Friday, July 26, 2019

തേക്കിലകൾ താളമിടുന്ന നിലമ്പൂർ

ആദ്യത്തെ ബ്ലോഗ് യാത്ര നിലമ്പൂർ റോഡ് ലക്ഷ്യമാക്കിയായിരുന്നു, ജൂലൈ പതിനെട്ടിന് . ഒന്നും നോക്കിയില്ല ഭാര്യ സുനുവിനെയും സഹോദരി ജോൺസിയെയും ഒപ്പംകൂട്ടി. ഇനിയും ആളുകൂടിയാൽ പാമ്പു ചാടിപ്പോകുമെന്നതിനാൽ വേറെ ആരെയും വിളിച്ചില്ല ഒന്നു പറഞ്ഞുപോലുമില്ല.





ഞങ്ങൾ കോട്ടയംകാർക്കു നിലമ്പൂർറോഡ് പിടിക്കാൻ ഗൂഗിൾ ആന്റിയുടെ സഹായം ആവശ്യമില്ല . പിണക്കമൊന്നുമല്ല ട്ടോ ..കാരണം കോട്ടയത്തുനിന്നും രാവിലെ 5 .20 നു പുറപ്പെട്ടു ഉച്ചക്ക് 1.15 നു നിലമ്പൂർറോഡിൽ ചെല്ലുന്ന ഒരു പാസ്സന്ജർ ട്രെയിനുണ്ട് ഒരാൾക്ക് 50 രൂപ മാത്രം..

ടിക്കറ്റ് വാരിക്കൊടുക്കുകയാണ്.നല്ല വൃത്തിയുള്ള ട്രെയിൻ കോച്ചുകൾ.  രാവിലെ ആണെങ്കിലും സാമാന്യം തിരക്കുണ്ട്.നല്ല മഴയത്തു നിലമ്പൂർറോഡിലേക്കു യാത്ര ചെയ്യണമെന്നൊക്കെ ട്രാവൽ മാസികകളിൽ വായിച്ചിട്ടുണ്ട്. ഭാഗ്യത്തിന് നല്ലമഴയും.... നനഞ്ഞുനാറി വന്നാണ് ട്രെയിനിൽ കയറിയതുതന്നെ. കൃത്യം സമയത്തിന് തന്നെ വണ്ടിവിട്ടു. ഏത് ട്രെയിനും കൃത്യസമയത്തിനാണ് പുറപ്പെടുന്നത് ഇടക്കുവെച്ചാണല്ലോ ഉഴപ്പുന്നതു ....!

മസിലുപിടിച്ചു കിഴക്കോട്ട് നോക്കിയൊരു നിൽപ്പായിരുന്നു .......!!!!!!!!


ഞങ്ങൾ യാത്ര ചെയ്ത ദിവസം കാലാവസ്ഥാ ചേട്ടൻമ്മാർ പറഞ്ഞിരുന്നു, മലപ്പുറം ജില്ലയിൽ യല്ലോ അലെർട് ആണെന്ന്. ഞങ്ങൾ പോകുന്നതിന്റെ കലിപ്പാണെന്നു മനസ്സിലായി. പക്ഷേ തൃശൂർ എത്തിയപ്പോൾ കളി മാറി . നല്ലവെയിൽ ചൂട്.. പതിനൊന്നുമണിയായപ്പോൾ ഷൊർണ്ണൂർ ജംഗ്ഷൻ ഞങ്ങളെ സ്വാഗതം ചെയ്തു. നമ്മളെയൊക്കെ സമ്മതിക്കണം.  ഞങ്ങൾ വരുന്നുണ്ടെന്നു അവരെങ്ങനെ അറിഞ്ഞു ...ഓർത്തുനോക്കിയിട്ടു ഒരുപിടിയും കിട്ടുന്നില്ല ..!!!ഈ  റയിൽവേക്കാരുടെ ഒരു കാര്യം.....!!!


എല്ലാ ട്രെയിനുകൾക്കും ഉള്ളതുപോലെ സ്ഥിരം ആചാര അനുഷ്ട്ടാനങ്ങൾ കഴിഞ്ഞു 11.35 നു നമ്മുടെ സ്വപ്നയാത്ര തുടങ്ങി. ഇവിടെനിന്നും യാത്ര തുടങ്ങുമ്പോൾത്തന്നെ നല്ല അനുഭവമാണ് നമുക്ക് കിട്ടുന്നത്. കണ്ടംവഴി മാത്രം ട്രെയിൻ ഓടുന്നത് കണ്ടു ശീലിച്ചവർ പുറത്തേക്കു തന്നെ നോക്കിയിരിക്കും . മൃദംഗംകാരന്റെ തലപോലെ ഞങ്ങൾ 3 പേരുടെയും മഹത്തായ തലകൾ ഒരുവശത്തേക്കു ചെരിച്ചുവെച്ചു . അരയും തലയും ബെൽറ്റുമെല്ലാം മുറുക്കി കാഴ്ചകൾ പടമാക്കാൻ ഓങ്ങിയിരുന്നു...




























ഷൊർണ്ണൂർ  -  നിലമ്പൂർ തീവണ്ടിപ്പാത അവസാനിക്കുന്ന സ്റ്റോപ്പ് ആകുന്നു നിലമ്പൂർറോഡ് . ഇന്ത്യയിലെ ഏറ്റവും നീളംകുറഞ്ഞ ബ്രോഡ്‌ഗേജ് പാതകളിൽ ഒന്നാണ് 66 കിലോമീറ്ററുള്ള ഈ ഒറ്റവരിപ്പാത. പാലക്കാട്ജില്ലയിലെ ഷൊർണ്ണൂറ്‍നിന്നും പുറപ്പെട്ടു കോഴിക്കോട് -ഊട്ടി റോഡ് കടന്നുപോകുന്ന നിലമ്പൂർ പട്ടണത്തിൽനിന്നും നാലുകിലോമീറ്റർ അകലെ നിലമ്പൂർറോഡിൽ അവസാനിക്കുന്നു
.  

1939 സെപ്. ഒന്നിന് വെറുതെ ഇരുന്ന പോളണ്ടിനെ ജർമ്മനി ചൊറിയാനും മാന്താനും  ചെന്നതാണ്  രണ്ടാം ലോകമഹായുദ്ധത്തിന്റെ കാരണം . പിന്നെയൊരു കൂട്ടയടിയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും വാരിയെടുത്തലക്കി. ചിലർ കിട്ടിയിടം കൊണ്ട് തടഞ്ഞു.  ഇതിൽ പങ്കെടുത്ത അമേരിക്ക ,സോവിയറ്റ് യൂണിയൻ ,ചൈന ,ബ്രിട്ടൺ ,ഫ്രാൻസ് എന്നീ സഖ്യ കക്ഷികളുടെ ആവശ്യത്തിനുവേണ്ടി നമ്മുടെ നിലമ്പൂരിലെ 9 ഏക്കർ തേക്കുതോട്ടം വെട്ടി. വെട്ടിയതടി കടത്തിക്കൊണ്ടുപോകാൻ സായിപ്പു ചേട്ടൻമ്മാർ കണ്ടുപിടിച്ച ഐഡിയ ആണ് നിലമ്പൂർറോഡ് റെയിൽവേ ലൈൻ .(എന്നാൽ 1921ഇൽ  ബ്രിട്ടീഷ് ഭരണകാലത്തു തന്നെ ഈ ലൈൻ നിലവിലുണ്ടായിരുന്നു)അത് തടി കടത്തുന്നതിനുള്ള ഒരു വഴിയാക്കിമാറ്റി എന്നുപറയുന്നതാണ് ശെരി. An idea can change your life സെർജീ എന്ന് പണ്ട് അഭിഷേക് ബച്ചൻ പറഞ്ഞില്ലേ. ദിദാണ് സംഭവം .....!!!


സമയം പോയതറിഞ്ഞില്ല . നമ്മുടെ ട്രെയിൻ വാടാനാംകുറിശ്ശി പിന്നിട്ടു വല്ലപ്പുഴ ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരിക്കുന്നു. കുലുക്കല്ലൂർ കഴിഞ്ഞു ചെറുകര. അടുത്തത് സാമാന്യം വലിയൊരു സ്റ്റേഷൻ -അങ്ങാടിപ്പുറം .പിന്നെ പട്ടിക്കാട് മേലാറ്റൂർ ,തുവൂർ ,തൊടിയപ്പുലം ,വാണിയമ്പലം പിന്നിട്ടു നിലമ്പൂർ റോഡിൽ അവസാനിക്കുന്ന 11 സ്റ്റോപ്പുകൾ . തേക്കിന്റെ ഇലകൾ 
നമ്മളെ വരവേൽക്കുന്ന ഒരു അവിസ്മരണീയ യാത്ര....


ചുറ്റിലും വലിയ തേക്കുമരങ്ങൾ. ആകെയൊരു പച്ചപ്പ്‌ ...പച്ചപ്പിനു നടുവിൽ കൊച്ചു സ്റ്റേഷനുകൾ. കൊച്ചു സ്റ്റേഷനുകളിൽനിന്നും കൊച്ചുപിള്ളേർ മുതൽ അപ്പച്ചൻമാർ വരെ കോച്ചുകളിൽ കയറാൻ ഒച്ചയുണ്ടാക്കി നിൽക്കുന്ന മെച്ചമായ കാഴ്ച  ഈ ഉച്ചസമയത്തും ഇവിടെ കണ്ടു. ആരുടെയൊക്കെയോ വീടിന്റെ മുറ്റംവഴിയാണോ അതോ അടുക്കളവഴിയാണോ  ട്രെയിൻ പോകുന്നതെന്ന് ഞങ്ങൾ ശങ്കിച്ചു .വീടിന്റെ അരികുകളിൽ കെട്ടിയിരുന്ന പട്ടികൾക്കും പുല്ലു മേയുന്ന പശുക്കൾക്കും ആടുകൾക്കും കോഴികൾക്കുമൊന്നും ഇത്രേം വലിയൊരു ട്രെയിൻ വരുന്നതും പോകുന്നതും കണ്ടിട്ട് നോ മൈൻഡ്...ഞങ്ങൾ ഇതൊക്കെ എത്രകണ്ടതാ എന്നൊരു ഫീലിംഗ് പുച്ഛം ..!


മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ല, കേരളപ്പിറവിയോടെ കണ്ണൂർ കോഴിക്കോട് പാലക്കാട് എന്നിങ്ങനെ വിഭജിക്കപ്പെട്ടു . അതിൽ കോഴിക്കോട് ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട്ടെ പൊന്നാനി പെരിന്തൽമണ്ണ താലൂക്കിലെ കുറെയേറെ സ്ഥലങ്ങളും കൂട്ടിച്ചേർത്താണ് 1969 ജൂൺ 16 നു മലപ്പുറം ജില്ല നിലവിൽ വരുന്നത്. പണ്ട് ജാസി ഗിഫ്റ് പാടിയില്ലേ  ജില്ലേലെ ജില്ലേലെ എന്ന്.. അതുപോലെ പല ജില്ലേലെ സ്ഥലങ്ങൾ എടുത്താണ് മലപ്പുറം എന്നൊരു പുതിയജില്ല സ്ഥാപിച്ചത്.


വടക്കു- കോഴിക്കോട് വയനാട് ജില്ലകൾ , വടക്കുകിഴക്ക്‌ - തമിഴ്‌നാട്ടിലെ നീലഗിരി ജില്ല , തെക്കും തെക്കുകിഴക്കും -പാലക്കാട് , തെക്കുപടിഞ്ഞാറ് തൃശൂർ , പടിഞ്ഞാറു അറബിക്കടൽ ഇതാണ് അതിരുകൾ. എന്തെങ്കിലും സംഗതി കൈവിട്ടുപോയാൽ ഓടിരക്ഷപെടാൻ വഴി അറിയില്ല എന്ന് ഇനി പറയരുത്. നാക്കിന്റെ പ്രയോഗം പോലെ ആയിരിക്കും ശരീരത്തിന്റെ ആരോഗ്യം എന്നൊക്കെ കാർന്നോൻമാർ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ .
 



























ചാലിയാർ നദിയുടെ തീരത്തെ ഒരു മുൻസിപ്പാലിറ്റിയും താലൂക്കുമാണ് നിലമ്പൂർ. കേരളത്തിലെ ഫുട്ബോൾ തട്ടകം മലപ്പുറത്തുനിന്നും 52.2 കിലോമീറ്റർ ദൂരം. ഇന്ത്യയിൽ പൂർണ പ്രാഥമിക വിദ്യാഭ്യാസനിലവാരം പൂർത്തിയാക്കിയ ആദ്യ മുൻസിപ്പാലിറ്റി. പശ്ചിമഘട്ടത്തിലെ നീലഗിരിക്കുന്നുകളെ തൊട്ടുരുമ്മി നിൽക്കുന്ന നിലമ്പൂരിനു വിശേഷണങ്ങൾ ഏറെയാണ്.


സാധാരണക്കാരും വിദ്യാർത്ഥികളും തൊഴിലാളികളുമൊക്കെ ഏറെ ആശ്രയിക്കുന്ന ഈ ട്രെയിൻ ഇവരുടെ പ്രാദേശികവാഹനംപോലെയാണ്.തികച്ചും ഗ്രാമീണമായ കാഴ്ചകളും..നാട്ടിൻപുറങ്ങളും ..തേക്ക് നിലമ്പൂരിന്റെ മുദ്രയാണ് . പണ്ട് തടി കടത്താൻ ഉപയോഗിച്ചിരുന്ന വഴി ഇന്ന് അനേകരുടെ യാത്രാ മാധ്യമമാണ്. 


 ഒന്നേകാലിനു ഞങ്ങൾ നിലമ്പൂർറോഡ് സ്റ്റോപ്പിൽ എത്തി . കോട്ടയത്തുനിന്നും എട്ടുമണിക്കൂർ യാത്ര. 234 കിലോമീറ്റർ ദൂരത്തിൽ 39 സ്റ്റേഷനുകൾ . ഇത്തവണ ഞങ്ങളുടെ യാത്ര ഇവിടെ വരെ മാത്രം.



















സുനുവിന് മലബാർ സ്റ്റൈലിൽ ബിരിയാണി വെക്കാനറിയാം. നമ്മുടെ നാട്ടിലെ കൊഴഞ്ഞ ബിരിയാണിയല്ല മലബാർ സ്റ്റൈൽ. ഞങ്ങൾ ആഹാരം പായ്ക്ക് ചെയ്തു 3 പാർസൽ കരുതിയിരുന്നു.ട്രെയിനിൽ ഇരുന്നുതന്നെ ആഹാരം കഴിച്ചു .
ഞങ്ങളെക്കണ്ടതും ഒരു നായ കോച്ചിന് അടുത്തുവന്നു . ആഹാരം പ്രതീക്ഷിച്ചായിരിക്കാം. വെളുത്ത നിറം , ഒരു കാൽ പകുതി മുറിഞ്ഞു പോയിരിക്കുന്നു. നായക്കും കൊടുത്തു കുറച്ചു ആഹാരം. മിണ്ടാ പ്രാണികൾക്കും നമ്മൾ ആഹാരം കരുതണമല്ലോ. അവരും അതിനു അർഹരാണ്. ആഹാരം കൊടുത്തതുകൊണ്ടാണോ എന്നറിയില്ല ഞങ്ങൾ തിരിച്ചുപോകുന്ന സമയം വരെയും ആ നായ കോച്ചിന് കാവൽ കിടക്കുന്നുണ്ടായിരുന്നു.





























നിലമ്പൂർറോഡ് സ്റ്റേഷനിൽനിന്നും പുറത്തിറങ്ങിയാൽ കാഴ്ച്ചകളുടെ ഒരു കൂമ്പാരം തന്നെയുണ്ട് . ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ 1929 ഇൽ പണികഴിപ്പിച്ച ബംഗ്ലാവ് അതിലൊന്നാണ്. നാടുകാണി ചുരം വഴി ടിപ്പുവിന്റെ സൈന്യ നീക്കം കാണുകയായിരുന്നു ലക്ഷ്യം .

പഴയ നിലമ്പൂർ രാജകുടുംബാംഗങ്ങളുടെ കൈവശമുള്ള നിരവധി പഴയ കൊട്ടാരങ്ങളും കുറച്ചു പുതിയ വീടുകളും ചേർന്നതാണ് നിലമ്പൂർ കോവിലകം . ചില കെട്ടിടങ്ങൾക്കു 200 വർഷത്തെ പഴക്കം .


നിലമ്പൂർ-ഗൂഡല്ലൂർ റോഡിൽ കേരളാ ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ഉപകേന്ദ്രമായ തേക്ക് മ്യൂസിയമുണ്ട്. തേക്കിനെക്കുറിച്ചു അറിയേണ്ടതെല്ലാം ഇവിടെ ലഭ്യം. ചരിത്രവും സൗന്ദര്യവും ശാസ്ത്രീയതയുമെല്ലാം ചേർന്ന ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയമാണ് ഇത് . കോട്ടയം മുട്ടമ്പലത്തു നിന്നും വെട്ടിയ ഒരു തേക്കിന്റെ ചുവടു ഭാഗം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.


 ബ്രിട്ടീഷ്മലബാർ ജില്ലാ കളക്ടർ ആയിരുന്ന ഹെൻറി വാലന്റൈൻ കൊണോലി യുടെ പേരിലുള്ളതാണ് കൊണോലി പ്ലോട്ട് എന്ന 5.71 ഏക്കറുള്ള ഈ തേക്കിൻ തോട്ടം. ഇവിടെയാണ് ഏഷ്യയിലെ ഏറ്റവും ഉയരമുള്ള തേക്ക് നിൽക്കുന്നത്. ഇതിന്റെ പേര് പറഞ്ഞു പറഞ്ഞു കനോലി പ്ലോട്ട് എന്ന് വന്നിട്ടുണ്ട്. എന്നാൽ കൊണോലി പ്ലോട്ട് എന്നുപറയുന്നതാണ് അതിന്റെ ഒരിത് .വനംവകുപ്പ് ജീവനക്കാരനായിരുന്ന ചാത്തുമേനോനാണ് തേക്കിൻ തൈകൾ സംഘടിപ്പിച്ചതും നടാൻ മുൻകയ്യെടുത്തതും. ഇദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നതും ഈ തേക്കിൻ തോട്ടത്തിൽ തന്നെ .


വടപുറം പാലം മുതൽ കോടതി റോഡ് വരെയുള്ള രണ്ടു കിലോമീറ്റർ ഫോറെസ്റ് റോഡിനെ  ഗേറ്റ് വേ ഓഫ് നിലമ്പൂർ എന്നുവിളിക്കുന്നു. ഇരുവശവും തേക്കുമരങ്ങളാൽ നിബിഡം. മൈസൂർ, ഊട്ടി, ബംഗളുരു , എന്നിവിടങ്ങളിലേക്കുള്ള ഇടത്താവളമായി നിലമ്പൂർ വളർന്നുവരികയാണ്. വളരട്ടെ ..അങ്ങനെ വളർന്നു ലോകഭൂപടത്തിൽ പകരംവെക്കാനില്ലാത്ത ഒരു സ്ഥാനം നമ്മുടെ നിലമ്പൂരിനു ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഇവിടെ പറഞ്ഞിരിക്കുന്നത് മാത്രമല്ല നിലമ്പൂർ ടൂറിസത്തിൽ ഉൾപ്പെട്ടിരിക്കുന്നത് .അങ്ങകലെ മണ്ണിന്റെ മക്കളായ ആദിവാസികളുടെ തനതായ പാരമ്പര്യവും അഴകും കരകൗശല വിദ്യകളുമെല്ലാം നിലമ്പൂർ കാത്തു സൂക്ഷിക്കുന്നുണ്ട്. എന്നാൽ കളർഫുൾ ആയ ടൂറിസം എന്നും ഇങ്ങനെയുള്ളവരെ തഴയുകയാണ്. ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്ക്കർ വസിക്കുന്ന ഇടമാണ് നമ്മുടെ നിലമ്പൂർ. സർക്കാർ പണ്ടെങ്ങോ ഇവരെ പഠിപ്പിക്കാനുള്ള ഒരു ശ്രമം നടത്തിയെന്ന് കേൾക്കുന്നു പക്ഷെ അതുവേണ്ടവണ്ണം ഫലം കണ്ടില്ല . ഇവരെക്കുറിച്ചു പഠിക്കാതെ   ഇവരെ പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്.

നമ്മുടെ  ആദിവാസി സഹോദരങ്ങളും കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്ന  ഒരു വികസനമാണ് ഇവിടെ നമ്മൾക്ക് വേണ്ടത്. വരും ദിവസങ്ങളിൽ അങ്ങനെയുള്ള നല്ല കാഴ്ചകൾ, കാടിന്റെ മക്കളുടെ ഉയിർത്തെഴുനേൽപ്പ്‌ കാണുവാൻ നമുക്ക് കാത്തിരിക്കാം ....

പറഞ്ഞു പറഞ്ഞു നിലമ്പൂർ കാടുകയറി  സമയംപോയി. ഇപ്പൊ 2 .45. ട്രെയിൻ തിരിച്ചു കോട്ടയത്തിനു പോകാൻ റെഡിയായി. ഇനിയുംവരാം എന്നൊരു പ്രതീക്ഷ വെച്ചു ഞങ്ങൾ നിലമ്പൂർ റോഡിനു വിടചൊല്ലി.


അവസാനമായി.....

ഓഗസ്റ്റ് ഒൻപതിന് കവളപ്പാറയിൽ - ദുരന്ത ഭൂമിയിൽ - നമ്മളെ വിട്ടുപിരിഞ്ഞ സഹോദരങ്ങൾക്ക് കണ്ണീർ പ്രണാമം.....


ഇതിനകത്തെല്ലാം നമ്മളുണ്ട്...

ഇൻസ്റ്റാഗ്രാമിൽ പടവും താങ്ങുന്നുണ്ട്  

 https://www.instagram.com/janoshkjohn

http://twitter.com/k_ janosh 

https://www.linkedin.com/in/janosh-john-958154184

https://www.facebook.com/janoshk.john

No comments:

Post a Comment

"ഷൊഷ്യൽ" മീഡിയാ ദുരന്തങ്ങൾ...അൺ സഹിക്കബിൾ

പണ്ടൊരു അപ്പാപ്പൻ പ്രഷർ മൂത്തു അതിരാവിലെ ഓടാനിറങ്ങി . ഓടിയോടി റോഡിലിറങ്ങി ഓടി. ഒരാൾ വിയർത്തു ഓടിപ്പോകുന്നതുകണ്ട വേറൊരു ചേട്ടൻ കാര്യമറിയാ...