യാനുള്ള വർക്ക്‌ കഴിഞ്ഞു തിരിച്ചുപോകാൻ സമയമായി. ട്രെയിൻ പുലർച്ചെ 6.15ന്.  വിസർവാടിയിൽ നിന്നും വെളുപ്പിന് 2 മണിക്ക്  സൂററ്റിലേക്ക് തിരിച്ചു. നാലേമുക്കാൽ ആയപ്പോൾ  എത്തി. ഇവിടെ റെയിൽവേ ഞങ്ങളെ ശരിക്കും  ഞെട്ടിച്ചു. നേരത്തും കാലത്തും വരാത്ത ട്രെയിൻ ഇതാ 15 മിനിറ്റു മുമ്പ് വന്നു കളം പിടിച്ചിരിക്കുന്നു...!! അങ്ങ് ഹിമാചൽ  ഹരിദ്വാറിൽനിന്നും വരികയാണ്.. 6 .15 ന് തന്നെ വണ്ടി വിട്ടു കൊങ്കൺവഴി കേരളത്തിലേക്ക്... നന്ദി വിസർവാഡി ...നന്ദി സൂററ്റ്.....


തള്ളേ, നിൽ....പോകാൻ വരട്ടെ....
മ്മടെ യാത്രകളുടെ നല്ല പൊളപ്പൻ ഫോട്ടംസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്....സംഭവത്തിന്റെ ലിങ്കുകളും മറ്റും താഴെ കൊടുത്തിരിക്കുന്നു.

https://www.instagram.com/janoshkjohn

http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john



No comments:

Post a Comment

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...