Monday, July 08, 2019

കാഞ്ഞിരപ്പള്ളിയും ഇടിയിറച്ചിയും

മണി നാലുകഴിഞ്ഞു. മുറ്റത്തു നിറച്ചു മാവിലവീണുകിടക്കുന്നു. ഇന്നലത്തെ മഴേത്ത് വീണതാണ്. രാവിലെ ഏറെ പണിപ്പെട്ടാണ്  അടിച്ചുവാരിയത് . പിന്നേം ദേ എല വീണുകിടക്കുന്നു. ജോണിക്കുട്ടി ഇപ്പോളെത്തും .കപ്പ അടുപ്പേ വെട്ടിത്തിളക്കുന്നു. ഒരു ചെരട്ട കൂടിയെടുത്തു അടുപ്പിലിട്ടു  ത്രേസ്സ്യ. റേഷൻ അരിയിലെ കല്ലുംനെല്ലും പെറുക്കി നേരംപോയി. കപ്പ ഊറ്റിവെച്ചു . കാപ്പിക്കലം അടുപ്പിൽ വെച്ചു. ചൂലുമായി മുറ്റത്തിറങ്ങി. ചെറുക്കനിങ്ങോട്ടു വന്നാ ഭയങ്കര വിശപ്പാ . വലിയവായിൽ കാറും .


നാട്ടുകാരെ മൊത്തം ഇളക്കും. പറഞ്ഞു തീരേണ്ട താമസം. ചെറുക്കന്റെ അലപ്പു കേട്ടുതുടങ്ങി .ചൂലവിടെ ഇട്ടേച്ചു കാന്താരിയും പറിച്ചു അടുക്കളയിൽകേറി . നാലഞ്ചു ചെറിയുള്ളിയും ഉപ്പുംചേർത്തു അരകല്ലിൽ ചതച്ചെടുത്തു വെളിച്ചെണ്ണ ഒഴിച്ച് അടച്ചുവെച്ചു ..                                                                              

അമ്മേ വിശക്കുന്നു... പുസ്തകസഞ്ചി നടക്കല്ലിൽ വരെയെത്തി. വന്നപാടെ തിന്നാൻ വന്ന ചെറുക്കനെ ഓടിച്ചുവിട്ടു. പോയി കയ്യും മുഖവും കഴുകിവാടാ പാതിവഴിയിലെത്തിയ സഞ്ചി എടുത്തു വെച്ചു . അതെങ്ങനെയാ എടുക്കാൻ വേറെആളുപോണം . ഞാൻ റെഡി ..ജോണിക്കുട്ടി അടുക്കളയിൽ ഹാജർ. കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും കഴിക്കുന്നതിനിടയിൽ ചെറുക്കൻ ചോദിച്ചു അമ്മേ മലബാർ അപ്പച്ചൻ കൊണ്ടുവന്ന ഇടിയിറച്ചി തീർന്നാരുന്നോ...? അത് വൈകിട്ടാണ് ചെറുക്കാ....അപ്പൊ തരാം ..അപ്പനും എറച്ചി ചോദിച്ചാരുന്നു.... ഞാൻ കൊടുത്തില്ല... നമ്മൾക്ക് രാത്രിയിൽ കഴിക്കാമെടാ.. തീറ്റി കഴിഞ്ഞപാടെ ചെറുക്കൻ ഓടി, കളിക്കാൻ...
                            

മണി ആറു കഴിഞ്ഞേ ബേബിച്ചാനെത്തൂ ..എന്നുപറയും വെള്ളയരി മേടിക്കണമെന്നു. എവിടെ കേൾക്കാൻ..?? എടിയേ ..മനഃസാക്ഷി ഒണ്ടാകണേ റേഷനരി തിന്നണം കൂടെ ഒണക്കമീനും ..അറിയാമോ നിനക്ക് ...?ഓ അതാരിക്കും കാഞ്ഞിരപ്പള്ളി അപ്പാപ്പൻമ്മാർക്ക് മനഃസാക്ഷി ഇച്ചിരി കൂടുതൽ.... ഞാൻ പ്രതിക്ഷേധിച്ചു. അതുശരിയാ ഇന്നത്തെ പിള്ളേർക്ക് മനസാക്ഷി ഇച്ചിരി കുറവാ.. അതെല്ലാം ഓർത്തതേയുള്ളു. അപ്പനെത്തി. എടിയേ ...ചെറുക്കൻ വന്നില്ലേ ....? അപ്പന്റെ സ്ഥിരം ഡയലോഗ്.വന്നേ..വന്നു .കരോട്ട് കളിയ്ക്കാൻ പോയതാ. പെണ്ണമ്മ ഇന്നലേം പറഞ്ഞു .ഇവന്മ്മാര്  കളിച്ചുകളിച്ചു ഒറ്റ റബ്ബറിന് ചില്ലും ചെരട്ടയുമില്ല. വെട്ടുകാരൻ വരുമ്പോ കേൾക്കാം പൂരപ്പാട്ട്. പിള്ളേരല്ലേടീ.. പോട്ടെ.. അപ്പൻ ന്യായീകരിച്ചു .നിങ്ങൾക്കത് പറയാം ആ പെണ്ണുങ്ങടെ വായിലിരിക്കുന്നതു ഞാനല്ലേ കേൾക്കുന്നത് ..എന്റെ പരിഭവം ഉറഞ്ഞുതുള്ളി അടങ്ങി .

പറഞ്ഞു  തീർന്നില്ല ..വീണു മുട്ടും  പൊട്ടിച്ചോണ്ടു ചെറുക്കൻ കേറിവന്നു. അപ്പനെ കണ്ടപ്പോൾ കരച്ചിലിന് ശക്തികൂടി. എന്നതാടാ? അപ്പൻ ചോദിച്ചു. കരോട്ടെ സണ്ണി തള്ളിയതാ.. ഒരുവിധത്തിൽ ജോണിക്കുട്ടി പറഞ്ഞൊപ്പിച്ചു . എടിയേ അലക്കുകല്ലിലോട്ടു കേറ്റിനിർത്തു. എന്നിട്ടു നീ രണ്ടു കൊടിയല ഇങ്ങു പറിച്ചെ ... ആദ്യം ഇവനെയൊന്നു വെളുപ്പിച്ചെടുക്കട്ടെ . പച്ചവെള്ളം തലവഴി ഒഴുകി താഴേക്ക് വീണപ്പോ ചെറുക്കൻ നീറ്റലോടു നീറ്റൽ .കാറിക്കൊണ്ട് അമ്മയെ പാളിനോക്കി. കൊടിയെലയുടെ ചൊരുക്കും അപ്പന്റെ തേക്കും കൂടിയായപ്പോൾ ജോണിക്കുട്ടി നല്ലോണം നീറി. നാളെ ശരിയാകും കേട്ടോടാ ..അവസാനത്തെ കപ്പ് വെള്ളത്തോടൊപ്പം അപ്പന്റെ ഉപദേശവും .  മൂളിക്കൊണ്ട് ജോണിക്കുട്ടി അടങ്ങിനിന്നു, തോർത്താൻ.

കുളികഴിഞ്ഞു അപ്പനും മകനും വന്നപ്പോൾ ഇരുട്ടി. വന്നപാടെ കഴിക്കാനിരുന്നു ചെറുക്കന്   നിലത്തിരിക്കാൻ  വയ്യ. മുട്ടിൽ വേദനയുണ്ട്. പിന്നെ ഇരിപ്പു അപ്പന്റെ മടിയിലായി. കപ്പയും മുളക് ചമ്മന്തിയും, കൂടെ ഇടിയിറച്ചി ഒന്നുകൂടി ചൂടാക്കി ഉലർത്തി വാഴയിലയിൽ ഇട്ടു  നീക്കിവെച്ചു... ആഹാ എന്തൊരു മണം..ജോണിക്കുട്ടി മൂക്കുവിടർത്തി.. എങ്ങനെ വിടർത്താതിരിക്കും. പോത്തച്ചനെ  ഉപ്പുംകൂട്ടി ഉണക്കി, പച്ചമുളകും കൊമ്പൻമുളകും, ഇഞ്ചിയും എല്ലാംകൂടി നല്ല വെളിച്ചെണ്ണയിൽ മൂപ്പിച്ചു എടുത്തതല്ലേ ......? പിന്നെ ഒരു ആക്രമണമായിരുന്നു ..ആവിപറക്കുന്ന കാപ്പിയും കുടിച്ചെണീറ്റു ..
എടിയേ...നീയുംകൂടെ ഇരി ....അപ്പൻ കപ്പയും ഇടിയിറച്ചിയും പ്ലേറ്റിലേക്കു എടുത്തുവെച്ചു..


ആവിഷ്ക്കാരം ...............................
സുനു കെ എസ് 











No comments:

Post a Comment

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...